ലോക്ഡൗണ്‍ കാലത്ത് എല്ലാ സ്ഥാപനങ്ങളും അടച്ചുപൂട്ടപ്പെട്ടു. ജനം വീടിനു വെളിയിലിറങ്ങാതായി. സര്‍ക്കാരിന്റെ സൗജന്യങ്ങള്‍ പറ്റിക്കൊണ്ട് കുറച്ചു ദിവസങ്ങളൊക്കെ ആളുകള്‍ കഴിഞ്ഞു. ബാങ്കുകള്‍ മൂന്നുമാസത്തേക്ക് മോറട്ടോറിയം പ്രഖ്യാപിച്ചു. അതിനുപിന്നിലുള്ള കുരുക്കറിയാത്ത സാധാരണക്കാര്‍ രണ്ടു കൈയും നീട്ടി മോറട്ടോറിയം സ്വീകരിച്ചു. എന്തൊക്കെ വന്നാലും ജീവിതം തുടരുകതന്നെ വേണമല്ലോ. ജനം നിയന്ത്രണങ്ങള്‍ക്കു വിധേയമായി സാധാരണജീവിതത്തിലേക്കു തിരിച്ചുവന്നു. പക്ഷേ, നാടകവും സിനിമയുമടങ്ങിയ കലാലോകം ആ തിരിച്ചുവരവില്‍ പുറന്തള്ളപ്പെട്ടു. പ്രത്യേകിച്ച് സിനിമാരംഗം. ആയിരക്കണക്കിനാളുകള്‍ ജോലിചെയ്യുന്ന ഒരു മേഖലയാണത്; താരങ്ങളെ മാത്രമേ നമുക്കു പരിചയമുള്ളൂവെങ്കിലും. സിനിമയിലുമുണ്ട് ദിവസവേതനക്കാര്‍. കൊവിഡ് സിനിമാരംഗത്തെ നിശ്ചലമാക്കിയപ്പോള്‍ അന്നംമുട്ടിപ്പോയ നിരവധിയാളുകള്‍. പോസ്റ്ററൊട്ടിക്കുന്ന ആള്‍വരെ സിനിമയുടെ ഭാഗമാണ്.
മറ്റുള്ള തൊഴില്‍രംഗങ്ങള്‍പോലെയല്ല സിനിമ. സിനിമയില്‍ ജോലി ചെയ്തിരുന്നവര്‍ക്ക് മറ്റൊരു മേഖലയിലേക്കു കടന്നുവരികയെന്നത് അത്ര എളുപ്പമല്ല. പണക്കൊഴുപ്പിന്റെ ലോകമെന്ന് പൊതുജനം സിനിമയെ കാണുന്നു എന്നതാണ് പ്രധാന കാരണം. സിനിമാപ്രവര്‍ത്തകര്‍ - അഭിനേതാക്കളാണെങ്കിലും അണിയറപ്രവര്‍ത്തകരാണെങ്കിലും - അത്രയേറെ സിനിമയെ തങ്ങളുടെ ജീവിതവുമായി ചേര്‍ത്തുവെച്ചവരാണ്.
ഭീമമായ പ്രതിഫലം പറ്റുന്ന സൂപ്പര്‍സ്റ്റാറുകളുണ്ട്. അവര്‍ പ്രളയംപോലുള്ള ദുരന്തങ്ങള്‍ നേരിട്ടവര്‍ക്കു സഹായഹസ്തം നീട്ടുന്നതു കണ്ടിട്ടുണ്ട്. ചിലരൊക്കെ ചാരിറ്റബിള്‍ സൊസൈറ്റികളുടെ തലപ്പത്തിരിക്കുന്നവരുമാണ്. എന്നിട്ടും തങ്ങളുടെ സ്വന്തം പ്രവൃത്തിമണ്ഡലത്തില്‍ കഷ്ടതയനുഭവിക്കുന്നവരെ ഇവര്‍ കാണുന്നില്ലെന്നു തോന്നുന്നു.
