മലയാളത്തിന്റെ സാഹിത്യചക്രവര്‍ത്തി കേരളവര്‍മ വലിയകോയിത്തമ്പുരാന്‍
അന്തരിച്ചിട്ട് സെപ്റ്റംബര്‍ 22 ന് 109 വര്‍ഷം
സാഹിത്യചക്രവര്‍ത്തി എന്നൊരു പദവി ഏതെങ്കിലും ഭാഷയിലോ സാഹിത്യത്തിലോ ഉള്ളതായി അറിവില്ല. പക്ഷേ, മലയാളസാഹിത്യത്തില്‍ അങ്ങനെ അറിയപ്പെട്ട ഒരു മഹാപ്രതിഭാവാന്‍ ഉണ്ടായിരുന്നു, പത്തൊമ്പതാം നൂറ്റാണ്ടില്‍. അദ്ദേഹമാണ് കേരളവര്‍മ വലിയ കോയിത്തമ്പുരാന്‍. 1845 മുതല്‍ 1914 വരെയാണ് അദ്ദേഹത്തിന്റെ ജീവിതകാലം. അക്കാലഘട്ടത്തില്‍ കേരളത്തിലെ സംസ്‌കൃത, മലയാളസാഹിത്യമേഖലകളിലെല്ലാം ചക്രവര്‍ത്തിസമാനമായ ആധിപത്യമാണ് കേരളവര്‍മയ്ക്കുണ്ടായിരുന്നത്. ഇന്നത്തെ തലമുറയ്ക്കു വിശ്വസിക്കാനാവാത്തവിധം വിപുലമായിരുന്നു കേരളവര്‍മയുടെ സാഹിത്യജീവിതവും സാംസ്‌കാരികസ്വാധീനവും.
ചങ്ങനാശേരിയില്‍ ഇന്നും നിലവിലുള്ളതാണ് ലക്ഷ്മീപുരത്തുകൊട്ടാരം. ടിപ്പുവിന്റെ പടയോട്ടക്കാലത്ത് മലബാറില്‍നിന്നു പലായനം ചെയ്തു തിരുവിതാംകൂര്‍രാജാവിനെ അഭയം പ്രാപിച്ച പരപ്പനാട്ടു രാജവംശത്തിലെ അംഗങ്ങള്‍ക്കു താമസിക്കാന്‍ ചങ്ങനാശേരിയില്‍ത്തന്നെ ഉണ്ടായിരുന്ന നീരാഴിക്കൊട്ടാരമാണ് ആദ്യം അനുവദിച്ചത്. ഈ രാജകുടുംബത്തിലെ അംഗമായ രാജരാജവര്‍മ തിരുവിതാംകൂര്‍ രാജകുടുംബത്തിലെ റാണി ലക്ഷ്മിബായിയെ വിവാഹം കഴിച്ചു. ഇവരുടെ പുത്രനാണു പില്‍ക്കാലത്തു തിരുവിതാംകൂര്‍ രാജാവായ ശ്രീമൂലം തിരുനാള്‍ രാമവര്‍മ.
രാജരാജവര്‍മയുടെ സഹോദരി അംബാദേവി തമ്പുരാട്ടിയെ തളിപ്പറമ്പ് മുല്ലപ്പള്ളി നാരായണന്‍നമ്പൂതിരി വിവാഹം ചെയ്തു. ഈ ദമ്പതിമാരുടെ മകനാണ് കേരളവര്‍മ. ജനനം 1845 ഫെബ്രുവരി 19. അഞ്ചു വയസ്സായപ്പോള്‍ കേരളവര്‍മ സംസ്‌കൃതപഠനം ആരംഭിച്ചു. പത്താം വയസ്സില്‍, അമ്മാവന്‍ രാജരാജവര്‍മ കോയിത്തമ്പുരാന്‍ കേരളവര്‍മയെ ഹരിപ്പാട് അനന്തപുരം കൊട്ടാരത്തിലേക്കു കൂട്ടിക്കൊണ്ടുപോയി. തുടര്‍ന്നുള്ള പഠനവും പരിശീലനവുമെല്ലാം അമ്മാവന്റെ മേല്‍നോട്ടത്തിലായിരുന്നു.
