ഗാന്ധിജി നയിച്ച ദണ്ഡിയാത്രയിലെ ഏക ക്രൈസ്തവസേനാനി ടൈറ്റസ് തേവര്‍തുണ്ടിയിലിനെ ഓര്‍മിക്കുമ്പോള്‍
ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിലെ ശ്രദ്ധേയമായ ബഹുജനപ്രക്ഷോഭമായിരുന്നു ഗാന്ധിജി നയിച്ച സിവില്‍ നിയമലംഘനപ്രസ്ഥാനം. സിവില്‍ നിയമ ലംഘനപ്രസ്ഥാനത്തിന്റെ ഭാഗമായി, ഉപ്പുനിയമങ്ങള്‍ ലംഘിച്ച് ഉപ്പുണ്ടാക്കാന്‍ ഗാന്ധിജി തീരുമാനിച്ചു. 1930 മാര്‍ച്ച് 12 ന് ഗാന്ധിജി അഹമ്മദാബാദിലെ സബര്‍മതി ആശ്രമത്തില്‍നിന്ന് ദണ്ഡിക്കടപ്പുറത്തേക്കു യാത്രതിരിച്ചു. ഉപ്പുസത്യാഗ്രഹസമരത്തിന്റെ നേതൃസ്ഥാനത്തേക്ക് ഗുജറാത്തിലെ സബര്‍മതി ആശ്രമത്തിലെ 78 പേരെയാണ് ഗാന്ധിജി തിരഞ്ഞെടുത്തത്. ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ളവര്‍ ആ സംഘത്തിലുണ്ടായിരുന്നു. ദണ്ഡിയാത്രയിലെ ഒരേയൊരു ക്രൈസ്തവ സേനാനിയായിരുന്നു മലയാളിയായ ടൈറ്റസ് തേവര്‍തുണ്ടിയില്‍.
തേവര്‍തുണ്ടിയില്‍ തറവാട്ടില്‍നിന്ന് അലഹബാദിലേക്ക്
1905 ഫെബ്രുവരി 18 ന് പത്തനംതിട്ട ജില്ലയിലെ മാരാമണ്‍ഗ്രാമത്തിലെ ചിറയിറമ്പിലാണ് ടൈറ്റസ് ജനിച്ചത്. തേവര്‍തുണ്ടിയില്‍ റ്റി.കെ. ടൈറ്റസിന്റെയും ഏലിയാമ്മയുടെയും നാലാമത്തെ കുട്ടിയായിരുന്നു ടൈറ്റസ്. സ്‌കൂള്‍വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ടൈറ്റസ് 1921 ല്‍ വടശ്ശേരിക്കരയിലെ സ്‌കൂളില്‍ അധ്യാപകനായി ജോലിയില്‍ പ്രവേശിച്ചു. അധ്യാപകവൃത്തിയില്‍ തുടരുമ്പോള്‍, അലഹബാദ് കാര്‍ഷിക സര്‍വകലാശാലയില്‍ പുതുതായി ആരംഭിക്കുന്ന ഇന്ത്യന്‍ ഡയറി ഡിപ്ലോമ കോഴ്‌സിനെക്കുറിച്ച് ടൈറ്റസ് അറിയാനിടയായി. അലഹബാദ് അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയില്‍ ചേര്‍ന്ന് പഠനമാരംഭിച്ചു. രണ്ടുവര്‍ഷത്തെ പഠനത്തിനുശേഷം 1927 ല്‍, പഠിച്ചിറങ്ങിയ സ്ഥാപനത്തില്‍ത്തന്നെ ഡയറി മാനേജരായി അദ്ദേഹം ജോലിയില്‍ പ്രവേശിച്ചു. പാല്‍ അണുനശീകരണം, ശീതീകരണം, പാലുത്പന്നങ്ങള്‍ തയ്യാറാക്കല്‍ എന്നിവയില്‍ പ്രത്യേക നൈപുണ്യം ടൈറ്റസിനുണ്ടായിരുന്നു.