സിനിമാതിയേറ്ററുകളുടെ കാര്യംമുതല്‍ പറയാം. കോടിക്കണക്കിനു രൂപ മുടക്കിയാണ് ഓരോ തിയേറ്ററും രൂപപ്പെടുത്തിയിരിക്കുന്നത്. പ്രോജക്ടറുകള്‍, സൗണ്ട് സിസ്റ്റം മുതലായ ഉപകരണങ്ങള്‍ എല്ലാ ദിവസവും പ്രവര്‍ത്തിപ്പിക്കണം. അവയുടെ അറ്റകുറ്റപ്പണികള്‍ യഥാസമയം നടത്തുകയും വേണം. ഇല്ലെങ്കില്‍ അവയെല്ലാം ഉപയോഗശൂന്യമായിപ്പോകും. വരുമാനമുണെ്ടങ്കിലും ഇല്ലെങ്കിലും അടയ്‌ക്കേണ്ടിവരുന്ന വൈദ്യുതി ചാര്‍ജ്ജ്, തിയേറ്റര്‍ജീവനക്കാരുടെ വേതനം തുടങ്ങി വലിയ ഒരു തുകതന്നെ തിയേറ്ററുടമയ്ക്ക് ഈ സമയത്തും ഓരോ മാസവും ചെലവാകുന്നു.
ഇനി, നിര്‍മ്മാതാവിന്റെ കാര്യമെടുത്താല്‍ മിക്കവാറും പേര്‍ വലിയ പലിശയ്ക്കു ലോണെടുത്തോ കിടപ്പാടം പണയപ്പെടുത്തിയോ ആവും സിനിമ നിര്‍മ്മിക്കാനിറങ്ങുന്നത്. വായ്പയുടെ തവണമുടങ്ങിയാല്‍ ഉണ്ടാകാവുന്ന അവസ്ഥ ഭയാനകമാണ്. നിര്‍മ്മാണം പൂര്‍ത്തിയായതും പാതിവഴിയിലെത്തിനില്‍ക്കുന്നതുമായ നിരവധി സിനിമകള്‍ ഈ വര്‍ഷം തിയേറ്ററിലെത്താനുണ്ട്. ഇവരുടെ പ്രതീക്ഷകളും നഷ്ടങ്ങളും നമ്മുടെ ചിന്തകള്‍ക്കുമപ്പുറമാണ്.
സിനിമാരംഗത്ത് നിരവധി സംവിധായകരുണ്ട്. ചെറിയ ബാനറുകളില്‍ നിര്‍മ്മിക്കപ്പെടുന്ന സിനിമകള്‍ ചിത്രീകരണത്തിന്റെ അവസാനഭാഗമെത്തുമ്പോഴേക്കും സാമ്പത്തികമായി ബുദ്ധിമുട്ടിലാവും. സിനിമ എപ്പോഴും സംവിധായകന്റെ കലയായതുകൊണ്ട് അയാള്‍ വിട്ടുവീഴ്ച ചെയ്യാന്‍ സ്വാഭാവികമായും തയ്യാറാവും. നിശ്ചയിച്ചിരിക്കുന്ന പ്രതിഫലത്തിന്റെ ഒരു ചെറിയ ശതമാനം മാത്രമേ ഒരുപക്ഷേ, സംവിധായകനു കിട്ടിക്കാണുകയുള്ളൂ. പുറത്തിറക്കിയ സിനിമ നഷ്ടത്തിലാണെങ്കില്‍പ്പിന്നെ അയാള്‍ ബാക്കി പ്രതിഫലത്തെക്കുറിച്ചു ചിന്തിക്കുകയേ വേണ്ട. ഇതാണ് എല്ലാക്കാലത്തെയും സിനിമയുടെ അവസ്ഥ.
