•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

മാര്‍ തോമാശ്ലീഹാ ചരിത്രവഴികളില്‍

ജൂലൈ 3  മാര്‍ തോമാശ്ലീഹായുടെ ദുക്‌റാനത്തിരുനാള്‍

മ്മുടെ പിതാവായ മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വത്തിന്റെ 1950-ാം വര്‍ഷം നാം ആചരിക്കുകയാണല്ലോ. തന്റെ ഗുരുവില്‍നിന്നു കേട്ടവ പ്രാവര്‍ത്തികമാക്കുകയും വിശ്വസിച്ചതിനുവേണ്ടി നിലകൊള്ളുകയും ചെയ്ത ശ്ലീഹാ രക്തസാക്ഷിത്വത്തിലൂടെ ഇന്ത്യയില്‍ സഭയ്ക്ക് രൂപം കൊടുത്തു. ''നമുക്കും അവനോടുകൂടി പോയി മരിക്കാം'' (യോഹ. 11:16) എന്നുദ്‌ഘോഷിച്ച തോമാശ്ലീഹാ ''എന്റെ കര്‍ത്താവേ എന്റെ ദൈവമേ'' - മാര്‍ വാലാഹ് (യോഹ. 20:28) എന്ന വിശ്വാസപ്രഖ്യാപനത്തിലൂടെ 'വഴിയും സത്യവും ജീവനുമായ ഈശോ'യെ (യോഹ 14: 5, 6) നമുക്കു കാണിച്ചുതന്നു. ആ വഴിയാണ്, ''മാര്‍ത്തോമാമാര്‍ഗമാണ്'' ഇന്ന് നമ്മുടെ രക്ഷയുടെ ഉപാധി.
'ജറുസലേമിലും യൂദയായിലും സമറിയായിലും ഭൂമിയുടെ അതിര്‍ത്തികള്‍വരെയും നിങ്ങള്‍ എനിക്കു സാക്ഷികളാകണം' (അപ്പ. പ്രവ. 1:8) എന്ന തങ്ങളുടെ ഗുരുവിന്റെ അഭിലാഷം ശിരസ്സാവഹിച്ച ശ്ലീഹന്മാരില്‍ തോമായാണ് അന്നത്തെ ലോകത്തിന്റെ അതിര്‍ത്തിരാജ്യമായിരുന്ന ഇന്ത്യയില്‍ (Herodotus, The Histories, Book III (Thaleia) 106) സുവിശേഷപ്രഘോഷണത്തിനായി എത്തിയത്. ഇന്ത്യയ്ക്കു മെഡിറ്ററേനിയന്‍ പട്ടണങ്ങളുമായി ഉണ്ടായിരുന്ന കച്ചവടബന്ധവും ഇന്ത്യന്‍പട്ടണങ്ങളിലെ മുസ്സിരിസ് വാണിജ്യപാതയും യഹൂദസാന്നിധ്യവും മലബാറിലെ സുഗന്ധവ്യഞ്ജനങ്ങളോടു റോമന്‍ജനതയ്ക്കുണ്ടായിരുന്ന പ്രിയവും തോമായ്ക്ക് ഇന്ത്യയിലെത്താന്‍ സഹായകമായ ഘടകങ്ങളായിരുന്നു. ക്രിസ്തുവര്‍ഷം 42 മുതല്‍ 49 വരെ വടക്കുപടിഞ്ഞാറ് ഇന്ത്യ ഉള്‍പ്പെടുന്ന പാര്‍ഥ്യാരാജ്യത്തും 52 മുതല്‍ 72 വരെ തമിഴകം എന്ന് അറിയപ്പെട്ടിരുന്ന കേരളമുള്‍പ്പെടുന്ന തെക്കേ ഇന്ത്യ(മലബാര്‍, ചോളമണ്ഡലതീരപ്രദേശങ്ങളും അവയ്ക്കിടയിലുള്ള പ്രദേശങ്ങളും)യിലും സുവിശേഷം അറിയിച്ച് പല പട്ടണങ്ങളിലും ക്രൈസ്തവസമൂഹങ്ങള്‍ക്കു രൂപം കൊടുത്ത് ക്രിസ്ത്വബ്ദം 72ല്‍ മൈലാപ്പൂരില്‍ തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചു. 
