•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

സ്‌നേഹദീപമേ മിഴിതൂറക്കൂ

''മുട്ടുകുത്തിനിന്നും പൂജാമുറിയില്‍ തൊഴുതുനിന്നും ചമ്രം പടിഞ്ഞിരുന്നുമൊക്കെ പാടാവുന്ന ഒരു പാട്ട്'' - വരികളെഴുതി സംഗീതസംവിധായകനെ ഏല്പിക്കുമ്പോള്‍ ഗാനരചയിതാവ് പി. ഭാസ്‌കരന്‍ ആവശ്യപ്പെട്ടത് അത്രമാത്രം.
കവിയുടെ  ആഗ്രഹം അക്ഷരംപ്രതി ഉള്‍ക്കൊണ്ടു പുകഴേന്തി.. വരികള്‍ ചിട്ടപ്പെടുത്തുകയല്ല അദ്ദേഹം ചെയ്തത്. പകരം അവയെ ഈണംകൊണ്ട് മൃദുവായി സ്പര്‍ശിക്കുകമാത്രം ചെയ്തു. ആ സ്പര്‍ശത്തിലൂടെ പിറന്നത് മലയാളത്തിലെ എക്കാലത്തെയും ഹൃദയസ്പര്‍ശിയായ പ്രാര്‍ഥനാഗീതം: 'ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴിതുറക്കൂ, കദനനിവാരണ കനിവിന്നുറവേ കാട്ടിന്‍ നടുവില്‍ വഴിതെളിക്കൂ...' 
1972 ല്‍ പുറത്തുവന്ന 'സ്‌നേഹദീപമേ മിഴി തുറക്കൂ' എന്ന ചിത്രത്തില്‍ പി ഭാസ്‌കരന്‍ - പുകഴേന്തി - എസ് ജാനകി കൂട്ടുകെട്ട് ഒരുക്കിയ ആ  ശീര്‍ഷകഗാനം  പുതുതലമുറയ്ക്കുപോലും സുപരിചിതം. കൊവിഡിനെതിരായ മലയാളിയുടെ ചെറുത്തുനില്പിന്റെ പ്രതീകമായിരുന്നു ആ ഗാനം. ആനന്ദത്തിന്‍ അരുണകിരണമായ് അന്ധകാരമിതില്‍ അവതരിക്കാന്‍ ലോകപാലകനായ ജഗദീശ്വരനോട് ഉള്ളുരുകി പ്രാര്‍ഥിച്ചവരില്‍ സാധാരണക്കാര്‍തൊട്ട്  സിനിമാതാരങ്ങളും ഗായകരും രാഷ്ട്രീയക്കാരും എഴുത്തുകാരും വരെയുണ്ട്. 'പരീക്ഷണത്തിന്‍ വാള്‍മുനയേറ്റി പടനിലത്തില്‍ ഞങ്ങള്‍ വീഴുമ്പോള്‍ ഹൃദയക്ഷതിയാല്‍  രക്തംചിന്തി മിഴിനീര്‍പ്പുഴയില്‍ താഴുമ്പോള്‍, താങ്ങായ് തണലായ് ദിവ്യൗഷധിയായ് താതാ നാഥാ കരം പിടിക്കൂ' എന്ന വരികളില്‍  തുടിക്കുന്നത് ഈ കാലഘട്ടത്തിന്റെ ആകാംക്ഷകളും പ്രതീക്ഷകളും പ്രാര്‍ഥനകളുംതന്നെയല്ലേ?  
