•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദൈവസ്‌നേഹത്തിന്റെ സൗമ്യമുഖം

ഴമായ വിശ്വാസവും പാണ്ഡിത്യവും നര്‍മവും മുഖമുദ്രയാക്കിയ ബിഷപ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍ 97-ാം വയസ്സില്‍ മെത്രാഭിഷേകത്തിന്റെ സുവര്‍ണജൂബിലി ആഘോഷിക്കുകയാണ്. സീറോ മലബാര്‍ സഭയ്ക്കും പാലാ രൂപതയ്ക്കും ഇത് അഭിമാനനിമിഷം.
മുത്തോലപുരം ഗ്രാമത്തില്‍ പള്ളിക്കാപറമ്പില്‍ ദേവസ്യാ - കത്രീനാ ദമ്പതികളുടെ രണ്ടാമത്തെ പുത്രനായാണ്1927 ഏപ്രില്‍ 10 ന് ഔസേപ്പച്ചന്റെ ജനനം. മുത്തോലപുരത്തെ സമ്പന്നകര്‍ഷകകുടുംബങ്ങളിലൊന്നായിരുന്നു പള്ളിക്കാപറമ്പില്‍ കുടുംബം. അതിനാല്‍ത്തന്നെ  മണ്ണിനോടും കൃഷിയോടും അദ്ദേഹത്തിനു താത്പര്യമായിരുന്നു. അദ്ദേഹത്തിന്റെ അമ്മ കത്രീനായുടെയും വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെയും പിതാക്കന്മാര്‍ സഹോദരങ്ങളായിരുന്നു. രാമപുരം ഫൊറോനാപ്പള്ളിയില്‍വച്ച് തേവര്‍
പറമ്പില്‍ കുഞ്ഞച്ചനായിരുന്നു ഔസേപ്പച്ചനു മാമ്മോദീസാ നല്കിയത്. ആദ്യകുര്‍ബാനസ്വീകരണവും രാമപുരംപള്ളിയില്‍വച്ചുതന്നെയായിരുന്നു. 
മുത്തോലപുരത്തെ തറവാട്ടിലാണ് ഔസേപ്പച്ചന്റെ വിദ്യാരംഭം. ആശാന്‍കളരിയിലായിരുന്നു അക്ഷരം പഠിച്ചത്. അതിനുശേഷം മുത്തോലപുരം പള്ളിക്കു സമീപമുണ്ടായിരുന്ന ഗവണ്‍മെന്റ് എല്‍.പി.സ്‌കൂളില്‍ ഒന്നുമുതല്‍ നാലാം ക്ലാസുവരെ പഠിച്ചു. ഇലഞ്ഞി സെന്റ് പീറ്റേഴ്‌സിലായിരുന്നു മിഡില്‍സ്‌കൂള്‍ പഠനം. 
തുടര്‍ന്ന് വാഴക്കുളം ഇന്‍ഫന്റ് ജീസസ് ഹൈസ്‌കൂളില്‍ ചേര്‍ന്ന്, കൊവേന്തവക ബോര്‍ഡിങ്ങില്‍ താമസിച്ചു. വാഴക്കുളത്തുനിന്നു പഠനത്തിനായി മാന്നാനം സെന്റ് എഫ്രേംസ് ഹൈസ്‌കൂളില്‍ ചേര്‍ന്ന് ഇ.എസ്.എല്‍.സി. പാസ്സായി.
1943 ല്‍ ഇന്റര്‍മീഡിയറ്റിനു ചങ്ങനാശേരി എസ്.ബി. കോളജില്‍ ചേര്‍ന്നു. സമര്‍ഥനും സൗമ്യനും സല്‍സ്വഭാവിയും സദാ പ്രസന്നനുമായ വിദ്യാര്‍ഥിയായിട്ടാണ് ജോസഫിനെ എല്ലാവരും കണ്ടിരുന്നത്. ഇക്കാലത്ത് ഫാ. ജോസഫ് കുരീത്തടം എസ്.ബി. കോളജില്‍ ബര്‍സാറും ഇംഗ്ലീഷ് പ്രഫസറുമായിരുന്നു. ഇലഞ്ഞിക്കാരനായ കുരീത്തടത്തിലച്ചന്‍ പി.ഡി. ജോസഫിനെ കാര്യമായി സ്വാധീനിച്ച വന്ദ്യദേഹമാണ്. കുരീത്തടത്തിലച്ചന്റെ മാര്‍ഗനിര്‍ദേശം ജോസഫിന്റെ ദൈവവിളിക്കു പ്രേരകമായിട്ടുണ്ടെന്നു പറയുന്നു.
