അടുത്ത ലോകകപ്പ് ഫുട്‌ബോളില്‍ 32 നു പകരം 48 ടീമുകളായിരിക്കും മത്സരിക്കുക. ഏഷ്യയില്‍നിന്ന് ഒന്‍പതു ടീമുകള്‍ക്ക് അവസരമുണ്ട്. ഇതില്‍ എട്ടു ടീമുകള്‍ക്ക് നേരിട്ടാണു ബര്‍ത്ത് കിട്ടുക. ഒന്‍പതാമത്തെ ടീം പ്ലേ ഓഫിലൂടെയും ഫൈനല്‍ റൗണ്ടില്‍ എത്തും. ലോകറാങ്കിങ്ങില്‍ 100ല്‍ നില്‍ക്കുന്ന ഇന്ത്യ ഏഷ്യയില്‍ പതിനെട്ടാമതാണ്. അതായത്, അടുത്ത ലോകകപ്പില്‍ പങ്കെടുക്കാന്‍ പകുതി ചാന്‍സ്.
പക്ഷേ, ഫുട്‌ബോളില്‍ മുന്നോട്ടാണു കുതിക്കുന്നത്. സംശയം വേണ്ട.
മാര്‍ച്ചില്‍ ഇംഫാലില്‍ ത്രിരാഷ്ട്ര ടൂര്‍ണമെന്റില്‍ വിജയം, ജൂണില്‍ ഭുവനേശ്വറില്‍ ചതുര്‍രാഷ്ട്ര ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ്, ജൂലൈയില്‍ ബംഗളുരൂവില്‍ സാഫ് ചാംപ്യന്‍ഷിപ്പില്‍ ഒന്‍പതാം കിരീടം. ഭുവനേശ്വറിലെ വിജയത്തോടെതന്നെ നൂറാം റാങ്കില്‍ എത്തിയ ഇന്ത്യയ്ക്ക് ഇനി നൂറിനുള്ളില്‍ കടന്നുകൊണ്ട് ഈ വര്‍ഷത്തെ ഏഷ്യന്‍ കപ്പിനായി തയ്യാറെടുക്കാം. നൂറ്റിനാല്പത്തിയൊന്നാം റാങ്കുകാരായ കുവൈത്തിനെ തോല്‍പിച്ചത് വലിയ കാര്യമാണോയെന്നു ചോദിക്കാം. ചോദ്യം ന്യായമാണ്. പക്ഷേ, റാങ്കിനപ്പുറമായിരുന്നു അവരുടെ കളിമികവ്.
നാലു തവണ ഒളിംപിക്‌സില്‍ പങ്കെടുക്കുകയും ഒരിക്കല്‍ സെമിയില്‍ കടക്കുകയും ചെയ്ത ഇന്ത്യ രണ്ടു തവണ ഏഷ്യന്‍ ഗെയിംസില്‍ സ്വര്‍ണം നേടിയിട്ടുണ്ട്. ഒരിക്കല്‍ ഏഷ്യന്‍ ഗെയിംസ് വെങ്കലവും ലഭിച്ചു. അത് എത്രയോ വര്‍ഷങ്ങള്‍ക്കു മുമ്പായിരുന്നു. അവിടന്ന്, 173 റാങ്കു വരെ താഴോട്ടു പോയ ഇന്ത്യയുടെ തിരിച്ചുവരവാണ് ഏതാനും നാളായി കാണുന്നത്.
ബംഗളൂരുവില്‍ ശ്രീകണ്ഠീരവ സ്റ്റേഡിയത്തില്‍ ഇന്ത്യ - കുവൈത്ത് സാഫ് ഫുട്‌ബോള്‍ ചാംപ്യന്‍ഷിപ്പ് ഫൈനല്‍ കാണാന്‍ 26,000 പേര്‍ എത്തിയെന്നതുതന്നെ ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമില്‍ കളിക്കമ്പക്കാര്‍ക്കു പ്രതീക്ഷ ഉയര്‍ന്നു എന്നതിന്റെ തെളിവാണ്. ഇന്ത്യയുടെ കളി കാണാന്‍ വരണമെന്ന് നായകന്‍ സുനില്‍ ഛേത്രി പരസ്യമായി അഭ്യര്‍ഥിച്ചത് ഏതാനും വര്‍ഷം മുമ്പാണ്. പ്രാഥമികറൗണ്ടിന്റെ ആവര്‍ത്തനമെന്നോണം ഇന്ത്യയും കുവൈത്തും സമനില (11) കണ്ട ഫൈനലില്‍ സഡന്‍ ഡെത്തിലാണ് ഇന്ത്യ കിരീടം കാത്തത് (54). സെമിയുടെ ആവര്‍ത്തനമായി കലാശക്കളിയിലും ഗോളി ഗുര്‍പ്രീത് സിങ് സന്ദുവിന്റെ മികവ് ഇന്ത്യയ്ക്കു തുണയായി.
