•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കടത്തിന്റെ രാഷ്ട്രീയവും നാളത്തെ അപായവും

ടമാണു വിഷയം. അതിനു രണ്ടു മുഖങ്ങള്‍. ഒന്ന്: ഇങ്ങനെ കടമെടുത്തു കൂട്ടിയാല്‍ നാളെ എന്തു ചെയ്യും എന്ന വലിയ ചോദ്യം. രണ്ട്: കിഫ്ബിവഴിയും മറ്റും എടുക്കുന്ന കടം സര്‍ക്കാരിന്റെ കടമായി കണക്കാക്കി കേന്ദ്രം കടമെടുപ്പുപരിധി വെട്ടിക്കുറച്ചതുവഴിയുള്ള പ്രതിസന്ധി. രണ്ടാമത്തേതില്‍ സാമ്പത്തികം ഉണ്ട്; രാഷ്ട്രീയവും. ആദ്യത്തേതില്‍  രാഷ്ട്രീയം ഇല്ല, സാമ്പത്തികംമാത്രം.കടമെടുപ്പുപരിധിവിവാദം ആദ്യം നോക്കാം. സംസ്ഥാനങ്ങളുടെ സഞ്ചിതകടബാധ്യത സംസ്ഥാന ജിഡിപി(ജിഎസ്ഡിപി)യുടെ 25 ശതമാനമായി കുറയ്ക്കണം എന്നു പതിനഞ്ചാം ധനകാര്യകമ്മീഷന്‍ ശിപാര്‍ശ ചെയ്തിട്ടുണ്ട്. നേരത്തേ 29 ശതമാനമായിരുന്നു. ഓരോ വര്‍ഷവും എടുക്കാവുന്ന വായ്പ 3.5 ശതമാനമേ ആകാവൂ എന്നും വ്യവസ്ഥ ചെയ്തു. നേരത്തേ നാലു ശതമാനമായിരുന്നു.
എല്ലാവര്‍ക്കും ഒരുപോലെ
കേന്ദ്രവും സംസ്ഥാനങ്ങളും ഒക്കെ രണ്ടു ദശകംമുമ്പ്  ധനകാര്യ ഉത്തരവാദ (എശരെമഹ ഞലുെീിശെയശഹശ്യേ മിറ ആൗറഴല േങമിമഴലാലി)േ നിയമങ്ങള്‍ തയ്യാറാക്കി നടപ്പാക്കിയതാണ്. ഇടയ്ക്ക് 2008-09 ല്‍ ആഗോളമാന്ദ്യവും 2020-22 ല്‍ കോവിഡ് മഹാമാരിമൂലവും നിയമം മരവിപ്പിച്ചു. കമ്മിയും കടവും പരിധി കടക്കാന്‍ അനുവദിച്ചു. ഇപ്പോള്‍ വീണ്ടും വ്യവസ്ഥകള്‍ കര്‍ശനമാക്കി.
ഇത്രയും എല്ലാ സംസ്ഥാനങ്ങള്‍ക്കും ഒരേപോലെയാണ്. കേരളത്തിനുമാത്രമായ ഒന്നല്ല. ഈ വ്യവസ്ഥകള്‍ തങ്ങളെ വല്ലാതെ ഞെരുക്കുന്നതാണെന്ന് എല്ലാ സംസ്ഥാനങ്ങള്‍ക്കും പരാതിയുണ്ട്. കേരളവും പരാതിപ്പെടുന്നു. കൂടുതല്‍ കടമെടുത്തു കൂടുതല്‍ ആനുകൂല്യങ്ങള്‍ വോട്ടര്‍മാര്‍ക്കു നല്‍കാന്‍ എല്ലാ കക്ഷികള്‍ക്കും താത്പര്യമുണ്ട്. പക്ഷേ, അതു വിവേകമല്ലെന്നും ഭാവിയില്‍ താങ്ങാനാവാത്ത ബാധ്യതയാകുമെന്നും സാമ്പത്തികവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. കേന്ദ്രം വിദഗ്ധരുടെകൂടെയാണ്.
