കരുണയോടും സ്‌നേഹത്തോടുംകൂടി നാം പറയുന്ന ഓരോ വാക്കിനും വലിയ ശക്തിയുണ്ട്. അതു മറ്റൊരാളില്‍ കൊടുങ്കാറ്റായി ഇറങ്ങിച്ചെന്ന് അവനു പ്രതീക്ഷയും സൗഖ്യവും നല്‍കും.
ഒരിക്കല്‍ ഒരു പ്രസിദ്ധ വചനപ്രഘോഷകന്റെ അരികില്‍ നട്ടെല്ലു തകര്‍ന്നു തരിപ്പണമായ ഒരു രോഗിയെ കൊണ്ടുവന്നു. ആള്‍ കുഴല്‍ക്കിണര്‍ കുഴിക്കുന്ന തൊഴിലിലാണ് ഏര്‍പ്പെട്ടിരുന്നത്. ഒരുനാള്‍ ഭാരമേറിയ കോണ്‍ക്രീറ്റിന്റെ റിങ് തന്റെ തോളില്‍ ചുമന്നുകൊണ്ടുപോകുന്നതിനിടയില്‍ ആള്‍ വീണു നട്ടെല്ലു തകര്‍ന്നതാണ്. അതോടെ അയാള്‍ കിടപ്പിലായിക്കഴിഞ്ഞിരുന്നു. കുടുംബം പരിപാലിക്കാന്‍ നിവൃത്തിയില്ലാതായി. ഭാര്യ കൂലിപ്പണിക്കു പോകാന്‍ തുടങ്ങി. നിരാശയില്‍ വലഞ്ഞ് ഒടുവില്‍ ആത്മഹത്യയല്ലാതെ മറ്റൊരു വഴിയും മുമ്പില്‍ കണ്ടില്ല. അങ്ങനെയിരിക്കുമ്പോഴാണ് ആരോ ഈ വചനപ്രഘോഷകന്റെ കാര്യം പറഞ്ഞത്. ഏതായാലും, മരിക്കുന്നതിനുമുമ്പ് അദ്ദേഹത്തെ ഒന്നു കണ്ടുകളയാം. ഒരു ഓട്ടോറിക്ഷയില്‍ കിടത്തിയാണ് ആളെ അച്ചന്റെ അടുത്തെത്തിച്ചത്. വൈദികന്‍ പ്രാര്‍ഥിച്ചു തലയില്‍ കരങ്ങള്‍ ചേര്‍ത്തുവച്ചു പറഞ്ഞു: ''ദൈവം വലിയവനാണ്; അവന്‍ തീര്‍ച്ചയായും നിന്നെ സുഖപ്പെടുത്തും.''
മൂന്നു വര്‍ഷത്തിനുശേഷം വചനപ്രഘോഷകന്‍ ഇയാളെ വീണ്ടും കണ്ടുമുട്ടി. ഇപ്പോള്‍ ആള്‍ക്ക് എഴുന്നേറ്റിരിക്കാം എന്ന സ്ഥിതിയായി. ജീവിതം അവസാനിപ്പിക്കാം എന്ന ചിന്തയൊന്നും ഇപ്പോഴില്ല. ബീഡി തെറുത്ത് അത്യാവശ്യം വരുമാനവും ലഭിക്കുന്നുണ്ട്.
കാന്‍സര്‍ചികിത്സാരംഗത്തു സുപ്രസിദ്ധനായ ഡോക്ടര്‍ ഗംഗാധരന്‍ മഹത്തരമായ വ്യക്തിത്വ സവിശേഷതയുള്ളയാളാണ്. അദ്ദേഹം നിരന്തരം ശ്രമിക്കുന്നത് രോഗിയുടെ മനസ്സില്‍നിന്ന് ഭയം അകറ്റാനും പ്രത്യാശ നഷ്ടപ്പെടുത്താതിരിക്കാനുമാണ്. ധീരതയോടെ എല്ലാം നേരിടണം. ജീവിക്കാന്‍ മറക്കരുത്. ഇതൊക്കെയാണ് അദ്ദേഹം ഓര്‍മപ്പെടുത്തുന്ന കാര്യങ്ങള്‍. നമുക്കറിയാം ഒരു ഡോക്ടറിന്റെ വാക്കുകള്‍ക്കുള്ളില്‍ ഒരു മാന്ത്രികശക്തി ഉറങ്ങുന്നുണ്ട്. രോഗികളെയും ബന്ധുക്കളെയുമൊക്കെ പ്രത്യാശയില്‍ നിലനിറുത്താനുള്ള വരം അവര്‍ക്കുണ്ട്.
കാതില്‍ മന്ത്രിച്ച സ്‌നേഹവചസ്സുകള്‍
രാജുവിന്റെ അപ്പൂപ്പന് അസുഖം മൂര്‍ച്ഛിച്ചപ്പോള്‍ ഐസിയുവിലേക്കു മാറ്റി. ഡോക്ടറന്മാര്‍ പലേ മരുന്നുകളും മാറിമാറി പരീക്ഷിച്ചു. ഒന്നിനോടും അപ്പൂപ്പന്‍ പ്രതികരിക്കുന്നുണ്ടായിരുന്നില്ല. ശരീരം ആകെ തളര്‍ന്നിരിക്കുന്നു. പ്രതീക്ഷകള്‍ നഷ്ട പ്പെട്ടപ്പോള്‍ ഡോക്ടറന്മാര്‍ ഉപദേശിച്ചു. ഇനിയും ഇവിടെ കിടത്തിയിട്ടു കാര്യമില്ല. അപ്പൂപ്പന്‍ തന്റെ ശേഷം ദിവസങ്ങള്‍ കുടുംബാംഗങ്ങള്‍ക്കൊപ്പം കഴിയട്ടെ. അങ്ങനെ അപ്പൂപ്പനെ അവര്‍ ഡിസ്ചാര്‍ജ് ചെയ്തു. ആളെ ആംബുലന്‍സിലേക്കു കൊണ്ടുപോകുന്ന വഴിക്ക് ഒരു ഹെല്‍പ്പര്‍ തന്റെ മുഖം താഴ്ത്തി അപ്പൂപ്പന്റെ കാതില്‍ എന്തോ ഒന്നു മന്ത്രിച്ചു. അടച്ചുവച്ചിരുന്ന കണ്ണു തുറന്ന് അപ്പൂപ്പന്‍ ഒന്നു പുഞ്ചിരിച്ചു. ഹെല്‍പ്പര്‍ എന്താണു മന്ത്രിച്ചത് എന്നാരും കേട്ടതുമില്ല.
വീട്ടിലെത്തിയ അപ്പൂപ്പന്‍ വാസ്തവത്തില്‍ അന്ത്യദിനം എണ്ണുകയായിരുന്നില്ല. ആള്‍ നാള്‍ക്കു നാള്‍ കൂടുതല്‍ ഉന്മേഷഭരിതനായി കാണപ്പെട്ടു. ഭക്ഷണം കഴിക്കാന്‍ തുടങ്ങി. ഇപ്പോള്‍ പൂന്തോപ്പിലൊക്കെ ഒന്നു നടക്കാവുന്ന സ്ഥിതിയിലായി. അപ്പൂപ്പന്‍ പൂര്‍ണ ആരോഗ്യവാനായിരിക്കുന്നു.
'നിങ്ങളുടെ വാക്കുകളുടെ കാര്യത്തില്‍ മനസ്സു വച്ചോളൂ. ഏതാനും വാക്കുകള്‍, അതു ചിലര്‍ക്ക് അര്‍ഥശൂന്യമെന്നു തോന്നിയേക്കാം; മറ്റുചിലര്‍ക്ക് ഒരു ജീവിതകാലം മുഴുവന്‍ അതു മനസ്സില്‍ ഒട്ടിനിന്നേക്കാം' എന്നാണ് റേച്ചല്‍ വോള്‍ചിന്നിന്റെ വാക്കുകള്‍.
എല്ലാവര്‍ക്കും വലിയ കൗതുകമായി എന്താണ് അന്ന് ആ ഹെല്‍പ്പര്‍ അപ്പൂപ്പന്റെ കാതില്‍ മന്ത്രിച്ചത് എന്നറിയാന്‍. 'ദൈവകൃപയാല്‍ അപ്പൂപ്പന്‍ വേഗം സുഖം പ്രാപിക്കും' എന്നു മാത്രമായിരുന്നു അയാള്‍ മന്ത്രിച്ചത് . കരുണയോടും സ്‌നേഹത്തോടുംകൂടി നാം പറയുന്ന ഓരോ വാക്കിനും വലിയ ശക്തിയുണ്ട്. അത് മറ്റൊരാളില്‍ കൊടുങ്കാറ്റായി ഇറങ്ങിച്ചെന്ന് അവനു പ്രതീക്ഷയും സൗഖ്യവും നല്‍കും. ആ ഹെല്‍പ്പര്‍ രാജു അപ്പൂപ്പനോടു പറഞ്ഞതുപോലുള്ള പ്രോത്സാഹജനകമായ വാക്കുകള്‍ ഇന്നത്തെ ലോകത്തു വിരളമായിക്കൊണ്ടിരിക്കുന്നു. വാക്കുകളുടെ മാന്ത്രികശക്തി അത്ര അനവദ്യമാണ്. അത് ജീവിതങ്ങളെ മാറ്റിമറിക്കും, നിരാശയുടെ ലോകത്തു നെയ്വിളക്ക് തെളിക്കും. മദര്‍ തെരേസ പറയുമായിരുന്നു 'കരുണയുടെ വാക്കുകള്‍ എത്രയും ഹ്രസ്വവും ലളിതവുമായിക്കൊള്ളട്ടെ, അതിന്റെ മാറ്റൊലികള്‍ ഒരിക്കലും അവസാനിക്കാത്ത സീമകള്‍ക്കപ്പുറമാണ്' എന്ന്.
