കേരളത്തിലെ ആധുനികവിദ്യാഭ്യാസസമ്പ്രദായം വിദേശികളുടെ സംഭാവനയാണ്. മിഷണറിമാരാണ് വ്യവസ്ഥാപിതമായ വിദ്യാഭ്യാസസമ്പ്രദായത്തെ നാട്ടില്‍ ഊട്ടിയുറപ്പിച്ചത്. സ്ത്രീവിദ്യാഭ്യാസവും ജാത്യതീതവിദ്യാഭ്യാസവുമെല്ലാം മിഷണറിമാരാണ് നമുക്കു പകര്‍ന്നു നല്കിയത്. സ്വാതന്ത്ര്യാനന്തരം ബ്രിട്ടീഷുകാര്‍ ഇന്ത്യവിട്ടു പോയെങ്കിലും അവര്‍ സൃഷ്ടിച്ച വിദ്യാഭ്യാസസമ്പ്രദായത്തോടൊപ്പം അവരുടെ ഭാഷയും ഇവിടെ വേരൂന്നി. ആഗോളവത്കരണം സ്‌കൂളുകളില്‍ ഇംഗ്ലീഷിന് ആഗോളഭാഷ എന്ന നിലയില്‍ കൂടുതല്‍ പ്രാധാന്യം നേടികൊടുത്തു. ശാസ്ത്രസാങ്കേതികരംഗത്തും ഭരണരംഗത്തും മലയാളഭാഷയ്ക്കു വേണ്ടത്ര വികാസം നേടാന്‍ കഴിയാത്തതുകൊണ്ടുതന്നെ വിജ്ഞാനം ഇംഗ്ലീഷ്ഭാഷയുടേതായി മാറി. അന്തസ്സുള്ള തൊഴില്‍ ലഭിക്കാനും ഉന്നതവിദ്യാഭ്യാസത്തിനുമെല്ലാം ഇംഗ്ലീഷ് കൂടിയേ തീരൂ എന്ന ധാരണ ജനങ്ങളില്‍ ഇംഗ്ലീഷിനോടുള്ള അഭിനിവേശം വളര്‍ത്തി.
കേരളത്തിലെ പൊതുവിദ്യാലയങ്ങളില്‍ പത്താംതരംവരെ മൂന്നു പിരിയഡ് നിര്‍ബന്ധമായും മലയാളം പഠിച്ചിരിക്കണമെന്ന് മലയാളം ഒന്നാം ഭാഷാ നിര്‍ബന്ധിത ഉത്തരവ് 2011 മേയ് 6 ന് നിലവില്‍വന്നു. സാധാരണ ക്ലാസ്സ് സമയത്തിനുമുമ്പോ ശേഷമോ മലയാളത്തിന് ഈ അധികപിരീഡുകള്‍ കണ്ടെത്തി പഠിപ്പിക്കാം, മാത്രമല്ല, ഇതിനായി യാതൊരുവിധ ധനബാധ്യതയും സര്‍ക്കാര്‍ ഏറ്റെടുക്കുകയുമില്ല എന്ന് മറ്റൊരു ഉത്തരവും ഇതോടൊപ്പം സര്‍ക്കാരില്‍നിന്ന് ഇറങ്ങി. ഇതു നടപ്പാകാത്തതിനെത്തുടര്‍ന്ന് എല്ലാ പിരീയഡുകളില്‍നിന്നും അഞ്ചു മിനിറ്റു വീതം ശേഖരിച്ച് ഒരു പിരീയഡുണ്ടാക്കി മലയാളം പഠിപ്പിക്കണമെന്ന് മറ്റൊരു ഉത്തരവ് ആ വര്‍ഷം ഉണ്ടായി.
