•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കമലയെ ഓര്‍ക്കുമ്പോള്‍

ദന്തവിദഗ്ധന്റെ ഡയറിക്കുറിപ്പുകള്‍-4
പ്രമുഖ ദന്തചികിത്സാവിദഗ്ധനായ ഡോ. ജോര്‍ജ് വര്‍ഗീസ് കുന്തറ തന്റെ ദീര്‍ഘകാലത്തെ അനുഭവപരിചയത്തില്‍നിന്നു തിരഞ്ഞെടുത്ത ചികിത്സാറിപ്പോര്‍ട്ടുകള്‍. കോട്ടയം ഗവ. ദന്തല്‍കോളജ് പ്രിന്‍സിപ്പലും പുഷ്പഗിരി ദന്തല്‍ കോളജ് പ്രിന്‍സിപ്പലുമായിരുന്ന ഡോ. ജോര്‍ജ് വര്‍ഗീസ് ഇപ്പോള്‍ പുഷ്പഗിരിയില്‍ ഓറല്‍ & മാക്‌സിലോ ഫേഷ്യല്‍ സര്‍ജനാണ്. 
 
ഒരു ശനിയാഴ്ച രാവിലെ ഡോ. ജോണിയുടെ ഫോണ്‍ കോള്‍ എനിക്കു വന്നു. 
അദ്ദേഹം രണ്ടാഴ്ചമുമ്പ് ഒരു രോഗിയുടെ അണപ്പല്ലെടുത്തതാണ്. ഇപ്പോഴും മുറിവ് ഉണങ്ങിയിട്ടില്ലത്രേ. മാത്രമല്ല, മുറിവില്‍നിന്ന് ഒരു വളര്‍ച്ചയും കാണുന്നു. വേദനയില്ല. എന്നാല്‍, ഇടയ്ക്ക് രക്തം വരുന്നുണ്ട്.
എനിക്കു റഫര്‍ ചെയ്യാന്‍ വിളിച്ചതാണ്, ഞാന്‍ ഓക്കെ പറഞ്ഞു.
രണ്ടു മണിക്കൂറിനുള്ളില്‍ രോഗി എന്നെ കാണാനെത്തി. പേരു കമല. 
കറുത്തുമെലിഞ്ഞ ഒരു സ്ത്രീ. കഷ്ടിച്ച് അഞ്ചടി പൊക്കം. കൂടെ മകളുമുണ്ട്. ഇരുപതിനോടടുത്തു പ്രായം തോന്നിക്കുന്ന ഒരു ചെറുപ്പക്കാരി.
ഡോ. ജോണി പറഞ്ഞ വിവരങ്ങള്‍ കുറെക്കൂടി വിശദമായി കമലയും മകളും എന്നെ പറഞ്ഞുകേള്‍പ്പിച്ചു. അവസാനം മകള്‍ കൂട്ടിച്ചേര്‍ത്തു:
''ഇന്നലെ മുതല്‍ അമ്മയ്ക്ക് കൂടുതല്‍ ക്ഷീണമുണ്ട്. വിശപ്പു കുറവാണ്. ഭക്ഷണത്തോടു മടുപ്പ്. കൂടാതെ, നേരിയ പനിയും.'' മകളുടെ ശബ്ദത്തില്‍ അല്പം ആകുലതയും അസ്വസ്ഥതയുമുണ്ടെന്നെനിക്കു മനസ്സിലായി.
ഞാന്‍ കമലയെ പരിശോധിച്ചു. ഡോ. ജോണി പറഞ്ഞതുപോലെ താഴത്തെ അണപ്പല്ലെടുത്ത ഭാഗത്തുനിന്ന് അരയിഞ്ചു വലുപ്പത്തില്‍ ഗോളാകൃതിയിലുള്ള വളര്‍ച്ച. അതുമൂലം പൂര്‍ണമായി വായ അടയ്ക്കാന്‍ ബുദ്ധിമുട്ടുണ്ട്. അതായിരിക്കണം ഭക്ഷണം ചവയ്ക്കാനുള്ള വിഷമം. മുഴയില്‍ സ്പര്‍ശിച്ചപ്പോള്‍ വേദനയില്ല. എന്നാല്‍, അല്പം രക്തം പൊടിഞ്ഞു. ദേഹത്തു തൊട്ടുനോക്കിയപ്പോള്‍ നല്ല പനി.