1945 ല്‍ ഇന്റര്‍മീഡിയറ്റ് പാസ്സായ പി.ഡി. ജോസഫ് ഉപരിപഠനത്തിനായി തൃശ്‌നാപ്പള്ളി സെന്റ് ജോസഫ്‌സ് 
കോളജില്‍ ചേര്‍ന്നു. ബി.എ.യ്ക്ക് ഇക്കണോമിക്‌സായിരുന്നു ഐച്ഛികവിഷയം. പഠനത്തോടൊപ്പം ബാസ്‌കറ്റ്‌ബോള്‍ കളിയിലും മറ്റു പാഠ്യേതരവിഷയങ്ങളിലും പി.ഡി. ജോസഫ് മികവു പ്രകടിപ്പിച്ചിരുന്നു. 
1947 ല്‍ ഒന്നാംക്ലാസോടെ ബി.എ. പാസായ ജോസഫ് ഒന്നാംസ്ഥാനത്തിനുള്ള മെഡലും കരസ്ഥമാക്കി. എം.എ.യ്ക്ക് മദ്രാസ് ലയോള കോളജില്‍ ചേര്‍ന്നു. അവിടെ ബാസ്‌കറ്റ് ബോള്‍ ടീം ക്യാപ്റ്റനും യൂണിവേഴ്‌സിറ്റി ടീം അംഗവുമായിരുന്നു. 1949 ല്‍ എം.എ. പാസായ ഉടന്‍ ചങ്ങനാശ്ശേരി എസ്.ബി. കോളജില്‍ അധ്യാപകനാകാന്‍ ക്ഷണം ലഭിച്ചെങ്കിലും അതു നിരസിച്ചു. വിദ്യാര്‍ഥിയായിരിക്കെത്തന്നെ അദ്ദേഹം സ്വന്തം ജീവിതനിയോഗം തിരിച്ചറിഞ്ഞിരുന്നുവെന്നതിനു സംശയമില്ല. മാതാപിതാക്കളുടെ അനുവാദത്തോടെ ദൈവത്തിന്റെ വിളിക്കു സമ്മതം നല്കി ചങ്ങനാശ്ശേരി സെന്റ് തോമസ് പെറ്റി സെമിനാരിയില്‍ ചേര്‍ന്നു. ഇതിനിടെ 1950 ല്‍ പാലാ രൂപത രൂപീകൃതമായി. 
പാലാ രൂപതയുടെ പ്രഥമാധ്യക്ഷന്‍ ക്രാന്തദര്‍ശിയായ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ തിരുമേനി മേജര്‍ സെമിനാരിപഠനത്തിനായി ജോസഫിനെ മംഗലാപുരത്തെ സെന്റ് ജോസഫ്‌സ് മേജര്‍ സെമിനാരിയിലേക്കും പിന്നീട് റോമിലെ അര്‍ബാനോ പ്രൊപ്പഗാന്ത കോളജിലേക്കും അയച്ചു. 1958 നവംബര്‍ 23 ന് റോമിലെ പ്രൊപ്പഗാന്താ കോളജിന്റെ ചാപ്പലില്‍വച്ച് പ്രൊപ്പഗാന്താസംഘത്തിന്റെ പ്രീഫെക്ട് കര്‍ദിനാള്‍ ഗ്രിഗറി പീറ്റര്‍ അഗാജിയാനിയില്‍നിന്നു വൈദികപട്ടം സ്വീകരിച്ച് ക്രിസ്തുവിന്റെ പുരോഹിതനായി അഭിഷിക്തനായി.
തിരുപ്പട്ടസ്വീകരണത്തിനുശേഷം സമര്‍ഥരായ വൈദികരെ ഡോക്ടറേറ്റു പഠനത്തിനായി നിയോഗിക്കുക അന്നു പതിവായിരുന്നു. കൊച്ചച്ചനായ ഫാ. ജോസഫ് പള്ളിക്കാപറമ്പില്‍ തത്ത്വശാസ്ത്രമാണ് ഉപരിപഠനത്തിനായി തിരഞ്ഞെടുത്തത്. 'മാര്‍ക്‌സിയിന്‍ സിദ്ധാന്തത്തിലെ നാസ്തികത്വം' എന്നതായിരുന്നു ഗവേഷണവിഷയം. 1962 ല്‍ തത്ത്വശാസ്ത്രത്തില്‍ ഏറ്റവും പ്രഗല്ഭമായവിധം ഡോക്ടറേറ്റ് കരസ്ഥമാക്കിയ ശേഷമാണ് ഫാ. ജോസഫ് പള്ളിക്കാപറമ്പില്‍ നാട്ടിലേക്കു മടങ്ങിയത്. പതിനൊന്നു വര്‍ഷത്തിനുശേഷമുള്ള മടക്കം. 
തിരുപ്പട്ടം സ്വീകരിച്ച് നാലാംവര്‍ഷമാണ് സ്വന്തം ഇടവകയായ മുത്തോലപുരം പള്ളിയില്‍ ദിവ്യബലി അര്‍പ്പിച്ചത്.
