ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായെക്കുറിച്ച് കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച പുതിയ പുസ്തകം പുറത്തിറങ്ങി. ''അദ്ദേഹം നമുക്കു വളരെയേറെ നല്കി'' എന്നര്‍ഥം വരുന്ന ശീര്‍ഷകമാണ് ഗ്രന്ഥത്തിനു നല്കിയിരിക്കുന്നത്. പുസ്തകപഠനത്തിന്റെ അഞ്ചാം ഭാഗം
എമിരിറ്റസ് മാര്‍പാപ്പാ ബനഡിക്ട് പതിനാറാമന്‍ കാലം ചെയ്ത് ഏതാനും ദിവസങ്ങള്‍ക്കുശേഷം 2023 ജനുവരി നാലാം തീയതി ''Le Figaro''എന്ന ഫ്രഞ്ചുദിനപത്രത്തില്‍ കര്‍ദിനാള്‍ സറാ ''ബനഡിക്ട് പതിനാറാമന്‍ എന്റെ സുഹൃത്ത്'' എന്ന ഒരു അനുസ്മരണം എഴുതുകയുണ്ടായി.
ബഹുഭൂരിപക്ഷം ലേഖകരും ബനഡിക്ട് പതിനാറാമനില്‍ ഒരു ബൗദ്ധികപ്രതിഭയെയാണു ദര്‍ശിച്ചത്. അതു ശരിയാണു താനും. അദ്ദേഹത്തിന്റെ ഈടുറ്റ ഗ്രന്ഥങ്ങള്‍ തുടര്‍ന്നും പാരായണം ചെയ്യപ്പെടും. അദ്ദേഹത്തിന്റെ പ്രഭാഷണങ്ങള്‍ ആദിമസഭയിലെ വിശുദ്ധ പിതാക്കന്മാരുടെ പ്രബോധനങ്ങളുടെ നിരയില്‍ സ്ഥാനം പിടിച്ചുകഴിഞ്ഞു.
പ്രാരംഭമായി ഇത്രയും എഴുതിയശേഷം ഘല എശഴമൃീ യിലെ പ്രസ്തുത ലേഖനത്തില്‍ കര്‍ദിനാള്‍ സറാ കുറിക്കുന്ന മനോഹരമായ ഒരു വാക്യമുണ്ട്: ''പാപ്പായെ അടുത്തറിയാനും ഒപ്പം പ്രവര്‍ത്തിക്കാനും ഭാഗ്യം ലഭിച്ചവര്‍ക്ക് അദ്ദേഹം ഗ്രന്ഥങ്ങളില്‍ ഒതുങ്ങുന്നില്ല.'' ബനഡിക്ട് പാപ്പായുമായുള്ള ഓരോ കൂടിക്കാഴ്ചയും തന്റെ ആത്മാവില്‍ അടയാളപ്പെടുത്തിയ അനുഭൂതിയുടെ സ്മരണകളാണ് തനിക്കു പങ്കുവയ്ക്കാനുള്ളതെന്ന് കര്‍ദിനാള്‍ എഴുതുന്നു. ഈ സ്മരണകള്‍ തന്നിലുണര്‍ത്തുന്നത് അനതിവിദൂരഭാവിയില്‍ വിശുദ്ധനായും തുടര്‍ന്ന്, വേദപാരംഗതനായും പ്രഖ്യാപിക്കപ്പെടാന്‍പോകുന്ന ബനഡിക്ട് പതിനാറാമന്റെ ആധ്യാത്മിക ഛായാചിത്രമാണെന്നു ഗ്രന്ഥകാരന്‍ തികഞ്ഞ പ്രത്യാശയോടെ രേഖപ്പെടുത്തുന്നു.
2001 ല്‍, തന്റെ 55-ാം വയസ്സിലാണ് ഗ്വിനേയിലെ ആര്‍ച്ചുബിഷപ്പായിരുന്ന റോബര്‍ട്ട് സറാ വിശ്വാസപ്രചാരണത്തിനായുള്ള തിരുസംഘത്തിന്റെ സെക്രട്ടറിയായി വത്തിക്കാന്‍ കൂരിയായിലെത്തുന്നത്. ജോണ്‍പോള്‍ രണ്ടാമന്‍ മാര്‍പാപ്പായും അദ്ദേഹത്തിന്റെ ഏറ്റവും അടുത്ത സഹപ്രവര്‍ത്തകനായ കാര്‍ഡിനല്‍ ജോസഫ് റാറ്റ്‌സിങ്ങറുമായുള്ള സുദൃഢമായ യോജിപ്പും അഭിപ്രായപ്പൊരുത്തവും വത്തിക്കാന്‍ കൂരിയായില്‍ എല്ലാവരും വലിയ ആദരവോടെയാണു വീക്ഷിച്ചിരുന്നതെന്ന് കര്‍ദിനാള്‍ സറായ്ക്ക് നേരിട്ട് അറിവുള്ളതാണ്.