കഴിച്ച ഏതെങ്കിലും മരുന്നിന്റെ റിയാക്ഷന്‍ ആണെന്നായിരുന്നു എനിക്ക് തോന്നിയ ആദ്യത്തെ  സംശയം. കൂടാതെ, അണുബാധയ്ക്കും സാധ്യതയുണ്ട്. പക്ഷേ, മോണയിലെ വളര്‍ച്ചയ്ക്കു കാരണം ഇതൊന്നുമല്ലെന്നെനിക്കു ബോധ്യമായി.
താമസിയാതെ അവരെ രക്തപരിശോധനയ്ക്കും എക്‌സ്‌റേയ്ക്കുമായി അയച്ചു.
*   *    * 
എക്‌സ്‌റേയില്‍ താടിയുടെ അസ്ഥിയില്‍ കാര്യമായ മാറ്റമൊന്നുമില്ല. എടുത്തുകളഞ്ഞ പല്ലിന്റെ ബാക്കിയൊന്നും ഇരിപ്പില്ല. പക്ഷേ, രക്തപരിശോധനാ ഫലം ഞാന്‍ വിചാരിച്ചതില്‍നിന്നു വളരെ വിഭിന്നം. അതെന്നെ അദ്ഭുതപ്പെടുത്തി. 
വെളുത്ത അണുക്കളുടെ എണ്ണം(ഡബ്ല്യു ബിസി) ക്രമാതീതമായി വര്‍ധിച്ചിരുന്നു. ഇ.എസ്.ആറും വളരെ കൂടിയിട്ടുണ്ട്. ഹീമോഗ്ലോബിന്‍ (എച്ച്.ബി.) വളരെ കുറഞ്ഞിരിക്കുന്നു. ഇവയും രക്തത്തിന്റെ ഫലവുംകൂടി കണ്ടപ്പോള്‍ ലുക്കീമിയ(ബ്ലഡ് കാന്‍സര്‍) ആണോ എന്ന സംശയം എനിക്കുണ്ടായി. 
റിപ്പോര്‍ട്ടു നോക്കുന്ന സമയം മുഴുവന്‍ എന്റെ മുഖത്തേക്കു മകള്‍ കണ്ണിമയ്ക്കാതെ നോക്കുന്നണ്ടായിരുന്നു. അമ്മയെ മാറ്റിനിറുത്തിക്കൊണ്ട് മകള്‍ എന്നോടു ചോദിച്ചു:
''സത്യം പറയൂ ഡോക്ടര്‍, എന്റെ അമ്മയ്ക്കു കുഴപ്പം വല്ലതുമുണ്ടോ? സീരിയസായ അസുഖം വല്ലതുമാണോ? സ്‌കൂള്‍ തുറക്കുന്ന സമയമായതുകൊണ്ട് വളരെയധികം തയ്യല്‍ജോലികളുണ്ട് അമ്മയ്ക്ക്. അച്ഛന്‍ രണ്ടു വര്‍ഷം മുമ്പു മരിച്ചതില്‍പ്പിന്നെ അമ്മയുടെ തയ്യലാണ് ഞങ്ങളുടെ ഏകവരുമാനം. വായിലെ മുഴ ഓപ്പറേഷന്‍ ചെയ്തു നീക്കിയാല്‍ അസുഖം പൂര്‍ണമായി മാറുമായിരിക്കും, അല്ലേ ഡോക്ടര്‍.'' - അവര്‍ക്ക് എന്നില്‍ നല്ല പ്രതീക്ഷയുണ്ടെന്നു മനസ്സിലായി. മകളുടെ ചോദ്യത്തിന് എന്തു മറുപടി പറയണമെന്നു ഞാന്‍ ആലോചിച്ചു. അസുഖം നിസ്സാരമാണെന്നു നുണപറയുന്നതു ശരിയല്ല. രോഗനിര്‍ണയം പൂര്‍ണമാകാത്തതുകൊണ്ട് അവരെ ഭയപ്പെടുത്താനും വയ്യ. അവസാനം ഞാന്‍ പറഞ്ഞു:
''ചില പരിശോധനകള്‍കൂടി വേണ്ടിവരും. മെഡിക്കല്‍ കോളജിലേക്ക് ഒരു കത്തു തരാം. എന്താ അങ്ങനെ ചെയ്യട്ടെ?''
