''രഹസ്യങ്ങള്‍ ആത്മാവിലെ ക്യാന്‍സറാണ്. അത് നല്ലതിനെ കാര്‍ന്നുതിന്നും. എന്നിട്ടു വിനാശംമാത്രം ബാക്കി വയ്ക്കും'' - കസാന്‍ഡ്ര ക്ലെയര്‍.
പ്രാരംഭത്തില്‍ ഒരു രക്ഷാകവചമായി അനുഭവപ്പെട്ടാലും ആത്യന്തികമായി രഹസ്യങ്ങള്‍ നമ്മെ ഉദ്വേഗത്തിലേക്കും ഭയത്തിലേക്കും നാണക്കേടിലേക്കുമായിരിക്കും നയിക്കുക. എന്തെങ്കിലും തെറ്റു ചെയ്തു എന്ന ചിന്ത മനസ്സിനെയും ശരീരത്തെയും ഒപ്പം തളര്‍ത്തുകയും ചെയ്യും. ഒളിക്കാനുള്ള കാര്യത്തെക്കുറിച്ചു നാം നിരന്തരം ചിന്തിക്കുന്നതിനാലാണ് മാനസികാസ്വാസ്ഥ്യം ഉണ്ടാകുന്നത്.
ചിലര്‍ക്കു രഹസ്യങ്ങളോടുള്ള ഇഷ്ടം സ്വഭാവത്തിന്റെതന്നെ ഭാഗമാണ്. എന്തിനാണ് നാം രഹസ്യങ്ങള്‍ കൊണ്ടുനടക്കുക? മറ്റുള്ളവര്‍ അറിഞ്ഞേക്കരുത് എന്നു നാം ആഗ്രഹിക്കുന്ന ചില പ്രശ്‌നങ്ങള്‍ - അതു മനോരോഗങ്ങളോ ലൈംഗിക പ്രവണതകളോ വിവാഹേതരബന്ധങ്ങളോ
എന്തുമാകാം - നാം മറച്ചുവയ്ക്കുമ്പോള്‍, അമര്‍ത്തിവയ്ക്കുമ്പോള്‍ നാം നമ്മോടുതന്നെ യുദ്ധ ത്തിലാകുകയാണ് എന്നാണ് ന്യൂയോര്‍ക്കിലെ മനഃശാസ്ത്രപണ്ഡിതന്‍ ബെസല്‍ വാണ്ടര്‍ കോള്‍ക് തന്റെ 'ബോഡി കീപ്‌സ് ദി സ്‌കോര്‍' എന്ന വിശ്വോത്തരമായ ഗ്രന്ഥത്തില്‍ പറയുന്നത്.
ഒഴിയാബാധയായിത്തീരുന്ന പ്രശ്‌നം
രഹസ്യങ്ങള്‍ ചുമക്കുന്നവര്‍ സൂക്ഷിക്കുക, അതു നമ്മുടെ ആരോഗ്യത്തെയും കുടുംബജീവിതത്തെയും പൊതുജീവിതത്തെയുമൊക്കെ വല്ലാതെ ബാധിക്കും. ഇതു സംബന്ധിച്ചു നടത്തപ്പെട്ട റിസേര്‍ച്ചുകളില്‍ ഉയര്‍ന്ന മനോസമ്മര്‍ദവും ഡിപ്രഷനും ടെന്‍ഷനും കൂട്ടുചേര്‍ന്നു നമ്മുടെ ജീവിതത്തോണിയെ മുക്കിത്താഴ്ത്തുന്ന കാഴ്ചയാണു കാണുക. കാലക്രമേണ വലിയ രോഗാവസ്ഥകളിലേക്കുവരെ നമ്മെ വലിച്ചിഴയ്ക്കാവുന്ന ഒരു സ്വഭാവമാണ് രഹസ്യങ്ങള്‍ കാത്തുസൂക്ഷിക്കുക എന്നത്. രഹസ്യങ്ങളെ കരിമ്പടമിട്ടു മൂടി എപ്പോഴും ശ്രദ്ധയോടെ മനുഷ്യരുമായി ഇടപഴകുക എന്നുള്ളത് വലിയ പണിപ്പാടുള്ള കാര്യമാണ്. ഒരു വാക്കു പിഴച്ചാല്‍ പോരേ ഒളിച്ചുവച്ചിരിക്കുന്ന പൂച്ചയ്ക്കു പുറത്തുചാടാന്‍? ചിലപ്പോള്‍ ജീവിതം മുഴുവന്‍ നമുക്കു ചുമക്കേണ്ടുന്ന ഒരു ഭാരമായി ഇതു മാറും. ഓരോ വാക്കുകളും ഒരിടത്തും 'സ്ലിപ്പാ'കാതെ നോക്കിനടക്കണമെങ്കില്‍ അതിന് അനിതരസാധാരണമായ പാടവം ആവശ്യമുണ്ട്. അക്ഷീണമായ പരിശ്രമവും ഇതിനു വേണം.
