ജൂലൈ മാസം 14-ാം തീയതി ശ്രീഹരിക്കോട്ടയിലെ വിക്ഷേപണകേന്ദ്രത്തില്‍നിന്നു ചന്ദ്രനിലേക്കയച്ച ചന്ദ്രയാന്‍-3 ലെ ലാന്‍ഡറും റോവറും 23-ാം തീയതി വൈകുന്നേരം 6.04 ന് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ ഇറങ്ങുമെന്നു പ്രതീക്ഷിച്ച് ശാസ്ത്രലോകം.
ശ്രമകരമായ ഈ ദൗത്യം വിജയിപ്പിക്കാനായാല്‍ ഭാവിയില്‍ മനുഷ്യനെയും ചന്ദ്രനിലെത്തിക്കാന്‍ ഉതകുമെന്നു കരുതപ്പെടുന്ന ''ഗഗന്‍യാന്‍'' അടക്കമുള്ള ബഹിരാകാശദൗത്യങ്ങള്‍ ഏറ്റെടുക്കാനാകുമെന്ന് ഐ എസ് ആര്‍ ഒ മുന്‍ മേധാവി കെ. ശിവന്‍ ആത്മവിശ്വാസത്തോടെ മാധ്യമങ്ങളോടു പറഞ്ഞു. ചന്ദ്രയാന്‍ 2 ദൗത്യവും അവസാനഘട്ടംവരെ എത്തിയിരുന്നെങ്കിലും ലാന്‍ഡിങ്ങിലെ പിഴവുമൂലം പരാജയപ്പെടുകയായിരുന്നു. അന്നത്തെ ദൗത്യത്തില്‍ ഇല്ലാതിരുന്ന ലേസര്‍ ഡ്രോപ്പര്‍, വെലോസിറ്റി മീറ്റര്‍ തുടങ്ങിയവ ഉപയോഗിച്ച് പേടകത്തിന്റെ വേഗം കൃത്യമായി നിയന്ത്രിക്കാന്‍ കഴിഞ്ഞിട്ടുണ്ടെന്നും അദ്ദേഹം സൂചിപ്പിച്ചു. ലാന്‍ഡറും റോവറും രൂപകല്പന ചെയ്തത് മൃദുവും സുരക്ഷിതവുമായ ലാന്‍ഡിങ് ഉറപ്പാക്കുന്ന രീതിയിലാണെന്നും ചന്ദ്രോപരിതലത്തില്‍നിന്ന് 100 മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ ഉപരിതലം സ്‌കാന്‍ ചെയ്ത് തടസ്സങ്ങള്‍ വിലയിരുത്തിയശേഷമായിരിക്കും ലാന്‍ഡിങ് എന്നും കെ. ശിവന്‍ വ്യക്തമാക്കി. ലാന്‍ഡറിന്റെ വാതില്‍ തുറന്ന് റാംപിലൂടെ പുറത്തിറങ്ങുന്ന റോവര്‍ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ സഞ്ചരിച്ച് ചാന്ദ്രപര്യവേക്ഷണത്തിനു തുടക്കമിടുമെന്നും അദ്ദേഹം കൂട്ടിച്ചേത്തു.
ലാന്‍ഡിങ്ങിലെ വിവിധ ഘട്ടങ്ങള്‍
ചന്ദ്രയാന്‍ 3 പേടകത്തിന്റെ ചന്ദ്രനെ ലക്ഷ്യമാക്കിയുള്ള യാത്രയിലെ നിര്‍ണായകഘട്ടമായ ട്രാന്‍സ് ലൂണാര്‍ ഇജക്ഷന്‍ (ടി എല്‍ ഇ) നടത്തിയത് ഓഗസ്റ്റ് ഒന്നിനായിരുന്നു. പേടകം ചന്ദ്രന്റെ ഭ്രമണപഥത്തില്‍ പ്രവേശിച്ചതുമുതല്‍ 5 ഘട്ടങ്ങളിലായി ഭ്രമണപഥങ്ങള്‍ ക്രമീകരിച്ചു. തുടര്‍ന്ന്, ചന്ദ്രോപരിതലത്തില്‍നിന്ന് 100 കിലോമീറ്റര്‍ അകലെയുള്ള ഭ്രമണപഥത്തിലെത്തിച്ച പ്രൊപ്പല്‍ഷന്‍ മൊഡ്യൂളില്‍നിന്നു ലാന്‍ഡറിനെ വേര്‍പെടുത്തി. അഞ്ചാമത്തെയും അവസാനത്തെയും നീക്കം ഈ മാസം 16 നായിരുന്നു.