ചെറുപ്പത്തില്‍ത്തന്നെ കേരളവര്‍മയുടെ കവിതാവാസന അമ്മാവന്റെയും മറ്റും ശ്രദ്ധയില്‍പ്പെട്ടു. അക്കാര്യത്തില്‍ വളരെ പ്രോത്സാഹജനകമായ അന്തരീക്ഷമാണു കൊട്ടാരത്തിലുണ്ടായിരുന്നത്. ആദ്യകാലരചനകളെല്ലാം സംസ്‌കൃതത്തിലായിരുന്നു. പതിനാറു വയസ്സുള്ളപ്പോള്‍, ആയില്യം തിരുനാള്‍ മഹാരാജാവിനുള്ള ജന്മദിനോപഹാരമായി 'തിരുനാള്‍ പ്രബന്ധം' എന്ന സംസ്‌കൃതകാവ്യം എഴുതി സമര്‍പ്പിച്ചു.
പതിന്നാലു വയസ്സുള്ളപ്പോള്‍ കേരളവര്‍മ വിവാഹിതനായി. മാവേലിക്കര കൊട്ടാരത്തില്‍നിന്നു തിരുവിതാംകൂറിലേക്കു ദത്തെടുക്കപ്പെട്ട ലക്ഷ്മിബായിയായിരുന്നു വധു. ലക്ഷ്മിബായിയുടെ സ്ഥാനപ്പേര് ആറ്റിങ്ങല്‍ മൂത്തതമ്പുരാന്‍ എന്നായിരുന്നു. അങ്ങനെ വിവാഹത്തോടെ കേരളവര്‍മ, കേരളവര്‍മ വലിയകോയിത്തമ്പുരാനായി.
രാജപദവിയും രാജകീയജീവിതസൗകര്യങ്ങളും എല്ലാമുണ്ടായിരുന്നെങ്കിലും കേരളവര്‍മയുടെ മനസ്സുറച്ചതു സാഹിത്യത്തിലായിരുന്നു, സമ്പന്നമായ സാഹിത്യജീവിതം. ഒന്നിനു പിറകേ ഒന്നായി നിരവധി സംസ്‌കൃതവാക്യങ്ങള്‍ ആ തൂലികയില്‍നിന്നു ജന്മംകൊണ്ടു. ആട്ടക്കഥകള്‍, ചമ്പുക്കള്‍, മഹാകാവ്യം എന്നിങ്ങനെ വിവിധ കാവ്യശാഖകളിലായി മുപ്പതിലധികം കൃതികള്‍.
രാജാവിന്റെ സംപ്രീതി ഭൂമിയില്‍ സ്വര്‍ഗം തീര്‍ക്കും. രാജകോപത്തില്‍നിന്നുണ്ടാകാവുന്നതു നരകവും. ഇതു രണ്ടും അനുഭവിക്കാന്‍ വിധിയുണ്ടായിരുന്നു കേരളവര്‍മയ്ക്ക്. എല്ലാ അധികാരകേന്ദ്രങ്ങളും ഉപജാപങ്ങളുടെ കൂടാരംകൂടിയായിരിക്കും. തിരുവിതാംകൂര്‍ രാജകുടുംബത്തിന്റെ സ്ഥിതിയും മറിച്ചായിരുന്നില്ല. അത്തരമൊരു ഉപജാപത്തില്‍ ദൗര്‍ഭാഗ്യവശാല്‍ കേരളവര്‍മയും പെട്ടുപോയി. കേരളവര്‍മ അറസ്റ്റുചെയ്യപ്പെട്ടു. കൊട്ടാരത്തില്‍നിന്നു ബഹിഷ്‌കരിക്കപ്പെട്ട്, ആലപ്പുഴ കൊട്ടാരത്തില്‍ പോയി താമസിച്ചുകൊള്ളാനായിരുന്നു രാജകല്പന. ഭാര്യയെ ഒപ്പം കൊണ്ടുപോകാനും അനുവദിച്ചില്ല. ദുസ്സഹമായ ഏകാന്തവാസമായിരുന്നു ശിക്ഷ. അന്ന് രാജാവ് ആയില്യം തിരുനാള്‍. രാജാവിന്റെ സഹോദരീപുത്രിയാണ് ലക്ഷ്മീബായി. ആ പരിഗണനയും കേരളവര്‍മയ്ക്കു ലഭിച്ചില്ല. അറസ്റ്റും ശിക്ഷയും 1875 ലായിരുന്നു. ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ ആലപ്പുഴയില്‍നിന്ന് ഹരിപ്പാട്ടു കൊട്ടാരത്തിലേക്കു മാറ്റി. 1880 ല്‍ ആയില്യം തിരുനാള്‍ മരണമടഞ്ഞു. അനുജന്‍ വിശാഖം തിരുനാള്‍ സ്ഥാനമേറ്റു. രാജാവിന്റെ ആദ്യ ഉത്തരവുതന്നെ കേരളവര്‍മയുടെ മോചനമായിരുന്നു. അഞ്ചു വര്‍ഷം നീണ്ട ശിക്ഷയ്ക്കുശേഷം അദ്ദേഹം തിരുവനന്തപുരത്തു മടങ്ങിയെത്തി. അക്ഷരാര്‍ഥത്തില്‍തന്നെ അതൊരു രണ്ടാം ജന്മമായിരുന്നു കേരളവര്‍മയ്ക്ക്.
