ആറു പതിറ്റാണ്ടുമാത്രം ജീവിച്ച് ആത്മീയനായും സഭൈക്യശ്രമങ്ങളുടെ സൂത്രധാരനായും സാഹസികനായ സഞ്ചാരിയായും ഭാഷാപണ്ഡിതനായും മലയാളത്തിലെ സഞ്ചാരസാഹിത്യശാഖയുടെ പിതാവായും സുറിയാനിക്കത്തോലിക്കരുടെ അവകാശസംരക്ഷകനായും അവരുടെ കാനോനികാധികാരിയായും ചരിത്രത്തില്‍ ഇടംനേടിയ മഹാപ്രതിഭയായിരുന്നു പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ എന്നറിയപ്പെട്ട പാറേമ്മാക്കലച്ചന്‍. പാറേമ്മാക്കല്‍ തോമ്മാക്കത്തനാര്‍ എന്നായിരുന്നു ജനങ്ങള്‍ അദ്ദേഹത്തെ വിളിച്ചത്. സമര്‍ത്ഥനും ധീരനും സാഹസികനുമായിരുന്നു അച്ചന്‍.
1736 സെപ്റ്റംബര്‍ 10 നായിരുന്നു അച്ചന്റെ ജനനം. കടനാട് ഇടവക പാറേമ്മാക്കല്‍ കുരുവിള-അന്ന ദമ്പതികളുടെ നാലാമത്തെ സന്താനമായിരുന്നു അച്ചന്‍. പ്രാഥമികപഠനങ്ങളൊക്കെ ആശാന്‍കളരിയില്‍. പന്ത്രണ്ടാം വയസ്സില്‍ മീനച്ചില്‍ ശങ്കരന്‍ കര്‍ത്താവിന്റെ ശിഷ്യനായി പഠിച്ചു സംസ്‌കൃതത്തില്‍ വ്യുത്പത്തി നേടി. കാനാട്ട് ഐപ്പു മല്പാനായിരുന്നു അച്ചനെ സുറിയാനി പഠിപ്പിച്ചത്. ആലങ്ങാട്ട് സെമിനാരിയില്‍ വൈദികപരിശീലനം. 1761 ല്‍ അന്നത്തെ കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തായില്‍നിന്ന് വൈദികപട്ടം സ്വീകരിച്ച അദ്ദേഹം ഏതാനും ഇടവകകളില്‍ വികാരിയായി. 1768 ലാണ് കടനാടുപള്ളിയുടെ വികാരിയായത്.
സുറിയാനി സഭാവിശ്വാസികള്‍ പാശ്ചാത്യമിഷനറിമാരുടെ ആത്മീയാധികാരത്തിലും മേല്‍ക്കോയ്മയിലും വല്ലാതെ മനസ്സു മുറിപ്പെട്ടു ജീവിച്ച ഒരു കാലത്താണ് തോമ്മാക്കത്തനാര്‍ അതിനെതിരേ ശക്തമായ എതിര്‍പ്പുയര്‍ത്തിയത്. 'മട്ടാഞ്ചേരി വിപ്ലവവും' 'കൂനന്‍കുരിശുസത്യ'വുമൊക്കെ സുറിയാനിക്കാരുടെ അതിജീവനസമരത്തിന്റെ ഭാഗമായിരുന്നു. കല്‍ദായസുറിയാനിസഭയുമായി കൈകോര്‍ത്തവരെ 'പുത്തന്‍ കൂറ്റു'കാര്‍ എന്നും റോമാസഭയ്ക്കു കീഴില്‍ നിന്നവരെ 'പഴയ കൂറ്റു'കാര്‍ എന്നും ജനങ്ങള്‍ രണ്ടായി കണ്ടു. അങ്ങനെതന്നെ വ്യത്യസ്തമായി വിളിക്കുകയും ചെയ്തു. പുത്തന്‍കൂറ്റുവിഭാഗത്തിന്റെ മെത്രാപ്പോലീത്തയായിത്തീര്‍ന്ന ആറാം മാര്‍ത്തോമ്മാ റോമുമായുള്ള ബന്ധം പുനഃസ്ഥാപിക്കുന്നതിനാഗ്രഹിച്ച് ചില