അദ്ദേഹത്തിന്റെ ഡോക്ടറേറ്റ് പഠനകാലത്താണ് സീറോ മലബാര്‍ സഭയ്ക്കുവേണ്ടി ഒരു വൈദികസെമിനാരി റോമില്‍ ആരംഭിക്കുന്നതിന് പൗരസ്ത്യതിരുസംഘം സെക്രട്ടറിയായിരുന്ന കര്‍ദിനാള്‍ എവുജിന്‍ ടിസറന്റ് തീരുമാനമെടുത്തത്. പുതിയ മലബാര്‍ കോളജിന്റെ റെക്ടറായി ഫാ. പ്ലാസിഡ് പൊടിപാറ സി.എം.ഐ. നിയമിതനായി. ഫാ. ജോസഫ് പള്ളിക്കാപറമ്പിലിനെ വൈസ് റെക്ടറായും നിയമിച്ചു. അങ്ങനെ ഡോക്ടറേറ്റിനുള്ള ഒരു വിദ്യാര്‍ഥിയായിരിക്കവേ വൈസ് 
റെക്ടര്‍പദവിയില്‍ വൈദികപരിശീലനത്തിനും ഭരണത്തിനുമായി ഫാ. പള്ളിക്കാപറമ്പില്‍ നിയോഗിക്കപ്പെട്ടുവെന്നത് അദ്ദേഹത്തിന്റെ കഴിവില്‍ കര്‍ദിനാള്‍ ടിസറന്റിനുണ്ടായിരുന്ന വിശ്വാസവും മതിപ്പും കാരണമാണ്. സീറോ മലബാര്‍ സഭയുടെ തനിമയും പാരമ്പര്യവും സംബന്ധിച്ച അടിയുറച്ച ബോധ്യത്തിലേക്ക് അദ്ദേഹത്തെ കൈപിടിച്ചു നടത്തിയത് ഫാ. പ്ലാസിഡ് ആണ്.  പൗരസ്ത്യസുറിയാനി പാരമ്പര്യങ്ങളെക്കുറിച്ച് അഗാധമായ അറിവും അഭിമാനവുമാണ് അദ്ദേഹത്തിനുള്ളത്.1962 ജൂലൈ മൂന്നിന് സീറോ മലബാര്‍ സഭയിലെ വൈദികരുടെ പരിശീലനത്തിനായി കോട്ടയം വടവാതൂര്‍ സെന്റ് തോമസ് അപ്പസ്‌തോലിക് സെമിനാരി ഉദ്ഘാടനം ചെയ്യപ്പെട്ടു. ആ സെമിനാരിയിലെ ആദ്യബാച്ച് വിദ്യാര്‍ഥികളുടെ തത്ത്വശാസ്ത്രപ്രൊഫസറായി ഫാ. പള്ളിക്കാപറമ്പില്‍ നിയമിതനായി. പ്രഥമ റെക്ടറായിരുന്ന മോണ്‍. കുര്യന്‍ വഞ്ചിപ്പുരയുടെ നേതൃത്വത്തില്‍ വിദ്യാര്‍ഥികളും അധ്യാപകരും ഒരു ടീമായി പ്രവര്‍ത്തിച്ചു. 1965 ല്‍ മാതൃസെമിനാരിയായ റോമിലെ അര്‍ബാനാ പ്രൊപ്പഗാന്താ സെമിനാരിയുടെ വൈസ് റെക്ടറായി ഫാ. പള്ളിക്കാപറമ്പിലിനെ നിയമിച്ചു. 
1965 ഒക്‌ടോബര്‍മാസം അവിടെ റെക്ടറായിരുന്ന മോണ്‍. ചെന്‍ചിയുടെ കീഴില്‍ അദ്ദേഹം പുതിയ ജോലി ഏറ്റെടുത്തു. നാലുകൊല്ലത്തിനുശേഷം 1969 ല്‍ 
കോട്ടയം വടവാതൂര്‍ സെമിനാരിയുടെ റെക്ടറായി ഫാ. ജോസഫ് പള്ളിക്കാപറമ്പില്‍ നിയമിതനായി. വടവാതൂര്‍ സെമിനാരിയില്‍ സ്തുത്യര്‍ഹമായ രീതി
യില്‍ സേവനം ചെയ്തുകൊണ്ടിരിക്കേ 1973 ല്‍ പാലാ രൂപത മെത്രാന്‍ മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ പിതാവിന്റെ സഹായമെത്രാനായി അദ്ദേഹത്തെ മാര്‍പാപ്പാ നിയമിച്ചു. 1973 ഓഗസ്റ്റ് 15 ന് പാലാ സെന്റ് തോമസ് കോളജ് അങ്കണത്തില്‍ പടുത്തുയര്‍ത്തിയ വേദിയില്‍വച്ച് കര്‍ദിനാള്‍ ജോസഫ് പാറേക്കാട്ടിലില്‍നിന്ന് മെത്രാന്‍പട്ടം സ്വീകരിച്ച് പാലാ രൂപതയുടെ സഹായമെത്രാനായി അഭിഷിക്തനായി. എങ്കിലും വടവാതൂര്‍ സെമിനാരിയുമായുള്ള ബന്ധം അദ്ദേഹം തുടര്‍ന്നുകൊണ്ടേയിരുന്നു. സീറോ മലബാര്‍ സഭയുടെ പൊതുസ്ഥാപനമായതുകൊണ്ട് സിനഡ് തിരഞ്ഞെടുക്കുന്ന കമ്മീഷനാണ് സെമിനാരിയുടെ ഭരണച്ചുമതല. ഈ കമ്മീഷന്റെ ചെയര്‍മാനായി 1981 ല്‍ 
പിതാവ് നിയമിതനായി. ഇക്കാലത്താണ് ദൈവശാസ്ത്രവിഭാഗം പൗരസ്ത്യവിദ്യാപീഠം എന്ന പേരില്‍ ഡോക്ടറേറ്റ് നല്കുവാന്‍ സ്വതന്ത്രഫാക്കല്‍റ്റിയായി റോം ഉയര്‍ത്തിയത്. പൗരസ്ത്യവിദ്യാപീഠത്തിന്റെ ആദ്യവൈസ് ചാന്‍സിലറായി പിതാവ്.പാലാ രൂപതയുടെ സഹായമെത്രാനായിരിക്കേ സഭാതലത്തില്‍ പല ഉത്തരവാദിത്വങ്ങളും അംഗീകാരങ്ങളും മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനെ തേടിയെത്തി. 1975 മുതല്‍ കെ.സി.ബി.സിയുടെ ദൈവവിളി കമ്മീഷന്‍ ചെയര്‍മാനായി നിയമിതനായി. 
