നെഞ്ചിനകത്തു വാരിയെല്ലുകള്‍ക്കും ശക്തമായ മാംസപേശികള്‍ക്കുമുള്ളില്‍ ഭദ്രമായി സൂക്ഷിക്കപ്പെട്ടിരിക്കുന്ന ഹൃദയമെന്ന അവയവത്തിനേല്‍ക്കുന്ന ആഘാതം മൃത്യുവിലേക്കുള്ള കുറുക്കുവഴിയാകുമെന്ന വസ്തുത ഇന്നു ജനകീയമായിക്കഴിഞ്ഞു. ഹൃദ്രോഗങ്ങളില്‍ ഏറ്റവും ആപത്കരം ധമനികളുടെ ജരിതാവസ്ഥമൂലമുണ്ടാകുന്ന ഹാര്‍ട്ടറ്റാക്കുതന്നെ. ഹൃദ്രോഗമെന്നു പറയുമ്പോള്‍ ജന്മനായുള്ളതും വാതപ്പനിമൂലമുണ്ടാകുന്ന വാല്‍വുകളുടെ അപചയവും ഉള്‍പ്പെടുമെന്ന് അറിഞ്ഞിരിക്കണം. എന്നാല്‍, ഈ രണ്ടു വിഭാഗങ്ങളും കാലോചിതമായ പരിശോധനകളും ചികിത്സകളുംകൊണ്ട് ഇപ്പോള്‍ ഏതാണ്ട് പിടിയിലമര്‍ന്നുകഴിഞ്ഞെന്നു പറയേണ്ടിയിരിക്കുന്നു. ഏറ്റവും ഗുരുതരമായത് കൊറോണറിധമനികള്‍ ചുരുങ്ങുന്നതുകാരണം ഉണ്ടാകുന്ന ഹൃദയാഘാതവും അതേത്തുടര്‍ന്നുള്ള മാരകമായ സങ്കീര്‍ണതകളുംതന്നെ. ഹാര്‍ട്ടറ്റാക്കും പെട്ടെന്നുള്ള മരണവും 40-50 ശതമാനം സംഭവിക്കുന്നതു നേരത്തേ രോഗലക്ഷണങ്ങളൊന്നുമില്ലാത്തവരിലാണെന്നു പഠനങ്ങള്‍ സ്ഥിരീകരിക്കുന്നു. അതുകൊണ്ട് രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടില്ലാത്ത ഹൃദ്രോഗികളെയും ഹൃദ്രോഗസാധ്യതയുള്ളവരെയും നേരത്തെ കണ്ടുപിടിച്ചു പ്രാഥമികപ്രതിരോധനടപടികള്‍ നടത്തുക തികച്ചും അന്വര്‍ഥമാണ്. അതിനു പ്രധാനമായി അഞ്ചു കാരണങ്ങളാണുള്ളത്.
- അനേകരെ കൊന്നൊടുക്കുന്ന സര്‍വസാധാരണവും ഭീതിദവുമായ ഒരു രോഗാതുരതയായി മാറിക്കഴിഞ്ഞു ഹൃദ്രോഗം.
- സമുചിതമായ ജീവിത-ഭക്ഷണക്രമീകരണങ്ങള്‍കൊണ്ടും ആപത്ഘടകങ്ങളെ പിടിയിലൊതുക്കുകവഴിയും ഏതാണ്ട് 85 ശതമാനംവരെ നിയന്ത്രണവിധേയമാക്കാവുന്നതാണ് ഈ രോഗം.
- ധമനികളില്‍ ബ്ലോക്കുണ്ടായാല്‍ ലക്ഷണങ്ങള്‍ പ്രകടമാകാന്‍ ദീര്‍ഘകാലമെടുക്കും.
- രോഗലക്ഷണങ്ങള്‍ തുടങ്ങിക്കഴിഞ്ഞാല്‍ പിന്നെ ഹാര്‍ട്ടറ്റാക്കോ പെട്ടെന്നുള്ള മരണമോ സാധിക്കാനുള്ള കാലയളവ് ഹ്രസ്വമാണ്.