കാല്‍നൂറ്റാണ്ടിലേറെമുമ്പ് ഗായകന്‍ ജയചന്ദ്രനോടൊപ്പം ചെന്നൈയിലെ വീട്ടില്‍ ചെന്നു കണ്ടപ്പോള്‍ സംഗീതസംവിധായകന്‍  പുകഴേന്തിസാര്‍ സംസാരിച്ചേതറെയും  ഗുരുവായ കെ വി മഹാദേവനെക്കുറിച്ചായിരുന്നു. എങ്കിലും, നിര്‍ബന്ധിച്ചപ്പോള്‍ ഇടയ്‌ക്കൊക്കെ സ്വന്തം ഈണങ്ങളും മൂളി അദ്ദേഹം -- ഗോപുരക്കിളിവാതിലില്‍, വിണ്ണിലിരുന്നുറങ്ങുന്ന ദൈവമോ, സ്വന്തം ഹൃദയത്തിനുള്ളറയില്‍, മധുരപ്രതീക്ഷ തന്‍, ലോകം മുഴുവന്‍ സുഖം പകരാനായ് സ്‌നേഹദീപമേ മിഴിതുറക്കൂ.... കട്ടിമീശയും പുരികവും ചെവിയില്‍ രോമവും അധികം ചിരിക്കാത്ത പ്രകൃതവുമൊക്കെയായി  കാഴ്ചയില്‍ പരുക്കനാണെങ്കിലും പാടിത്തന്ന പാട്ടുകളിലെല്ലാമുണ്ടായിരുന്നു ആ മനസ്സിന്റെ മൃദുത്വവും ആര്‍ദ്രതയും. കാലമിത്ര കഴിഞ്ഞിട്ടും, ഇപ്പോഴും കാതില്‍ മുഴങ്ങുന്നു ഭാവോജ്ജ്വലമായ ആ ശബ്ദം. 'ശങ്കരാഭരണ'ത്തിലെ വിഖ്യാതമായ പാട്ടുകള്‍ എസ് പി ബാലസുബ്രഹ്‌മണ്യത്തെ പാടിപ്പഠിപ്പിച്ച അതേ ശബ്ദംതന്നെ. 
ആര്‍ക്കും പാടാവുന്ന ലളിതമായ ഒരു പ്രാര്‍ഥനാഗീതമായിരുന്നു  സ്‌നേഹദീപത്തിന്റെ വരികള്‍ എഴുതിക്കൊടുക്കുമ്പോള്‍ പടത്തിന്റെ സംവിധായകന്‍ കൂടിയായ ഭാസ്‌കരന്‍ മാഷിന്റെ മനസ്സില്‍. വിശ്രുത ബംഗാളി എഴുത്തുകാരന്‍ താരാശങ്കര്‍ ബന്ദോപാധ്യായയുടെ  കഥയെ അവലംബിച്ചെടുത്ത പടമായിരുന്നതിനാലാവണം, രചനയ്ക്ക് മാഷ് ആധാരമാക്കിയത് ഇഷ്ടകവിയായ സാക്ഷാല്‍ രവീന്ദ്രനാഥ ടാഗോറിന്റെ വിഖ്യാതമായ ഒരു ബംഗാളി കവിതയാണ്-- പരമഹംസ യോഗാനന്ദ ഇംഗ്‌ളീഷിലേക്ക് ഭാഷാന്തരം ചെയ്ത 'ലൈറ്റ് ദി ലാംപ് ഓഫ് ദൈ ലവ്'' (ഘശഴവ േവേല ഹമാു ീള വ്യേ ഹീ്‌ല). മനസ്സിലെ അന്ധകാരം നീക്കി സ്‌നേഹത്തിന്റെ ദീപം തെളിക്കുക എന്ന ആശയമേ ആ കവിതയില്‍നിന്ന് കടമെടുത്തിട്ടുള്ളൂ ഭാസ്‌കരന്‍ മാഷ്. ബാക്കിയെല്ലാം മാഷിന്റെ ഭാവനയില്‍നിന്നുയിര്‍കൊണ്ട വരികളും ഇമേജറികളും.
ഇറങ്ങിയ കാലത്ത് ശ്രദ്ധിക്കപ്പെട്ടവയായിരുന്നു ആ പടത്തിലെ പാട്ടുകളെല്ലാം. കൂടുതല്‍ അറിയപ്പെട്ടത് 'നിന്റെ മിഴികള്‍ നീലമിഴികള്‍' ആണെന്നുമാത്രം. എങ്കിലും എസ് ജാനകി പാടിയ ശീര്‍ഷകഗാനം 50 വര്‍ഷങ്ങള്‍ക്കുശേഷം ഇത്രയേറെ ജനകീയമായി മാറുമെന്ന് സങ്കല്പിച്ചിരിക്കില്ല പുകഴേന്തി സാര്‍. ''സ്വതന്ത്രസംഗീത സംവിധായകനാകാന്‍ ഒരിക്കലും മോഹിച്ച ആളല്ല ഞാന്‍. ഗുരുവായ കെ വി മഹാദേവന്‍സാറിന്റെ നിഴലില്‍ ഒതുങ്ങിക്കൂടാനായിരുന്നു ആഗ്രഹം. ഭാസ്‌കരന്‍മാഷ് നിര്‍ബന്ധിച്ചതുകൊണ്ടു മാത്രമാണ് ഇത്രയെങ്കിലും സിനിമകള്‍ ചെയ്തത്. ആ ഗാനങ്ങള്‍ മഹത്തരമാണെന്ന് തോന്നിയിട്ടുമില്ല. എങ്കിലും അവ നിങ്ങളൊക്കെ ഇക്കാലത്തും ഓര്‍മയില്‍ സൂക്ഷിക്കുന്നു എന്നറിയുമ്പോള്‍ ആത്മസംതൃപ്തി തോന്നുന്നു.'' - വിനയത്തിന്റെയും ഹൃദയവിശുദ്ധിയുടെയും ഭാഷയില്‍  പുകഴേന്തി സാര്‍ പറഞ്ഞ വാക്കുകള്‍ മറന്നിട്ടില്ല.
