•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ട്വന്റി 20 യില്‍നിന്ന് ടെസ്റ്റിലേക്ക് ദൂരമേറെ

രാജ്യാന്തരക്രിക്കറ്റില്‍ പുരുഷവിഭാഗത്തിലെ ലോകകിരീടങ്ങളെല്ലാം നേടിയ ആദ്യരാജ്യമായി ഓസ്‌ട്രേലിയ. രാജ്യാന്തര ക്രിക്കറ്റ് കൗണ്‍സിലിന്റെ ഏതെങ്കിലും കിരീടം ഇന്ത്യ സ്വന്തമാക്കിയിട്ട് ഒരു പതിറ്റാണ്ടുമായി. ഇംഗ്ലണ്ടിലെ ഓവലില്‍ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ സമാപിച്ചപ്പോള്‍ സംഭവിച്ചത് മറ്റൊന്നുമല്ല. അഞ്ചുനാള്‍ പൊരുതിയെന്നതു സത്യം. പക്ഷേ, പാറ്റ് കമ്മിന്‍സിന്റെ ഓസ്‌ട്രേലിയ രോഹിത് ശര്‍മയുടെ ഇന്ത്യയെ പരാജയപ്പെടുത്തിയത് 209 റണ്‍സിന്. സ്‌കോര്‍ : ഓസ്‌ട്രേലിയ 469;  എട്ടിന് 270. ഇന്ത്യ 296; 234.

ടോസ്  ജയിച്ചിട്ടും ഫീല്‍ഡിങ് തിരഞ്ഞെടുത്തതാണ് അല്ലെങ്കില്‍ അശ്വിനെ കളിപ്പിക്കാതിരുന്നതാണു തോല്‍വിക്കു കാരണം എന്നൊക്കെ വിശദീകരണങ്ങള്‍ ധാരാളം. ആദ്യം ബാറ്റു ചെയ്യാതെവന്നപ്പോള്‍ത്തന്നെ തോല്‍വി ഉറപ്പായെന്നും പറയുന്നവര്‍ എത്രയോയുണ്ട്. പക്ഷേ, യഥാര്‍ഥത്തില്‍ സംഭവിച്ചത് എന്താണ്? ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ തകര്‍ത്തുകളിച്ചവര്‍ ആ ആവേശത്തില്‍നിന്നു മോചിതരായിരുന്നില്ല. ട്വന്റി 20 യില്‍നിന്ന് ടെസ്റ്റ് ക്രിക്കറ്റിലേക്ക് എത്ര ദൂരമെന്ന് ഇന്ത്യയുടെ ഒന്നാംനിര താരങ്ങള്‍ പോലും കണക്കാക്കിയില്ല.
ട്വന്റി 20, ഏകദിന, ടെസ്റ്റ് ലോകചാമ്പ്യന്‍ഷിപ്പുകള്‍ നേടിയ ആദ്യരാജ്യമെന്ന ഖ്യാതി സ്വന്തമാക്കിയ ഓസ്‌ട്രേലിയ വൈവിധ്യമാര്‍ന്ന  ക്രിക്കറ്റ്‌ശൈലി അവസരത്തിനൊത്ത് ഉപയോഗിക്കുന്നുവെന്നാണു വ്യക്തമാകുന്നത്. ഇന്ത്യയുടെയും ഓസ്‌ട്രേലിയയുടെയും സ്‌കോര്‍ മുന്നോട്ടുപോയതു പരിശോധിച്ചാല്‍ ഇന്ത്യ പലപ്പോഴും ടെസ്റ്റ് ക്രിക്കറ്റിന്റെ ശൈലിയിലല്ല കളിച്ചതെന്നു മനസ്സിലാകും.
