ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകത്തെക്കുറിച്ചുള്ള പഠനം.
പത്താം ഭാഗം
1969 ല്‍ വിശുദ്ധ പോള്‍ ആറാമന്‍ മാര്‍പാപ്പാ ആരംഭിച്ചതാണ് ഇന്റര്‍ നാഷണല്‍ തിയോളജിക്കമ്മീഷന്‍. വിവിധ രാജ്യങ്ങളില്‍നിന്നായി മുപ്പതോളം അംഗങ്ങളുള്ള കമ്മീഷന്റെ കാലാവധി അഞ്ചു വര്‍ഷമാണ്. വിശ്വാസകാര്യങ്ങളുടെ തിരുസംഘത്തിന്റെ ഭാഗമായിട്ടാണ് ഈ കമ്മീഷന്‍ പ്രവര്‍ത്തിക്കുന്നത്. ആദ്യത്തെ കമ്മീഷനില്‍ ഹെന്റി ലുബാക്, യീവ് കോണ്‍ഗാര്‍, ഹാന്‍സ് ഊര്‍സ്‌വോണ്‍ ബല്‍ത്താസര്‍, കാള്‍ റാനര്‍ തുടങ്ങിയവരോടൊപ്പം ജോസഫ് റാറ്റ്‌സിങ്ങറും ഉണ്ടായിരുന്നു.
ഓരോ അഞ്ചുകൊല്ലവും ഈ കമ്മീഷന്‍ പുനഃസംഘടിപ്പിച്ചുപോരുന്നു. ഇപ്പോഴുള്ളത് ഒന്‍പതാമത്തെ ദൈവശാസ്ത്രക്കമ്മീഷനാണ്.
ഭാരതത്തില്‍നിന്ന് റവ. ഡോ. സെബാസ്റ്റ്യന്‍ കരോട്ടെമ്പ്രയില്‍ എസ്.ഡി.ബി., റവ. ഡോ. ഡൊമിനിക് വെളിയത്ത് എസ്.ഡി.ബി., ആലുവ സെന്റ് ജോസഫ്‌സ് സെമിനാരി പ്രൊഫസറായിരുന്ന റവ. ഡോ. ജോര്‍ജ് കാരക്കുന്നേല്‍ എന്നിവര്‍ ദൈവശാസ്ത്രക്കമ്മീഷനില്‍ അംഗങ്ങളായിരുന്നിട്ടുണ്ട്. ഇപ്പോള്‍ റവ. ഡോ. തോമസ് കൊല്ലംപറമ്പില്‍ സി.എം.ഐ. ഈ കമ്മീഷനില്‍ അംഗമാണ്.
കാല്‍നൂറ്റാണ്ടോളം, വി. ജോണ്‍ പോള്‍ രണ്ടാമന്‍ മാര്‍പാപ്പായുടെ കാലത്ത് വിശ്വാസകാര്യങ്ങളുടെ തിരുസംഘത്തിന്റെ അധ്യക്ഷനായിരുന്ന കര്‍ദിനാള്‍ റാറ്റ്‌സിങ്ങര്‍ ദൈവശാസ്ത്രക്കമ്മീഷന്റെയും അധ്യക്ഷനായിരുന്നു. 2005 ല്‍ മാര്‍പാപ്പായായി തിരഞ്ഞെടുക്കപ്പെട്ട അദ്ദേഹം 2009 ഡിസംബര്‍മാസം ഒന്നാം തീയതി അന്തര്‍ദേശീയ തിയോളജിക്കമ്മീഷന്‍ അംഗങ്ങളോടൊപ്പം അര്‍പ്പിച്ച വിശുദ്ധകുര്‍ബാനയില്‍ നല്കിയ വചനസന്ദേശം കര്‍ദിനാള്‍ സറായുടെ ഗ്രന്ഥത്തില്‍ ചേര്‍ത്തിട്ടുണ്ട്. പ്രസ്തുത വചനസന്ദേശത്തിന്റെ ഉള്ളടക്കം ഞാന്‍ ഈ ലേഖനത്തില്‍ പങ്കുവയ്ക്കുന്നു:
''അപ്പോള്‍ ഈശോ അരുള്‍ ചെയ്തു: സ്വര്‍ഗത്തിന്റെയും ഭൂമിയുടെയും നാഥനായ എന്റെ പിതാവേ, നീ ഇക്കാര്യം ജ്ഞാനികളിലും വിവേകികളിലുംനിന്നു മറച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിനാല്‍ ഞാന്‍ നിന്നെ പുകഴ്ത്തുന്നു. അതേ, പിതാവേ, അതാണ് നിന്റെ തിരുമനസ്സ്. എന്റെ പിതാവ് സര്‍വവും എന്നെ ഭരമേല്പിച്ചിരിക്കുന്നു. പിതാവല്ലാതെ മറ്റാരും പുത്രനെ അറിയുന്നില്ല. പുത്രനും പുത്രന്‍ ആര്‍ക്കു വെളിപ്പെടുത്താന്‍ മനസ്സാകുന്നുവോ അവനും അല്ലാതെ മറ്റാരും പിതാവിനെയും അറിയുന്നില്ല.'' (വി. മത്തായി 11: 25-27).