ഒരേയൊരു കാര്യത്തിലേ ഉണ്ടായിരുന്നുള്ളൂ അദ്ദേഹത്തിനു ദുഃഖം: ''പെറ്റമ്മയായ കേരളത്തിന് ഞാന്‍ തമിഴനാണ്. പോറ്റമ്മയായ തമിഴ്നാടിന് മലയാളിയും. ഒരു പക്ഷേ, എന്റെ പേരിന്റെ പ്രത്യേകതകൊണ്ടാകാം.''   2005 ഫെബ്രുവരിയില്‍ അദ്ദേഹം നിര്യാതനായപ്പോള്‍ മലയാള മാധ്യമങ്ങള്‍ക്ക് അതൊരു വലിയ വാര്‍ത്തയാകാതിരുന്നതും ഈ 'ദ്വന്ദ' വ്യക്തിത്വംകൊണ്ടുതന്നെയായിരുന്നില്ലേ? തിരുവനന്തപുരത്ത് ചാലയില്‍ ജനിച്ചുവളര്‍ന്ന വേലപ്പന്‍നായര്‍ എന്ന അപ്പു പുകഴേന്തിയായ കഥ  അദ്ദേഹത്തിന്റെതന്നെ വാക്കുകളില്‍: ''തിരുവനന്തപുരം ആര്യശാലയില്‍ അന്നൊരു സിനിമാഹാളുണ്ട് -- ചിത്ര.  ഒരു നാടകവുമായി ബന്ധപ്പെട്ട്  അവിടെയെത്തിയ പ്രശസ്തഗായിക കെ ബി സുന്ദരാംബാളുമായുള്ള കൂടിക്കാഴ്ചയാണ് എന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. എന്നിലെ ഗായകനെ ആദ്യം തിരിച്ചറിഞ്ഞതും  അനുഗ്രഹിച്ചതും അവരാണ്. അതോടെ എങ്ങനെയെങ്കിലും സിനിമയില്‍ പാടണം എന്നായി മോഹം.''
പ്രശസ്ത ഹാസ്യനടന്‍ എന്‍ എസ് കൃഷ്ണന്റെ എന്‍ എസ്  കെ നാടകസഭയില്‍ അപ്പുവിനെ കൊണ്ടെത്തിച്ചത് ഈ സിനിമാഭ്രമംതന്നെ. എം പി ശിവം ആണ് അന്ന് സഭയിലെ സംഗീതസംവിധായകന്‍. പേരില്‍ തമിഴ് ചുവയുണ്ടെങ്കിലും അസ്സല്‍ മലയാളിയായിരുന്നു ശിവം - പാലക്കാട്  പരമേശ്വരന്‍നായര്‍. അപ്പുവിനെ ശാസ്ത്രീയസംഗീതം അഭ്യസിപ്പിച്ചതും ഹാര്‍മോണിയം പഠിപ്പിച്ചതും ശിവമാണ്. ആയിടയ്‌ക്കൊരിക്കല്‍ തമിഴ്നാട്ടിലെ ബോംബെ ഷോ എന്ന കാര്‍ണിവല്‍ സംഘത്തിന്റെ നാടകത്തിനു സംഗീതസംവിധാനം നിര്‍വഹിക്കാന്‍ ഗുരു ശിഷ്യനെ ചുമതലപ്പെടുത്തുന്നു. വര്‍ഷം 1949. തമിഴ്നാട്ടില്‍ സ്ഥിരതാമസമാക്കിയിരുന്ന ശിഷ്യന് തമിഴ്ചുവയുള്ള പേര് സംഗീതജീവിതത്തില്‍ ഗുണകരമാകുമെന്നുതോന്നി ഗുരുവിന്. പുകഴേന്തി എന്ന പുതിയ പേര് ശിവം ശിഷ്യനു ചാര്‍ത്തിക്കൊടുക്കുന്നത് അങ്ങനെയാണ്. ''പുകഴ്‌പെറ്റവന്‍ എന്നൊരു അര്‍ഥമേ ഞാന്‍ ആ പേരില്‍ അന്നു കണ്ടുള്ളൂ. വര്‍ഷങ്ങള്‍ക്കുശേഷമാണ് മഹാകവി കമ്പരുടെ സമകാലികനായ ഒരു കവിയുടെ പേരാണതെന്നു മനസ്സിലായത്.'' - പുകഴേന്തി പറഞ്ഞു. 
