മലയാളത്തിന്റെ വാനമ്പാടിക്ക് അറുപത്
ചലച്ചിത്രഗാനാസ്വാദകരായ മലയാളികള്‍ക്ക് എന്നും ശ്രുതിമധുരമായ നാമമാണ് ചിത്ര! ശ്രീമതി ചിത്രയുടെ ഒരു ഗാനം, ഒരു ദിവസം എപ്പോഴെങ്കിലും എവിടുന്നെങ്കിലും എങ്ങനെയെങ്കിലും കേള്‍ക്കാതെ ഒരു മലയാളി ഉറങ്ങാറുേണ്ടാ? മലയാളത്തോടൊപ്പം തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലായി ഇരുപത്തയ്യായിരത്തില്‍പ്പരം ഗാനങ്ങള്‍ക്കു ശബ്ദമേകിയ ചിത്ര ഇപ്പോള്‍ അറുപതിന്റെ നിറവിലാണ്. അവര്‍ പാടിയ പാട്ടുകളില്‍ ഒന്നുപോലും ശ്രദ്ധിക്കപ്പെടാതെ പോയിട്ടില്ല. ഓരോ പാട്ടും ഓരോ അനുഭവമായി മാറുകയാണ് ആസ്വാദകന്. അതുകൊണ്ടാണ്, ചിത്രയുടെ പ്രണയാതുരമായ ഗാനങ്ങളില്‍ യുവത്വം ആടിയുലയുന്നത്, ശോകഗാനങ്ങളില്‍ കണ്ണുകള്‍ നിറയുന്നത്, ഭക്തിഗാനശ്രവണമാത്രയില്‍ കൈകള്‍ കൂപ്പിപ്പോകുന്നത്.
സ്വരഭംഗികൊണ്ടും ആലാപനവശ്യതകൊണ്ടും വാനമ്പാടിയെന്ന വിശേഷണത്തിനപ്പുറത്തേക്കു പറന്നിറങ്ങിയ പൂങ്കുയിലാണ് ചിത്ര! മഞ്ഞള്‍പ്രസാദമെന്ന ഒറ്റപ്പാട്ടുകൊണ്ടുതന്നെ മലയാളത്തിന്റെ പെണ്‍സ്വരമായി മാറി അവര്‍. വിനയത്തിന്റെ രാഗപൗര്‍ണമിയായി വിളങ്ങിക്കൊണ്ട് അവര്‍ ആലപിച്ച ഭാവാര്‍ദ്രമായ ഗാനങ്ങള്‍ ഓരോ മലയാളിയുടെയും തമിഴന്റെയും തെലുങ്കന്റെയും കന്നടക്കാരന്റെയും ജീവതാളമാണ്. അതില്‍ തലമുറകളുടെ വ്യത്യാസമില്ല. കാലം കഴിയുന്തോറും ആ സ്വരത്തിനു മാധുര്യമേറുകയാണ്. പ്രായം അറുപതിലെത്തിയിട്ടും ആ മൃദുസ്വനം കോട്ടമില്ലാതെ ഒഴുകുന്നു. കുട്ടിത്തം മാറാത്ത, നുണക്കുഴി കാട്ടിയുള്ള ചിരിയോടെ ചിത്ര പാടുന്ന രംഗം ആര്‍ക്കാണു മറക്കാന്‍ കഴിയുക? മലയാളിയുടെ പ്രണയത്തിലും വിരഹത്തിലും ശോകത്തിലും ആഹ്ലാദത്തിലും എല്ലാം ആ സ്വരം കൂട്ടായി മാറി. പതിറ്റാണ്ടുകള്‍നീണ്ട സംഗീതജീവിതത്തില്‍ ചിത്ര പാടിയ ഓരോ പാട്ടും നമ്മളോരോരുത്തരുടെയും പേഴ്‌സണല്‍ ഫേവറേറ്റുകളായി മാറി. ആറു ദേശീയപുരസ്‌കാരങ്ങളും 15 സംസ്ഥാനപുരസ്‌കാരങ്ങളും കൂടാതെ, ആന്ധ്രാ സര്‍ക്കാര്‍ ഒന്‍പതു പ്രാവശ്യവും തമിഴ്‌നാട് നാലു പ്രാവശ്യവും കര്‍ണാടക മൂന്നു പ്രാവശ്യവും ഒറീസാ ഒരു പ്രാവശ്യവും മികച്ച ഗായികയ്ക്കുള്ള അംഗീകാരങ്ങള്‍ നല്കി. 2005 ല്‍ പത്മശ്രീ അവാര്‍ഡു നേടിയ ചിത്രയ്ക്ക് വിനയം ഒരു സ്ഥായീഭാവമാണ്. നിറഞ്ഞ ചിരി ഒരു മുദ്രയാക്കി മാറ്റാനും സാധിക്കുന്നു.