ശിക്ഷിക്കപ്പെട്ടത് കേരളവര്‍മയായിരുന്നെങ്കിലും ശിക്ഷയനുഭവിച്ചതു രണ്ടുപേരാണ്; കേരളവര്‍മയും പ്രിയപത്‌നി ലക്ഷ്മീബായിയും. ആരാണു കൂടുതല്‍ വേദനിച്ചത് എന്നു പറയാനാവില്ല. ഭാര്യാഭര്‍ത്തൃബന്ധത്തിന് ഇന്നത്തേതുപോലെ ദാര്‍ഢ്യമൊന്നുമില്ലാതിരുന്ന അക്കാലത്ത്, ദീര്‍ഘമായ വിരഹവേളയിലും ആ ബന്ധം തകരാതെ നിലകൊണ്ടുവെന്നത്, ഒട്ടൊക്കെ ആശ്ചര്യകരംതന്നെ. ലക്ഷ്മീബായിയോടു കേരളവര്‍മയെ മറക്കാനും മറ്റൊരു വിവാഹം കഴിക്കാനും നിര്‍ബന്ധിച്ചതു മഹാരാജാവുതന്നെയായിരുന്നു. പക്ഷേ, ആ മനസ്സ്വിനി ചെറുത്തുനിന്നു. അവര്‍ കേരളവര്‍മയെ അത്രയധികം സ്‌നേഹിച്ചിരുന്നു എന്നല്ലാതെ മറ്റെന്താണു കാരണം? എങ്കിലും, അവരുടെ ഒരു ദുഃഖത്തിന് ഒരിക്കലും പരിഹാരമുണ്ടായില്ല. ആ ദമ്പതിമാര്‍ക്കു കുട്ടികളുണ്ടായിരുന്നില്ല.
കേരളവര്‍മയുടെയും ലക്ഷ്മിറാണിയുടെയും വിരഹദുഃഖം മലയാളകവിതയുടെ മഹാനുഗ്രഹമായി കലാശിച്ചു. അല്ലായിരുന്നെങ്കില്‍ മയൂരസന്ദേശം എന്ന മനോഹരകാവ്യം എഴുതപ്പെടുമായിരുന്നില്ല. ഹരിപ്പാട്ടുകൊട്ടാരത്തില്‍ ഏകാന്തവാസം അനുഭവിക്കുന്ന കാലത്ത്, സമീപത്തുള്ള സുബ്രഹ്‌മണ്യക്ഷേത്രത്തില്‍ തൊഴാനെത്തിയപ്പോള്‍ കണ്ട മയില്‍വഴി, തന്നോടുള്ള വേര്‍പാടുകൊണ്ടു മനസ്സുരുകിക്കഴിയുന്ന റാണിക്ക് ഒരു സന്ദേശം കൊടുത്തയയ്ക്കുന്നതായി ഭാവന ചെയ്തുകൊണ്ട് കേരളവര്‍മ എഴുതിയതാണ് മയൂരസന്ദേശം. അതെഴുതിയതുപക്ഷേ, മോചനം ലഭിച്ച് 15 വര്‍ഷം കഴിഞ്ഞ് 1895 ല്‍ മാത്രമാണ്. അത്രകാലമായിട്ടും മുറിവുണങ്ങാത്ത ഒരു ഭര്‍ത്തൃഹൃദയത്തിന്റെ തേങ്ങലുകള്‍ മയൂരസന്ദേശത്തിലുടനീളം നമുക്കു കേട്ടറിയാനാവും.
