ഇപ്പോള്‍ ലോകത്തു ജീവിച്ചിരിക്കുന്ന ഏറ്റവും സ്വാധീനമുള്ള കൂലിപ്പട്ടാള ഉടമയായി കണക്കാക്കപ്പെടുന്ന യെവ്‌ജെനി പ്രിഗോഷിന്‍ കാട്ടിയ അതിസാഹസം ഉറ്റമിത്രമായ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ അക്ഷരാര്‍ഥത്തില്‍ വിറപ്പിച്ചുവെന്നാണ് പുതിയ വാര്‍ത്ത. യുക്രെയ്ന്‍ അതിര്‍ത്തിയോടു ചേര്‍ന്നുകിടക്കുന്ന റഷ്യയിലെ റോസ്‌തോവ് നഗരത്തിലുള്ള സൈന്യത്തിന്റെ ദക്ഷിണമേഖലാകമാന്‍ഡിന്റെ ആസ്ഥാനം ഒരു വെടിപോലും പൊട്ടിക്കാതെ ഞൊടിയിടയില്‍ പിടിച്ചെടുത്ത പ്രിഗോഷിന്റെ നടപടിയാണ് പുടിനെ വിഷമവൃത്തത്തിലാക്കിയത്. റോസ്‌തോവ്-മോസ്‌കോ ഹൈവേയിലുള്ള വൊറോനെഷിലെ സൈനികകേന്ദ്രവും പിടിച്ചെടുത്ത പ്രിഗോഷിന്റെ കൂലിപ്പട്ടാളം മോസ്‌കോയില്‍നിന്ന് 418 കിലോമീറ്റര്‍ അടുത്തുള്ള യൊലെറ്റ്‌സ് പട്ടണംവരെ എത്തിയതായി റിപ്പോര്‍ട്ടുണ്ട്. മോസ്‌കോ ലക്ഷ്യമാക്കിയുള്ള തന്റെ പോരാട്ടം നീതിക്കുവേണ്ടിയാണെന്നും അഴിമതിക്കാരും കഴിവുകെട്ടവരുമായ സൈനികനേതൃത്വത്തെ പുറത്താക്കുമെന്നും പ്രിഗോഷിന്‍ പ്രഖ്യാപിച്ചു.
പ്രതിരോധമന്ത്രി സെര്‍ഗെയ് ഷോയ്ഗുവിനെയും സൈനികമേധാവി വലേറി ഗെരാസിമോവിനെയും തല്‍സ്ഥാനങ്ങളില്‍നിന്ന് എത്രയുംവേഗം പറഞ്ഞുവിടണമെന്നു പ്രിഗോഷിന്‍ പുടിനോടാവശ്യപ്പെട്ടു.
യുക്രെയ്ന്‍ യുദ്ധം ആരംഭിക്കാന്‍ കാരണക്കാരന്‍ ഷോയ്ഗുവാണെന്നുപോലും പ്രിഗോഷിന്‍ കുറ്റപ്പെടുത്തി. ബഹ്‌മുത് നഗരം പിടിക്കാനുള്ള മാസങ്ങള്‍ നീണ്ടുനിന്ന ആക്രമണങ്ങള്‍ നടത്തുന്നതിനിടയില്‍ രണ്ടായിരത്തോളം വരുന്ന തന്റെ പോരാളികള്‍ മരണപ്പെട്ടതിന്റെ ഉത്തരവാദികള്‍ അവര്‍ രണ്ടുപേരുമാണെന്നും പ്രിഗോഷിന്‍ ആരോപിച്ചു. 1,000 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള യുദ്ധമുഖത്തു പോരാടിയിരുന്ന തന്റെ സേനാംഗങ്ങള്‍ക്ക് യഥാസമയം ആയുധങ്ങള്‍ നല്കാതെ അവരെ കുരുതികൊടുക്കുകയായിരുന്നു.
എന്നാല്‍, പ്രിഗോഷിന്റെ ആരോപണങ്ങള്‍ യുക്രെയ്‌നില്‍ കടന്നുകയറാന്‍ പുടിന്‍ മുന്നോട്ടുവച്ച ന്യായീകരണങ്ങളുമായി പൊരുത്തപ്പെടുന്നവയല്ലെന്നാണ് രാഷ്ട്രീയനിരീക്ഷണം. ശത്രുസൈന്യങ്ങളില്‍നിന്നുള്ള ഭീഷണി ഒഴിവാക്കാനും യുക്രെയ്‌നെ നാസിരഹിതമാക്കാനും ഉദ്ദേശിച്ചുള്ള 'പ്രത്യേകസൈനികനടപടി' എന്നുമാണ് യുക്രെയ്ന്‍ അധിനിവേശത്തെ പുടിന്‍ ന്യായീകരിച്ചത്.
റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശം 16 മാസം പൂര്‍ത്തിയായ ദിവസംതന്നെ പുടിനെ പ്രകോപിപ്പിക്കുംവിധമുള്ള പ്രിഗോഷിന്റെ നടപടികള്‍ സ്വന്തതീരുമാനപ്രകാരമാണോ നടപ്പാക്കിയതെന്ന കാര്യത്തില്‍ സംശയം പ്രകടിപ്പിച്ച രാഷ്ട്രീയനിരീക്ഷകരുമുണ്ട്. യുദ്ധത്തില്‍ റഷ്യയ്ക്കു സംഭവിച്ചുകൊണ്ടിരിക്കുന്ന പരാജയങ്ങളുടെ ഉത്തരവാദിത്വം സൈനികനേതൃത്വത്തിന്റെമേലും പ്രതിരോധമന്ത്രിയുടെമേലും ചുമത്താന്‍ പുടിന്‍തന്നെ ആസൂത്രണം ചെയ്തതാണ് പ്രിഗോഷിന്റെ കലാപമെന്ന് അവര്‍ വാദിക്കുന്നു. മാടമ്പികളായ പട്ടാളജനറല്‍മാരെ നിലയ്ക്കുനിറുത്തുന്നതിനും വേണ്ടിവന്നാല്‍, പ്രിഗോഷിനെത്തന്നെ ഇല്ലായ്മ ചെയ്യുന്നതിനും പുടിന്‍ തുനിഞ്ഞേക്കാമെന്നും അവര്‍ അഭിപ്രായപ്പെടുന്നുണ്ട്. ഏകാധിപതിയായിരുന്ന ജോസഫ് സ്റ്റാലിന്‍ രണ്ടാം ലോകമഹായുദ്ധകാലത്തു സൈനികതലപ്പത്തു നടപ്പാക്കിയ രീതിയിലുള്ള വ്യാപകമായ അഴിച്ചുപണിക്ക് പുടിന്‍ ഒരുങ്ങുന്നതിന്റെ മുന്നോടിയാണ് ഈ നാടകമെന്നു കരുതുന്നവരുമുണ്ട്.
സോവിയറ്റ് തകര്‍ച്ചയുടെ ബാക്കിപത്രം
സോവിയറ്റ് യൂണിയന്റെ തകര്‍ച്ചയോടെ ജന്മമെടുത്ത 14 റിപ്പബ്ലിക്കുകളിലും റഷ്യയിലെതന്നെയും നിയമവാഴ്ച തകര്‍ന്ന കാലയളവില്‍ വന്‍കിടവ്യവസായികളും ഖനിയുടമകളും ബാങ്കുകളുമെല്ലാം ഓരോ സ്ഥാപനങ്ങളുടെയും സുരക്ഷയ്ക്കുവേണ്ടി ഏര്‍പ്പെടുത്തിയ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് ആയുധപരിശീലനവും നല്കിയിരുന്നു. ഇപ്രകാരം രൂപീകരിച്ച സ്വകാര്യസെക്യൂരിറ്റി ഗാര്‍ഡുകമ്പനികളിലൊന്നാണ് 'വാഗ്നര്‍ ഗ്രൂപ്പ്'. റഷ്യന്‍സൈന്യത്തിന്റെ രഹസ്യാന്വേഷണവിഭാഗത്തില്‍ ഉദ്യോഗസ്ഥനായിരുന്ന ലഫ്. കേണല്‍ ദിമിത്രി ഉട്കിനാണ് വാഗ്നര്‍ ഗ്രൂപ്പിന്റെ സ്ഥാപകന്‍. ഒരു നിയോനാസിയായിരുന്ന ഉട്കിന്‍, ഹിറ്റ്‌ലറുടെ പ്രിയപ്പെട്ട സംഗീതജ്ഞനായിരുന്ന റിച്ചാര്‍ഡ് വാഗ്നറുടെ പേര് തന്റെ സെക്യൂരിറ്റി ഗാര്‍ഡ് കമ്പനിക്കു നല്കുകയായിരുന്നു. ഈ കമ്പനിയുടെ പ്രധാന സാമ്പത്തികസ്രോതസ്സ് പ്രിഗോഷിനായിരുന്നു.