'കര്‍ത്താവിന്റെ ഈ വാക്കുകള്‍ ദൈവശാസ്ത്രജ്ഞരായ നമുക്ക് ഒരു വെല്ലുവിളിയാണ്. കുറച്ചുകൂടി കൃത്യമായി പറഞ്ഞാല്‍, നമ്മള്‍ ദൈവശാസ്ത്രജ്ഞര്‍ ആരാണെന്നും ദൈവശാസ്ത്രം എന്താണെന്നും ആത്മശോധന നടത്താനുള്ള ഒരാഹ്വാനമാണ് ഈ സുവിശേഷഭാഗം' എന്നു പറഞ്ഞുകൊണ്ടാണ് ബനഡിക്ട് പതിനാറാമന്‍ ഈ സന്ദേശം ആരംഭിക്കുന്നത്.
ത്രിത്വത്തിന്റെയും മനുഷ്യാവതാരത്തിന്റെയും ദിവ്യരഹസ്യങ്ങള്‍ ജ്ഞാനികളില്‍നിന്നു മറച്ചുവച്ച് ശിശുക്കള്‍ക്കു വെളിപ്പെടുത്തിയതിന് ഈശോ പിതാവിനെ സ്തുതിക്കുന്നു.
ഇത് ഈശോയ്ക്ക് തന്റെ ജനനംമുതലുള്ള ഒരനുഭവമാണ്. അന്ന് രക്ഷകന്‍ എവിടെ ജനിക്കുമെന്ന ചോദ്യത്തിന് ജ്ഞാനികളും പണ്ഡിതരും കൃത്യമായ മറുപടി നല്കി: ബേത്‌ലഹേം. പക്ഷേ, അവര്‍ക്ക് അങ്ങോട്ടുപോകാന്‍ തോന്നിയില്ല.
ഈശോയുടെ പരസ്യജീവിതകാലത്ത് അറിവുള്ളവരും മോശയുടെ നിയമങ്ങള്‍ കര്‍ശനമായി അനുസരിക്കുന്നവരുമായ നിയമജ്ഞര്‍ക്കും ഫരിസേയര്‍ക്കും അവിടുത്തെ ദൈവത്വം തിരിച്ചറിയാനും അംഗീകരിക്കാനും സാധിച്ചില്ല. എന്നാല്‍, എളിയവര്‍ അവിടുത്തെ തിരിച്ചറിഞ്ഞു, പരിശുദ്ധ കന്യകയും ഗലീലയിലെ മുക്കുവരും കുരിശിന്‍ചുവട്ടില്‍ നിന്ന റോമന്‍പട്ടാളക്കാരനുംവരെ ഈശോ ദൈവപുത്രനാണെന്നു തിരിച്ചറിഞ്ഞ് ഏറ്റുപറഞ്ഞു.