മയൂരസന്ദേശം ഔപചാരികസ്വഭാവമുള്ള ഒരു സന്ദേശകാവ്യംമാത്രമല്ല, ദുരനുഭവങ്ങള്‍ നീന്തിക്കടക്കാന്‍ വിധിക്കപ്പെട്ട ഒരു ഭാര്യയുടെയും ഭര്‍ത്താവിന്റെയും ഹൃദയം നുറുങ്ങിയ നിലവിളികൂടിയാണത്. രാജകുടുംബാംഗങ്ങളായിരുന്നിട്ടും, ഭര്‍ത്താവിനെയും ഭാര്യയെയും എപ്പോള്‍ വേണമെങ്കിലും മാറ്റിയെടുക്കാമായിരുന്നിട്ടും, ''ദിഷ്ടക്കേടാല്‍ വരുവതു പരീഹാരമില്ലാത്തതല്ലോ'' എന്ന സാമാന്യതത്ത്വത്തിനു കീഴടങ്ങി, എല്ലാ ദുഃഖങ്ങളും ഒരിക്കല്‍ അവസാനിക്കാതിരിക്കില്ല എന്ന ശുഭപ്രതീക്ഷയോടെ, ഹൃദയം നീറ്റുന്ന വേദനയത്രയും നിശ്ശബ്ദം സഹിക്കുന്ന, ചോരയൊലിക്കുന്ന രണ്ടു ഹൃദയങ്ങള്‍ അക്കാര്യത്തില്‍ വായനക്കാരനെ തേങ്ങിക്കരയിക്കുംവിധം കടുംനിറമാര്‍ന്ന വാക്കുകളില്‍ വരച്ചുചേര്‍ക്കപ്പെട്ടിരിക്കുന്നു. ഈ വസ്തുത ഉള്‍ക്കൊള്ളാതെ ചില മുഖ്യവിമര്‍ശകര്‍തന്നെ കാവ്യത്തിലെ പ്രാസദീക്ഷയുടെയും പദസമൃദ്ധിയുടെയും പേരില്‍ കേരളവര്‍മയെ വല്ലാതെആക്ഷേപിച്ചിട്ടുണ്ട്.
കേരളവര്‍മയെപ്പോലെ പ്രതിഭാസമ്പന്നനും വശ്യവചസ്സുമായ ഒരു കവിയെ ഉപരിപ്ലവമായ ചില സമാനതകളുടെ പേരില്‍ അനുകരണദോഷത്തിനു വിചാരണ ചെയ്യാനും അക്കൂട്ടര്‍ മടിച്ചിട്ടില്ല.
''പാലിക്കാനായ് ഭുവനമഖിലം ഭൂതലേ ജാതനായ-
ക്കാലിക്കൂട്ടം കലിതകുതുകം കാത്ത കണ്ണന്നു ഭക്ത്യാ
പീലിക്കോലൊന്നടിമലരില്‍ നീ കാഴ്ചയായ് വച്ചിടേണം
മൗലിക്കെട്ടില്‍ തിരുകുമതിനെ
ത്തീര്‍ച്ചയായ് ഭക്തദാസന്‍''
എന്ന മയൂരസന്ദേശപദ്യം,
''കാലിക്കാലില്‍ തടവിന പൊടി ച്ചാര്‍ത്തുകൊണ്ടാത്തശോഭം
പീലിക്കണ്ണാല്‍ കലിതചികുരം പീതകൗശ്രയ വീതം
കോലും കോലക്കുഴലുമിയലും ബാലഗോപാലലീലം
നീലംകോലം തവനിയതവും കോയില്‍ കൊള്‍കെങ്ങള്‍ ചേതഃ''
എന്ന ഉണ്ണുനീലിസന്ദേശപദ്യത്തിന്റെ അനുകരണമാണത്രേ. രൂപത്തില്‍നിന്നു ഭാവത്തിലേക്കു കണ്ണുപായിക്കാന്‍ കഴിയാതെപോയ നിരൂപകമ്മന്യന്മാരോടു സഹതപിക്കുകയല്ലാതെ മറ്റെന്താണു നമുക്കു ചെയ്യാനാവുക? മലയാളസാഹിത്യത്തിനു ലഭിച്ച മഹത്തായ കാവ്യസംഭാവനകളിലൊന്നാണു മയൂരസന്ദേശം എന്നു നമ്മള്‍ കൃതജ്ഞതാപൂര്‍വം അനുസ്മരിക്കേണ്ടിയിരിക്കുന്നു.
