''ഭയാനകമായ ഒരു നാടകമാണ് നമുക്കു മുമ്പില്‍ അരങ്ങേറിയത്. 111 വര്‍ഷംമുമ്പ് ടൈറ്റാനിക്കിനെ അപകടത്തിലേക്കു നയിച്ചത് അമിതമായ ആത്മവിശ്വാസമായിരുന്നു. അതേ പാതയിലൂടെത്തന്നെയാണു ''ടൈറ്റനും'' ദുരന്തത്തിലേക്കു നടന്നടുത്തത്. സമുദ്രത്തിന്റെ അടിത്തട്ടിലെ അധികമര്‍ദം താങ്ങാന്‍ കഴിയാതെ അവിടെവച്ച് പൊട്ടിത്തെറിച്ചേക്കാമെന്ന പലരുടെയും മുന്നറിയിപ്പുകള്‍ ടൈറ്റന്റെ നിര്‍മാതാക്കളായ ''ഓഷ്യന്‍ഗേറ്റ്'' കമ്പനിക്കാര്‍ അവഗണിച്ചതാണു വിനയായത്. ടൈറ്റാനിക്കിന്റെ ക്യാപ്റ്റനായിരുന്ന എഡ്വേര്‍ഡ് സ്മിത്തിന് കപ്പലിനോടടുക്കുന്ന ഭീമന്‍ മഞ്ഞുമലയെക്കുറിച്ചു നല്കിയ മുന്നറിയിപ്പുകള്‍ അവഗണിച്ചതിനു സമാനമാണിത്. അറിഞ്ഞുകൊണ്ടു ദുരന്തത്തിലേക്കു നടന്നടുക്കുകവഴി എത്രയോ ജീവനുകളാണ് അറ്റ്‌ലാന്റിക്കില്‍ പൊലിഞ്ഞത്?''
'ടൈറ്റാനിക്ക്' എന്ന വിഖ്യാതചലച്ചിത്രം സംവിധാനം ചെയ്ത് പ്രസിദ്ധനായ ജെയിംസ് കാമറൂണിന്റെ വാക്കുകള്‍ ഇപ്രകാരം നീണ്ടുപോയി.
''ടൈറ്റന്റെ ദുരന്തം അറിഞ്ഞയുടന്‍ ആഴക്കടല്‍വിദഗ്ധരുമായി ഞാന്‍ ബന്ധപ്പെടുകയുണ്ടായി. 4,000 മീറ്റര്‍ ആഴത്തിലേക്കായിരുന്നു ടൈറ്റന്റെ യാത്ര. 3,500 മീറ്റര്‍വരെ എത്തിയപ്പോഴേക്കും ആശയവിനിമയബന്ധം നഷ്ടപ്പെട്ടിരിക്കാം, ഒടുവില്‍ ദുരന്തവും. മുന്നറിയിപ്പുകള്‍ക്കു ചെവി കൊടുക്കാതിരുന്നതിനു നല്‌കേണ്ടിവന്ന വിലയാണത്'', കാമറൂണ്‍ കൂട്ടിച്ചേര്‍ത്തു.
1912 ഏപ്രില്‍ 15-ാം തീയതി രാത്രി 2.20 ന് ഭീമാകാരമായ ഒരു മഞ്ഞുകട്ടയില്‍ ഇടിച്ചുതകര്‍ന്ന് 12,500 അടി താഴെ (ഏകദേശം 4,000 മീറ്റര്‍) അറ്റ്‌ലാന്റിക്കിന്റെ അടിത്തട്ടില്‍ കിടക്കുന്ന ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കാണാന്‍ അഞ്ചു വിനോദസഞ്ചാരികളുമായി പുറപ്പെട്ട ടൈറ്റന്‍ എന്ന സമുദ്രപേടകം നേരിട്ട ദുരന്തത്തെ പരാമര്‍ശിക്കുകയായിരുന്നു അദ്ദേഹം.
