•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

അറീലിയാനോയുടെ വിരുന്നുകാര്‍

''നിങ്ങളുടെ ഹൃദയം നോക്കണം, അറീലിയാനോ, നിങ്ങള്‍ ജീവിച്ചിരിക്കെത്തന്നെ അഴുകുന്നു.'' ഇതിഹാസസമാനവും വിശ്വപ്രസിദ്ധവുമായ ഒരു നോവലില്‍, സ്വേച്ഛാധിപതിയായ പ്രധാന കഥാപാത്രത്തോടു നീതിമാനും നിര്‍ഭയനുമായ കീഴുദ്യോഗസ്ഥന്‍ നടത്തുന്ന ഓര്‍മപ്പെടുത്തലാണിത്. തങ്ങള്‍ എന്തിനാണു പരസ്പരം കൊന്നൊടുക്കുന്നതെന്നുപോലും അറിയാതെ നിരന്തരം കലാപത്തിലേര്‍പ്പെടുന്ന ആള്‍ക്കൂട്ടത്തെ സൃഷ്ടിച്ചും തന്റെയുള്ളിലെ ഭ്രാന്തമായ സങ്കല്പങ്ങളെ അതേപടി അവരിലേക്കു പകര്‍ത്തിവിട്ടും ആനന്ദത്തിന്റെ ലഹരി നുണയുന്ന ആ കഥാപാത്രത്തിന്റെ പേര് അറീലിയാനോ ബുവെന്‍ഡിയ എന്നാണ്. 1982 ല്‍ നൊബേല്‍സമ്മാനം നേടിയ 'ഏകാന്തതയുടെ നൂറു വര്‍ഷങ്ങള്‍' എന്ന നോവലില്‍ ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസ് തന്റെ എഴുത്തിന്റെ ജാലവിദ്യകൊണ്ട് അനശ്വരമാക്കിയ കഥാപാത്രങ്ങളില്‍ ഒരാള്‍.
സൃഷ്ടിക്കപ്പെട്ടിട്ടുള്ള കലാപങ്ങളും കൂട്ടക്കുരുതികളുമൊന്നും ദേശത്തിന്റെയോ ജനതയുടെയോ നിലനില്പിനെ സംബന്ധിച്ച അനിവാര്യഘടകങ്ങളായിരുന്നില്ലെന്നും അധികാരത്തിന്റെ പല മടക്കുകളുള്ള കരിന്തുണികൊണ്ടു കണ്ണുകെട്ടിക്കളിക്കുന്ന ചില മനുഷ്യരുടെ ഉള്ളിലെ വികലമായ രാഷ്ട്രഭാവനകളുടെയോ നീതിബോധത്തിന്റെയോ പ്രത്യാഘാതങ്ങള്‍ മാത്രമായിരുന്നു അവയെന്നും അറീലിയാനോയുടെ ജീവിതപരിണാമചിത്രങ്ങളിലൂടെ മാര്‍ക്വിസ് വ്യക്തമാക്കുന്നു.
അധികാരത്തിന്റെ അവസാനപടിയും കയറിക്കഴിയുമ്പോള്‍ മനുഷ്യരല്ലാതായി മാറുന്ന, ജനാധിപത്യത്തിലെയോ സ്വേച്ഛാധിപത്യത്തിലെയോ അവിവേകികളായ മുഴുവന്‍ ഭരണാധികാരികളുടെയും ആന്തരികശൂന്യതകളും സംഘര്‍ഷങ്ങളുമാണ് അറീലിയാനോയിലൂടെ നോവലിസ്റ്റ് പ്രതിഫലിപ്പിക്കുന്നത്.
അച്ഛന്റെ കരംപിടിച്ച് മക്കൊണ്ടോ എന്ന ഗ്രാമത്തിലൂടെ ജിപ്‌സികളുടെ പ്രദര്‍ശനകൂടാരങ്ങള്‍ കണ്ടു രസിച്ചുനടന്ന ബാല്യവും അച്ഛന്‍ ഉപേക്ഷിച്ച പരീക്ഷണശാലയിലിരുന്ന് സ്വര്‍ണമത്സ്യങ്ങള്‍ ഉണ്ടാക്കുകയും റെമിഡിയോസ് എന്ന കൊച്ചുസുന്ദരിയെ ഓര്‍ത്ത് പ്രണയകവിതകള്‍ കുറിക്കുകയും ചെയ്തിരുന്ന കൗമാരവുംമാത്രമാണ് അയാളുടെ ഓര്‍മയിലെ സന്തോഷത്തിന്റെ പരിമിതകാലം. അമ്മ, സഹോദരങ്ങള്‍, പരിചാരകര്‍ എന്നിവരുടെയൊക്കെ ചെറുതും വലുതുമായ സ്വാധീനങ്ങളിലൂടെ മൂന്നോട്ടുനീങ്ങിയിരുന്ന അറീലിയാനോയുടെ ജീവിതം മാറിമറിയുന്നത് സായുധനീക്കങ്ങളിലൂടെ അയാള്‍ മക്കൊണ്ടോയുടെ മേധാവിയാകുന്നിടംമുതലാണ്.
