സ്വതന്ത്രേന്ത്യയുടെ ചരിത്രത്തിലെ പ്രഥമ ഒളിമ്പിക് വ്യക്തിഗതമെഡല്‍ ഗുസ്തിയിലായിരുന്നു - 1952 ല്‍ ഹെല്‍സിങ്കിയില്‍ ജെ.ഡി. ജാദവ് 52 കിലോ വിഭാഗം ഫ്രീസ്റ്റൈല്‍ ഗുസ്തിയില്‍ നേടിയത്. പിന്നീടൊരു വ്യക്തിഗത മെഡലിനായി ഇന്ത്യയ്ക്ക് 1996 ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സ്‌വരെ കാത്തിരിക്കേണ്ടിവന്നു. ഗുസ്തിയിലാകട്ടെ, പ്രതീക്ഷ ഉയര്‍ത്തിയ പ്രകടനങ്ങള്‍ പലതവണ ഉണ്ടായെങ്കിലും പിന്നീട് മെഡല്‍ ഭാഗ്യമുണ്ടായത് 2008 ല്‍ ബെയ്ജിങ്ങില്‍മാത്രം. പിന്നെ തുടരെ മെഡല്‍നേട്ടമുണ്ടായി. അതായത്, കഴിഞ്ഞ നാല് ഒളിമ്പിക്‌സിലും ഇന്ത്യയ്ക്ക് ഗുസ്തിയില്‍ മെഡല്‍ ലഭിച്ചു.
നമ്മുടെ ഗുസ്തിതാരങ്ങള്‍ ഒളിമ്പിക്‌സില്‍ ആകെ രണ്ടു വെള്ളിയും അഞ്ചു വെങ്കലവും കരസ്ഥമാക്കി. ഹോക്കി കഴിഞ്ഞാല്‍ ഒളിമ്പിക്‌സില്‍ ഇന്ത്യയ്ക്ക് ഏറ്റവും അധികം മെഡല്‍ ലഭിച്ചത് ഗുസ്തിയിലാണ്. ബാഡ്മിന്റനും ഷൂട്ടിങ്ങും അതിനു പിന്നിലാണ്. വനിതാഗുസ്തിയിലാകട്ടെ ഇന്ത്യ വലിയ കുതിപ്പാണ് കഴിഞ്ഞ ഏതാനും വര്‍ഷമായി കാഴ്ചവയ്ക്കുന്നത്. 2016 ല്‍ റിയോ ഒളിമ്പിക്‌സില്‍ സാക്ഷി മാലിക് വെങ്കലം നേടി. 2018 ലെ ജക്കാര്‍ത്ത ഏഷ്യന്‍ ഗെയിംസില്‍ വിനേഷ് ഫോഗട്ട് സ്വര്‍ണം കരസ്ഥമാക്കി. കോമണ്‍ വെല്‍ത്ത് ഗെയിംസിലും ലോകചാമ്പ്യന്‍ഷിപ്പിലും നേടിയ മെഡലുകള്‍ വേറേ.
ഹോക്കി ഫെഡറേഷന്‍ മേധാവി ബ്രിജ്ഭൂഷണ്‍ ശരണ്‍സിങ്ങിനെതിരേ വനിതാ ഗുസ്തി താരങ്ങള്‍ ലൈംഗികാതിക്രമപരാതിയുമായി ജനുവരിയില്‍ ജന്തര്‍മന്തറില്‍ സമരത്തിനിറങ്ങുകയും ഏപ്രിലില്‍ സമരം പുനരാരംഭിക്കുകയും ചെയ്തപ്പോള്‍ ഇന്ത്യയിലെ കായികപ്രേമികളുടെ ആശങ്ക താരങ്ങളുടെ ഭാവിയെക്കുറിച്ചായിരുന്നു. രാഷ്ട്രീയരംഗത്തെ അതിശക്തനെതിരേയാണു പോരാട്ടം. നടപടി വൈകുമ്പോള്‍ താരങ്ങള്‍ തളരും. മത്സരവീര്യം ചോരും. ഇത് സെപ്റ്റംബറില്‍ ചൈനയില്‍ നടക്കുന്ന ഏഷ്യന്‍ ഗെയിംസിലും അടുത്തവര്‍ഷം പാരിസ് ഒളിമ്പിക്‌സിനുള്ള യോഗ്യതാമത്സരങ്ങളിലും പ്രതിഫലിക്കും.