മലയാളത്തില്‍ പുകഴേന്തി സംഗീതം പകര്‍ന്ന ചിത്രങ്ങള്‍ കഷ്ടിച്ച് പന്ത്രണ്ടെണ്ണം മാത്രം. പക്ഷേ, ആ പാട്ടുകള്‍ ഓരോന്നും മെലഡിയുടെ നവ്യസുഗന്ധം ചൊരിയുന്നവ: മധുരപ്രതീക്ഷ തന്‍, മാമ്പഴക്കൂട്ടത്തില്‍ (ഭാഗ്യമുദ്ര), ചൈത്രമാസത്തിലെ ആദ്യത്തെ മുല്ലപ്പൂ, നിന്റെ മിഴികള്‍ നീലമിഴികള്‍ (സ്‌നേഹദീപമേ മിഴിതുറക്കൂ), അപാരസുന്ദര നീലാകാശം, ഗോപുരമുകളില്‍, മരണദേവനൊരു (വിത്തുകള്‍), ഗോപുരക്കിളിവാതിലില്‍ (വിലകുറഞ്ഞ മനുഷ്യന്‍), സഖീ കുങ്കുമമോ (മൂന്നു പൂക്കള്‍), സുന്ദരരാവില്‍ (കൊച്ചനിയത്തി).
''എല്ലാവരും ചോദിക്കാറുണ്ട് എന്റെ സ്ത്രീശബ്ദ ഗാനങ്ങളില്‍ 90 ശതമാനവും എസ് ജാനകി പാടാന്‍ ഇടയായതെങ്ങനെ എന്ന്. നമ്മള്‍ ഉദ്ദേശിക്കുന്ന തലത്തിന് അപ്പുറത്തേക്കു പറന്നുചെന്ന് ഗാനത്തിനു സവിശേഷമായ മാധുര്യം നല്കാന്‍ ജാനകിക്കുള്ള കഴിവ് മറ്റാരിലും ഞാന്‍ കണ്ടിട്ടില്ല എന്നാണ് ഉത്തരം. അവര്‍ പാടുന്നതു കേട്ടു കോരിത്തരിച്ചിരുന്നു പോയിട്ടുണ്ട് പലപ്പോഴും. ആലാപനത്തിലെ ആ  മാജിക് അനുപമം.'' പുകഴേന്തിയുടെ വിശ്വാസം തെറ്റല്ലെന്നറിയാന്‍ 'ലോകം മുഴുവന്‍ സുഖം പകരാന്‍' എന്ന പാട്ട് ഒരിക്കല്‍ക്കൂടി കേട്ടുനോക്കുകയേ വേണ്ടൂ. 
അകലെ ആകാശസീമകളിലെങ്ങോ ഇരുന്ന് പുഞ്ചിരിക്കുന്നുണ്ടാകും പുകഴേന്തിയുടെ ആത്മാവ്; പിറന്നുവീണ് അരനൂറ്റാണ്ടിനിപ്പുറം സ്വന്തം സംഗീതസൃഷ്ടികളിലൊന്ന് ജന്മനാട്ടില്‍ ഇത്രയേറെ ആഘോഷിക്കപ്പെടുന്ന അദ്ഭുതകരമായ കാഴ്ച കണ്ട്. 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)