ഇപ്രകാരം വിശദീകരിക്കുന്ന പരിശുദ്ധ പിതാവ് ബനഡിക്ട് പതിനാറാമന്‍ ഈശോയിലുള്ള വിശ്വാസത്തിന്റെ കാര്യത്തില്‍ ഇപ്പോഴും ഈ സ്ഥിതി തുടരുന്നതായി നിരീക്ഷിക്കുന്നു. ഉദാഹരണത്തിന്, കഴിഞ്ഞ ഇരുന്നൂറു വര്‍ഷക്കാലഘട്ടം പരിശോധിച്ചാല്‍ വലിയ ചിന്തകരെയും ദൈവശാസ്ത്രജ്ഞരെയും വിശുദ്ധ ഗ്രന്ഥവ്യാഖ്യാതാക്കളെയും കണ്ടെത്താനാകും. എന്നാല്‍, വിശ്വാസത്തിന്റെ കാതല്‍ പലപ്പോഴും അവരില്‍നിന്നു മറച്ചുവയ്ക്കപ്പെടുകയായിരുന്നു.
നേരേമറിച്ച്, ഇതേ കാലഘട്ടത്തില്‍ ദിവ്യരഹസ്യങ്ങള്‍ ഹൃദയംകൊണ്ടു ഗ്രഹിച്ച ചെറിയവരുണ്ടായിരുന്നു. ലൂര്‍ദിലെ വിശുദ്ധ ബര്‍ണര്‍ദേത്തും ലിസ്യൂവിലെ വിശുദ്ധകൊച്ചുത്രേസ്യായും മൊളോക്കോയിലെ വി. ഡാമിയനും കല്‍ക്കട്ടായിലെ വി. മദര്‍തെരേസായും ഈ എളിയവരില്‍ ഏതാനും പേരാണ്.
ഇതോടൊപ്പം പരിശുദ്ധപിതാവ് പ്രത്യേകം എടുത്തു പറയുന്ന ഒരു വിശുദ്ധയാണ് ജോസഫൈന്‍ ബകീത്താ.
വി. ജോസഫൈന്‍ ബകീത്താ (1869-1947)
രണ്ടായിരാമാണ്ട് ഒക്‌ടോബര്‍ ഒന്നാംതീയതി ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പാ വത്തിക്കാനില്‍വച്ച് വിശുദ്ധയായി പ്രഖ്യാപിച്ച കനോസിയന്‍ സഭാംഗമാണ് സിസ്റ്റര്‍ ജോസഫൈന്‍ ബകീത്ത. വത്തിക്കാന്‍ ഔദ്യോഗികമായി നല്കുന്ന ജീവിതചരിത്രക്കുറിപ്പനുസരിച്ച് അവര്‍ 1869 ല്‍ പശ്ചിമസുഡാനില്‍ ജനിച്ചു. കൃത്യമായ തീയതി ലഭ്യമല്ല. ഏഴുമക്കളുള്ള ഒരു കുടുംബത്തില്‍ സന്തോഷത്തോടെ ജീവിച്ചുപോന്ന അവളെ ആറേഴു വയസ്സുള്ളപ്പോള്‍ അറബി അടിമക്കച്ചവടക്കാരന്‍ തട്ടിക്കൊണ്ടുപോയി. അതിന്റെ ആഘാതത്തില്‍ സ്വന്തം പേരുപോലും വിസ്മൃതിയില്‍ ആണ്ടുപോയി. ബകീത്താ എന്നത് അടിമക്കച്ചവടക്കാര്‍ നല്കിയ അറബിപ്പേരാണ്. അതിനര്‍ഥം ഭാഗ്യവതി എന്നാണെന്ന വിരോധാഭാസം അടിമയായി കൈമാറ്റം ചെയ്യപ്പെടുകയും ക്രൂരമായി പീഡിപ്പിക്കപ്പെടുകയും ചെയ്തപ്പോള്‍ ആ പെണ്‍കുട്ടിക്ക് അനുഭവപ്പെട്ടു കാണും. ശരീരത്തില്‍ മുറിവുകള്‍ ഇല്ലാത്ത ഒരവസ്ഥ അവള്‍ക്കില്ലായിരുന്നു എന്ന് പിന്നീട് ഓര്‍ത്തെടുക്കുന്നുണ്ട്. പലതവണ അവള്‍ കൈമാറ്റം ചെയ്യപ്പെട്ടു. ഏറ്റവും അവസാനം സുഡാന്റെ തലസ്ഥാനമായ കര്‍ത്തുമില്‍ ഒരിറ്റാലിയന്‍ കുടുംബത്തിലെത്തി. അവര്‍ അവളോടു മനുഷ്യത്വത്തോടെ പെരുമാറി. ആ കുടുംബം ഇറ്റലിക്കു തിരികെപ്പോന്നപ്പോള്‍ അവരോടൊപ്പം ഇറ്റലിക്കു പോരാന്‍ അവള്‍ ആഗ്രഹിക്കുകയും അവര്‍ അതിനു സമ്മതിക്കുകയും ചെയ്തു. ഈ കുടുംബം അവരുടെ മകളോടൊപ്പം വെനേത്തോ എന്ന സ്ഥലത്തുള്ള കലോസിയന്‍ സിസ്റ്റേഴ്‌സിന്റെ ബോര്‍ഡിങ്ങിലാക്കി. അവിടെവച്ച് ബഹുമാനപ്പെട്ട സിസ്റ്റേഴ്‌സ് അവളെ ക്രിസ്തീയവിശ്വാസം എന്തെന്നു പറഞ്ഞുകൊടുക്കുകയും അവള്‍ക്കു മാമ്മോദീസാ നല്കുകയും ചെയ്തു. വെനീസിലെ കര്‍ദിനാള്‍ സാര്‍ത്തോ (പിന്നീട് പത്താം പീയൂസ്) ആണ് ബകീത്തായ്ക്ക്, തൈലാഭിഷേകവും വിശുദ്ധ കുര്‍ബാനയും നല്കിയത്. അവള്‍ കനോസിന്‍മഠത്തില്‍ച്ചേര്‍ന്ന് എളിയജോലികളൊക്കെ ചെയ്ത് വിശുദ്ധ ജീവിതം നയിച്ചു. ആ പ്രദേശവാസികള്‍ക്ക് വലിയ സ്‌നേഹവും മതിപ്പും അവര്‍ കറുത്ത മദര്‍ എന്ന് ആദരവോടെ വിളിച്ചിരുന്ന ഈ സന്ന്യാസിനിയോട് ഉണ്ടായിരുന്നു.
അമ്പതു വര്‍ഷക്കാലം ഒരു കനോസിയന്‍ സന്ന്യാസിനിയായി ജീവിതം നയിച്ചശേഷം 1947 ഫെബ്രുവരി 8-ാം തീയതി ജോസഫൈന്‍ ബകീത്താ സ്വര്‍ഗത്തിലേക്കു യാത്രയായി. അവരുടെ തിരുനാള്‍ ഫെബ്രുവരി 8-ാം തീയതിയാണ് ആഘോഷിക്കപ്പെടുന്നത്.
വിജ്ഞാനികള്‍
വിജ്ഞാനികള്‍ ചെറുതായാല്‍ അവര്‍ക്കും ദിവ്യരഹസ്യങ്ങളില്‍ വിശ്വസിക്കാനാകും. ബനഡിക്ട്പാപ്പാ അതിനു ചൂണ്ടിക്കാണിക്കുന്ന ഉദാഹരണം വിശുദ്ധ പൗലോസ്ശ്ലീഹായാണ്. തുടര്‍ന്ന്, അറിവല്ല ഗര്‍വാണ് ദിവ്യരഹസ്യങ്ങളില്‍ വിശ്വസിക്കാന്‍ വിഘ്‌നം സൃഷ്ടിക്കുന്നതെന്ന് അദ്ദേഹം വിശദമാക്കുന്നു.
യഥാര്‍ഥമായ എളിമയ്ക്കായി പ്രാര്‍ഥിക്കാനും യഥാര്‍ഥ ദൈവശാസ്ത്രജ്ഞനുണ്ടായിരിക്കേണ്ട ശിശുത്വം സമ്പാദിച്ച് ദൈവത്തെ ഹൃദയത്തില്‍ തൊട്ടറിഞ്ഞ് ദിവ്യരഹസ്യങ്ങള്‍ പ്രഘോഷിക്കാനും അവനു സാധിക്കട്ടേയെന്ന് ആശംസിച്ചുകൊണ്ടാണ് ബനഡിക്ട് പിതാവ് ഈ വചനസന്ദേശം ഉപസംഹരിച്ചത്.