•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഗന്ധര്‍വവരകളുടെ തമ്പുരാന്‍

ഈയിടെ അന്തരിച്ച, ലോകപ്രശസ്തരേഖാചിത്രകാരനും ശില്പിയും എഴുത്തുകാരനുമായ ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ സര്‍ഗലോകത്തിലൂടെ...

രേഖാചിത്രണത്തെ സുപ്രധാന കലാവിഷ്‌കാരമാക്കി മാറ്റിയ മലയാളിപ്രതിഭയാണ് ആര്‍ട്ടിസ്റ്റ് നമ്പൂതിരി.  എഴുത്തുകാരുടെ സൃഷ്ടിക്കും ആസ്വാദകര്‍ക്കും ഇടയില്‍നിന്ന് ആറു പതിറ്റാണ്ടിലധികം കാലമായി സാഹിത്യത്തിന് ചിത്രവായന നിര്‍വഹിച്ച അപൂര്‍വ കലാകാരനായിരുന്നു അദ്ദേഹം. ആനുകാലികപ്രസിദ്ധീകരണങ്ങളുടെ ഭാഗമായി വികസിച്ചുവന്ന ചിത്രീകരണകലയെ മറ്റേതൊരു കലാരൂപത്തെയുംപോലെ ഉന്നതമാക്കി മാറ്റിയവരില്‍ പ്രധാനിയാണ് നമ്പൂതിരി.
കെ.സി.എസ്. പണിക്കരുടെയും എം.വി.ദേവന്റെയും ചിത്രീകരണരീതിയെ പിന്‍പറ്റി വരച്ചുതുടങ്ങിയ നമ്പൂതിരി ഏറെ കഴിയുംമുമ്പ് സ്വന്തം ശൈലി രൂപപ്പെടുത്തി. രേഖാചിത്രകാരനായി ദേവന്‍ മാതൃഭൂമിയില്‍ ജോലി ചെയ്യുന്ന കാലത്തു (1964) തന്നെ നമ്പൂതിരിയും ചിത്രകാരനായെത്തി. തിക്കോടിയന്റെ 'ചുവന്ന കടല്‍' എന്ന നോവലിനാണ് നമ്പൂതിരി ആദ്യം ചിത്രീകരണം നിര്‍വഹിക്കുന്നത്.
എഴുത്തുകാരന്റെ അക്ഷരങ്ങള്‍ക്കും ആസ്വാദകരുടെ മനസ്സുകള്‍ക്കും മധ്യേ പ്രത്യക്ഷപ്പെട്ട നമ്പൂതിരിയുടെ വരകള്‍ ഒരേ സമയം പുനഃസൃഷ്ടിയും വ്യാഖ്യാനവുമായി മാറി. അസംഖ്യം കഥാപാത്രങ്ങളെയും കഥാസന്ദര്‍ഭങ്ങളെയും സൃഷ്ടിച്ച് രേഖാചിത്രണകലയെ സവിശേഷമായ ഒരാസ്വാദനമാധ്യമമാക്കി മാറ്റാന്‍ നമ്പൂതിരിക്കു കഴിഞ്ഞു. 
മലയാളിയുടെ ചിത്രദര്‍ശന കൗതുകത്തെ കേവല രേഖീയതകളിലൂടെ പ്രോജ്ജ്വലിപ്പിക്കാന്‍ കഴിഞ്ഞു എന്നതാണ് നമ്പൂതിരിച്ചിത്രങ്ങളുടെ മുഖ്യസവിശേഷത. സ്വാഭാവികവും നൈസര്‍ഗികവുമായ രേഖകളുടെ ചൈതന്യം ആസ്വാദനത്തെ നിര്‍ണയിച്ചിട്ടുണ്ട്. കഥയില്‍ പരാമര്‍ശിക്കുന്ന ഏതു കഥാപാത്രത്തിന്റെയും ഭാവവും ചലനവും അന്തരീക്ഷവും രേഖകളില്‍ സന്നിവേശിപ്പിക്കാന്‍ നമ്പൂതിരിക്കു കഴിഞ്ഞു. കൃതിയിലെ ഭാവധ്വനികള്‍ മുഴക്കുക മാത്രമല്ല, ആസ്വാദകരുടെ അന്തര്‍ഭാവങ്ങളെ പുനര്‍ജനിപ്പിക്കാനും രേഖകള്‍കൊണ്ട് സംസാരിക്കുവാനും നമ്പൂതിരിച്ചിത്രങ്ങള്‍ക്കു സാധ്യമായി. 
