•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ലിറ്റര്‍ജിയും സഭയുടെ ഭാവിയും

ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകം പുറത്തിറങ്ങി. ''അദ്ദേഹം നമുക്കു വളരെയേറെ നല്കി'' എന്നര്‍ഥം വരുന്ന ശീര്‍ഷകമാണ് ഗ്രന്ഥത്തിനു നല്കിയിരിക്കുന്നത്.  പുസ്തകപഠനത്തിന്റെ     ആറാം ഭാഗം

നഡിക്ട് പതിനാറാമന്‍ പാപ്പായെ അനുസ്മരിച്ചുകൊണ്ട് 2023 ഫെബ്രുവരി മാസം Timeone എന്ന ഇറ്റാലിയന്‍ പ്രസിദ്ധീകരണത്തിനു നല്കിയ ലേഖനത്തില്‍ ബനഡിക്ട് പാപ്പാ സഭയില്‍ ലിറ്റര്‍ജിയുടെ പ്രാധാന്യം എത്രമാത്രം വലുതാണെന്നു മനസ്സിലാക്കിയിരുന്നു വെന്ന് എടുത്തുപറയുന്നുണ്ട്. രണ്ടാം വത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖയിലെ 'ലിറ്റര്‍ജിയാണ് സഭാജീവിതത്തിന്റെ ഉറവിടവും അത്യുച്ചസ്ഥാനവും'' എന്ന സുപ്രധാനപ്രഖ്യാപനം അടിയുറച്ച ബോധ്യത്തോടെ മനസ്സില്‍ സംവഹിച്ചിരുന്ന മഹാനാണ് ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും ശ്രദ്ധേയനായ തിയോളജിയന്‍ ബനഡിക്ട് പതിനാറാമന്‍ എന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു. സഭയുടെ ഭാവി, ലിറ്റര്‍ജിയെ ആശ്രയിച്ചാണിരിക്കുന്നതെന്ന് പാപ്പാ പലപ്പോഴും പ്രസ്താവിച്ചിട്ടുണ്ട്.  സഭയുടെ നിലനില്പുതന്നെ സുസാധ്യമാക്കുന്നത് ആരാധനക്രമമാണെന്നാണ് ബനഡിക്ട് പാപ്പാ ഉറച്ചുവിശ്വസിച്ചിരുന്നത്.
വിശ്വാസം പ്രാര്‍ഥനയായി പരിണമിക്കുന്നതിനനുസൃതം അത് സുദൃഢമായിത്തീരുന്നു വെന്ന് ബനഡിക്ട് പാപ്പാ പഠിപ്പിച്ചു. കാര്‍മികനോ വിശ്വാസിസമൂഹമോ അല്ല, മനുഷ്യാവതാരം ചെയ്ത ദൈവമായ ഈശോമിശിഹായാണ് ലിറ്റര്‍ജിയുടെ കേന്ദ്രബിന്ദുവെന്ന് അദ്ദേഹം ഓര്‍മിപ്പിച്ചിരുന്നെന്നും കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നു. ലിറ്റര്‍ജിയുടെ കേന്ദ്രവും ലക്ഷ്യസ്ഥാനവും മിശിഹായാണെന്നു സൂചിപ്പിക്കാനാണ് വിശുദ്ധസ്ലീവായ്ക്ക് ആരാധനക്രമത്തില്‍ മുഖ്യസ്ഥാനം നല്കുന്നത്.