കിഫ്ബി അഥവാ കുറുക്കുവഴി
കേരളം ഇപ്പോള്‍ നേരിടുന്ന പ്രശ്‌നം ഈ നിയന്ത്രണം മറികടക്കാന്‍ നടത്തിയ ശ്രമത്തിന്റെ ഫലമാണ്. ഗവണ്മെന്റ് എടുക്കുന്ന കടത്തിനാണല്ലോ പരിധി. അതിനാല്‍, ഗവണ്മെന്റ് നേരിട്ടു കടം എടുക്കാതെ പ്രത്യേക കമ്പനി ഉണ്ടാക്കി കടം എടുക്കുക. ഈ കുതന്ത്രമാണ് ഒന്നാം പിണറായി സര്‍ക്കാര്‍ നടപ്പാക്കിയതും ഇപ്പോഴും തുടരാന്‍ ശ്രമിക്കുന്നതും. കിഫ്ബി(Kerala Infrastructure Investment Fund Board)   യും കെഎസ്എസ്പിഎലും (Kerala Social Security Pension Ltd.)അതിനുള്ള സംവിധാനങ്ങളായി. 1999 ല്‍ നിലവില്‍ വന്ന കിഫ്ബിയെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം പണം നല്‍കാനുള്ള സ്ഥാപനമാക്കി മാറ്റി. സാമൂഹികക്ഷേമപെന്‍ഷനുകള്‍ക്കു കെഎസ്എസ്പിഎല്‍ വഴി പണം കണ്ടെത്തും.
കിഫ്ബി രാജ്യത്തും വിദേശത്തും കടപ്പത്രങ്ങള്‍ ഇറക്കി പണം കണ്ടെത്തണം. അതു റോഡും പാലവും സ്‌കൂളും ആശുപത്രിയും മറ്റും പണിയാന്‍ ഉപയോഗിക്കും. കിഫ്ബിക്കു പണം തിരിച്ചുകൊടുക്കാനായി മോട്ടോര്‍ വാഹനനികുതിയുടെയും ഇന്ധനസെസിന്റെയും നിശ്ചിതഭാഗം സര്‍ക്കാര്‍ നീക്കിവയ്ക്കുന്നു. സ്വന്തമായി വരുമാനമുള്ള ക്ഷേമനിധികളിലും മറ്റുംനിന്നു വായ്പയെടുത്തു ക്ഷേമപെന്‍ഷനുകള്‍ വിതരണം ചെയ്യാനാണ് 2018 ല്‍ കെഎസ്എസ്പിഎല്‍ ഉണ്ടാക്കിയത്.
ബജറ്റില്‍ ഇല്ലാത്ത കടം
ഇവ എടുക്കുന്ന വായ്പകള്‍ ബജറ്റ് കണക്കില്‍ പെടുത്താറില്ല. സംസ്ഥാനത്തിന്റെ നേരിട്ടുള്ള കടമല്ല അവ എന്നാണ് സംസ്ഥാനസര്‍ക്കാരിന്റെ വാദം. കേന്ദ്രവും കണ്‍ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലും (സിഎജി) അതു സമ്മതിക്കുന്നില്ല. അവര്‍ ചൂണ്ടിക്കാട്ടുന്നതു ബാധ്യതയാണ്. ഈ കടത്തിനു സര്‍ക്കാരിന്റെ ഗാരന്റി ഉണ്ട്. അതായത്, കിഫ്ബി അടച്ചില്ലെങ്കില്‍ സര്‍ക്കാര്‍ അടയ്ക്കണം. കടംതിരിച്ചടയ്ക്കാന്‍ നികുതിവരുമാനം നീക്കിവച്ചിട്ടുമുണ്ട്. ബാധ്യത സര്‍ക്കാരിനുതന്നെ എന്നു വ്യക്തം. അതിനാല്‍, സംസ്ഥാനകടമായി ഇതു വക മാറ്റാന്‍ കേന്ദ്രം ആവശ്യപ്പെട്ടു. അപ്പോള്‍ ബജറ്റ് കണക്കുകള്‍ എല്ലാം തിരുത്തേണ്ടിവരാം.
