•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

നീ ദൈവത്തിന്റെ മന്ദസ്മിതമാകയാല്‍

ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകത്തെക്കുറിച്ചുള്ള പഠനം.
പതിനൊന്നാം ഭാഗം
 
 
ലൂര്‍ദില്‍ പരിശുദ്ധ അമ്മ പ്രത്യക്ഷപ്പെട്ടതിന്റെ 150-ാം വാര്‍ഷികത്തില്‍ ബനഡിക്ട് പതിനാറാമന്‍ പാപ്പാ 2008 സെപ്റ്റംബര്‍ 15-ാം തീയതി അവിടെ അര്‍പ്പിച്ച വിശുദ്ധ കുര്‍ബാനമധ്യേ നല്കിയ വചനസന്ദേശം:
തലേദിവസം സെപ്റ്റംബര്‍ 14-ാം തീയതി വിശുദ്ധസ്ലീവായുടെ പുകഴ്ചയുടെ തിരുനാളായിരുന്നെന്നും ''സ്ലീവാ നമ്മുടെ രക്ഷയുടെ ഉപകരണ''മാകുന്നുവെന്നും നമ്മുടെ ദൈവത്തിനു നമ്മോടുള്ള അനുകമ്പയുടെ പാരമ്യമാണ് വിശുദ്ധ കുരിശില്‍ വെളിപ്പെടുത്തപ്പെട്ടതെന്നും പ്രാരംഭമായി പരിശുദ്ധ പിതാവ് പറഞ്ഞു. അന്നേദിവസം, അതായത്, സെപ്റ്റംബര്‍ പതിനഞ്ചാം തീയതി തിരുസ്സഭ വ്യാകുലമാതാവിന്റെ അനുസ്മരണം നടത്തുന്ന ദിവസമാണ്. തന്റെ ദിവ്യസുതനു പാപികളോടുള്ള അനുകമ്പയില്‍ പങ്കുചേരുന്ന മാതാവിനെയാണ് നമ്മള്‍ ഈ ദിവസം ധ്യാനിക്കുന്നത്. ഈശോമിശിഹായുടെ പീഡാസഹനത്തോടു ചേര്‍ന്ന് സഹിച്ച പരിശുദ്ധ അമ്മയുടെ ഹൃദയത്തിലൂടെ കടന്നുപോയ വാളിനെക്കുറിച്ച് സിമയോണ്‍ എന്ന പ്രവാചകന്‍ മുന്‍കൂട്ടി അറിയിച്ചിരുന്നു. 'ഇതാ നിന്റെ മകന്‍' എന്ന് കുരിശില്‍ കിടന്നുകൊണ്ട് യോഹന്നാനെ നോക്കി ഈശോ, മാതാവിനോടു പറഞ്ഞപ്പോള്‍ ഓരോ വിശ്വാസിയെയുമാണ് അമ്മയ്ക്കു ഭരമേല്പിച്ചത്. അങ്ങനെ അവള്‍ വിശ്വാസികള്‍ എല്ലാവരുടെയും മാതാവായിത്തീര്‍ന്നു.
അമ്മയുടെ പുഞ്ചിരി
ഇത്രയും വിശദമാക്കിയതിനുശേഷം ബനഡിക്ട് മാര്‍പാപ്പാ തുടര്‍ന്നു: ഇപ്പോള്‍ പരിശുദ്ധ അമ്മ ഉത്ഥിതനായ കര്‍ത്താവിന്റെ മഹത്ത്വത്തില്‍ പങ്കാളിയാണ്. കുരിശിന്‍ചുവട്ടില്‍ നിന്നപ്പോള്‍ സഹിച്ച വേദനയും ചൊരിഞ്ഞ കണ്ണീരും, സ്വര്‍ഗീയമായ ആനന്ദവും മനോഹരമായ മന്ദസ്മിതവുമായി പരിണമിച്ചിരിക്കുന്നു. ഈ ലോകത്തില്‍ വേദന സഹിക്കുന്നവരോടുള്ള അനുകമ്പയ്ക്ക് അമ്മയുടെ മുഖത്ത് യാതൊരു കുറവും വന്നില്ലതാനും.