സിനിമയുമായി ബന്ധപ്പെട്ടുള്ള അനുബന്ധപ്രവര്‍ത്തനങ്ങള്‍ അനവധിയാണ്. പ്രധാനപ്പെട്ട സിനിമാകേന്ദ്രങ്ങളുമായി ബന്ധപ്പെട്ട് പല സ്ഥാപനങ്ങളുമുണ്ട്. സംഗീതം, നൃത്തം മുതലായവ അഭ്യസിപ്പിക്കുന്നവര്‍, ബ്യൂട്ടിപാര്‍ലറുകള്‍, വസ്ത്രനിര്‍മ്മാണം, എക്‌സ്ട്രാ ആര്‍ട്ടിസ്റ്റുകള്‍, കാറ്ററിംഗ്, ഡ്രൈവര്‍മാര്‍, ടാക്‌സികള്‍, അങ്ങനെ പലതും. ലക്ഷക്കണക്കിനു രൂപയുടെ മുതല്‍മുടക്കുണ്ട് ഇവയ്ക്കു പിന്നില്‍.
നമ്മുടെ വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍പോലെ സിനിമയും ഇന്ന് ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമിലേക്കു കടന്നിരിക്കുന്നു. പൂര്‍ത്തിയായിരിക്കുന്ന സിനിമകള്‍ സാമൂഹികമാധ്യമങ്ങള്‍വഴി റിലീസ് ചെയ്യുന്നതിനെക്കുറിച്ച് നിര്‍മ്മാതാക്കള്‍ ചിന്തിച്ചുതുടങ്ങിയിരിക്കുന്നു. അവര്‍ക്ക് ഒരുതരത്തിലുമുള്ള ബുദ്ധിമുട്ടുകളില്ലാതെ സിനിമ പുറത്തിറക്കാന്‍ സാധിക്കുമെന്നതാണ് ഇതിന്റെ പ്രത്യേകത. 'സൂഫിയും സുജാതയും' ഇപ്രകാരം റിലീസ് ചെയ്ത് വിജയകരമാക്കിയ ഒരു സിനിമയാണ്. തിയേറ്ററുകള്‍ ഇനിയും അടഞ്ഞുകിടക്കുകയും സിനിമകള്‍ പുറത്തിറക്കാന്‍ കഴിയാതെവരികയും ചെയ്താല്‍ ഒരുപക്ഷേ, നിര്‍മ്മാതാക്കള്‍ കാര്യമായിത്തന്നെ ആ വഴിക്കു ചിന്തിച്ചുകൂടായ്കയില്ല. അങ്ങനെ വന്നാല്‍ സിനിമാവിതരണമേഖലകൊണ്ട് ഉപജീവനം കഴിക്കുന്ന ആയിരക്കണക്കിനു തൊഴിലാളികളുടെ സ്ഥിതി പരുങ്ങലിലാവും.
മറ്റെല്ലാ മേഖലയിലുമെന്നപോലെ സിനിമാപ്രവര്‍ത്തകര്‍ക്കും അസോസിയേഷനുകളുണ്ട്. അവര്‍ അധികം പരാതിക്കിടയില്ലാത്തവിധം പ്രവര്‍ത്തിക്കുന്നുമുണ്ട്. എന്നിരുന്നാലും എല്ലാ അംഗങ്ങളെയും സാമ്പത്തികമായി എല്ലാക്കാലത്തും സഹായിക്കുകയെന്നത് ഒരു സംഘടനയ്ക്കും സാധ്യമല്ല. ഒരാളുടെ ചികിത്സയ്‌ക്കോ വീടുവയ്ക്കുന്നതിനോ കുട്ടിയുടെ വിദ്യാഭ്യാസാവശ്യത്തിനോ സഹായിക്കുന്നതുപോലെയല്ല, നിരന്തരം സാമ്പത്തികസഹായം നല്കുകയെന്നത്. തൊഴില്‍ ലഭ്യമാക്കുകയെന്നതുമാത്രമാണ് അതിനുള്ള പരിഹാരം.