- ധമനികളില്‍ ബ്ലോക്കുണ്ടാക്കുന്ന പൊതുവായ ജരിതാവസ്ഥ ഗുരുതരമായാല്‍ ശാശ്വതമായ പരിഹാരമില്ല.
ഹൃദ്രോഗമുണ്ടാകാനുള്ള ആജീവനാന്തസാധ്യത അമ്പതു വയസ്സുകഴിഞ്ഞ പുരുഷന്മാരില്‍ 52 ശതമാനവും സ്ത്രീകളില്‍ 39 ശതമാനവുമാണ്. എന്നാല്‍, ഓരോ തരത്തിലുള്ള ആപത്ഘടകങ്ങളുടെ അതിപ്രസരം കാരണം ഈ സംഖ്യയില്‍ ഏറ്റക്കുറച്ചിലുകളുണ്ടാകാം. രോഗലക്ഷണങ്ങളില്ലാത്തവരാണെങ്കില്‍പ്പോലും ഓരോ തരത്തിലുള്ള അപകടഘടകങ്ങളുടെ കടന്നുകയറ്റം വിലയിരുത്തുകവഴി ഭാവിയിലുണ്ടാകാന്‍പോകുന്ന മാരകമായ ഹൃദ്രോഗസാധ്യത ഏറെക്കുറെ പ്രവചിക്കാന്‍ സാധിക്കുമെന്നോര്‍ക്കണം. ഓരോ വ്യക്തിയിലെയും അപകടസാധ്യത അടിസ്ഥാനപരമായി വിലയിരുത്താന്‍ നിര്‍ദേശിക്കപ്പെട്ടിട്ടുള്ള മാര്‍ഗരേഖകളില്‍ എല്ലാംതന്നെ പ്രായം, ലിംഗം, രക്തസമ്മര്‍ദം, പുകവലി, പ്രമേഹം, കൊളസ്‌ട്രോള്‍ തുടങ്ങിയ ഘടകങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ട്. കൂടാതെ, പല നൂതന അപായസൂചകങ്ങളും പുതുതായി കണ്ടെത്തിയിട്ടുണ്ട്. സി. റിയാക്ടീവ് പ്രോട്ടീന്‍, പാരമ്പര്യപ്രവണത, സമൂഹത്തില്‍ തിരസ്‌കരിക്കപ്പെട്ട അവസ്ഥ, എച്ച്.ബി.എ. വണ്‍ സി. ഇവയെല്ലാം ഓരോ തരത്തില്‍ ഹൃദ്രോഗസാധ്യതയെ ഉദ്ദീപിക്കുന്നു. കൂടാതെ, അമിതവണ്ണവും വൃക്കരോഗവും പുതിയ അപകടസൂചകങ്ങളായി പരിഗണിക്കപ്പെട്ടിട്ടുണ്ട്.
ഹൃദ്രോഗലക്ഷണങ്ങളില്ലാത്തവരിലെ അപകടസാധ്യത അടിസ്ഥാനപരമായി വിലയിരുത്താന്‍ പല 'റിസ്‌ക് സ്‌കോറുകളും' കണ്ടെത്തിയിട്ടുണ്ട്. അവയില്‍ പ്രധാനം ഫ്രാമിങ്ങാം റിസ്‌ക് സ്‌കോര്‍, എ.റ്റി.പി. 3, സ്‌കോര്‍ പ്രൊജക്ട്, റെയ്‌നോള്‍ഡ്‌സ് അസൈന്‍, ക്യൂറിസ്‌ക് എന്നിവയാണ്.
ഹൃദ്രോഗലക്ഷണങ്ങളില്ലാത്തവര്‍ മൂന്നു വിഭാഗത്തില്‍പ്പെടുന്നു.
1. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു പ്രധാനപ്പെട്ട യാതൊരു അപകടങ്ങളുമില്ല.