1. മൈലാപ്പൂരിന്റെ പ്രാധാന്യം
ഇപ്പോഴത്തെ ചെന്നൈയുടെ ഭാഗമായ മൈലാപ്പൂരിലെ ശ്ലീഹായുടെ രക്തസാക്ഷിത്വത്തിന് ആധുനികപഠനങ്ങളുടെ വെളിച്ചത്തില്‍ ചരിത്രത്തില്‍നിന്നു ധാരാളം തെളിവുകള്‍ നിരത്താനുണ്ട്. മൈലാപ്പൂര്‍ അന്നത്തെ ഇന്ത്യയിലെ ഒരു പ്രധാനപട്ടണമായിരുന്നു; മറ്റുള്ളവ മുസ്സിരിസും (കൊടുങ്ങല്ലൂര്‍) ഗുജറാത്തിലുള്ള ബാറുച്ചും. ഇവയില്‍ മുസ്സിരിസ് ഇന്ത്യയുടെ പടിഞ്ഞാറെ കവാടമായിരുന്നുവെങ്കില്‍ മൈലാപ്പൂര്‍ ഇന്ത്യയുടെ കിഴക്കേ കവാടമായിരുന്നുവെന്നാണ് ചരിത്രരേഖകളില്‍ കാണുന്നത്. മുസ്സിരിസ് തോമാ കപ്പലിറങ്ങിയ സ്ഥലവും മൈലാപ്പൂര്‍ തോമായ്ക്ക് അന്ത്യവിശ്രമം നല്‍കിയ സ്ഥലവും എന്ന രീതിയില്‍ ഇവയ്ക്കു രണ്ടിനും സഭാചരിത്രത്തില്‍ വലിയ പ്രാധാന്യമാണുള്ളത്. മൈലാപ്പൂരിലെ തോമാശ്ലീഹായുടെ രക്തസാക്ഷിത്വം ഈ പട്ടണത്തെ മാര്‍ത്തോമാക്രിസ്ത്യാനികള്‍ക്ക് ഏറ്റവും പ്രധാനപ്പെട്ടതും, പ്രിയപ്പെട്ടതും പവിത്രവുമാക്കിത്തീര്‍ത്തു; മാത്രവുമല്ല, ആദ്യനൂറ്റാണ്ടുകളില്‍ സഭാകേന്ദ്രവുമായിരുന്നു.
തോമാശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതും ശ്ലീഹായെ കബറടക്കിയും മൈലാപ്പൂരിലാണ് എന്നു തെളിയിക്കുന്ന അനേകം ചരിത്രരേഖകളുണ്ട്. മൂന്നാം നൂറ്റാണ്ടിന്റെ ആരംഭത്തില്‍ വിരചിതമായ 'തോമായുടെ നടപടികള്‍' എന്ന ഗ്രന്ഥമാണ് ഏറ്റവും പ്രധാന തെളിവ്. ഈ ഗ്രന്ഥത്തിന്റെ 13-ാം അധ്യായത്തില്‍ തോമായുടെ രക്തസാക്ഷിത്വം വളരെ വിശദമായി ചിത്രീകരിക്കുന്നുണ്ട്. അനേകം സഭാപിതാക്കന്മാര്‍ തോമാശ്ലീഹായുടെ രക്തസാക്ഷിത്വവും കബറിടവും സംബന്ധിച്ച് വളരെയേറെക്കാര്യങ്ങള്‍ അവരുടെ ഗ്രന്ഥങ്ങളില്‍ കുറിച്ചിട്ടുള്ളത് നമുക്കു ലഭ്യമാണ്. പുരാവസ്തുഗവേഷണപഠനങ്ങളും വിദേശയാത്രികരുടെ വിവരണങ്ങളും ഇക്കാര്യം തെളിയിച്ചിട്ടുണ്ട്. മൈലാപ്പൂരിലെ തോമായുടെ കബറിടം വളരെ പൂജ്യമായിട്ടാണ് പഴയ നൂറ്റാണ്ടുകളില്‍ കരുതിയിരുന്നതെന്ന് പോര്‍ച്ചുഗീസ്ചരിത്രഗ്രന്ഥങ്ങള്‍ സാക്ഷ്യപ്പെടുത്തുന്നു. ക്രൈസ്തവര്‍മാത്രമല്ല, അക്രൈസ്തവരും ഭയഭക്ത്യാദരവുകളോടെയാണ് ഈ പൂജ്യസ്ഥലം കണ്ടിരുന്നതെന്നുകൂടി അവര്‍ രേഖപ്പെടുത്തിയിട്ടുണ്ട്. തോമായുടെ കബറിടം മാര്‍ത്തോമാക്രിസ്ത്യാനികളുടെ ആധ്യാത്മികജീവിതത്തില്‍ സുപ്രധാന പങ്കുവഹിച്ചിരുന്നു. മൈലാപ്പൂര്‍ കബറിടത്തേക്കുള്ള തീര്‍ഥാടനങ്ങള്‍ അവര്‍ പതിവായി നടത്താറുണ്ടായിരുന്നു. മൈലാപ്പൂര്‍ തീര്‍ഥാടനം ജീവിതസായുജ്യമായാണ് ക്രൈസ്തവര്‍ കരുതിയിരുന്നത്. മൈലാപ്പൂരില്‍നിന്നു കൊണ്ടുവന്നിരുന്ന തിരുശേഷിപ്പായ മണ്ണ് രോഗങ്ങള്‍ സുഖപ്പെടുത്താന്‍വരെ ശക്തിയുള്ളതായിരുന്നുവെന്ന് അവര്‍ വിശ്വസിച്ചിരുന്നു.
