ഒരു സദ്ഭാവനയുടെ, സ്‌നേഹത്തിന്റെ, പരസ്പരപരിഗണനയുടെ, ആത്മാര്‍ഥതയുടെ ഉത്തമസാന്നിധ്യമായി ചിലരൊക്കെ നമ്മുടെ മുമ്പില്‍ ചിലപ്പോള്‍ പ്രത്യക്ഷപ്പെടും. അവര്‍ വന്നുചേരുന്ന തല്‍ക്ഷണത്തില്‍തന്നെ അവിടെ നില്‍ക്കുന്നവരിലെല്ലാം അസാധാരണമായ ഒരു മാറ്റം സംഭവിക്കുന്നു. അപ്പോള്‍ ആശ്വാസത്തിന്റെ, ശാന്തിയുടെ ഒരു കുളിര്‍മഴ പെയ്തിറങ്ങുകയായി. ഒരു മാസ്മരികമായ പുത്തന്‍ ആവേശവും അതുണര്‍ത്തുന്ന മനോഹരമായ ചേതോവികാരവും എല്ലാവരും അനുഭവിക്കാന്‍ തുടങ്ങുന്നു. എല്ലാവരുടെയും ചുണ്ടുകളില്‍ ഒരു പുഞ്ചിരി വിടരുന്നു; എല്ലായിടത്തും ആഹ്ലാദം അലയടിക്കുന്നു.
എങ്ങനെ കുറെ വ്യക്തികള്‍ക്കുമാത്രം ഇങ്ങനെ ഒരു ശക്തിയും വൈഭവവും സ്വായത്തമാക്കാന്‍ കഴിയുന്നു? ഒരു ബലവത്തായ വ്യക്തിത്വവും അതിന്റെ സ്വാധീനവുമുണ്ടെങ്കില്‍ ഒരുപക്ഷേ, ഇത് എളുപ്പമായേക്കാം. ചില മനുഷ്യര്‍ സദാ നന്മയുടെ ഒരു പ്രകാശം അല്ലെങ്കില്‍ 'ജനപ്രീതിമൂല്യം' കൂടെ കൊണ്ടുനടക്കും. ഹൃദയം ഹൃദയത്തോടാണു സംസാരിക്കുന്നതെന്നു നമുക്കറിയാം. നന്മയുള്ളവര്‍ ചുറ്റിലും അതൊരു സുഗന്ധംപോലെ പരത്തും.
ഏബ്രഹാം ലിങ്കണോ നെല്‍സണ്‍ മണ്ഡേലയോ ഒന്നും ജനപ്രീതി നേടിയത് അവരുടെ ശാരീരിക ഭംഗികൊണ്ടായിരുന്നില്ല. അതിനെല്ലാമപ്പുറം അത്തരത്തിലുള്ളവരെ ആകര്‍ഷിതരാക്കുന്ന മറ്റു ചില ഘടകങ്ങള്‍ ഉണ്ട് എന്നു നമുക്കറിയാം. നാം അവരെപ്പോലുള്ളവരെ കാണുമ്പോള്‍ യാതൊരു അന്തഃസംഘര്‍ഷമോ മനഃക്ലേശമോ കൂടാതെ അവരുമായി വളരെ അനായാസമായി സംവദിക്കുന്നു, ഉത്സാഹത്തോടെ ആശയങ്ങള്‍ കൈമാറുന്നു.
നമുക്കറിയാം മറ്റു ചിലരെ. അവര്‍ അടുത്തു വരുമ്പോഴേ നമ്മുടെ ബിപി കൂടാന്‍ തുടങ്ങും. അവര്‍ സൃഷ്ടിക്കുന്ന മനോസംഘര്‍ഷം നമ്മെ ആകെ തളര്‍ത്തും; ഭ്രാന്തന്മാരാക്കും. അവരിലെ വിഷം നമ്മുടെ ഞരമ്പുകളില്‍ അവര്‍ പരത്തിവിടും. മതഭ്രാന്തന്മാര്‍ മനുഷ്യബോംബുകള്‍ സൃഷ്ടിച്ചുവിടുന്നത് ഇതേ ടെക്‌നിക്കിലാണ്. നന്മയുള്ളവര്‍ മറ്റുള്ളവരില്‍ നിറയ്ക്കുന്നത് ദൈവസ്‌നേഹത്തിന്റെ, സാഹോദര്യത്തിന്റെ തേന്‍തുള്ളികളാണ്.