കൃത്രിമത്വത്തോടെ പെരുമാറുന്ന, വിശ്വസനീയതയില്ലാത്ത, മൂല്യം കുറഞ്ഞ വ്യക്തിയാണ് താന്‍ എന്ന ചിന്ത അപകര്‍ഷതാബോധത്തിലേക്കും ചിലപ്പോള്‍ നയിക്കും. എല്ലാവരെയും വിഡ്ഢികളാക്കി താനിങ്ങനെ വിലസുന്നു എന്നൊരു വീരവാദവുംകൊണ്ടു നടക്കുന്നവരുമുണ്ട്. പക്ഷേ, നമ്മുടെ ഏകാന്തവേളകളില്‍ താന്‍ ഒരു ഒറ്റപ്പെട്ട ദ്വീപാണെന്നും മറ്റുള്ളവരുമായി തുലനപ്പെടുത്തുമ്പോള്‍ മോശക്കാരനാണെന്നും തോന്നിയേക്കാം.
വികാരശുദ്ധീകരണത്തിലൂടെ ആശ്വാസം
ഇതൊക്കെയാണെങ്കിലും മൂന്നാമതൊരാളോടു മനസ്സുതുറന്ന് രഹസ്യങ്ങളുടെ ഭാണ്ഡം ഇറക്കി വയ്ക്കുന്നത് പറഞ്ഞറിയിക്കാനാവാത്ത ആശ്വാസമാണ് നമുക്കു തരിക. മറ്റുള്ളവരുമായി രഹസ്യങ്ങള്‍ പങ്കുവയ്ക്കുമ്പോള്‍ സാധാരണഗതിയില്‍ അവരും നമ്മോടു തുറവുള്ളവരാകും. അവരും അനുഭവങ്ങള്‍ പങ്കുവയ്ക്കും. പലപ്പോഴും നല്ല ഗൈഡന്‍സും വൈകാരികമായ പിന്‍ബലവും ഇതുവഴി ലഭിക്കുകയും ചെയ്യും. സര്‍വോപരി, അതിലൂടെ നമുക്കു സ്വന്തം അവസ്ഥയുമായി പൊരുത്തപ്പെടാനും സാധിക്കും. പരിതഃസ്ഥിതികളെ നേരിടാനും നാം ശക്തി പ്രാപിക്കും. ചിലപ്പോള്‍ ചില കാര്യങ്ങള്‍ രഹസ്യമേ ആക്കേണ്ടതില്ല എന്നൊരു തീരുമാനത്തില്‍ നാം സ്വയം എത്തിച്ചേരാം. രഹസ്യങ്ങളെക്കുറിച്ചു കുറേക്കൂടി യാഥാര്‍ഥ്യബോധത്തോടെ ചിന്തിച്ചുതുടങ്ങുമ്പോള്‍ അതിനെ ആരോഗ്യകരമായ രീതിയില്‍ സ്വാംശീകരിക്കാന്‍ നമുക്കാകുന്നു. അതേക്കുറിച്ചു ചിന്തിച്ച് എരിപൊരി കൊള്ളുന്ന രീതി നാം അതോടെ അവസാനിപ്പിക്കും.