തെക്കുകിഴക്കന്‍ തീരദേശത്ത് മൂന്നു പ്രധാനസ്ഥലങ്ങളാണ് തോമായുടെ രക്തസാക്ഷിത്വവും കബറിടവുമായി ബന്ധപ്പെട്ടു കാണാനുള്ളത്. അവ സാന്തോം മൈലാപ്പൂര്‍, സെന്റ്‌തോമസ് മൗണ്ട്, ചിന്നമല എന്നിവയാണ്. ഇവ മൂന്നും തമ്മില്‍ വലിയ ബന്ധമുണ്ട്. അവ അടുത്തടുത്ത സ്ഥലങ്ങളാണ്, ഇന്നത്തെ ചെന്നൈപട്ടണത്തിന്റെ ഭാഗങ്ങളുമാണ്. വിദേശരാജ്യങ്ങളുമായി ഈ തീരപ്രദേശത്തിനും ഇതിലെ പട്ടണങ്ങള്‍ക്കും പ്രത്യേകിച്ച് മൈലാപ്പൂരിനും  ബന്ധമുണ്ടായിരുന്നു.
ക്രിസ്ത്വബ്ദത്തിനുമുമ്പേ  അറിയപ്പെട്ടിരുന്ന പട്ടണമായിരുന്നു മൈലാപ്പൂര്‍. ഗ്രീക്ക്, റോമന്‍ എഴുത്തുകാര്‍ അവരുടെ ഗ്രന്ഥങ്ങളില്‍ ഈ പട്ടണത്തെപ്പറ്റി എഴുതുന്നുണ്ട്. 'പെരിപ്ലസ് ഓഫ് ദി എരിത്രിയന്‍ സീ' (Periplus of the Erythrean Sea)എന്ന ഗ്രന്ഥത്തില്‍ ഇന്ത്യയിലെ പ്രധാനതുറമുഖപട്ടണങ്ങളെപ്പറ്റി എഴുതുന്നിടത്ത് മൈലാപ്പൂരിനെപ്പറ്റിയും പറയുന്നുണ്ട്. മാന്നാര്‍, ഫാല്‍ക്ക് എന്നീ കടലിടുക്കുകളെപ്പറ്റിയും (gulfs) കാവേരിതീരത്തുള്ള മൂന്നു പട്ടണങ്ങളെപ്പറ്റിയും ഈ ഗ്രന്ഥത്തില്‍ കാണാം. ഇന്ത്യയുടെ കിഴക്കന്‍തീരത്തെ പട്ടണങ്ങളെപ്പറ്റി വിശദീകരിക്കുന്നില്ലെങ്കിലും പട്ടണങ്ങളുടെ പേരു പറയുന്നിടത്ത് മസാലിയ അഥവാ മസൂലിപട്ടണം എന്നു കാണാം. റോമന്‍ എഴുത്തുകാരനായ ക്ലാവുഡിയൂസ് ടോളമി തന്റെ 'ജിയോഗ്രഫി' എന്ന ഗ്രന്ഥത്തില്‍ ഏഴാം അധ്യായത്തില്‍ മൈലാപ്പൂരിനെക്കുറിച്ചു പറയുന്നുണ്ട്. ഗ്രീക്ക്, ലത്തീന്‍, ഇറ്റാലിയന്‍ ഭാഷകളില്‍ മൈലാപ്പൂര്‍ എന്ന നാമം വ്യത്യസ്തരൂപങ്ങളിലാണ് ഉപയോഗിച്ചിരിക്കുന്നത്. വിദേശരേഖകളില്‍ കാണുന്നMaliarpha, Menarpha, Manaliapha എന്നിവയില്‍ Maliarpha യാണ് കൂടുതല്‍ പ്രയോഗത്തില്‍ കാണുന്നത്. ഇതു രണ്ടു പദങ്ങള്‍ ചേരുന്നതാണ്; Melia, pha എന്നിവ. ഇതില്‍നിന്നാണ്Meliapor  അഥവാ മൈലാപ്പൂര്‍ ഉദ്ഭവിക്കുന്നത് എന്നു വ്യക്തമാണ്.