മദര്‍ തെരേസ, ഫ്രാന്‍സിസ് അസ്സീസി, മഹാത്മാഗാന്ധി എന്നിങ്ങനെ എത്രയെത്ര മഹനീയവ്യക്തിത്വങ്ങള്‍ ഈ ലോകത്തുകൂടി കടന്നുപോയി. അവരെയൊക്കെ നാം ഓര്‍മിക്കുന്നത് അവരുടെ പെരുമാറ്റത്തിന്റെ ചാരുതകൊണ്ടാണ്; അവര്‍ പകര്‍ന്നേകിയ സ്‌നേഹവായ്പുകൊണ്ടാണ്. മാര്‍ട്ടിന്‍ ലൂതര്‍ കറുത്തവര്‍ഗക്കാരുടെ അനിഷേധ്യനേതാവായത് അതിനാലാണ്. 'എനിക്കൊരു സ്വപ്നമുണ്ട്' എന്നു തുടങ്ങുന്ന മഹത്തായ പ്രസംഗം ലോകത്തെങ്ങുമുള്ള മനുഷ്യമനഃസാക്ഷിയെ തൊട്ടുണര്‍ത്തുകയായിരുന്നു.
അതുപോലെതന്നെ സര്‍ദാര്‍ വല്ലഭായ് പട്ടേല്‍ ഭാരതീയന്റെ മനഃസാക്ഷിയെ തൊട്ടറിഞ്ഞ് അവരെ ഒരു സ്വര്‍ണച്ചരടില്‍ ചേര്‍ത്തുനിര്‍ത്താന്‍ പണിപ്പെട്ടു. ടാറ്റ ഗ്രൂപ്പിന്റെ സ്ഥപകനായിരുന്ന ജംഷഡ്ജി ഒരു വലിയ മനുഷ്യസ്നേഹി എന്നാണ് അറിയപ്പെടുക. അദ്ദേഹം ചെയ്ത കാരുണ്യപ്രവര്‍ത്തനങ്ങള്‍ ഒട്ടേറെ ജീവിതങ്ങള്‍ക്കു തുണയായി. എ.പി.ജെ. അബ്ദുല്‍ കലാം തന്റെ പ്രസംഗങ്ങളിലൂടെ ഭാരതീയരെ ഒന്നടങ്കം പ്രചോദിതരാക്കി. ഉത്തരവാദിത്വങ്ങള്‍ ഏറ്റെടുത്തുകൊണ്ട് ധര്‍മനീതിയും സത്യനിഷ്ഠയും കൈവെടിയാതെ എങ്ങനെ മുന്നേറാമെന്ന് അദ്ദേഹം യുവാക്കളെ പഠിപ്പിച്ചു. സ്വന്തജീവിതംകൊണ്ടുതന്നെ അവര്‍ക്കു മാര്‍ഗദീപം തെളിച്ചുവച്ചു.
തൊഴിലിടങ്ങളില്‍
തൊഴിലിടങ്ങളില്‍ വലിയ വിശ്വസ്തതയും പ്രതിബദ്ധതയുമുള്ള ഒരു സമൂഹത്തെ മെനഞ്ഞെടുക്കാന്‍ കഴിവുള്ള ചില നേതാക്കന്മാരെ നാം കണ്ടുമുട്ടുന്നുണ്ട്. ഒരിക്കല്‍പ്പോലും ഒരു സമരത്തിനോ അസ്വാരസ്യത്തിനോ ഇടംകൊടുക്കാതെ സ്ഥാപനത്തെ മുമ്പോട്ടുനയിക്കാന്‍ കഴിവുള്ളവരാണ് അവര്‍. നൈപുണ്യവും വൈദഗ്ധ്യവുമെല്ലാം പങ്കുവച്ചുകൊണ്ട് ഉത്സാഹത്തിന്റെ നല്ലൊരു അന്തരീക്ഷം അവര്‍ സൃഷ്ടിച്ചെടുക്കും. സൗഹൃദമായ അന്തരീക്ഷം പുതിയ ആശയങ്ങള്‍ക്കും കണ്ടുപിടിത്തങ്ങള്‍ക്കും വഴിതെളിക്കും.