സബര്‍മതി ആശ്രമത്തില്‍
അലഹബാദ് ജീവിതമാണ് ടൈറ്റസിനെ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന്റെ ഭാഗമാകാന്‍ പ്രേരിപ്പിച്ചത്. മഹാത്മാഗാന്ധിയുടെ ആശയങ്ങളിലും പ്രവര്‍ത്തനങ്ങളിലും ആകൃഷ്ടനായ ടൈറ്റസ്, ഗാന്ധിയെ നേരില്‍ കാണാന്‍ ആഗ്രഹിച്ചിരുന്നു. സബര്‍മതി ആശ്രമത്തിലെ ഗോശാലയില്‍ ഡയറിവിദഗ്ധനെ ആവശ്യമുണ്ടെന്ന പത്രപ്പരസ്യം കണ്ട്, ടൈറ്റസിന്റെ സഹോദരന്‍ ടൈറ്റസിനുവേണ്ടി അപേക്ഷ അയച്ചു. അതേത്തുടര്‍ന്ന് ടൈറ്റസ് സബര്‍മതി ആശ്രമത്തിലേക്കു ക്ഷണിക്കപ്പെട്ടു. സബര്‍മതിയില്‍ എത്തിയ ടൈറ്റസ് ഗാന്ധിജിയുമായി കൂടിക്കാഴ്ച നടത്തി. അഹിംസയിലധിഷ്ഠിതമായ സമരമാര്‍ഗങ്ങളുമായി ബ്രിട്ടീഷ് ഭരണത്തിനെതിരേ പോരാടുന്ന മഹാത്മാവിനെ ടൈറ്റസ് കണ്‍നിറയെ കണ്ടു. അവര്‍ ദീര്‍ഘനേരം സംസാരിച്ചു. ഗാന്ധിജിയുടെ നിര്‍ദേശത്തെത്തുടര്‍ന്ന്, ഗോശാലയില്‍ ഡയറി മാനേജരായി സേവനം ചെയ്യാന്‍ ടൈറ്റസ് തീരുമാനിച്ചു. അങ്ങനെ 1929 ല്‍ ടൈറ്റസ് സബര്‍മതി ആശ്രമത്തില്‍ ഗാന്ധിജിയോടൊപ്പം ചേര്‍ന്നു. ആശ്രമത്തിലെ ക്ഷീരപദ്ധതിയുടെ സെക്രട്ടറിയായി ഗാന്ധിജി ടൈറ്റസിനെ നിയമിച്ചു. ടൈറ്റസിന്റെ വിശ്വസ്തതയും സേവനസന്നദ്ധതയും മനസ്സിലാക്കിയ ഗാന്ധിജി അദ്ദേഹത്തെ സ്‌നേഹപൂര്‍വം 'ടൈറ്റസ്ജി' എന്നാണ് വിളിച്ചിരുന്നത്.
സബര്‍മതി ആശ്രമത്തിലെ അച്ചടക്കവും ചിട്ടകളും പാലിച്ചുകൊണ്ട് ലളിതമായ ജീവിതമാണ് ടൈറ്റസ്ജി നയിച്ചത്. 1934 മേയ് എട്ടിനായിരുന്നു ടൈറ്റസ്ജിയുടെ വിവാഹം. കോഴഞ്ചേരിയില്‍ ഐക്കരേത്തുവീട്ടില്‍ അന്നമ്മയായിരുന്നു ഭാര്യ. വിവാഹശേഷം ഭാര്യ അന്നമ്മയെയും ടൈറ്റസ്ജി ആശ്രമത്തിലേക്കു കൊണ്ടുവന്നു. അന്നമ്മയുടെ സ്വര്‍ണാഭരണങ്ങള്‍ സ്വാതന്ത്ര്യസമരത്തിനും ആശ്രമത്തിനുമായി സംഭാവന നല്കുകയും ചെയ്തു. ആ ദാമ്പത്യവല്ലരിയില്‍ ഏഴു പുഷ്പങ്ങള്‍ വിരിഞ്ഞു. ഏലിയാമ്മ (തങ്കു ), ടൈറ്റസ് (ബാബു) ഈശോ (ജോയ്), ജോര്‍ജ് (രാജു), ജോസഫ് (തമ്പി), ജോണ്‍ (ജോണി), ഇളയമകന്‍ തോമസ് (തോമസുകുട്ടി).
ഡയറി മാനേജരായി നിയമിതനായെങ്കിലും ടൈറ്റസ്ജിക്ക് വേതനമൊന്നും ലഭിച്ചിരുന്നില്ല. എന്നാല്‍, ഗാന്ധിജി ടൈറ്റസ്ജിയുടെ പിതാവിന് ചെറിയൊരു തുക അയച്ചുകൊടുത്തിരുന്നു. 1937 ല്‍, തന്റെ കേരള സന്ദര്‍ശനവേളയില്‍ ഗാന്ധിജി, ടൈറ്റസിന്റെ മാരാമണിലുള്ള ഭവനം സന്ദര്‍ശിക്കുകയും കുടുംബാംഗങ്ങളുമായി കുശലാന്വേഷണങ്ങള്‍ നടത്തുകയും ചെയ്തു.
