•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഓര്‍മയാകുമോ?

സാമ്രാജ്യത്വകാലഘട്ടത്തിന്റെ ബാക്കിപത്രമാണ് കോമണ്‍വെല്‍ത്ത് ഗെയിംസ് എന്നു പറയാം. ബ്രിട്ടീഷ്‌സാമ്രാജ്യത്തിലെ കായികതാരങ്ങളെ ഒരു കുടക്കീഴില്‍ അണിനിരത്തുക എന്ന ആശയവുമായി യോര്‍ക്‌ഷെറിലെ റവ. ജെ. ആട്‌ലി കൂപ്പര്‍ 1891 ല്‍ ''ഗ്രേറ്റ് ബ്രിട്ടന്‍'' മാസികയില്‍ എഴുതിയ ലേഖനത്തില്‍നിന്ന് ഉരുത്തിരിഞ്ഞ കായികമേള. ലണ്ടന്‍ ആസ്ഥാനമാക്കി പ്രവര്‍ത്തിക്കുന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷന്റെ മേല്‍നോട്ടത്തില്‍ നടക്കുന്ന കായികമേള വലിയ പ്രതിസന്ധി നേരിടുകയാണ്.
 ഓസ്‌ട്രേലിയയിലെ വിക്‌ടോറിയയിലാണ് 2026 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് നടക്കേണ്ടത്. സാധാരണ ഏഴുവര്‍ഷം മുമ്പാണു വേദി നിശ്ചയിക്കുക. എന്നാല്‍, ഇപ്പോള്‍ വിക്‌ടോറിയ പിന്‍വാങ്ങിയിരിക്കുകയാണ്. 2032 ലെ ഒളിമ്പിക്‌സിന്റെ വേദി ഓസ്‌ട്രേലിയയിലെ ബ്രിസ്‌ബെയ്‌നിലാണ്. ഇപ്പോള്‍ നടക്കുന്ന വനിതാലോകകപ്പ് ഫുട്‌ബോളിന് ആതിഥേയത്വം വഹിക്കുന്നത് ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ചേര്‍ന്നാണ്. ഇങ്ങനെയൊരു അവസരത്തില്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ സാമ്പത്തികബാധ്യതകൂടി രാജ്യത്തിനു താങ്ങാനാവില്ലത്രേ. 
അടുത്ത ഗെയിംസിന് 1000 നാള്‍ ബാക്കിനില്‌ക്കെയാണ് വിക്‌ടോറിയയുടെ പിന്‍മാറ്റം: 1930 ല്‍ തുടങ്ങിയ ഗെയിംസിന്റെ 23-ാം പതിപ്പാണ് വിക്‌ടോറിയയില്‍ നടക്കേണ്ടത്. ഇതിനുമുമ്പ് 1994 ല്‍ വിക്‌ടോറിയ ആതിഥേയത്വം വഹിച്ചതുമാണ്. സാമ്പത്തികബാധ്യത താങ്ങാന്‍ കഴിയുന്നില്ലെന്നാണു വാദം. മറ്റൊരു രാജ്യം വേദിയൊരുക്കാന്‍ മുന്നോട്ടു വന്നിട്ടുമില്ല. ഇതോടെ കോമണ്‍വെല്‍ത്ത് ഗെയിംസ്തന്നെ നിന്നുപോകുമെന്ന അവസ്ഥയാണ്.
കോമണ്‍വെല്‍ത്ത് ഗെയിംസ് ഫെഡറേഷനില്‍ 72 രാജ്യങ്ങള്‍ അംഗങ്ങളായുണ്ടെങ്കിലും ഇതുവരെ ആറു രാജ്യങ്ങള്‍ മാത്രമാണ് വേദിയൊരുക്കിയിട്ടുള്ളത്. ബ്രിട്ടണും കാനഡയും ഓസ്‌ട്രേലിയയും ന്യൂസിലന്‍ഡും ജമൈക്കയും ഇന്ത്യയും മാത്രമാണ് ഗെയിംസ് സംഘടിപ്പിച്ചത്. ദക്ഷിണാഫ്രിക്കയിലെ ഡര്‍ബന്‍ 2018 ലും 2022 ലും വേദിയാകാന്‍ ഒരുങ്ങിയെങ്കിലും പിന്‍വാങ്ങി. തുടര്‍ന്ന് യഥാക്രമം ഗോള്‍ഡ് കോസ്റ്റും (ഓസ്‌ട്രേലിയ) ബര്‍മ്മിങ്ങാമും (ബ്രിട്ടന്‍) ആതിഥേയത്വം ഏറ്റെടുത്തു. ഇത്തവണ പകരക്കാരായി ആരും മുന്നോട്ടു വരുന്നില്ല എന്നതാണ് ആശങ്ക ഉയര്‍ത്തുന്നത്.