പുകവലിയില്ല, പൊതുവായ കൊളസ്‌ട്രോള്‍ 200 ല്‍ താഴെ, എച്ച്.ഡി.എല്‍. 40 ല്‍ കൂടുതല്‍. പ്രഷര്‍ 120 ല്‍ താഴെ, പ്രമേഹമില്ല, ബോഡി മാസ് ഇന്‍ഡക്‌സ് 25 ല്‍ കുറവ്, വര്‍ധിച്ച ഹൃദ്രോഗസാധ്യത കുടുംബത്തിലില്ല. ഈ ഗ്രൂപ്പില്‍പ്പെടുന്നവര്‍ക്ക് ഹൃദയാഘാതത്തിനുള്ള സാധ്യത വളരെ കുറവാണ്. 20 വയസ്സു കവിഞ്ഞവരില്‍ ഏതാണ്ട് 35 ശതമാനം പേരാണ് ഈ ഗ്രൂപ്പില്‍പ്പെടുന്നത്. ഫ്രാമിങ്ങാം റിസ്‌ക് സ്‌കോര്‍പ്രകാരം ഇക്കൂട്ടര്‍ക്ക് അടുത്ത പത്തുവര്‍ഷത്തിനുള്ളില്‍ ഹാര്‍ട്ടറ്റാക്കുണ്ടാകാനുള്ള സാധ്യത അഞ്ചു ശതമാനത്തില്‍ കുറവാണ്.
2. ഈ വിഭാഗത്തില്‍പ്പെട്ടവര്‍ക്കു രോഗലക്ഷണങ്ങളില്ലെങ്കിലും ധമനികളില്‍ ജരിതാവസ്ഥയുള്ളതായി തെളിഞ്ഞിട്ടുണ്ട്. പ്രമേഹമുണ്ട്, കൊളസ്‌ട്രോള്‍ കൂടുതല്‍, പ്രഷര്‍ വര്‍ധിക്കുന്നു, ദുര്‍മേദസ്സും വ്യായാമക്കുറവും. ഈ ഗ്രൂപ്പില്‍പ്പെടുന്നത് 25 ശതമാനം പേരാണ്. ഫ്രാമിങ്ങാം നിര്‍വചനങ്ങള്‍പ്രകാരം ഇക്കൂട്ടര്‍ക്കു ഹൃദയാഘാതമോ മരണമോ സംഭവിക്കാനുള്ള സാധ്യത വളരെക്കൂടുതലാണ്.
3. ഒന്നും രണ്ടും ഗ്രൂപ്പുകള്‍ക്കിടയിലുള്ളവര്‍ ഏതാണ്ട് 40 ശതമാനം പേര്‍. ഒന്നോ അതിലധികമോ ആപത്ഘടകങ്ങളുണ്ട്. ഇക്കൂട്ടര്‍ക്ക് കൊറോണറി കാത്സ്യം, കരോട്ടിക് ആര്‍ട്ടറിയിലെ ജരിതാവസ്ഥ തുടങ്ങിയവ തിട്ടപ്പെടുത്തണം.
ഹൃദയാഘാതത്തിനു ഹേതുവായത് കൊറോണറിയിലെ ബ്ലോക്കായതുകൊണ്ട് പൊതുവായി ശരീരത്തിലെ ധമനികളുടെ ജരിതാവസ്ഥയെപ്പറ്റി പഠിക്കാനുള്ള ടെസ്റ്റുകള്‍ ചെയ്യണം. അങ്ങനെയാണു രക്തക്കുഴലുകളുടെ വികസനശേഷി, കരോട്ടിക് ധമനിയിലെ ജരിതാവസ്ഥ, കരോട്ടിക് ധമനിയിലെ കൊഴുപ്പുനിക്ഷേപം, കണങ്കാലിലെയും കൈയിലെയും പ്രഷര്‍വ്യത്യാസം, കൊറോണറികളിലെ കാത്സ്യം തുടങ്ങിയ സുപ്രധാന പരിശോധനക്രമങ്ങള്‍ അരങ്ങേറിയത്.