1498 ല്‍ കേരളത്തില്‍ കോഴിക്കോട് എത്തിയ പോര്‍ച്ചുഗീസുകാര്‍ 1500 ലാണ് മൈലാപ്പൂരിലെത്തുന്നത്. ചരിത്രത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നുവെങ്കിലും അന്ന് അത് ഒരു ചെറിയ പ്രദേശമായിരുന്നുവെന്നും 'ബേത്-തുമ' എന്നാണ് അറിയപ്പെട്ടിരുന്നതെന്നും പോര്‍ച്ചുഗീസ് ചരിത്രകാരന്മാര്‍ എഴുതുന്നുണ്ട്. 'ബേത്-തുമ' എന്ന സുറിയാനിപദത്തിന് അര്‍ഥം 'തോമായുടെ സ്ഥലം'എന്നാണ്. അപ്പസ്‌തോലനായ തോമാ സുവിശേഷം പ്രസംഗിച്ചതും മരിച്ചതും കബറടക്കപ്പെട്ടതും ഇവിടെയായതുകൊണ്ടാണ് ഈ പേരുവന്നതെന്ന് പോര്‍ച്ചുഗീസ് ചരിത്രകാരന്മാര്‍ക്കു ബോധ്യമായി. അതുകൊണ്ട്, അവര്‍ ഈ സ്ഥലത്തെ തത്തുല്യമായ രീതിയില്‍ സാന്തോം (ടമിവേീാല) എന്ന് പോര്‍ച്ചുഗീസിലേക്കു മാറ്റി. അതു മൈലാപ്പൂര്‍തന്നെയായിരുന്നതുകൊണ്ട് ഇതിനെ ടമിവേീാല റല ങ്യഹമുീൃല എന്നും വിളിച്ചു. ഈ രണ്ടു പേരുകളും മാറിമാറി പോര്‍ച്ചുഗീസ് രേഖകളില്‍ കാണാം.
2. തോമായുടെ നടപടികളിലെ സാക്ഷ്യം
എ.ഡി. 3-ാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ എഴുതപ്പെട്ട 'തോമായുടെ നടപടികള്‍' എന്ന ഗ്രന്ഥമാണ് തോമാശ്ലീഹായുടെ മൈലാപ്പൂരിലെ രക്തസാക്ഷിത്വത്തെക്കുറിച്ചു വിശദവിവരം നല്‍കുന്നത്. രാജാവിന്റെ അപ്രീതിക്കു കാരണമായ തോമായുടെ പ്രസംഗവും സുവിശേഷപ്രവര്‍ത്തനവുമാണ് അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിനു കാരണമായതെന്ന് 'തോമായുടെ നടപടികള്‍'  സമര്‍ത്ഥിക്കുന്നു. രാജാവിന്റെ മകനും ഭാര്യയും തോമായുടെ ശിഷ്യത്വം സ്വീകരിക്കുന്നതും ക്രിസ്തുമതാനുശാസനങ്ങള്‍ക്കനുസൃതം ജീവിക്കുന്നതുമാണ് രാജാവിനെ പ്രകോപിപ്പിച്ചത്. അങ്ങനെ നോക്കുമ്പോള്‍ തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രവര്‍ത്തനങ്ങളും രക്തസാക്ഷിത്വവുമാണ് ഈ ഗ്രന്ഥത്തിന്റെ കാതല്‍. ഇത്രയും കൃത്യമായും വ്യക്തമായും കാര്യങ്ങള്‍ അവതരിപ്പിക്കുന്ന ഈ ഗ്രന്ഥത്തെ ഒരു കെട്ടുകഥയായോ വെറും ഭാവനയായോ ആര്‍ക്കും കണക്കാക്കാനാവില്ല. അതിനാല്‍ തോമാശ്ലീഹായുടെ ഇന്ത്യയിലെ പ്രേഷിതപ്രവര്‍ത്തനത്തിന്റെ ഏറ്റവും പ്രധാന ഒരു തെളിവായി ഈ ഗ്രന്ഥത്തെ കാണാം. 
