പ്രസിദ്ധമായ വൈക്കം സത്യാഗ്രഹത്തിന്റെ ശതാബ്ദിവര്‍ഷത്തില്‍, ആ ബഹുജനപ്രക്ഷോഭത്തിന്റെ മുന്‍നിരയില്‍നിന്നു പ്രവര്‍ത്തിച്ച ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളിയെ അനുസ്മരിക്കുന്നു
സാമൂഹികാസമത്വത്തിനും അയിത്തത്തിനുമെതിരേ കേരളത്തില്‍ നടന്ന ഏറ്റവും ശ്രദ്ധേയമായ ബഹുജനപ്രക്ഷോഭമാണ് വൈക്കം സത്യാഗ്രഹം. പ്രസിദ്ധമായ വൈക്കം ക്ഷേത്രത്തിന്റെ വഴികളില്‍ അവര്‍ണജനവിഭാഗങ്ങള്‍ക്കു സഞ്ചാരസ്വാതന്ത്ര്യം അനുവദിക്കണമെന്നാവശ്യപ്പെട്ടുകൊണ്ടു നടന്ന ഐതിഹാസികസമരം 1924 മാര്‍ച്ച് 30 നാണ് ആരംഭിക്കുന്നത്. 603 ദിവസം നീണ്ടുനിന്ന ഈ സത്യാഗ്രഹസമരം 1925 നവംബറില്‍ അവസാനിച്ചു. ടി. കെ. മാധവന്‍, കെ. പി. കേശവമേനോന്‍, കെ. കേളപ്പന്‍, മന്നത്തു പത്മനാഭന്‍, ജോര്‍ജ് ജോസഫ്, പി. ഡബ്ല്യു സെബാസ്റ്റ്യന്‍, എ. കെ. പിള്ള, ഇ. വി. രാമസ്വാമി നായ്ക്കര്‍ തുടങ്ങിയവരായിരുന്നു സത്യാഗ്രഹത്തിന്റെ നേതാക്കന്മാര്‍. ഗാന്ധിജിയുടെ ഇടപെടലും സാന്നിധ്യവുംകൊണ്ട്, വൈക്കം സത്യാഗ്രഹം ദേശീയശ്രദ്ധ നേടിയ ഒരു ജനകീയപ്രക്ഷോഭമായി ഇന്ത്യയുടെ സാമൂഹികപരിഷ്‌കരണചരിത്രത്തില്‍ ഇടംപിടിച്ചു. വൈക്കം സത്യാഗ്രഹപോരാളികളുടെ മുന്‍നിരയില്‍ ഒരു കത്തോലിക്കാവൈദികനുണ്ടായിരുന്നു - ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളി.
ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളി
വൈക്കം സത്യാഗ്രഹത്തില്‍ പങ്കെടുക്കുകയും മഹാത്മാഗാന്ധിയോടൊപ്പം വേദി പങ്കിടുകയും ചെയ്ത ക്രിസ്ത്യന്‍ വൈദികനാണ് ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളി. 1878 ഫെബ്രുവരി 2 ന് വൈക്കം വെട്ടിക്കാപ്പള്ളി കുരുവിളയുടെയും മറിയത്തിന്റെയും ഇളയമകനായി സിറിയക് (കുര്യാക്കോസ്) ജനിച്ചു. വൈക്കം ഗവണ്‍മെന്റ് സ്‌കൂളില്‍നിന്നു പ്രാഥമികവിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ സിറിയക് തുടര്‍പഠനത്തിനായി മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്‌കൂളിലെത്തി. തുടര്‍ന്ന്, വൈദികപഠനത്തിനായി എറണാകുളം പെറ്റി സെമിനാരിയില്‍ പ്രവേശിച്ചു. ശ്രീലങ്കയിലെ കാന്‍ഡി പേപ്പല്‍ സെമിനാരിയിലായിരുന്നു പിന്നീടുള്ള അദ്ദേഹത്തിന്റെ പഠനം. 1902 ഡിസംബര്‍ 28 ന് കാന്‍ഡിയില്‍വച്ച് സിറിയക് പൗരോഹിത്യം സ്വീകരിച്ചു. ഇടവകതലപ്രവര്‍ത്തനങ്ങള്‍മാത്രമായിരുന്നില്ല സിറിയക് വെട്ടിക്കാപ്പള്ളിയുടെ സേവനമേഖല. അദ്ദേഹം ജനങ്ങളുടെയിടയില്‍ പ്രവര്‍ത്തിക്കുകയും പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഖ്യാതിനേടുകയും ചെയ്തു. 1912 ല്‍ ആലുവ ടൗണ്‍ ഇംപ്രൂവ്‌മെന്റ് കമ്മിറ്റി പ്രതിനിധിയായി ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളി തിരഞ്ഞെടുക്കപ്പെട്ടു.
തിരുവിതാംകൂര്‍ നിയമസഭയിലേക്ക്
1922 ല്‍ തിരുവിതാംകൂറില്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലേക്ക് ഇലക്ഷന്‍ നടന്നു. 1922 ഏപ്രില്‍ 27 നു നടന്ന തിരഞ്ഞെടുപ്പില്‍ ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളി തൊടുപുഴ - കുന്നത്തുനാട് താലൂക്കുകളുടെ പ്രതിനിധിയായി മത്സരിക്കുകയും എതിര്‍സ്ഥാനാര്‍ഥിയായിരുന്ന ഇരവി ഗോവിന്ദമേനോനെ പരാജയപ്പെടുത്തി വിജയിക്കുകയും ചെയ്തു. 1922 മുതല്‍ 1925 വരെയായിരുന്നു ലെജിസ്ലേറ്റീവ് കൗണ്‍സില്‍ കാലാവധി. അദ്ദേഹം ലെജിസ്ലേറ്റിവ് കൗണ്‍സില്‍ അംഗമായിരിക്കേ '99 ലെ വെള്ളപ്പൊക്കം' എന്നറിയപ്പെട്ട 1924 ലെ പേമാരിയുടെ സമയത്ത്, വൈക്കത്ത് സന്നദ്ധപ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുകയും ജനങ്ങള്‍ക്കാവശ്യമായ സേവനങ്ങള്‍ നല്‍കുകയും ചെയ്തു. 1924 ല്‍ ക്രിസ്ത്യന്‍ ന്യൂനപക്ഷാവകാശങ്ങള്‍ക്കായി റീജന്റ് മഹാറാണിക്കു നിവേദനം നല്‍കിയ സംഘത്തില്‍ ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളിയും ഉണ്ടായിരുന്നു.
തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലിലെ 15 അംഗങ്ങള്‍ അവര്‍ണവിഭാഗങ്ങളുടെ സഞ്ചാരസ്വാതന്ത്ര്യത്തിനുവേണ്ടി തിരുവനന്തപുരത്ത് ദിവാന് നിവേദനം നല്‍കിയിരുന്നു. ആ 15 പേരില്‍ ഒരാള്‍ ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളിയായിരുന്നു.
1925 ഫെബ്രുവരി 5 ന് എന്‍. കുമാരന്‍, സഞ്ചാരസ്വാതന്ത്ര്യപ്രമേയം തിരുവിതാംകൂര്‍ ലെജിസ്ലേറ്റീവ് കൗണ്‍സിലില്‍ അവതരിപ്പിച്ചു. പ്രമേയത്തെ എതിര്‍ത്തുേതാല്പിക്കാന്‍ എല്ലാ ശ്രമങ്ങളും അധികൃതര്‍ നടത്തിയിരുന്നു. അവര്‍ വെട്ടിക്കാപ്പള്ളിയച്ചനെ സ്വാധീനിക്കാന്‍ ശ്രമിച്ചെങ്കിലും ഫലമില്ലെന്നു മനസ്സിലാക്കിയപ്പോള്‍ ഭീഷണി മുഴക്കുകയും ചെയ്തു. എന്നാല്‍, ഈ പ്രമേയത്തെ ആദ്യമായി അനുകൂലിച്ചു സംസാരിച്ചത് ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളിയായിരുന്നു. അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ വൈക്കം പ്രദേശത്തെ പള്ളികളില്‍നിന്നുള്ള ഏതാനും വൈദികര്‍ 1925 മാര്‍ച്ച് 17 ന് വൈക്കം സത്യാഗ്രഹവേദിയിലെത്തി മഹാത്മാഗാന്ധിയുമായി കൂടിക്കാഴ്ച നടത്തുകയും സത്യാഗ്രഹത്തിനു പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു.
വിദ്യാഭ്യാസമേഖലയിലും സജീവം
നാടിന്റെ വിദ്യാഭ്യാസപുരോഗതിക്കുവേണ്ടി ആത്മാര്‍ഥമായി ശ്രമിച്ച ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളി, വിദ്യാലയങ്ങളുടെ നിര്‍മാണത്തിനും നടത്തിപ്പിനും നേതൃത്വം നല്‍കി. ആലുവ സെന്റ് മേരീസ് സ്‌കൂളിന്റെ നിര്‍മാണച്ചുമതല നിര്‍വഹിക്കുകയും സ്‌കൂളിന്റെ മാനേജരായി സേവനമനുഷ്ഠിക്കുകയും ചെയ്തു. 1913 ല്‍ അദ്ദേഹം മൂഴിക്കുളം സെന്റ് മേരീസ് യു.പി. സ്‌കൂള്‍ സ്ഥാപിക്കാന്‍ മുന്നിട്ടിറങ്ങി. ആലങ്ങാട് സെന്റ്മേരീസ് യു.പി. സ്‌കൂള്‍ ആരംഭിച്ചതും ഫാദര്‍ സിറിയക്കിന്റെ പരിശ്രമഫലമായിട്ടാണ്. 1919 ല്‍ അങ്കമാലിയില്‍ സെന്റ് ജോസഫ് സ്‌കൂള്‍ ആരംഭിച്ചതും ഈ വന്ദ്യപുരോഹിതന്‍തന്നെ.
1926 ല്‍ മുതലക്കോടം സെന്റ് ജോര്‍ജ് പള്ളിയില്‍ വികാരിയായി സേവനം ചെയ്തിട്ടുണ്ട് അദ്ദേഹം. ദീര്‍ഘകാലം തിരുവനന്തപുരമായിരുന്നു അദ്ദേഹത്തിന്റെ കര്‍മരംഗം. 1946 ല്‍ വൈക്കത്ത് തിരികെയെത്തുമ്പോള്‍ രോഗബാധിതനായിരുന്നു അദ്ദേഹം. 1947 ഫെബ്രുവരി 27 ന് കര്‍മനിരതമായ ആ ജീവിതം നിത്യവിശ്രമത്തിലേക്കു പ്രവേശിച്ചു. വൈക്കം സത്യാഗ്രഹസ്മാരകമ്യൂസിയത്തിന്റെ ഗാലറിയില്‍, ഫാദര്‍ സിറിയക് വെട്ടിക്കാപ്പള്ളിയുടെ ചിത്രവും മുന്‍നിര സത്യാഗ്രഹപോരാളികളുടെ പട്ടികയില്‍ അദ്ദേഹത്തിന്റെ പേരും സത്യാഗ്രഹസമരത്തിന്റെ ധീരസ്മൃതികളുണര്‍ത്തി നിലകൊള്ളുന്നു.