മനഃശാസ്ത്രപഠനങ്ങള്‍
കൊളംബിയ യൂണിവേഴ്‌സിറ്റിയിലെ മൈക്കിള്‍ സ്ലെപ്പിയാന്‍ പറയുന്നത്, ഒരു രഹസ്യം നാം മറച്ചു വയ്ക്കുന്നില്ലെങ്കിലും അതെപ്പോഴും നമ്മുടെ ഉപബോധമനസ്സിനെ മഥിച്ചുകൊണ്ടിരിക്കും എന്നാണ്. രഹസ്യങ്ങള്‍ നാം മറ്റുള്ളവരോടു തുറന്നുപറയുമ്പോള്‍ ഒരു വലിയ മാറ്റത്തിന് അതു വഴിയൊരുക്കും. അങ്ങനെ പറയുന്നതുകൊണ്ട് രഹസ്യങ്ങള്‍ അയാള്‍ക്കു നല്കിക്കൊണ്ടിരുന്ന ആഘാതം വലിയൊരു അളവില്‍ കുറയുന്നതു കാണാം.
മനഃശാസ്ത്രജ്ഞന്മാര്‍ ആയിരക്കണക്കിന് ആളുകളെ പങ്കെടുപ്പിച്ചുകൊണ്ടു നടത്തിയ പഠനങ്ങളില്‍ നാല്പതോളം ഇനത്തിലുള്ള രഹസ്യ ങ്ങളാണ് നാം സാധാരണഗതിയില്‍ കൊണ്ടുനടക്കുക എന്നാണു കണ്ടെത്തിയത്. മയക്കുമരുന്നുകളുടെ ഉപയോഗം, സാമ്പത്തികപ്രശ്‌നങ്ങള്‍, പരാജയം, വന്‍സ്വപ്നങ്ങളുടെ തകര്‍ച്ച, സ്വഭാവവൈകൃതങ്ങള്‍, വിചിത്രഹോബികള്‍, വിശ്വാസങ്ങള്‍, കുടുംബപ്രശ്‌നങ്ങള്‍, പല കാരണങ്ങളാലുള്ള അതൃപ്തി, മനോരോഗങ്ങള്‍, അവിശുദ്ധബന്ധങ്ങള്‍, സെക്‌സ് വൈകല്യങ്ങള്‍, പണിയിടങ്ങളിലെ ഉള്‍പ്പോര്, വഞ്ചന-അങ്ങനെ തുടങ്ങുന്ന അനേകം വിഷയങ്ങള്‍! രഹസ്യങ്ങള്‍ക്കു മറ്റൊരു സ്വഭാവംകൂടിയുണ്ട്. അതിന്റെ അദൃശ്യതരംഗങ്ങള്‍ മറ്റുള്ളവര്‍ക്ക് അനുഭവവേദ്യമാകും വിധം പടര്‍ന്നു വിരാജിക്കും
നാം മറച്ചുവയ്ക്കുന്ന വിഷയത്തെ സംബന്ധിച്ച് ആരെങ്കിലും ഒരു ചോദ്യം ഉന്നയിച്ചാല്‍ അതിനൊരു മറയിടാനായി നാം ഭഗീരഥപ്രയത്നംതന്നെ നടത്തേണ്ടിവരും. വീര്‍പ്പുമുട്ടിക്കുന്ന പല സന്ദര്‍ഭങ്ങള്‍ക്കും അരോചകമായ അന്തരീക്ഷത്തിനും അതു വഴിതെളിച്ചേക്കാം. ചിലര്‍ വളരെ തന്മയത്വത്തോടെ ഇത്തരം സന്ദര്‍ഭങ്ങളെ തരണം ചെയ്യാറുണ്ട്. ചിലപ്പോെഴങ്കിലും ഈ രഹസ്യം മറ്റുള്ളവര്‍ക്കും അറിവുള്ളതാകാനും മതി. പക്ഷേ, ഒന്നുംതന്നെ പ്രശ്‌നമല്ല. ഒരു മാന്ത്രികനെപ്പോലെ ആ പ്രശ്‌നത്തെ പെട്ടെന്ന് അന്തരീക്ഷത്തില്‍ ഒളിപ്പിക്കുന്നു. മികച്ച പ്രകടനത്തിലൂടെ ഇതൊക്കെ നാം നേടുമ്പോഴും ഓര്‍ക്കേണ്ട പ്രധാന കാര്യം ഇതാണ്: സംഭാഷണത്തിനുമുമ്പ് രഹസ്യം ഉണ്ടായിരുന്നു. അതിനുശേഷവും രഹസ്യം രഹസ്യമായിത്തന്നെ നില്‍ക്കുന്നു. അവിടെയാണ് നമ്മുടെ മനഃസമാധാനത്തെ അത് ആരുമറിയാതെ മുറിക്കുക; അലോസരപ്പെടുത്തുക. നാം സദാസമയവും ചിന്തിച്ചുനടക്കുന്ന കാര്യമായിരിക്കും ഏറ്റവും ഒളിക്കാന്‍ പറ്റാത്ത വിഷയം.