അറുപതു തികയുമ്പോള്‍ എന്തു തോന്നുന്നു എന്ന ചോദ്യത്തിന് സീനിയറായതിനാല്‍ സന്തോഷമെന്നും എവിടെച്ചെന്നാലും ഒരു സീറ്റു കിട്ടുമല്ലോ എന്നും തമാശ! അച്ഛന്‍ കൃഷ്ണന്‍നായര്‍, അമ്മ ശാന്തകുമാരി. ഇരുവരും ഇന്നില്ല. മൂത്ത ചേച്ചി കെ.എസ്. ബീനയും, ഇളയവന്‍ കെ.എസ്. മഹേഷും, ഭര്‍ത്താവ് വിജയശങ്കറും എന്നും തുണയായി കൂടെയുണ്ട്. കെ.എസ്. ബീന ഒരു നലംതികഞ്ഞ പാട്ടുകാരിതന്നെയാണ്. പക്ഷേ, വേദിയെ ഭയപ്പാടോടെ കണ്ടിരുന്ന ബീനയ്ക്ക് സംഗീതം ഒരു തൊഴിലായി സ്വീകരിക്കാന്‍ കഴിഞ്ഞില്ല. നാലോ അഞ്ചോ സിനിമയ്ക്കു പാടിയശേഷം പടം മടക്കി.
നെയ്യാറ്റിന്‍കരയില്‍ ഒരു ഗാനമേള കേള്‍ക്കാന്‍ പോകുമ്പോഴാണ് യേശുദാസിനെ ആദ്യമായി കാണുന്നത്. അച്ഛന്‍ കൃഷ്ണന്‍നായര്‍ക്ക് ദാസിനെ പരിചയമുണ്ടായിരുന്നു. കുട്ടിയുടുപ്പിട്ടു കൂടെ നില്ക്കുന്നതാരാണെന്ന് ദാസ് ചോദിച്ചു. സ്വന്തം മകളാണെന്നറിയിച്ചപ്പോള്‍ ബീനച്ചേച്ചിയെപ്പോലെ പാടണമെന്നുപറഞ്ഞ് തലയില്‍ തലോടിയത് ചിത്ര ഓര്‍മിക്കുന്നു. ചേച്ചിയുടെ ഒരു പാട്ടു റെക്കോഡു ചെയ്യുന്ന ദിവസം കൂടെ അനുജത്തിയും ചിത്രാഞ്ജലി സ്റ്റുഡിയോയിലേക്ക് ഒരു കൗതുകത്തിനു പോയി. അന്ന് റെക്കോഡു ചെയ്ത ഗ്രൂപ്പ്‌സോങ്ങില്‍ ഒരു ഹമ്മിങ് പാടാന്‍ ചിത്രയ്ക്ക് അവസരം ലഭിച്ചു. അതാണ് ഏറ്റവും ആദ്യം റെക്കോഡു ചെയ്ത ശബ്ദം. പിന്നീട് എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിലുള്ള ഒരു പാട്ടിന്റെ ഗ്രൂപ്പില്‍ പാടാന്‍ അവസരം കിട്ടിയെങ്കിലും ഗാനം പുറത്തുവന്നില്ല. 'അട്ടഹാസം' എന്ന സിനിമയ്ക്കുവേണ്ടി പാടിയ 'ചെല്ലം ചെല്ലം' എന്ന ഗാനമായിരുന്നു അത്.
