•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കര്‍ഷകന് ആശങ്ക വളര്‍ത്തി പുതിയ റബര്‍ബില്‍

പ്പോഴാണ് ചരിത്രത്തിലാദ്യമായി ഒരു യുദ്ധരംഗത്ത് ബോംബര്‍വിമാനങ്ങള്‍ ഒരു നിര്‍ണായകശക്തിയായി പ്രത്യക്ഷപ്പെട്ടത്? ഉത്തരം: 1914 മുതല്‍ 1918 വരെ നടന്ന ഒന്നാം ലോകമഹായുദ്ധത്തില്‍; അന്ന് ബ്രിട്ടീഷുകാരുടെ ചെറുവിമാനങ്ങളും ജര്‍മനിയുടെ ''സെപ്പലിന്‍'' എയര്‍ഷിപ്പുകളും ബോംബുകളുമായി പറന്ന് നാശനഷ്ടങ്ങളുണ്ടാക്കി. അന്നാണ് വിമാനങ്ങളുടെയും ട്രക്കുകളുടെയും ടയര്‍ നിര്‍മിക്കാനാവശ്യമായ റബറിന്റെ പ്രാധാന്യം ലോകരാഷ്ട്രങ്ങള്‍ മനസ്സിലാക്കിയത്.
അക്കാലത്ത് ബ്രിട്ടനില്‍ സ്ഥിരതാമസമാക്കിയിരുന്ന യഹൂദരസതന്ത്രജ്ഞന്‍, കെയിം വീസ്മാന്‍, അവിടെ സുലഭമായിരുന്ന ചെസ്റ്റ്‌നട്ട് മരത്തിന്റെ കായ് സംസ്‌കരിച്ച് റബര്‍പോലുള്ള ഒരു പദാര്‍ഥം വികസിപ്പിച്ചെടുത്ത്  അന്നത്തെ വിമാനങ്ങളുടെ ടയറുണ്ടാക്കാന്‍ സഹായിച്ചു. ഈ സഹായത്തിനു നന്ദി പ്രകാശിപ്പിച്ചുകൊണ്ട് ബ്രിട്ടീഷ്  വിദേശകാര്യമന്ത്രി ആര്‍തര്‍ ബാല്‍ഫോര്‍ ചരിത്രപ്രസിദ്ധമായ ഒരു പ്രഖ്യാപനം നടത്തി. ലോകമെങ്ങും ചിതറിക്കിടന്ന യഹൂദരുടെ ചിരകാലാഭിലാഷമായിരുന്ന ഒരു 'യഹൂദ ഹോംലാന്‍ഡ്' സ്ഥാപിച്ചു നല്കാന്‍ ബ്രിട്ടീഷ് സാമ്രാജ്യം പ്രതിജ്ഞാബദ്ധമാണെന്നായിരുന്നു ഈ പ്രഖ്യാപനം ഉറപ്പുനല്കിയത്. (1917ആമഹളീൗൃ ഉലരഹമൃമശേീി)
പ്രഖ്യാപനം 1917 ല്‍ നടന്നെങ്കിലും, ഇസ്രായേല്‍രാജ്യം എന്ന സ്വപ്നം സഫലമായത് 1948 രണ്ടാം ലോകമഹായുദ്ധവും കഴിഞ്ഞു മാത്രമായിരുന്നു. ഇസ്രായേലിന്റെ ആദ്യരാഷ്ട്രപതിയായി അവരോധിക്കപ്പെട്ടത് നമ്മുടെ രസതന്ത്രജ്ഞന്‍ കെയിം വീസ്മാന്‍ തന്നെ! (ആദ്യത്തെ പ്രധാനമന്ത്രി വിഖ്യാതനായ ഡേവിഡ് ബെന്‍ഗൂരിയന്‍).