പോളാര്‍ പ്രിന്‍സ് എന്ന കനേഡിയന്‍ കപ്പലില്‍നിന്നു നാലു ദിവസത്തേക്കുള്ള ഓക്‌സിജനുമായി കടലിലേക്ക് ഇറക്കിയ ടൈറ്റന്‍, മൂന്നു മണിക്കൂറിനുള്ളില്‍ ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ കിടക്കുന്നിടത്തേക്ക് എത്തേണ്ടതായിരുന്നുവെങ്കിലും ദൗത്യം തുടങ്ങി 1.45 മണിക്കൂര്‍ കഴിഞ്ഞപ്പോള്‍ പോളാര്‍പ്രിന്‍സുമായുള്ള ആശയവിനിമയബന്ധം നഷ്ടമാകുകയായിരുന്നു. കാനഡയിലെ നോവ സ്‌കോഷ്യയില്‍നിന്നുള്ള ദൗത്യസംഘം നടത്തിയ പ്രാഥമികാന്വേഷണത്തില്‍ പേടകം എവിടെയാണെന്നുപോലും കണ്ടെത്താന്‍ കഴിയാതെ പോയി. കനേഡിയന്‍ നാവികസേനയ്‌ക്കൊപ്പം യുഎസ് കോസ്റ്റ് ഗാര്‍ഡും, ഫ്രാന്‍സില്‍നിന്നുള്ള കപ്പലുകളും, വിമാനങ്ങളും 26,000 ചതുരശ്രകിലോമീറ്റര്‍ ചുറ്റളവില്‍ തിരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കടലിലേക്കിറക്കിയശേഷം മൂന്നാംനാള്‍ ടെറ്റനില്‍നിന്നുമുള്ളതെന്നു കരുതുന്ന ഏതാനും അപായശബ്ദങ്ങള്‍ കനേഡിയന്‍ വിമാനങ്ങള്‍ക്കു കിട്ടിയതുമാത്രമായിരുന്നു ഏകപ്രതീക്ഷ. ഒരുദിവസംകൂടി കഴിഞ്ഞാല്‍ പേടകത്തിനുള്ളിലെ ഓക്‌സിജന്‍ തീരുമെന്ന ആശങ്കയായിരുന്നു എവിടെയും. ഏകദേശം മൂന്നു മണിക്കൂറിനുള്ളില്‍ സമുദ്രത്തിന്റെ അടിത്തട്ടില്‍ എത്തിയിരിക്കാമെന്നു കരുതുന്ന പേടകം ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കാനുള്ള സാധ്യതയുണ്ടെന്നും തിരച്ചില്‍സംഘത്തിനറിയാമായിരുന്നു.
ഒരു റഷ്യന്‍പര്യവേക്ഷണപേടകത്തില്‍ കയറി 23 വര്‍ഷംമുമ്പ് ടൈറ്റാനിക്കിനടുത്തെത്തിയ എ ബി സി ന്യൂസിന്റെ എഡിറ്ററായിരുന്ന ഡോ. മൈക്കിള്‍ ഗില്ലന്‍ ഇത്തരമൊരനുഭവം മാധ്യമങ്ങളുമായി പങ്കുവച്ചതിങ്ങനെയാണ്: ''ടൈറ്റാനിക്കിനടുത്തെത്തി ആ അദ്ഭുതക്കാഴ്ച കാണുമ്പോള്‍ പൊടുന്നനെയെത്തിയ അതിശക്തമായ അടിയൊഴുക്കില്‍ ഞങ്ങളുടെ പേടകം അതിവേഗം പാഞ്ഞ് ടൈറ്റാനിക്കിന്റെ 21 ടണ്‍ ഭാരമുള്ള പ്രൊപ്പല്ലറിന്റെ അടിയിലേക്കിടിച്ചുകയറി. ഇടിയുടെ ആഘാതത്തില്‍ ടൈറ്റാനിക്കിന്റെ ദ്രവിച്ചിരുന്ന ചില ഭാഗങ്ങള്‍ അടര്‍ന്നു പേടകത്തിന്റെ മുകളില്‍ വീണതോടെ ഞങ്ങള്‍ ഭയന്നുവിറച്ചുപോയി. മരണം മുന്നില്‍ക്കണ്ട നിമിഷങ്ങളായിരുന്നു കടന്നുപോയത്. അരമണിക്കൂര്‍ നേരത്തെ കഠിനമായ പരിശ്രമത്തിനൊടുവില്‍ പ്രൊപ്പല്ലറിന്റെ അടിയില്‍നിന്ന് രക്ഷപ്പെട്ട് ശരവേഗത്തില്‍ മുകളിലേക്കു കുതിക്കുകയായിരുന്നു. അദ്ഭുതകരമായ ഒരു രക്ഷപ്പെടലായിരുന്നു ഞങ്ങളുടേത്.''