ദേശരക്ഷകനായി സ്വയം അവരോധിക്കുമ്പോഴും തനിക്കും ജനങ്ങള്‍ക്കുമിടയില്‍ ഭയത്തിന്റെയും അസാധാരണത്വത്തിന്റെയും അടരുകളുള്ള അകലം സൃഷ്ടിക്കാന്‍ അയാള്‍ ബോധപൂര്‍വം ശ്രമിക്കുന്നുണ്ട്. കടുവത്തോലുകൊണ്ടുണ്ടാക്കിയ സവിശേഷമായ സൈനികവസ്ത്രം ധരിച്ചും നിരപരാധികളെ കല്‍ത്തുറുങ്കിലടച്ചും വിമര്‍ശകരെ കൊന്നുകളഞ്ഞും നിരന്തരം യുദ്ധത്തിലേര്‍പ്പെട്ടും മറ്റൊന്നിനെക്കുറിച്ചും ചിന്തിക്കാനാവാതെ അയാള്‍ തന്റെ വഴിയൊരുക്കുകയാണ്. അയാള്‍ താവളമടിക്കുന്ന ഇടങ്ങളില്‍ അനുചരന്മാര്‍ ഒരു വൃത്തം വരയ്ക്കും. അതിന്റെ ഉള്ളിലിരുന്നുകൊണ്ട് അയാള്‍ തനിക്കുചുറ്റുമുള്ള മനുഷ്യരുടെ വിധി പ്രസ്താവിച്ചു രസിക്കും. ചിലര്‍ തല്‍ക്ഷണം വെടിയേറ്റു മരിക്കും. ഗ്രാമങ്ങളും വീടുകളും ക്ഷണനേരംകൊണ്ട്  വെണ്ണീറാകും. തന്നെ കാണാനെത്തുന്ന സകലമനുഷ്യജീവികളും സ്വന്തം അമ്മയായ ഊര്‍സുല ഉള്‍പ്പെടെ എല്ലാവരും പത്തടി ദൂരയേ നില്ക്കാവൂ എന്ന വിചിത്രമായ കല്പനയും അറീലിയാനോ നടത്തുന്നുണ്ട്. 
അധികാരത്തിന്റെ ബാഹ്യമുദ്രകള്‍ തുന്നിപ്പിടിപ്പിച്ചും പടയൊരുക്കങ്ങള്‍ നടത്തിയും ആയുധമേന്തിയ അനുചരവൃന്ദത്തെ സദാ കൂടെക്കൊണ്ടുനടന്നും സ്വന്തം അജയ്യതയെ പ്രഘോഷിക്കുമ്പോഴും ഉള്ളിന്റെയുള്ളില്‍  ദീനനും ഭീരുവും നിസ്സഹായനുമായിരുന്ന ഒരു മനുഷ്യനായിരുന്നു കേണല്‍ അറീലിയാനോ എന്ന് അയാളുടെ മാനസികലോകത്തെ അനാവരണം ചെയ്ത് നോവലിസ്റ്റ് വ്യക്തമാക്കുന്നു.
'ഈ യുദ്ധങ്ങളില്‍നിന്നു പുറത്തുകടക്കാന്‍ എന്നെ എങ്ങനെയെങ്കിലും ഒന്നു സഹായിക്കുമോ?'എന്ന് അയാള്‍ കീഴുദ്യോഗസ്ഥനോടു യാചിക്കുന്നതും 'ഒരു യുദ്ധം അവസാനിപ്പിക്കുന്നതിനെക്കാള്‍ എളുപ്പം മറ്റൊന്നു തുടങ്ങുന്നതാണ്' എന്ന അപകടകരമായ തിരിച്ചറിവിലേക്കെത്തുന്നതും അധികാരമില്ലാത്ത സാധാരണപൗരനായി തന്നെ സങ്കല്പിക്കാന്‍ ത്രാണിയില്ലാതെ, എതിര്‍പക്ഷവുമായി സന്ധി ഒപ്പിട്ടതിനുശേഷം ആത്മഹത്യയ്ക്കു ശ്രമിക്കുന്നതുമെല്ലാം നോവലില്‍ കൃത്യമായി സൂചിപ്പിക്കുന്നുണ്ട്.
