•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഫലശ്രുതികളന്യമാകുന്ന വല്മീകങ്ങള്‍

റ്റപ്പെടലിന്റെയോ ദുഃഖത്തിന്റെയോ വല്മീകങ്ങള്‍ ജീവിതത്തെയപ്പാടെ പൊതിഞ്ഞു സൂക്ഷിക്കുന്ന ഒരു നേരമോ കാലമോ ഉണ്ടാവും ഓരോരുത്തര്‍ക്കും. കണ്ണീര്‍ക്കണങ്ങള്‍ക്കിടയില്‍ തെളിയുന്ന വിചാരനക്ഷത്രങ്ങള്‍കൊണ്ടൊരു മാലകൊരുത്ത് നാം വാഴ്‌വിനെ വീണ്ടും സ്വയംവരം ചെയ്യുന്ന കാലം. മരിക്കാനും തോല്‍ക്കാനുമുള്ളതല്ല, ജീവിക്കാനും ജയിക്കാനുമുള്ളതാണ് ജീവിതമെന്ന തിരിച്ചറിവിന്റെ ഊര്‍ജത്തില്‍ അവസാനശ്വാസംവരെ ചുവടിടറാതെ നടന്ന മനുഷ്യരെക്കുറിച്ച് നാം അപ്പോള്‍ ഓര്‍മിക്കും.

പക്ഷേ, അത്തരം മനുഷ്യരുടെയും പുസ്തകങ്ങളുടെയും വര്‍ത്തമാനങ്ങളുടെയും ചൂര് മണക്കുന്ന അന്തരീക്ഷം നമുക്കിന്ന് അന്യമാവുകയാണ്. ഒറ്റശ്വാസത്തിലൊരു വിളക്കൂതിക്കെടുത്തുന്നതുപോലെ എത്ര നിസ്സാരമായാണ് നാമിന്ന് പ്രാണന്‍ കെടുത്തിക്കളയുന്നത്! നമ്മുടെയോരോ പുലരിയുമിന്ന് കണ്‍തുറക്കുന്നത് ആത്മഹത്യയുടെയോ പരഹത്യകളുടെയോ വിശദാംശങ്ങളിലേക്കും വിവാദങ്ങളിലേക്കുമായിപ്പോകുന്നു. പ്രകടമാക്കുന്നില്ലെങ്കില്‍പ്പോലും, ഭയത്തിന്റെ നിഴല്‍വീണ വഴികളിലാണ് നാമിന്നു സഞ്ചരിക്കുന്നത്. അരുതെന്നു പറയാനോ അതിരുകളെയോര്‍മിപ്പിക്കാനോ സാധ്യമാവാത്തവിധം അറിവിടങ്ങളിലും കുടുംബങ്ങളിലും വാക്കുകള്‍ പലപ്പോഴും  കരിന്തിരികത്തിയമരുന്നു. കണ്ടറിഞ്ഞു തിരുത്തുന്നതിനെക്കാള്‍ സുരക്ഷിതം, കണ്ടില്ലെന്നു നടിക്കലാണ് എന്ന അപകടകരമായ നിസ്സംഗതയിലേക്കു പലരും മുഖം പൂഴ്ത്തുന്നു. വ്യഥയുടെ ചെറുകുന്നുകള്‍പോലും കയറാന്‍ ഇട          വന്നിട്ടില്ലാത്ത കുഞ്ഞുങ്ങള്‍ ഏതൊക്കെയോ ആനന്ദശൃംഗങ്ങളിലോടിക്കളിച്ച് കാലിടറി വീണ് ജീവിതത്തിന് പൂര്‍ണവിരാമമിട്ടുകൊണ്ടിരിക്കുമ്പോള്‍ നാം ചെയ്യുന്നതെന്താണ്? ഓരോ മരണത്തിലും അവരവര്‍ക്കുപയോഗിക്കാനുള്ള സാധ്യതകളെ കണ്ടെത്തി വീഴ്ത്തലിന്റെയും വാഴ്ത്തലിന്റെയും തന്ത്രങ്ങള്‍ മാറി മാറി പയറ്റിക്കൊണ്ടിരിക്കുന്നു!