സുറിയാനിസഭയുടെ കേന്ദ്രമായ വടക്കേ മെസപ്പൊട്ടാമിയായിലെ എദേസ്സായിലാണ് ഈ ഗ്രന്ഥം രചിക്കപ്പെട്ടത്. എദേസ്സായിലാണ് എഴുതപ്പെട്ടതെങ്കിലും ഈ ഗ്രന്ഥത്തിന്റെ പശ്ചാത്തലം മുഴുവന്‍ ഇന്ത്യയാണ്. എങ്കിലും ഇതില്‍ കൊടുത്തിരിക്കുന്ന സ്ഥലങ്ങളുടെയും വ്യക്തികളുടെയും വിശദവിവരങ്ങള്‍ ഇല്ല. ഒന്നുകില്‍ വിശദാംശങ്ങള്‍ ഗ്രന്ഥകര്‍ത്താവിന് അറിയില്ലായിരുന്നിരിക്കാം അഥവാ ആവശ്യമായി തോന്നിയിട്ടില്ലായിരിക്കാം. അറിവില്ലാഞ്ഞിട്ടാണെങ്കില്‍ പിന്നെ എങ്ങനെ ഈ രാജ്യത്തെക്കുറിച്ചും അതിലെ വ്യക്തികളെയും സ്ഥലങ്ങളെയുംകുറിച്ചും മറ്റൊരു രാജ്യത്തിരുന്ന് എഴുതാന്‍ സാധിച്ചു എന്നു ന്യായമായും ചോദിക്കാവുന്നതാണ്. സ്വന്തം ഭാവനയില്‍നിന്ന് ഇങ്ങനെ എഴുതാന്‍ സാധിക്കില്ലല്ലോ; അതും വളരെ ദൂരത്തുള്ള ഒരു രാജ്യത്തെക്കുറിച്ച്. ഏതെങ്കിലും നിലനിന്നിരുന്ന രേഖകളോ കാര്യങ്ങള്‍ അറിയാവുന്ന വ്യക്തികളുടെ സഹായമോ ലഭിച്ചിട്ടുണ്ടായിരിക്കണം. വിശദാംശങ്ങള്‍ക്കു പ്രാധാന്യം നല്‍കാത്തതിന്റെ കാരണം ഇതൊരു ചരിത്രഗ്രന്ഥമായി എഴുതപ്പെട്ടതല്ലാത്തതുകൊണ്ടാവണം.
വായനക്കാര്‍ക്കു കൊടുക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങള്‍മാത്രമേ ഇതില്‍ ഗ്രന്ഥകാരന്‍ ശ്രദ്ധിച്ചിട്ടുള്ളൂ; അതായത്, മാര്‍ തോമായുടെ ഭാരതപ്രേഷിതത്വം എദേസ്സായിലെ സുറിയാനിസഭയുടെ കാഴ്ചപ്പാടില്‍ എന്നത്. അതിനാല്‍, സുറിയാനി സഭാകേന്ദ്രമായ എദേസ്സായില്‍നിന്ന് ഒരാള്‍ തോമായുടെ ഭാരതപ്രേഷിതപ്രവര്‍ത്തനത്തെപ്പറ്റി ഇത്ര വിശദമായി എഴുതുന്നതില്‍ അദ്ഭുതപ്പെടാനില്ല. ഇതു വ്യക്തമാക്കുന്നത് തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെപ്പറ്റി എദേസ്സായിലെ സഭയ്ക്ക് അറിയാമായിരുന്നെന്നും ഈ സഭകള്‍ തമ്മില്‍ നല്ല ബന്ധമാണുണ്ടായിരുന്നതെന്നും ഭാരതസഭ തോമാശ്ലീഹായാല്‍ സ്ഥാപിതമാണെന്നുമുള്ള കാര്യങ്ങളാണ്.
3. സഭാപിതാക്കന്മാരുടെ സാക്ഷ്യം 
അപ്പസ്‌തോലപിതാക്കന്മാര്‍, വിശ്വാസസംരക്ഷകര്‍, സഭാപിതാക്കന്മാര്‍ എന്നിവരുടെ കൃതികളടങ്ങുന്ന സഭയിലെ ആദ്യകാലകൃതികളിലൂടെ കടന്നുപോകുമ്പോള്‍ മാര്‍ തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വത്തെ പരാമര്‍ശിക്കുന്ന വളരെയേറെ കാര്യങ്ങള്‍ കണ്ടെത്താനാവും. ഗ്രീക്ക്, ലത്തീന്‍, സുറിയാനി സഭാപിതാക്കന്മാരുടെ കൃതികളാണ് നാമിവിടെ പഠനവിഷയമാക്കുക. ഏതു വിഷയത്തെക്കുറിച്ചു പറയാനും എഴുതാനും പ്രാപ്തരായിരുന്നു അവര്‍ എന്നു കാണാന്‍ സാധിക്കും. ഇന്ത്യയുടെ ഭൂമിശാസ്ത്രം, കാലാവസ്ഥ, ജനങ്ങള്‍, മൃഗങ്ങള്‍, സസ്യലതാദികള്‍, പട്ടണങ്ങള്‍, തോമാശ്ലീഹായുടെ ഭാരതപ്രേഷിതത്വം, രക്തസാക്ഷിത്വം എല്ലാം അവരുടെ കൃതികളില്‍ ദൃശ്യമാണ്. അവര്‍ക്ക് ഇന്ത്യയെക്കുറിച്ചുണ്ടായിരുന്ന അറിവ് നമ്മെ അദ്ഭുതപ്പെടുത്തുന്നതാണ്. ഈ കാലഘട്ടത്തിലെ ഗ്രീക്ക്, ലത്തീന്‍, സുറിയാനി ഭാഷകളില്‍ രചിക്കപ്പെട്ട വിവിധ കൃതികള്‍ പരിശോധിച്ചാല്‍ തോമായുടെ ഇന്ത്യയിലെ സുവിശേഷപ്രഘോഷണത്തിന്റെ ഒരുവിധം വ്യക്തമായ ചിത്രം നമുക്കു ലഭിക്കും.
