"The views expressed in this book are mine and not mine'' രാഷ്ട്രചരിത്രത്തെയും സംസ്‌കൃതിയെയും അധികാരത്തെയും തന്നിലേക്കോ തന്റെ ചുറ്റുവട്ടങ്ങളിലേക്കോമാത്രമായി കേന്ദ്രീകരിക്കാനാഗ്രഹിക്കാത്ത, കടംകൊണ്ട ഒട്ടേറെ ആശയങ്ങളും ദര്‍ശനങ്ങളും അലിഞ്ഞുചേര്‍ന്നതാണു ഭാരതത്തിന്റെ സാംസ്‌കാരികസ്വത്വം എന്ന് രാഷ്ട്രസന്താനങ്ങളെ ഓര്‍മിപ്പിക്കാന്‍ മടിയില്ലാത്ത, യഥാര്‍ഥ ആധ്യാത്മികബോധത്തിന്റെ ചെങ്കോലേന്തിയ സ്ഥിരചിത്തനായ ഒരു നേതാവിന്റെ ചിന്താപഥമാണ് ഗാന്ധിജിയുടെ 'ഹിന്ദുസ്വരാജി'ല്‍ നാം കാണുന്നത്. രാഷ്ട്രചരിത്രത്തിന്റെ പുനര്‍നിര്‍മിതികളെക്കുറിച്ചും മതേതരരാഷ്ട്രത്തിന്റെ ചെറുതും വലുതുമായ ആധ്യാത്മികപ്രതീകങ്ങളെക്കുറിച്ചും സമകാലികഭാരതം സജീവമായി ചര്‍ച്ച ചെയ്യുന്ന നാളുകള്‍കൂടിയാണല്ലോ ഇത്.
ഇന്ത്യയിലെ രാഷ്ട്രീയനേതാക്കളില്‍ ഏറ്റവും ശക്തമായ ആധ്യാത്മികബോധമുള്ള വ്യക്തിയായിരുന്നു ഗാന്ധിജി. കുറച്ചുകൂടി വ്യക്തമായി പറഞ്ഞാല്‍, ഗാന്ധിജിയുടെ രാഷ്ട്രസങ്കല്പത്തെയും രാഷ്ട്രീയപ്രവര്‍ത്തനത്തെയും മാനവസേവയെയുമൊക്കെ രൂപപ്പെടുത്തിയതിലും കര്‍മനിരതമാക്കിയതിലും നിര്‍ണായകസ്വാധീനം ചെലുത്തിയത് അനലംകൃതവും ആര്‍ഭാടരഹിതവുമായ ആധ്യാത്മികതയായിരുന്നുവെന്ന് നമുക്കു ബോധ്യമാകും. 35 കോടി മനുഷ്യര്‍ ഒത്തുചേര്‍ന്നു സൃഷ്ടിക്കാന്‍ ശ്രമിക്കുന്ന ഒരു രാഷ്ട്രമാണ് തന്റെ സങ്കല്പത്തിലെ സ്വരാജ്യമെന്നും ആദ്യത്തെ മനുഷ്യനും അവസാനത്തെ മനുഷ്യനും തമ്മിലുള്ള അകലം ഇല്ലാതെയാകുമ്പോള്‍മാത്രമാണ് അവിടം രാമരാജ്യമായി ഔന്നത്യം പ്രാപിക്കുന്നതെന്നും രാഷ്ട്രപിതാവ് സധൈര്യം പ്രഖ്യാപിച്ചു.
സാമ്പത്തികമായിമാത്രമല്ല, മതപരമായും ജാതീയമായും രാഷ്ട്രീയമായും മനുഷ്യര്‍ തമ്മിലുള്ള ആന്തരികമായ അകലം ഇല്ലാതാക്കാനുള്ള ശ്രമമായിരുന്നു ഗാന്ധിജിയുടെ രാഷ്ട്രീയം. ''ഇതാ, കിഴക്കുവശത്ത് ഒരു ചെറിയ മനുഷ്യനുണ്ട്. ഞാന്‍ അദ്ദേഹത്തില്‍ ക്രിസ്തുവിന്റെ സാദൃശ്യം കാണുന്നു'' എന്ന് ഗാന്ധിജിയെ ചൂണ്ടിക്കാട്ടി അമേരിക്കക്കാരനായ ഹോംസിനു പറയാന്‍ തോന്നിയതിന്റെ കാരണവും മറ്റൊന്നല്ല.