അഞ്ചാമത്തെയും അവസാനത്തെയും ദിവസം കളി തുടങ്ങുമ്പോള്‍ ഇന്ത്യയ്ക്കു ജയിക്കാന്‍ 280 റണ്‍സും ഓസീസിന് ഏഴു വിക്കറ്റും  എന്നതായിരുന്നു സ്ഥിതി. ക്രീസില്‍ ഉണ്ടായിരുന്ന വിരാട് കോലിയോ അജിന്‍ക്യ രഹാനെയോ പിടിച്ചുനിന്നാല്‍ ജയിക്കാമെന്ന്, ഇന്ത്യ തോല്‍ക്കരുതെന്ന് ആഗ്രഹിച്ചവരൊക്കെ  കണക്കുകൂട്ടി. പക്ഷേ, ആദ്യ സെഷനില്‍ത്തന്നെ ഇന്ത്യന്‍ ഇന്നിങ്‌സിനു തിരശ്ശീല വീണു. ഇതൊക്കെ മുന്നില്‍ക്കണ്ടാണ് പല ഓസ്‌ട്രേലിയന്‍ താരങ്ങളും ഐപിഎല്ലില്‍നിന്നു വിട്ടുനിന്നത്. അഥവാ രാജ്യം അതിനവരെ പ്രേരിപ്പിച്ചത്. സ്റ്റീവന്‍ സ്മിത്തിന്റെയും ട്രാവിസ് ഹെഡിന്റെയും സെഞ്ചുറിയോടെ തുടക്കത്തില്‍ത്തന്നെ ആധിപത്യമുറപ്പിച്ച ഓസ്‌ട്രേലിയ ആ മേല്‍ക്കൈ നഷ്ടപ്പെടാതെ ശ്രദ്ധിച്ചു. നാലാമതൊരു ഇന്നിങ്‌സില്‍ 444 എളുപ്പമുള്ളതല്ല. 400 കടന്നു ജയിച്ച ചരിത്രം ബിഷന്‍സിങ് ബേദിയുടെ കാലത്തുതന്നെ ഇന്ത്യയ്ക്കുണ്ട് എന്നതു സത്യം. പക്ഷേ, ഓവലില്‍ സ്ഥിതിയും ഇന്ത്യന്‍ ബാറ്റര്‍മാരുടെ സമര്‍പ്പണവും വ്യത്യസ്തമായിരുന്നു.
ആദ്യദിവസം മാനത്തെ കാര്‍മേഘങ്ങള്‍ ശ്രദ്ധിച്ച ഇന്ത്യ, അന്തരീക്ഷം അഞ്ചുനാളും അങ്ങനെതന്നെയായിരിക്കുമെന്നു കരുതിക്കാണും. അനുഭവസമ്പന്നനായ സ്പിന്നര്‍ - ഓള്‍റൗണ്ടര്‍ - ആര്‍. അശ്വിനുവിശ്രമം നല്‍കി നാലാമതൊരു പേസ് ബൗളറെ ടീമിലെടുത്തു. പിന്നെക്കണ്ടതു ജ്വലിച്ചുനില്‍ക്കുന്ന സൂര്യനെയാണ്. കണക്കുകൂട്ടലുകള്‍ അപ്പാടെ തെറ്റി. നാലിന് 71 എന്ന നിലയില്‍നിന്നു കരകയറാന്‍ ഇന്ത്യയ്‌ക്കൊട്ടു കഴിഞ്ഞുമില്ല. ഫോളോ ഓണ്‍ ഒഴിവായതുതന്നെ ഭാഗ്യം. മത്സരശേഷം ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ പറഞ്ഞു: ''ഒരു പരമ്പര നേടുന്നതിലും പ്രധാനമാണ് ഒരു ചാമ്പ്യന്‍ഷിപ്പ് നേടുകയെന്നത്.'' അങ്ങനെയൊരു പ്രാധാന്യം ഇന്ത്യയുടെ സമീപനത്തില്‍ പക്ഷേ, കണ്ടില്ല.
തുടര്‍ച്ചയായ രണ്ടാംതവണയാണ് ഇന്ത്യ ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ പരാജയപ്പെടുന്നത്. 2021 ല്‍ ഇംഗ്ലണ്ടിലെതന്നെ സതാംപ്റ്റനില്‍ ന്യൂസിലന്‍ഡ് എട്ടു വിക്കറ്റിനാണ് ഇന്ത്യയെ തോല്‍പിച്ചത്. അന്നു വിരാട് കോലിയായിരുന്നു നായകന്‍. ഇന്ത്യ അവസാനമായി ഒരു ഐ.സി.സി. കിരീടം ചൂടിയത് 2013 ലാണ്.
