എന്താണു രാഷ്ട്രം എന്ന പ്രബന്ധത്തില്‍ ഫ്രഞ്ച് ചരിത്രകാരനായ ഏണസ്റ്റ് റെനന്‍ രാഷ്ട്രത്തെ കാണുന്നത് ഒരു ആത്മാവും ആദ്ധ്യാത്മികതത്ത്വവുമായാണ്. ഓര്‍മ്മകളുടേതായ ഒരു ശോഭനഭൂതകാലവും ~ഒരുമിച്ചു നില്ക്കുന്നതിനുള്ള സമകാലികമായ ആഗ്രഹവുമാണ് ദേശീയതയുടെ പ്രധാനപ്പെട്ട രണ്ടു ഘടകങ്ങളായി അദ്ദേഹം ചൂണ്ടിക്കാട്ടുന്നത്. സ്വാതന്ത്ര്യത്തിനുവേണ്ടി തന്റെ രാജ്യം നടത്തിയിട്ടുള്ള ഐതിഹാസികമായ പോരാട്ടങ്ങളും അവയ്ക്കു നേതൃത്വം നല്‍കിയ ആദര്‍ശധീരരായ നായകരും രക്തസാക്ഷികളുമുള്‍പ്പെടെ അനേകായിരങ്ങള്‍ സഹിച്ച ത്യാഗങ്ങളും ഒരു പൗരന്റെ സാമൂഹികമൂലധനമായാണ് കണക്കാക്കുന്നത്.
''സര്‍വ്വേ ഭവന്തു സുഖിനഃ
സര്‍വ്വേ സന്തു നിരാമയഃ എന്നു പ്രാര്‍ത്ഥിച്ച, വസുധൈവകുടുംബകം എന്ന മഹത്തായ സങ്കല്പം ലോകത്തിനു സമ്മാനിച്ച ഇന്ത്യയുടെ രാഷ്ട്രസങ്കല്പം സഹിഷ്ണുതയിലാണ് വേരൂന്നിയിരുന്നത്. ഈ രാഷ്ട്രസത്തയുടെ ഊര്‍ജ്ജം പൂര്‍ണ്ണമായി ഉള്‍ക്കൊണ്ടു പ്രവര്‍ത്തിച്ച നേതാവായിരുന്നു ഗാന്ധിജി. ബ്രിട്ടീഷ് വിരുദ്ധമുന്നേറ്റങ്ങള്‍ക്കു ശക്തമായ നേതൃത്വം നല്കുമ്പോഴും പ്രകോപനങ്ങളുടെയും പ്രലോഭനങ്ങളുടെയും സന്ദര്‍ഭങ്ങളില്‍ തന്നോടുതന്നെ പോരാടി ജയിക്കാനുള്ള ധാര്‍മ്മികബലം ഗാന്ധിജിക്കുണ്ടായിരുന്നു. അതുകൊണ്ടാണല്ലോ ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തിന് ഇത്രമാത്രം ആദര്‍ശശോഭ കൈവന്നതും ഗാന്ധി മഹാത്മാവായി മനുഷ്യമനസ്സുകളില്‍ ഇന്നും ജീവിക്കുന്നതും.
ഗാന്ധിജിയെ മഹാത്മാവാക്കിയത് അണികളോ മാധ്യമങ്ങളോ ആയിരുന്നില്ല, തന്നോടു തന്നെ നടത്തിയ ധര്‍മ്മയുദ്ധങ്ങളും ആത്മപരീക്ഷണങ്ങളുമായിരുന്നു. അതു കണ്ടു കൊതിച്ചിട്ടാണ് സമ്പത്തും ഉദ്യോഗവും പഠിപ്പുമെല്ലാം ഉപേക്ഷിച്ച് ഇന്ത്യയ്ക്കുവേണ്ടി ജീവിക്കാനും മരിക്കാനും തയ്യാറായി അനേകമാളുകള്‍ ഇറങ്ങിപ്പുറപ്പെട്ടത്. ആ ചരിത്രവും കഥകളും ആദര്‍ശങ്ങളുമായിരിക്കണം ഈ മണ്ണില്‍ ഇന്നു പിറന്നുവീഴുന്ന ഓരോ കുഞ്ഞിന്റെയും സാമൂഹികമൂലധനം എന്നാഗ്രഹിക്കാവുന്ന ദേശീയതയുടെ പരിസരമാണോ ഇന്നു നിലനില്ക്കുന്നത് എന്ന് ആത്മശോധന നടത്തേണ്ട കാലമാണ്.