ഈ വര്‍ഷത്തേക്ക് ഇതു വന്നപ്പോള്‍ കാര്യം ഗുരുതരമായി. കിഫ്ബിയുടെ നിലവിലെ കടബാധ്യത ഇക്കൊല്ലം എടുക്കാവുന്ന കടത്തില്‍നിന്ന് ആദ്യമേ കുറച്ചു. 39,662 കോടി രൂപയുടെ ധനകമ്മി നികത്താന്‍ അതനുസരിച്ച് 20,521 കോടിയുടെ കടമേ എടുക്കാന്‍ പറ്റൂ എന്നായി. സെപ്റ്റംബര്‍വരെ എടുത്തത് 18,500 കോടി രൂപ. കേന്ദ്രവ്യവസ്ഥപ്രകാരം ഇനി ഏഴു മാസത്തേക്ക്  എടുക്കാവുന്നത് 2000 കോടി മാത്രം. ദൈനംദിന കാര്യങ്ങള്‍ നടത്താന്‍ സര്‍ക്കാര്‍ വല്ലാതെ ബുദ്ധിമുട്ടും. ഇളവു കിട്ടിയില്ലെങ്കില്‍ ചെലവുകള്‍ ഗണ്യമായി വെട്ടിക്കുറയ്‌ക്കേണ്ടിവരും.
കുറുക്കുവഴി അടച്ച രാഷ്ട്രീയം
ഇതിലുളളതു രാഷ്ട്രീയമാണെന്നു സംസ്ഥാനസര്‍ക്കാര്‍ പറയുന്നു. കടപരിധി മറികടക്കാനുള്ള കുറുക്കുവഴി അടച്ചതില്‍ രാഷ്ട്രീയമുണ്ടോ എന്നു ചോദിച്ചാല്‍ ഉണ്ട് എന്നു പറയേണ്ടിവരും. കാരണം, മറ്റു സംസ്ഥാനങ്ങളും ബജറ്റില്‍ പെടുത്താത്ത (ഓഫ് ബജറ്റ്) വായ്പകള്‍ ധാരാളം എടുത്തിട്ടുണ്ട്. (2021 ലെ കണക്കനുസരിച്ച്, തെലങ്കാനയാണ് ഏറ്റവും കൂടുതല്‍ ഓഫ് ബജറ്റ് വായ്പകള്‍ എടുത്തത്; 97,940 കോടി രൂപ. അതു സംസ്ഥാന ജിഡിപിയുടെ 9.99 ശതമാനമായിരുന്നു.) അവരുടെയൊന്നും വായ്പകള്‍ വിലക്കിയിട്ടില്ല. അപ്പോള്‍ രാഷ്ട്രീയപ്പോരു വ്യക്തം.
ഓരോ മാസവും വായ്പ എടുക്കാവുന്ന തുക കേന്ദ്രം നേരത്തേ നിശ്ചയിക്കാതെ അവസാനനിമിഷംവരെ വച്ചുതാമസിപ്പിക്കുന്നതിലും രാഷ്ട്രീയക്കളി ഉണ്ട്.
പക്ഷേ, സംസ്ഥാനത്തിന്റെ വാര്‍ഷികവായ്പാപരിധിയും (ജിഎസ്ഡിപിയുടെ 3.5 ശതമാനം) സഞ്ചിത ബാധ്യതാപരിധിയും (ജിഎസ്ഡിപിയുടെ 25 ശതമാനം) നിശ്ചയിച്ചതില്‍ രാഷ്ട്രീയം പറയുന്നതു ശരിയല്ല. അമിതമായി കടംവാങ്ങി മുന്നോട്ടുപോയാല്‍ അതു വീട്ടാന്‍ വഴി ഉണ്ടാകാതെ ശ്രീലങ്കപോലെയാകും സംസ്ഥാനം. അങ്ങനെ വരാതിരിക്കാനാണു പരിധി വച്ചത്.
കടം എന്തിന്?
