•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

പ്രഗ്നാനന്ദയ്‌ക്കൊപ്പം താരമായി അമ്മ നാഗലക്ഷ്മിയും

ലോകകപ്പ് ചെസ് ഫൈനലില്‍ ഇതിഹാസതാരം നോര്‍വേയുടെ മാഗ്നസ് കാള്‍സനോട് ഇന്ത്യയുടെ രമേഷ് ബാബു പ്രഗ്നാനന്ദ എന്ന പതിനെട്ടുകാരന്‍ പൊരുതിത്തോല്‍ക്കുകയായിരുന്നു. ക്ലാസിക് ഗെയിമുകളില്‍ സമനില സമ്മതിച്ച കാള്‍സന്‍ ടൈബ്രേക്കറിലാണ് തന്റെ അനുഭവസമ്പത്തിന്റെ പിന്‍ബലത്തില്‍ കൗമാരക്കാരനെ കീഴടക്കിയത്. 2013 മുതല്‍ 22 വരെ ലോകചാമ്പ്യനായിരുന്നു കാള്‍സന്‍. ലോകകപ്പ് ഫൈനലില്‍ എത്തിയതുവഴി  പ്രഗ്നാനന്ദ അടുത്തവര്‍ഷം നടക്കുന്ന  ലോകചെസ് ചാമ്പ്യന്‍ഷിപ്പില്‍, നിലവിലെ ചാമ്പ്യന്‍, ചൈനയുടെ സിങ്‌ലിറനെ എതിരിടാനുള്ള കാന്‍ഡിഡേറ്റ്‌സ് മത്സരത്തിനു യോഗ്യത നേടി.

പ്രഗ്നാനന്ദ ലിറന് എതിരാളിയാകുമോയെന്നു കാത്തിരുന്നു കാണാം. വിശ്വനാഥന്‍ ആനന്ദിനുശേഷം ലോകചാമ്പ്യനാകുന്ന ഇന്ത്യക്കാരന്‍ ആരായിരിക്കുമെന്നറിയാന്‍ കാത്തിരിപ്പു വേണം. കാരണം, ഇന്ത്യന്‍ കൗമാരനിരയുടെ കുതിപ്പുകൂടിയാണ് ലോകകപ്പില്‍ കണ്ടത്. പക്ഷേ, പ്രഗ്നാനന്ദയ്‌ക്കൊപ്പം ഈ ചെസ് പ്രതിഭയുടെ അമ്മ നാഗലക്ഷ്മി ശ്രദ്ധിക്കപ്പെട്ടു. പ്രഗ്നാനന്ദയ്‌ക്കൊപ്പം അമ്മയും ആഗോളമാധ്യമശ്രദ്ധ പിടിച്ചുപറ്റിയെന്നു പറയാം. അതവര്‍ ഇടിച്ചുകയറി നേടിയതല്ല. തന്റെ മകന്റെ മുന്നേറ്റം കണ്ടു സന്തോഷിച്ച ഒരു സാധാരണ വീട്ടമ്മ മാത്രമായിരുന്നു നാഗലക്ഷ്മി. മകനാണ് അമ്മയുടെ സാന്നിധ്യം തനിക്കു പകരുന്ന ആത്മവിശ്വാസത്തെക്കുറിച്ച് മാധ്യമങ്ങളോടു പറഞ്ഞത്. 
നാഗലക്ഷ്മി ചെസ്‌കളിക്കാരിയല്ല. ചെസിനെക്കുറിച്ച് വലിയ അറിവുമില്ല. പക്ഷേ, അവര്‍ ചെസ് താരങ്ങളായ പ്രഗ്നാനന്ദന്റെയും വൈശാലിയുടെയും അമ്മയാണ്. അവര്‍ ചെസ് ബോര്‍ഡിലാണോ മകന്റെ മുഖത്താണോ നോക്കുന്നതെന്നു നമുക്കു സംശയം തോന്നാം. ചിലപ്പോള്‍ മകന്റെ മുഖഭാവംകണ്ട് കളിയുടെ ഗതി, കരുനീക്കങ്ങള്‍ അവര്‍ വായിച്ചെടുക്കുന്നുണ്ടാവാം. അച്ഛന്‍ രമേഷ് ബാബു പോളിയോബാധിതനാണ്. ബാങ്കുജീവനക്കാരനെങ്കിലും ദൂരയാത്രകള്‍ ബുദ്ധിമുട്ടാണ്. അതുകൊണ്ട് മകന്റെ യാത്രയില്‍ അമ്മയാണ് എപ്പോഴും കൂട്ട്.