വല്മീകത്തിന്റെ സ്വച്ഛതകളെയും ഉണര്‍വുകളെയും ആത്മാവിലേറ്റുന്ന അറിവിടങ്ങളും കുടുംബങ്ങളുമാണ് നമുക്കിന്നനിവാര്യം. സ്‌കൂള്‍ ബാഗ് തോളിലേറ്റിയതു മുതല്‍ ഇന്നോളംവരെയുള്ള കാലത്തിനുള്ളില്‍ ക്രിയാത്മകമായ ചില തനിച്ചിരിക്കലുകളുടെ ഗുണമറിയാനുള്ള സാവകാശം എത്ര കുഞ്ഞുങ്ങള്‍ക്കു കിട്ടിയിട്ടുണ്ടാവും. പ്രാര്‍ഥനാലയത്തിന്റെ നിശ്ശബ്ദത സാന്ത്വനത്തിലേക്കോ, തുറന്നുവച്ച പുസ്തകത്തിലെ അക്ഷരങ്ങളുടെ ഹൃദ്യതയിലേക്കോ, ഇഴപൊട്ടാത്ത ഹൃദയബന്ധങ്ങളുടെ ആഴങ്ങളിലേക്കോ, ഇരതേടിപ്പോയ  അമ്മയെ കാത്ത് തൂവലുറയ്ക്കാത്ത കുഞ്ഞുങ്ങളിരിക്കുന്ന  കിളിക്കൂടിന്റെ പ്രതീക്ഷകളിലേക്കോ ഒക്കെ അവരെ കൈപിടിച്ചു നയിക്കാനുള്ള സാവകാശം നമ്മളില്‍ ആര്‍ക്കൊക്കെ ഉണ്ടായിരുന്നു എന്ന് സ്വയം ചോദിക്കണം. ഈ സാവകാശങ്ങളിലേക്കും വെളിപാടുകളിലേക്കും ഉണര്‍വുകളിലേക്കും അവര്‍ നയിക്കപ്പെടുമ്പോഴാണ് അവര്‍ ആയിരിക്കുന്ന ഇടങ്ങള്‍ ജീവിതത്തിന്റെ കവചമായി അവര്‍ക്കനുഭവപ്പെടുന്നത്; അതു വീടായാലും വിദ്യാലയമായാലും. സൈബറിടങ്ങളിലെ അലസസഞ്ചാരങ്ങള്‍ക്കും പഠനമേശയിലെ സംഘര്‍ഷങ്ങള്‍ക്കുമിടയില്‍ അവര്‍ക്കുവേണ്ടി നാം ആത്മവിചാരങ്ങളുടെ ചെറുവല്മീകങ്ങളൊരുക്കണം. തിരക്കുകളുടെയും പദവികളുടെയുമൊക്കെ ഭാരങ്ങളഴിച്ചുവച്ച് അല്പമാത്രകളെങ്കിലും നമുക്ക് 'ചിതല്‍ജന്മം' വരിക്കാം. നഷ്ടമായത് പ്രണയമായാലും കരിയറായാലും വിലപ്പെട്ടതെന്നു കരുതിയതെന്തുതന്നെയായാലും ശരി, വെറുപ്പിന്റെയോ നിരാശയുടെയോ കടലേറ്റങ്ങള്‍ക്കു മനസ്സിനെ വിട്ടുകൊടുക്കാതെ, ബഷീറിന്റെ ഭാഷയില്‍ പറഞ്ഞാല്‍ 'സ്റ്റൈലനൊരു ചിരിയും പാസ്സാക്കി' അവനവനിലേക്കും ജീവിതത്തിലേക്കും തിരിച്ചനടക്കാനുള്ള ആത്മബലം നമ്മളല്ലാതെ മറ്റാരാണ് അവര്‍ക്കു നല്‌കേണ്ടത്?
