1966 ഫെബ്രുവരി മൂന്നിന് സോവിയറ്റ് യൂണിയന്‍, അതേവര്‍ഷം ജൂണ്‍ രണ്ടിന് അമേരിക്ക, 2013 ല്‍ ചൈന ചന്ദ്രോപതരിതലത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് (നിയന്ത്രിതമായി പേടകം ഇറക്കുക) നടത്തുകയെന്ന വലിയ കടമ്പ ഇന്നേവരെ മറികടന്നത് മൂന്നു രാജ്യങ്ങള്‍മാത്രം. ആ നിരയോടു ചേര്‍ന്ന് നാലാമനാവാനുള്ള ഇന്ത്യന്‍സ്വപ്നവും വഹിച്ച്, ശാസ്ത്രലോകം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചന്ദ്രദൗത്യം ചന്ദ്രയാന്‍ -3 ജൂലൈ 14 ന് ഉച്ചകഴിഞ്ഞ് 2.55 ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ വിക്ഷേപണകേന്ദ്രത്തില്‍നിന്നു കുതിച്ചുയരാനൊരുങ്ങുകയാണ്.
ഓഗസ്റ്റ്അവസാനവാരം ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തുമെന്നു കരുതപ്പെടുന്ന ഇന്ത്യയുടെ അഭിമാനദൗത്യത്തിന്റെ വിക്ഷേപണം നേരിട്ടുകാണാന്‍ ഇത്തവണ പൊതുജനങ്ങള്‍ക്കും ഇന്ത്യന്‍ ബഹിരാകാശഗവേഷണസംഘടന (ഐ.എസ്.ആര്‍.ഒ.) അവസരമൊരുക്കുന്നതാണെന്ന് ചെയര്‍മാന്‍ എസ്. സോമനാഥ് പ്രഖ്യാപിക്കുകയുണ്ടായി. ശ്രീഹരിക്കോട്ടയിലെ സ്റ്റേഡിയത്തിന്റെ ആകൃതിയിലുള്ള ലോഞ്ച് വ്യൂഗാലറിയില്‍ 5000 പേര്‍ക്ക് പേടകത്തിന്റെ പറന്നുയരല്‍ കണ്‍മുന്നില്‍ ദര്‍ശിച്ച് ചരിത്രമുഹൂര്‍ത്തത്തിനു സാക്ഷികളാകാം.
ചാന്ദ്രയാത്രയെന്ന ആശയത്തിന് ഇന്ത്യ ചിറകു നല്കിയിട്ട് ഏതാണ്ട് 23 വര്‍ഷമാകുന്നു. 2000 ഓഗസ്റ്റ് 15 ന് പ്രധാനമന്ത്രിയായിരുന്ന അടല്‍ ബിഹാരി വാജ്‌പേയ് പ്രഖ്യാപിച്ച ആദ്യദൗത്യം യാഥാര്‍ഥ്യമായത് എട്ടു വര്‍ഷങ്ങള്‍ക്കുശേഷമാണ്. ഇന്ത്യയുടെ അഭിമാനം വാനോളമുയര്‍ത്തി 2008 ഒക്‌ടോബറില്‍ ശ്രീഹരിക്കോട്ടയില്‍നിന്ന് പി.എസ്.എല്‍.വി. യുടെ നെഞ്ചിലേറി സ്വപ്നസാക്ഷാത്കാരമായി പറന്നുപൊങ്ങിയ ചന്ദ്രയാന്‍-1 ന്റെ ഓര്‍ബിറ്റര്‍ (ഉപഗ്രഹം)ചന്ദ്രനെ ഭ്രമണം ചെയ്യാന്‍ തുടങ്ങി. ഓര്‍ബിറ്ററില്‍നിന്നു വേര്‍പെട്ട് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറങ്ങിയ മൂണ്‍ ഇംപാക്ട് പ്രോബ് എന്ന ഇംപാക്ടര്‍ ചന്ദ്രനില്‍ ജലത്തിന്റെ സാന്നിധ്യം ഉറപ്പിക്കുകയും 70,000ത്തോളം ചിത്രങ്ങള്‍ ലഭ്യമാക്കുകയും ചെയ്തു. 312 ദിവസത്തില്‍ 3400 ല്‍പ്പരം തവണ ചന്ദ്രനെ ചുറ്റി ദൗത്യത്തിന്റെ 90 ശതമാനം പൂര്‍ത്തിയാക്കിയശേഷം പേടകത്തിന്റെ സെന്‍സറുകളിലൊന്നു തകരാറിലായതോടെ ദൗത്യം അവസാനിപ്പിച്ചെങ്കിലും 2009 സെപ്റ്റംബറില്‍ ഇന്ത്യയുടെ ചന്ദ്രയാന്‍വിജയത്തിന് ലോകത്തിന്റെ അംഗീകാരം ലഭിച്ചു. പ്രോബ് ഇടിച്ചിറക്കുന്നതിനു പകരം വിക്രം എന്ന ലാന്‍ഡറും പ്രഗ്യാന്‍ എന്ന റോവറും സോഫ്റ്റ് ലാന്‍ഡിംഗ് ചെയ്യിക്കുകയായിരുന്നു ചന്ദ്രയാന്‍ 2 ന്റെ ലക്ഷ്യമെങ്കിലും വിജയഗാഥ ആവര്‍ത്തിക്കാനായില്ല. ലാന്‍ഡര്‍ ചന്ദ്രനില്‍ ഇടിച്ചിറങ്ങിയപ്പോള്‍ വിക്രമിനൊപ്പം റോവറും നശിച്ചെങ്കിലും ഓര്‍ബിറ്റര്‍ ഉദ്ദേശിച്ച ഭ്രമണപഥത്തില്‍ സ്ഥാപിച്ചതിനാല്‍ ഇപ്പോഴും പ്രവര്‍ത്തനക്ഷമമായി ചന്ദ്രനെ വലംവച്ചുകൊണ്ടിരിക്കുന്നു. ഭാഗികമായി പരാജയപ്പെട്ട ചന്ദ്രയാന്‍ 2 ന്റെ യാത്രാപഥത്തിലൂടെത്തന്നെ സഞ്ചരിച്ച് ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പേടകമിറക്കുകയാണ് ഇന്ത്യയുടെ മൂന്നാം ചാന്ദ്രദൗത്യം. രൂപത്തിലും ഘടനയിലും സാമ്യമുണ്ടെങ്കിലും, പരാജയത്തില്‍ നിന്നു പാഠമുള്‍ക്കൊണ്ട് വീഴ്ചകള്‍ പരിഹരിച്ച് സാങ്കേതികമായി ഏറെ മെച്ചപ്പെടുത്തിയതിനാല്‍ ഇത്തവണ വിജയകരമായി സോഫ്റ്റ്‌ലാന്‍ഡിംഗ് നടത്താനാവുമെന്നാണ് ഐ.എസ്.ആര്‍.ഒ. യുടെ പ്രതീക്ഷ. മനുഷ്യനെപ്പോലും പല തവണ ചന്ദ്രനില്‍ ഇറക്കിയിട്ടുണ്ടെങ്കിലും ദുര്‍ബലമായ ഗുരുത്വാകര്‍ഷണവും അന്തരീക്ഷമില്ലായ്മയും ചന്ദ്രന്റെ ഉപരിതലത്തിലേക്ക് നിയന്ത്രിതമായി പേടകം ഇറക്കുന്നതിനെ സങ്കീര്‍ണവും ശ്രമകരവുമാക്കുന്നു. ലാന്‍ഡിംഗ് ശ്രമം പരാജയപ്പെട്ടാല്‍ റീലാന്‍ഡിംഗ് നടത്താന്‍ സൗകര്യമുണ്ടെന്നതാണ് ചന്ദ്രയാന്‍ മൂന്നിന്റെ പ്രധാന സവിശേഷത.
ചന്ദ്രനില്‍ ചുറ്റിക്കറങ്ങി നടന്ന് പര്യവേക്ഷണത്തിനു സഹായിക്കുന്ന റോവര്‍, റോവറിനെ ചന്ദ്രനിലിറക്കുന്ന ലാന്‍ഡര്‍, ലാന്‍ഡറിനെ ചാന്ദ്രഭ്രമണപഥത്തിലെത്തിക്കുന്ന പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ എന്നിവയടങ്ങുന്ന പേടകത്തിന്റെ ആകെ ഭാരം 3900 കിലോഗ്രാമാണ്. ഐസ്‌രൂപത്തില്‍ ജലനിക്ഷേപമുണ്ടെന്നു തെളിയിക്കപ്പെട്ട ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ പകല്‍ സൂര്യപ്രകാശമുള്ളപ്പോള്‍ എത്തിച്ചേരുന്ന പേടകം ചന്ദ്രനിലെ ധാതുജലസാന്നിധ്യം, ചാന്ദ്രഭൂവിലെ ചലനങ്ങള്‍, അന്തരീക്ഷം എന്നിവയുടെ വിവരങ്ങള്‍ ശേഖരിക്കാന്‍ നാസയുടെ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ വഹിക്കുന്നു. ഒരു ചാന്ദ്രദിനം അഥവാ നമ്മുടെ 14 ദിവസമാണ് ചന്ദ്രയാന്‍ 3 ന്റെ ആയുസ്സ്. പ്രവര്‍ത്തനം തുടങ്ങിയാല്‍ റോവറില്‍നിന്ന് ലാന്‍ഡറിലേക്കും പിന്നീട് ചന്ദ്രയാന്‍ 2 ന്റെ ഓര്‍ബിറ്റര്‍ വഴി ഇന്ത്യന്‍ ഡീപ് സ്‌പേസ് നെറ്റുവര്‍ക്കിലേക്കും വിവരങ്ങള്‍ കൈമാറും. ചെലവുചുരുക്കലിന്റെ ഭാഗമായി പുതിയൊരു ഓര്‍ബിറ്റര്‍ ഇത്തവണ ഇല്ലാത്തതിനാല്‍ത്തന്നെ ലോകരാജ്യങ്ങളെ ഞെട്ടിപ്പിക്കുംവിധം വെറും 615 കോടി രൂപ മുതല്‍മുടക്കിലാണ് ഈ ദൗത്യം സാധ്യമാകുന്നത്. മുന്‍കാലാനുഭവങ്ങള്‍ പാഠമാക്കി അതീവസംയമനത്തോടെ ഐ.എസ്.ആര്‍.ഒ. യുടെ എല്‍വിഎം 3 എം 4 ശ്രീഹരിക്കോട്ടയിലെ വിക്ഷേപണത്തറയില്‍നിന്നു ചന്ദ്രയാന്‍ 3 നെ വഹിച്ചുകൊണ്ട് കുതിച്ചുയരുമ്പോള്‍ ഏതൊരു ഇന്ത്യക്കാരനെയുംപോലെ ലോകം മുഴുവന്‍ ഉറ്റുനോക്കുകയാണ്; ചരിത്രനിമിഷങ്ങള്‍ക്കായി കാത്തിരിക്കുകയാണ്.