നമ്മുടെ സഭയുടെ ആരാധനക്രമം അതിന്റെ തനിമയില്‍ സംരക്ഷിക്കപ്പെടുന്നതിനായി കുര്‍ബാനയുടെ ടെക്സ്റ്റ്  പരിഷ്‌കരിക്കുന്നതിനുള്ള ലിറ്റര്‍ജിക്കല്‍ കമ്മിറ്റിയുടെ ചെയര്‍മാനായി 1974 ല്‍ പിതാവ് നിയോഗിക്കപ്പെട്ടു. മദ്യവര്‍ജനപ്രസ്ഥാനത്തിന്റെ മുന്‍പന്തിയില്‍ പ്രവര്‍ത്തിച്ചിരുന്ന അഭിവന്ദ്യ വയലില്‍ പിതാവിന്റെ പിന്‍ഗാമിയായി 1976 ല്‍ സംയുക്ത ക്രൈസ്തവ മദ്യവര്‍ജനസമിതിയുടെ പ്രസിഡന്റായി അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടു. മദ്യപ്പിശാചിനെ ചെറുത്തുതോല്പിക്കുന്നതിനായി പരസ്യമായി ഉപവാസം നടത്തുന്നതിനോ ജാഥകള്‍ നയിക്കുന്നതിനോ പ്രതിഷേധസമരങ്ങള്‍ക്കു നേതൃത്വം കൊടുക്കുന്നതിനോ മടികാട്ടാതെ മുന്‍നിരയില്‍നിന്നു നയിച്ചു. പിതാവ് പിന്നീട് കെ.സി.ബി.സിയുടെ വൈസ് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു.
ഇന്ത്യയുടെ വിവിധഭാഗങ്ങളില്‍ കേരളത്തിനു പുറത്ത് ജോലിക്കും മറ്റുമായി താമസിക്കുന്ന സീറോ മലബാര്‍ സഭാംഗങ്ങളുടെ പ്രശ്‌നങ്ങള്‍ പഠിക്കുന്നതിനായി സീറോ മലബാര്‍ ബിഷപ്‌സ് കോണ്‍ഫെറന്‍സ് രൂപംകൊടുത്ത കമ്മീഷന്റെ ചെയര്‍മാനായി മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനെ തിരഞ്ഞെടുക്കുകയും അദ്ദേഹം ബോംബെയിലും മറ്റും പോയി പഠിക്കുകയും റിപ്പോര്‍ട്ടു സമര്‍പ്പിക്കുകയും ചെയ്തതിന്റെ ഫലമായി കല്യാണ്‍ രൂപത സ്ഥാപിതമായി. കൂടാതെ, അമേരിക്കയിലെ ചിക്കാഗോയിലും ടെക്‌സാസിലും മറ്റു സ്ഥലങ്ങളിലും ഇടവകപ്പള്ളികള്‍ സ്ഥാപിക്കുന്നതിനും വൈദികരെ നിയമിക്കുന്നതിനും പിതാവ് മുന്‍കൈയെടുത്തു. പിന്നീട് ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ യൂറോപ്യന്‍ രാജ്യങ്ങളിലെ മലബാര്‍ സഭാംഗങ്ങളുടെ വിശ്വാസകാര്യങ്ങളെപ്പറ്റി പഠിച്ചു റിപ്പോര്‍ട്ടു സമര്‍പ്പിക്കാന്‍ അപ്പസ്‌തോലിക് വിസിറ്റേറ്ററായി നിയമിച്ചു. പിതാവിന്റെ റിപ്പോര്‍ട്ടിന്റെ ഫലമായാണ് ഇന്ന് ഗ്രേറ്റ് ബ്രിട്ടനിലും ചിക്കാഗോയിലും മെല്‍ബണിലും കാനഡയിലും മറ്റും സീറോ മലബാര്‍ രൂപതകള്‍ ഉണ്ടായത്. ബിഷപ് മാര്‍ സെബാസ്റ്റ്യന്‍ വയലില്‍ അനാരോഗ്യം കാരണം സ്ഥാനമൊഴിഞ്ഞപ്പോള്‍ 1981 ഫെബ്രുവരി 6 ന് മാര്‍ ജോസഫ് പള്ളിക്കാപറമ്പിലിനെ രൂപതാധ്യക്ഷനായി മാര്‍പാപ്പാ നിയമിച്ചു. 1981 മാര്‍ച്ച് 25 ന് 
പാലാ കത്തീഡ്രലില്‍  നടന്ന ചടങ്ങില്‍ പാലാ രൂപതാധ്യക്ഷനായി സ്ഥാനാരോഹണം ചെയ്യപ്പെട്ടു. വയലില്‍ പിതാവിന്റെ പാതയിലൂടെത്തന്നെ രൂപതയെ നയിക്കാന്‍ അദ്ദേഹം ശ്രദ്ധാലുവായി. സമഗ്രമായ വളര്‍ച്ച ലക്ഷ്യമാക്കി നിരവധി പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പിലാക്കി.