റബറിന്റെ തന്ത്രപരമായ പ്രാധാന്യം ബ്രിട്ടീഷുകാര്‍ വേദനയോടെ മനസ്സിലാക്കിയത്, രണ്ടാം ലോകമഹായുദ്ധകാലത്തായിരുന്നു. അക്കാലത്തെ പ്രധാന റബര്‍ ഉത്പാദനകേന്ദ്രമായ മലയാ (ഇന്നത്തെ മലേഷ്യ) ജപ്പാന്‍കാര്‍ കീഴടക്കിയതോടെ യുദ്ധാവശ്യത്തിനുള്ള ടയറും റബറും കിട്ടാതായി. ഈ ബുദ്ധിമുട്ട് അനുഭവിച്ചതോടെയാണ് റബറിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടേണ്ടത് ആവശ്യമാണെന്ന് ഇന്ത്യയ്ക്കു ബോധ്യമായതും സ്വാതന്ത്ര്യത്തിനു തൊട്ടുമുമ്പ് 1947 മാര്‍ച്ചില്‍ നെഹ്‌റുവിന്റെ നേതൃത്വത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഇടക്കാലമന്ത്രിസഭ, ഇന്നു നിലവിലുള്ള  റബര്‍ ആക്ട് നടപ്പിലാക്കി, റബര്‍ ബോര്‍ഡും മറ്റും സ്ഥാപിച്ചതും.
കഴിഞ്ഞ മുക്കാല്‍ നൂറ്റാണ്ടുകാലത്ത് റബര്‍ബോര്‍ഡ് മികച്ച പ്രകടനം തന്നെ കാഴ്ചവച്ചു. കേരളത്തിലെ റബര്‍കര്‍ഷകരും കഠിനാദ്ധ്വാനം ചെയ്തു.  ആരംഭത്തില്‍ 10,000 ടണ്‍ മാത്രമായിരുന്ന റബറിന്റെ ഉത്പാദനം, 2013 ല്‍ 10 ലക്ഷം ടണ്ണിലെത്തിക്കാന്‍ കഴിഞ്ഞു. പക്ഷേ, 2013 കഴിഞ്ഞതോടെ റബര്‍ ഇറക്കുമതിയുടെ അതിപ്രസരം തുടങ്ങി. 2012 ല്‍ 75000 ടണ്‍ റബര്‍ ഇറക്കുമതി ചെയ്തിടത്ത്  2013ല്‍ 1,75,000 ടണ്‍ ഇറക്കുമതി ചെയ്തു. തുടര്‍ന്ന് ഓരോ കൊല്ലവും രണ്ടര ലക്ഷം ടണ്‍, മൂന്നേകാല്‍ ലക്ഷം ടണ്‍, നാലു ലക്ഷം ടണ്‍ എന്നിങ്ങനെ ക്രമായി ഉയര്‍ന്ന്, ഇപ്പോള്‍ ഇറക്കുമതി പ്രതിവര്‍ഷം 5 ലക്ഷം ടണ്ണില്‍ എത്തി നില്‍ക്കുന്നു. അന്താരാഷ്ട്രസാമ്പത്തികമാന്ദ്യം കാരണം, റബര്‍വില വിദേശമാര്‍ക്കറ്റില്‍ ഇടിഞ്ഞപ്പോള്‍ നമ്മുടെ വ്യവസായികള്‍ കുറഞ്ഞവിലയ്ക്കു കിട്ടിയ റബര്‍ ഇറക്കുമതി ചെയ്ത്, ആഭ്യന്തരവിപണിയില്‍നിന്നും ഇടയ്ക്കിടെ  മാറിനിന്ന്, ആഭ്യന്തരവിപണി  തകര്‍ത്തു. 