ആന്ധ്രയിലെ ശ്രീഹരിക്കോട്ടയിലുള്ള സതീഷ് ധവാന്‍ ബഹിരാകാശനിലയത്തില്‍നിന്ന് ജി എസ് എല്‍ വി മാര്‍ക്ക് 3 എന്ന വിക്ഷേപണവാഹനം 3,900 കിലോഗ്രാം ഭാരമുള്ള ചന്ദ്രയാന്‍ 3 നെ വിജയകരമായി ഉയര്‍ത്തി ഭൂമിയുടെ ഭ്രമണപഥത്തിലെത്തിച്ചതുതന്നെ ചരിത്രനേട്ടമാണ്. ഇന്ധനടാങ്കുകള്‍, പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍, കമ്യൂണിക്കേഷന്‍ ഗിയര്‍, ശാസ്‌ത്രോപകരണങ്ങള്‍, ക്യാമറകള്‍, കംപ്യൂട്ടറുകള്‍, സോളാര്‍ പാനലുകള്‍, ലാന്‍ഡര്‍, റോവര്‍ തുടങ്ങിയവയാണ് ചന്ദ്രയാന്‍ 3-ന്റെ പ്രധാന ഘടകങ്ങള്‍.
ലൂണയുടെ പതനം കനത്ത ആഘാതം
ഓഗസ്റ്റ് 11 ന് ചന്ദ്രനിലേക്കയച്ച റഷ്യയുടെ ലൂണ 25 എന്ന ബഹിരാകാശപേടകം ഇക്കഴിഞ്ഞ 19 ന് ഇന്ത്യന്‍സമയം ഉച്ചയ്ക്കുശേഷം 2.57 ന് നിയന്ത്രണമറ്റ് ചന്ദ്രോപരിതലത്തില്‍ തകര്‍ന്നുവീണതായി റഷ്യന്‍ ബഹിരാകാശ ഏജന്‍സിയായ 'റോസ് കോസ്‌മോസ്' അറിയിച്ചു. ലൂണ 25 ന്റെ പരാജയപ്പെട്ട ചാന്ദ്രദൗത്യം ഒരുകാലത്ത് ബഹിരാകാശലോകത്തെ പ്രാമാണികരെന്ന് അഹങ്കരിച്ചിരുന്ന റഷ്യയുടെ ശക്തിക്ഷയം കൂടിയാണു വെളിവാക്കുന്നത്. ഒന്നരവര്‍ഷമായി യുക്രെയ്‌നോടു യുദ്ധം ചെയ്തു വിജയിക്കാനാവാത്ത സന്ദിഗ്ധാവസ്ഥയില്‍ നില്ക്കുമ്പോഴുള്ള ഈ തിരിച്ചടി റഷ്യയുടെ ഭരണനേതൃത്വത്തെ കുറച്ചൊന്നുമല്ല വിഷമിപ്പിക്കുന്നത്. ഭൂമിയെ ആദ്യമായി വലംവച്ച ഒരു ഉപഗ്രഹം 1957 ല്‍ വിക്ഷേപണം ചെയ്തതു റഷ്യയാണ്. 1959 ല്‍ വിക്ഷേപിച്ച ലൂണ 2 ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ് നടത്തിയ ആദ്യമനുഷ്യനിര്‍മിതവസ്തുവാണ്. 