ജനാധിപത്യത്തിന്റെ വിശാലവും ബഹുസ്വരതയാര്‍ന്നതുമായ തെരുവിലൂടെയാണ് സഞ്ചാരമെങ്കിലും ചിലപ്പോഴെങ്കിലും 'അറീലിയാനോയുടെ വിരുന്നുകാരായി' മാറുന്ന ഭരണാധികാരികളെ ചരിത്രവും വര്‍ത്തമാനവും നമുക്കു മുന്നില്‍ നിറുത്തുന്നുണ്ട്. ബോധപൂര്‍വം പാലിക്കപ്പെടുന്ന നിശ്ശബ്ദതകളില്‍, മനുഷ്യര്‍ കത്തിയമര്‍ന്നതിന്റെ ഗന്ധം മാസങ്ങളോളം വായുവില്‍ പടരാന്‍ ഇടവരുത്തുന്ന തീ പിടിച്ച പ്രസ്താവനകളില്‍, വൈകിയുള്ള ഏറ്റുപറച്ചിലുകളില്‍ ഒക്കെ അറീലിയാനോയുടെ അശാന്തചിത്തംതന്നെയാണ് പ്രകടമാകുന്നത്.
അടുത്ത നിലവിളികള്‍ ഉയരുന്നത് നമ്മുടെ മണ്ണില്‍നിന്നാകരുതേ എന്ന പ്രാര്‍ഥനയോടെ അയല്‍ദേശങ്ങളിലേക്കു നാം ആധിയോടെ കണ്ണയയ്ക്കുന്നു. പ്രത്യയശാസ്ത്രങ്ങളുടെയും മതങ്ങളുടെയും വംശബോധത്തിന്റെയുമെല്ലാം ശരിവഴികളില്‍നിന്ന് അശാന്തമായ ചാവുനിലങ്ങളിലേക്ക് ഏതുനിമിഷവും വലിച്ചിഴയ്ക്കപ്പെടാവുന്ന ജനതയായി ആരൊക്കെയോ നമ്മെ പരുവപ്പെടുത്തുന്നുണ്ടെന്ന് ഭയത്തോടെ നാം തിരിച്ചറിയുന്നു. മൈതാനങ്ങളിലും മാധ്യമങ്ങളിലും ഒരേസമയം അതിനാവശ്യമായ മുദ്രാവാക്യങ്ങളും മറുപടികളും മുഴങ്ങിക്കൊണ്ടിരിക്കുന്നു.
സച്ചിദാനന്ദന്റെ 'അവസാനത്തെ നദി' എന്ന കവിതയിലെ കുട്ടിയെ ഓര്‍മ വരുന്നു. വെള്ളത്തിനുപകരം ലാവാപ്രവാഹംപോലെ രക്തം ചുട്ടുതിളച്ചുകൊണ്ടിരുന്ന ഒരു നദി. അതില്‍ ദാഹമകറ്റാനെത്തിയ അവസാനത്തെ ആട്ടിന്‍കുട്ടികള്‍ അതില്‍ത്തന്നെ പിടഞ്ഞുവീഴുന്നു. അതിനു കുറുകെ പറന്ന പറവകള്‍ അതില്‍ വീണുമറയുന്നു. തലയോടുകളില്‍നിന്ന് കണ്ണീര്‍ ഒഴുകിക്കൊണ്ടിരിക്കുന്നു. അവസാനത്തെ നദിയില്‍ ഒരമ്മയുടെ അസ്ഥികൂടം പൊങ്ങിക്കിടപ്പുണ്ടായിരുന്നു. അതിന്മേല്‍ തുഴഞ്ഞ് മറുകര തേടുന്ന ഒരു കുട്ടിയുടെ ചിത്രമാണ് കവി ആവിഷ്‌കരിക്കുന്നത്. മരിക്കുംമുമ്പ് അമ്മ നല്കിയ ഒരു മാന്ത്രികമണി ആ കുഞ്ഞിക്കൈകളില്‍ ഉണ്ടായിരുന്നു. അവസാനത്തെ നദിക്കു മുകളില്‍ അവന്‍ ആ മണിമുഴക്കുമ്പോള്‍ സ്‌നേഹംകൊണ്ടു തണുക്കുന്ന നദിയെയും അതിലെ നീലജലത്തില്‍  നീന്തിത്തുടിക്കുന്ന മത്സ്യങ്ങളെയും തളിര്‍ത്തുനില്ക്കുന്ന വൃക്ഷങ്ങളെയും നാം കാണുന്നു.
നാളെ നമുക്കുവേണ്ടി സമാധാനത്തിന്റെ മാന്ത്രികമണി മുഴക്കുവാന്‍ ആത്മബലമുള്ള ഒരുവനെയെങ്കിലും ബാക്കിവയ്ക്കുവാന്‍ പ്രസ്ഥാനങ്ങള്‍ക്കും തത്ത്വസംഹിതകള്‍ക്കും കഴിയട്ടെ. അറീലിയാനോയുടെ വിരുന്നുകാര്‍ സൃഷ്ടിക്കുന്ന അവസാനത്തെ നദികളില്‍ അവന്റെ സാന്നിധ്യം നിറയട്ടെ. 
 

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)