ലീഡ് നേടിയ കുവൈത്തിനെ സമനിലയില്‍ തളച്ച ഗോള്‍ ലാലിയന്‍ സുവാല ചാങ്‌തേ നേടിയതാണ്. ആ ഗോളിനു വഴിതെളിച്ചവരില്‍ രണ്ടു മലയാളിതാരങ്ങള്‍ ഉണ്ടായിരുന്നു എന്നത് കേരളത്തിനഭിമാനിക്കാം.
ആശിക് കരുണിയന്‍ ബോക്‌സിലേക്ക് സുനില്‍ ചേത്രിക്കു നല്‍കിയ പന്ത് ചേത്രി സഹല്‍ അബ്ദുല്‍ സമദിനു നല്‍കി. സഹലിന്റെ അസിസ്റ്റില്‍ ആണ് ഗോള്‍ പിറന്നത്.
സന്ദേശ് ജിംഗനും മേഹ്താബ് സിങ്ങും അന്‍വര്‍ അലിയും ഒരുക്കിയ പ്രതിരോധമാണ് ടൂര്‍ണമെന്റില്‍ ഉടനീളം ഇന്ത്യയെ തുണച്ചത്. സുനില്‍ ചേത്രിയെന്ന സൂപ്പര്‍ താരം 2005ല്‍ അരങ്ങേറിയതു മുതല്‍ നാട്ടില്‍ ഇന്ത്യ ഫൈനലുകള്‍ വിജയിച്ചുപോന്നു.
കഴിഞ്ഞ മാസം ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പില്‍ ലബനോനെ ഫൈനലില്‍ തോല്‍പിച്ച ഇന്ത്യ (20) നൂറാം റാങ്കില്‍ എത്തി. രണ്ടു ഭൂഖണ്ഡങ്ങളില്‍ നിന്നുള്ള നാലു രാജ്യങ്ങള്‍ പങ്കെടുത്ത ടൂര്‍ണമെന്റായിരുന്നത്. മംഗോളിയയും വനൗതുമായിരുന്നു ഇതര ടീമുകള്‍. 2018 ല്‍ ഇതേ ടൂര്‍ണമെന്റിന്റെ ആദ്യ പതിപ്പില്‍ കെനിയയെ തോല്‍പിച്ച് (20) ചാംപ്യന്‍മാരായ ഇന്ത്യ 2019 ല്‍ നാലാമതായിരുന്നു. ഇത്തവണ കിരീടം വീണ്ടെടുക്കുകയായിരുന്നു.
നേരത്തേ മാര്‍ച്ചില്‍ മ്യാന്മറിനെയും കിര്‍ഗിസ്ഥാനെയും പിന്തള്ളിയാണ് ത്രിരാഷ്ട്രകിരീടം ചൂടിയത്.
അച്ചടക്കനടപടി നേരിട്ടതിനാല്‍ സെമിയിലും ഫൈനലിലും ടീമിനൊപ്പം ഇരിക്കാന്‍ കഴിഞ്ഞില്ലെങ്കിലും കോച്ച് ഇ ഗോര്‍ സ്റ്റിമാച്ചിന്റെ മികവാണ് ഈ വിജയപരമ്പര.
സ്റ്റീഫന്‍ കോണ്‍സ്റ്റന്റയിനിന്റെ ശിക്ഷണത്തില്‍ 2017 ലും 18 ലും ലോക റാങ്കിങ്ങില്‍ 96 ല്‍ എത്തിയ ഇന്ത്യ നേരത്തേ 1996 ഫെബ്രുവരിയില്‍ കൈവരിച്ച 94 ആണ് ഇതുവരെയുള്ള മികച്ച റാങ്ക്. 2019 ല്‍ ആണ് ഇഗോര്‍ സ്റ്റി മാച്ച് ഇന്ത്യന്‍ ടീമിന്റെ പരിശീലകനായത്. രണ്ടു വര്‍ഷത്തെ കരാര്‍ നീട്ടിക്കൊടുക്കുകയായിരുന്നു.
ചെറുരാജ്യങ്ങള്‍ക്കെതിരെയാണെങ്കിലും തുടര്‍ച്ചയായ വിജയം ഇന്ത്യന്‍ ഫുട്‌ബോള്‍ ടീമിന്റെ ആത്മവിശ്വാസം വര്‍ധിപ്പിച്ചിട്ടുണ്ട്. ഏഷ്യന്‍ കപ്പിലേക്ക് പ്രതീക്ഷയോടെ നീങ്ങാം.
കിംഗ്‌സ് കപ്പും മെര്‍ദേക്കേയും ബാക്കിയുണ്ട്. ഈ ടൂര്‍ണമെന്റുകള്‍ ഇന്ത്യ ജയിച്ച മൂന്നിനേക്കാളും കടുപ്പമുള്ളതാണ്. ഇവയിലെ പ്രകടനം നിര്‍ണായകമാകും. കാത്തിരിക്കാം.