റബറിന്റെ വില കുറഞ്ഞതോടെ  കര്‍ഷകര്‍ പലരും റബര്‍ ടാപ്പിംഗ് നിറുത്താന്‍ നിര്‍ബന്ധിതരായി. അതോടെ 2013 ലെ 10 ലക്ഷം ടണ്ണില്‍നിന്നും ഉത്പാദനം കുറഞ്ഞ് 2015 ആയപ്പോഴേക്കും ആഭ്യന്തര റബര്‍ ഉത്പാദനം  പകുതിയായിക്കുറഞ്ഞ് 5 ലക്ഷം ടണ്‍ ആയിത്തീര്‍ന്നു. പിന്നീട്, കഴിഞ്ഞ ആറേഴു കൊല്ലക്കാലം റബര്‍ ബോര്‍ഡ് ഭഗീരപ്രയത്‌നം  നടത്തി; എന്നിട്ടുപോലും, ഉത്പാദനം  ഇക്കഴിഞ്ഞ കൊല്ലം, ഏഴു ലക്ഷം  ടണ്ണിലെത്തിക്കാന്‍ മാത്രമാണ് കഴിഞ്ഞത്. 2013 ല്‍ നേടിയ ഉത്പാദനലക്ഷ്യം ഇതുവരെ നേടാന്‍ കഴിഞ്ഞിട്ടില്ല. ഇതിനുകാരണം, ഇറക്കുമതിയുടെ അതിപ്രസരം നിമിത്തം ആഭ്യന്തര ഉത്പാദനം കുറഞ്ഞപ്പോള്‍ ലോകവാണിജ്യകരാര്‍ അനുവദിക്കുന്നതുപോലെ ഇറക്കുമതിയിന്മേല്‍ 'സംരക്ഷണച്ചുങ്കം' എന്ന പേരില്‍ അധികചുങ്കം ചുമത്തി, ഇറക്കുമതിയെ നിരുത്സാഹപ്പെടുത്താന്‍ കേന്ദ്രസര്‍ക്കാര്‍ ഒരു നടപടിയുമെടുക്കാതെ മാറിനിന്നതാണ്. ചെറുകിട റബര്‍ കര്‍ഷകരുടെ ദുരിതം പരിഹരിക്കുന്നതിനേക്കാള്‍ പ്രധാനം ടയര്‍വ്യവസായികളെ പ്രീണിപ്പിക്കുന്നതാണ് എന്നു കേന്ദ്രസര്‍ക്കാര്‍ കരുതി, എന്നു വ്യക്തം.
തന്ത്രപ്രധാനമായ റബറിന്റെ കാര്യത്തില്‍ സ്വയംപര്യാപ്തത നേടേണ്ട കാര്യമില്ലെന്നും എക്കാലവും ഇറക്കുമതിയെ ആശ്രയിച്ചു കഴിയാമെന്നും ധരിച്ചുവശായിരിക്കുകയാണോ ടയര്‍വ്യവസായവും കേന്ദ്രസര്‍ക്കാരും എന്നു കര്‍ഷകര്‍ ശങ്കിക്കുന്നു. നഷ്ടം മാത്രം നല്കുന്ന റബര്‍കൃഷി ഉപേക്ഷിച്ചു മറ്റു വിളകളിലേക്കു നീങ്ങാന്‍ തുടങ്ങിക്കഴിഞ്ഞു, കേരളത്തിലെ ചെറുകിടകര്‍ഷകര്‍. ഈ ഘട്ടത്തിലാണ് ഒരു പുതിയ റബര്‍ ബില്ല് കേന്ദ്രസര്‍ക്കാര്‍ തയ്യാറാക്കിയിരിക്കുന്നത്. ഈ പുതിയ ബില്ലിലെ വ്യവസ്ഥകളെന്തെല്ലാമെന്നറിയാന്‍ കര്‍ഷകര്‍ക്ക് ആകാംക്ഷയുണ്ട്. ഇക്കഴിഞ്ഞ ദിവസമാണ് , റബര്‍ ബോര്‍ഡിന്റെ ഓഫീസില്‍ കേന്ദ്രവാണിജ്യ മന്ത്രാലയത്തിലെ ഉന്നതഉദ്യോഗസ്ഥരെത്തി കര്‍ഷകര്‍, വ്യവസായികള്‍, റബര്‍ വ്യാപാരികള്‍ തുടങ്ങിയവരുമായി ചര്‍ച്ച നടത്തി പുതിയ ബില്ലിനെപ്പറ്റി അവരുടെ അഭിപ്രായം ആരാഞ്ഞത്.
ഈ പുതിയ ബില്ലിന്റെ പ്രധാന വ്യവസ്ഥകള്‍ കര്‍ഷകകരുടെ ദുരിതം പരിഹരിക്കാന്‍ വഴികാണിക്കുമോ? ഇപ്പോള്‍ നിലവിലുള്ള റബര്‍ നിയമത്തില്‍ കര്‍ഷകരെ പരിരക്ഷിക്കാന്‍ സഹായകരമായ ഒരു വ്യവസ്ഥയുണ്ട്. ആണ്ടുതോറും ഉത്പദനച്ചെലവ് കണ്ടെത്തി അതനുസരിച്ച് കര്‍ഷകനു കിട്ടേണ്ട ന്യായവില കണക്കാക്കണമെന്നും വിപണി തകര്‍ന്ന്  വിലയിടിഞ്ഞാല്‍ കര്‍ഷകന് ഈ ന്യായവില  ലഭ്യമാക്കാന്‍വേണ്ടി വിപണിയിലിറങ്ങി സര്‍ക്കാര്‍, റബര്‍ സംഭരിക്കണമെന്നും നിയമം പറയുന്നു. പുതിയ ബില്ലില്‍ നിര്‍ഭാഗ്യവശാല്‍ ഈ വ്യവസ്ഥകളൊന്നും കാണുന്നില്ല. വാസ്തവത്തില്‍ 1960 മുതല്‍ 2010 വരെയുള്ള അരനൂറ്റാണ്ടുകാലത്ത് റബര്‍കൃഷി തുടര്‍ച്ചയായി വളര്‍ന്നതിന്റെ പ്രധാന കാരണം, റബര്‍ നിയമത്തില്‍ നിലവിലുള്ള ഈ വ്യവസ്ഥയാണ്. പക്ഷേ, 2009 ല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുണ്ടായിരുന്ന യു.പി.എ. സര്‍ക്കാര്‍, ഈ വ്യവസ്ഥയില്‍ 'ഉചിതമെന്നു കാണുന്ന പക്ഷം' നടപ്പാക്കണം, എന്നൊരു ഭേദഗതിയോടെ വെള്ളം ചേര്‍ത്തു. 2014 ല്‍ അധികാരത്തിലെത്തിയ ബി.ജെ.പി. സര്‍ക്കാര്‍, വന്‍വിലയിടിവുണ്ടായിട്ടും ഇടപെടുന്നത് 'ഉചിതം' എന്നു കരുതിയില്ല! ന്യായവിലനിര്‍ണയം നടന്നില്ല; സംരക്ഷണച്ചുങ്കം ചുമത്തി ഇറക്കുമതിയെ നിരുത്സാഹപ്പെടുത്താനും തയ്യാറായില്ല.