പഠിച്ചും പഠിപ്പിച്ചും വന്നിരുന്ന ചരിത്രങ്ങളില്‍ പലതും പെട്ടെന്നൊരു ദിവസം പുസ്തകത്താളുകളില്‍നിന്ന് അപ്രത്യക്ഷമാകുന്നു. പകരം പുതിയ ചരിത്രപാഠങ്ങള്‍ വച്ചു നീട്ടപ്പെടുന്നു. ഗാന്ധിവധം പുനരാവിഷ്‌കരിക്കപ്പെടുന്നു. ഗാന്ധിവധത്തിന്റെ ന്യായാന്യായങ്ങളെക്കുറിച്ച് വാദിക്കാന്‍ മടിയില്ലാത്ത ഭാരതീയര്‍ പ്രത്യക്ഷപ്പെടുന്നു. ഭാഷയുടെ പേരിലും ഭക്ഷണത്തിന്റെ പേരിലും വിശ്വാസത്തിന്റെ പേരിലുമുണ്ടാകുന്ന, അല്ലെങ്കില്‍ ഉണ്ടാക്കുന്ന കോലാഹലങ്ങളില്‍ 'ഞങ്ങളുടെ ശരി'കളാണ് അന്തിമവിധിയെന്ന് കൊന്നും നാടുകടത്തിയും ഒറ്റപ്പെടുത്തിയും പരിഹസിച്ചും മാപ്പുപറയിച്ചും പ്രഖ്യാപിക്കുന്ന 'പുതിയ ദേശസ്‌നേഹം' പ്രബലമാകുന്നു. മതാത്മകമെന്നോ സങ്കുചിതമെന്നോ വിശേഷിപ്പിക്കാവുന്ന ഒരു ദേശീയതയുടെ സവിശേഷനിര്‍മ്മിതിയിലേക്കു തങ്ങള്‍ നയിക്കപ്പെടുകയാണോ എന്ന് ആശങ്കയോടെ ചിന്തിക്കുന്ന ഇന്ത്യക്കാരുടെ എണ്ണം കൂടുന്നു.
''എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഗീത ജീവിതചര്യയില്‍ തെറ്റാത്തൊരു വഴികാട്ടിയായി മാറി. അത് എനിക്കു നിത്യവും നോക്കേണ്ട നിഘണ്ടുപോലെ ആയിത്തീര്‍ന്നു. എനിക്കു മനസ്സിലാകാത്ത ഇംഗ്ലീഷ് പദങ്ങളുടെ അര്‍ത്ഥമറിയാന്‍ ഇംഗ്ലീഷ് നിഘണ്ടു നോക്കുന്നതുപോലെ അസ്വസ്ഥതകളും പ്രതിസന്ധികളും ഉണ്ടാകുമ്പോള്‍ പരിഹാരത്തിനായി ഈ ധാര്‍മ്മികനിഘണ്ടു ഞാന്‍ നോക്കും.'' ഇതിഹാസപുരാണങ്ങളിലേക്കും മതഗ്രന്ഥങ്ങളിലേക്കും ആഴത്തില്‍ നോട്ടമയച്ച് സ്വയം ക്രമപ്പെടുത്തുകയും ശുദ്ധി ചെയ്‌തെടുക്കുകയും ചെയ്ത ഒരു നേതാവിന്റെ ചിത്രമാണ് 'എന്റെ സത്യാന്വേഷണപരീക്ഷണകഥ'യിലെ ഈ വാക്യങ്ങളില്‍ നാം കാണുന്നത്.
ഇതിഹാസപുരാണങ്ങളുടെ ആന്തരികചൈതന്യത്തെ തൊടാതെ അവയുടെ ബാഹ്യചിഹ്നങ്ങളെ വൈകാരികമായി കുറിക്കുകൊള്ളുന്നവിധം ഉപയോഗിച്ച് ദേശീയതയെ പുനര്‍നിര്‍വ്വചിക്കാനുള്ള ശ്രമങ്ങള്‍ ഏതു ഭാഗത്തുനിന്നുണ്ടായാലും ആശങ്കാജനകമാണ്.
എന്റെ പ്രിയപ്പെട്ട സഹോദരീ സഹോദരന്മാരേ എന്ന് രാഷ്ട്രത്തെ നോക്കി ഒരു ഭരണാധികാരി അഭിസംബോധന ചെയ്യുമ്പോള്‍ ആ വിളി എനിക്കുവേണ്ടിക്കൂടിയുള്ളതാണ് എന്ന് വിവിധ മതങ്ങളിലും വിശ്വാസങ്ങളിലും ഭാഷകളിലും വംശങ്ങളിലും ഉള്‍പ്പെട്ട ഓരോ പൗരനും സംശയലേശമില്ലാതെ ഉറപ്പിക്കാന്‍ കഴിയുന്നിടത്താണ് നമ്മുടെ ദേശീയത ശുദ്ധവും സുതാര്യവുമാകുന്നത്.