അപ്പൂപ്പന്റെ കാര്യത്തില്‍ രോഗാവസ്ഥയില്‍ നിന്നുള്ള തിരിച്ചുവരവ് വേഗത്തിലാക്കാന്‍ ആ ഹെല്‍പ്പറിന്റെ മാന്ത്രികശബ്ദത്തിനു കഴിഞ്ഞു. 'വിഷമിക്കേണ്ട ദൈവം എല്ലാം നേരേയാക്കും' എന്ന ആ വാക്കുകള്‍ വ്യാകുലമായിരുന്ന, ആശകള്‍ നശിച്ച ആ മനുഷ്യനിലേക്കു സൂര്യകിരണങ്ങള്‍പ്പോലെ എത്തി. മരുന്നുകള്‍ക്കു സാധിക്കാത്തതു വാക്കുകള്‍ക്കു സാധ്യമായി. അത്രമാത്രം ഉണര്‍വും പ്രചോദനവുമാണ് അതു നല്‍കിയത്.
സംസാരിക്കാനാവാതെ പത്തു വര്‍ഷം
അവസാനമായി ഒരു ബാലന്റെ കഥ പറയാം. പത്തു വയസ്സുവരെ ഒരക്ഷരം ഉച്ചരിക്കാന്‍ അവനു കഴിഞ്ഞില്ല. പാവങ്ങളെങ്കിലും വലിയ ദൈവഭക്തരായിരുന്നു കുടുംബക്കാര്‍. പല നല്ല മനുഷ്യരുടെയും സഹായത്തോടെ പണം സമാഹരിച്ച് അവനെ അടുത്തും അകലെയുമുള്ള അനേകം ആശുപത്രികളില്‍ കൊണ്ടുപോയി വീട്ടുകാര്‍. പക്ഷേ, അവനു സംസാരശേഷിയുണ്ടായില്ല. ഒടുവില്‍ ഒരു ഡോക്ടര്‍ ചെന്നൈയിലെ ഒരു ആശുപത്രിയുടെ കാര്യം പറഞ്ഞു. അവിടെ പണച്ചെലവേറിയ ഓപ്പറേഷന്‍ നടത്തിയാല്‍ കുട്ടി സംസാരിച്ചുതുടങ്ങുമെന്നാണ് അദ്ദേഹം പറഞ്ഞത്. ഇതിനൊന്നും പക്ഷേ, പണമില്ല. എല്ലാ പ്രതീക്ഷകളും അങ്ങനെ മങ്ങി. അപ്പോഴും നല്ലവരായ അയല്‍ക്കാര്‍ അവര്‍ക്കു പറ്റുന്നതുപോലെ സഹായം ചെയ്യുന്നുണ്ടായിരുന്നു. എപ്പോഴും ആത്മധൈര്യം പകരുന്നതും മനോബലം വര്‍ദ്ധിപ്പിക്കുന്നതുമായ വാക്കുകള്‍ അവര്‍ പറഞ്ഞു.
അവന്റെ അമ്മ ഒരു വലിയ മരിയഭക്തയായിരുന്നു. അവള്‍ നിരന്തരമായി പ്രാര്‍ഥിച്ചുകൊണ്ടിരുന്നു: ''അമ്മേ, കനിയേണമേ. നിന്റെ പുത്രനോട് ഞങ്ങളുടെ കാര്യം പറയാന്‍ മറക്കരുതേ. എന്റെ മകന് സംസാരശേഷി നല്‍കേണമേ.'' പത്തു വര്‍ഷക്കാലത്തെ പ്രാര്‍ഥനകള്‍ക്കുശേഷം ഒരുദിവസം രാവിലെ ആ കുട്ടി ഒരു വാക്കുമാത്രം ഉച്ചരിച്ചു. അത് 'മാതാവേ' എന്നായിരുന്നു. അവന്‍ പിന്നീട് ഭംഗിയായി സംസാരിക്കാന്‍ തുടങ്ങി. പത്തു വര്‍ഷമായി കെട്ടിവച്ചിരുന്ന വാക്കുകളുടെ അണക്കെട്ടു തുറന്നപ്പോള്‍ അവസാനിക്കാത്ത ധോരണികളായി അതു മാറി. മകനെ ഒരു വൈദികനാക്കാനായിരുന്നു ആ അമ്മയ്ക്ക് ഏറെയിഷ്ടം. ഏതായാലും, ഈ മകന്‍ ഒരു വൈദികനാണ്. സര്‍വോപരി, ഇന്നു ലോകം ആദരിക്കുന്ന ഒരു വചനപ്രഘോഷകന്‍! ഒരിക്കല്‍ സിംഗപ്പൂരില്‍വച്ച് ഞാന്‍ അദ്ദേഹത്തിന്റെ പ്രസംഗം കേള്‍ക്കാനിടയായി. വാക്കുകള്‍ മലവെള്ളപ്പാച്ചില്‍പോലെ ഹൃദയത്തില്‍ തുളച്ചുകയറുകയായിരുന്നു. പത്തു വര്‍ഷക്കാലം ഒന്നും ഉരിയാടാനാവാതിരുന്ന ഒരു വ്യക്തിയാണ് ഈ നില്‍ക്കുന്നത് എന്നു വിശ്വസിക്കാനായില്ല.