മൂന്നു വര്‍ഷംമുമ്പ് ഒരു വിവാഹത്തില്‍ പങ്കെടുക്കാനായി ഞങ്ങള്‍ തമിഴ്‌നാട്ടിലേക്കു പോയി. വിവാഹിതരായ സ്ത്രീയും പുരുഷനും നല്ല ദൈവഭക്തിയുള്ളവരും ക്രിസ്തീയകുടുംബങ്ങളില്‍ ജനിച്ചുവളര്‍ന്നവരുമാണ്. എന്തായാലും കഴിഞ്ഞ ദിവസം, പ്രായമായിരിക്കുന്ന അവരുടെ മാതാപിതാക്കളെ കാണാന്‍ വീണ്ടും ഞങ്ങള്‍ ആ വീട്ടില്‍ ചെന്നു. സമ്പന്നതയുടെ എല്ലാ ലക്ഷണങ്ങളുമുള്ള വീടും പരിസരവും. പക്ഷേ, മാതാപിതാക്കള്‍ ഞങ്ങളെ കണ്ടപ്പോള്‍ കരയുന്നതുപോലെ എനിക്കു തോന്നി. ഞങ്ങളെ വര്‍ഷങ്ങള്‍ക്കുശേഷം കണ്ടപ്പോഴുണ്ടായ സന്തോഷക്കണ്ണീരായിരിക്കുമെന്നാണ് ഞാന്‍ ധരിച്ചത്.
ഭക്ഷണമൊക്കെ കഴിഞ്ഞ് ഞങ്ങള്‍ സംസാരിക്കുകയായിരുന്നു. പെട്ടെന്ന് തന്റെ മകന്റെ അവസ്ഥയെപ്പറ്റി പറഞ്ഞു. അവന്റെ ഭാര്യ, മൂന്നു മക്കളുള്ള ഒരാളുടെകൂടെ ഒളിച്ചോടിപ്പോയി. അവനിപ്പോള്‍ ദൂരെയെവിടെയോ ജോലിയിലാണ്. ഞങ്ങള്‍ക്കു വിശ്വസിക്കാനായില്ല. വിവാഹവും വിവാഹമോചനവുമെല്ലാം ഒരു തമാശയായി മാറിയോ? നാല്പത്തിയഞ്ചു വര്‍ഷംമുമ്പ് ബൈബിളില്‍ കൈവച്ച് സത്യപ്രതിജ്ഞ ചെയ്തു വിവാഹത്തിലേക്കു പ്രവേശിച്ച എനിക്ക് ഇതൊക്കെ അംഗീകരിക്കാന്‍ പറ്റുന്നില്ല. ഒത്തിരിയേറെ പ്രയാസങ്ങളും, മറ്റാരോടും പറയാത്ത ദുഃഖങ്ങളുമുണ്ടെങ്കിലും അള്‍ത്താരയുടെ മുമ്പില്‍ ചെയ്ത പ്രതിജ്ഞ ഞാനെങ്ങനെ വിസ്മരിക്കും?
കത്തോലിക്കാസഭയുടെ മതബോധനഗ്രന്ഥം 1601 ഖണ്ഡികയില്‍ പറയുന്നു: ''മാമ്മോദീസാ സ്വീകരിച്ച രണ്ടു വ്യക്തികള്‍ തമ്മിലുള്ള വിവാഹ ഉടമ്പടിയെ കര്‍ത്താവായ ക്രിസ്തു ഒരു കൂദാശയുടെ പദവിയിലേക്ക് ഉയര്‍ത്തിയിരിക്കുന്നു.'' വീണ്ടും 1603-ാം ഖണ്ഡികയില്‍ പറയുന്നു: ''വിവാഹത്തിന്റെ കര്‍ത്താവു ദൈവംതന്നെയാണ്.'' നൂറ്റാണ്ടുകളിലൂടെ പല മാറ്റങ്ങളും വന്നിട്ടുണ്ടെങ്കിലും വിവാഹം വെറും മാനുഷികമായ ഒരു സ്ഥാപനമല്ല.