വര്‍ത്തമാനകാലഭാരതം തുറന്ന മനസ്സോടെ മടക്കയാത്ര നടത്തേണ്ട ആധ്യാത്മികപാഠശാലയാണ് ഗാന്ധിജിയുടെ ജീവിതം. സംസ്‌കൃതിയുടെ പുതുപാഠങ്ങള്‍ എഴുതിയും പുതുമന്ത്രങ്ങള്‍ ഉരുവിട്ടും രാഷ്ട്രസത്തയില്‍, ആധ്യാത്മികതയുടെ മിനുക്കുപണികള്‍ നടത്തുമ്പോള്‍ അതിന്റെ യഥാര്‍ഥ ആഴമറിയാതെപോകുന്ന ഒരു ജനതയാണ് രൂപപ്പെടുന്നതെന്നതു നിസ്സാരകാര്യമല്ല. ബാല്യത്തില്‍ ഗാന്ധിജിയുടെ മനസ്സില്‍ ശ്രീരാമകഥകളിലൂടെ ആധ്യാത്മികചിന്തകളുടെ വിത്തുകള്‍ പാകിയത് വൈഷ്ണവപണ്ഡിതന്മാരായിരുന്നില്ല; വീട്ടില്‍ സഹായത്തിനെത്തിയിരുന്ന~ഒരു സ്ത്രീയായിരുന്നു. നല്ല നിലത്തുവിതയ്ക്കപ്പെട്ട വിത്തുകള്‍പോലെ ഉള്ളിലെ ആ ആധ്യാത്മികബോധം കാലാന്തരത്തില്‍ വളര്‍ന്ന് പൂര്‍ണത പ്രാപിച്ചപ്പോള്‍ ഭാരതം പ്രത്യക്ഷതലത്തില്‍ അതനുഭവിച്ചത് ശിലയിലോ മണ്ണിലോ കോണ്‍ക്രീറ്റിലോ ആയിരുന്നില്ലല്ലോ! ചിലര്‍ക്ക് കൃഷ്ണനായും വേറെ ചിലര്‍ക്കു ക്രിസ്തുവായും മറ്റു ചിലര്‍ക്കു ബുദ്ധനായും തോന്നത്തക്കവണ്ണം മനുഷ്യരോടും രാഷ്ട്രത്തോടും അധികാരത്തോടും സമ്പത്തിനോടും അദ്ദേഹം പുലര്‍ത്തിയ സമീപനങ്ങള്‍, വിദേശശക്തികളോടു പൊരുതിയതിനെക്കാള്‍ തീവ്രമായി തന്നോടുതന്നെ ചെയ്ത യുദ്ധങ്ങള്‍, ലോകം സ്വമേധയാ തങ്ങളുടെ ഗുരുനാഥനായി അദ്ദേഹത്തെ അംഗീകരിച്ചാദരിച്ചപ്പോഴും അനുചരവൃന്ദത്തെ സൃഷ്ടിച്ചും സ്തുതിപാഠങ്ങളെഴുതിച്ചും സ്വയംപ്രതിഷ്ഠയ്ക്കു മുതിരാതെ അഹിംസയുടെ പൂജാരിയായിമാത്രം കടന്നുപോകാനാഗ്രഹിച്ച മനസ്സുറപ്പ് - ഇവയൊക്കെയായിരുന്നു രാഷ്ട്രപിതാവിന്റെ ഉള്ളിലെ ആധ്യാത്മികചൈതന്യത്തിന്റെ ബഹിര്‍സ്ഫുരണങ്ങളായി ഭാരതീയര്‍ അറിഞ്ഞതും അനുഭവിച്ചതും. കാന്തികദണ്ഡില്‍ ഇരുമ്പുതരികളെന്നപോലെ ഭാരതത്തിലെ മുഴുവന്‍ മനുഷ്യരെയും തന്നോടു ചേര്‍ത്തുപിടിച്ച് സ്വാതന്ത്ര്യത്തിലേക്കു ചുവടുവയ്ക്കാന്‍ മഹാത്മാവിനെ കരുത്തനാക്കിയതും ഇതേ ആധ്യാത്മികബോധമാണ്.
മതങ്ങളും ആചാരങ്ങളും ഭാഷകളും ഭക്ഷണരീതികളുമെല്ലാം വ്യത്യസ്തമായിരുന്നിട്ടും മുറിക്കപ്പെടാത്ത ഗാത്രമായി നാം ഭാരതീയര്‍ ഇത്രയുംകാലം സഞ്ചരിച്ചത് ഈ ആധ്യാത്മികബോധത്തിന്റെകൂടി വെളിച്ചത്തിലായിരുന്നു. ശ്രേഷ്ഠമായ അനേകം സാംസ്‌കാരികപാരമ്പര്യങ്ങള്‍ ഇഴചേര്‍ന്നുണ്ടായ ഈ ആധ്യാത്മികസ്വത്വത്തെ മതവും രാഷ്ട്രീയവും ഇടകലര്‍ത്തുന്ന പ്രകടനപരതയിലൂന്നിയ ദേശീയതമാത്രമായി നാം സങ്കുചിതമാക്കരുത്.
അദൃശ്യമായ ഒരു വലിയ കുടുംബത്തിലെ അംഗങ്ങളാണ് തങ്ങളോരോരുത്തരുമെന്ന ആത്മാവബോധം (ടലഹള രീിരശീൗിെല)ൈ രാഷ്ട്രത്തിലെ ഒരു പൗരനില്‍നിന്നുപോലും അപഹരിക്കപ്പെടുന്നില്ലെന്ന് ഉറപ്പുവരുത്തേണ്ടത് അതതു കാലഘട്ടങ്ങളിലെ ഔദ്യോഗികദേശീയതയുടെ വക്താക്കളാണ്. ദേശചരിത്രവുമായി ബന്ധപ്പെട്ട വ്യക്തികള്‍, പ്രസ്ഥാനങ്ങള്‍, പ്രതിമകള്‍, മ്യൂസിയങ്ങള്‍, സ്ഥാപനങ്ങള്‍, ഗാനങ്ങള്‍, മുദ്രാവാക്യങ്ങള്‍ എന്നിവയെല്ലാം പുനര്‍നിര്‍വചിക്കപ്പെടുകയോ പൊളിച്ചെഴുതപ്പെടുകയോ ചെയ്യുന്ന കാലമാണിത്. ചില വ്യക്തികള്‍ ചരിത്രത്തില്‍നിന്നു മെല്ലെ മാഞ്ഞുപോവുകയോ അപ്രസക്തമാവുകയോ ചെയ്യുമ്പോള്‍ രാഷ്ട്രസ്വത്വത്തെ സംബന്ധിച്ച വിലപ്പെട്ട ചില മൂല്യങ്ങള്‍കൂടിയാണ് ഇല്ലാതെയാകുന്നത്. അപൂര്‍ണമോ വികലമോ ആയ രാജ്യസംസ്‌കൃതിയുടെ അവകാശികളായ ഒരു തലമുറയെയാണോ നാം രൂപപ്പെടുത്തേണ്ടത്?