പരിശ്രമങ്ങള്‍ ആവഴി നടത്തിയെങ്കിലും കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തയോ പാശ്ചാത്യകര്‍മ്മലീത്താമിഷനറിമാരോ അതില്‍ വലിയ താത്പര്യം കാണിച്ചില്ല. അപ്പോള്‍ ആറാം മാര്‍ത്തോമ്മായ്ക്കു പിന്തുണ നല്‍കാന്‍ ധൈര്യം കാണിച്ചു മുന്നോട്ടുവന്നത് സുറിയാനിമല്പാനായിരുന്ന കരിയാറ്റി യൗസേപ്പു കത്തനാരാണ്. എങ്ങനെയും, ഇനി റോമില്‍പോയി മാര്‍പാപ്പായെ കണ്ടിട്ടായാലും ഇക്കാര്യത്തില്‍ താന്‍ കൂടെയുണ്ടാകുമെന്ന് കരിയാറ്റി മെത്രാന്‍ ആറാം മാര്‍ത്തോമ്മായ്ക്കു വാക്കു കൊടുത്തു. ഇക്കാര്യത്തില്‍ മല്പാനെ സഹായിക്കുവാന്‍ സാഹസികമായി മുന്നോട്ടുവന്നത് കടനാടു പള്ളി വികാരിയായിരുന്ന പാറേമ്മാക്കല്‍ തോമ്മാക്കത്തനാരായിരുന്നു. കര്‍മ്മലീത്താസന്ന്യാസിമാരുടെ സുറിയാനി അധിനിവേശത്തെ ചെറുക്കണമെന്ന കടുത്ത വാശിക്കാരനായിരുന്നു പാറേമ്മാക്കലച്ചന്‍. മലബാര്‍ (കേരളമെന്നര്‍ത്ഥം) സുറിയാനി കത്തോലിക്കാവിശ്വാസികള്‍ക്ക് അവരുടെ പാരമ്പര്യങ്ങളും വിശ്വാസപൈതൃകങ്ങളും നഷ്ടപ്പെടാതെ റോമാമാര്‍പാപ്പായ്ക്കു കീഴില്‍ത്തന്നെ തുടരാനാവശ്യമായ ഇടപെടലുകള്‍ക്കായി കരിയാറ്റി മല്പാനും പാറേമ്മാക്കലച്ചനും റോമിലേക്കു തുടര്‍ച്ചയായ നിവേദനങ്ങളും കത്തുകളും അയച്ചുകൊണ്ടിരുന്നു. ഇക്കാര്യത്തില്‍ കേരളത്തിലെ സുറിയാനിക്കത്തോലിക്കരുടെ തീവ്രവികാരങ്ങളെക്കുറിച്ച് റോമിലെ പ്രൊപ്പഗാന്താ തിരുസംഘത്തിനു നല്ല ബോധ്യവുമുണ്ടായിരുന്നു. എന്നാല്‍, റോമിലെ തിരുസംഘത്തില്‍ സ്‌പെയിന്‍കാരായ കര്‍മ്മലീത്താമിഷണറിമാര്‍ക്കുണ്ടായിരുന്ന വലിയ സ്വാധീനവും അവര്‍ക്കവിടെയുണ്ടായിരുന്ന ശക്തമായ പിന്തുണയുംമൂലം സുറിയാനിക്കാരുടെ കത്തുകള്‍ക്കോ നിവേദനങ്ങള്‍ക്കോ അര്‍ഹിക്കുന്ന പരിഗണന കിട്ടിയില്ല. അങ്ങനെയാണ് നേരിട്ടൊരു റോമായാത്രകൊണ്ടല്ലാതെ കാര്യങ്ങള്‍ക്കു കാര്യമായ നീക്കമൊന്നുമുണ്ടാവുകയില്ലെന്ന ചിന്ത സുറിയാനിക്കാര്‍ക്കിടയില്‍ ശക്തമായത്. തദ്ഫലമായി കരിയാറ്റി മല്പാനും പാറേമ്മാക്കലച്ചനുംകൂടി റോമിനു പോകണമെന്ന ശക്തമായ നിര്‍ദ്ദേശമുണ്ടായി. മറ്റൊരു വൈദികനും കൂടെച്ചെല്ലാമെന്നു പറഞ്ഞു മുന്നോട്ടുവന്നു.