ഹതഭാഗ്യരായ അഞ്ചുപേര്‍
കഴിഞ്ഞ മാസം 18-ാം തീയതി ഞായറാഴ്ച ഉച്ചയ്ക്കുശേഷം ഒന്നരയോടെ കടലിലേക്കയച്ച സമുദ്രപേടകത്തില്‍ ഓഷ്യന്‍ഗേറ്റ് കമ്പനി ഉടമയും സി ഇ ഒ യുമായ സ്റ്റോക്ടണ്‍ റഷ്, ദുബായില്‍ താമസിക്കുന്ന ബ്രിട്ടീഷ് വ്യവസായിയും ആക്ഷന്‍ ഏവിയേഷന്‍ കമ്പനിയുടെ ചെയര്‍മാനുമായ ഹാമിഷ് ഹാര്‍ഡിങ്, കറാച്ചി ആസ്ഥാനമായ 'എന്‍ഗ്രോ' എന്ന ബഹുരാഷ്ട്രക്കമ്പനിയുടെ വൈസ്‌ചെയര്‍മാനും ശതകോടീശ്വരനുമായ ഷഫ്‌സാദ ദാവൂദ്, അദ്ദേഹത്തിന്റെ മകന്‍ 19 കാരനായ സുലെമാന്‍, ഫ്രഞ്ചുപൗരനും പേടകത്തിന്റെ പൈലറ്റുമായ പോള്‍ ഹെന്റി നാര്‍സെലെ എന്നിവരായിരുന്നു യാത്രികര്‍. 2009 ല്‍ സ്റ്റോക്ടണ്‍ റഷ് സ്ഥാപിച്ച ഓഷ്യന്‍ഗേറ്റ് കമ്പനി 2021 മുതല്‍ അറ്റ്‌ലാന്റിക് പര്യവേക്ഷണം നടത്തുന്നുണ്ട്.
19-ാമത്തെ വയസ്സില്‍ പൈലറ്റായ അദ്ദേഹത്തിന്റെ ഭാര്യ വെന്‍ഡി റഷ് ടൈറ്റാനിക്ക് ദുരന്തത്തില്‍ മരണമടഞ്ഞ മാതൃകാദമ്പതികളായ ഇസിദോറിന്റെയും ഐഡയുടെയും പിന്‍തലമുറക്കാരിയാണ്. രണ്ടു വര്‍ഷത്തിനിടെ ഓഷ്യന്‍ഗേറ്റ് സംഘടിപ്പിച്ച ടൈറ്റാനിക് യാത്രകളില്‍ വെന്‍ഡി മൂന്നു തവണ പോവുകയും, പൂര്‍വികര്‍ കഥാവശേഷരായ കപ്പലിന്റെ അവശിഷ്ടങ്ങള്‍ കാണുകയും ചെയ്തിട്ടുണ്ട്.
അഞ്ചംഗസംഘത്തിലെ ഏറ്റവും സാഹസികനായ ഹാമിഷ് ഹാര്‍ഡിങ്ങ് സാഹസികതയ്ക്കു മൂന്നു ഗിന്നസ് റിക്കാര്‍ഡുകള്‍ സമ്പാദിച്ച വ്യക്തിയാണ്. 2021 ല്‍ പസഫിക് സമുദ്രത്തിലെ ഏറ്റവും ആഴമുള്ള മരിയാന ട്രെഞ്ചിലേക്ക് 13 വയസ്സുള്ള മകനുമായി യാത്ര ചെയ്തിട്ടുണ്ട്. സമുദ്രത്തിലെ ഏറ്റവും താഴ്ചയുള്ള മരിയാന ട്രെഞ്ചിന്റെ ആഴം 10,971 മീറ്ററാണ് (ഏകദേശം 33,000 അടി). 2019 ല്‍ ഇരുധ്രുവങ്ങളിലൂടെയും ഏറ്റവും വേഗത്തില്‍ ഭൂമിയെ വലംവച്ച എട്ടംഗസംഘത്തെ നയിച്ചത് ഹാര്‍ഡിങ്ങാണ്. ഭൂമിയില്‍നിന്ന് 107 കിലോമീറ്റര്‍ ഉയരത്തില്‍ സഞ്ചരിച്ച ബഹിരാകാശയാത്രയിലെ അംഗവുമായിരുന്നു. അടുത്തനാളുകളില്‍ നമീബിയയില്‍ നിന്നു ചീറ്റപ്പുലികളെ ഇന്ത്യയിലെത്തിച്ചത് അദ്ദേഹത്തിന്റെ ആക്ഷന്‍ ഏവിയേഷന്‍ വിമാനത്തിലാണ്.