ഏഷ്യന്‍ ഗെയിംസ്‌പോലെ വിവിധ ഭൂഖണ്ഡങ്ങള്‍ക്ക് അവരുടേതായ കായികമേളകള്‍ ഉള്ളപ്പോള്‍ പഴയ ബ്രിട്ടീഷ് കോളനികളുടെ മേളയ്ക്ക് എന്തു പ്രസക്തിയെന്ന ചോദ്യം ഏതാനും വര്‍ഷമായി ഉയരുന്നുണ്ട്. പക്ഷേ, കോമണ്‍വെല്‍ത്ത് ഗെയിംസിലെ ചില ഇനങ്ങളില്‍ താരമൂല്യവും പോരാട്ടതീവ്രതയും ഏഷ്യന്‍ഗെയിംസിനെക്കാള്‍ മുകളിലാണ് എന്നത് വസ്തുതയാണ്. പ്രത്യേകിച്ച് അത്‌ലറ്റിക്‌സ്, നീന്തല്‍ ഇനങ്ങളില്‍.
ഒളിമ്പിക്‌സും ലോകകപ്പ് ഫുട്‌ബോളുംവരെ സാമ്പത്തികമായി വലിയ ബാധ്യതയാണ് അതതു രാജ്യങ്ങള്‍ക്കു സൃഷ്ടിച്ചത്. ഏറ്റവും ഒടുവില്‍ ഒളിമ്പിക്‌സ് നടത്തിയ ടോക്കിയോയും ലോകകപ്പിനു വേദിയൊരുക്കിയ ഖത്തറും വിഷമിച്ചു. പക്ഷേ, അഭിമാനപ്രശ്‌നമായതിനാല്‍ പിന്‍വാങ്ങിയില്ല. ഖത്തറിന് ആഭ്യന്തര ഉത്പാദനത്തിന്റെ പത്തുശതമാനം ചെലവിടേണ്ടി വന്നെന്നാണ് അറിഞ്ഞത്. ടോക്കിയോയ്ക്ക് കൊവിഡും പ്രതിസന്ധി സൃഷ്ടിച്ചു. വന്‍നഷ്ടമാണ് ഉണ്ടായത്. അടുത്ത ഒളിമ്പിക്‌സ് അടുത്തവര്‍ഷം പാരീസിലാണ് നടക്കുക. കൊവിഡ്മൂലം നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പലതും മുടങ്ങിയിരുന്നു. പോയവര്‍ഷം പുനരാരംഭിച്ചപ്പോള്‍ സമയത്തിനൊത്തു മുന്നോട്ടുകൊണ്ടുപോകാന്‍ പാരീസ് സംഘാടകര്‍ വിഷമിച്ചു.
ക്രിക്കറ്റ് ലോകകപ്പുകള്‍ ഒഴികെയെല്ലാം വന്‍സാമ്പത്തികബാധ്യതയാണെന്ന പ്രചാരം ശക്തമാണ്. അതുകൊണ്ടാണ് പല മഹാമേളകള്‍ക്കും വേദിയാകാനുള്ള അപേക്ഷകള്‍ കുറയുന്നത്. ലോകകപ്പ് ഫുട്‌ബോളിനും ഗ്രീഷ്മകാല, ശീതകാല ഒളിമ്പിക്‌സിനുമൊക്കെ വേദി അനുവദിച്ചതില്‍ വലിയ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്ന കാലം കഴിയുകയാണ്. ഇനി വേദിക്കായി സമ്മര്‍ദങ്ങള്‍ ഉണ്ടാകാന്‍ സാധ്യത വളരെ കുറവാണ്. ഒളിമ്പിക്‌സിന്റെയും ലോകകപ്പിന്റെയും സ്ഥിതി ഇതാകുമ്പോള്‍ കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ കാര്യം കഷ്ടംതന്നെ.
