''മാവേലി നാടു വാണീടും കാലം
മാനുഷരെല്ലാരുമൊന്നുപോലെ
ആമോദത്തോടെ വസിക്കും കാലം
ആപത്തങ്ങാര്‍ക്കുമൊട്ടില്ലതാനും''
മലയാളിയുടെ നാവില്‍ കാലങ്ങളായി ചേക്കേറിയ ഈ ഓണപ്പാട്ട്, പൊന്നിന്‍ചിങ്ങമാസത്തില്‍ നമ്മെ കൂട്ടിക്കൊണ്ടുപോകുന്നത് ഐതിഹ്യകഥയിലെ സ്വപ്നസമാനമായ കാലഘട്ടത്തിലേക്കും ഓര്‍മകളിലെ വസന്തകാലത്തേക്കുമാണ്. തൃക്കാക്കരദേവന്റെ ഭക്തനും അസുരരാജാവുമായിരുന്ന മഹാബലിത്തമ്പുരാന്റെ ഭരണകാലത്ത് ജനങ്ങള്‍ സന്തോഷത്തോടെയും സമാധാനത്തോടെയും ആപത്തും കള്ളത്തരവുമില്ലാതെ ഒത്തൊരുമയോടെ സമൃദ്ധിയില്‍ ജീവിച്ചു. ഇതില്‍ അസൂയപൂണ്ട ദേവഗണം മഹാവിഷ്ണുവിനെ സമീപിക്കുകയും മഹാവിഷ്ണു വാമനരൂപം സ്വീകരിച്ച് ഉദാരമനസ്‌കനായ മഹാബലിയില്‍നിന്നു തനിക്കു ധ്യാനിക്കാനായി മൂന്നടിമണ്ണ് ദാനം ചോദിക്കുകയും ചെയ്തു. വിശ്വരൂപം പ്രാപിച്ച വാമനന്‍ തന്റെ പാദംകൊണ്ട് സ്വര്‍ഗവും ഭൂമിയും അളന്നശേഷം മൂന്നാമത്തെ അടി അളക്കാനായി കാലുയര്‍ത്തിയപ്പോള്‍, ധര്‍മിഷ്ഠനായ മഹാബലി, വാമനനു തന്റെ ശിരസ്സു കാണിച്ചുകൊടുക്കുകയും വാമനന്‍ ആ ശിരസ്സില്‍ ചവിട്ടി മഹാബലിയെ പാതാളത്തില്‍ താഴ്ത്തുകയും ചെയ്തുവെന്നാണ് ഐതിഹ്യം. പ്രജാവത്സലനായ മഹാബലിക്കു ചിങ്ങമാസത്തിലെ തിരുവോണനാളില്‍ തന്റെ പ്രജകളെ കാണാന്‍ മഹാവിഷ്ണു അനുവാദവും കൊടുത്തു. പ്രജകളെ കാണാന്‍ മഹാബലി വരുന്നതിന്റെ ആഘോഷമാണ് തിരുവോണദിനം കേരളക്കരയില്‍ കൊണ്ടാടുന്നത് എന്നാണ് വിശ്വാസം.