നേതാക്കന്മാര്‍ അവരുടെ ശരീരഭാഷകൊണ്ടും സംസാരരീതികൊണ്ടും അണികളെ ചേര്‍ത്തുനിര്‍ത്തുന്നു. തൊഴിലാളികളുടെ പ്രശ്‌നങ്ങള്‍ ശ്രദ്ധയോടെ ശ്രവിച്ച്, അവരുടെ നാഡീസ്പന്ദനം അറിഞ്ഞ് അവര്‍ക്കു യാതൊരു മനോസംഘര്‍ഷങ്ങളും കൂടാതെ പണിയെടുക്കാനുള്ള അവസരമൊരുക്കുന്നു.
ഈ ഗുണങ്ങള്‍ ജനിതകമാണോ?
ഈ ഗുണങ്ങള്‍ പലര്‍ക്കും സ്വതഃസിദ്ധമായി കാരണവന്മാരില്‍നിന്നു പകര്‍ന്നുകിട്ടാമെന്നിരിക്കിലും, ഇവയൊക്കെ നമുക്കു പരിശ്രമത്തിലൂടെ ആര്‍ജിച്ചെടുക്കുകയും ചെയ്യാം. ഈ കരിഷ്മ അല്ലെങ്കില്‍ മാന്ത്രികസിദ്ധി നമുക്കു സ്വയം പഠിച്ചെടുക്കാം. ഇതേക്കുറിച്ചുള്ള ചില പഠനങ്ങള്‍ മൂന്നു കാര്യങ്ങളിലേക്കാണു വിരല്‍ചൂണ്ടുന്നത്. സര്‍വപ്രധാനമായിട്ടുള്ളത് ആശയവിനിമയശേഷിയാണ്. പിന്നീടുള്ളത് സിദ്ധികള്‍ പ്രകടമാക്കുന്ന പ്രതിഭാസമാണ്; ആകര്‍ഷണവലയം സൃഷ്ടിക്കാനുള്ള കഴിവാണ്. ശാരീരികസൗന്ദര്യത്തില്‍ വലിയ കാര്യമില്ല. ഭാവപ്രകടനവും ശരീരഭാഷയും ആശയവിനിമയം നടത്തുന്ന അവസരങ്ങളില്‍ ശ്രദ്ധിക്കണം. വിദൂരതയില്‍ മറ്റെവിടെയോ നോക്കി ഒട്ടും താത്പര്യമില്ലാത്ത മട്ടില്‍ കാര്യങ്ങള്‍ പറഞ്ഞുപോകുന്ന രീതി നന്നല്ല. വാക്കുകളില്‍ വിശ്വാസം ജനിക്കണമെങ്കില്‍ നാം പറയുന്നത് സ്പഷ്ടമാകണം; വളച്ചുകെട്ടില്ലാത്തതാവണം. ആവര്‍ത്തനവിരസതകൂടാതെ കാര്യങ്ങള്‍ വസ്തുനിഷ്ഠമായി, കൃത്യതയോടെ ലളിതമായി അവതരിപ്പിക്കുമ്പോഴാണ് കേള്‍വിക്കാരുടെ സര്‍ഗശക്തിയെയും ഭാവനയെയും തൊട്ടുണര്‍ത്താനാവുക. നിശ്ചയദാര്‍ഢ്യവും ആത്മവിശ്വാസവും നാം പ്രകടമാക്കണം. ശബ്ദം ക്രമപ്പെടുത്തിക്കൊണ്ടു വാക്കുകള്‍ക്ക് ആക്കംകൂട്ടാനാകണം.