മഹത്തായ ഏതു കലാസൃഷ്ടിയോടും കിടനില്ക്കുന്ന മൗലികരേഖകളാണ് നമ്പൂതിരിയുടേത്. ഏറ്റവും കുറവ് വരകൊണ്ട് കൂടുതല്‍ അര്‍ത്ഥധ്വനികള്‍ പ്രകടമാക്കാന്‍ നമ്പൂതിരിക്കു സാധ്യമായി. യാഥാര്‍ഥ്യത്തിന്റെ തനിരൂപമല്ല നമ്പൂതിരി വരച്ചിടുന്നത്. സാഹിത്യരചനയുടെ അന്തരീക്ഷത്തെ സര്‍ഗാത്മകമായി പുനഃസൃഷ്ടിക്കുകയാണ്.
രേഖാഭാഷയ്ക്ക് സാഹിത്യകൃതിയുടെ സത്യത്തിന്റെ ചെറിയൊരു ഭാഗം മാത്രമേ വെളിപ്പെടുത്താനാവൂ എന്ന സത്യം നമ്പൂതിരി തിരിച്ചറിഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് എഴുതാത്ത രേഖകളിലൂടെ, വൈകാരികസാന്ദ്രതയിലൂടെ, മൗനത്തിലൂടെ ഉന്നതലക്ഷ്യത്തെ പ്രാപിക്കാന്‍ നമ്പൂതിരി ശ്രമിക്കുന്നത്. മൗനത്തെ നിലനിര്‍ത്തി വരകള്‍ക്കപ്പുറത്തെ അര്‍ത്ഥം തേടാന്‍ ഈ ചിത്രീകരണങ്ങള്‍ സജ്ജമാവുന്നു. വരയില്‍ പല ഭാഗവും അവ്യക്തമാക്കി, ശേഷം ആസ്വാദകന്റെ മനസ്സില്‍ പ്രതിഫലിപ്പിക്കത്തക്ക ആവിഷ്‌കരണം നമ്പൂതിരി നടത്തുന്നു. 
ശില്പികൂടിയായ നമ്പൂതിരിക്ക് ചിത്രവും ശില്പവും ആവിഷ്‌കരണത്തിന്റെ വ്യത്യസ്ത വ്യവഹാരമേഖലയാണ്. ചിത്രത്തിന്റെ മൂര്‍ത്തമായ അവസ്ഥയാണ് ശില്പം. സ്ത്രീരൂപത്തിന്റെ വടിവും പുരുഷശരീരത്തിന്റെ കരുത്തും ശില്പകലകളില്‍ നിന്നാണ് നമ്പൂതിരി സ്വീകരിച്ചത്. 
കഥാപാത്രകേന്ദ്രിതമാണ് നമ്പൂതിരിയുടെ ചിത്രീകരണങ്ങളിലധികവും. പശ്ചാത്തലദൃശ്യം അനിവാര്യമായ ഘട്ടത്തില്‍ മാത്രമേ ഉപയോഗിക്കൂ. കലാകൗമുദിയില്‍ പ്രസിദ്ധീകരിച്ച കെ.എല്‍. മോഹനവര്‍മ്മയുടെ സിനിമ സിനിമ' എന്ന നോവലിന്റെ ചിത്രീകരണപശ്ചാത്തലത്തില്‍ സിനിമാസെറ്റിന്റെ വ്യത്യസ്ത ദൃശ്യങ്ങള്‍ ചിതറിക്കിടക്കുന്നതു കാണാം. ഹോസ്പിറ്റലിന്റെ അന്തരീക്ഷം വ്യക്തമാക്കാന്‍ ഗ്ലൂക്കോസ് സ്റ്റാന്റും നിരപ്പായിട്ടിരിക്കുന്ന രണ്ടുമൂന്നു കട്ടിലും പശ്ചാത്തലത്തില്‍ നമ്പൂതിരി ചിത്രീകരിക്കാറുണ്ട്.
