പ്രമുഖ മിഷണറിവൈദികനും ചെറുപുഷ്പമിഷന്‍ലീഗ് സ്ഥാപകഡയറക്ടറുമായ ഫാ. ജോസഫ് മാലിപ്പറമ്പില്‍ അന്തരിച്ചിട്ട് സെപ്റ്റംബര്‍ ഒമ്പതിന് 25 വര്‍ഷം
സഭയുടെ പ്രേഷിതാഭിമുഖ്യം ഹൃദയതാളമാക്കി സമഭാവനയും പ്രേഷിതചൈതന്യവും കാഴ്ചവച്ച് വൈദികലോകത്തിന് മികച്ച ഒരു പാഠപുസ്തകമായി തെളിഞ്ഞുനില്‍ക്കുന്ന ജീവിതമാണ് ബഹുമാനപ്പെട്ട ജോസഫ് മാലിപ്പറമ്പിലച്ചന്റേത്. സഭ സ്വഭാവത്താലേ പ്രേഷിതയാകുന്നുവെന്ന അടിസ്ഥാനസഭാവിജ്ഞാനീയപാഠം ഏറെ തീക്ഷ്ണമായി ജീവിച്ച ഒരു കാലഘട്ടത്തിന്റെ പ്രതിനിധിയായിരുന്നു അദ്ദേഹം. 1948 ല്‍ പ്രസിദ്ധീകരിച്ച 'പ്രേഷിതഭൂഷണം' എന്ന ഗ്രന്ഥത്തില്‍ അന്നത്തെ അവിഭക്ത ചങ്ങനാശേരിരൂപതയ്ക്കു വെളിയില്‍ വിവിധ മിഷന്‍മേഖലകളില്‍ വൈദികര്‍, വൈദികവിദ്യാര്‍ഥികള്‍, സന്ന്യാസസഹോദരര്‍ എന്നിങ്ങനെ 258 പേരും, സന്ന്യാസിനികള്‍, അര്‍ഥിനികള്‍ എന്നിങ്ങനെ 168 പേരും ഉള്ളതായി കാണുന്നു. ഇത് അപൂര്‍ണകണക്കാണെന്ന നിരീക്ഷണവുമുണ്ട്. ഇത്രയധികം പ്രേഷിതര്‍ രൂപതയ്ക്കു പുറത്തുണ്ടായിരുന്നുവെന്നു സൂചിപ്പിക്കുന്ന അതേ തീക്ഷ്ണതയോടെ രൂപതയ്ക്കുള്ളില്‍ അക്കാലത്ത് ഓടിനടന്ന് പ്രേഷിതചൈതന്യത്തില്‍ നന്മ ചെയ്തു ജീവിച്ച യുഗ്രപഭാവനായിരുന്നു ബഹു. മാലിപ്പറമ്പിലച്ചന്‍.
ചെറുപുഷ്പമിഷന്‍ലീഗ് സ്ഥാപകഡയറക്ടര്‍, രൂപതയുടെ തെക്കന്‍ മിഷനിലെ (കന്യാകുമാരി/തക്കല) ആദ്യകാലമിഷനറി, മെത്രാപ്പോലീത്തന്‍പള്ളി വികാരി, മൈനര്‍ സെമിനാരി റെക്ടര്‍, സെമിനാരി ആത്മീയോപദേഷ്ടാവ്, അതിരൂപത പ്രോ വികാരി ജനറാള്‍, മേലമ്പാറ മിഷനറി സൊസൈറ്റി ഡയറക്ടര്‍, എം.എസ്.റ്റി. യുടെ പ്രഥമ സുപ്പീരിയര്‍ജനറല്‍ തുടങ്ങിയ നിലകളില്‍ കാഴ്ചവച്ച അദ്ദേഹത്തിന്റെ സേവനൗത്സുക്യം തന്നില്‍ വിളങ്ങിയിരുന്ന ആഴമായ ആത്മീയതയുടെയും നേതൃപാടവത്തിന്റെയും ഉത്തമതെളിവാണ്.