3.1. ''ഉത്പത്തിക്ക് ഒരു വ്യാഖ്യാനം'' 
(Commentary on Genesis)
ഈ രംഗത്തെ ആദ്യകൃതി ഒരിജന്റേതാണ് (ക്രി.വ. 186 - 255). അദ്ദേഹത്തിന്റെ Commentary on Genesis എന്ന ഗ്രന്ഥത്തില്‍ വടക്കേ ഇന്ത്യ ഉള്‍പ്പെടുന്ന പാര്‍ഥിയാരാജ്യത്തെ തോമായുടെ മിഷന്‍പ്രവര്‍ത്തനങ്ങളെപ്പറ്റി പറയുന്നുണ്ട്. അപ്പസ്‌തോലന്മാര്‍ പ്രവര്‍ത്തിക്കുകയും രക്തസാക്ഷികളാകുകയും ചെയ്ത രാജ്യങ്ങളുടെ പേരു പറയുന്നിടത്ത് തോമായെയും ഇന്ത്യയെയും ബന്ധിപ്പിച്ച് ഒരിജന്‍ എഴുതുന്നുണ്ട്. ചെസ്‌റിയായിലെ എവുസേബിയൂസിന്റെ "Ecclesiastical History'  എന്ന ഗ്രന്ഥത്തില്‍ ഇക്കാര്യം നമുക്കു കൃത്യമായി കാണാന്‍ കഴിയും.
3.2. 'ശ്ലീഹന്മാരുടെ പ്രബോധനം' 
(Doctrine of Apostles)
ശ്ലീഹന്മാരുടെ പ്രബോധനം ക്രി.വ. മൂന്നാം നൂറ്റാണ്ടില്‍ എഴുതപ്പെട്ടതാണ്. ആദ്യകാലസഭയെക്കുറിച്ച് വളരെയേറെ വിലപ്പെട്ട അറിവു നല്‍കുന്ന ഒരു ഗ്രന്ഥമാണിത്. സിറിയായില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം സഭയിലെ ശിക്ഷണപരവും ഭരണസംബന്ധവുമായ കാര്യങ്ങള്‍ക്കാണ് മുന്‍ഗണന നല്‍കുന്നത്. ഈ ഗ്രന്ഥത്തില്‍ തോമാശ്ലീഹായുടെ പ്രേഷിതത്വത്തെക്കുറിച്ച് ഇപ്രകാരം എഴുതിയിരിക്കുന്നു: ഇന്ത്യയിലും അതിലെ രാജ്യങ്ങളിലും അതില്‍ വസിക്കുന്നവരും അങ്ങകലെ കടല്‍ക്കരെയുള്ളവര്‍പോലും താന്‍ സ്ഥാപിച്ച സഭയിലെ നായകനും ഭരണാധികാരിയുമായ യൂദാസ് തോമായില്‍നിന്നു കൈവയ്പുവഴി പൗരോഹിത്യം സ്വീകരിച്ചു.
3.3. 'എഗേറിയായുടെ യാത്രാവിവരണം' (Egeria's Travel Diary) 
Peregrenatio ad-Loca Sancta  എന്ന പേരില്‍ എഴുതപ്പെട്ട ഈ ഗ്രന്ഥം മൈലാപ്പൂരില്‍നിന്ന് എദേസ്സായ്ക്കു കൊണ്ടുപോയ തോമായുടെ ഭൗതികാവശിഷ്ടം അവിടെ പൂജ്യമായി സൂക്ഷിക്കുന്നുണ്ട് എന്നു വ്യക്തമായി രേഖപ്പെടുത്തുന്നു. ക്രി.വ. 385 നും 388 നും ഇടയ്ക്കാണ് എഗേറിയ എദേസ്സാ സന്ദര്‍ശിക്കുന്നത്. സ്‌പെയിനില്‍നിന്നുള്ള എഗേറിയ അവര്‍ അംഗമായിരുന്ന മഠത്തിലെ മറ്റു സന്ന്യാസിനികള്‍ക്ക് അറിവു പകരാനാണ് വിശുദ്ധനാട്, എദേസ്സാ തുടങ്ങിയുള്ള വിശുദ്ധസ്ഥലങ്ങള്‍ സന്ദര്‍ശിച്ച് പഠിക്കാനും ആത്മീയ ഉണര്‍വിനുമായി പോകുന്നത്. അവരുടെ സഹോദരന്‍ കോണ്‍സ്റ്റാന്റിനോപ്പിളിലെ രാജാവിന്റെ ഒരു ഉദ്യോഗസ്ഥനായിരുന്നു. അതിനാല്‍, ആ സ്വാധീനം ഇത്തരം യാത്രയ്ക്ക് എഗേറിയായെ സഹായിച്ചു. എദേസ്സായില്‍ തോമാശ്ലീഹായുടെ ഭൗതികാവശിഷ്ടം സൂക്ഷിച്ചിരിക്കുന്ന സ്ഥലത്തിനു മുകളില്‍ പൂജ്യമായി സ്ഥാപിച്ചിരിക്കുന്ന 'തോമായുടെ നടപടികള്‍' എന്ന ഗ്രന്ഥത്തെക്കുറിച്ചുകൂടി എഗേറിയ അവരുടെ യാത്രാവിവരണത്തില്‍ സൂചിപ്പിക്കുന്നുണ്ട്.