ഇ.ബി.സി.റ്റി. (ഇലക്‌ട്രോണ്‍ ബീം കമ്പ്യൂട്ടഡ് റ്റുമാഗ്രഫി) എന്ന ആധുനികപരിശോധനാസംവിധാനംവഴി ഹൃദയധമനിയുടെ ഉള്‍പ്പാളികളില്‍ അടിഞ്ഞുകൂടുന്ന കാത്സ്യത്തിന്റെ അളവിനെ തിട്ടപ്പെടുത്തി കൊറോണറിധമനികളെ സമൂലമായി ബാധിച്ചിരിക്കുന്ന രോഗാതുരതയുടെ തീവ്രതയെ വിലയിരുത്തുവാന്‍ സാധിക്കും. രോഗലക്ഷണങ്ങളില്ലാത്തവരിലും ആപത്ഘടകങ്ങളുടെ അതിപ്രസരമുണ്ടെങ്കില്‍ ഹൃദ്രോഗതീവ്രത വിലയിരുത്താനായി സി.റ്റി. ആന്‍ജിയോഗ്രഫി ചെയ്യാം. കൊറോണറികളില്‍ കാത്സ്യം പറ്റിപ്പിടിച്ചിരിക്കുന്നതു കാണാന്‍ സാധിക്കുന്നില്ലെങ്കില്‍ അവിടെ ബ്ലോക്കിനുള്ള സാധ്യത കുറവാണെന്നു പറയാം. ഇനി കൊറോണറികളില്‍ പലയിടങ്ങളിലായി കാത്സ്യം ഉണ്ടെന്നു തെളിഞ്ഞാല്‍ പുതിയ നിര്‍ദേശങ്ങള്‍പ്രകാരം രക്തത്തിലെ കൊളസ്‌ട്രോള്‍ (എല്‍.ഡി.എല്‍.) കുറയ്ക്കാനുള്ള കര്‍ശനചികിത്സ നടത്തണം (സ്റ്റാറ്റിന്‍, എസെറ്റമൈബ്, പി.സി.എസ്.കെ.-9 ഇന്‍ഹിബിറ്റര്‍, ബെംസോയിക് ആസിഡ്). കൂടാതെ, ആന്റി പ്ലേറ്റ്‌ലെറ്റ് - ആന്റി ത്രോംബോട്ടിക് തെറാപ്പിയുംതുടങ്ങുന്നത് ഉചിതം. ഒപ്പം, പ്രഷറും പ്രമേഹവും നിയന്ത്രിക്കണം. രോഗലക്ഷണങ്ങള്‍ ഇല്ലെങ്കില്‍ക്കൂടി പരിശോധനയിലൂടെ ഹൃദയധമനികളില്‍ പരിധിയിലധികം കാത്സ്യമുണ്ടെന്നു തെളിഞ്ഞാല്‍ അതു ഭാവിയില്‍ ഉണ്ടാകാന്‍പോകുന്ന ഹൃദയാഘാതത്തിന്റെ മുന്നോടിയാവാമെന്നു പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
കോശങ്ങളുടെ വീക്കത്തോടെ സജീവമാകുന്ന സി.ആര്‍.പി., ഇന്റര്‍ലുക്കിന്‍-6, ഫോസ്‌ഫോലിപ്പിസ്ഡ് - എ-2, ഓക്‌സീകരിക്കപ്പെട്ട എല്‍.ഡി.എല്‍., നൈട്രോതൈറോസിന്‍ കൊഴുപ്പിന്റെ ഉപാപചയപ്രക്രിയയുമായി ബന്ധപ്പെട്ടുണ്ടാകുന്ന ലൈപ്പോപ്രോട്ടീന്‍-എ, പൈ-ഒന്ന്, ഡി. ഡൈമര്‍, ഹോമോസിസ്റ്റിന്‍, മൂത്രത്തിലെ മൈക്രോ ആല്‍ബുമിന്‍, ഹൃദയപരാജയമുണ്ടാകുമ്പോള്‍ കാണുന്ന എന്‍.റ്റി. പ്രൊ. ബി.എന്‍.പി; ട്രോപോനിന്‍ തുടങ്ങിയ സൂചകങ്ങള്‍ ഭാവിയിലുണ്ടാകാന്‍ പോകുന്ന ഹൃദയാഘാതം കണ്ടുപിടിക്കുന്നതില്‍ സുപ്രധാനപങ്കു വഹിക്കുന്നു.
(തുടരും)