യുവജനങ്ങളെ ആഴമായ വിശ്വാസത്തിലേക്കും തീക്ഷ്ണമായ പ്രാര്‍ഥനയിലേക്കും നയിക്കാന്‍ ബനഡിക്ട് പിതാവിന് ഒരു പ്രത്യേക സിദ്ധിതന്നെ ഉണ്ടായിരുന്നു. അതുകൊണ്ടാണ്, അദ്ദേഹത്തിന്റെ മൃതസംസ്‌കാരശുശ്രൂഷയില്‍ യുവജനങ്ങളുടെ വലിയ സാന്നിധ്യമുണ്ടായിരുന്നത്. ജോണ്‍പോള്‍ രണ്ടാമനെപ്പോലെ ബനഡിക്ട് പിതാവും യുവജനങ്ങള്‍ക്കു വലിയ പ്രചോദനമായി ദീര്‍ഘകാലം നിലനില്ക്കുമെന്ന് കര്‍ദിനാള്‍ സറാ പ്രസ്താവിക്കുന്നു. ബനഡിക്ട് പതിനാറാമന്റെ മരണശേഷവും അദ്ദേഹത്തിന്റെ സാന്നിധ്യം കൂടുതല്‍ക്കൂടുതലായി അനുഭവവേദ്യമാകുമെന്നാണ് കര്‍ദിനാള്‍ സറാ അഭിപ്രായപ്പെടുന്നത്.
സത്യത്തിന്റെ സാക്ഷി
2020 ല്‍ ബനഡിക്ട് പതിനാറാമന്റെ, മാര്‍പാപ്പാ എന്ന നിലയിലുള്ള പത്രോസിനടുത്ത സഭാശുശ്രൂഷയെപ്പറ്റി ക്രിസ്ത്യന്‍ ഗുയ്യോ എന്ന ഫ്രഞ്ചു വൈദികന്‍ രചിച്ച ഗ്രന്ഥത്തിന് കര്‍ദിനാള്‍ റോബര്‍ട്ട് സറായാണ് അവതാരിക എഴുതിയത്.
പ്രസ്തുത അവതാരികയില്‍, പത്രോസിനടുത്ത സഭാശുശ്രൂഷ എന്തെന്നു മനസ്സിലാക്കാന്‍ ബനഡിക്ട് പിതാവിന്റെ പ്രബോധനങ്ങള്‍ക്കൊപ്പം അദ്ദേഹത്തിന്റെ പ്രവൃത്തികളും ജീവിതശൈലിയുംകൂടി കണക്കിലെടുക്കണമെന്ന് കര്‍ദിനാള്‍ സറാ ആദ്യമേതന്നെ പ്രസ്താവിക്കുന്നുണ്ട്.
പത്രോസിന്റെ വിശ്വാസപ്രഖ്യാപനമാണ് (2,16,16) ശിമയോനെ പാറയെന്നു വിളിക്കാന്‍ ഈശോയെ പ്രേരിപ്പിച്ചത്. 'നസ്രത്തിലെ ഈശോ'  എന്ന ഗ്രന്ഥത്തില്‍ ബനഡിക്ട് പതിനാറാമന്‍ ഈ വിശ്വാസപ്രഖ്യാപനത്തിന്റെ പ്രാധാന്യം വിശകലനം ചെയ്യുന്നുണ്ട്. യഹൂദരൂടെ പാപപരിഹാരദിനമായ 'യോം കിപ്പൂര്‍' ദിനത്തിലാണ് പത്രോസ് ഈ വിശ്വാസപ്രഖ്യാപനം നടത്തിയത് എന്നു കണക്കാക്കാവുന്നതാണ്. ആണ്ടുവട്ടത്തില്‍ ഈ ദിവസം മാത്രമാണ് മുഖ്യപുരോഹിതന്‍ വിശുദ്ധസ്ഥലത്തു പ്രവേശിക്കുകയും യാഹ്‌വേ എന്ന ദൈവനാമം ഉച്ചരിച്ച് ജനത്തിനായി പാപപരിഹാരം നേടുകയും ചെയ്തിരുന്നത്. ദൈവപുത്രനായ മിശിഹായുടെ മുമ്പാകെ വിശ്വാസം ഏറ്റുപറഞ്ഞപ്പോള്‍ പഴയനിയമത്തില്‍ മോശയും അതേത്തുടര്‍ന്ന് മുഖ്യപുരോഹിതന്മാരും അതിവിശുദ്ധ സ്ഥലത്ത് അര്‍പ്പിച്ച ബലിയുടെ തുടര്‍ച്ചയും പൂര്‍ത്തീകരണവുമാണ് പത്രോസ്ശ്ലീഹാ നിറവേറ്റിയത്. ദൈവത്തെ ഏറ്റുപറയുകയെന്നത് പത്രോസിനടുത്ത ശുശ്രൂഷയുടെ കാതലാണ്. വിശ്വാസം ഏറ്റുപറയുന്ന പാപ്പാ അടിസ്ഥാനപരമായി സേവകനാണ്. മിശിഹായോടുള്ള അനുസരണത്തിന്റെ ഗാരന്റിയാണ് മാര്‍പാപ്പാ. 'ഞാനാകുന്നു സഭ' എന്നു പ്രഖ്യാപിക്കാന്‍ പാപ്പായ്ക്കു സാധിക്കുകയില്ല. പത്രോസിനെപ്പോലെ വിശ്വാസം ഏറ്റുപറയുകയാണ് തന്റെ ദൗത്യമെന്ന് ബനഡിക്ട് പാപ്പാ മനസ്സിലാക്കിയിരുന്നു. സത്യത്തിന്റെ സേവകന്‍ എന്നു സ്വയം വിശേഷിപ്പിച്ചിരുന്ന ബനഡിക്ട് പാപ്പായ്ക്ക് സത്യത്തിന് ഒരു പേരുണ്ടായിരുന്നു. ഈശോ എന്നതായിരുന്നു ആ നാമം.
തന്റെ മഹാന്മാരായ മുന്‍ഗാമികളായ ഗ്രിഗറി മാര്‍പാപ്പായുടെയും ലിയോ മാര്‍പാപ്പായുടെയും ഒപ്പം ബനഡിക്ട് പതിനാറാമന്റെയും സുവിശേഷവ്യാഖ്യാനങ്ങളും യാമപ്രാര്‍ഥനകളിലെ വായനകളില്‍ സ്ഥാനം പിടിക്കുമെന്ന് കര്‍ദിനാള്‍ സറാ പ്രത്യാശിക്കുന്നു.
കിഴക്കിന്റെ പ്രാധാന്യം
വിശുദ്ധ പത്രോസിന്റെ വിശ്വാസപ്രഖ്യാപനം 'യോം കിപ്പൂര്‍' ദിനത്തിലാണു നടന്നതെന്നു സൂചിപ്പിക്കുകയുണ്ടായല്ലോ. അതുകൊണ്ട്, അത് ദൈവാരാധനയുടെ ഭാഗമാണെന്നും പത്രോസിനടുത്ത ശുശ്രൂഷയുടെ അടിസ്ഥാനഘടകമാണെന്നും ബനഡിക്ട് പിതാവ് കരുതിയിരുന്നുവെന്ന് ക്രിസ്ത്യന്‍ ഗുയ്യോ പ്രസ്താവിക്കുന്നുണ്ട്. ലിറ്റര്‍ജി പഠനവിഷയമാക്കുന്നതും അത് സശ്രദ്ധം പരികര്‍മം ചെയ്യുന്നതും വിശ്വാസപ്രഖ്യാപനത്തിന്റെ ഭാഗമാണ്. പ്രധാനപുരോഹിതനെപ്പോലെ അതിവിശുദ്ധസ്ഥലത്താണ് പത്രോസിന്റെ പിന്‍ഗാമി വ്യാപരിക്കുന്നത്. ശ്ലീഹന്മാരുടെ കാലംമുതല്‍ പാലിച്ചുപോരുന്ന നിഷ്ഠയാണ് കിഴക്കിന് അഭിമുഖമായുള്ള പ്രാര്‍ഥന. ഉദയസൂര്യന്‍ കര്‍ത്താവിന്റെ രണ്ടാമത്തെ വരവിന്റെ പ്രതീകമാണ്. മിശിഹാകേന്ദ്രീകൃതവും യുഗാന്ത്യോന്മുഖവുമാണ് ക്രിസ്തീയാരാധന.