കഴിഞ്ഞ അമ്പതു വര്‍ഷക്കാലവും മെത്രാനടുത്ത ദൗത്യം അതിന്റെ തികവിലും പരിശുദ്ധിയിലും നിവര്‍ത്തിക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞുവെന്നതില്‍ സംശയമില്ല. അഗാധമായ അറിവും പാണ്ഡിത്യവുമുണ്ടെങ്കിലും ലാളിത്യം നിറഞ്ഞ ഒരു പ്രബോധനശൈലിയാണ് അദ്ദേഹത്തിനുള്ളത്. പുഞ്ചിരിച്ചും നര്‍മം കലര്‍ത്തിയും ശാന്തമായി സംവദിക്കാനും സ്‌നേഹപൂര്‍വം ഇടപെടാനും പിതാവിനുള്ള കഴിവ് അനന്യമാണ്. വിശ്വാസപരമായ കാര്യങ്ങളില്‍ വിട്ടുവീഴ്ചയില്ലാത്ത പിതാവിന്റെ മുഖമുദ്ര ഭക്തിയും സൗമ്യതയുംതന്നെയാണ്. നിയമങ്ങളോടും കീഴ്‌വഴക്കങ്ങളോടും കടുത്ത പ്രതിപത്തി കാണിക്കുമ്പോഴും ആരുടെ പരാതിയും ക്ഷമയോടെ കേള്‍ക്കാനും ആശ്വസിപ്പിക്കാനും പരിഹാരമുണ്ടാക്കാനും അദ്ദേഹം സദാ തയ്യാറാണ്. തന്റെ നേര്‍ക്കുവരുന്ന വിമര്‍ശനങ്ങളെ നര്‍മത്തില്‍ പൊതിഞ്ഞ ഫലിതങ്ങള്‍വഴി നന്നായി ആസ്വദിക്കാനും പിതാവ് തയ്യാറാണ്.
പിതാവിന്റെ ഇഷ്ടരംഗമാണ് വിദ്യാഭ്യാസമേഖല. മൂല്യാധിഷ്ഠിതവിദ്യാഭ്യാസത്തിനുവേണ്ടി പിതാവ് എന്നും ശക്തമായ നിലപാട് എടുത്തു. നമ്മുടെ കലാലയങ്ങളില്‍ മാതൃകാപരമായ അച്ചടക്കം ഉറപ്പാക്കുന്നതിന് അദ്ദേഹത്തിനു സാധിച്ചു. ഉന്നതവിദ്യാഭ്യാസത്തെ സംബന്ധിച്ച വ്യക്തമായ കാഴ്ചപ്പാടുകളും ബോധ്യങ്ങളും മെത്രാനെന്നനിലയില്‍ പിതാവിന്റെ പ്രവര്‍ത്തനങ്ങളെ തേജോമയമാക്കി. ഒരിക്കല്‍പ്പോലും പാലാ രൂപതയുടെ സ്ഥാപനങ്ങളില്‍ അഡ്മിഷനോ നിയമനത്തിനോ യാതൊരുവിധ സംഭാവനകളും വാങ്ങിച്ചിട്ടില്ല. വയലില്‍ പിതാവ് തുടങ്ങിവച്ച ആ മഹത്തായ പാരമ്പര്യത്തിന് ഇന്നുവരെ മാറ്റം വന്നിട്ടുമില്ല. ഏറ്റവും മികച്ച അധ്യാപകരെത്തന്നെ നിയമിക്കണമെന്ന് പിതാവിനു നിര്‍ബന്ധമുണ്ടായിരുന്നു. ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ ആരംഭിച്ച വേളയില്‍ ചിലരെങ്കിലും മറിച്ചു ചിന്തിച്ചപ്പോള്‍ പണം വാങ്ങിക്കാതെ നടത്താമെങ്കില്‍മാത്രം തുടങ്ങിയാല്‍ 
മതിയെന്ന കര്‍ശനനിര്‍ദേശമാണ് അദ്ദേഹം നല്കിയത്. 1978 ല്‍ പിതാവിന്റെ ഭരണകാലത്തു സ്ഥാപിതമായവയാണ് പാലാ, കാഞ്ഞിരപ്പള്ളി, 