മകനു പ്രിയപ്പെട്ട ചോറും രസവും ഉണ്ടാക്കിക്കൊടുക്കാനുള്ള സംവിധാനങ്ങളുമായാണ് നാഗലക്ഷ്മിയുടെ യാത്ര. മകന്‍  ചെസ് കളിക്കുമ്പോള്‍ അവന്‍ തന്നെ കാണാതിരിക്കാന്‍ അവര്‍ ശ്രദ്ധിക്കും.
അസര്‍ബൈജാനിലെ ബാക്കുവില്‍ ലോകകപ്പിന്റെ സെമിവേളയിലാണ് നാഗലക്ഷ്മി മാധ്യമശ്രദ്ധ നേടിയത്. അമ്മയെക്കുറിച്ച് ചെസ് ഇതിഹാസം ഗാരി കാസ്പറോവ് എഴുതിയതോടെയാണ് മാധ്യമലോകം നാഗലക്ഷ്മിയെ താരമാക്കിയത്. ചെന്നൈയില്‍ നിന്നുള്ള സാധാരണക്കാരിയായ ആ വീട്ടമ്മയുടെ നിഷ്‌കളങ്കമായ മുഖം ഇന്നു ചെസ് ലോകത്തിനു പരിചിതമായി. പ്രഗ്നാനന്ദ എന്ന ചെസ് പ്രതിഭയുടെ വളര്‍ച്ചയില്‍ ആ അമ്മയുടെ പങ്ക് വളരെ വലുതാണെന്നും ലോകമറിഞ്ഞു.
ഇന്ത്യ കണ്ട എക്കാലത്തേയും മികച്ച ചെസ് കളിക്കാരന്‍ വിശ്വനാഥന്‍ ആനന്ദിനെ ചെസ് കളി പഠിപ്പിച്ചത് അമ്മ സുശീലയാണ്. കുട്ടിക്കാലത്ത് ആനന്ദിന്റെ ചെസ് കളി അമ്മയുമൊത്തായിരുന്നു. അരുണ ആനന്ദിന്റെ ജീവിതപങ്കാളിയായി  വരുന്നതുവരെ അമ്മ സുശീലയായിരുന്നു ആനന്ദിന്റെ പിന്‍ബലം. ആസ്ത്മയും മറ്റു ശ്വാസകോശരോഗങ്ങളും അലട്ടിയിരുന്ന ബാല്യമായിരുന്നു ഇന്ത്യയുടെ സൂപ്പര്‍ ചെസ് താരം വിജയ് അമൃത് രാജിന്റേത്. രണ്ടു കൈയും കൂട്ടിപ്പിടിച്ചാല്‍പ്പോലും ടെന്നീസ് റാക്കറ്റ് ഉപയോഗിക്കാന്‍ പ്രയാസമായിരുന്നു. ഇത്തരമൊരു ബാലനെ ചെസ് പ്രതിഭയാക്കിയത് അമ്മ മാഗിയാണ്.
ഇന്ത്യയ്ക്കകത്തും പുറത്തും ഒട്ടേറെ കായികതാരങ്ങളുടെ വളര്‍ച്ചയ്ക്കുപിന്നില്‍ അമ്മമാരുടെ പിന്തുണയുണ്ട്. കായികതാരങ്ങളായ അമ്മമാരെ പിന്തുടര്‍ന്നു കളിക്കളത്തില്‍ ഇറങ്ങിയവരും എത്രയോയുണ്ട്. ബോക്‌സിംഗ് ഇതിഹാസം മുഹമ്മദ് അലിയുടെ വളര്‍ച്ചയില്‍ അമ്മയുടെ റോള്‍ ശ്രദ്ധിക്കപ്പെട്ടിട്ടില്ല. പക്ഷേ, അമ്മയോട് അലിക്ക് പ്രത്യേക അടുപ്പമുണ്ടായിരുന്നു. മുഹമ്മദ് അലി കാഷ്യസ് ക്ലേ ആയിരിക്കുമ്പോള്‍ പതിനെട്ടാം വയസ്സിലാണ് 1960 ലെ റോം ഒളിമ്പിക്‌സില്‍ ബോക്‌സിംഗില്‍ സ്വര്‍ണമെഡല്‍ നേടുന്നത്. ഫൈനലില്‍ കാഷ്യസ്  ക്ലേ തോല്‍പിച്ചത് പോളണ്ടിന്റെ ബിഗ് ന്യൂസിഹി പെട്രോസ്‌കിയെയാണ്. ആ പേരും നാടുമൊന്നും ക്ലേയ്ക്കു മനസ്സിലായില്ല. കാഷ്യസ് ക്ലേ അമ്മയ്ക്ക് റോമില്‍നിന്ന് ഒരു കത്തെഴുതി അയച്ചു: ''എനിക്ക് സ്വര്‍ണം കിട്ടി. എവിടെനിന്നോ വന്ന, പതിനഞ്ച് അക്ഷരമുള്ള ഒരുത്തനെ ഞാന്‍ ഇടിച്ചുവീഴ്ത്തി.'' തന്റെ വിജയം ആദ്യം അമ്മയെ അറിയിക്കാനാണ് കാഷ്യസ് ക്ലേ (മുഹമ്മദ് അലി) ആദ്യം ശ്രമിച്ചത്.