2036 ലെ ഒളിമ്പിക്‌സിനു വേദിയാകാന്‍ അഹമ്മദാബാദ് ശ്രമം തുടങ്ങിയിട്ടുണ്ട്. വളരെ പെട്ടെന്ന് ദേശീയ ഗെയിംസ് നടത്തി വിജയിപ്പിച്ച അഹമ്മദാബാദ് 2026 ലെ കോമണ്‍വെല്‍ത്ത് ഗെയിംസ് വേദിക്കായി ശ്രമിക്കുമെന്നു കേട്ടെങ്കിലും അധികൃതര്‍ ഒന്നും പറയുന്നില്ല. 2010 ല്‍ ന്യൂഡല്‍ഹിയില്‍ നടന്ന കോമണ്‍വെല്‍ത്ത് ഗെയിംസ് വിജയമായിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ തീരാക്കളങ്കമാണ് ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനും ഇന്ത്യന്‍ കായികവേദിക്കുതന്നെയും സമ്മാനിച്ചത്. അന്നത്തെ ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷന്‍ സ- ാരഥി സുരേഷ് കല്‍മാഡി ഉള്‍പ്പെടെ പലരും ജയിലിലും കിടക്കേണ്ടിവന്നു.
അഹമ്മദാബാദില്‍ കോമണ്‍വെല്‍ത്ത് ഗെയിംസ് നടത്തി പാളിപ്പോയാല്‍ അത് ഒളിമ്പിക്‌സ് വേദിയാകാനുള്ള ഇന്ത്യന്‍ സ്വപ്നങ്ങള്‍ തല്ലിക്കെടുത്തും. അത്തരമൊരു സാഹസത്തിന് ബന്ധപ്പെട്ടവര്‍ തയ്യാറാകില്ല. മാത്രമല്ല, 72 രാജ്യങ്ങളില്‍നിന്നുള്ള താരങ്ങളെ അണിനിരത്തി ഒരു മഹാമേള സംഘടിപ്പിക്കുന്നതിന്റെ ചെലവ് താങ്ങാനാവുന്നതിലധികമായിരിക്കും. ദക്ഷിണാഫ്രിക്കപോലും ഒന്നിലധികം തവണ പിന്മാറിയത് പാഠമായി നമുക്കു മുന്നിലുണ്ട്.
പക്ഷേ, കോമണ്‍വെല്‍ത്ത് ഗെയിംസ് മുടങ്ങുന്നതിന്റെ നഷ്ടം നമ്മുടെ കായികതാരങ്ങള്‍ക്കാണ്. കഴിഞ്ഞ ഗെയിംസിലൊക്കെ മെച്ചപ്പെട്ട പ്രകടനമാണ് ഇന്ത്യന്‍ താരങ്ങള്‍ കാഴ്ചവച്ചത്. മലയാളികളുടെ കാര്യമെടുത്താല്‍ 1978 ല്‍ ലോങ്ജംപില്‍ വെങ്കലം നേടിയ സുരേഷ് ബാബുവാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ മെഡല്‍ നേടിയ ആദ്യമലയാളി. പി.ടി. ഉഷ, ഷൈനി വില്‍സന്‍, എം.ഡി. വല്‍സമ്മ തുടങ്ങിയവര്‍ക്കൊന്നും കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുക്കാന്‍പോലും സാധിച്ചിട്ടില്ല. മേഴ്‌സി മാത്യു കുട്ടനാണ് കോമണ്‍വെല്‍ത്ത് ഗെയിംസില്‍ പങ്കെടുത്ത ആദ്യമലയാളിവനിത. ട്രാക്ക് ആന്‍ഡ് ഫീല്‍ഡിന് അപ്പുറം ബാഡ്മിന്റനിലും ബോക്‌സിങ്ങിലും ഒക്കെ മലയാളികള്‍ തിളങ്ങിയ വേദിയാണിത്. ഗെയിംസ് നിന്നുപോയാല്‍ ഏഷ്യന്‍ ഗെയിംസിനും ഒളിമ്പിക്‌സിനും മധ്യേയൊരു മത്സരവേദിയാണ് കായികതാരങ്ങള്‍ക്കു നഷ്ടപ്പെടുക.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)