വാക്കുകളുടെ കുലപതിയായിരുന്ന കേരളവര്‍മയ്ക്ക് ഏതുവിധത്തിലുള്ള പ്രാസം ദീക്ഷിച്ചും അസാധാരണമായ ശബ്ദഭംഗിയോടെ കാവ്യരചന നിര്‍വഹിക്കുന്നതിനുള്ള പ്രതിഭാബലം ഉണ്ടായിരുന്നു. പരിഭാഷകളില്‍പോലും അദ്ദേഹം അതു കൃത്യമായി പിന്തുടര്‍ന്നിരുന്നു. എന്നാല്‍, ദ്വിതീയാക്ഷരപ്രാസംപോലും കവിതയ്ക്കാവശ്യമില്ല എന്ന പക്ഷക്കാരുമുണ്ടായിരുന്നു. അവരില്‍നിന്നുണ്ടായ പ്രാസം ഉപേക്ഷിച്ചു കവിതയെഴുതണം എന്ന ആഹ്വാനത്തെ കേരളവര്‍മ എതിര്‍ത്തു. ഇതു ചേരിതിരിഞ്ഞുള്ള ഒരു വിവാദത്തിനിടയാക്കി. അതാണ് മലയാളസാഹിത്യചരിത്രത്തിലെ പ്രസിദ്ധമായ പ്രാസവാദം. വാദപ്രതിവാദങ്ങള്‍കൊണ്ട് ഒരു സാഹിത്യലഹളയുടെ അന്തരീക്ഷംതന്നെ സൃഷ്ടിക്കപ്പെട്ടു. ഇതില്‍ ഏതെങ്കിലും ഒരുപക്ഷം ജയിച്ചു എന്നോ മറുപക്ഷം പരാജയപ്പെട്ടു എന്നോ പറയാനില്ല. മലയാളകവിതയില്‍ അതുവരെ ഉണ്ടായിട്ടില്ലാത്ത ഉണര്‍വും ഉത്സാഹവും അനുഭവപ്പെട്ടുവെന്നതാണു വാസ്തവം. ഇരുപക്ഷക്കാരുടെയും രചനകള്‍കൊണ്ടു മലയാളകവിതയുടെ ഈടുവയ്പ് ഏറെ സമ്പന്നമാകുകയും ചെയ്തു.
1882 ല്‍ കേരളവര്‍മ കാളിദാസന്റെ വിഖ്യാതനാടകം അഭിജ്ഞാനശാകുന്തളം മലയാളത്തിലേക്കു മൊഴിമാറ്റി. 1866 ല്‍ ഷേക്‌സ്പിയറുടെ 'കോമഡി ഓഫ് എറേഴ്‌സ്' ആള്‍മാറാട്ടം എന്ന പേരില്‍ മലയാളത്തിലേക്കു പരിഭാഷപ്പെടുത്തിയിരുന്നെങ്കിലും ഇവിടെ ഒരു നാടകയുഗം ആരംഭിച്ചിരുന്നില്ല. കേരളവര്‍മയുടെ ശാകുന്തളംതര്‍ജമ കേരളത്തില്‍ പലയിടങ്ങളിലും അഭിനയിക്കപ്പെട്ടു. അതോടെ അന്തരീക്ഷം മാറി. നിരവധി സംസ്‌കൃതനാടകങ്ങളും കാവ്യങ്ങളും മലയാളികള്‍ക്കു പരിഭാഷകളായി ലഭിച്ചു. അവയുടെ മാതൃകയില്‍ സ്വതന്ത്രനാടകങ്ങളും രൂപംകൊണ്ടു. അതോടെ, കേരളകാളിദാസന്‍ എന്ന അപരാഭിധാനം മാത്രമല്ല, മലയാളനാടകത്തിന്റെ പിതാവ് എന്ന ബഹുമതിയും അദ്ദേഹത്തിനു ലഭ്യമായി. അമരുകശതകം, അന്യാപദേശശതകം എന്നീ സംസ്‌കൃതകാവ്യങ്ങളും കേരളവര്‍മ മലയാളത്തിലേക്കു മൊഴിമാറ്റിയിട്ടുണ്ട്.