നിവേദകസംഘത്തിന് റോമായാത്രയ്ക്ക് ഒട്ടേറെ തടസ്സങ്ങളുണ്ടായി. ആവശ്യമായ യാത്രാരേഖകള്‍ മാത്രമല്ല, കപ്പല്‍ച്ചെലവും കണെ്ടത്തേണ്ടിയിരുന്നു. യാത്രാസൗകര്യങ്ങള്‍ തീരെ പരിമിതമായിരുന്ന കാലം. ഭാഷയുടെ പ്രയാസം. പോരാത്തതിനു സാമ്പത്തികപ്രയാസങ്ങളും. പക്ഷേ, ഇതൊന്നും കരിയാറ്റിലച്ചനെയോ പാറേമ്മാക്കല്‍ കത്തനാരെയോ അവരുടെ ദൃഢനിശ്ചയത്തില്‍നിന്നു പിന്തിരിപ്പിച്ചതുമില്ല. അവര്‍ നാട്ടിലെ പള്ളികള്‍തോറും സഞ്ചരിച്ചു വിശ്വാസികളെയും വൈദികരെയും കാര്യങ്ങള്‍ ബോധ്യപ്പെടുത്തി പണം ശേഖരിക്കുകയും റോമില്‍ നല്‍കേണ്ട രേഖകള്‍ തയ്യാറാക്കുകയും ചെയ്തു. ലത്തീന്‍പണ്ഡിതരായിരുന്ന ചില സുറിയാനി അച്ചന്മാരും രേഖകള്‍ തയ്യാറാക്കുന്നതില്‍ അവരെ സഹായിച്ചു. എന്നാല്‍, ഇത്തരമൊരു റോമാദൗത്യത്തിനു സുറിയാനിക്കാര്‍ക്കു സാധിക്കുമെന്ന ചിന്ത വരാപ്പുഴയിലെയോ കൊടുങ്ങല്ലൂരെയോ അന്നത്തെ ലത്തീന്‍ മിഷണറി അച്ചന്മാര്‍ക്കുണ്ടായിരുന്നില്ല.
യാത്രയ്ക്കുള്ള പണം തികയാതെ വന്നപ്പോള്‍ പാലാ വലിയ പള്ളി യോഗം, ആവശ്യമായിരുന്ന ബാക്കി പണത്തിനായി പള്ളിവക വെള്ളിക്കുരിശ് വിറ്റ് ആയിരം വെള്ളിരൂപ സംഭാവന ചെയ്തത്. എന്നാല്‍, കാളവണ്ടിയിലും വള്ളത്തിലും കാല്‍നടയായും കുതിരവണ്ടിയിലുമൊക്കെ യാത്ര ചെയ്തു ബോംബെയിലെത്തിയപ്പോഴാണ് മൂന്നുപേരുടെ യാത്രയ്ക്കുള്ള പണം മതിയാകില്ലെന്നു മനസ്സിലാകുന്നത്. അതോടെ മറ്റേ അച്ചന്‍ മടങ്ങിപ്പോരാന്‍ തയ്യാറായി. കരിയാറ്റി മല്പാനും പാറേമ്മാക്കലച്ചനും ബോംബെയില്‍നിന്നു കപ്പല്‍കയറുകയും ചെയ്തു. കടലിലെ കാറ്റും കടുത്ത തണുപ്പും ആദ്യകപ്പല്‍യാത്രയുടെ പരിചയക്കുറവുമൊക്കെ നേരിട്ടാണ് അവര്‍ റോമിനു പോയത്. കാറ്റില്‍പ്പെട്ടു വഴിതെറ്റി ആദ്യം തെക്കേ അമേരിക്കയിലാണത്രേ അവര്‍ എത്തിപ്പെട്ടത്. എന്നാല്‍, അവിടത്തെ കോളനികള്‍ സ്‌പെയിന്‍കാരുടെയും പോര്‍ച്ചുഗീസുകാരുടെയും സ്വാധീനത്തിലായിരുന്നതുകൊണ്ട് അവരുടെ സഹായത്തോടെ പോര്‍ച്ചുഗലിന്റെ തലസ്ഥാനമായ ലിസ്ബണില്‍ എത്തി. അവിടത്തെ താമസത്തിനിടെ ആരുടെയൊക്കെയോ ഇടപെടലിന്റെ ഫലമായി പോര്‍ച്ചുഗീസു രാജ്ഞിയായിരുന്ന ഡോണാ മരിയയെ സന്ദര്‍ശിച്ച് അവരുടെ യാത്രോദ്ദേശ്യം അറിയിച്ചു. തൊട്ടയല്‍രാജ്യമായിരുന്ന സ്‌പെയിനിലെ രാജാവുമായി പോര്‍ച്ചുഗീസ് രാജ്ഞിക്കുണ്ടായിരുന്ന 'ശീതസമരം' കരിയാറ്റിക്കും പാറേമ്മാക്കലിനും തുണയായി. കേരളസഭയിലെ സ്പാനീഷ്മിഷനറിമാരുടെ അധിനിവേശത്തിനും ആധിപത്യത്തിനുമെതിരേ ചെറുത്തുനില്ക്കുന്നവരാണവരെന്നു തിരിച്ചറിഞ്ഞതോടെ രാജ്ഞി അവര്‍ക്കാവശ്യമായ പിന്തുണയും സഹായവും വാഗ്ദാനം ചെയ്തു. സാമ്പത്തികമായും അവരെ സഹായിച്ചത്രെ. റോമിലെത്താനുള്ള സൗകര്യം മാത്രമല്ല, അവിടെ മാര്‍പാപ്പായുമായി കൂടിക്കാഴ്ചയ്ക്കുള്ള ഏര്‍പ്പാടും രാജ്ഞിതന്നെ സൗകര്യപ്പെടുത്തി. റോമിലെ പോര്‍ച്ചുഗീസ് മിഷനറി വൈദികര്‍വഴിയാകാം സ്പാനീഷ് കര്‍മ്മലീത്താവൈദികരുടെ മലബാര്‍മേധാവിത്വത്തിനെതിരായ കരുനീക്കങ്ങള്‍ക്കു രാജ്ഞി ശക്തി പകര്‍ന്നത്.
റോമില്‍ അവര്‍ ആറാം പീയൂസ് മാര്‍പാപ്പായെയും പ്രൊപ്പഗാന്താതിരുസംഘത്തിന്റെ തലവനായിരുന്ന കര്‍ദ്ദിനാള്‍ കസ്‌തേവ്‌സ്‌കിയെയും സന്ദര്‍ശിച്ചു. ആറാം മാര്‍ത്തോമ്മായുടെ വിശ്വാസപ്രഖ്യാപനരേഖയും മലങ്കരയിലെ 72 പള്ളികള്‍ ചേര്‍ന്നു തയ്യാറാക്കിയ നിവേദനവും സമര്‍പ്പിക്കുകയും ചെയ്തു. മടക്കവഴിയില്‍ ലിസ്ബണിലെത്തി മാസങ്ങളോളം താമസിച്ചു. അപ്പോഴേക്കും റോമില്‍നിന്നു കാത്തിരുന്ന കല്പനയും എത്തി. കരിയാറ്റില്‍ യൗസേപ്പു മല്പാനെ കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തയായി നിയമിച്ചുകൊണ്ടുള്ള ബൂളായും (കല്പന) ആറാം മാര്‍ത്തോമ്മായെ തിരിയെ കത്തോലിക്കാസഭയിലേക്കു സ്വീകരിക്കുവാനുള്ള അനുമതിയും മാര്‍പാപ്പാ മാര്‍ കരിയാറ്റിക്കു നല്‍കി. 1786 സെപ്റ്റംബര്‍ 9 നാണ് കരിയാറ്റിയുടെ ദുരൂഹമരണം സംഭവിക്കുന്നത്. മാര്‍ കരിയാറ്റിയെ ഗോവയില്‍ത്തന്നെ കബറടക്കുകയായിരുന്നു. ഗോവയില്‍ അകപ്പെട്ടുപോയ പാറേമ്മാക്കലച്ചനെ നാട്ടിലെത്തിക്കുവാനുള്ള ഏര്‍പ്പാടുകള്‍ക്കു മുന്‍കൈയെടുത്തത് തച്ചില്‍ മാത്തുത്തരകനാണ്. പാറേമ്മാക്കലച്ചന്‍ മലബാറില്‍ മടങ്ങിയെത്തി കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ ഗോവര്‍ണദോര്‍ സ്ഥാനമേറ്റെടുത്തു.