കൃതിയുടെ ഭാവാന്തരീക്ഷം വിശദമാക്കാന്‍ പല രീതികള്‍ നമ്പൂതിരി അനുവര്‍ത്തിക്കുന്നു. പശ്ചാത്തലചിത്രീകരണം, വേഷവിധാനം എന്നിവ പോലെ കൈകളുടെ ചലനവും ഇക്കാര്യത്തില്‍ മുഖ്യമാവുന്നുണ്ട്. കൈകള്‍ മുമ്പില്‍ പരസ്പരം പിണച്ച് തല അല്പം കുനിച്ച് നില്‍ക്കുന്ന രീതിയില്‍ ചിത്രീകരിക്കുമ്പോള്‍ നിസ്സഹായതയാണ് പ്രകടമാവുന്നത്. വി.കെ.എന്റെ പിതാമഹന്‍ എന്ന നോവലിനു വരച്ച ചിത്രങ്ങളിലൊന്നില്‍ നാല് ആഢ്യന്മാരെ കാണാം. അവര്‍ നാലുപേരുടെയും കൈകള്‍ ആ സംഭാഷണത്തില്‍ പങ്കെടുക്കുന്ന രീതിയിലാണ് ആവിഷ്‌കരിച്ചിരിക്കുന്നത്. ചിത്രീകരണത്തിന്റെ ചടുലത ഉറപ്പാക്കാന്‍ ഈ രീതി പര്യാപ്തമാവുന്നു.
കഥകളിയിലെയും നൃത്തകലയിലെയും മുദ്രകളോടു സാമ്യമുള്ള കൈവിരല്‍ഞൊടിയിലൂടെ കഥാപാത്രങ്ങളുടെ ചില ഭാവങ്ങള്‍ പ്രകടിപ്പിക്കാന്‍ നമ്പൂതിരിക്കു കഴിയുന്നുണ്ട്. കൈ ചൂണ്ടുമ്പോള്‍ ചൂണ്ടുവിരല്‍, തള്ളവിരല്‍, ചെറുവിരല്‍ എന്നീ മൂന്നു വിരലുകളാണ് മുമ്പോട്ടു പോകുന്നത്. ഒറ്റവിരല്‍ ലംബമായി ചുണ്ടുകള്‍ക്കിടയില്‍ വച്ച് നിശ്ശബ്ദത ധ്വനിപ്പിക്കുന്നു. ചൂണ്ടുവിരലും ഒരു പ്രത്യേകരീതിയില്‍ ചലിപ്പിച്ച് ലൈറ്റര്‍ കത്തിക്കുന്നതിന്റെ പ്രതീതി സൃഷ്ടിക്കുന്നു. ഗ്ലാസ് പിടിക്കുന്ന രീതി കൊണ്ട് ഗ്ലാസിന്റെ സാന്നിദ്ധ്യം അറിയിക്കാനും നമ്പൂതിരിക്കു കഴിയുന്നു. ക്രിക്കറ്റ് ബോള്‍ ബൗളര്‍ പിടിക്കുന്ന രീതിയില്‍ വരച്ചപ്പോള്‍ കൈയിലുള്ളതു ബോളാണെന്ന് ആസ്വാദകര്‍ക്ക് തീര്‍ച്ചയാകുന്നു. വെറ്റിലയില്‍ നൂറു തേയ്ക്കുമ്പോള്‍ വിരലിന്റെ ഞൊടികൊണ്ട് കൈയില്‍ നൂറാണെന്നും ഇടതുകൈയിലെ ഇല വെറ്റിലയാണെന്നും മനസ്സിലാകും. ഇങ്ങനെ വിരല്‍പ്രയോഗത്തിന്റെ വിശേഷാഖ്യാനത്താല്‍ ഭാവം പ്രകടിപ്പിക്കാന്‍ ചിത്രീകരണത്തില്‍ നമ്പൂതിരി ശ്രമിക്കുന്നു.