നമ്മുടെ പൊതുവേദികളില്‍ നാം ചിലപ്പോള്‍ കണ്ടുമുട്ടുന്ന ചില വ്യക്തിത്വങ്ങള്‍ നമ്മെ അദ്ഭുതപരതന്ത്രരാക്കും. അവരുടെ മൂല്യത്തിളക്കമുള്ള പെരുമാറ്റരീതിയും വിചാരശുദ്ധിയും നമ്മെ വലിയ ആരാധനയുടെ വക്കത്തുവരെ എത്തിക്കുന്നു. അവരുടെ മുഖകാന്തിയും മനോഹരവും പ്രീതവുമായ ഇടപെടലുകളും അവര്‍ക്കു ദൈവാനുഗ്രഹമായി ലഭിച്ചതാണ് എന്നു തോന്നിപ്പോകും. അവിെടയെങ്ങും നാം കൃത്രിമത്വത്തിന്റെ ഒരു ലാഞ്ഛനപോലും കാണില്ല.
പ്രസരിപ്പിക്കുന്ന വശീകരണം, ആകര്‍ഷണം
അത്തരം വ്യക്തികള്‍ അടുത്തെത്തിനില്‍ക്കുമ്പോള്‍ നമുക്കു മനസ്സിലാകുന്നത് അവര്‍ക്കുള്ള ആന്തരികപ്രശാന്തതയും, അതുല്യപ്രഭാവവുമാണ്. അവരുടെ മഹിമയും തേജസ്സും അവര്‍ക്കുള്ളിലെ ഈശ്വരാനുഗ്രഹത്തിന്റെ ബാഹ്യരൂപമാണ്. ഒരുതരം ഇലക്‌ട്രോമാഗ്‌നെറ്റിക്തരംഗങ്ങള്‍പോലെ അവര്‍ പ്രകടമാക്കുന്നത്, അവരുടെ കെട്ടുറപ്പുള്ള തീരുമാനങ്ങളും നന്മയോടുള്ള പ്രതിബദ്ധതയുമാണ്.
ഷാരൂഖ്ഖാനെപ്പോലുള്ള ഒരു നടനു നൈസര്‍ഗികമായ ഒരു കഴിവുണ്ട്. നിമിഷങ്ങള്‍ക്കുള്ളില്‍, ക്യാമറ തുറക്കുന്ന തല്‍ക്ഷണം ഒരു അസാമാന്യമായ, മനം കവരുന്ന രമണീയത മുഖത്തു കൊണ്ടുവരാന്‍ അദ്ദേഹത്തിനു കഴിയും. മറ്റുള്ളവര്‍ക്ക് അതത്ര എളുപ്പമല്ല. തീവ്രമായ ആഗ്രഹത്തോടെ അതിനായി കഠിനമായി പ്രയത്നിച്ചാലേ അത്തരമൊരു വശ്യശക്തി ഹൃദയാവര്‍ജകമാക്കിത്തീര്‍ക്കാന്‍ സാധാരണക്കാരനു കഴിയൂ.
ഷാരൂഖ്ഖാനും മറ്റു നടീനടന്മാരും അവിടെ നില്‍ക്കട്ടെ. നാം പറഞ്ഞുവരുന്നത് മറ്റൊരു തരം വശീകരണമന്ത്രത്തെക്കുറിച്ചാണ് - നമുക്ക് നിത്യം കുടുംബങ്ങളിലും സമൂഹത്തിലും കൊണ്ടുവരേണ്ടുന്ന മനോജ്ഞതയെക്കുറിച്ചാണ്; സൃഷ്ടിക്കേണ്ട ആകര്‍ഷണവലയത്തെക്കുറിച്ചാണ്. അതുകൊണ്ടു നമുക്കും ശ്രമിക്കാം - ക്രിയാത്മകമായ ഒരു പ്രഭാവം സൃഷ്ടിച്ചെടുക്കാന്‍. നന്മമാത്രം കൈമുതലാക്കിക്കൊണ്ട് മറ്റുള്ളവരെ കാരുണ്യപൂര്‍വം സമീപിക്കാനുള്ള ഒരു മനഃസ്ഥിതി വളര്‍ത്തിയെടുക്കാന്‍ നമുക്കും സാധിച്ചേക്കാം.