അങ്കമാലി ആസ്ഥാനമാക്കിക്കൊണ്ട് 13 വര്‍ഷത്തോളം പാറേമ്മാക്കലച്ചന്‍ കൊടുങ്ങല്ലൂര്‍ അതിരൂപതയുടെ ഭരണച്ചുമതല നിര്‍വ്വഹിക്കുകയുണ്ടായി. പഴയ കൂറ്റുകാരായ മുഴുവന്‍ സുറിയാനി വിശ്വാസികളും അവരുടെ പള്ളികളും ഗോവര്‍ണദോരുടെ അധികാരത്തെ അംഗീകരിക്കുകയും ചെയ്തു.
ഗോവര്‍ണദോരും ശക്തമായ ഭരണനടപടികള്‍ക്കു തുടക്കംകുറിക്കുവാന്‍ തയ്യാറായി. 1787 ഫെബ്രുവരിയില്‍ അങ്കമാലിയില്‍ വിളിച്ചുകൂട്ടിയ 84 പള്ളികളുടെ പ്രതിപുരുഷയോഗം ഒരു പടിയോല എഴുതി ഉണ്ടാക്കിയെന്നു മാത്രമല്ല, പാറേമ്മാക്കലച്ചനെ കൊടുങ്ങല്ലൂര്‍ മെത്രാപ്പോലീത്തയായി നിയമിക്കണമെന്നാവശ്യപ്പെടുന്ന നിശ്ചയവും പാസ്സാക്കി. പടിയോലയ്‌ക്കെതിരേ മിഷനറിമാര്‍ തിരുവിതാംകൂര്‍ മഹാരാജാവിനോടു പരാതിപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.