മഴമൂലം ഒരുനാള്‍ വൈകിയ ഐ.പി.എല്‍. ഫൈനല്‍ നടന്നത് മേയ് 29 നായിരുന്നു. ലോകടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് തുടങ്ങിയത് ജൂണ്‍ ഏഴിനും. ഏതാണ്ട് ഒരാഴ്ചത്തെ ഇടവേള. ടെസ്റ്റുതാരങ്ങളെല്ലാം ഫൈനല്‍വരെ കളിച്ചവരല്ല.  പക്ഷേ, കളിക്കാത്തവരുടെയും മനസ്സ് ട്വന്റി 20 ശൈലിക്കൊപ്പം  കലാശക്കൊട്ടുവരെ സഞ്ചരിച്ചിരിക്കണം. വെടിക്കെട്ടു ബാറ്റിങ്ങില്‍നിന്നു 'കോപ്പി ബുക്ക് സ്റ്റൈല്‍' എന്ന  ടെസ്റ്റ് ക്രിക്കറ്റ് സങ്കല്പത്തിലേക്കു മാറാന്‍ ഈ സമയം മതിയാകില്ലായിരുന്നു.
ഇംഗ്ലണ്ടിന്റെ ഓപ്പണറായിരുന്ന ജെഫ്‌റി ബോയ്‌ക്കോട്ട് വളരെ സാവധാനത്തില്‍ റണ്‍സ് എടുക്കുന്ന കളിക്കാരനാണ്. എത്രനേരം വേണമെങ്കിലും പ്രതിരോധത്തിലൂന്നി ക്രീസില്‍ നില്‍ക്കാന്‍ ബോയ്‌ക്കോട്ടിനു കഴിയും. ഇതറിയാവുന്ന ഇംഗ്ലീഷ് നായകന്‍ ഒരിക്കല്‍ ഒരു ടെസ്റ്റിന്റെ  അവസാനദിവസം പിടിച്ചുനിന്ന് സമനില കൈവരിക്കാന്‍വേണ്ടി ബോയ്‌ക്കോട്ടിനോടു പറഞ്ഞു: ''താങ്കള്‍ 50 റണ്‍സ് എടുക്കണം.'' ബോയ്‌ക്കോട്ട് 50 റണ്‍സ് എടുത്തുവരുമ്പോള്‍ സമയമേറെ പോകും. ബാക്കി സമയം മറ്റുള്ളവര്‍ ശ്രദ്ധിച്ചാല്‍ മതി. ഈ ടെസ്റ്റില്‍ ബോയ്‌ക്കോട്ട് അര്‍ധസെഞ്ചുറിക്കു പകരം സെഞ്ചുറി നേടിയെങ്കിലും  ഇംഗ്ലണ്ട് തോറ്റു എന്നാണു ചരിത്രം. ട്വന്റി 20 യുഗത്തില്‍  ഇത്തരക്കാരെ കണ്ടെത്തുക വിഷമമാണ്.
ഓവലില്‍, നാലാം ദിനം ഇംഗ്ലണ്ട് രണ്ടാം ഇന്നിങ്‌സ് ഡിക്ലയര്‍ ചെയ്തശേഷം ഇന്ത്യ ആക്രമിച്ചു കളിച്ചു. മൂന്നു വിക്കറ്റും നഷ്ടപ്പെട്ടു. സ്‌കോര്‍ കണ്ടാല്‍  അവസാനദിവസം ഇന്ത്യയ്ക്കു പ്രതീക്ഷയ്ക്കു വകയുണ്ടെന്നു തോന്നുമായിരുന്നു. മറിച്ച് അവസാനദിവസം സ്പിന്നര്‍മാരെ തുണയ്ക്കുന്ന പിച്ചില്‍ ഏഴു വിക്കറ്റുമായി പിടിച്ചുനില്‍ക്കുക എളുപ്പമല്ലായിരുന്നു. തലേന്നു പ്രതിരോധത്തില്‍ ഊന്നിയും സന്ദര്‍ഭോചിതമായും ആക്രമിച്ചു കളിച്ചിരുന്നെങ്കിലോ? കുറച്ചുകൂടി പിടിച്ചുനില്‍ക്കാന്‍ കഴിേഞ്ഞനെ. മറുവശത്ത് ഓസ്‌ട്രേലിയ കളിച്ചത് ടെസ്റ്റ് ക്രിക്കറ്റ് എന്ന സങ്കല്പത്തില്‍ത്തന്നെയാണ്. അതാണവരെ തുണച്ചത്. ഇന്ത്യയ്ക്കു കാത്തിരിക്കാം, അടുത്ത അവസരത്തിനായി.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)