കൊവിഡ്‌വ്യാപനവും സാമ്പത്തിക സ്തംഭനാവസ്ഥയുമാണ് അതിനു കാരണം. അതുകൊണ്ടുതന്നെ പ്രവചനാതീതം എന്നു വിലയിരുത്തുന്നതാവും ഉചിതം. ക്രാഷ് എന്‍ട്രി കണക്കെ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍കൂടി ഇതിനിടയ്ക്കു വന്നുപെട്ടിരിക്കുന്നു. കുട്ടനാട്, ചവറ നിയമസഭാമണ്ഡലങ്ങളിലേക്കു ള്ളത്. ആറുമാസംപോലും കാലാവധിയില്ലാത്ത നിയമസഭയിലേക്ക് എന്തിനിപ്പോള്‍ തിരഞ്ഞെടുപ്പ് എന്ന ന്യായമായ ചോദ്യം സജീവം.
ജനാധിപത്യസംവിധാനത്തിലെ ഉത്സവം എന്നാണല്ലോ പൊതുതിരഞ്ഞെടുപ്പിന്റെ വിശേഷണം. ഉത്സവം എന്നാല്‍ സന്തോഷംനിറഞ്ഞ, ആഘോഷം തുളുമ്പുന്ന സന്ദര്‍ഭം. ഒത്തുചേരലിന്റെ വേദി. എന്നാല്‍, രാഷ്ട്രീയപ്പാര്‍ട്ടികളെ സംബന്ധിച്ചു തിരഞ്ഞെടുപ്പ് അത്തരമൊന്നാണോ എന്നതു ചിന്ത്യം. പ്രത്യേകിച്ചും കേരളംപോലെ പ്രബുദ്ധമായ ഒരു സംസ്ഥാനത്ത്. ഇതാ മറ്റൊരു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കുന്നു. തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പ്. ത്രിതലപഞ്ചായത്തുകള്‍, കോര്‍പറേഷനുകള്‍, മുനിസിപ്പാലിറ്റികള്‍ എന്നിവിടങ്ങളിലേക്ക് അടുത്ത ഭരണസമിതിയെ നിശ്ചയിക്കുന്ന തിരഞ്ഞെടുപ്പ്. അതിനുശേഷം ഏതാനും മാസങ്ങള്‍ കഴിഞ്ഞാല്‍ മറ്റൊരു പൊതുതിരഞ്ഞെടുപ്പെത്തും: നിയമസഭാതിരഞ്ഞെടുപ്പ്. സംസ്ഥാനത്തെ 140 നിയോജകമണ്ഡലങ്ങളില്‍നിന്നുള്ള പ്രതിനിധികളെ കണെ്ടത്തുന്നതിനുള്ള തിരഞ്ഞെടുപ്പ്. ഇതിനര്‍ത്ഥം, ചുരുക്കിപ്പറഞ്ഞാല്‍ അടുത്ത ആറു മാസത്തിനകം കേരളം രണ്ടു പൊതുതിരഞ്ഞെടുപ്പുകളെയാണ് അഭിമുഖീകരിക്കാന്‍ പോകുന്നത്.
ഇപ്രാവശ്യത്തെ തിരഞ്ഞെടുപ്പിന് മുമ്പെങ്ങുമില്ലാതിരുന്ന ഒരു പ്രത്യേകതയുണ്ട്. ലോകത്തെ മുഴുവന്‍ ഗ്രസിച്ച കൊവിഡ് എന്ന മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പാകും അത്. ആരോഗ്യവിദഗ്ധരുടെ വിലയിരുത്തല്‍ കണക്കിലെടുത്താല്‍ ഇനിയും നിരവധി മാസങ്ങള്‍, അല്ലെങ്കില്‍ ഏതാനും വര്‍ഷങ്ങള്‍തന്നെ വേണ്ടിവന്നേക്കാം സമൂഹം പൂര്‍ണമായും കൊവിഡ് മുക്തമാകാന്‍. വരാന്‍പോകുന്ന തദ്ദേശ-നിയമസഭാതിരഞ്ഞെടുപ്പുകള്‍ കൊവിഡ് ഭീതിക്കിടെയാകും നടക്കുക എന്നുതന്നെ കരുതേണ്ടിയിരിക്കുന്നു. തിരഞ്ഞെടുപ്പുകമ്മീഷനും സര്‍ക്കാരും ആ സാഹചര്യം മുന്നില്‍ കണ്ടുകൊണ്ടുതന്നെയാണു മുന്നോട്ടുപോകുന്നത് എന്നു വ്യക്തം. നിയമസഭാതിരഞ്ഞെടുപ്പിന് ഏതാനും മാസങ്ങള്‍ മുമ്പു നടക്കുന്നതാകയാല്‍ തദ്ദേശസ്വയംഭരണസ്ഥാപനതിരഞ്ഞെടുപ്പിനെ സെമിഫൈനല്‍ ആയാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ കാണുന്നത്. തദ്ദേശതിരഞ്ഞെടുപ്പില്‍ മേല്‍ക്കൈ നേടുന്നവര്‍ സംസ്ഥാനം ഭരിക്കും എന്ന നിരവധി തവണത്തെ അനുഭവമാണ് അതിനു നിദാനം.
സമീപകാലത്തെ രണ്ടനുഭവങ്ങള്‍തന്നെ എടുക്കാം. 2010 ലെ തിരഞ്ഞെടുപ്പില്‍ യുഡിഎഫിനായിരുന്നു ഭൂരിപക്ഷം തദ്ദേശസ്വയംഭരണസ്ഥാപനങ്ങളിലും ജയം. പിന്നാലെയെത്തിയ 2011 ലെ നിയമസഭാതിരഞ്ഞെടുപ്പിലും വിജയം യുഡിഎഫിനുതന്നെയായിരുന്നു. ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയുമായി. 2015 ലെ തദ്ദേശതിരഞ്ഞെടുപ്പില്‍ വിജയം എല്‍ഡിഎഫ് പക്ഷത്തേക്കു മാറി. 2016 ല്‍ നടന്ന നിയമസഭാതിരഞ്ഞെടുപ്പിലും വെന്നിക്കൊടി പാറിച്ചത് ഇടതുമുന്നണി തന്നെ. പിണറായി വിജയന്‍ മുഖ്യമന്ത്രിക്കസേരയില്‍. ചരിത്രം ഇതായിരിക്കേ, തദ്ദേശതിരഞ്ഞെടുപ്പിനായി ഇടതുവലതുമുന്നണികള്‍ അരയും തലയും മുറുക്കി ഇറങ്ങും എന്നു പ്രത്യേകം പറയേണ്ടതില്ലല്ലോ. അതേസമയം, ഇരുമുന്നണികളുടെയും നെഞ്ചിടിപ്പു കൂട്ടുന്ന സാഹചര്യമാണ് നിലവിലുള്ളത്.
ബിജെപിയെ സംബന്ധിച്ച് അവര്‍ കേരളത്തില്‍ കാര്യമായ പ്രതീക്ഷ ഒരു തിരഞ്ഞെടുപ്പിലും വച്ചുപുലര്‍ത്താത്തതുകൊണ്ടു ഫലത്തെക്കുറിച്ചു വ്യാകുലത ഉണ്ടാവാന്‍ തരമില്ല. കിട്ടുന്നതെന്തോ, അതു ലാഭം. സിപിഎം, കോണ്‍ഗ്രസ്, മുസ്ലീംലീഗ്, സിപിഐ, കേരളകോണ്‍ഗ്രസ് വിഭാഗങ്ങള്‍, ആര്‍എസ്പി എന്നീ മുഖ്യധാരാപാര്‍ട്ടികളെ സംബന്ധിച്ചു മികച്ച പ്രകടനം കാഴ്ചവയ്ക്കുക എന്നത് അഭിമാനപ്രശ്‌നമാണ്. സംസ്ഥാനഭരണത്തിന്റെ വിലയിരുത്തല്‍ ഉണ്ടാകുമെന്ന് എല്ലാ തിരഞ്ഞെടുപ്പുവേളയിലും പ്രതിപക്ഷം ആവേശപൂര്‍വ്വം പറഞ്ഞിട്ടുണ്ട് കേരളത്തില്‍. എന്നാല്‍, ഇപ്രാവശ്യം അത്തരമൊരു പ്രഖ്യാപനം യുഡിഎഫിന്റെ ഭാഗത്തുനിന്ന് ഇതുവരെ ഉണ്ടായിട്ടില്ല. ഇടതുമുന്നണിയും അതിനു തുനിഞ്ഞിട്ടില്ല. ജനവിധി സംബന്ധിച്ച് എല്ലാവര്‍ക്കും വ്യക്തതക്കുറവുണ്ട് എന്നു സാരം. കൂടാതെ, 2015 ലെ രാഷ്ട്രീയ-സാമൂഹികപരിസ്ഥിതിയല്ല ഇപ്പോള്‍ കേരളത്തിലുള്ളത്. ഒരു പടികൂടി കടന്നു വിലയിരുത്തിയാല്‍ യുഡിഎഫ് 2015 ല്‍ ഏതു സ്ഥിതിയിലായിരുന്നോ അതിനോട് ഏറെക്കുറെ സാമ്യമുള്ള സ്ഥിതിവിശേഷമാണു ഭരണപക്ഷത്തെ സംബന്ധിച്ചു നിലവിലുള്ളത്. ഈ യാഥാര്‍ത്ഥ്യം ഇടതുപക്ഷത്തിന്റെ നെഞ്ചിടിപ്പു കൂട്ടാന്‍ പര്യാപ്തമാണ്. അതേ മാനദണ്ഡം വച്ചു യുഡിഎഫിന്റെ നിലവിലെ സ്ഥിതി പരിശോധിച്ചാല്‍ മറ്റൊരു കാര്യം വ്യക്തമാകും. 