രണ്ടു ദിവസമായിച്ചേര്‍ന്ന പള്ളി പ്രതിപുരുഷയോഗം പണ്ടുമുതല്‍ മലങ്കരസഭയില്‍ നിലനിന്നിരുന്ന 'അര്‍ക്കദിയാക്കോന്‍' പദവി പുനഃസ്ഥാപിക്കാനും 12 വൈദികരടങ്ങുന്ന ഒരു കാനോനിസ്റ്റ് കൗണ്‍സിലിനു രൂപം നല്‍കാനും തീരുമാനമെടുത്തു. ഏതെങ്കിലും സാഹചര്യത്തില്‍ ഗോവര്‍ണദോര്‍ പദവിയില്‍ ഒഴിവു വന്നാല്‍ കാനോനിസ്റ്റ് കൗണ്‍സിലിലെ ഒരു വൈദികന്‍ ആ സ്ഥാനത്തിന്റെ ചുമതലകള്‍ നിര്‍വ്വഹിക്കണമെന്നും തീരുമാനമായി. എന്നാല്‍, പാറേമ്മാക്കലച്ചനെ മെത്രാപ്പോലീത്തായാക്കാനുള്ള സര്‍വ്വശ്രമങ്ങള്‍ക്കും അന്നത്തെ വരാപ്പുഴ മിഷണറിമാര്‍ സമര്‍ത്ഥമായി തടയിടുകയാണുണ്ടായത്.വരാപ്പുഴ പള്ളിക്കാരായ അറുപതു സുറിയാനിക്കുടുംബങ്ങള്‍ക്കു മിഷണറിമാരില്‍നിന്നു തടസ്സങ്ങളും നിസ്സഹകരണവുമുണ്ടായപ്പോഴാണ് സെന്റ് ജോര്‍ജിന്റെ പേരില്‍ വരാപ്പുഴ പുത്തന്‍പള്ളി പണിയുവാന്‍ പാറേമ്മാക്കല്‍ ഗോവര്‍ണദോര്‍ നടപടിയെടുത്തത്. റോമില്‍ പഠിച്ചു മടങ്ങിയെത്തിയ ഞാറയ്ക്കല്‍ ഇടവകക്കാരായ ശങ്കുരിക്കല്‍ ഗീവര്‍ഗീസ് കത്തനാരെയും പുത്തനങ്ങാടി പൗലോസ് കത്തനാരെയും മല്പാന്മാരാക്കി അങ്കമാലി സെമിനാരിയില്‍ നിയമിക്കുകയും ചെയ്തു. ടിപ്പുവിന്റെ ആക്രമണമുണ്ടാവുകയും ഒട്ടേറെ പള്ളികള്‍ തകര്‍ക്കപ്പെടുകയും ചെയ്തതോടെ ഗോവര്‍ണദോര്‍ തന്റെ ആസ്ഥാനം വടയാറിലേക്കു മാറ്റി. ടിപ്പുവിന്റെ പിന്മാറ്റത്തോടെ തകര്‍ക്കപ്പെട്ട പള്ളികള്‍ പുനരുദ്ധരിക്കുന്നതിനും ഗോവര്‍ണദോരച്ചന്‍ നേതൃത്വം നല്‍കി.
എന്നാല്‍, പാറേമ്മാക്കലച്ചന്‍ ചരിത്രത്താളുകളില്‍ സ്ഥാനം നേടിയത് തന്റെ ഭരണനടപടികളുടെ ഫലമായൊന്നുമായിരുന്നില്ല; മറിച്ച്, തന്റെ യാത്രാനുഭവങ്ങള്‍ മുഴുവന്‍ കൃത്യമായി ദിവസം പറഞ്ഞ് എഴുതിയ 'വര്‍ത്തമാനപ്പുസ്തകം' എന്ന മലയാളത്തിലെ ആദ്യത്തെ സഞ്ചാരസാഹിത്യഗ്രന്ഥത്തിലൂടെയാണ്. പതിനെട്ടാം നൂറ്റാണ്ടിലെ ഗദ്യഭാഷാശൈലിയിലെഴുതിയ ഈ 'ഡയറി' ഒരൊന്നാന്തരം ചരിത്രരേഖയാണ്. കരിയാറ്റില്‍ മല്പാനും പാറേമ്മാക്കലച്ചനും കൂടി റോമിലേക്കു ലിസ്ബണ്‍ വഴി യാത്ര ചെയ്തതിന്റെയും അവരുടെ മടക്കയാത്രയുടെയും ഒരു വാങ്മയചിത്രമാണ് വര്‍ത്തമാനപ്പുസ്തകം. ഭാരതീയഭാഷകളിലെ ആദ്യത്തെ സഞ്ചാരസാഹിത്യകൃതിയും പാറേമ്മാക്കലച്ചന്റെതുതന്നെയാണ്. കൈരളിയുടെ കണ്ഠത്തിലെ കനകാഭരണമാണ് വര്‍ത്തമാനപ്പുസ്തകമെന്നായിരുന്നു പില്ക്കാലത്തു മലയാളസാഹിത്യചരിത്രമെഴുതിയ ഒരു മഹാകവി പറഞ്ഞുവച്ചത്. സുറിയാനിക്കാര്‍ക്കെതിരേ നിരന്തരമായി 'യുദ്ധം' ചെയ്ത മിഷണറിമാര്‍ക്ക് അച്ചന്‍ തന്റെ വര്‍ത്തമാനപ്പുസ്തകത്തില്‍ക്കൂടി നല്‍കിയ മറുപടിയും അതില്‍ കലര്‍ത്തിയ ശക്തമായ പരിഹാസവും നര്‍മ്മവും അച്ചന്റെ സാഹിത്യനൈപുണ്യത്തിന്റെയും ഭാഷാവിജ്ഞാനത്തിന്റെയും നേര്‍സാക്ഷ്യമെന്നു പറയുവാനും രണ്ടാമതൊന്നാലോചിക്കേണ്ടതില്ല.