ചങ്ങനാശ്ശേരി രൂപതകളുടെ സംയുക്തസംരംഭമായ പാലാ സിവില്‍ സര്‍വീസ് ഇന്‍സ്റ്റിറ്റ്യൂട്ട്, ചൂണ്ടച്ചേരിയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് ജോസഫ്‌സ് കോളജ് ഓഫ് എന്‍ജിനീയറിങ് & ടെക്‌നോളജി, രാമപുരത്തും ചേര്‍പ്പുങ്കലിലും ആരംഭിച്ച ആര്‍ട്‌സ് & സയന്‍സ് കോളജുകള്‍ എന്നിവ. കരിയര്‍ ഗൈഡന്‍സ് സൗകര്യ
ങ്ങള്‍ ഉറപ്പാക്കുന്നതിനായി പാലായില്‍ ബിഷപ് വയലില്‍ ലൈബ്രറി സ്ഥാപിച്ചതും അതിനോട് അനുബന്ധമായി കമ്പ്യൂട്ടര്‍പഠനത്തിനു സൗകര്യമേര്‍പ്പെടുത്തിയതും പിതാവിന്റെ ദീര്‍ഘവീക്ഷണത്തിന് മകുടോദാഹരണമാണ്.
എല്ലാവര്‍ഷവും ക്രിസ്മസിനുമുമ്പായി പാലായില്‍ നടക്കുന്ന ബൈബിള്‍ കണ്‍വെന്‍ഷന്‍ പിതാവ് തുടങ്ങിവച്ച ഒരു സംരംഭമാണ്. രൂപതയിലെ കുടുംബനവീകരണപ്രസ്ഥാനങ്ങളെ ശക്തമാക്കുന്നതിനും ഏകോപിപ്പിക്കുന്നതിനുമായി ഫാമിലി അപ്പോസ്തലേറ്റിനെ ശക്തമാക്കി, കുടുംബക്കൂട്ടായ്മകള്‍ സജീവമാക്കി, പ്രീമാര്യേജ് കോഴ്‌സുകള്‍ സംഘടിപ്പിച്ച് വിവാഹജീവിതത്തിലേക്കു പ്രവേശിക്കുന്നവര്‍ക്ക് പരിശീലനം നല്കുവാന്‍ പിതാവിനു സാധിച്ചു. പിതാവിന്റെ ഭരണകാലത്താണ് പാലാ ഷലോം പാസ്റ്ററല്‍ സെന്ററും അരുണാപുരം പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ടും സ്ഥാപിതമായത്. വിവിധ പ്രേഷിതപ്രവര്‍ത്തനഡിപ്പാര്‍ട്ടുമെന്റുകളെ ഒരു മേല്‍ക്കൂരയ്ക്കു കീഴില്‍ കൊണ്ടുവന്ന് സജീവമാക്കാന്‍ ഷലോം സെന്റര്‍ സഹായകമായി. രൂപതയുടെ വിവിധ സംഘടനകളുടെ പരിശീലനക്യാമ്പുകളും സെമിനാറുകളും ശില്പശാലകളും വിവാഹ ഒരുക്ക ക്യാമ്പുകളും സമ്മേളനങ്ങളും മികച്ച രീതിയില്‍ നടത്തുവാന്‍ പാസ്റ്ററല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഏറെ ഉപകരിക്കുന്നു.
സമൂഹത്തില്‍ പൊതുവെ കുടുംബഭദ്രതയ്‌ക്കെതിരേ ഉയരുന്ന വെല്ലുവിളികളെക്കുറിച്ചു പിതാവ് ആകുലചിത്തനാണ്. വര്‍ധിച്ചുവരുന്ന വിവാഹമോചനങ്ങള്‍, ഗര്‍ഭച്ഛിദ്രം, മദ്യപാനം, മയക്കുമരുന്നുകളുടെ ഉപയോഗം, ലഹരിയുടെ ഉപയോഗം മുതലായവയ്‌ക്കെതിരേ ബോധവത്കരണം നടത്തുന്നതില്‍ പിതാവ് എന്നും മുന്‍പന്തിയിലായിരുന്നു. പ്രതിരോധപ്രവര്‍ത്തനങ്ങള്‍ക്കായി സംഘടനകളും പ്രസ്ഥാനങ്ങളും കെട്ടിപ്പടുക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനും പിതാവ് ശ്രദ്ധ പതിപ്പിച്ചു.