'എത്രയും ദയയുള്ള മാതാവേ' എന്ന പ്രാര്‍ഥന, വിശ്വാസിയുടെ, പ്രത്യേകിച്ച്, വേദനകള്‍ സഹിക്കുന്ന വിശ്വാസിയുടെ പുത്രസഹജമായ മനോവികാരമാണ് പ്രകടമാക്കുന്നത്.
മാതാവിന്റെ മന്ദസ്മിതത്തെപ്പറ്റി ചിന്തിക്കുന്നത് വെറും ഭാവനാവിലാസമല്ല. മാതാവിന്റെ സ്‌തോത്രഗീതം ആലപിക്കുമ്പോഴെല്ലാം നമ്മള്‍ അമ്മയുടെ പുഞ്ചിരിക്കു സാക്ഷ്യം വഹിക്കുകയാണ്. 'ഞാന്‍ കര്‍ത്താവിനെ മഹത്ത്വപ്പെടുത്തുന്നു; ഞാന്‍ എന്റെ രക്ഷകനായ ദൈവത്തില്‍ ആഹ്ലാദിക്കുന്നു' (ലൂക്കാ: 1, 46-47) എന്ന് മറിയം ഉദ്‌ഘോഷിച്ചപ്പോള്‍ ഉണ്ടായിരുന്ന മന്ദസ്മിതം മായാതെ ആ മുഖത്ത് ഇപ്പോഴുമുണ്ട്. പാപ്പാ തുടര്‍ന്നു:
ഇവിടെ ലൂര്‍ദില്‍ ബര്‍ണര്‍ദേത്ത് എന്ന ബാലികയ്ക്ക് 1858 ല്‍ അമ്മ നല്കിയ ദര്‍ശനങ്ങളില്‍ ഒന്നില്‍ മാര്‍ച്ചു മാസം മൂന്നാംതീയതി ബുധനാഴ്ച അമ്മയുടെ പുഞ്ചിരി പ്രത്യേകമായവിധം അവള്‍ക്കു ദൃശ്യമായി. അവള്‍ കണ്ട സുന്ദരിയായ സ്ത്രീയോടു പേരു ചോദിച്ചപ്പോഴാണ് ഈ പുഞ്ചിരി സമ്മാനിച്ചത്.
പിന്നെയും ഏതാനും ദിവസങ്ങള്‍ക്കുശേഷമാണ് 'ഞാന്‍ അമലോദ്ഭവയാകുന്നു' എന്ന് മാതാവ് വെളിപ്പെടുത്തുന്നത്.
ദൈവത്തിന്റെ ആര്‍ദ്രത മുഴുവനും പ്രകടമാകുന്ന പുഞ്ചിരിയാണ് മാതാവ് ദൈവമക്കളുടെ നേരേ തൂകുന്നത്. രോഗിയായ മനുഷ്യന്റെ അന്തസ്സ്  പ്രത്യേകമായി ഉയര്‍ത്തിക്കാട്ടുന്ന സ്ഥലമാണ് ലൂര്‍ദ്.
രോഗിയാണെന്ന തിരിച്ചറിവ് ഒരാളെ തളര്‍ത്തിക്കളയുന്നു. തകര്‍ന്നുപോകാതിരിക്കാന്‍ ദൈവകൃപ അനിവാര്യമാണ്. തകര്‍ന്നുപോകാതിരിക്കാന്‍ ദൈവകൃപ അനിവാര്യമാണ്. മിശിഹായും അവിടുത്തെ അമലോദ്ഭവ മാതാവും രോഗികളുടെമേല്‍ സ്‌നേഹകടാക്ഷം  ചൊരിയുകയും ധൈര്യം പകരുകയും ചെയ്യുന്നു. ''നമ്മുടെ ബലഹീനതയില്‍, നമ്മോടു സഹതപിക്കാന്‍ കഴിയാത്ത ശ്രേഷ്ഠപുരോഹിതനല്ല നമുക്കുള്ളത്.'' (ഹെബ്രായ 4,15).
ലൂര്‍ദില്‍ ബനഡിക്ട് മാര്‍പാപ്പായുടെ വിശുദ്ധ കുര്‍ബാനയില്‍ സന്നിഹിതരായിരുന്ന നിരവധിയായ രോഗികളോടായി അദ്ദേഹം പറഞ്ഞു: ''സഹിക്കുകയും ജീവനുവേണ്ടിയുള്ള പോരാട്ടത്തില്‍ നഷ്ടധൈര്യരാവുകയും ചെയ്യുന്നവരോടു വിനയപൂര്‍വം അഭ്യര്‍ഥിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നത്, മാതാവിങ്കലേക്കു നിങ്ങള്‍ തിരിയുവിന്‍ എന്നാണ്. രോഗത്തിനെതിരേ ജീവനുവേണ്ടിയുള്ള പോരാട്ടത്തില്‍ ശക്തിപകരാന്‍ അമ്മയ്ക്കു സാധിക്കും. 