എന്തുകൊണ്ടാണ് സമീപകാലങ്ങളിലെ വിവാഹങ്ങളില്‍ പാളിച്ചകള്‍ സംഭവിക്കുന്നത്? ഇന്നു പത്രപ്പരസ്യങ്ങളില്‍ പുനര്‍വിവാഹിതരുടെ എണ്ണം കൂടുന്നതായി കാണുന്നു. തന്റേതല്ലാത്ത കാരണത്താല്‍ വിവാഹബന്ധം അവസാനിപ്പിച്ചു എന്നും വായിക്കാറുണ്ട്. വിവാഹബന്ധം ശാശ്വതമാകണമെങ്കില്‍ പല കാര്യങ്ങളിലും ശ്രദ്ധ വേണം. എന്റെ അഭിപ്രായത്തിലും അനുഭവത്തിലും മാതാപിതാക്കള്‍തന്നെ മകനോ മകള്‍ക്കോ വിവാഹം ആലോചിക്കണം. മക്കള്‍ക്കു ജന്മം നല്കിയ മാതാപിതാക്കള്‍ക്ക് അവരുടെ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള വിവേകവും ഉണ്ടായിരിക്കും. മാതാപിതാക്കള്‍ അന്വേഷിച്ചു കണ്ടെത്തിയാല്‍ മക്കള്‍ക്കും വിഷമമുണ്ടാകാന്‍ സാധ്യതയില്ല. കാരണം, എന്തു പ്രശ്‌നം വന്നാലും അപ്പനോടും അമ്മയോടും ധൈര്യമായി പറയാം. മക്കള്‍ വിവാഹപ്രായമായാല്‍ മാതാപിതാക്കള്‍ വിവാഹം ആലോചിക്കും. തങ്ങളുടെ സാമ്പത്തികചുറ്റുപാടുകള്‍ക്കും ബന്ധങ്ങള്‍ക്കും ഏകദേശമെങ്കിലും ഇണങ്ങിയവയെ മാത്രമേ അന്വേഷിക്കാവൂ.
മകനോ മകളോ വിവാഹിതരായാല്‍ പിന്നെ ഞങ്ങള്‍ക്കൊരു ഉത്തരവാദിത്വവുമില്ലെന്ന ധാരണ തെറ്റാണ്. അവരുടെ സുഖത്തിലും ദുഃഖത്തിലും മാതാപിതാക്കളും പങ്കാളികളാണ്. കുറ്റം പറഞ്ഞതുകൊണ്ടോ വീടുവച്ചുകൊടുത്തതുകൊണ്ടോ നമ്മള്‍ തൃപ്തരാകരുത്. അവര്‍ക്കുവേണ്ടി പ്രാര്‍ഥിക്കുകയും അവരുടെ വീടുകളില്‍ വല്ലപ്പോഴുമെങ്കിലും പോകുകയും ചെയ്യണം.
വിവാഹം കഴിച്ചയച്ച മകളെ എപ്പോഴും ഫോണ്‍ വിളിക്കുന്നത് ദോഷം ചെയ്യും. ഒരു ഭര്‍ത്താവ് ഒരിക്കല്‍ പറയുകയുണ്ടായി. വിദേശത്താണ് അവള്‍ താമസിക്കുന്നതെങ്കിലും, കറിക്ക് ഉപ്പു ചേര്‍ക്കുന്നതുമുതല്‍ എല്ലാ വിവരവും അവള്‍ അമ്മയോടു വിളിച്ചുപറയും. അതുകൊണ്ട് അവളോടു പല കാര്യങ്ങളും പറയാറില്ലെന്ന്. വിവാഹം കഴിഞ്ഞ മകളുടെ വീട്ടില്‍ പോകുന്നതു നല്ലതാണ്. പക്ഷേ, അവള്‍ക്കും അവളുടെ വീട്ടുകാര്‍ക്കും താത്പര്യമില്ലെന്നു തോന്നിയാല്‍ അധികം താമസിയാതെ തിരികെപ്പോരണം. എനിക്കറിയാവുന്ന ഒരമ്മച്ചി മകളുടെ ഭര്‍ത്താവ്, അവളെ വഴക്കുപറയുന്നുവെന്ന കാരണത്താല്‍ വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോന്നു. പിന്നെ ഭര്‍ത്താവ് വിളിച്ചുകൊണ്ടുപോകാന്‍ വന്നില്ല. ഇപ്പോള്‍ അമ്മച്ചിയുടെ കൂടെ മകളും, മകളുടെ മകളും. മകളുടെ മകളെ പഠിപ്പിക്കാന്‍ അമ്മച്ചി കഷ്ടപ്പെടുകയാണ്.