ശതകോടീശ്വരനായി വളര്‍ന്ന കുറ്റവാളി
1981 ല്‍ മോഷണക്കുറ്റത്തിനും പിടിച്ചുപറിക്കും അറസ്റ്റു ചെയ്യപ്പെട്ട് ഒമ്പതു വര്‍ഷം ജയില്‍ശിക്ഷയനുഭവിച്ച കുറ്റവാളിയായ യെവ്‌ജെനി പ്രിഗോഷിന്‍ ജയില്‍മോചിതനായശേഷം തുടങ്ങിയ 'ഹോട്ട്‌ഡോഗ്' കച്ചവടത്തില്‍നിന്ന് ശതകോടീശ്വരനും വാഗ്നര്‍ ഗ്രൂപ്പിന്റെ കമാന്‍ഡറും ഉടമയുമായി വളര്‍ന്നത് പുടിന്റെ അനുഗ്രഹാശിസ്സുകളോടെയാണ്. ക്രെംലിനിലെ കേറ്ററിങ് കരാറുകള്‍ ഏറ്റെടുത്തു നടത്തവേ തുടങ്ങിവച്ച പുടിനുമായുള്ള സൗഹൃദം 62 കാരനായ പ്രിഗോഷിന്‍ നന്നായി മുതലെടുത്തു. പുടിന്റെ സ്വകാര്യപാചകക്കാരനും, വിദേശനേതാക്കള്‍ക്കു നല്‍കാറുള്ള വിരുന്നുകളിലെ സ്ഥിരം സാന്നിധ്യവും, പുടിന്റെ സഹയാത്രികനുമായി ക്രെംലിനില്‍ ചുവടുറപ്പിച്ച പ്രിഗോഷിന് 'പുടിന്റെ ഷെഫ്' എന്ന വിളിപ്പേരും നല്കപ്പെട്ടിട്ടുണ്ട്. പുടിനോടൊപ്പം വളര്‍ന്ന പ്രിഗോഷിന്‍ ഇപ്പോള്‍ റഷ്യയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളില്‍ അഞ്ചാം സ്ഥാനക്കാരന്‍കൂടിയാണ്. പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിന്‍, പ്രധാനമന്ത്രി മിഖായില്‍ മിഷുസ്തീന്‍, വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ്, പ്രതിരോധമന്ത്രി സെര്‍ഗെയ് ഷോയ്ഗു എന്നിവരാണ് ആദ്യനാലുപേര്‍.
വാഗ്നര്‍ഗ്രൂപ്പിലെ സെക്യൂരിറ്റി ഗാര്‍ഡുകള്‍ക്ക് ആധുനിക കലാഷ്‌നിക്കോവ് തോക്കുകള്‍ നല്കിയതും വന്‍പ്രതിഫലം വാങ്ങി കൂലിപ്പട്ടാളമായി വിവിധയിടങ്ങളിലേക്ക് അയച്ചുതുടങ്ങിയതും പ്രിഗോഷിനാണ്. 2014 ല്‍ യുക്രെയ്‌നില്‍നിന്ന് ക്രീമിയ ഉപദ്വീപ് പിടിച്ചെടുക്കുന്നതിനും ഡോണ്‍ബാസ് മേഖലയിലെ റഷ്യന്‍ വിമതരെ പിന്തുണയ്ക്കുന്നതിനും വാഗ്നര്‍ സേനാംഗങ്ങളെ നിയോഗിച്ചു. സിറിയയിലെ ബഷര്‍ അല്‍ അസദ് സര്‍ക്കാരിന്റെ സൈന്യത്തോടൊപ്പം പോരാടി ആഭ്യന്തരകലാപം അടിച്ചമര്‍ത്തി. മാലി, ലിബിയ, സുഡാന്‍, മൊസാംബിക്, സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക് എന്നിവിടങ്ങളിലെ സംഘര്‍ഷങ്ങള്‍ അടിച്ചമര്‍ത്തുന്നതിനും വാഗ്നര്‍ പോരാളികള്‍ മുഖ്യപങ്കുവഹിച്ചു. സെന്‍ട്രല്‍ ആഫ്രിക്കന്‍ റിപ്പബ്ലിക്കില്‍നിന്നു സ്വര്‍ണഖനനക്കരാറുകള്‍ നേടിയിട്ടാണ് പ്രിഗോഷിന്‍ മടങ്ങിയത്. യുക്രെയ്‌നിലെ തന്ത്രപ്രധാനമായ ബഹ്‌മുത് നഗരം കൈയടക്കുന്നതില്‍ റഷ്യന്‍സൈന്യം പരാജയപ്പെട്ടപ്പോള്‍ പ്രിഗോഷിന്റെ വാഗ്നര്‍പോരാളികളെത്തിയാണ് വിജയക്കൊടി പാറിച്ചത്. റഷ്യന്‍ ജയിലുകളില്‍ കഴിഞ്ഞിരുന്ന