കോട്ടയം ആര്‍പ്പൂക്കര മാലിപ്പറമ്പ് കുടുംബത്തില്‍ കുര്യന്‍-മറിയം ദമ്പതികളുടെ മകനായി 1909 ഡിസംബര്‍ 24 നായിരുന്നു അച്ചന്റെ ജനനം. കരിപ്പൂത്തട്ട് എല്‍.പി. സ്‌കൂളില്‍ പ്രൈമറി വിദ്യാഭ്യാസവും മാന്നാനം സെന്റ് എഫ്രേംസ് സ്‌കൂളില്‍നിന്ന് ഹൈസ്‌കൂള്‍ പഠനവും പൂര്‍ത്തിയാക്കി ഇ.എസ്.എല്‍.സി. പാസായ ജോസഫ് പൗരോഹിത്യശുശ്രൂഷയിലേക്കുള്ള വിളി ഉള്ളില്‍ തിരിച്ചറിയുകയും അന്നു കോട്ടയത്തു പ്രവര്‍ത്തിച്ചിരുന്ന രൂപതയുടെ പെറ്റി സെമിനാരിയില്‍ ചേരുകയും ചെയ്തു. ആലുവ മംഗലപ്പുഴ സെമിനാരിയിലായിരുന്നു മേജര്‍ സെമിനാരി പരിശീലനം. 1936 ഡിസംബര്‍ 21-ാം തീയതി തന്റെ 27-ാം വയസ്സില്‍ പുരോഹിതാഭിഷിക്തനായി. പൗരോഹിത്യശുശ്രൂഷാകാലത്തെ ആദ്യനിയമനവും ഔദ്യോഗികപൗരോഹിത്യജീവിതത്തിലെ അവസാനനിയമനവും വിളിച്ചറിയിക്കുന്നത് അച്ചനിലെ വളരെ അടിസ്ഥാനപരമായ ഒരു പുണ്യത്തെയാണ് - തന്റെ ആത്മീയഭാവവും കരുത്തും സെമിനാരി ആത്മീയ ഉപദേഷ്ടാവ് എന്നതായിരുന്നു.
തുടര്‍ന്ന് പുളിങ്കുന്ന്, ഭരണങ്ങാനം, മെത്രാപ്പോലീത്തന്‍ എന്നിവിടങ്ങളിലെ അസി. വികാരിയായും വിവിധ ഭക്തസംഘടനകളുടെ രൂപത ഡയറക്ടറായും ശുശ്രൂഷ ചെയ്തു. ഭരണങ്ങാനത്തെ ശുശ്രൂഷാകാലയളവിലാണ് ചെറുപുഷ്പമിഷന്‍ലീഗിന്റെ രൂപീകരണം നടന്നത്. ചെറിയ കാര്യങ്ങള്‍ ദൈവകൃപയിലുള്ള വലിയ ആശ്രയത്തോടെ ചെയ്യാനുള്ള ആത്മീയതയാണ് മിഷന്‍ലീഗിന്റെ മുഖമുദ്ര. വിശുദ്ധ കൊച്ചുത്രേസ്യായുടെ ജീവിതം ഇക്കാര്യത്തില്‍ അച്ചനു പ്രേരണയും മാതൃകയുമായി. അതുകൊണ്ടുതന്നെ, മിഷന്‍ലീഗിന്റെ ആത്മീയപ്രഭാവം അതുല്യമായി. സഭാമക്കളായ അനേകായിങ്ങളില്‍ മിഷനറിചൈതന്യം വളര്‍ത്താന്‍ ഈ മഹാപ്രസ്ഥാനം വേദിയായി. അനേകം ദൈവവിളികളെ സഭയ്ക്കു സമ്മാനിക്കാനും സംഘടന പ്രേരകമായി. മിഷന്‍ലീഗുവഴി നാളിതുവരെ 51 മെത്രാന്മാരും ആയിരക്കണക്കിന് വൈദികരും സമര്‍പ്പിതരും കടന്നുവന്നുവെന്ന സത്യം പ്രഖ്യാപിക്കുന്നത് സംഘടനയുടെ ഈ രൂപവത്കരണസ്വാധീനമാണ്.
