2007 ല്‍ സ്ഥാപിതമായ ഏനി അവാര്‍ഡുകള്‍, ഇന്ന് 15-ാം പതിപ്പില്‍ എത്തി നില്ക്കുമ്പോള്‍ ഊര്‍ജ, പരിസ്ഥിതിമേഖലകളിലെ ഗവേഷണങ്ങള്‍ക്ക് അന്താരാഷ്ട്രതലത്തില്‍ മുഖമുദ്ര പതിച്ചു നല്കുന്ന ഒരു അളവുകോലായി മാറിക്കഴിഞ്ഞിരിക്കുന്നു. പുതുതലമുറയിലെ ശാസ്ത്രീയ ഉന്നമനങ്ങളെ ഉത്തേജിപ്പിച്ചുകൊണ്ട് ഊര്‍ജകാര്യക്ഷമത, പുനരുപയോഗസാധ്യത, പരിസ്ഥിതിസംരക്ഷണം എന്നിവയില്‍ സമൂലമായ മുന്നേറ്റങ്ങള്‍ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിഭയ്ക്കും നൂതന ആശയങ്ങള്‍ക്കും ഏനി നല്കുന്ന പ്രാധാന്യത്തെ ഓരോ അവാര്‍ഡ് പ്രഖ്യാപനവും സാക്ഷ്യപ്പെടുത്തുന്നു.
റോം ആസ്ഥാനമായി പ്രവര്‍ത്തിച്ചുവരുന്ന ഊര്‍ജകമ്പനിയായ ഏനി ശാസ്ത്രമേഖലയിലെ കണ്ടുപിടിത്തങ്ങള്‍ക്ക് ഏര്‍പ്പെടുത്തിയ പുരസ്‌കാരങ്ങളുടെ ജേതാക്കളെ നിര്‍ണയിക്കുന്നത് നോബല്‍സമ്മാനജേതാക്കളുള്‍പ്പെട്ട ജൂറിയാണെന്നതും ആകര്‍ഷണീയമായ വസ്തുതതന്നെയാണ്.
പ്രകൃതിവിഭവങ്ങളുടെ സംരക്ഷണത്തിനും, സുസ്ഥിര ഉപയോഗത്തിനുമുള്ള ഗവേഷണങ്ങള്‍ക്കായി പ്രത്യേകം സമര്‍പ്പിക്കപ്പെട്ടിട്ടുള്ള 2023 ലെ അഡ്വാന്‍സ്ഡ് എന്‍വയോണ്‍മെന്റല്‍ സൊല്യൂഷന്‍സ് അവാര്‍ഡ് മദ്രാസ് ഐഐറ്റിയിലെ രസതന്ത്രവിഭാഗം പ്രൊഫസറായ ഡോ. തലപ്പില്‍ പ്രദീപിനു ലഭിച്ചുവെന്നത് ഓരോ ഇന്ത്യക്കാരനും അഭിമാനിക്കാവുന്ന നേട്ടംതന്നെയാണ്. ഒരു വികസ്വരരാജ്യമായിരിക്കെത്തന്നെ ശാസ്ത്രമേഖലയില്‍ ഇന്ത്യ നടത്തുന്ന മുന്നേറ്റങ്ങള്‍ അവിശ്വസനീയവും ലോകജനതയെ അമ്പരപ്പിക്കുന്നവിധത്തിലുള്ളതുമാണ് എന്ന് ഊന്നിപ്പറയുന്നതില്‍ തീരെ അതിശയോക്തിയില്ല. നാനോ രസതന്ത്രത്തെ അടിസ്ഥാനമാക്കി കുറഞ്ഞ ചെലവില്‍ വിഷാംശം നീക്കി ജലം ശുദ്ധീകരിക്കുന്ന സംവിധാനം വികസിപ്പിച്ചെടുക്കുകയും അത് ഇന്ത്യയിലെ ഒരു വിഭാഗം ജനങ്ങള്‍ക്കു പ്രാപ്യമാക്കുകയും ചെയ്തുവെന്നതാണ് ഡോ. പ്രദീപിന്റെ കണ്ടുപിടിത്തത്തെ സവിശേഷമാക്കുന്നത്. ആര്‍സനിക്, ഫ്‌ളൂറൈഡ്, യുറേനിയം, കനത്ത ലോഹങ്ങള്‍, അലിഞ്ഞു ചേര്‍ന്ന ഖരപദാര്‍ഥങ്ങള്‍ തുടങ്ങിയ വിഷമലിനീകരണങ്ങള്‍ വെള്ളത്തില്‍നിന്നു നീക്കം ചെയ്യുന്നതിനായി അദ്ദേഹം രൂപകല്പന ചെയ്ത നാനോ സ്‌കെയില്‍ വസ്തുക്കള്‍ സുസ്ഥിരവും ചെലവു കുറഞ്ഞതുമാണ്. ഇന്ത്യയിലെ 1.3 ദശലക്ഷം ആളുകള്‍ക്ക് പ്രതിദിനം പ്രയോജനപ്പെടുന്ന കുടിവെള്ളപദ്ധതികളായി ഇതു നടപ്പിലാക്കപ്പെട്ടിട്ടുണ്ട് എന്നത് ഇതിനെ അത്യാകര്‍ഷകവും ശ്രദ്ധേയവുമാക്കുന്നു. ഇറ്റാലിയന്‍ പ്രസിഡന്റിന്റെ പ്രശസ്തിപത്രവും സമ്മാനത്തുകയായ രണ്ടു ലക്ഷം യൂറോ (ഏകദേശം 178 കോടി രൂപ)യുമാണ് അവാര്‍ഡ് ജേതാവിനു ലഭിക്കുന്നത്.