അമ്മ എന്ന ഓര്‍മ്മക്കുറിപ്പില്‍ വൈക്കം മുഹമ്മദ് ബഷീര്‍ ഹൃദ്യമായ ഒരനുഭവം പങ്കുവയ്ക്കുന്നു. ''വൈക്കം ബോട്ടുജട്ടിയിലും കായലോരത്തും നല്ല തിരക്ക്. തിങ്ങിനിറഞ്ഞ ജനക്കൂട്ടത്തിനിടയിലൂടെ കാര്‍ സത്യഗ്രഹപന്തലിലേക്കു പോയി. കാറിന്റെ സൈഡില്‍ തൂങ്ങിനിന്ന ഒരാള്‍ ഞാനായിരുന്നു. ഗാന്ധിജിയെ തൊട്ടില്ലെങ്കില്‍ മരിച്ചുപോയേക്കുമെന്നു തോന്നി. എല്ലാം മറന്ന് ഗാന്ധിജിയുടെ വലതുതോളില്‍ തൊട്ടു.'' ഗാന്ധിജിയെ തൊട്ട കാര്യം വീട്ടില്‍ചെന്നു പറയുമ്പോള്‍ ഉമ്മയില്‍ നിന്നുണ്ടാകുന്ന 'ഹൊ! എന്റെ മകനേ' എന്ന പ്രതികരണത്തിലൂടെ ഇന്ത്യയിലെ എല്ലാ അമ്മമാരുടെയും സ്വരമാണ് ബഷീര്‍ കേള്‍പ്പിച്ചത്.
ഭാരതത്തിന്റെ സ്വാതന്ത്ര്യം ആത്യന്തികലക്ഷ്യമായിരുന്ന കാലത്തുണ്ടായ ദേശീയതയുടെ ചിഹ്നങ്ങളാണ് ഈയടുത്തകാലം വരെ നമുക്ക് പരിചിതമായിരുന്നത്. അധികാരം ആത്യന്തികലക്ഷ്യമാകുന്ന വര്‍ത്തമാനകാലത്ത് പുതിയ സ്ഥലങ്ങളും പുതിയ വ്യക്തികളും പുത്തന്‍ മുദ്രാവാക്യങ്ങളും ദേശീയതയുടെ ചിഹ്നങ്ങളായി നിര്‍മ്മിക്കപ്പെടുമ്പോള്‍ ഉള്ളിലുയരുന്ന ചോദ്യങ്ങളെ എത്രകാലമാണ് നമുക്ക് കേട്ടില്ലെന്നു വയ്ക്കാനാവുക!
ഹിന്ദു, മുസ്ലീം, സിഖ് തുടങ്ങിയ ഇന്ത്യയിലെ വ്യത്യസ്ത വിഭാഗങ്ങളുടെ ആശയസംഹിതകളുടെ സമന്വയത്തിലൂടെ മാത്രമേ ദേശീയത രൂപപ്പെടുകയുള്ളൂ എന്നു ഞാന്‍ വിശ്വസിക്കുന്നു എന്നു പ്രഖ്യാപിച്ച നെഹൃവിനും 'ഇന്ത്യയെ കണെ്ടത്തല്‍' പോലെയുള്ള കൃതികള്‍ക്കും വര്‍ത്തമാനകലാദേശീയതയില്‍ ഇടം എവിടെയാണ്?
ദേശീയതയെ സംബന്ധിച്ച് ഏണസ്റ്റ് റെനന്‍ സൂചിപ്പിച്ച രണ്ടാമത്തെ ഘടകം ഒരുമിച്ചു നില്ക്കുന്നതിനുള്ള സമകാലികമായ ആഗ്രഹമാണ്. ആ ഊര്‍ജ്ജവും ആഗ്രഹവും പ്രസരിക്കേണ്ടത് രാഷ്ട്രത്തിന്റെ നേതൃനിരയില്‍നിന്നാണ്. ഏതെങ്കിലും ഒരു വിഭാഗത്തിന്റേതുമാത്രമായി അതു പരിമിതമാക്കപ്പെടരുത്. കാരണം, രാജ്യത്തിലെ മുഴുവന്‍ ജനങ്ങളുടെയും സന്തോഷമായിരിക്കണം ഭരണകര്‍ത്താവിന്റെ സന്തോഷം.
''പ്രജാസുഖേസുഖം രാജ്ഞഃ
പ്രജാനാം ച ഹിതേ ഹിതം
ന ആത്മപ്രിയം ഹിതം രാജ്ഞ
പ്രജനാം തു പ്രിയം ഹിതം''
പാര്‍ലമെന്റ് മന്ദിരത്തില്‍ കൗടില്യന്റെ അര്‍ത്ഥശാസ്ത്രത്തിലെ ഈ വരികള്‍ എഴുതി വച്ചിരിക്കുന്നത് പൊതുജനങ്ങള്‍ക്കു മാത്രമായല്ലല്ലോ.
സഹിഷ്ണുതയിലൂന്നിയ ദേശീയതയായിരുന്നു ഭാരതത്തിന്റെ പൈതൃകം. മുഖങ്ങള്‍ മാറ്റിയും ചിഹ്നങ്ങള്‍ മാറ്റിയും മുദ്രാവാക്യങ്ങള്‍ മാറ്റിയും പുതിയ പലതും നടപ്പിലാക്കാന്‍ ശ്രമിക്കുമ്പോള്‍ മാഞ്ഞുപോകുന്നത് ഇതേ പൈതൃകമാണെന്നു വിസ്മരിക്കരുത