ആയിരക്കണക്കിനു തടവുകാരെ റിക്രൂട്ടു ചെയ്താണ് ബഹ്‌മുത് ദൗത്യത്തിനയച്ചത്. മുന്‍നിരയില്‍നിന്നു യുദ്ധം ചെയ്ത് ആറു മാസം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ജയില്‍മോചനം നല്കുമെന്നായിരുന്നു പ്രിഗോഷിന്റെ വാഗ്ദാനം. സിറിയയില്‍നിന്നും ലിബിയയില്‍നിന്നുപോലും വാഗ്നര്‍ ഗ്രൂപ്പില്‍ചേര്‍ന്ന് യുദ്ധമുഖത്തു പോരാടുന്ന ജയില്‍പ്പുള്ളികളുണ്ട്. എട്ടരലക്ഷം സൈനികരും അത്യന്താധുനികയുദ്ധോപകരണങ്ങളും കൈവശമുള്ള റഷ്യന്‍ സൈന്യത്തിനെതിരേ ടാങ്കുകള്‍ക്കും പീരങ്കികള്‍ക്കുമപ്പുറം അധികമൊന്നും ആയുധങ്ങളില്ലാതെ 25,000 കൂലിപ്പട്ടാളക്കാരുമായി മോസ്‌കോയിലേക്കു മാര്‍ച്ചു ചെയ്ത പ്രിഗോഷിന്‍ കാണിച്ചത് ഒരു വമ്പന്‍ വിഡ്ഢിത്തമായിരുന്നോ എന്നാണ് രാഷ്ട്രീയനിരീക്ഷകര്‍ ചോദിക്കുന്നത്. പുടിനു ശക്തമായ താക്കീതു നല്കാനും സര്‍ക്കാര്‍ സൈന്യത്തിന്റെ മനോവീര്യം തകര്‍ക്കാനും പ്രിഗോഷിനു കഴിഞ്ഞുവെന്ന് നിരീക്ഷിച്ചവരുമുണ്ട്.
കലാപനാടകം അരങ്ങുതകര്‍ത്തു
ഇതിനിടെ, റോസ്‌തോവ്-മോസ്‌കോ ഹൈവേയിലൂടെ 800 കിലോമീറ്റര്‍ താണ്ടിയ വാഗ്നര്‍ സൈന്യം പിന്മാറുന്നുവെന്ന പ്രഖ്യാപനം കഴിഞ്ഞ ദിവസമുണ്ടായി. മോസ്‌കോയ്ക്ക് 200 കിലോമീറ്റര്‍മാത്രം അടുത്തെത്തിയപ്പോള്‍ പുടിന്റെ വിശ്വസ്തമിത്രമായ ബെലാറൂസ് പ്രസിഡന്റ് അലക്‌സാണ്ടര്‍ ലുകാഷെങ്കോയുടെ മധ്യസ്ഥതയില്‍ നടന്ന അടിയന്തരചര്‍ച്ചകള്‍ക്കൊടുവിലാണ് തന്റെ സായുധസൈന്യത്തിന്റെ പിന്മാറ്റം പ്രിഗോഷിന്‍ പ്രഖ്യാപിച്ചത്. ഒത്തുതീര്‍പ്പുവ്യവസ്ഥയനുസരിച്ച് പ്രിഗോഷിന്‍ അയല്‍രാജ്യമായ ബെലാറൂസിലേക്കു താമസം മാറ്റും. കലാപത്തിനു മുന്‍കൈയെടുത്തതിന്റെ പേരില്‍ പ്രിഗോഷിനെതിരേയോ അദ്ദേഹത്തിന്റെ പോരാളികള്‍ക്കെതിരേയോ യാതൊരു നിയമനടപടികളുമുണ്ടാകില്ല. വാഗ്നര്‍സേനാംഗങ്ങളെ റഷ്യന്‍സൈന്യത്തില്‍ സ്ഥിരം ജോലിയില്‍ നിയമിക്കുമെന്ന ഉറപ്പ് സര്‍ക്കാര്‍ നല്കിയതായി അറിയുന്നു. പ്രതിരോധമന്ത്രാലയത്തിലും സൈനികനേതൃത്വത്തിലുമുള്ള സമഗ്രമായ ഒരഴിച്ചുപണി നടത്തുമെന്ന പ്രഖ്യാപനവുമുണ്ടായി. എന്നാല്‍, പ്രിഗോഷിന്റെയും അനുയായികളുടെയും പൊടുന്നനേയുള്ള പിന്മാറ്റം പുടിനുമായി ചേര്‍ന്നുള്ള ഒരു 'കലാപനാടകം' മാത്രമായിരുന്നുവെന്ന വിമര്‍ശനം ഉയരുന്നുണ്ട്. യുക്രെയ്‌നുമായുള്ള യുദ്ധത്തിലേറ്റ പരാജയങ്ങള്‍ മൂടിവയ്ക്കാനും എത്രയുംവേഗം യുദ്ധമവസാനിപ്പിച്ച് മുഖം രക്ഷിക്കാനുമുള്ള തന്ത്രങ്ങള്‍ പുടിന്‍ മെനയുകയാണോ എന്നും സംശയിക്കുന്നവരുണ്ട്.