ഭയവും പരിഭവവും കൂടാതെ, ദൈവം നിശ്ചയിക്കുന്ന സമയത്ത്, ഈ ലോകത്തോടു വിടപറയാനുള്ള സന്നദ്ധത നമ്മിലുളവാക്കാനുള്ള കൃപയും അമ്മ നമ്മള്‍ക്ക് യഥാസമയം നല്കും.
പരിശുദ്ധ അമ്മയെപ്പറ്റി ഇത്രയും ശ്രേഷ്ഠമായ ചിന്തകള്‍ പങ്കുവച്ചതിനുശേഷം ബനഡിക്ട് പതിനാറാമന്‍ പാപ്പാ, കാനായിലെ കല്യാണവിരുന്നിന്റെ അവസരത്തില്‍ അമ്മ പരിചാരകരോടു പറഞ്ഞ വാക്യം ശ്രോതാക്കളെ ഓര്‍മിപ്പിക്കുന്നു: ''അവന്‍ പറയുന്നതു ചെയ്യുക'' (യോഹ. 2,5). ഈശോ പറയുന്നതു ചെയ്യുക എന്നതാണ് മാതാവിനു സംപ്രീതികരമായിരിക്കുന്നത്. ബര്‍ണര്‍ദേത്തിന് ഒരുറവ ചൂണ്ടിക്കാണിച്ച മാതാവ്, രക്ഷയുടെ ജീവജലത്തിന്റെ ഉറവയാണു കാണിച്ചുതന്നത്. മാതാവിനെ സ്‌നേഹത്തിന്റെ ഉറവയായി പ്രാര്‍ഥനകളില്‍ സഭ പ്രകീര്‍ത്തിക്കുന്നുണ്ടല്ലോ. 
രോഗീലേപനം
കൂദാശകളിലൂടെയാണ് കര്‍ത്താവ് കൃപാവരങ്ങള്‍ ചൊരിയുന്നത്. രോഗീലേപനം എന്ന കൂദാശയിലൂടെ സഹനത്തെയും വേദനകളെയും മെരുക്കിയെടുക്കാന്‍  കഴിയുമെന്നു തെളിയിച്ച വിശുദ്ധയാണ് ബര്‍ണദേത്ത്. നാലുതവണ രോഗീലേപനം സ്വീകരിക്കാന്‍ ഇടവന്ന അവള്‍ പറഞ്ഞിരുന്നത്  'നിശ്ശബ്ദയായി എല്ലാം സഹിക്കുന്നത് ഈശോയ്ക്ക് ഇഷ്ടമാണ്' എന്നാണ്. രോഗീലേപനംവഴി, നമ്മോടൊപ്പം സഹിക്കുന്ന ഈശോമിശിഹായെയാണ് നമ്മളിലേക്കു സ്വീകരിക്കുന്നത്. രോഗി അനുഭവിക്കുന്ന ഒറ്റപ്പെടല്‍ മറികടക്കാന്‍ മിശിഹായുടെ സാന്നിധ്യം ഇടയാക്കുന്നു. ലൂര്‍ദില്‍വച്ച് ആ ദിവസം രോഗീലേപനം സ്വീകരിക്കുന്നവരോട് വേദനയുടെയും രോഗത്തിന്റെയും ഏകാന്തതയെ അതിജീവിക്കുന്ന സാന്നിധ്യമാണ് മിശിഹായുടെ കൗദാശികസാന്നിധ്യമെന്ന് ബനഡിക്ട് പിതാവ് ഉദ്‌ബോധിപ്പിച്ചു. 'എന്റെ നുകം മധുരവും എന്റെ ചുമടു ലഘുവു'മാണെന്നു പറഞ്ഞ ഈശോയില്‍ പ്രത്യാശ വയ്ക്കാനാണ് പരിശുദ്ധ പിതാവ് ഉപദേശിച്ചത്.