3.4. വി. അപ്രേമിന്റെ കൃതികള്‍
നിസിബിസ് ദൈവശാസ്ത്രപീഠത്തിന്റെ തലവനും സുറിയാനിസഭയിലെ ദൈവശാസ്ത്രജ്ഞനുമായ വി. അപ്രേം കേരളസഭയെയും തോമാശ്ലീഹായുടെ പ്രവര്‍ത്തനങ്ങളെയുംകുറിച്ച് ധാരാളം കാര്യങ്ങള്‍ അദ്ദേഹത്തിന്റെ കൃതികളില്‍ എഴുതുന്നുണ്ട്. ഗാനരൂപത്തിലാണ് അദ്ദേഹം വലിയ ദൈവശാസ്ത്രചിന്തകളും ചരിത്രസംഭവങ്ങളും വിവരിക്കുന്നത്. വി. അപ്രേമിന്റെ കൃതികളില്‍ വളരെ വ്യക്തമായി കാണുന്ന ഒരു കാര്യം ഇന്ത്യയാണ് തോമാശ്ലീഹായുടെ പ്രേഷിതരംഗം എന്നതാണ്. മാത്രവുമല്ല, ശ്ലീഹാ രക്തസാക്ഷിത്വം വരിച്ചതും സംസ്‌കരിക്കപ്പെട്ടതും തെക്കേ ഇന്ത്യയിലെ മൈലാപ്പൂരിലാണ് എന്ന് അപ്രേം വ്യക്തമാക്കുന്നു. അദ്ദേഹം വളരെ പ്രാധാന്യം കൊടുത്തുപറയുന്ന ഒരു കാര്യം ശ്ലീഹായുടെ തിരുശ്ശേഷിപ്പ് മൈലാപ്പൂരില്‍നിന്ന് എദേസ്സായിലേക്കു കൊണ്ടുപോയി എന്നതാണ്. എദേസ്സാസഭ ഇതിന് ഭാരതസഭയോടു കടപ്പെട്ടിരിക്കുന്നുവെന്നും വി. അപ്രേം രേഖപ്പെടുത്തുന്നു.
തന്റെ വിവിധ ഗ്രന്ഥങ്ങളില്‍ വി. അപ്രേം ഇക്കാര്യങ്ങള്‍ വിവരിക്കുന്നുണ്ട്. അവയില്‍ ഏറ്റവും പ്രധാനപ്പെട്ടത് "Carmina Nisibena 42'' എന്ന കവിതകളുടെ സമാഹാരമാണ്. ശ്ലീഹായുടെ തിരുശ്ശേഷിപ്പ് എദേസ്സായിലേക്കു കൊണ്ടുപോകുന്നതാണ് ഇതിലെ ഇതിവൃത്തം. ചരിത്രം വിവരിക്കുന്ന ഈ ഗീതങ്ങള്‍ എദേസ്സാസഭയുടെ പ്രാര്‍ഥനകള്‍തന്നെയാണ് എന്ന് അദ്ദേഹം സാക്ഷ്യപ്പെടുത്തുന്നു. ശ്ലീഹാ മൈലാപ്പൂരില്‍ കൊല്ലപ്പെടുന്നതില്‍ സന്തോഷിക്കുന്ന പിശാച് എന്നാല്‍ ഇന്ത്യയിലും എദേസ്സായിലും നടക്കുന്ന അദ്ഭുതങ്ങള്‍ കണ്ടു ദുഃഖിക്കുകയും ചെയ്യുന്നതായിട്ടാണ് ഈ കവിതകളില്‍ കാണുന്നത്. തുടര്‍ന്നു വരുന്നത് ശ്ലീഹായുടെ തിരുശ്ശേഷിപ്പ് എദേസ്സായിലേക്കു കൊണ്ടുപോകുന്നതാണ്. നേരത്തേ ഇന്ത്യയില്‍ മാത്രമാണ് തോമായുടെ സാന്നിധ്യം ഉണ്ടായിരുന്നത് എങ്കില്‍ ഇപ്പോള്‍ തിരുശ്ശേഷിപ്പ് കാരണം എദേസ്സായിലും തോമായുടെ സാന്നിധ്യമുണ്ട് എന്ന് വി. അപ്രേം സമര്‍ത്ഥിക്കുന്നു. തിരുശ്ശേഷിപ്പ് എങ്ങനെ എദേസ്സായിലേക്കു കൊണ്ടുപോയി എന്നും അതില്‍ എഴുതുന്നുണ്ട്. മറ്റൊരുസ്ഥലത്ത് പഴയനിയമത്തിലെ യൗസേപ്പിന്റെ അസ്ഥിയോട് തോമായുടേതു താരതമ്യപ്പെടുത്തുന്നതു കാണാം.