പ്രസ്തുത സ്വാധീനത്തിന്റെ ഒരു ഉത്തമസാക്ഷ്യമായി അഭിവന്ദ്യ മാര്‍ ജോസഫ് പെരുന്തോട്ടം പിതാവിന്റെ 'ഓര്‍മച്ചെപ്പ്' എന്ന പുസ്തകത്തിലെ ഒരു ഭാഗം ഉദ്ധരിക്കട്ടെ: ''ദൈവവിളി പരിപോഷിപ്പിക്കാന്‍ സഹായിച്ച മറ്റൊരു സാഹചര്യം ഇടവകയിലെ മിഷന്‍ലീഗ് എന്ന സംഘടനയിലെ പ്രവര്‍ത്തനവും മദ്ബഹാബാലന്‍ എന്ന നിലയിലുള്ള ശുശ്രൂഷയുമാണ്. അന്നൊക്കെ മിഷന്‍ലീഗിന്റെ പ്രവര്‍ത്തനങ്ങള്‍ മിക്കവാറും ഇടവകകളില്‍ത്തന്നെ ഒതുങ്ങിയിരുന്നു. എന്റെ ഇടവകയില്‍ മിഷന്‍ലീഗ് സജീവമായിരുന്നു. ഇടവകയ്ക്കു പുറത്ത് ഇന്നത്തേതുപോലുള്ള സെമിനാറോ ക്യാമ്പോ ഒന്നും ഉണ്ടായിരുന്നതായി ഞാനോര്‍ക്കുന്നില്ല. ഇടവകയില്‍ മിഷന്‍ലീഗ് അംഗങ്ങള്‍ ഉത്സാഹത്തോടെ പ്രവര്‍ത്തിച്ചിരുന്നു. ആഴ്ചതോറുമുള്ള ഏഴുപേരടങ്ങുന്ന ഗ്രൂപ്പ് മീറ്റിംഗ്, പ്രത്യേകാവസരങ്ങളില്‍ സംയുക്തയോഗങ്ങള്‍, ശനിയാഴ്ചതോറും കുമ്പസാരം, മാസത്തിലൊരിക്കല്‍ വീടുകളില്‍ പോയി ഉല്‍പന്നപ്പിരിവ്, ഞായറാഴ്ചതോറും തീപ്പെട്ടിയരി സംഭാവന, മിഷന്‍പ്രദേശങ്ങളെ സാമ്പത്തികമായി സഹായിക്കുന്ന സംരംഭങ്ങള്‍, മിഷനറിമാര്‍ക്കുവേണ്ടിയുള്ള പ്രാര്‍ഥന ഇവയെല്ലാം ഒരു മിഷനറിയാകണമെന്നുള്ള തീവ്രമായ ആഗ്രഹം എന്നില്‍ ജനിപ്പിച്ചിരുന്നു.''
അഭിവന്ദ്യ മാര്‍ ജയിംസ് കാളാശേരിപ്പിതാവിന്റെ ആശീര്‍വാദത്തോടെയും അനുമതിയോടെയും 1947 ല്‍ ഭരണങ്ങാനത്തു രൂപം കൊണ്ട ഈ പ്രേഷിതസംഘടനയുടെ ആരംഭം വിളിച്ചറിയിക്കുന്ന ഒരു വലിയ സഭാത്മക സന്ദേശമുണ്ട്. ശ്ലൈഹികപിന്‍ഗാമി (മാര്‍ ജയിംസ് കാളാശേരി) യുടെ മാര്‍ഗദര്‍ശനവും ആശീര്‍വാദവും പുരോഹിതാഭിഷിക്തന്റെ നേതൃത്വവും ശ്രദ്ധയും (ഫാ. ജോസഫ് മാലിപ്പറമ്പില്‍) അല്മായപ്രേഷിതന്റെ പ്രേരണയും സഹകരണവും (പി.സി. അബ്രാഹം പല്ലാട്ടുകുന്നേല്‍ - കുഞ്ഞേട്ടന്‍) ചെറിയ കാര്യങ്ങള്‍ വലിയ പ്രാധാന്യത്തോടെ ചെയ്യുന്ന സ്വര്‍ഗീയമധ്യസ്ഥയുടെ (വി. കൊച്ചുത്രേസ്യാ) മാതൃകയും സഹനദാസിയുടെ (അല്‍ഫോന്‍സാമ്മ) സ്വര്‍ഗീയമാധ്യസ്ഥ്യവും ചേര്‍ന്ന സംഘടനയുടെ ജന്മം വിളിച്ചറിയിക്കുന്നത് സഭാപ്രേഷിതപ്രവര്‍ത്തനത്തിന്റെ കിടയറ്റ സമവാക്യത്തിന്റെ സന്ദേശമാണ്. ഈ പ്രേഷിതരസതന്ത്രത്തിന്റെ പ്രചാരകനും പ്രചോദകനുമായിരുന്നു മാലിപ്പറമ്പിലച്ചന്‍.