നാടകകലാകാരന്മാരുടെ ജീവിതമാണ് വളരെ കഷ്ടത്തിലായിരിക്കുന്നത്. വര്‍ഷത്തില്‍ മൂന്നോ നാലോ മാസം മാത്രമാണ് സാധാരണഗതിയില്‍ അവര്‍ക്കു തൊഴിലുണ്ടാവുക. കൂടിച്ചേരലുകള്‍ ഒഴിവാക്കപ്പെടുന്ന കൊവിഡ്കാലത്ത് നാടകങ്ങളോ മറ്റു സ്റ്റേജുകലകളോ അവതരിപ്പിക്കാനാവില്ല. അവരുടെ ആകെയുള്ള വരുമാനവും നിലയ്ക്കുന്നു. ജീവിതത്തിന്റെ നാല്ക്കവലയില്‍ വഴിമുട്ടിനില്‍ക്കുന്ന നാടകകലാകാരന്മാര്‍ സമൂഹത്തിനു മുന്നില്‍ ചോദ്യചിഹ്നമായിത്തീരുന്നു. നിരവധി നാടകകലാകാരന്മാര്‍ക്ക് സിനിമയില്‍ അവസരങ്ങള്‍ നല്കി ഉയര്‍ത്തിക്കൊണ്ടുവരാന്‍ ചില സിനിമാ പ്രവര്‍ത്തകര്‍ക്കെങ്കിലും കഴിഞ്ഞിട്ടുണെ്ടന്നത് സ്മരണാര്‍ഹമാണ്.
ഈ കൊവിഡ് കാലത്ത് ആരവങ്ങളും ആഘോഷങ്ങളുമില്ലാതെ മറ്റൊരു ഓണക്കാലംകൂടി കടന്നുപോയിരിക്കുന്നു. സിനിമ എന്ന വ്യവസായത്തിന്, കലയ്ക്ക്, ഈ സമയത്തുണ്ടായിരിക്കുന്ന നഷ്ടം വളരെ വലുതാണ്. ഇനിയും തിയേറ്ററുകള്‍ തുറന്ന് പ്രദര്‍ശനങ്ങള്‍ ആരംഭിച്ചാല്‍പ്പോലും ആളുകള്‍ വരാനും തീയേറ്ററുകള്‍ ലാഭകരമായി നടത്തിക്കൊണ്ടുപോകാനും എത്രനാള്‍ കാത്തിരിക്കണമെന്നറിയില്ല.
സിനിമനിര്‍മ്മാണത്തിന് പണച്ചെലവേറുന്നതിന്റെ ഒരു പ്രധാന കാരണം സൂപ്പര്‍ സ്റ്റാറുകളുടെ ഭീമമായ പ്രതിഫലമാണ്. അവരുടെ പ്രതിഫലം ഏകീകരിക്കുന്നതിനെക്കുറിച്ചുള്ള ചര്‍ച്ചകള്‍ പുരോഗമിക്കുന്ന ഈ അവസരത്തില്‍ ഇനി വരുന്ന സിനിമകളെങ്കിലും സിനിമയുടെ താഴേത്തട്ടില്‍ ജോലിയെടുക്കുന്ന ആളുകള്‍ക്ക് ജീവിതനിലവാരവര്‍ദ്ധനയ്ക്കുതകുന്ന വരുമാനം ലഭ്യമാക്കുമെന്ന് നമുക്കു പ്രതീക്ഷിക്കാം. സിനിമാരംഗത്തെ രക്ഷിക്കാന്‍, ആയിരക്കണക്കിനാളുകളുടെ തൊഴില്‍ സംരക്ഷിക്കാന്‍, വേണ്ട നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കുമെന്നു പ്രത്യാശിക്കാം.