മര്‍ട്ടീനാ ഹിംഗ്രിസ് എന്ന ടെന്നീസ്താരത്തിന്റെ അമ്മയും  അച്ഛനും ടെന്നീസ് കളിക്കാരായിരുന്നു.  പക്ഷേ, മകളെ രണ്ടാം വയസ്സില്‍ റാക്കറ്റ് പിടിക്കാന്‍ പഠിപ്പിച്ചതും കളിക്കളത്തിലിറക്കിയതും അമ്മ മെലാനി മോലിടറോവയാണ്. ഏറെക്കാലം പരിശീലകയുടെ റോളും അമ്മ ഏറ്റെടുത്തിരുന്നു.
ടെന്നീസ് ഇതിഹാസം ബ്യോണ്‍ ബോര്‍ഗിനെ ടെന്നീസിലെ ശീതമനുഷ്യന്‍ എന്നാണു വിളിക്കുന്നത്. കളിക്കളത്തില്‍ മാന്യതയുടെയും  വിനയത്തിന്റെയും പര്യായം. പക്ഷേ, മഹാവികൃതിയായിരുന്ന ബോര്‍ഗിനെ ഇങ്ങനെയാക്കി മാറ്റിയത് അമ്മയാണ്. പതിനൊന്നാം വയസ്സില്‍ ബോര്‍ഗ് മത്സരത്തിനിടെ റഫറിയെ ചോദ്യം ചെയ്തു. റാക്കറ്റ് വലിച്ചെറിഞ്ഞു. ക്ലബ് അഞ്ചു  മാസത്തേക്ക് ബോര്‍ഗിനെ സസ്‌പെന്‍ഡു ചെയ്തു. അമ്മയുടെ ശിക്ഷ അതിലും കഠിനമായിരുന്നു. അവര്‍ റാക്കറ്റ് അലമാരയില്‍ വച്ചു പൂട്ടി. അഞ്ചുമാസക്കാലം ബോര്‍ഗിനു വീട്ടിലും കളിക്കാന്‍ സാധിച്ചില്ല. ശിക്ഷാകാലാവധി കഴിഞ്ഞു മടങ്ങിയെത്തിയ ബോര്‍ഗ് ആകെ മാറി. തികഞ്ഞ അച്ചടക്കമുള്ളവനായി.
പിതാക്കന്മാര്‍ വളര്‍ത്തി വലുതാക്കിയ കായികതാരങ്ങള്‍ ഒട്ടേറെയുണ്ട്. പക്ഷേ, മാതാവിന്റെ മേല്‍നോട്ടത്തില്‍ വളര്‍ന്നവര്‍ വ്യത്യസ്തരായിരുന്നു. മക്കളെ സൂപ്പര്‍ താരങ്ങളാക്കിയ അമ്മമാരെ പലരും ശ്രദ്ധിച്ചില്ല. പക്ഷേ, ഗാരി കാസ്പറോവ് എഴുതിയതുകൊണ്ട് പ്രഗ്നാനന്ദയുടെ അമ്മ നാഗലക്ഷ്മി ഇന്നു ചെസ് ലോകത്തില്‍ അറിയപ്പെടുന്ന അമ്മയായി.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)