നമ്പൂതിരിയെപ്പോലെ സൂക്ഷ്മതയോടും ധ്വന്യാത്മകതയോടും കൂടി വരകള്‍ ഉപയോഗിക്കാന്‍ ശീലിച്ച ചുരുക്കം ചില രേഖാചിത്രകാരന്മാരാണ് ചിത്രീകരണത്തെ കലയുടെ മണ്ഡലത്തിലേക്ക് ഉയര്‍ത്തിയത്. 
മലയാളത്തിലെ മിക്കവാറും എല്ലാ സാഹിത്യകാരന്മാരുടെ രചനകള്‍ക്കും നമ്പൂതിരി ദൃശ്യവ്യാഖ്യാനം നല്കി. എന്നാല്‍ വി.കെ.എന്‍ കൃതികള്‍ക്കു വര യ്ക്കുമ്പോഴാണ് സര്‍ഗസ്വാതന്ത്ര്യം കൂടുതല്‍ അനുഭവപ്പെടുന്നതെന്ന് നമ്പൂതിരി വ്യക്തമാക്കിയിട്ടുണ്ട്. വി.കെ.എന്‍ ന്റെ നോവലുകള്‍ക്കും കഥകള്‍ക്കും നമ്പൂതിരി നല്കിയിട്ടുള്ള ചിത്രീകരണം മലയാളി ആസ്വാദകര്‍ വിപുലമായി സ്വീകരിക്കുകയുണ്ടായി. വി.കെ.എന്‍ കഥാപാത്രങ്ങളുടെ നേരിയ ചലനം പോലും പിടിച്ചെടുത്ത് ആവിഷ്‌കരിക്കാന്‍ നമ്പൂതിരിക്കു കഴിഞ്ഞു. കഥയില്‍ നിറഞ്ഞുനില്ക്കുന്ന ഫലിതരസം വരയില്‍ പ്രകടമാണ്. 
മുസ്ലീം ജീവിതപരിസരം പതിഞ്ഞുകിടക്കുന്ന ശ്രദ്ധേയമായ ചിത്രീകരണങ്ങളിലൊന്നാണ് പുനത്തില്‍ കുഞ്ഞബ്ദുള്ളയുടെ 'സ്മാരകശിലകള്‍'ക്ക് നമ്പൂതിരി വരച്ചിട്ടുള്ളത്. 1976 ല്‍ പ്രസിദ്ധീകരിച്ച നോവലിന്റെ രേഖാചിത്രങ്ങള്‍ പിന്നീട് പുസ്തകത്തിലും ചേര്‍ക്കുകയുണ്ടായി. കലാകൗമുദിയില്‍ പില്‍ക്കാലത്തു പ്രസിദ്ധീകരിച്ച പുനത്തിലിന്റെ കലീഫ എന്ന നോവലിന്റെ ചിത്രീകരണത്തിലും മുസ്ലീം ജീവിതാന്തരീക്ഷം നിറഞ്ഞുനിന്നു. കാച്ചി, തട്ടം, ആഭരണങ്ങളുടെ ആധിക്യം എന്നീ അടയാളങ്ങള്‍ മുസ്ലീം സ്ത്രീകളുടെ ചിത്രീകരണത്തില്‍ നമ്പൂതിരി സ്വീകരിച്ചുവെന്ന് ഈ നോവലുകളുടെ ചിത്രീകരണം സാക്ഷ്യപ്പെടുത്തുന്നു. മുഖാകൃതി, താടിയുടെ രീതി, മുണ്ടുടുക്കുന്നതിലെ സവിശേഷശൈലി തുടങ്ങിയവ മുസ്ലീം പുരുഷന്മാരെ തിരിച്ചറിയാനുള്ള സൂചനയായി. 