മലയാളിക്ക് ഓണം സംസ്‌കാരത്തിന്റെതന്നെ ഭാഗവും ഗൃഹാതുരത നിറഞ്ഞ ഓര്‍മകളാല്‍ സമ്പന്നവും ഹൃദയവികാരവുമൊക്കെയാണ്. നാട്ടിലായാലും മറുനാട്ടിലായാലും ഓണം ആഘോഷിക്കുന്നതില്‍ മലയാളികള്‍ തെല്ലും പിശുക്കു കാണിക്കാറില്ല. ജാതിമതഭേദമെന്യേ കേരളീയര്‍ ഓണം ഒരു ഉത്സവമായി കൊണ്ടാടുന്നു. എത്ര തിരക്കേറിയ ഉദ്യോഗങ്ങള്‍ വഹിക്കുന്നവരായാലും തിരുവോണദിവസം കുടുംബാംഗങ്ങളോടൊപ്പം ചെലവഴിക്കാന്‍ കൂടുതല്‍ സമയം കണ്ടെത്തുന്നു. 'കാണം വിറ്റും ഓണം ഉണ്ണണ'മെന്ന പൂര്‍വികരുടെ ചൊല്ലിനെ പ്രാവര്‍ത്തികമാക്കുംവിധം ധനികനും ദരിദ്രനും, പണ്ഡിതനും പാമരനും എല്ലാം മലയാളമണ്ണില്‍ ഓണം തങ്ങളാല്‍ കഴിയുംവണ്ണം സമൃദ്ധമായി ആഘോഷിക്കുന്ന കാഴ്ച എക്കാലവും ജാതിമതചിന്തകള്‍ക്കതീതമായ മാനവികതയുടെ, ഒത്തൊരുമിക്കലിന്റെ അപൂര്‍വത സമ്മാനിക്കുന്ന അസുലഭമുഹൂര്‍ത്തംകൂടിയാണ്.
നാട്ടിന്‍പുറത്തെ മണ്ണിന്റെ മണവും തൊടിയിലെ പുഷ്പങ്ങളുടെ വര്‍ണക്കാഴ്ചയും പുല്‍ച്ചെടികളുടെ ഹരിതാഭയും പാടത്തു വിളഞ്ഞുകൊയ്യാറായി നില്‍ക്കുന്ന നെല്‍ക്കതിരിന്റെ ഭംഗിയും നാവില്‍ സ്വാദിഷ്ഠമായ രുചിഭേദങ്ങളുടെ തിരയിളക്കവും സമ്മാനിക്കുന്ന വിവിധങ്ങളായ ഓര്‍മകളുടെ വേലിയേറ്റമാണ് എന്റെ ഓര്‍മയിലെ ഓണക്കാലം. ഓണത്തെക്കുറിച്ചുള്ള ഓര്‍മകള്‍ ഏറെ വര്‍ണഭംഗി നിറഞ്ഞതാണെനിക്ക്. ഓണക്കാലത്തിന്റെ തുടക്കം കര്‍ക്കടകത്തിലെ തോരാത്ത മഴയ്ക്കുശേഷം ഉണ്ടാകുന്ന ചിങ്ങക്കൊയ്‌ത്തേമുറ്റത്തു കൊയ്തുകൂട്ടിയിട്ടിരുന്ന സ്വര്‍ണവര്‍ണത്തിലുള്ള നെല്‍ക്കറ്റകളും ഓണത്തിന്റെ വരവറിയിച്ചു തൊടിയില്‍ പൂത്തുനിന്നിരുന്ന തെച്ചിയും തുമ്പയും പിച്ചകവും മന്ദാരവും അവയില്‍നിന്നു തേന്‍ കുടിച്ചിരുന്ന ഓലേഞ്ഞാലിക്കുരുവികളും കാര്‍ത്തുമ്പികളും തേന്‍വണ്ടുകളുമെല്ലാം ഇന്നും മനസ്സില്‍ ഗൃഹാതുരതയുണര്‍ത്തുന്ന കുട്ടിക്കാലത്തെ ഓണസ്മരണകളാണ്. കൊയ്ത്തുകാരികള്‍ കറ്റകള്‍ തല്ലിമെതിച്ചു നെന്മണികള്‍ ഉണക്കി, പത്തായപ്പുരയില്‍ നിറച്ചതും വാതോരാതെ നാട്ടുവര്‍ത്തമാനം പറഞ്ഞു ചിരിച്ച് താളബോധത്തോടെ തങ്ങളുടെ ജോലി ചെയ്തുതീര്‍ത്തതും ഓണക്കോടിയും പച്ചക്കറികളും വാങ്ങുന്നതിനെക്കുറിച്ചൊക്കെ അവര്‍ വാചാലരായതും എല്ലാം എന്റെ സുന്ദരമായ ഓണക്കാല ഓര്‍മകളില്‍ ചിലതുമാത്രം.