കമ്മിയും കടവും സാധാരണമാണെന്നും അതില്‍ വിഷമിക്കാനില്ലെന്നും ഇടതുപക്ഷ ധനശാസ്ത്രജ്ഞര്‍ എന്നും വാദിക്കാറുള്ളതാണ്. കടമെടുത്ത് അടിസ്ഥാനസൗകര്യവികസനം കൊണ്ടുവരുമ്പോള്‍ ആ നിക്ഷേപം വഴിയുള്ള സാമ്പത്തികവളര്‍ച്ച കടമൊക്കെ വീട്ടാന്‍ തക്ക വരുമാനം ഉണ്ടാക്കുമെന്നാണ് ഡോ. തോമസ് ഐസക്കും പറഞ്ഞത്. പക്ഷേ, കേരള സര്‍ക്കാരിന്റെ കടമെടുപ്പില്‍ സിംഹഭാഗവും മൂലധനനിക്ഷേപത്തിനല്ല, സര്‍ക്കാരിന്റെ നിത്യനിദാന ച്ചെലവുകള്‍ക്കാണു പോകുന്നത്.
2023 - 24 ലെ ബജറ്റ് പ്രതീക്ഷ നോക്കുക. (എല്ലാ തുകകളും കോടി രൂപയില്‍.)
റവന്യു വരുമാനം      1,35,419
റവന്യു ചെലവ്    1,59,361
റവന്യുകമ്മി        23,942
മൂലധനച്ചെലവ്       6,728
ആകെ ചെലവ്       1,76,089
ധനകമ്മി               39,662
ധനകമ്മി എന്നാല്‍ കടം. 39,662 കോടി രൂപയാണ് ഈ വര്‍ഷം കേരളത്തിന്റെ ബാധ്യതയിലേക്കു കൂടാന്‍ പോകുന്ന തുക.
അങ്ങനെ ഓരോ വര്‍ഷവും കൂടിക്കൂടി വന്ന കടബാധ്യതയുടെ തുക കേട്ടാല്‍ ഞെട്ടും. വരുന്ന മാര്‍ച്ച് 31 ന് അത് 4,08,164 കോടി രൂപയാകും.സംസ്ഥാന ജിഡിപിയുടെ 36.05 ശതമാനം.
കടമെടുത്തു സല്‍ക്കാരം
കമ്മിയും കടവും നല്ലതാണെന്നു പറയുന്നവര്‍പോലും കടമെടുത്തു നിത്യനിദാനച്ചെലവുകള്‍ (ശമ്പളം, പെന്‍ഷന്‍, പഴയ കടത്തിന്റെ പലിശ, സാധാരണ ഭരണച്ചെലവുകള്‍, ക്ഷേമപെന്‍ഷനുകള്‍ തുടങ്ങിയ റവന്യു ചെലവുകള്‍) നടത്തരുതെന്നു പറയും. പക്ഷേ, കേരളം ഉദ്ദേശിക്കുന്ന 39,662 കോടി രൂപയുടെ കടത്തില്‍ 23,942 കോടി രൂപ റവന്യു കമ്മി നികത്താനാണ്. അതായത്, കടത്തിന്റെ 60.36 ശതമാനം നിത്യനിദാനച്ചെലവുകള്‍ക്ക്. ഭാവിയില്‍ വരുമാനം ഉണ്ടാക്കുന്ന കാര്യങ്ങള്‍ക്കായല്ല കടമെടുക്കുന്നതെന്നു ചുരുക്കം.
വരുമാനം ഉണ്ടാക്കാനല്ല കടം ചെലവാക്കുന്നതെങ്കില്‍ വലിയ അപായം മുന്നില്‍ കാണണം. കടവും പലിശയുംകൂടി കൊടുക്കാന്‍ പുതിയ വരുമാനമാര്‍ഗങ്ങള്‍ ഉണ്ടാകില്ല. പഴയവയില്‍ നിന്നു വേണം അതു കൊടുത്തു തീര്‍ക്കാന്‍.
അതിനു പറ്റുന്നതാണോ നാളത്തെ കേരളം?
നിര്‍ണായകമായ ചില മാറ്റങ്ങള്‍ കേരളത്തില്‍ സംഭവിക്കുന്നുണ്ട്. മുന്‍ കാലത്തേതില്‍നിന്നു വിഭിന്നമായ കാര്യങ്ങളാണു വരാനിരിക്കുന്നത്.
ഒന്ന്: ജനസംഖ്യ ചുരുങ്ങാന്‍ തുടങ്ങുന്നു. വരുംവര്‍ഷങ്ങളില്‍ കേരളത്തില്‍ ചെറുപ്പക്കാര്‍ കുറയുകയും വൃദ്ധര്‍ കൂടുകയും ചെയ്യും.
രണ്ട്: കൂടുതല്‍ ചെറുപ്പക്കാര്‍ മറ്റു രാജ്യങ്ങളിലേക്കു കുടിയേറുന്നു. അവര്‍ മടങ്ങിവരില്ല. ഗള്‍ഫിലേക്കും മറ്റും പോയവരെപ്പോലെ നാട്ടിലേക്കു പണമയയ്ക്കുകയോ ഇവിടെ നിക്ഷേപം നടത്തുകയോ ചെയ്യാന്‍ അവര്‍ ഉദ്ദേശിക്കുന്നില്ല.
മൂന്ന്: ഇവയുടെ ഫലമായി അധ്വാനിക്കാവുന്നവരുടെ എണ്ണം സംസ്ഥാനത്തു കുറയുന്നു. പ്രവാസികളില്‍നിന്നുള്ള വരുമാനവും കുറയുന്നു.
നാല്: നാട്ടുകാര്‍ക്കു പകരം വരുന്ന തൊഴിലാളികള്‍ വേതനം അവരുടെ നാട്ടിലേക്ക് അയയ്ക്കുമ്പോള്‍ നാടിന്റെ സമ്പത്ത് വീണ്ടും കുറയും.
വരുന്നു, ആളില്ലാക്കാലം
ജനസംഖ്യ കൂടുകയും പ്രവാസിപ്പണം വന്നു നാടിനെ സമ്പന്നമാക്കുകയും ജനങ്ങള്‍ വര്‍ധിച്ച ഉപഭോഗതൃഷ്ണ കാണിക്കുകയും ചെയ്ത ദശകങ്ങള്‍ കഴിഞ്ഞു. 2011 ല്‍ ആയിരം ജനങ്ങള്‍ക്കിടയില്‍ വര്‍ഷം 15.2 കുട്ടികള്‍ ഉണ്ടായിരുന്ന സ്ഥാനത്തു 2021 ല്‍ 11.94 മാത്രം.  2011 ല്‍ സംസ്ഥാനത്തെ പ്രത്യുത്പാദനനിരക്ക് (ടി എഫ് ആര്‍ - ഒരു സ്ത്രീ ആയുഷ്‌കാലത്തില്‍ ജനനം നല്‍കുന്ന കുട്ടികളുടെ എണ്ണം) 1.8 ആയിരുന്നത് 2021 ല്‍ 1.46 ആയി. ടി എഫ് ആര്‍ 2.1 ഉണ്ടെങ്കിലേ ഒരു സമൂഹത്തിന് ജനസംഖ്യ കുറയാതെ നിലനിറുത്താന്‍ പറ്റൂ എന്നിരിക്കെയാണ് ഈ കണക്കുകള്‍ ആശങ്ക നല്‍കുന്നത്.
ആളും അധ്വാനവും വരുമാനവും കുറയുന്നതും കൂടുതല്‍ വൃദ്ധരെ പരിപാലിക്കേണ്ടിവരുന്നതുമായ  ഒരു കാലം വരാനിരിക്കേ, കടമെടുത്തു ഭരിക്കുന്നതിന്റെ ഭവിഷ്യത്തിനെപ്പറ്റി എല്ലാവരും ഗൗരവമായി ചിന്തിച്ചേ മതിയാകൂ. ഇന്നത്തെ കടം നാളെ എണ്ണം കുറഞ്ഞതും പ്രായം കൂടിയതുമായ ഒരു ജനസമൂഹത്തിന്റെമേല്‍ വലിയ ഭാരമായി പതിക്കാന്‍ അനുവദിക്കണോ?

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)