യുവശക്തി (പിന്നീട് കെസിവൈഎം, ഇപ്പോള്‍ എസ്.എം.വൈ.എം.)യുടെ ഡയറക്ടറായി പിതാവ് നേതൃത്വം വഹിച്ചവേളയില്‍ യുവജനങ്ങളെ സഭയോടൊത്തു ചിന്തിപ്പിക്കാനും പ്രവര്‍ത്തിപ്പിക്കാനും പ്രാപ്തരാക്കി. വിമര്‍ശനങ്ങളെക്കാളുപരി സഭാഗാത്രത്തോടു ചേര്‍ന്നുനിന്നു പ്രവര്‍ത്തിച്ച് ആധ്യാത്മികമായി ഉണര്‍വു പ്രാപിക്കേണ്ടതിന്റെ ആവശ്യകത യുവജനങ്ങളെ ബോധ്യപ്പെടുത്താന്‍ അദ്ദേഹത്തിനു സാധിച്ചു. നമ്മുടെ യുവജനസംഘടനകളായ എസ്.എം.വൈ.എം., കെ.സി.എസ്.എല്‍., മിഷന്‍ലീഗ് മുതലായവയെ ആഴമായ വിശ്വാസത്തിലും വിശുദ്ധിയിലും വളര്‍ത്തുവാന്‍ പിതാവിന്റെ നേതൃത്വം സഹായിച്ചു.
ശാസ്ത്രഗവേഷണങ്ങളും  പഠനങ്ങളും യുവതലമുറയിലേക്ക് എത്തിക്കുന്നതിനും അവരില്‍ ശരിയായ ശാസ്ത്രബോധം ഉണര്‍ത്തുന്നതിനുമായി 'ശാസ്ത്രപഥം' മാസിക ആരംഭിക്കാന്‍ പിതാവിന്റെ നേതൃത്വം സഹായകമായി. ചങ്ങനാശേരി, പാലാ, കാഞ്ഞിരപ്പള്ളി രൂപതകള്‍ സംയുക്തമായാണ് ഇതിനു മുന്നിട്ടിറങ്ങിയത്. കലാസാംസ്‌കാരികരംഗങ്ങളില്‍ പ്രസിദ്ധീകരണങ്ങളോടൊപ്പം നിര്‍ണായകപങ്ക് നാടകത്തിനും സംഗീതത്തിനും മറ്റു മീഡിയകള്‍ക്കും ഉണ്ടെന്നു തിരിച്ചറിഞ്ഞ പിതാവാണ് 'പാലാ കമ്യൂണിക്കേഷന്‍സ്' ആരംഭിച്ചത്. ദൃശ്യ-ശ്രാവ്യമാധ്യമരംഗത്ത് മികവു പ്രകടിപ്പിക്കാനും നാടകങ്ങളും ഗാനമേളകളും കാസറ്റുകളും ടി.വി. പ്രോഗ്രാമുകളുംവഴി വിശ്വാസം ജനഹൃദയങ്ങളില്‍ ഉറപ്പിക്കാനും ഇതു സഹായകമായി. മുദ്രണാലയപ്രവര്‍ത്തനത്തിന്റെ ഭാഗമായി പാലാ സെന്റ് തോമസ് പ്രസിനെ മികവുറ്റതാക്കി നിലനിറുത്തുവാന്‍ വേണ്ട പ്രോത്സാഹനങ്ങള്‍ അദ്ദേഹം ഇന്നും നല്കിവരുന്നു. ദീപനാളം വാരികയെ ഉന്നതനിലവാരത്തിലേക്കുയര്‍ത്താനും അദ്ദേഹം  പങ്കുവഹിച്ചു. 
അല്മായര്‍ക്കു ബൈബിള്‍ പഠനത്തിനായി വിവിധ ഡിഗ്രി - ഡിപ്ലോമാ പ്രോഗ്രാമുകളും വിശ്വാസപരിശീലകര്‍ക്കായി ഡി.ടി.പി. കോഴ്‌സും രൂപകല്പന ചെയ്തു നടപ്പിലാക്കി. വൈദികരുടെയും സന്ന്യാസിനികളുടെയും പരിശീലനത്തിനായി കാലാനുസൃതമായ പരിശീലനപദ്ധതികളും കോഴ്‌സുകളും ഉള്‍പ്പെടുത്തി പരിഷ്‌കരിക്കുവാനും പിതാവ് ശ്രദ്ധ പതിപ്പിച്ചു.