മുകളില്‍ സൂചിപ്പിച്ച അരനൂറ്റാണ്ടു കാലത്തെ വന്‍വളര്‍ച്ച സാധ്യമാക്കിയ മറ്റൊരു ഘടകം, നിലവിലുള്ള റബര്‍ ആക്ടില്‍ നിര്‍ദേശിച്ചിട്ടുള്ള  റബര്‍ ബോര്‍ഡിന്റെ ഘടനാവൈശിഷ്ട്യമായിരുന്നു. അതായത്, റബര്‍കൃഷിയുടെയും വ്യവസായത്തിന്റെയും സര്‍വമേഖലകളും റബര്‍ബോര്‍ഡിന്റെ നിയന്ത്രണത്തില്‍ കൊണ്ടുവരുന്ന ഘടന. റബറിന്റെ ഗവേഷണവും വിജ്ഞാപനവ്യാപനവും വിളവെടുപ്പും സംസ്‌കരണവും വിപണനവും തൊഴിലാളിക്ഷേമവും പരിശീലനവും സാമ്പത്തികസഹായവും ഇറക്കുമതിയും കയറ്റുമതിയും-എല്ലാം റബര്‍ബോര്‍ഡിന്റെ ഉത്തരവാദിത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഘടന. റബറിന്റെ സര്‍വപ്രശ്‌നങ്ങളും ഒരേ കുടക്കീഴില്‍ കൊണ്ടുവന്ന് പരിഹാരം ലഭ്യമാക്കാനുള്ള ഈ ഘടന, പുതിയ ബില്ലനുസരിച്ച് നഷ്ടപ്പെടുമെന്നു തോന്നുന്നു. കാരണം, അത്യുത്പാദനശേഷിയുള്ള പുതിയ റബറിനങ്ങള്‍ വികസിപ്പിച്ചെടുക്കുന്നതു മുതല്‍ രോഗനിരോധനം, വളമിടീല്‍, വിളവെടുപ്പ്, സംസ്‌കരണം എന്നിങ്ങനെയുള്ള മേഖലകളിലെല്ലാം വന്‍നേട്ടങ്ങള്‍ കാഴ്ചവച്ച റബര്‍ഗവേഷണകേന്ദ്രത്തെപ്പറ്റി പുതിയ ബില്‍ നിശ്ശബ്ദം. ആരംഭകാലംമുതല്‍ റബര്‍ബോര്‍ഡിലെ അംഗങ്ങളില്‍ പ്രധാനപദവി വഹിച്ചിരുന്ന റബര്‍ ഗവേഷണകേന്ദ്രം ഡയറക്ടര്‍, പുതിയ ബില്‍ വ്യവസ്ഥയനുസരിച്ച് റബര്‍ ബോര്‍ഡിലെ ഒരു അംഗമല്ല. ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ ഉദ്ദേശ്യം, റബര്‍ ഗവേഷണകേന്ദ്രത്തെ റബര്‍ബോര്‍ഡില്‍നിന്ന് അടര്‍ത്തി മാറ്റുകയാണോ, എന്നു സംശയിക്കേണ്ടിയിരിക്കുന്നു. ഇന്നു നിലവിലുള്ള ഘടന ഇല്ലാതായിത്തീരുന്നതോടെ റബര്‍ കര്‍ഷകരുടെ പ്രശ്‌നങ്ങള്‍ നേരിട്ടറിഞ്ഞ് ഗവേഷണയത്‌നങ്ങളില്‍ പ്രാധാന്യം നല്‍കേണ്ട  കാര്യങ്ങള്‍ ഏതെല്ലാം, എന്ന തീരുമാനം എടുക്കുന്നതില്‍പ്പോലും ബുദ്ധിമുട്ടുണ്ടാകും. മുന്‍ഗണനാക്രമം നിശ്ചയിക്കുന്നതില്‍ അഭിപ്രായഭിന്നതയുണ്ടാകും. ഗവേഷണവും വിജ്ഞാനവ്യാപനവും ഒരേ കുടക്കീഴില്‍ ഇല്ലാതാകുന്നതോടെ വലിയ നഷ്ടമായിരിക്കും സംഭവിക്കുക.
ഇന്ന്, നാളികേരവികസനബോര്‍ഡില്‍ ഗവേഷണമില്ല. അത് കാര്‍ഷികസര്‍വകലാശാലയും കേന്ദ്ര തോട്ടവിളഗവേഷണസ്ഥാപനവും നടത്തുന്നു. സുഗന്ധവ്യഞ്ജന ബോര്‍ഡിലും ഗവേഷണവിഭാഗമില്ല. ഗവേഷണം നടത്തുന്നത് കോഴിക്കോട്ട് സ്‌പൈസസ് റിസര്‍ച്ച് സ്റ്റേഷന്‍. റബര്‍ബോര്‍ഡിനു മാത്രമുള്ള ഈ സവിശേഷത, ഗവേഷണവും വിജ്ഞാപനവ്യാപനവും ഒരേ കുടക്കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥിതി, പുതിയ നിയമത്തില്‍ ഉപേക്ഷിക്കപ്പെട്ടാല്‍ അത് റബര്‍ ബോര്‍ഡിനെയും മറ്റു ബോര്‍ഡുകള്‍ നേരിടുന്ന പരാധീനതയ്ക്കു വിധേയമാക്കും. അതോടെ റബര്‍ ബോര്‍ഡിന്റെ വിജയകരമായ പ്രവര്‍ത്തനത്തിനു ഹേതുവായിരുന്ന 'ഫലപ്രദമായ ഏകോപനം' നഷ്ടപ്പെടുകയും ചെയ്യും.