സത്യന്‍ അന്തിക്കാടിന്റെ ഞാന്‍ ഏകനാണ് എന്ന പടത്തില്‍ എം.ജി. രാധാകൃഷ്ണന്റെ സംഗീതത്തിലുള്ള 'രജനീ പറയൂ' പുറത്തുവന്നതോടുകൂടി ചിത്ര ചലച്ചിത്രഗാനരംഗം കീഴടക്കിക്കഴിഞ്ഞു. കോളജുപഠനത്തിന്റെ ഇക്കാലത്തുതന്നെ 'പ്രണയവസന്തം' എന്ന പാട്ടും ഇറങ്ങി. അതൊരു വലിയ സംഭവമായി; കൂട്ടുകാരുടെയിടയില്‍. ചിത്ര പാടിയ ആദ്യ അഞ്ചു സിനിമയ്ക്കും സംഗീതം നല്കിയത് എം.ജി. രാധാകൃഷ്ണനായിരുന്നു. ആറ്റുകാല്‍ അമ്പലത്തില്‍ പാടാന്‍വന്ന യേശുദാസിന്റെ വേദിക്കടുത്തെത്തി തന്നെ എടുത്തുയര്‍ത്തി യേശുദാസിനെ കാട്ടിക്കൊടുത്ത, റേഡിയോനിലയത്തില്‍ കുട്ടിക്കാലത്ത് ആദ്യമായി പാടാന്‍ എടുത്തുകൊണ്ടുപോയ, അങ്ങനെ തന്റെ ഭാവി കരുപ്പിടിപ്പിക്കാന്‍ മരണംവരെ എന്നും കൂട്ടുനിന്ന 'രാധാകൃഷ്ണന്‍ചേട്ടനെ' ഇന്നും അവര്‍ നന്ദിയോടെ ഓര്‍മിക്കുന്നു.
ഇളയരാജാ സാര്‍ പാടാന്‍ വിളിക്കുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചതല്ല. സിന്ധുഭൈരവി എന്ന സിനിമയുടെ സംവിധായകന്‍ ഫാസില്‍ വിവരം അറിയിച്ചപ്പോള്‍ ഒട്ടും വിശ്വസിച്ചില്ല. 'നാനൊരു ചിന്ത്' എന്ന ഗാനം പാടിക്കഴിഞ്ഞയുടനെ അടുത്ത ദിവസം മറ്റൊരു പാട്ടുണ്ട് എന്നറിയിച്ചപ്പോള്‍ വല്ലാത്ത മനപ്രയാസമായി. കാരണം, അന്ന് എം.എ. പരീക്ഷയാണ്. മടിച്ചു മടിച്ചു വിവരം ഇളയരാജായെ അറിയിച്ചു. പരീക്ഷ ഇനിയും വരുമെന്നും ഈ അവസരം നഷ്ടപ്പെടുത്തിയാല്‍ തിരികെക്കിട്ടില്ലെന്നും, സംഗീതഭാവി ഒരുപക്ഷേ, ഇതിനാല്‍ തെളിയുമെന്നും പറഞ്ഞത് അര്‍ഥവത്തായി. 'പാടറിയേന്‍ പഠിപ്പറിയേന്‍' എന്ന തമിഴ്ഗാനത്തിനാണ് ചിത്രയ്ക്ക് മികച്ച ഗായികയ്ക്കുള്ള ദേശീയ അവാര്‍ഡു ലഭിക്കുന്നത്. അതോടെ ഭര്‍ത്താവ് വിജയശങ്കര്‍ അലിന്‍ഡ് എന്ന സ്ഥാപനത്തിലുള്ള തന്റെ ജോലി രാജിവച്ച് സദാസമയം ഭാര്യയ്ക്കു സഹായിയായി മാറി. 'ചിന്നക്കുയില്‍' എന്നു തമിഴ്‌നാട്ടിലും, 'സംഗീതസരസ്വതി' എന്ന് ആന്ധ്രാപ്രദേശിലും, 'കന്നടകോകില' എന്നു കര്‍ണാടകത്തിലും പുകഴ്ത്തപ്പെടുമ്പോള്‍ മലയാളികള്‍ വാനമ്പാടി എന്നും ഓമനപ്പേരിട്ടു വിളിക്കുന്നു, ഇളംതലമുറയോ 'ചിത്രാമ്മ'യെന്നും!
ജന്മവാസനകൊണ്ട് സംഗീതാകാശത്ത് പൂര്‍ണചന്ദ്രികാസമാനം ശോഭിക്കുന്ന ഈ ഗായിക ജീവിച്ചിരിക്കുന്നതും മണ്‍മറഞ്ഞതുമായ എല്ലാ സംഗീതാചാര്യന്മാരുടെയും അനുഗ്രഹാശിസ്സുകള്‍ പണ്ടേ നേടിയെടുത്തവളാണ്.