പരാതിക്കു പരിഹാരം കാണാതെ ഏഷ്യന്‍ ഗെയിംസില്‍ മത്സരിക്കില്ലെന്ന് സാക്ഷി മാലിക് പരസ്യമായി പ്രഖ്യാപിച്ചുകഴിഞ്ഞു. പ്രശ്‌നം പരിഹരിക്കപ്പെടുമെന്നുതന്നെ നമുക്കു പ്രതീക്ഷിക്കാം. പക്ഷേ, താരങ്ങളുടെ മനക്കരുത്ത്, ഗോദയില്‍ എതിരാളികളെ മലര്‍ത്തിയടിക്കാനുള്ള നിശ്ചയദാര്‍ഢ്യം ഇതൊക്കെ വീണ്ടുകിട്ടാന്‍ സമയമെടുക്കും. ചുരുക്കിപ്പറഞ്ഞാല്‍, ഇന്ത്യന്‍ ഗുസ്തിതാരങ്ങള്‍ പഴയ ഫോമിലെത്താന്‍ മാസങ്ങള്‍ എടുക്കും. സംശയം വേണ്ട.
വെല്ലുവിളികള്‍ നിറഞ്ഞ പോരാട്ടത്തില്‍ ഇത്രനാളും മനോബലം ചോരാതെ നിന്ന ഗുസ്തിതാരങ്ങള്‍ക്ക് ഒരു കാര്യത്തില്‍ ആശ്വസിക്കാം. ഗുസ്തിഫെഡറേഷനില്‍ ഒരു യുഗം സമാപിച്ചു അഥവാ ബ്രിജ്ഭൂഷണ്‍ യുഗത്തിനു തിരശ്ശീല വീണു. ജൂണ്‍ 30 നു മുമ്പ് തിരഞ്ഞെടുപ്പു നടത്തി പുതിയ ഭാരവാഹികളെ കണ്ടെത്തണമെന്നായിരുന്നു മുന്‍ധാരണയെങ്കിലും ജൂലായ് 6 നാണ് ഇപ്പോള്‍ തിരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനമായിരിക്കുന്നത് അന്നുതന്നെ ഫലം പ്രഖ്യാപിക്കും. തിരഞ്ഞെടുപ്പ് നിഷ്പക്ഷമായിരിക്കണം. അല്ലെങ്കില്‍ യുണൈറ്റഡ് വേള്‍ഡ് റെസ്‌ലിങ്ങും തുടര്‍ന്ന് രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയും ഇടപെടും. റെസ്‌ലിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ സസ്‌പെന്‍ഷന്‍ നേരിടും. അങ്ങനെ വന്നാല്‍ ഏഷ്യന്‍ ഗെയിംസിലും ഒളിമ്പിക്‌സിലും താരങ്ങള്‍ക്ക് ഇന്ത്യയുടെ പേരില്‍ മത്സരിക്കാനാവില്ല.
ഗുസ്തി ഫെഡറേഷനിലേക്കുള്ള തിരഞ്ഞെടുപ്പ് നീതിപൂര്‍വം നടക്കുമെന്നു നമുക്ക് ഉറപ്പിക്കാം. ബ്രിജ്ഭൂഷന്റെ ബന്ധുക്കള്‍ മത്സരിക്കില്ലെന്ന് കേന്ദ്രസ്‌പോര്‍ട്‌സ് മന്ത്രി ഉറപ്പുനല്‍കിയിട്ടുണ്ട്. ബ്രിജ്ഭൂഷന്റെ പുത്രന്‍ കരന്‍ഭൂഷന്‍ മത്സരത്തിന് ഇറങ്ങിയതാണ് താരങ്ങളെ വീണ്ടും പ്രതിഷേധവുമായി എത്താന്‍ പ്രേരിപ്പിച്ചത്. ബ്രിജ്ഭൂഷന്റെ മകന്‍മാത്രമല്ല, മരുമക്കളും ഗുസ്തി സംഘടനാഭാരവാഹികളായുണ്ട്. പിന്‍സീറ്റ് ഡ്രൈവിങ് ലക്ഷ്യമിട്ട ബ്രിജ്ഭൂഷന് ഇനിയത് എളുപ്പമാവില്ല.