ജോണ്‍പോള്‍ രണ്ടാമന്റെ മരണംവരെ (2005) കര്‍ദിനാള്‍ റാറ്റ്‌സിങ്ങറെ അവധിയില്‍ പ്രവേശിക്കാന്‍ അദ്ദേഹം അനുവദിച്ചില്ല. ജോസഫ് റാറ്റ്‌സിങ്ങറുടെ ആഴമുള്ള വിജ്ഞാനത്തില്‍ ആകൃഷ്ടനും വിസ്മയഭരിതനുമായിരുന്നു ജോണ്‍പോള്‍ രണ്ടാമന്‍. പാപ്പായുടെ ദൈവൈക്യത്തിന്റെ ആഴം കര്‍ദിനാള്‍ റാറ്റ്‌സിങ്ങറെ അദ്ഭുതപ്പെടുത്തിയിരുന്നു. ഇരുവരും സത്യദൈവത്തെ നിരന്തരം അന്വേഷിച്ചിരുന്നു. ഈ അന്വേഷണത്വര ലോകത്തിനു പകര്‍ന്നുനല്കാനും അവര്‍ ആഗ്രഹിച്ചിരുന്നു.
വിശ്വാസപ്രചാരണതിരുസംഘത്തിന്റെ പ്രീഫെക്ട് ഐവന്‍ ഡയസിന്റെ അനാരോഗ്യംമൂലം 2008 മുതല്‍ ആര്‍ച്ചുബിഷപ് റോബര്‍ട്ട് സറാ ഔദ്യോഗികമായി ബനഡിക്ട് പിതാവിനെ അടുക്കലടുക്കല്‍ സന്ദര്‍ശിക്കാന്‍ തുടങ്ങി. തിരുസംഘത്തിന്റെ നേരിട്ടുള്ള ഭരണത്തിന്‍ കീഴിലുള്ള ആയിരത്തോളം മിഷന്‍ രൂപതകളിലെ മെത്രാന്മാരുടെ നിയമനവും മറ്റും സംബന്ധിച്ചുള്ള ഫയലുകള്‍ തീര്‍പ്പാക്കാനായിരുന്നു ഈ സന്ദര്‍ശനങ്ങള്‍. വിശദമായ ചര്‍ച്ചകള്‍ നടത്തിയശേഷമാണ് അവര്‍ തീരുമാനത്തില്‍ എത്തിയിരുന്നതെന്ന് കര്‍ദിനാള്‍ സറാ എഴുതുന്നു. വളരെ വിനയമുള്ള മനസ്സോടെ മറ്റുള്ളവരെ സശ്രദ്ധം കേള്‍ക്കാന്‍ ബനഡിക്ട് പാപ്പാ എപ്പോഴും തയ്യാറായിരുന്നു. അദ്ദേഹം തന്റെ സഹപ്രവര്‍ത്തകരെ പൂര്‍ണമായും വിശ്വാസത്തിലെടുത്തിരുന്നു. ചിലപ്പോഴെങ്കിലും അതു വിനയായിട്ടുണ്ടെന്നും കര്‍ദിനാള്‍ സറാ എഴുതുന്നു.