റോമായാത്രയും സാഹസികമായ ജീവിതശൈലിയും കഠിനാദ്ധ്വാനവും ഗോവര്‍ണദോര്‍ പദവിയുടെ സമ്മര്‍ദ്ദങ്ങളുമെല്ലാം ചേര്‍ന്നാവണം അച്ചന്റെ ആരോഗ്യനില വഷളാക്കിയത്. അനാരോഗ്യംമൂലം അച്ചന്‍ വടയാറില്‍നിന്ന് രാമപുരം പള്ളിയിലേക്കു താമസം മാറ്റിയെങ്കിലും വാതകോപശല്യങ്ങള്‍ അച്ചനെ വല്ലാതെ തളര്‍ത്തി. 1799 മാര്‍ച്ച് 20 ന് രാമപുരം പള്ളിമേടയില്‍ അന്തരിച്ച അച്ചനെ പിറ്റേന്ന് രാമപുരം പള്ളിയില്‍ വിശ്വാസികളുടെ വന്‍സാന്നിധ്യത്തിലാണ് കബറടക്കിയത്.
എല്ലാ അര്‍ത്ഥത്തിലും പാറേമ്മാക്കലച്ചന്‍ ധീരനും നിര്‍ഭയനുമായിരുന്നു. സ്വന്തം നിലപാടുകളില്‍ ഉറച്ചുനില്ക്കുന്നതായിരുന്നു അച്ചന്റെ രീതിയും ശൈലിയും. അനീതിയോ അന്യായമോ ആരു ചെയ്താലും അച്ചന്‍ അതു സഹിക്കുമായിരുന്നില്ല. നീതിക്കുവേണ്ടിയുള്ള പോരാട്ടത്തിന്റെ ഭാഗമായിട്ടാണല്ലോ ഗോവര്‍ണദോരച്ചന്‍ റോമില്‍പ്പോകാന്‍ ധൈര്യപ്പെട്ടത്. ഭാഷയുടെ പരിമിതികളോ സാമ്പത്തികപ്രയാസങ്ങളോ ഒന്നും തന്റെ റോമായാത്രയ്ക്കു തടസ്സമാകുവാന്‍ അച്ചന്‍ സമ്മതിച്ചതുമില്ല. സ്വന്തം സഭയുടെ സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തില്‍ മീനച്ചില്‍ മണ്ണിന്റെ ധൈര്യവും സാഹസികതയും അച്ചന്‍ ചാലിച്ചുചേര്‍ക്കുകയായിരുന്നു. എട്ടുവര്‍ഷമാണ് കരയിലും കടലിലുമായി അച്ചന്‍ കഴിച്ചുകൂട്ടിയത്. താന്‍ പോയ യാത്രയെക്കുറിച്ചുള്ള 'വര്‍ത്തമാനം' അപാരമായ സാഹിത്യഭംഗിയോടെ 'പുസ്തക'മാക്കുകയും ചെയ്തു. മലയാളസാഹിത്യം നിലനില്ക്കുന്ന കാലത്തോളം വര്‍ത്തമാനപ്പുസ്തകവും ഓര്‍മ്മിക്കപ്പെടുകതന്നെ ചെയ്യും.