തിരുവിതാംകൂറില്‍ വിദ്യാഭ്യാസം സാര്‍വത്രികമായിത്തീര്‍ന്നുകൊണ്ടിരുന്ന കാലമായിരുന്നു അത്. സ്‌കൂളുകളിലേക്കുള്ള പാഠപുസ്തകങ്ങള്‍ തയ്യാറാക്കാന്‍ 1865 ല്‍ ആയില്യം തിരുനാള്‍ രാജാവ് ഒരു പാഠപുസ്തകക്കമ്മിറ്റിക്കു രൂപം നല്‍കി. അതില്‍ ആദ്യം അംഗമായും പിന്നീട് അധ്യക്ഷനായും പ്രവര്‍ത്തിച്ചുകൊണ്ട് കേരളവര്‍മ നമ്മുടെ വിദ്യാഭ്യാസമേഖലയ്ക്കു നല്കിയ സംഭാവന നിസ്തുലമാണ്. നിരവധി പാഠപുസ്തകങ്ങള്‍ സ്വന്തമായി എഴുതിയും മറ്റുള്ളവരെക്കൊണ്ട് എഴുതിച്ചും കേരളവര്‍മ രൂപം നല്കിയ ഒരു പാഠപുസ്തകപാരമ്പര്യമുണ്ട്. ഇന്നും നമ്മുടെ പ്രൈമറിക്ലാസുകളില്‍ ആ പാരമ്പര്യത്തിലുള്ള പാഠപുസ്തകങ്ങളാണുള്ളത്. സംസ്‌കൃതപക്ഷപാതിയായ കേരളവര്‍മ കുട്ടികള്‍ക്കുവേണ്ടി തയ്യാറാക്കിയ പാഠപുസ്തകങ്ങളിലെ ഭാഷ അതീവലളിതവും ഹൃദ്യവുമായിരുന്നു. മലയാളഭാഷാഗദ്യശാഖയ്ക്ക് പുതിയൊരു ജീവനും ചൈതന്യവും പകരാന്‍ കേരളവര്‍മയ്ക്കു കഴിഞ്ഞു. അതുകൊണ്ടാണു ചിലര്‍ അദ്ദേഹത്തെ മലയാളഗദ്യത്തിന്റെ പിതാവ് എന്നു വിശേഷിപ്പിക്കുന്നത്.
മലയാളമനോരമ പത്രാധിപരായിരുന്ന കണ്ടത്തില്‍ വര്‍ഗീസ് മാപ്പിള കേരളത്തിലെ എഴുത്തുകാരെയെല്ലാം ഉള്‍പ്പെടുത്തിക്കൊണ്ട് 1892 ല്‍ ഭാഷാപോഷിണിസഭ എന്നൊരു സംഘടനയ്ക്കു രൂപം നല്കി. അതിന്റെ സ്ഥിരാധ്യക്ഷനായിരുന്നു കേരളവര്‍മ. ഇതുകൂടിയായപ്പോഴേക്കും മലയാളസാഹിത്യത്തിന്റെ അവസാനവാക്കായി കേരളവര്‍മ അംഗീകരിക്കപ്പെട്ടു. അങ്ങനെയാണദ്ദേഹം കേരളസാഹിത്യചക്രവര്‍ത്തി എന്നു പ്രശംസിക്കപ്പെടാന്‍ ഇടയായത്.