1961 ല്‍ യൂറി ഗഗാറിന്‍ എന്ന ഗഗനചാരിയെയും 1963 ല്‍ വലന്റീന തെരസ്‌കോവയിലൂടെ ആദ്യ വനിതാ സഞ്ചാരിയെയും ബഹിരാകാശത്തേക്ക് അയച്ചതും റഷ്യയാണ്. ആദ്യബഹിരാകാശനടത്തവും സ്‌പെയ്‌സ് സ്റ്റേഷന്‍ സ്ഥാപനവുമെല്ലാം 1972 ലെ ചരിത്രസംഭവങ്ങളാണ്. ലിയോണിഡ് ബ്രഷ്‌നേവ് പ്രസിഡന്റായിരുന്ന സോവിയറ്റ് യൂണിയന്റെ പ്രതാപകാലത്ത് 1976 ല്‍ ലൂണ 24 ചന്ദ്രനിലേക്കയച്ചതാണ് റഷ്യയുടെ ഒടുവിലത്തെ ചാന്ദ്രദൗത്യം. 47 വര്‍ഷങ്ങള്‍ക്കുശേഷമുള്ള ആദ്യത്തെ ബഹിരാകാശദൗത്യം പരാജയമടഞ്ഞത് വലിയ ആഘാതമാണ് റഷ്യയ്ക്കു സമ്മാനിച്ചിരിക്കുന്നത്.
ചന്ദ്രയാന്‍ 3 ചന്ദ്രന്റെ ഗുരുത്വാകര്‍ഷണവലയത്തില്‍ പ്രവേശിച്ച ദിവസംതന്നെയുള്ള ലൂണ 25 ന്റെ വിക്ഷേപണം ഇന്ത്യന്‍ ശാസ്ത്രജ്ഞര്‍ക്ക് വലിയ ആശങ്കയുളവാക്കിയ സംഭവമായിരുന്നെങ്കിലും ഇതൊരു മത്സരമായി കാണേണ്ടതില്ലെന്ന് റോസ് കോസ്‌മോസിന്റെ ഔദ്യോഗികവിശദീകരണവുമുണ്ടായി. ലൂണ 25 ന് ചന്ദ്രനിലെത്താന്‍ 5 മുതല്‍ 7 വരെ ദിവസംമാത്രമേ വേണ്ടൂ എന്നും, രണ്ടു പേടകങ്ങള്‍ തമ്മില്‍ കൂട്ടിയിടിക്കുകയോ ഒന്നു മറ്റൊന്നിനു തടസ്സമാവുകയോ ഇല്ലെന്നും ഔദ്യോഗികവക്താവ് ഇല്യ മൊറോസോവ് വ്യക്തമാക്കിയിരുന്നു. രണ്ടു പേടകങ്ങളും ലക്ഷ്യമിടുന്നതു ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലാണെങ്കിലും ഇറങ്ങുന്നിടത്തുതന്നെ സ്ഥിരമായി നിന്നുകൊണ്ടുള്ള പര്യവേക്ഷണമാണ് ലൂണ 25 ന്റെ റോവര്‍ ചെയ്യുകയെന്നും അദ്ദേഹം വെളിപ്പെടുത്തിയിരുന്നതാണ്. 800 കിലോഗ്രാം ഭാരമുള്ള ലൂണ 25 നെ അതിശക്തമായ സോയൂസ് 2 ബി റോക്കറ്റുകള്‍വഴിയാണ് ശരവേഗത്തില്‍ ചന്ദ്രന്റെ ഭ്രമണപഥത്തിലെത്തിച്ചത്. ചന്ദ്രോപരിതലത്തെക്കുറിച്ചു കൂടുതല്‍ പഠിക്കുകയും ജലലഭ്യതയെക്കുറിച്ചറിയുകയുമായിരുന്നു ലൂണ 25 ന്റെ വിക്ഷേപണോദ്ദേശ്യം. ഇന്ത്യയെ പിന്തള്ളി ചന്ദ്രന്റെ ദക്ഷിണധ്രുവത്തിലിറങ്ങുന്ന ആദ്യരാജ്യമാകുമോ റഷ്യ എന്നതായിരുന്നു ഇന്ത്യന്‍ ശാസ്ത്രജ്ഞരുടെ വേവലാതി. യു എസ്, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങള്‍ക്കെതിരേ തങ്ങളുടെ നഷ്ടപ്രതാപം വീണ്ടെടുക്കാനുള്ള ദൃഢനിശ്ചയം റഷ്യന്‍ ഭരണാധികാരികള്‍ക്കുണ്ടായിരുന്നെന്നു വ്യക്തം. 1976 നു ശേഷം ചന്ദ്രനില്‍ ബഹിരാകാശപേടകങ്ങളിറക്കാന്‍ ചൈനയ്ക്കുമാത്രമേ കഴിഞ്ഞിരുന്നുള്ളൂ. 2013 ല്‍ ചാങ് ഇ 3-ഉം, 2019 ല്‍ ചാങ് ഇ 4-ഉം, 2020 ല്‍ ചാങ് ഇ 5-ഉം ചന്ദ്രനിലിറങ്ങി പര്യവേക്ഷണം നടത്തിയ ചൈനീസ് ഉപഗ്രഹങ്ങളാണ്. ഇതുവരെ ചന്ദ്രനില്‍ ഉപഗ്രഹം ഇറക്കാന്‍ കഴിയാതിരുന്ന നമ്മുടെ രാജ്യം, ചന്ദ്രയാന്‍ 3 ന്റെ ദൗത്യം വിജയിക്കുന്നതോടെ ബഹിരാകാശ ചരിത്രത്തില്‍ ഇടം നേടും. 2019 ല്‍ ഇസ്രായേലിന്റെ ബെറുഷ് പേടകവും, 2022 ലെ യു എ ഇയുടെ റഷിദ് റോവര്‍ ഉപഗ്രഹവും പരാജയമടഞ്ഞിരുന്നു.
ചന്ദ്രോപരിതലത്തിനോടടുത്തപ്പോള്‍ ലാന്‍ഡറിലെ ക്യാമറകള്‍ പകര്‍ത്തിയ ഏതാനും ചിത്രങ്ങള്‍ ഐ എസ് ആര്‍ ഒ യിലെ സാങ്കേതികവിദഗ്ധര്‍ പുറത്തുവിട്ടു. ഹര്‍കെബി ജെ, ബ്രൂണോ, ജീയോര്‍ഡാനോ തുടങ്ങിയ ഗര്‍ത്തങ്ങള്‍ ചിത്രങ്ങളിലുണ്ട്. ഇവയില്‍ ഹര്‍കെബി ജെ ഗര്‍ത്തത്തിന്റെ വ്യാസം 43 കിലോമീറ്ററാണെന്നും തിട്ടപ്പെടുത്തി. നമ്മുടെ രാജ്യത്തിന്റെ അഭിമാനപദ്ധതിയായ ചന്ദ്രയാന്‍ 3 ദൗത്യത്തിന് എല്ലാ ഭാവുകങ്ങളും നേര്‍ന്ന പ്രധാനമന്ത്രി നരേന്ദ്രമോദി, മലയാളിയും ഐ എസ് ആര്‍ ഒ യുടെ പുതിയ മേധാവിയുമായ എസ് സോമനാഥിനെ നേരിട്ടുവിളിച്ച് ശുഭാശംസകള്‍ നേരുകയുണ്ടായി.
ലേഖനം
ചരിത്രം കുറിക്കാന്‍ ചന്ദ്രയാന്‍ 3