കിഴക്കോട്ടു തിരിഞ്ഞുള്ള പ്രാര്‍ഥന ആരാധനക്രമസംബന്ധമായ നിര്‍ബന്ധബുദ്ധിയോ  അനുഷ്ഠാനക്രമത്തിലെ തന്നിഷ്ടമോ അല്ലെന്ന് കര്‍ദിനാള്‍ സറാ എടുത്തുപറയുന്നു. ദൈവാരാധനയുടെ കേന്ദ്രബിന്ദു ദൈവമാണ്. അതൊരിക്കലും കാര്‍മികനിലും വിശ്വാസിസമൂഹത്തിലും ഒതുങ്ങിനില്ക്കുന്ന സ്വയംകൃതാഘോഷം മാത്രമായിത്തീരാതിരിക്കാനുള്ള ബനഡിക്ട് പിതാവിന്റെ സുദീര്‍ഘമായ പോരാട്ടം വിസ്മരിക്കപ്പെടരുതെന്ന് കര്‍ദിനാള്‍ സറാ സന്ദര്‍ഭോചിതമായി നിരീക്ഷിക്കുന്നുണ്ട്.
കുരിശും രക്തസാക്ഷിത്വവും പത്രോസിനടുത്ത സഭാശുശ്രൂഷയുടെ ഭാഗമാണെന്ന് ബനഡിക്ട് പതിനാറാമന്‍ വിശ്വസിച്ചിരുന്നു. ആദ്യമൂന്നു നൂറ്റാണ്ടുകളിലെ മാര്‍പാപ്പാമാര്‍ എല്ലാവരുംതന്നെ രക്തസാക്ഷികളായിരുന്നു. വിശുദ്ധ പത്രോസിന്റെ വിശ്വാസപ്രഖ്യാപനം സഹനവും കുരിശും രക്തസാക്ഷിത്വവും ഉള്‍ക്കൊള്ളുന്ന ഒരേറ്റുപറച്ചിലായിരുന്നു.
ബനഡിക്ട് പാപ്പായുടെ പത്രോസിനടുത്ത ശുശ്രൂഷാകാലം മനസ്സിലാക്കാന്‍ ക്രിസ്ത്യന്‍ ഗുയ്യോയുടെ ഗ്രന്ഥം വളരെയേറെ സഹായകരമാണെന്ന് അവതാരികയില്‍ കര്‍ദിനാള്‍ സറാ പറയുന്നു.
ഈ അവതാരികയില്‍, മെത്രാന്മാരും പുരോഹിതന്മാരും നിര്‍വഹിക്കേണ്ട ദൗത്യം എന്തെന്ന് ജോസഫ് റാറ്റ്‌സിങ്ങര്‍ ഏറെക്കാലം വിചിന്തനം ചെയ്ത് എത്തിച്ചേര്‍ന്ന നിഗമനങ്ങളും പരാമര്‍ശിക്കപ്പെടുന്നുണ്ട്.
തദനുസൃതം മെത്രാന്‍, സഭാസംവിധാനത്തിലെ ഒരുഉന്നതോദ്യോഗസ്ഥനല്ല! അദ്ദേഹത്തിന്റെ പ്രഥമ ഉത്തരവാദിത്വം പ്രാദേശികസഭയില്‍ പ്രാര്‍ഥനയുടെ ജ്വലിക്കുന്ന ഒരു തീച്ചൂള ലിറ്റര്‍ജിയുടെ കുറ്റമറ്റ ആചരണത്തിലൂടെ നിലനിര്‍ത്തുകയെന്നതാണ്. മൊണാസ്റ്റിക് പാരമ്പര്യത്തിന്റെയും കത്തീഡ്രല്‍ ചാപ്റ്ററുകളുടെയും പ്രസക്തി ഇതിനോടു ബന്ധപ്പെടുത്തിയാണു മനസ്സിലാക്കേണ്ടതെന്നും ബനഡിക്ട് പാപ്പാ ഉദ്‌ബോധിപ്പിച്ചിരുന്നു.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)