മലയാളത്തിലേക്ക് ആദ്യമായി അന്യഭാഷകളില്‍നിന്നൊരു നോവല്‍ മൊഴിമാറ്റിയതും കേരളവര്‍മയാണ്, 1894 ല്‍. ഡച്ചുഭാഷയില്‍ എഴുതപ്പെട്ട അക്ബര്‍ എന്ന ചരിത്രനോവലാണ് ഇംഗ്ലീഷ് പരിഭാഷ അടിസ്ഥാനമാക്കി കേരളവര്‍മ മലയാളത്തിനു സമ്മാനിച്ചത്. സംസ്‌കൃതപദബഹുലമായ ആ പരിഭാഷ അത്ര മികച്ചതായിരുന്നില്ല. പരിഭാഷയിലെ ആദ്യവാക്യം ഇങ്ങനെ: ''അസ്തപര്‍വതനിതംബത്തെ അഭിമുഖീകരിച്ചു ലംബമാനമായ അംബുജ ബന്ധുബിംബത്തില്‍നിന്നും അംബരമധ്യത്തില്‍ വിസൃമരങ്ങളായ ബന്ധൂകബന്ധുരങ്ങളായ കിരണകന്ദളങ്ങള്‍...'' ഈ തുടക്കംതന്നെ സാധാരണ വായനക്കാരനെ മടുപ്പിച്ചുകളയും. എന്നാല്‍, പരിഭാഷ മുഴുവന്‍ ഇങ്ങനെയാണെന്നു തെറ്റിദ്ധരിക്കരുത്. മുന്നോട്ടുപോകുന്തോറും ഭാഷ കൂടുതല്‍ ലളിതമായി മാറുന്നുണ്ട്. എങ്കിലും, അക്ബറിന് സാഹിത്യചരിത്രപരമായ പ്രാധാന്യമേ ഉള്ളൂ എന്നതാണു വാസ്തവം.
ഇങ്ങനെ മലയാളസാഹിത്യത്തിന്റെ ഏതാണ്ടെല്ലാ മേഖലയിലും കൈവയ്ക്കുകയും അവിടങ്ങളിലെല്ലാം സ്വന്തം മുദ്ര പതിപ്പിക്കുകയും ചെയ്ത മഹാപ്രതിഭാവാനാണ് കേരളവര്‍മ വലിയകോയിത്തമ്പുരാന്‍.
1914 സെപ്റ്റംബര്‍ 22 നായിരുന്നു തമ്പുരാന്റെ മരണം. സഹോദരീപുത്രന്‍ ഏ.ആര്‍. രാജരാജവര്‍മയുടെ കാറില്‍ വൈക്കം മഹാദേവക്ഷേത്രത്തില്‍ പോയി തൊഴുതുമടങ്ങിയ കേരളവര്‍മ കായംകുളത്ത് കാര്‍ അപകടത്തില്‍പ്പെട്ടു ഗുരുതരമായി പരിക്കുപറ്റി ശയ്യാവലംബിയായി. രണ്ടു ദിവസം കഴിഞ്ഞ് മരണവും സംഭവിച്ചു. കേരളചരിത്രത്തിലുണ്ടായ ആദ്യത്തെ കാറപകടവും മരണവുമായിരുന്നു ഈ സംഭവം.
മഹാകവി ഉള്ളൂരിനെപ്പോലെയുള്ള സാഹിത്യചരിത്രകാരന്മാര്‍ കേരളവര്‍മയുടെ കാലഘട്ടത്തെ മലയാളസാഹിത്യത്തിലെ 'കേരളവര്‍മയുഗം' എന്നാണു വിശേഷിപ്പിക്കുന്നത്; കേരളവര്‍മയെ ആദരപൂര്‍വം വിളിക്കുന്നത് കേരളവര്‍മ ദേവനെന്നും! കാലം ഒരു നൂറ്റാണ്ടു പിന്നിട്ടിരിക്കുന്നു. മലയാളസാഹിത്യം അമ്പേ മാറിക്കഴിഞ്ഞു. മലയാളിയുടെ ഭാവുകത്വവും ഏറെ പരിണാമവിധേയമായി. എങ്കിലും, ആ മഹാപ്രതിഭയെ ഒരു പുനര്‍വായനയ്ക്കു വിധേയമാക്കുന്നത് പലവിധത്തിലും പ്രയോജനകരമായിരിക്കും.