അവരുടെ കലാജീവിതത്തിലെ മറക്കാനാവാത്ത ഒരു സംഭവംകൂടി കുറിച്ച് പേന താഴെ വയ്ക്കാമെന്നു വിചാരിക്കുന്നു. കര്‍ണാടകയില്‍ ഒരു പ്രോഗ്രാം കഴിഞ്ഞിറങ്ങിയ അവരുടെയടുത്തേക്കു തിക്കിത്തിരക്കി വന്ന ഒരു യുവാവ് 'അമ്മാ' എന്ന് ഉറക്കെക്കരഞ്ഞ് കാല്‍ക്കല്‍ വീണു. സ്തംഭിച്ചുപോയി! 'നിങ്ങളാണെന്നെ രക്ഷിച്ചത്. ഈ പാട്ടു കേട്ടില്ലായിരുന്നെങ്കില്‍ ഞാന്‍ ആത്മഹത്യ ചെയ്‌തേനെ അമ്മാ' എന്നു തേങ്ങിക്കരഞ്ഞ അയാളെ പിടിച്ചെഴുന്നേല്പിച്ചപ്പോള്‍ 'ഒവ്വര് പൂക്കളമേ' എന്ന ഗാനം കേട്ടതാണ് അയാള്‍ക്കു സമാശ്വാസമായതെന്നു മനസ്സിലായി. പാ വിജയ് എന്ന ഗാനരചയിതാവിന്റെ ഗാനസാഹിത്യം, അര്‍ഥത്തിനുചേര്‍ന്ന ഭാവത്തില്‍ ചിത്ര പാടിയത് അയാളുടെ ഹൃദയത്തെ മഥിച്ചു: ''ജീവിതമെന്നത് ഒരു പോരാട്ടമാണ്, ഉറച്ച വിശ്വാസത്തോടെ മുന്നോട്ടു പോകണം. തളരരുത്. ഒരു തോല്‍വിക്കപ്പുറത്ത് ഒരു വിജയം നമ്മടെ കാത്തിരിക്കുന്നുണ്ടാകും.'' 'മകനേ, എന്റെ ശബ്ദം ഒരു നിമിത്തമായി എന്നേ ഉള്ളൂ. ഗാനരചയിതാവ് പാ വിജയിയാണ് നിന്നെ രക്ഷിച്ചത്' എന്ന് എളിമയോടെ പറയാനാണു ചിത്രയ്ക്കു തോന്നിയത്. ഈ പാട്ട് ചെന്നൈയിലെ മാതൃമന്ദിര്‍ എന്ന സ്‌കൂളില്‍ ഓട്ടിസം ബാധിച്ച കുട്ടികളുടെ ഒരു ചടങ്ങില്‍ പാടിയപ്പോള്‍ കുട്ടികളും അവരുടെ രക്ഷിതാക്കളും കേള്‍വിക്കാരും ഒന്നടങ്കം പൊട്ടിക്കരഞ്ഞതും ചിത്ര കൂടെക്കരഞ്ഞതും ഓര്‍ക്കുന്നു.
ഹൃദയനൈര്‍മല്യംകൊണ്ടും തേനിറ്റിക്കുന്ന ശബ്ദമാധുര്യംകൊണ്ടും കറതീര്‍ന്ന ലാളിത്യത്തിന്റെ ലാവണ്യംകൊണ്ടും മനുഷ്യത്വം തുളുമ്പുന്ന പ്രവൃത്തികള്‍കൊണ്ടും ഈ ഗായിക ജനഹൃദയങ്ങള്‍ കീഴടക്കിയിട്ട് 60 വര്‍ഷം തികഞ്ഞു. എപ്പോഴും നുണക്കുഴി കാട്ടിച്ചിരിച്ചു പാടുന്ന ഈ സംഗീതദേവത കരിമ്പിന്‍തുണ്ടില്‍ തേന്‍പുരട്ടി നീട്ടുന്നതുപോലെയല്ലേ നമുക്കുവേണ്ടി പാടുന്നത്? ആ ദിവ്യപ്രക്രിയ ഇനിയും അറുപതാണ്ടിനുമേല്‍ നീളട്ടേയെന്ന് ജന്മദിനാശംസകള്‍ നേരുന്നു.