ഓണാവധിക്കുമുമ്പുള്ള പരീക്ഷ എഴുതിത്തീര്‍ക്കാന്‍ തിടുക്കമായിരുന്നു ഞങ്ങള്‍ കുട്ടികള്‍ക്കെല്ലാം. കാരണം, ഓണത്തിനുമാത്രം കിട്ടാറുണ്ടായിരുന്ന വിഭവസമൃദ്ധമായ സദ്യയുണ്ണാനും രസമുകുളങ്ങളെ ഉത്തേജിപ്പിക്കുന്ന രുചികരമായ പ്രഥമനും, കായവറുത്തതും, ശര്‍ക്കരവരട്ടിയും, പൂവന്‍പഴവും എല്ലാം ആവേശപൂര്‍വം ആസ്വദിക്കാനും വര്‍ഷത്തില്‍ കിട്ടുന്ന ഏക അവസരത്തിനുവേണ്ടിയുള്ള കാത്തിരിപ്പിന്റെ അവസാനമായിരുന്നു തിരുവോണം.
ഉത്രാടരാത്രിയില്‍ ഉറങ്ങാതെ തിരിഞ്ഞും മറിഞ്ഞും കാത്തുകിടന്നത് പിറ്റേന്നു ധരിക്കാന്‍ പോകുന്ന ഓണക്കോടിയെക്കുറിച്ചോര്‍ത്തും, അമ്മയും സുഭദ്രാമ്മയും മറ്റു പരിവാരങ്ങളുംകൂടി ഉച്ചയ്ക്ക് ചമയ്ക്കാന്‍ ഒരുക്കുന്ന സദ്യവട്ടത്തെ കിനാവു കണ്ടുമൊക്കെയാണ്. ഓണദിവസം പൂക്കളം ഒരുക്കിയത് വിരളമായിട്ടായിരുന്നു. സഹോദരങ്ങളോടും കൂട്ടുകാരോടും ഒപ്പം വൃത്താകൃതിയില്‍ തീര്‍ത്ത ചില പൂക്കളങ്ങള്‍ ഇന്നും മനസ്സില്‍ ഒരു രവിവര്‍മച്ചിത്രംപോലെ നിറഞ്ഞുനില്ക്കുന്നു. തിരുവോണദിവസം രാവിലെ എണീല്‍ക്കുന്നതുതന്നെ അതിരാവിലെമുതല്‍ അടുക്കളയില്‍ തുടങ്ങുന്ന അമ്മയുടെ ഉച്ചയൊരുക്കങ്ങളുടെ ശബ്ദം കേട്ടുകൊണ്ടാണ്. മിക്ക വര്‍ഷങ്ങളിലും അളനാട് പി.ടി. ഗ്രൂപ്പിന്റെ ഓണാഘോഷപരിപാടികള്‍ കാണാന്‍ പോകുന്നതില്‍ ഞാനും സഹോദരന്‍ മാത്തുക്കുട്ടിയും മുടക്കം വരുത്തിയിരുന്നില്ല. പുലികളി, കാല്‍പ്പന്തുകളി, ബണ്‍ കടിക്കല്‍, സുന്ദരിയെ പൊട്ടു തൊടുവിക്കല്‍ അങ്ങനെ എത്രയെത്ര മത്സരങ്ങള്‍! ഇവയെല്ലാം കഴിഞ്ഞ് വീട്ടിലെത്തി, കിഴക്കേപ്പറമ്പിലെ കിണറ്റില്‍നിന്നു കോരിയെടുത്ത തണുത്ത വെള്ളത്തില്‍ വിശാലമായി കുളിച്ച് ഓണക്കോടി ഉടുത്തൊരുങ്ങി വരുമ്പോഴേക്കും അമ്മ തൂശനിലയില്‍ പുന്നെല്ലരിച്ചോറടങ്ങിയ സദ്യ വിളമ്പിയിട്ടുണ്ടാവും. സദ്യ ആസ്വദിച്ചു കഴിഞ്ഞശേഷം ഞാന്‍ അനിയത്തിക്കുട്ടിയെയും എടുത്ത് അനിയനോടൊപ്പം ഓടിയത് തെക്കേപ്പറമ്പിലെ നാട്ടുമാവില്‍ കെട്ടിയ ഊഞ്ഞാലില്‍ ആടാനായിരുന്നു. ആരാദ്യം ആടണമെന്ന തര്‍ക്കത്തിനു മിക്കവാറും തീര്‍പ്പുകല്പിക്കുക സമാധാനപ്രേമിയായ മൂത്തസഹോദരി സീതമ്മതന്നെ. അങ്ങനെ ഒരു തിരുവോണനാളിലാണ് സീതമ്മയ്ക്കു തിളക്കമുള്ള സ്വര്‍ണക്കരയോടുകൂടിയ കാഞ്ചീപുരം പട്ടുപാവാടയും ചുവന്ന മാണിക്യക്കല്ലുകള്‍ പതിപ്പിച്ച പൊന്‍പതക്കവും കാതിലോലയും പിതാവ് സമ്മാനിച്ചതും സീതമ്മ പതിവിലും ഏറെ സന്തോഷവതിയായതും.
കഴിഞ്ഞുപോയ കുട്ടിക്കാലത്തെ ഓണാഘോഷങ്ങളുടെ തുടര്‍ച്ച മാത്രമായിരുന്നു പിന്നീട് വിദേശത്തെത്തിയപ്പോള്‍ കൊണ്ടാടിയ എല്ലാ ഓണവും. വിദേശമലയാളികള്‍ ഓണം ആഘോഷിക്കാനുള്ള ഒരുക്കങ്ങള്‍ കാലേകൂട്ടി തുടങ്ങും. ഒരു ദിവസം മുഴുവന്‍ നീളുന്ന, ഹൃദയത്തില്‍ എന്നും സൂക്ഷിക്കാന്‍ ഉതകുന്ന, ഒരു ഓര്‍മയായി ഓണദിനത്തെ മാറ്റുന്നു. വിദേശത്ത് ആളുകള്‍ അക്ഷമരായി കാത്തിരിക്കുന്നത് ഓണംപോലെയുള്ള വിശേഷാവസരങ്ങള്‍ക്കുവേണ്ടിയാണ്. സ്‌പെയിനിലെ ബാര്‍സിലോണയിലെ ഓണാഘോഷങ്ങളില്‍ നീണ്ട പത്തു വര്‍ഷക്കാലവും ഞാന്‍ ഭാഗഭാക്കായത് ഓണസദ്യയ്ക്കുള്ള പായസം പാകം ചെയ്തും മലയാളിസമാജത്തിന്റെ പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തുമൊക്കെയാണ്. ഇംഗ്ലണ്ടിലെ ഓണപ്പരിപാടികളും വ്യത്യസ്തമല്ല. എല്ലാവരും ഒത്തൊരുമിച്ചു ശ്രുതിലയസാന്ദ്രമായ സംഗീതംപോലെ മനോഹരമാണത്.
കള്ളവുമില്ല ചതിയുമില്ല
എള്ളോളമില്ല പൊളിവചനം
വെള്ളിക്കോലാദികള്‍ നാഴികളും
എല്ലാം കണക്കിനു തുല്യമായി
നമുക്കു സ്വപ്നം കാണാം അത്തരം ഒരു നാളേക്കായി.
ലേഖനം
ഓര്‍മയിലെ ഓണക്കാലം