ദണ്ഡിയാത്രയും ഉപ്പുസത്യാഗ്രഹവും
1930 മാര്‍ച്ച് 12 രാവിലെ 6.30 ന് ഗാന്ധിജി തന്റെ അറുപത്തൊന്നാം വയസ്സില്‍ സത്യാഗ്രഹസമര ജീവിതത്തിന്റെ ഏറ്റവും ശക്തമായ പോരാട്ട പാതയിലേക്കു സബര്‍മതി ആശ്രമത്തിലെ 'ഹൃദയകുഞ്ച്' ഭവനത്തില്‍നിന്നു നടന്നുതുടങ്ങി. നാലു ജില്ലകളും 48 ഗ്രാമങ്ങളും പിന്നിട്ട് 387.5 കിലോമീറ്റര്‍ നടന്ന് ഏപ്രില്‍ അഞ്ചിനു വൈകുന്നേരം അവര്‍ ദണ്ഡിയിലെത്തി. ത്യാഗനിര്‍ഭരമായ ഈ ദീര്‍ഘയാത്രയില്‍, കര്‍ശനമായ അച്ചടക്കത്തോടെ തളരാത്ത മനസ്സുമായി ടൈറ്റസ്ജിയും മറ്റു സത്യാഗ്രഹികളും ഗാന്ധിജിയെ അനുഗമിച്ചു. ഏപ്രില്‍ 6 ന് പ്രഭാതപ്രാര്‍ഥനയ്ക്കുശേഷം ഗാന്ധിജിയും സംഘവും ദണ്ഡികടല്‍ത്തീരത്തെത്തി ഉപ്പു കുറുക്കി നിയമം ലംഘിച്ചു. ടൈറ്റസ്ജിയും സംഘവും കടല്‍വെള്ളം വറ്റിച്ച് ഉപ്പുണ്ടാക്കി നിയമലംഘനം നടത്തി. മേയ്മാസം അഞ്ചിന്, ഗാന്ധിജി കരാടിയില്‍വച്ച് അറസ്റ്റു ചെയ്യപ്പെട്ടു. ദണ്ഡിക്കു സമീപമുള്ള ധാരാസനയിലെ ബ്രിട്ടീഷ് നിയന്ത്രണത്തിലുള്ള ഉപ്പുഫാക്ടറിയിലേക്ക് സത്യാഗ്രഹികള്‍ പ്രകടനമായി നീങ്ങി. ബ്രിട്ടീഷ് പോലീസിന്റെ ക്രൂരമായ മര്‍ദനമുറകളാണ് പിന്നീടവിടെ അരങ്ങേറിയത്. സത്യാഗ്രഹികള്‍ നിഷ്ഠുരമായി തല്ലിച്ചതയ്ക്കപ്പെട്ടു. ടൈറ്റസ്ജിക്ക് ക്രൂരമായ പോലീസ് മര്‍ദനം ഏല്‍ക്കേണ്ടിവന്നു. ലാത്തികൊണ്ടുള്ള പ്രഹരവും ബൂട്ടുകൊണ്ടുള്ള ചവിട്ടും ആ ധീരദേശസ്‌നേഹി ഏറ്റുവാങ്ങി. ടൈറ്റസിനെ ബ്രിട്ടീഷുകാര്‍ അറസ്റ്റ് ചെയ്ത് യേര്‍വാഡ ജയിലിലേക്കു മാറ്റി. ജലാല്‍പൂരിലെയും നാസിക്കിലെയും ജയിലുകളില്‍ അദ്ദേഹത്തിനു തടവുശിക്ഷ അനുഭവിക്കേണ്ടിവന്നു. മാസങ്ങള്‍ക്കുശേഷം ജയില്‍മോചിതനായ ടൈറ്റസ്ജി, സബര്‍മതിയിലേക്കു മടങ്ങിയെത്തുകയും നാലു വര്‍ഷത്തോളം ഗോശാലയുടെ മേല്‍നോട്ടം വഹിക്കുകയും ചെയ്തു.