പെട്ടെന്നുതന്നെ ഞാന്‍ കത്തു തയ്യാറാക്കി അവരെ ഏല്പിച്ചിട്ടു പറഞ്ഞു:
''അസുഖത്തിന്റെ വിവരങ്ങള്‍ ഞാന്‍ വിശദമായി എഴുതിയിട്ടുണ്ട്. അവിടെ ചെന്നതിനുശേഷം ചികിത്സയുടെ വിവരങ്ങള്‍ എന്നെ മറക്കാതെ അറിയിക്കണം.''
അമ്മയും മകളും തലകുലുക്കി.
 നടന്ന സംഭവങ്ങളും, പരിശോധനയുടെ ഫലവും, രോഗിയെ മെഡിക്കല്‍ കോളജിലേക്കു റഫര്‍ ചെയ്ത കാര്യവും ഞാന്‍ അപ്പോള്‍ത്തന്നെ ഡോ. ജോണിയെ ഫോണ്‍ ചെയ്തറിയിച്ചു.
കുറെ ദിവസത്തേക്ക് കമലയെക്കുറിച്ച് ഒരു വിവരവും എനിക്കു ലഭിച്ചില്ല. ഒഴാഴ്ചകഴിഞ്ഞ് ഡോ. ജോണിയുടെ ഫോണ്‍ വന്നു. കമലയുടെ മകള്‍ കാണാന്‍ വന്നിരുന്നെന്നും ലുക്കീമിയ ആണെന്നു സ്ഥിരീകരിച്ചെന്നും ജോണി പറഞ്ഞു.
തിരുവനന്തപുരം ആര്‍സിസി(റീജണല്‍ കാന്‍സര്‍ സെന്റര്‍)യിലേക്കു കൊണ്ടുപോയതായും ജോണി അറിയിച്ചു. 
''കീമോ തെറാപ്പി ആരംഭിച്ചു കാണും അല്ലേ?'' ഞാന്‍ ചോദിച്ചു.
''അതേ. ഇപ്പോഴത്തെ അവസ്ഥ അത്ര തൃപ്തികരമല്ല എന്നാണ് മകള്‍ പറഞ്ഞത്. മൂന്നു കുപ്പി രക്തം കൊടുത്തു. ആദ്യമൊക്കെ ക്ഷീണം അല്പം കുറവായിരുന്നു. ഇപ്പോള്‍ കൂടിക്കൂടി വരികയാണ്. അസുഖം ഭേദമാകുന്നതിനെക്കുറിച്ച് ഡോക്ടര്‍ ഇതുവരെ ഒന്നും പറഞ്ഞിട്ടില്ല.''
''അക്യൂട്ട് ലൂക്കീമിയ ആയിരിക്കും''
''അതേ. ഞാന്‍ ഇപ്പോള്‍ സാറിനെ വിളിച്ചത് വേറൊരു കാര്യം കൂടി പറയാനാണ്. മകള്‍ ഇന്നലെ എന്നെ കാണാന്‍ വന്നപ്പോള്‍ ഒരു ചോദ്യം എന്നോടു ചോദിച്ചു. പല്ലെടുത്തതുകൊണ്ടാണോ ബ്ലഡ് കാന്‍സര്‍ ഉണ്ടായതെന്ന്. ആരൊക്കെയോ മകളോട് അങ്ങനെ പറഞ്ഞിരുന്നു.''
ജോണിയുടെ സ്വരത്തില്‍നിന്ന് അദ്ദേഹത്തിന് അല്പം ആശങ്കയുണ്ടെന്ന് എനിക്കുതോന്നി. ജോണി പ്രാക്ടീസ് ആരംഭിച്ചിട്ട് അധികം നാളായിട്ടില്ല. ഈയൊരു സംഭവം മതി ദുഷ്‌പേരുണ്ടാകാന്‍. അദ്ദേഹത്തെ സമാധാനിപ്പിക്കാന്‍വേണ്ടി ഞാന്‍ പറഞ്ഞു:
''സാധാരണ മനുഷ്യരുടെ ഒരു സംശയമാണെന്നു കരുതിയാല്‍ മതി. ജോണി വിഷമിക്കേണ്ട. കമലയെ ചികിത്സിക്കുന്ന ഒരു ഡോക്ടറും അങ്ങനെ പറയില്ലെന്ന് എനിക്കു തീര്‍ച്ചയാണ്. ജോണി പറയുന്നത് അവര്‍ക്കു വിശ്വസിക്കാന്‍ സാധിക്കുന്നില്ലെങ്കില്‍ എന്റെ അടുത്തേക്കു പറഞ്ഞുവിട്ടോളൂ. ഞാന്‍ അവരെ പറഞ്ഞു ബോധ്യപ്പെടുത്താം.''