1955 ല്‍ ആരംഭിച്ച തെക്കന്‍ മിഷന്‍രംഗത്തെ അച്ചന്റെ തീക്ഷ്ണമായ പ്രവര്‍ത്തനങ്ങളില്‍ വ്യക്തമാക്കപ്പെട്ടത് മേല്പറഞ്ഞ പ്രേഷിതചൈതന്യമായിരുന്നു. ഒരു ഉത്തമമിഷനറിയായിരുന്നു അദ്ദേഹം. വെറുംകൈയോടെ അമ്പൂരിക്കു വണ്ടികയറിയ അദ്ദേഹം നീണ്ട ഒമ്പതു വര്‍ഷക്കാലം തീക്ഷ്ണമായ പ്രവര്‍ത്തനങ്ങള്‍ നടത്തി. അമ്പൂരി, മായം, തേക്കുപാറ, ആറുകാണി, അണമുഖം, പത്തുകാണി, ഡാല്‍മുഖം, പഞ്ചക്കാട് എന്നിങ്ങനെ ഏറെ ദൂരങ്ങള്‍ താണ്ടി ഓരോ സ്റ്റേഷനിലും നടന്നെത്തി ദൈവജനത്തിനാവശ്യമായ ആത്മീയശുശ്രൂഷകള്‍ മാത്രമല്ല, പൊതുജനത്തിന്റെ ഭൗതികജീവിതത്തിനും സര്‍വതോമുഖമായ വളര്‍ച്ചയ്ക്കും സഹായകമായ മുന്‍കൈപ്രവര്‍ത്തനങ്ങളും അദ്ദേഹം നടത്തി. റോഡുകള്‍ വെട്ടാനും ആളുകളെ ഏകോപിപ്പിക്കാനും വിഭവങ്ങള്‍ കണ്ടെത്താനും ബസ് റൂട്ടുകള്‍ അനുവദിച്ചെടുക്കാനും അച്ചന്‍ കഠിനാധ്വാനം ചെയ്തു. മിഷനറിയുടെ കരുത്ത് എന്നും പ്രാര്‍ഥനയാകുന്നുവെന്നതിനാല്‍, പ്രാര്‍ഥനയായിരുന്നു അച്ചന്റെ കരുത്ത്. അതുവഴി സാധാരണക്കാരുമായി ഇഴുകിച്ചേര്‍ന്നു ജീവിക്കുന്ന മെസയാനിക അജപാലനശൈലി അദ്ദേഹത്തിന് ജീവിതസാഫല്യം നല്‍കി.
ആറുപതിറ്റാണ്ട് വിശ്രമരഹിതമായ പൗരോഹിത്യശുശ്രൂഷ നിര്‍വഹിച്ച് ആ പ്രേഷിതരത്‌നം 89-ാമത്തെ വയസ്സില്‍ സ്വര്‍ഗീയ യാത്രയ്ക്കായി വിളിക്കപ്പെട്ടു. 1998 സെപ്റ്റംബര്‍ ഒന്‍പതിന് ഭൗതികസഭയില്‍നിന്ന് എടുക്കപ്പെട്ട ബഹു. അച്ചന്‍ അനേകം കുഞ്ഞുമിഷനറിമാരുടെ നാവിലെ മറക്കാത്ത മന്ത്രമാണ്. മാര്‍ ജോസഫ് മെത്രാപ്പോലീത്തായുടെ മുഖ്യകാര്‍മികത്വത്തില്‍ ഒട്ടനവധി വൈദികമേലധ്യക്ഷന്മാരുടെയും നൂറുകണക്കിനു വൈദികരുടെയും വന്‍ജനാവലിയുടെയും പ്രാര്‍ഥനയിലും സാന്നിധ്യത്തിലും ആര്‍പ്പൂക്കര ചെറുപുഷ്പ ദൈവാലയ സെമിത്തേരിയിലെ പ്രത്യേക കല്ലറയില്‍ അച്ചന്റെ ഭൗതികശരീരം അടക്കം ചെയ്തു. ബഹു. അച്ചന്റെ സ്വര്‍ഗപ്രവേശനത്തിന്റെ രജതജൂബിലിവര്‍ഷത്തില്‍ സഭയുടെ പ്രേഷിതമുഖം കൂടുതല്‍ തീക്ഷ്ണമാക്കാന്‍ മിഷന്റെ മുഖ്യഏജന്റായ പരിശുദ്ധാത്മാവിനോട് കൂടുതല്‍ തീക്ഷ്ണമായി പ്രാര്‍ഥിക്കാം.