ബ്രിട്ടീഷ് ഏഷ്യന്‍ട്രസ്റ്റ്, പ്രിന്‍സ് ട്രസ്റ്റ് ഇന്റര്‍നാഷണല്‍ തുടങ്ങിയ ജീവകാരുണ്യസംഘടനകളുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിച്ചിരുന്ന ഷഹ്‌സാദ ദാവൂദ്, ഭൂമിക്കു പുറത്ത് ജീവനുണ്ടോയെന്ന് ഗവേഷണം നടത്തുന്ന കാലിഫോര്‍ണിയ എസ് ഇ ടി ഐ ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഭരണസമിതിയംഗം കൂടിയാണ്. ഷഹ്‌സാദയുടെ മകന്‍ സുലെമാനാകട്ടെ, സ്ട്രാത് ക്‌ളൈഡ് സര്‍വകലാശാലയിലെ ആദ്യവര്‍ഷവിദ്യാര്‍ഥിയായിരുന്നു. ടൈറ്റന്‍പേടകത്തിന്റെ ക്യാപ്റ്റന്‍ കൂടിയായ പോള്‍ ഹെന്റി നാര്‍സെലെ, 35 തവണ ടൈറ്റാനിക് അവശിഷ്ടങ്ങള്‍ സന്ദര്‍ശിച്ചിട്ടുള്ളതിനാല്‍ 'മിസ്റ്റര്‍ ടൈറ്റാനിക്' എന്ന പേരു സമ്പാദിച്ച സാഹസികനാണ്.
ടൈറ്റാനിക്കിന്റെ തകര്‍ന്നുകിടക്കുന്ന അവശിഷ്ടങ്ങള്‍ ഒരു തവണ കണ്ടുമടങ്ങുന്നതിന് ഒരാളില്‍നിന്ന് ഓഷ്യന്‍ഗേറ്റ് കമ്പനി 2.50 ലക്ഷം യു.എസ്. ഡോളറാണ് ഈടാക്കുന്നത് (ഏകദേശം രണ്ടുകോടി രൂപ). ടൈറ്റാനിക്കിനു സമീപമെത്തുന്നവര്‍ക്കു കാഴ്ചകള്‍ കണ്ട് മണിക്കൂറുകള്‍ ചെലവഴിക്കാനും, ഫോട്ടോകളും വീഡിയോയുമെടുക്കാനും ഗവേഷണത്തിനും അവസരമുണ്ട്.
''ടൈറ്റാനിക്ക് കിടക്കുന്നിടം സൂര്യപ്രകാശമില്ലാത്തതും ഉയര്‍ന്ന മര്‍ദമുള്ള മേഖലയുമാണ്. ഉപരിതലവായുവിന്റെ മര്‍ദത്തെക്കാള്‍ 380 മടങ്ങാണ് സമുദ്രത്തിന്റെ അടിത്തട്ടിലെ മര്‍ദം. കൊടുംതണുപ്പും കൂരിരുട്ടും. ആ ഇരുളില്‍ സ്വന്തം കൈകള്‍പോലും കാണാനാകില്ല'', സമുദ്രഗവേഷകനായ ഡേവിഡ് ഗാല്ലോ അഭിപ്രായപ്പെട്ടു.
ടൈറ്റന്‍ അപ്രത്യക്ഷമായിട്ട് ദിവസങ്ങള്‍ കഴിഞ്ഞെങ്കിലും എന്തെങ്കിലും അദ്ഭുതങ്ങള്‍ നടന്നേക്കുമെന്ന പ്രതീക്ഷ തിരച്ചില്‍സംഘത്തിനുണ്ടായിരുന്നു. എന്നാല്‍, എല്ലാ പ്രതീക്ഷകളും അസ്തമിച്ച ദിവസങ്ങള്‍ക്കാണു ലോകം സാക്ഷിയായത്.