പിന്നീടുള്ള ദിവസങ്ങളില്‍ കമലയെക്കുറിച്ച് ഞാന്‍ പലപ്പോഴായി ഓര്‍ത്തിരുന്നു. ധാരാളം ചോദ്യങ്ങളും മനസ്സില്‍ ഉയര്‍ന്നുവന്നു. സ്‌കൂള്‍വര്‍ഷം ആരംഭിക്കുന്ന സമയമായതുകൊണ്ട് അവര്‍ വാക്കുകൊടുത്തിരുന്ന യൂണിഫോം തയ്യലുകള്‍ ആര് ഇനി പൂര്‍ത്തീകരിക്കും? തയ്യല്‍ക്കടയില്‍നിന്നുള്ള ഏകവരുമാനം നഷ്ടപ്പെട്ടാല്‍ ആ കുടുംബം എങ്ങനെ കഴിയും? ചികിത്സയ്ക്കുവേണ്ടിയുള്ള ഭീമമായ തുക എങ്ങനെ സമാഹരിക്കും?
ഡോ. ജോണിയുടെഫോണ്‍ പിന്നീടെനിക്കു ലഭിച്ചില്ല. 
***
ഒരു മാസം കഴിഞ്ഞ് ഡോ. ജോണിയെ ഞാന്‍ നേരില്‍ കണ്ടു. കമലയുടെ ഇപ്പോഴത്തെ അവസ്ഥയെക്കുറിച്ച് എനിക്കു നല്ല ആകാംക്ഷയുണ്ടായിരുന്നു.
എന്നെ കണ്ട ജോണി ഓടി വന്നു.
''കമലയ്ക്ക് എങ്ങനെയുണ്ട്?'' ഞാന്‍ ചോദിച്ചു.
''സാര്‍, നാലു ദിവസംമുമ്പ് തിരുവനന്തപുരത്തുവച്ചു കമല മരിച്ചു. ഇന്നലെ മകള്‍ എന്നെ കാണാന്‍ വന്നിരുന്നു. ആള്‍ വളരെ ദുഃഖിതയായിരുന്നു. അമ്മാവനും കൂടെയുണ്ടായിരുന്നു. ബന്ധുക്കളും നാട്ടുകാരും പണം നല്കി സഹായിച്ചതിനാല്‍ ചികിത്സച്ചെലവെല്ലാം നടന്നു. ഭാഗ്യത്തിന് എന്റെ ചികിത്സയെ കുറ്റപ്പെടുത്തിക്കൊണ്ട് അവര്‍ ഒന്നും സംസാരിച്ചില്ല. സാര്‍ അന്നെനിക്കു നല്കിയ എല്ലാ ധാര്‍മികപിന്തുണയ്ക്കും സഹായങ്ങള്‍ക്കും വളരെ നന്ദി.'' ഡോ. ജോണി ഒന്നു നിറുത്തി വീണ്ടും തുടര്‍ന്നു: 
''സാറിനറിയാമല്ലോ, ഞാന്‍ പ്രാക്ടീസ് ആരംഭിച്ചിട്ട് അധികം നാളായിട്ടില്ല. പല്ലെടുത്തിട്ടു കാന്‍സര്‍ ഉണ്ടായി എന്ന ദുഷ്‌പേര് പെട്ടെന്നു പ്രചരിക്കും. ഭാഗ്യത്തിന് വീട്ടുകാരെ ബോധ്യപ്പെടുത്താന്‍ എനിക്കു സാധിച്ചു. അതിനാല്‍, എന്റെ സല്‍പ്പേരിനെ ബാധിക്കില്ലെന്നു പ്രതീക്ഷിക്കാം. സാര്‍ നമുക്കു വീണ്ടും കാണാം. താങ്ക് യു വണ്‍സ് എഗൈന്‍.''
അദ്ദേഹം നടന്നകലുന്നതു നോക്കിനിന്ന എന്റെ മനസ്സില്‍ കമലയുടെ ക്ഷീണിച്ച മുഖം തെളിഞ്ഞുവന്നു, ഒപ്പം മകളുടെ ചോദ്യങ്ങളും.
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)