2010 ല്‍ ബനഡിക്ട് പാപ്പാ ആര്‍ച്ചുബിഷപ് റോബര്‍ട്ട് സറായെ പാവപ്പെട്ടവരുടെ ഇടയിലുള്ള സഭയുടെ പ്രവര്‍ത്തനങ്ങളെ നയിക്കുന്ന 'കോര്‍ ഊനും' (ഏകഹൃദയം) എന്ന പൊന്തിഫിക്കല്‍ കൗണ്‍സിലിന്റെ അധ്യക്ഷനായി നിയമിച്ചു. അതേവര്‍ഷംതന്നെ കര്‍ദിനാളായും അവരോധിച്ചു. വേദനയനുഭവിക്കുന്നവര്‍ക്കും ദരിദ്രര്‍ക്കും ശുശ്രൂഷ ചെയ്യുന്നതു സഭയുടെ സുപ്രധാനദൗത്യമാണെന്ന് ബനഡിക്ട് പാപ്പാ പഠിപ്പിച്ചിരുന്നു. ദാരിദ്ര്യത്തിന്റെയും ദുരിതങ്ങളുടെയും മുഖം നേരിട്ടു ദര്‍ശിച്ചിട്ടുള്ള ആളായതുകൊണ്ടാണ് ഈ ദൗത്യം കര്‍ദിനാള്‍ സറായെ ഏല്പിക്കുന്നതെന്ന് ബനഡിക്ട് പതിനാറാമന്‍ അദ്ദേഹത്തോടു പറയുകയുണ്ടായി. ഏറ്റവും പാവപ്പെട്ടവരോട് സഭയുടെ സാമീപ്യവും സഹാനുഭൂതിയും പ്രകടിപ്പിക്കുകയെന്ന അതിസൂക്ഷ്മമായ ദൗത്യനിര്‍വഹണത്തിനു യോജിച്ച ആളായിട്ടാണ് തന്നെ ബനഡിക്ട് പിതാവ് പരിഗണിച്ചിരുന്നതെന്നും കര്‍ദിനാള്‍ സറാ വ്യക്തമാക്കുന്നുണ്ട്. സ്‌നേഹപൂര്‍വം സത്യത്തിനായി സഹിക്കുന്നതിലാണ് മനുഷ്യന്റെ മഹത്ത്വം അടങ്ങിയിരിക്കുന്നതെന്ന് ബനഡിക്ട് പിതാവ് ഉറച്ചുവിശ്വസിച്ചിരുന്നു. സഹനങ്ങളില്‍നിന്ന് അദ്ദേഹം ഒളിച്ചോടിയിരുന്നില്ല. 2013 ല്‍ ബനഡിക്ട് പതിനാറാമന്‍ സ്ഥാനത്യാഗം ചെയ്തത് നഷ്ടധൈര്യനായതുകൊണ്ടോ നിരുത്സാഹപ്പെട്ടവനായതുകൊണ്ടോ അല്ലെന്നും തന്റെ ശാരീരികാരോഗ്യം ക്ഷയിച്ചുവരുന്നതുകൊണ്ട് പ്രാര്‍ഥനയിലും നിശ്ശബ്ദതയിലുമാണ് തനിക്കു സഭയെ കാര്യക്ഷമമായി സേവിക്കാന്‍ കഴിയുന്നതെന്ന ഉറച്ച ബോധ്യത്താലാണ് ഈ തീരുമാനമെടുക്കാന്‍ അദ്ദേഹം തുനിഞ്ഞതെന്നും കര്‍ദിനാള്‍ സറാ വിലയിരുത്തുന്നു.
2014 ല്‍ ഫ്രാന്‍സീസ് മാര്‍പാപ്പാ കര്‍ദിനാള്‍ സറായെ ആരാധനക്രമത്തിന്റെയും കൂദാശകളുടെയും തിരുസംഘത്തിന്റെ അധ്യക്ഷനായി നിയമിച്ചു. ആരാധനക്രമസംബന്ധമായ കാര്യങ്ങള്‍ക്ക് ബനഡിക്ട് പിതാവിന്റെ ഹൃദയത്തില്‍ വലിയ സ്ഥാനമുണ്ടായിരുന്നു. അതുകൊണ്ട് പലതവണ കര്‍ദിനാള്‍ സറാ എമിരിറ്റസ് പാപ്പായെ സന്ദര്‍ശിച്ച് ഉപദേശം തേടുകയുണ്ടായിട്ടുണ്ട്.
സഭയ്ക്കു നവജീവന്‍ നല്‍കണമെങ്കില്‍ ആരാധനക്രമത്തിനു പുതുജീവന്‍ നല്കണമെന്നത് ബനഡിക്ട് പാപ്പായുടെ ഉറച്ച ബോധ്യമായിരുന്നു.
എന്റെ പുസ്തകങ്ങള്‍
താനെഴുതുന്ന പുസ്തകങ്ങളുമായി ബനഡിക്ട് പിതാവിന്റെ പക്കല്‍ കര്‍ദിനാള്‍ സറാ ചെല്ലുമായിരുന്നുവെന്നു പ്രസ്താവിക്കുന്നുണ്ട്. ബനഡിക്ട് പിതാവ് അവ വായിക്കുകയും അഭിനന്ദനം അറിയിക്കുകയും ചെയ്തിരുന്നു. 'ഠവല ുീംലൃ ീള ശെഹലിരല' എന്ന ഗ്രന്ഥത്തിന് ഒരവതാരിക എഴുതാനും അദ്ദേഹം സന്മനസ്സു കാണിച്ചുവെന്നും കര്‍ദിനാള്‍ സറാ എഴുതുന്നു. സഭയിലെ പ്രതിസന്ധികളെക്കുറിച്ച് താനെഴുതാന്‍ ഉദ്ദേശിക്കുന്നു വെന്ന് സംഭാഷണമധ്യേ പറഞ്ഞപ്പോള്‍ എമിരിറ്റസ് പാപ്പാ വളരെ സന്തുഷ്ടനായി കാണപ്പെട്ടുവെന്നും അദ്ദേഹത്തിന്റെ പ്രകാശപൂരിതമായ നോട്ടം. തനിക്ക് വലിയ പ്രോത്സാഹനം പകര്‍ന്നുനല്കിയെന്നും കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു.