ഉറ്റവരുടെ മുഖമോര്‍ത്ത് ഒരുപാടു കരഞ്ഞും ജീവിതത്തിലേക്കു തിരിച്ചുനടക്കാന്‍ പലവട്ടം കൊതിച്ചും സ്വന്തം മരണനിമിഷങ്ങളെയോര്‍ത്തു ഭയന്നുവിറച്ചിട്ടുമായിരിക്കും ജീവിച്ചു തുടങ്ങുംമുമ്പേ അവരില്‍ പലരും 'മരിച്ചുപോയത്'. ആത്മഹത്യകളും മരണമൊഴികളും മൊബൈല്‍ ഫോണില്‍ ലൈവായി കണ്ട് 'സ്‌ക്രോളു' ചെയ്ത് അടുത്ത കാഴ്ചകളിലേക്കു നിസ്സംഗമായി പോകുന്നതിനിടയില്‍ അവിവേകത്തിന്റെ ഏതൊക്കെയോ വിത്തുകള്‍ മനസ്സില്‍ വിതയ്ക്കപ്പെടുന്നുണ്ട്. 
ഓരോ ആത്മഹത്യയുടെയും പിന്നിലുള്ള വൈകാരികപ്രതിസന്ധികള്‍ മറ്റൊരു ദുരന്തവാര്‍ത്തയെത്തുന്നതുവരെ നമ്മുടെ കാഴ്ചയിലും കേള്‍വിയിലും വര്‍ണപ്പൊലിമയോടെ ആവിഷ്‌കരിക്കപ്പെടുന്നുമുണ്ട്. ജീവിച്ചിരിക്കാന്‍ അവശേഷിക്കുന്ന ഏതെങ്കിലുമൊക്കെ സാധ്യതകളില്‍നിന്ന് മരിക്കാന്‍ തോന്നിപ്പിക്കുന്ന ആയിരം കാരണങ്ങളിലേക്ക് മനുഷ്യരെ വലിച്ചിഴയ്ക്കുന്നതില്‍ ഇന്നത്തെ മാധ്യമസംസ്‌കാരത്തിനും വലിയ പങ്കുണ്ട്. 
മലയാളചലച്ചിത്രലോകം കേട്ട ഏറ്റവും സത്യസന്ധമായ ഏറ്റുപറച്ചിലുകളില്‍ ഒന്നായിരുന്നു 'ഉത്സവപ്പിറ്റേന്ന്' എന്ന സിനിമയുമായി ബന്ധപ്പെട്ട് തിരക്കഥാകൃത്തായ ജോണ്‍പോളിന്റേത്. ഭരത്‌ഗോപി സംവിധാനം നിര്‍വഹിച്ച ചിത്രത്തില്‍ നായകനായ അനിയന്‍തമ്പുരാനെ അവതരിപ്പിച്ചത് മോഹന്‍ലാലായിരുന്നു. സാമ്പത്തികമായ തകര്‍ച്ചയുടെയും ഒറ്റപ്പെടലിന്റെയും ദാമ്പത്യത്തിലെ ചില തിരിച്ചറിവുകളുടെയും തീവ്രവ്യഥയില്‍ ജീവിതം  കൈവിട്ടുപോകുന്ന സാധുവായ ചെറുപ്പക്കാരന്‍. നിഷ്‌കളങ്കമായി കളിച്ചു ചിരിച്ചു വട്ടം കൂടി നില്‍ക്കുന്ന കുട്ടികള്‍ക്കിടയിലേക്കെത്തുന്ന അനിയന്‍ തമ്പുരാന്‍ 'ആരും കാണിക്കാത്ത തമാശ ഇന്നു കാട്ടിത്തരാം, കൈയടിച്ചോളൂ' എന്നു പറഞ്ഞ് ഊഞ്ഞാല്‍ക്കയറില്‍ ജീവനൊടുക്കുന്നു. മരണമാണ് മുന്നില്‍ കാണുന്നതെന്നറിയാതെ കൈയടിക്കുന്ന കുട്ടികള്‍. സിനിമ കണ്ടിട്ട് മോഹന്‍ലാലിനെ അനുകരിക്കാന്‍ ശ്രമിച്ച രണ്ടു കുട്ടികള്‍ക്കാണ് ജീവന്‍ നഷ്ടമായത്. എഴുതിപ്പോയ ആ ക്ലൈമാക്‌സിനെച്ചൊല്ലിയും പൊലിഞ്ഞുപോയ രണ്ടു ജീവനുകളെയോര്‍ത്തും പില്‍ക്കാലത്ത് പല സന്ദര്‍ഭങ്ങളിലും അദ്ദേഹത്തിന്റെ കണ്ണുനിറഞ്ഞിട്ടുണ്ട്. എഴുതേണ്ടതും എഴുതാവുന്നവയുമുണ്ട്; ഒപ്പം എഴുതരുതാത്തവയുമുണ്ട് എന്ന വിലപ്പെട്ട പാഠം അന്നുമുതല്‍ തനിക്കു സ്വന്തമായെന്നും വാക്കുകള്‍ക്കും ദൃശ്യങ്ങള്‍ക്കും നമ്മെ അമ്പരപ്പിക്കുന്ന തരത്തില്‍ മനുഷ്യര്‍ക്കുമേല്‍ ദൂരസ്വാധീനം ചെലുത്താനാകുമെന്നും 'കാലത്തിനു മുമ്പേ നടന്നവര്‍' എന്ന ഓര്‍മക്കുറിപ്പില്‍ അദ്ദേഹം അനുസ്മരിക്കുന്നുണ്ട്. 
നന്നായി ജീവിക്കാന്‍ മാത്രമല്ല, നന്നായി മരിക്കാനും കൂടി പഠിപ്പിക്കേണ്ട നാടായി സാക്ഷരകേരളം മാറിക്കഴിഞ്ഞു. അതുകൊണ്ടുതന്നെ, മഹാസൗധങ്ങള്‍ പടുത്തുയര്‍ത്തുന്നതിനുള്ള അക്കപ്പെരുക്കങ്ങളിലേക്കല്ല ഇനിയുള്ള കാലം നാം നോട്ടമയയ്‌ക്കേണ്ടത്. പുതിയ തലമുറയുടെ ചിന്താസ്ഥലികളില്‍ വീണ്ടുവിചാരങ്ങളുടെ വല്മീകങ്ങള്‍ തൂപപ്പെടുത്തണം. ജീവിതം നിലച്ചുപോയെന്നു തോന്നുന്ന പ്രതിസന്ധിയുടെ ദിനങ്ങളില്‍ അവര്‍ അതിനുള്ളിലിരുന്ന് അവനവനിലേക്കും ഈശ്വരനിലേക്കും പലവട്ടം സഞ്ചരിക്കട്ടെ. ജയിക്കാനും ജീവിക്കാനും കാലമിനിയും ബാക്കിയുണ്ടെന്ന ബോധ്യത്തിന്റെ കരുത്തില്‍ വീണ്ടും വാഴ്‌വിന്റെ കരം പിടിക്കുമ്പോള്‍ ഒ.എന്‍.വി.യുടെ സുന്ദരമായ ഈ വരികള്‍ അവര്‍ക്കു കൂട്ടായിരിക്കട്ടെ;
''കത്തിത്തീര്‍ന്ന പകലിന്റെ 
പൊട്ടും പൊടിയും ചാര്‍ത്തി
ദുഃഖസ്മൃതികളില്‍നിന്നല്ലോ
പുലരി പിറക്കുന്നൂ വീണ്ടും
പുലരി പിറക്കുന്നൂ വീണ്ടും.''

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)