രണ്ടാം വത്തിക്കാന്‍ സൂനഹദോസ് പഠിപ്പിക്കുന്നതുപോലെ 'വിശ്വാസത്തിന്റെയും സ്‌നേഹത്തിന്റെയും മിശിഹായോടുള്ള സമ്പൂര്‍ണ ഐക്യത്തിന്റെയും മണ്ഡലങ്ങളില്‍ ദൈവമാതാവ് സഭയുടെ സമ്പൂര്‍ണപ്രതിരൂപമാണ്' (ജനതകളുടെ പ്രകാശം നമ്പര്‍ 63). വേദന അനുഭവിക്കുന്നവരോടുള്ള കരുതലിന്റെ കാര്യത്തില്‍ മാതാവാണ് സഭയ്ക്കു വഴികാട്ടി. രോഗീശുശ്രൂഷയില്‍ സഭയുടെ കരങ്ങളായി വര്‍ത്തിക്കുന്ന എല്ലാവരെയും പ്രത്യേകിച്ച് അവരെ ലൂര്‍ദിലേക്കു തീര്‍ഥാടകരായി കൊണ്ടുവരുന്ന അഭിവന്ദ്യ മെത്രാന്മാരെയും അവരെ ഇവിടെ സ്വീകരിച്ച് വീല്‍ചെയറില്‍ കൊണ്ടുനടക്കുന്നവരെയും നേഴ്‌സ്മാരെയും ഡോക്ടറന്മാരെയുമെല്ലാം ബനഡിക്ട് പിതാവ് ആദരവോടെ അനുസ്മരിക്കുകയുണ്ടായി. പരിശുദ്ധപിതാവ് അവരോടു പറഞ്ഞു: ''നിങ്ങള്‍ ചെയ്യുന്ന കാരുണ്യപ്രവൃത്തി ഒരു മരിയന്‍ശുശ്രൂഷയാണ്. മാതാവിന്റെ മന്ദസ്മിതം നിങ്ങളാണ് രോഗികള്‍ക്കു പകര്‍ന്നുനല്കുന്നത്. നിങ്ങളിത് സഭയുടെ നാമത്തിലാണു ചെയ്യുന്നത്.'' സഭയുടെ ഏറ്റവും ശുദ്ധമായ രൂപം പരിശുദ്ധകന്യകാമറിയത്തിലാണ് സാക്ഷാത്കൃതമായിരിക്കുന്നത്. ആ അമ്മയുടെ പുഞ്ചിരി നിങ്ങളിലൂടെ എല്ലാവരിലും എത്തട്ടെ എന്ന് ബനഡിക്ട് പാപ്പാ ആശംസിക്കുകയും ചെയ്തു.
ഈ ജൂബിലിയുടെ അവസരത്തില്‍ തീര്‍ഥാടകരും രോഗികളും മാതാവിന് അര്‍പ്പിക്കുന്ന പ്രാര്‍ഥനയില്‍നിന്ന് ഒരു ഭാഗം സമാപനമായി പരിശുദ്ധപിതാവ് ഏറ്റുചൊല്ലി. അതിപ്രകാരമാണ്:
''നീ ദൈവത്തിന്റെ മന്ദസ്മിതമാകയാല്‍, നീ മിശിഹായുടെ പ്രകാശത്തിന്റെ പ്രതിഫലനമാകയാല്‍, നീ പരിശുദ്ധാത്മാവിന്റെ വാസസ്ഥലമാകയാല്‍, ലൂര്‍ദുമാതാവേ, നിന്നോടു ഞങ്ങള്‍ പ്രാര്‍ഥിക്കുന്നു.
പാവപ്പെട്ടവളും ദുഃഖദുരിതങ്ങള്‍ നിറഞ്ഞ ജീവിതം നയിച്ചിരുന്നവളുമായ ബര്‍ണര്‍ദേത്തിനെ നീ തിരഞ്ഞെടുത്തതുകൊണ്ട് പ്രഭാതനക്ഷത്രവും സ്വര്‍ഗകവാടവും ആയ ലൂര്‍ദുമാതാവേ, ശരീരത്തിലും ആത്മാവിലും വേദന സഹിക്കുന്ന സഹോദരീസഹോദാരന്മാരോടുകൂടി ഞങ്ങളും അങ്ങയെ വിളിച്ചപേക്ഷിക്കുന്നു.''
Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)