പുതിയ ബില്ലിലെ മറ്റു ചില വ്യവസ്ഥകളിലുമുണ്ട്, പ്രശ്‌നങ്ങള്‍. റബര്‍തോട്ടത്തിന്റെ വിസ്തീര്‍ണം പത്തു ഹെക്ടറിലധികമായാല്‍, അവിടെ ഉത്പാദിപ്പിക്കുന്ന റബര്‍ വില്ക്കാന്‍ ഡീലര്‍മാര്‍ക്കു നല്‍കുന്ന ലൈസന്‍സ് നേടണം എന്ന വ്യവസ്ഥ.
മറ്റൊരു വകുപ്പില്‍ 'ക്രൂഡ് റബര്‍' എന്നൊരു സംജ്ഞ കൊണ്ടുവന്നിട്ടുണ്ട്. കര്‍ഷകര്‍  ശ്രദ്ധാപൂര്‍വം റബര്‍പ്പാല്‍ സംഭരിച്ച്, ഉറയാക്കി, ഷീറ്റടിച്ച് ഉണക്കി, വിപണിയിലെത്തിക്കുന്ന ഒന്നാംതരം റബര്‍ ഷീറ്റും ഒട്ടുപാലും ചിരട്ടപ്പാലും; ഒട്ടുപാല്‍ ഉണക്കി, 125 ഡിഗ്രി വരെ ചൂടാക്കി പ്രസ്സു ചെയ്ത് എടുക്കുന്ന ബ്ലോക്ക് റബറും, വിദേശത്തു ടാപ്പു ചെയ്തു കഴിഞ്ഞ ഒരാഴ്ചയോ പത്തു ദിവസമോ കഴിഞ്ഞു മാത്രം തോട്ടത്തിലെത്തി എടുത്തുകൊണ്ടുവരുന്ന പകുതിയും ഉറഞ്ഞും, ഉറയാതെയും, ബാക്ടീരിയയും മറ്റു രോഗാണുക്കളും നിറഞ്ഞ കപ് ലംപും എല്ലാം 'ക്രൂഡ് റബര്‍' ആണത്രേ! കപ് ലംപും റബര്‍ എന്ന പേരില്‍ ഇറക്കുമതി ചെയ്യാന്‍ വഴിതുറക്കുകയാണോ പുതിയ ബില്‍?
രണ്ടു നല്ല കാര്യങ്ങള്‍:-
1. ഗ്രാമതല റബര്‍ ഉത്പാദകസംഘങ്ങളുടെ (ആര്‍.പി.എസ്.) പ്രതിനിധിയായി ഒരാളെ റബര്‍ ബോര്‍ഡില്‍ അംഗമാക്കും. പക്ഷേ, ഈ പ്രതിനിധിയെ തിരഞ്ഞെടുക്കാന്‍ കര്‍ഷകര്‍ക്ക് അവകാശമില്ല. സര്‍ക്കാരിനാണ്, നിയമനാധികാരം.
2 റബര്‍ബോര്‍ഡിലെ വിവിധ താത്പര്യങ്ങളുടെ പ്രതിനിധികളായി നിയമിക്കുന്നവരില്‍ രണ്ടുപേര്‍ സ്ത്രീകളായിരിക്കണം.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)