ഇതിനിടെ തന്റെ കേരളസന്ദര്‍ശനവേളയില്‍ ടൈറ്റസ്ജി, കോട്ടയത്തു സംഘടിപ്പിച്ച സമ്മേളനത്തില്‍ പ്രസംഗിക്കുകയും വിദേശവസ്ത്രങ്ങള്‍ ബഹിഷ്‌കരിക്കുകയും ചെയ്തു. 1935 ല്‍ ടൈറ്റസ്ജി സബര്‍മതിയോടു വിട പറഞ്ഞു.
ടൈറ്റസ്ജി, പിന്നീട് ഇന്ത്യയുടെ വിവിധ ഭാഗങ്ങളില്‍ ഡയറി മാനേജരായി സേവനം ചെയ്തു. സ്വാതന്ത്ര്യാനന്തരം അദ്ദേഹം മധ്യപ്രദേശിലെ താമസമാരംഭിച്ചു. ഭോപ്പാലില്‍ ഭാരതസര്‍ക്കാരിന്റെ കൃഷിമന്ത്രാലയത്തിനുകീഴില്‍ ഗസറ്റഡ് ഓഫീസറായി ഭോപ്പാലില്‍ അദ്ദേഹം നിയമിതനാവുകയും ചെയ്തു. കേരളത്തില്‍നിന്നു ജോലിതേടി ഭോപ്പാലില്‍ എത്തുന്നവര്‍ക്ക് അഭയകേന്ദ്രമായിരുന്നു ടൈറ്റസ്ജിയുടെ വീട്. ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി പോരാടിയ ടൈറ്റസ്ജി 1980 ഓഗസ്റ്റ് 8 വെള്ളിയാഴ്ച ഭോപ്പാല്‍ കസ്തൂര്‍ബാ ആശുപത്രിയില്‍വച്ച് സ്വാതന്ത്ര്യത്തിന്റെ പുണ്യവിഹായസ്സിലേക്കു പറന്നകന്നു. ഗാന്ധിജിയുടെ പ്രിയപ്പെട്ട ടൈറ്റസ്ജി ഭോപ്പാലിലെ പുത്ലിഘര്‍ ശ്മശാനത്തില്‍ അന്ത്യവിശ്രമം കൊള്ളുന്നു.
ടൈറ്റസ്ജി എന്ന ക്രിസ്ത്യന്‍ സത്യാഗ്രഹി
ക്രൈസ്തവവിശ്വാസം മുറുകെപ്പിടിച്ചുകൊണ്ടുള്ള ജീവിതമായിരുന്നു ടൈറ്റസ്ജിയുടേത്. ബൈബിളും തോമസ് അക്കെമ്പിസിന്റെ 'ഇമിറ്റേഷന്‍ ഓഫ് ക്രൈസ്റ്റ്' എന്ന ഗ്രന്ഥവും ടൈറ്റസ്ജി പതിവായി വായിച്ചിരുന്നു. പ്രതിസന്ധിഘട്ടങ്ങളില്‍ പതറാതെ ധീരമായ തീരുമാനങ്ങളോടെ മുന്നേറുവാന്‍ തന്റെ പ്രാര്‍ഥനാജീവിതം അദ്ദേഹത്തിന് കരുത്തുപകര്‍ന്നു. ആരാധനയ്ക്ക് പള്ളിയും മറ്റു സൗകര്യങ്ങളും ഇല്ലാതിരുന്ന കാലത്ത്, മറ്റു ക്രൈസ്തവെരയും കൂട്ടി സ്വന്തം ഭവനത്തില്‍ അദ്ദേഹം ഞായറാഴ്ചപ്രാര്‍ഥനകള്‍ നടത്തിയിരുന്നു. ഭോപ്പാല്‍ സെന്റ് പീറ്റേഴ്‌സ് മാര്‍ത്തോമാ ചര്‍ച്ച് രൂപംകൊണ്ടപ്പോള്‍ അതിന്റെ സജീവപ്രവര്‍ത്തകനായി ടൈറ്റസ്ജി ഉണ്ടായിരുന്നു. സേഹട്ട്ഗഞ്ചില്‍ ക്രിസ്റ്റ പ്രേമകുലം ആശ്രമത്തിന് സ്വന്തം ഭൂമി ടൈറ്റസ്ജി വിട്ടു നല്കി.
ഭാരതത്തിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ഗാന്ധിജിയോടൊപ്പം പോരാടിയ മലയാളിയായ ധീരസേനാനി ടൈറ്റസ്ജിയെ നമുക്ക്ആദരപൂര്‍വം അനുസ്മരിക്കാം.