1963 ജൂലൈ 8 ന് മലപ്പുറം ജില്ലയിലെ പന്താവൂരില്‍ സ്‌കൂള്‍ അധ്യാപകരായ തലപ്പില്‍ നാരായണന്‍നായരുടെയും കുഞ്ഞിലക്ഷ്മിയമ്മയുടെയും മകനായി ജനിച്ച്, സര്‍ക്കാര്‍ സ്‌കൂളില്‍ വിദ്യ അഭ്യസിച്ച്, കോഴിക്കോട് യൂണിവേഴ്‌സിറ്റിയിലെ കോളജുകളില്‍ ബിരുദവും ബിരുദാനന്തരബിരുദവും നേടിയ സാധാരണക്കാരനായ പ്രദീപ് ഇന്ന് അനായാസം കൈയെത്തിപ്പിടിക്കുന്ന വിജയങ്ങള്‍ ഏതൊരു മലയാളിയെയും കോരിത്തരിപ്പിക്കുന്നതാണ്. നിരന്തരമായ കഠിനാധ്വാവും ആത്മാര്‍പ്പണവും ഏനി അവാര്‍ഡിനെപ്പോലും കടലുകള്‍ താണ്ടി നമ്മുടെ കേരളക്കരയില്‍ എത്തിച്ചുവെന്നത് ഓരോ വിദ്യാര്‍ഥിക്കും മാതൃകയും പാഠവുമാവട്ടെ. ഇതു കൂടാതെ 2020 ലെ ശാസ്ത്രസാങ്കേതികമേഖലയിലുള്ള വിശിഷ്ടസേവനത്തിന് പത്മശ്രീ പുരസ്‌കാരം, നിക്കി ഏഷ്യ പ്രൈസ്, 2008 ലെ ശാന്തിസ്വരൂപ് ഭട്‌നാഗര്‍ പ്രൈസ് തുടങ്ങി നിരവദി പൊന്‍തൂവലുകള്‍ ഡോ. തലിപ്പിലിന്റെ കണക്കുപുസ്തകത്തിലുണ്ട്. ശാസ്ത്രസാങ്കേതികവിദ്യയുടെ കുതിച്ചുകയറ്റം വിവിധ മേഖലകളില്‍ കടന്നാക്രമണം നടത്തി പ്രശസ്തി പിടിച്ചുപറ്റാന്‍ വെമ്പല്‍ കൊള്ളുന്ന ഈ കാലഘട്ടത്തില്‍, ഇന്ത്യയിലെ 140 കോടിയില്‍പരം വരുന്ന ജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ നേരിടേണ്ടി വന്നേക്കാവുന്ന ഒരു അടിസ്ഥാനവെല്ലുവിളിയെ തന്മയത്വത്തോടെ ഏറ്റെടുത്ത് പരിഹാരം കണ്ടെത്തിയ ഈ മലയാളിശാസ്ത്രജ്ഞന്റെ നല്ല മനസ്സിനെ നമുക്കും ഓര്‍മിക്കാം. ഒരു പക്ഷേ, ഇനിയും പണിപ്പുരയില്‍ തയ്യാറാക്കപ്പെടുന്ന ഇന്ദ്രജാലങ്ങള്‍ക്കായി കാത്തിരിക്കാം!