കേരളത്തിലെ രൂപതകളില്‍ ഏറ്റവും കൂടുതല്‍ ദളിത് കത്തോലിക്കര്‍ താമസിക്കുന്നത് പാലാ രൂപതയിലാണ്. അവരുടെ പരിശീലനത്തിനും ഉന്നമനത്തിനുമായി പ്രവര്‍ത്തിക്കുന്ന ഡി.സി.എം.എസിന്റെ പ്രവര്‍ത്തനങ്ങള്‍ സജീവമാക്കി. ക്യാമ്പുകളും ബോധത്കരണപരിപാടികളും ആസൂത്രണം ചെയ്തു നടപ്പിലാക്കി. സഭാതലത്തിലും നിയമനങ്ങളിലും അഡ്മിഷനിലും ന്യായമായ പരിഗണനകളും ആനുകൂല്യങ്ങളും അവര്‍ക്കു നല്കുന്നതിനും അവരുടെ സമഗ്രപുരോഗതി ഉറപ്പുവരുത്തുന്നതിനും പിതാവ് പ്രത്യേകശ്രദ്ധ ചെലുത്തി. സമൂഹത്തിലെ പാവപ്പെട്ടവരോട് അദ്ദേഹം എന്നും പ്രത്യേക പരിഗണന കാണിച്ചിരുന്നു. പിതാവ് ആരംഭിച്ച 'കുടുംബസഹായനിധി' നിര്‍ധനരായ പെണ്‍കുട്ടികള്‍ക്കു വിവാഹസഹായവും ഭവനരഹിതര്‍ക്കു ഭവനനിര്‍മാണസഹായവും നിര്‍ധനരായ രോഗികള്‍ക്ക് ചികിത്സാസഹായവും പാവപ്പെട്ട കുട്ടികള്‍ക്കു പഠനത്തിനു സ്‌കോളര്‍ഷിപ്പും വിദ്യാഭ്യാസസഹായവും നല്കുവാന്‍ ഉപകരിച്ചു. അഭിവന്ദ്യപിതാവിന്റെ മെത്രാഭിഷേകരജതജൂബിലിസ്മാരകമായി പാവപ്പെട്ടവര്‍ക്കായി ആയിരം വീടുകളാണു പണിതുനല്കിയത്. കൂടാതെ, കടനാട്ടില്‍ പുവര്‍ഹോമും നിര്‍മിച്ചു നല്കി.
മദ്യവര്‍ജനപ്രസ്ഥാനത്തിന്റെ നേതൃത്വം പിതാവ് ദൈവനിയോഗംപോലെയാണ് നിര്‍വഹിച്ചത്. പാലായിലെ അഡാര്‍ട്ടും കോട്ടയത്തെ ട്രാഡായും പിതാവിന്റെ പ്രോത്സാഹനത്തിലും നേതൃത്വത്തിലുമാണ് വളര്‍ന്നത്.
എന്റെ ജീവിതമാണ് എന്റെ സന്ദേശം എന്നു പറഞ്ഞ ഗാന്ധിജിയെപ്പോലെ സ്വന്തം ജീവിതത്തെ ഒരു സ്‌നേഹസന്ദേശമാക്കിയ മഹാഗുരുവാണ് മാര്‍ ജോസഫ് പള്ളിക്കാപറമ്പില്‍. ബിഷപ്പിന്റെ സൗഹൃദവലയം പരിധികളില്ലാത്തതാണ്. രാഷ്ട്രീയവ്യത്യാസങ്ങളോ മതവര്‍ണവര്‍ഗീയചിന്തകളോ അദ്ദേഹത്തിനില്ല. ധനികനും ദരിദ്രനും പിതാവിന്റെ അടുത്തു ചെല്ലാം, സംസാരിക്കാം. ലാളിത്യവും സ്‌നേഹവും കാരുണ്യവുമാണ് അദ്ദേഹത്തിന്റെ മുഖമുദ്ര. അച്ചടക്കവും അനുസരണയും മൂല്യാധിഷ്ഠിതമായ പ്രവര്‍ത്തനങ്ങളും അദ്ദേഹത്തിനു നിര്‍ബന്ധമാണ്. കെ.എം. മാണിയും എ.കെ. ആന്റണിയും ഇ.കെ. നായനാരും അദ്ദേഹത്തിന് ഒരുപോലെ പ്രിയപ്പെട്ടവരായിരുന്നു. പിതാവ് നല്ലൊരു വായനക്കാരനാണ്. ആനുകാലികസംഭവങ്ങളെല്ലാം അദ്ദേഹത്തിനറിയാം. ഇന്നും യാതൊരു ഓര്‍മക്കുറവുമില്ല. പ്രസരിപ്പോടെയുള്ള സംഭാഷണങ്ങളും ഫലിതവും പിതാവിന്റെ അടുത്തു ചെല്ലുന്ന ആരെയും സന്തോഷഭരിതരാക്കും. 
പാലായുടെ അഭിമാനമായി, സ്വകാര്യ അഹങ്കാരമായി, അനുഗ്രഹമായി പള്ളിക്കാപറമ്പില്‍പിതാവ് ആരോഗ്യത്തോടെ നമ്മോടൊപ്പം വജ്രജൂബിലിയും ആഘോഷിക്കുവാന്‍ ഉണ്ടാകട്ടേയെന്നു പ്രാര്‍ഥിക്കാം. 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)