2015 ല്‍ യുഡിഎഫ് സര്‍ക്കാരിനെതിരേ ഇടതുമുന്നണി ഒറ്റക്കെട്ടായിരുന്നു. എണ്ണയിട്ട യന്ത്രംപോലെയാണ് അവര്‍ പ്രവര്‍ത്തിച്ചത്. അത്രമാത്രം കെട്ടുറപ്പ് യുഡിഎഫില്‍ ഇല്ല. മുന്നണിക്കുള്ളിലെ പ്രശ്‌നങ്ങള്‍തന്നെ ഒരു കെട്ടുണ്ട്, പരിഹരിക്കാന്‍. ഈ സ്ഥിതിവിശേഷം യുഡിഎഫിന്റെ നെഞ്ചിടിപ്പു വര്‍ദ്ധിപ്പിക്കുന്നതാണ്. അതേസമയം, ഇടതുമുന്നണിക്കു നേരിയ പ്രതീക്ഷ പകരുകയും ചെയ്യുന്നു. എങ്കിലും ആര്‍ക്കു മേല്‍ക്കൈ കിട്ടും എന്നുറപ്പിച്ചു പറയാന്‍ കഴിയുന്ന സാഹചര്യം ഇപ്പോഴും ഉരുത്തിരിഞ്ഞിട്ടില്ല.
ഇടതുമുന്നണിക്കു ഗംഭീരവിജയം സമ്മാനിച്ച തിരഞ്ഞെടുപ്പായിരുന്നു 2015 ലെ തദ്ദേശതിരഞ്ഞെടുപ്പ്. 14 ജില്ലാപഞ്ചായത്തുകളില്‍ ഏഴെണ്ണംവീതം ഇടതുമുന്നണിയും യുഡിഎഫും വിജയിച്ചു. ആകെയുള്ള 152 ബ്ലോക്കു പഞ്ചായത്തുകളില്‍ 92 ലും വിജയം ഇടതിനായിരുന്നു. യുഡിഎഫിനു ഭരണം പിടിക്കാനായത് 60 ഇടങ്ങളിലും. ഗ്രാമപഞ്ചായത്തിലേക്കു വന്നാല്‍ ആകെയുള്ള 941 ല്‍ 577 ഇടങ്ങളിലും ഇടതുമുന്നണിയാണ് അധികാരത്തിലെത്തിയത്. യുഡിഎഫിന് 347, ബിജെപിക്ക് 12, മറ്റുള്ളവര്‍ക്ക് 5 പഞ്ചായത്തുകള്‍ വീതം അധികാരം ലഭിച്ചു. തിരഞ്ഞെടുപ്പു നടന്ന 85 മുനിസിപ്പാലിറ്റികളില്‍ 45 ഇടങ്ങളില്‍ അധികാരമുറപ്പിക്കാന്‍ ഇടതുമുന്നണിക്കു സാധിച്ചു. 40 എണ്ണം യുഡിഎഫ് ഭരണത്തിലുമായി. സംസ്ഥാനത്തെ ആറു കോര്‍പറേഷനുകളില്‍ അഞ്ചും ഇടതുമുന്നണിഭരണത്തിലാകുന്ന കാഴ്ചയാണ് 2015 ല്‍ കണ്ടത്. ബാക്കി ഒന്നു നേടി യുഡിഎഫും. സംസ്ഥാന-ദേശീയവിഷയങ്ങള്‍ ഒരുപാടുണെ്ടങ്കിലും തദ്ദേശതിരഞ്ഞെടുപ്പില്‍ തികച്ചും പ്രാദേശികമായ വിഷയങ്ങളാണു വിജയം ആര്‍ക്ക് എന്നതില്‍ നിര്‍ണായകമാവുക യെന്നാണു പൊതുവിലുള്ള വിലയിരുത്തല്‍. അതു സംസ്ഥാനം ഭരിക്കുന്ന ഇടതുമുന്നണിക്കും കേന്ദ്രം ഭരിക്കുന്ന ബിജെപിക്കും ആശ്വാസമേകുന്ന ഘടകമാണ്.