രേഖകളെ പരീക്ഷണങ്ങള്‍ക്കു വിധേയമാക്കിക്കൊണ്ട് പുതിയൊരു ഭാവരാശി സൃഷ്ടിക്കാനുള്ള ശ്രമത്തിന്റെ ഫലശ്രുതി എം.ടി.യുടെ 'രണ്ടാമൂഴ'ത്തിന് നമ്പൂതിരി കലാകൗമുദിയില്‍ വരച്ച ചിത്രങ്ങളിലുണ്ട്. ഭീമന്‍ ഉള്‍പ്പെടെയുള്ള കഥാപാത്രങ്ങളെ ഇന്ത്യന്‍ ശില്പകലയുടെ ഘടനയിലാണ് നമ്പൂതിരി ആവിഷ്‌കരിച്ചിരിക്കുന്നത്. ആ നോവലിന്റെ ഭാവഗരിമ ഉദാത്തമാക്കാന്‍ നമ്പൂതിരിയുടെ രേഖാനിര്‍മ്മാണരീതിക്കു കഴിഞ്ഞു. ഇതിഹാസത്തില്‍ തെളിയുന്ന ഭീമന്റെ മാനസികഘടനയും ശരീരഘടനയും എം.ടി. മാറ്റിമറിക്കുന്നുണ്ട്. വിരൂപനും കോമാളിയുമായ ഭീമന്റെ വൈരൂപ്യം എം.ടി. മായ്ച്ചുകളയുന്നു. സ്വകാര്യമായൊരു മാനസികലോകം കിട്ടുന്ന രണ്ടാമൂഴത്തിലെ ഭീമന്റെ ജീവിതപരിസരം തികച്ചും ഔചിത്യത്തോടെ ദൃശ്യവല്‍ക്കരിക്കാന്‍ നമ്പൂതിരി സഫലമായ ശ്രമം നടത്തി. ധൃതരാഷ്ട്രര്‍, ശ്രീകൃഷ്ണന്‍, യുധിഷ്ഠിരന്‍, അര്‍ജുനന്‍, ദ്രൗപദി, കുന്തി, ഹിഡുംബി തുടങ്ങി ഭീമസേനനുമായി ബന്ധമുള്ള കഥാപാത്രങ്ങളെയൊക്കെ സൂക്ഷ്മതയോടെ ആവിഷ്‌കരിച്ചു. രേഖകള്‍ അനുഭൂതിയായി മാറിയ ഈ ചിത്രീകരണം ആസ്വാദനത്തെ നവീകരിക്കുകയും ചെയ്തു. 
സാഹിത്യകൃതിയില്‍ അന്തര്‍ഹിതമായ സത്യവും സൗന്ദര്യവുമാണ് നമ്പൂതിരിച്ചിത്രങ്ങളില്‍ പ്രകടമാവുന്നത്. വ്യക്തിത്വമുള്ള നേര്‍ത്ത വരകളിലൂടെ കൃതികളിലെ അനുഭവലോകം പ്രതിഫലിപ്പിക്കാന്‍ അദ്ദേഹത്തിനു കഴിയുന്നു. നിഗൂഢവും അദൃശ്യവുമായ ഈ അനുഭവലോകത്തെ ദൃശ്യതയിലേക്കു കൊണ്ടുവരാനുള്ള സഫലശ്രമമാണ് നമ്പൂതിരിച്ചിത്രങ്ങള്‍, നമ്പൂതിരി ഒരിക്കലും പകര്‍പ്പെഴുത്തുകാരനല്ല, മറിച്ച് ഏതു കലാകാരനെയുംപോലെ വ്യാഖ്യാതാവുകൂടിയാണ്. രേഖാചിത്രണകല ഇവിടെ ഒരു കാഴ്ച മാത്രമല്ല, കാഴ്ചപ്പാടുകൂടിയാണ്. കണ്ണും ഉള്‍ക്കണ്ണും പങ്കെടുക്കുന്ന ഒരു സര്‍ഗക്രിയയായി സാഹിത്യാസ്വാദനത്തില്‍ ഇതു മാറുന്നു.
മലയാളം ലോകത്തിനു നല്കിയ മഹാനായ കലാകാരാ, ഹൃദയവേദനയോടെ വിട! 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)