ഹരിയാനയും മഹാരാഷ്ട്രയും കഴിഞ്ഞേ യു.പി.ക്ക് ഇന്ത്യന്‍ ഗുസ്തിയില്‍ സ്ഥാനമുള്ളൂ. നമ്മുടെ പ്രമുഖതാരങ്ങളെല്ലാംതന്നെ ഹരിയാനക്കാരാണ്. ഈ മൂന്നു സംസ്ഥാനങ്ങള്‍ കഴിഞ്ഞാല്‍ ഗുസ്തി പ്രചാരത്തിലുള്ളത് പഞ്ചാബിലും കര്‍ണാകടയിലുമാണ്. സത്യത്തില്‍ ഹരിയാനയിലെയും മഹാരാഷ്ട്രയിലെയും യു.പിയിലെയുമൊക്കെ അഖാദകളാണ് ഗുസ്തിതാരങ്ങളെ വളര്‍ത്തിയത്. വിനേഷിന്റെ പിതൃസഹോദരനും ഗീതയുടെയും ബബിതയുടെയും റിത്തുവിന്റെയും സംഗീതയുടെയും പിതാവുമായ മഹാവീര്‍ ഫോഗട്ട് ഉള്‍പ്പെടെ ഒട്ടേറെ ഗുസ്തിപരിശീലകരുടെ സമര്‍പ്പണമാണു ലോകോത്തരതാരങ്ങളെ വളര്‍ത്തിയത്. വിനേഷ് ഹോഗട്ടിനൊപ്പം സംഗീതയും സമരമുഖത്ത് സജീവമായിരുന്നു. പിന്തുണയുമായി മഹാവീറും എത്തി.
ഗുസ്തിയില്‍ അര്‍ജുന അവാര്‍ഡ് ജേതാവായ കക്കാ പവാര്‍ പുനെയില്‍ അഖാദ നടത്തുന്നുണ്ട്. ഇത്തരം അഖാദകളിലൂടെ വളര്‍ന്നവരാണ് ഗുസ്തിതാരങ്ങള്‍. അവര്‍ ദേശീയശ്രദ്ധ പിടിച്ചു പറ്റുമ്പോള്‍മാത്രമാണ് ദേശീയ ഫെഡറേഷന്റെ സഹായം എത്തുന്നത്. ദേശീയകിരീടത്തില്‍നിന്ന് രാജ്യാന്തരമത്സരരംഗത്തേക്ക് ഫെഡറേഷന്‍ വഴികാട്ടുന്നു. അപ്പോഴും ദേശീയ ക്യാമ്പുകള്‍ ഒഴിച്ചാല്‍ പരിശീലനം പഴയ അഖാദകളില്‍ത്തന്നെ.
ബ്രിജ്ഭൂഷന്റെ ഭരണകാലത്ത് ഫെഡറേഷന്‍ സാരഥിയും സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനും അത്‌ലറ്റുകളുടെ പരാതി പരിഹാരപാനല്‍ തലവനും എല്ലാം അദ്ദേഹംതന്നെയായിരുന്നു. അഥവാ ബ്രിജ്ഭൂഷന്റെ തിരുവായ്ക്ക് എതിര്‍വാ ഇല്ലായിരുന്നു. എല്ലാ അര്‍ഥത്തിലും സര്‍വാധിപതി. ഇങ്ങനെയൊരു അവസ്ഥയില്‍ വനിതാതാരങ്ങള്‍ വൈകിയാണു പരാതിപറയുന്നത് എന്ന വാദത്തിന് എന്ത് അര്‍ഥമാണുള്ളത്?
ഉന്നതനിലവാരത്തിലെത്തിയ, മെഡല്‍ പ്രതീക്ഷയായ താരങ്ങള്‍ക്ക് തത്കാലം രാജ്യാന്തരമത്സരങ്ങളില്‍ തിരിച്ചടി നേരിട്ടാലും ഭാവിയില്‍ മാറ്റങ്ങള്‍ പ്രതീക്ഷിക്കാം. ബ്രിജ്ഭൂഷണോ അദ്ദേഹത്തിന്റെ അനുയായികളോ ബന്ധുക്കളോ ഫെഡറേഷന്‍ ഭരണത്തില്‍ പിന്നില്‍നിന്നു കൈകടത്തില്ല എന്ന് ഉറപ്പുവരുത്തേണ്ട ബാധ്യത കേന്ദ്രസ്‌പോര്‍ട്‌സ് മന്ത്രാലയത്തിനും ഇന്ത്യന്‍ ഒളിമ്പിക്‌സ് അസോസിയേഷനുമുണ്ട്. അത് അവര്‍ നിര്‍വഹിക്കുമെന്നു പ്രതീക്ഷിക്കാം.