തിരഞ്ഞെടുപ്പിനോടനുബന്ധിച്ചു രാഷ്ട്രീയപ്പാര്‍ട്ടികളുടെ തയ്യാറെടുപ്പു സംബന്ധിച്ച് എല്ലാ പ്രാവശ്യവും ഉയരുന്ന ഒരു സ്ഥിരം പല്ലവിയുണ്ട്: കോണ്‍ഗ്രസിന് ഉത്സാഹക്കുറവും ഉദാസീനതയും, സിപിഎമ്മിനു കാലേകൂട്ടിയുള്ള ആസൂത്രണവും പരിപാടികളും. ഇത്തവണയും ഈ പല്ലവി ആവര്‍ത്തിക്കുകയുണ്ടായി. ഒരു വര്‍ഷം മുമ്പേ സിപിഎം തിരഞ്ഞെടുപ്പൊരുക്കങ്ങള്‍ തുടങ്ങിയിരുന്നു. കൃത്യമായി പറഞ്ഞാല്‍ 2019 ഡിസംബര്‍ മൂന്നാംവാരം. അന്നു ചേര്‍ന്ന സംസ്ഥാന കമ്മിറ്റി 2020 ലെ തദ്ദേശതിരഞ്ഞെടുപ്പു ചര്‍ച്ച ചെയ്തു.
മുന്‍കാലകണക്കുകളും ഫലവും എന്തുതന്നെയായാലും ഇപ്പോള്‍ സാഹചര്യം തികച്ചും വിഭിന്നമാണ്. കൊവിഡ്‌വ്യാപനവും സാമ്പത്തിക സ്തംഭനാവസ്ഥയുമാണ് അതിനു കാരണം. അതുകൊണ്ടുതന്നെ പ്രവചനാതീതം എന്നു വിലയിരുത്തുന്നതാവും ഉചിതം. ക്രാഷ് എന്‍ട്രി കണക്കെ രണ്ട് ഉപതിരഞ്ഞെടുപ്പുകള്‍കൂടി ഇതിനിടയ്ക്കു വന്നുപെട്ടിരിക്കുന്നു. കുട്ടനാട്, ചവറ നിയമസഭാമണ്ഡലങ്ങളിലേക്കു ള്ളത്. ആറുമാസംപോലും കാലാവധിയില്ലാത്ത നിയമസഭയിലേക്ക് എന്തിനിപ്പോള്‍ തിരഞ്ഞെടുപ്പ് എന്ന ന്യായമായ ചോദ്യം സജീവം. തിരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിനോടും ഏതു ഭരണഘടനാസ്ഥാപനത്തോടും പൗരനു നിര്‍ദ്ദയമായി ചോദ്യം ചോദിക്കാനുള്ള സാഹചര്യമാണ് ജനാധിപത്യം. തിരഞ്ഞെടുപ്പുഫലം പ്രവചനാതീതമാകുക എന്നതു ശക്തമായ ജനാധിപത്യസംവിധാനത്തിന്റെ മറ്റൊരു സവിശേഷതയും.