‘Carmina Nisibena 42'  ലെ നാലു പ്രധാന പ്രമേയങ്ങള്‍ താഴെ പറയുന്നവയാണ്:
1. തോമസ് ഇന്ത്യയില്‍ രക്തസാക്ഷിത്വം വരിച്ചു. 
2. തോമസിന്റെ ശരീരം ഇന്ത്യയില്‍ സംസ്‌കരിച്ചു.
3. തോമസിന്റെ അസ്ഥികള്‍ പിന്നീട് എദേസ്സായിലേക്കു കൊണ്ടുപോയി.
4. തോമസിന്റെ ശക്തിയും സ്വാധീനവും ഇന്ത്യയിലും എദേസ്സായിലും ആളുകള്‍ക്ക് അനുഭവവേദ്യമാണ്.
തോമാശ്ലീഹായെയും അദ്ദേഹത്തിന്റെ ഭാരതത്തിലെ പ്രവര്‍ത്തനങ്ങളെയുംപ്പറ്റി പറയുന്ന വി. അപ്രേമിന്റെ മറ്റു കൃതികളാണ്‘Madrasa I’, ‘Madrasa II’, ‘Madrasa III’  എന്നിവ. ഇവയും അദ്ദേഹത്തിന്റെ കവിതകളുടെ സമാഹാരങ്ങളാണ്. കൂടാതെ '‘Hymni Dispersi V’, ‘Hymni Dispersi VI’, ‘Hymni Dispersi VII 'സമാഹാരങ്ങളിലും Memre for New Sunday’ എന്ന കൃതിയിലും തോമായെ സ്മരിക്കുന്നതു കാണാനാകും. മൂന്ന്, നാല് നൂറ്റാണ്ടുകളിലെ ഭാരതത്തിലെയും എദേസ്സായിലേയും സഭകളെപ്പറ്റി അറിയാന്‍ ഈ കൃതികള്‍ സഹായകമാണ്. ഭാരതത്തിന്റെ മുത്താണ് വി. തോമാശ്ലീഹായെന്നും ശ്ലീഹായുടെ തിരുശേഷിപ്പ് എദേസ്സായ്ക്കു ലഭിച്ചതുവഴി അത് അനുഗ്രഹിക്കപ്പെട്ട രാജ്യമായിത്തീര്‍ന്നു എന്നും വി. അപ്രേം രേഖപ്പെടുത്തുന്നു. തോമായുടെ ഭാരതത്തിലെ പ്രേഷിത പ്രവര്‍ത്തനവും രക്തസാക്ഷിത്വവും തന്റെ കൃതികളില്‍ വര്‍ണ്ണിക്കുന്നത് തന്റെ മാത്രം അഭിപ്രായമായിട്ടല്ല, താനുള്‍പ്പെടുന്ന എദേസ്സാ സഭയുടെ മുഴുവന്‍ ഒരു വികാരപ്രകടനമായിട്ടാണ് എന്ന് അദ്ദേഹം സൂചിപ്പിക്കുന്നു. തോമാശ്ലീഹായുടെ രക്തസാക്ഷിത്വം വിവരിക്കുന്ന വി. അപ്രേമിന്റെ പല കവിതാശകലങ്ങളും എദേസ്സാസഭയുടെ ലിറ്റര്‍ജിയില്‍ പ്രാര്‍ഥനകളായി ഉപയോഗിക്കുന്നു എന്നത് ഈ ചരിത്രസത്യത്തിന്റെ ആഴവും വ്യാപ്തിയും വര്‍ദ്ധിപ്പിക്കുന്നു.


(തുടരും)

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)