''പൗരോഹിത്യബ്രഹ്‌മചര്യത്തെക്കുറിച്ചുള്ള ഞങ്ങളുടെ വിചിന്തനങ്ങള്‍ പുസ്തകരൂപത്തിലാക്കാന്‍ ഞങ്ങള്‍ യോജിച്ചു പ്രവര്‍ത്തിച്ചു. അതു സംബന്ധിച്ച വിശദാംശങ്ങള്‍ ഞാനെന്റെ ഹൃദയത്തിന്റെ ആഴത്തില്‍ രഹസ്യമായി കാത്തുസൂക്ഷിക്കുന്നു. ബനഡിക്ട് പിതാവിന്റെ വേദനകളും കണ്ണുനീരും എന്റെ ഓര്‍മയുടെ അടിത്തട്ടില്‍ മറക്കാതെ കാത്തുസൂക്ഷിക്കുന്നു.'' ബനഡിക്ട് പാപ്പായും കര്‍ദിനാള്‍ സറായും ചേര്‍ന്നു രചിച്ച 'ഞങ്ങളുടെ ഹൃദയങ്ങളുടെ ആഴത്തില്‍നിന്ന്' എന്ന ഗ്രന്ഥത്തെക്കുറിച്ചുണ്ടായ വിവാദങ്ങളെക്കുറിച്ച് ഇപ്രകാരമാണ് കര്‍ദിനാള്‍ സറാ ഈ ലേഖനത്തില്‍ പ്രതികരിച്ചത്. ബനഡിക്ട് പിതാവ് ഇതു സംബന്ധിച്ച് സത്യവിരുദ്ധമായ യാതൊരു പ്രസ്താവനയും ചെയ്യാന്‍ തയ്യാറായില്ലെന്നും കര്‍ദിനാള്‍ പറയുന്നുണ്ട്.
തന്റെ ഓര്‍മകളില്‍ വിരിയുന്ന ബനഡിക്ട് പിതാവിന്റെ ചിത്രം നല്ലയിടയന്റെ പ്രതിരൂപമാണ്. തന്റെ അജഗണത്തിലാരും നഷ്ടപ്പെടരുതെന്ന് അദ്ദേഹം ആഗ്രഹിച്ചിരുന്നു. അബദ്ധപ്രബോധനങ്ങള്‍ക്കും ചെന്നായ്ക്കള്‍ക്കും അവരെ വിട്ടുകൊടുക്കാതെ സത്യത്താല്‍ അവരെ പോഷിപ്പിക്കാനാണ് അദ്ദേഹം ശ്രമിച്ചത്. എല്ലാറ്റിലുമുപരിയായി കര്‍ത്താവ് തന്നെ ഭരമേല്പിച്ചവരെ അദ്ദേഹം സ്‌നേഹിച്ചിരുന്നു. അതിലുമുപരിയായി ബനഡിക്ട് പാപ്പാ ഈശോയെ തീക്ഷ്ണമായി സ്‌നേഹിച്ചു. ആ ഈശോയെയാണ് 'നസ്രത്തിലെ ഈശോ' എന്നു മൂന്നു വാല്യങ്ങളുള്ള ഉത്കൃഷ്ടകൃതി, ബനഡിക്ട് പിതാവിന്റെ മാസ്റ്റര്‍ പീസ്, നിറഞ്ഞ വിശ്വാസത്തോടെ ലോകത്തിനുമുമ്പില്‍ അവതരിപ്പിക്കുന്നത്. ജീവനും വഴിയും സത്യവുമായ ഈശോമിശിഹായെ ബനഡിക്ട് പതിനാറാമന്‍ ഉള്ളഴിഞ്ഞു സ്‌നേഹിച്ചിരുന്നു. ഇപ്രകാരം ഒരു സാക്ഷ്യമാണ് തന്റെ പ്രേഷ്ഠസുഹൃത്തിനെപ്പറ്റി കര്‍ദിനാള്‍ സറാ നല്‍കുന്നത്.