മനസ്സു തുറക്കാം
അപ്പോള്‍ ഇതിനെന്താണൊരു പ്രതിവിധി? നാം വലിയ കാര്യമായി ഒളിച്ചുവച്ചിരിക്കുന്നതൊക്കെ ഈ ലോകത്തു സര്‍വസാധാരണമാണ് എന്നൊരു ലാഘവത്തോടെ നാം ചിന്തിച്ചുതുടങ്ങണം. എന്നിട്ട്, നാം ബാല്യകാലങ്ങളില്‍ ചെയ്തിരുന്നതുപോലെ ചിലരോടെങ്കിലും രഹസ്യങ്ങള്‍ കൈമാറണം. അത്തരം രഹസ്യക്കൈമാറ്റങ്ങള്‍ക്കു വലിയ പ്രാധാന്യമുണ്ട്. അത് സാമൂഹികമായി, മനഃശാസ്ത്രപരമായി നമുക്കൊരു വലിയ പിന്‍ബലംതരും. ഒരു നല്ല സുഹൃത്തിനെ കണ്ടെത്താനായാല്‍ നമുക്ക് ഏതു പ്രായത്തിലും രഹസ്യങ്ങള്‍ പങ്കുവയ്ക്കാം. അതു രഹസ്യമായിത്തന്നെ ഇരിക്കുമോ എന്നു ടെസ്റ്റ് ചെയ്തിട്ടാകാം മുഴുവന്‍ കാര്യങ്ങളും പറയാന്‍ എന്നുമാത്രം. അവര്‍ വിശ്വസിക്കാന്‍ പറ്റിയവരല്ല, അവരുടെ പ്രതികരണം അനുയോജ്യമല്ല എന്നു തോന്നിയാല്‍ ഈ പരീക്ഷണം ഉപേക്ഷിക്കാം. നമ്മോട് ഒത്തുപോകുന്ന ചിന്താഗതിയും സാംസ്‌കാരികനിലവാരവുമുള്ള ഒരാളോടാവണം ഇത്തരം തുറന്നുപറച്ചിലുകള്‍. ട്രെയിന്‍യാത്രകള്‍ക്കിടയില്‍ താന്‍ ലോകത്ത് ആരോടും ഇതുവരെ പറയാത്ത രഹസ്യങ്ങള്‍പോലും തുറന്നുപറയുന്നവരെ കാണാനാകും. എങ്ങനെയായാലും രഹസ്യങ്ങളുടെ കലവറ ആരെയെങ്കിലും ഏല്പിക്കണം.
ഒരു കൊച്ചുകഥകൂടി
ഒരു ടീച്ചര്‍ ഒരിക്കല്‍ ഒരു ഗ്ലാസ് വെള്ളം കൈയില്‍ പിടിച്ചുകൊണ്ടു പറഞ്ഞു: ഈ ഗ്ലാസ് എനിക്ക് അനായാസേന ഒരു അഞ്ചു മിനിറ്റു പിടിക്കാം. പക്ഷേ, ഇത് ഒരു മണിക്കൂര്‍ നേരത്തേക്കായാലോ? ഗ്ലാസ്സിന്റെ വെയ്റ്റ് ഒട്ടും കൂട്ടുന്നില്ല. എങ്കിലും കൈ മരവിച്ചുതുടങ്ങും. കൈകളുടെ പേശികള്‍ക്കുണ്ടാകുന്ന വേദന കാരണം ഗ്ലാസ് താഴെ ഇടേണ്ടതായിവരും. ഇതേ അവസ്ഥതന്നെയാണ് ദീര്‍ഘകാലം നാം കാത്തുസൂക്ഷിക്കുന്ന രഹസ്യങ്ങളുടെയും കഥ. എല്ലാ സ്‌ട്രെസ്സുകളും ഭാരങ്ങളും താഴെയിറക്കിവയ്ക്കണം. അല്ലെങ്കില്‍ അതു വരുത്തുന്ന വിനകള്‍ ഏറെയായിരിക്കും.