മനുഷ്യജീവിതത്തില്‍ സഹനങ്ങളും ദുഃഖങ്ങളുമുണ്ട്. അതെല്ലാം മനസ്സിലാക്കി പ്രാര്‍ഥനയോടെ ജീവിക്കുന്നതു നല്ലതാണ്. ഒളിച്ചോട്ടമൊന്നും ശാശ്വതമല്ല. കുറച്ചുകഴിയുമ്പോള്‍ തിരിച്ചോടേണ്ടതായി വരാം.
വിവാഹത്തിന്റെ മാഹാത്മ്യത്തിനെതിരായ തെറ്റുകള്‍ ചെയ്യരുത്. മതബോധനഗ്രന്ഥത്തിന്റെ 2380-ാം ഖണ്ഡികയില്‍ പറയുന്നുണ്ട്, വ്യഭിചാരം എന്ന വാക്കിന്റെ അര്‍ഥം ദാമ്പത്യ അവിശ്വസ്തത എന്നാണെന്ന്. വ്യഭിചാരം ഒരു അനീതിതന്നെയാണ്. മാമ്മോദീസാ സ്വീകരിച്ചവര്‍ തമ്മിലുള്ള വിവാഹത്തെ മരണമൊഴികെ യാതൊരു കാരണവശാലും വേര്‍പെടുത്താനാവില്ല. (മതബോധനഗ്രന്ഥം 2382). വീണ്ടും പ്രസ്തുതഗ്രന്ഥത്തില്‍ പറയുന്നു: ''വിവാഹജീവിതത്തിനുള്ളില്‍ മാത്രമാണ് ലൈംഗികബന്ധം നടക്കേണ്ടത്; വിവാഹത്തിനുപുറത്ത് അതു ഗൗരവപൂര്‍ണമായ പാപമാണ്. ഒരുവനെ അത് വിശുദ്ധകുര്‍ബാനസ്വീകരണത്തില്‍നിന്ന് ഒഴിവാക്കുകയും ചെയ്യുന്നു.'' വിവാഹ ഒരുക്ക സെമിനാര്‍ നടത്തുന്നതുപോലെ, വിവാഹിതരായവര്‍ക്കും ഇടയ്ക്കിടയ്ക്ക് ക്ലാസ്സുകള്‍ കൊടുക്കുന്നത് നല്ലതാണ്. അമ്പതും അറുപതും വര്‍ഷം ഒന്നിച്ചു ജീവിച്ചവരുടെ അനുഭവങ്ങള്‍ പങ്കുവയ്ക്കണം. 'ഒന്നിനും സമയമില്ല' എന്ന പല്ലവി ഉപേക്ഷിക്കണം. മൊബൈല്‍ ഫോണിനും സീരിയലുകള്‍ക്കും അധികം സമയം കളയാത്തതു നല്ലതാണ്. ഭാര്യയും ഭര്‍ത്താവും മക്കളുമെല്ലാം ഒന്നിച്ചിരുന്ന് കുറച്ചുസമയമെങ്കിലും സംസാരിക്കണം. മക്കളുടെ കൂട്ടുകാരെപ്പറ്റിയെല്ലാം മാതാപിതാക്കള്‍ ജാഗ്രത പുലര്‍ത്തണം. അങ്ങനെ നമ്മുടെ മക്കളെ നാടിനും വീടിനും അഭിമാനികളാക്കി മാറണം.