ഇത്തരത്തില്‍ പിരീയഡുകളെക്കുറിച്ചുള്ള തര്‍ക്കങ്ങളില്‍പ്പെട്ട് മലയാളപഠനം ഞെരുങ്ങി. ഇംഗ്ലീഷ് മാധ്യമവിദ്യാലയങ്ങള്‍ ഇതിനെതിരേ കോടതിയില്‍ പോയതോടെ ഇംഗ്ലീഷ് മീഡിയക്കാര്‍ മലയാളം പഠിച്ചിരിക്കണമെന്നത് നിര്‍ബന്ധമല്ലാതാവുകയും ചെയ്തു. ഇതോടെ മലയാളം ഒരു വിഷയമായിപ്പോലും പഠിക്കാതെ പ്രാഥമികവിദ്യാഭ്യാസംമുതല്‍ ഉന്നതവിദ്യാഭ്യാസംവരെ നേടാനും സര്‍ക്കാര്‍ സര്‍വീസില്‍ത്തന്നെ ഉന്നതജോലി നേടാനും നിയമപരമായ സാധുത ഉണ്ടായി. പിന്നീട് 2015 ല്‍ കേരള മലയാളഭാഷ (വ്യാപനവും പരിപോഷണവും) ബില്‍ അവതരിപ്പിച്ചെങ്കിലും അതിന് രാഷ്ട്രപതിയുടെ അനുമതി ലഭിച്ചില്ല. ഇത്തരത്തില്‍ നിരവധി പ്രവര്‍ത്തനങ്ങള്‍ക്കും സമരങ്ങള്‍ക്കും പ്രതിഷേധങ്ങള്‍ക്കും ഒടുവിലാണ് 2017 ഏപ്രില്‍ 19 ന് സംസ്ഥാനത്തെ സ്‌കൂളുകളില്‍ മലയാളം ഒരു നിര്‍ബന്ധിതഭാഷയായി പഠിക്കണമെന്ന് വ്യവസ്ഥയുണ്ടായത്.
ഇതിനിടയില്‍, ഉന്നതവിദ്യാഭ്യാസരംഗത്തും ശാസ്ത്രസാങ്കേതികവിഷയങ്ങള്‍ ഉള്‍പ്പെടെയുള്ളവയില്‍ മലയാളമാധ്യമത്തില്‍ അധ്യയനം നടത്തുക എന്ന ലക്ഷ്യവുമായി 2011 ല്‍ മലയാളസര്‍വകലാശാല സ്ഥാപിതമായി. ഭാഷയ്ക്കു ശ്രേഷ്ഠഭാഷാപദവി ലഭിക്കുകയും ഭരണഭാഷയാവുകയും ശാസ്ത്രസാങ്കേതികരംഗങ്ങളിലും ഉന്നതവിദ്യാഭ്യാസരംഗത്തും മുദ്രപതിപ്പിക്കുകയും ചെയ്തതോടെ സര്‍ക്കാര്‍ സ്‌കൂളുകളോടും പൊതുവിദ്യാലയങ്ങളോടും ജനങ്ങള്‍ക്കുണ്ടായിരുന്ന അവഗണനയ്ക്കു മാറ്റംവരികയും മലയാളഭാഷാപഠനത്തിനു കൂടുതല്‍ സ്വീകാര്യതയുണ്ടാവുകയും ചെയ്തു. പ്രാഥമികതലത്തില്‍ ഭാഷ വിദ്യാഭ്യാസമാധ്യമമായി ഉപയോഗിക്കുക എന്നാല്‍, അത് മറ്റു ഭാഷകള്‍ പഠിക്കുന്നതിനുള്ള അടിസ്ഥാനംകൂടിയാണ് സൃഷ്ടിക്കുന്നത്. പൊതുവിദ്യാഭ്യാസസ്ഥാപനങ്ങള്‍ മെച്ചപ്പെട്ട സൗകര്യങ്ങളോടുകൂടി സ്മാര്‍ട്ട് ക്ലാസുകളുമായി വികസിപ്പിച്ചതും വിദ്യാഭ്യാസരംഗത്തു മലയാളത്തിനും പൊതുവിദ്യാലയങ്ങള്‍ക്കും നേട്ടമുണ്ടാക്കി. സര്‍ക്കാര്‍സ്‌കൂളുകളില്‍നിന്നുള്ള കൊഴിഞ്ഞുപോക്ക് ക്രമാതീതമായി വര്‍ധിച്ച ഒരു കാലഘട്ടത്തില്‍നിന്ന് സര്‍ക്കാര്‍ സ്‌കൂളുകളിലേക്ക് കുട്ടികള്‍ എത്തുന്ന ഒരു സാഹചര്യത്തിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ് മലയാളത്തിന്റെ പൊതുവിദ്യാഭ്യാസമണ്ഡലം.
മലയാളം വൈജ്ഞാനികഭാഷ എന്ന നിലയില്‍
ലോകത്തിലെ സമസ്ത വിജ്ഞാനശാഖകളും വൈജ്ഞാനികസാഹിത്യത്തില്‍ ഉള്‍പ്പെടുന്നു. ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭംവരെ ഭാരതത്തിന്റെ വൈജ്ഞാനികസമ്പത്ത് പ്രധാനമായും സംസ്‌കൃതത്തിലായിരുന്നു. മലയാളത്തിലുണ്ടായ കൃതികള്‍പോലും സംസ്‌കൃതകൃതികളുടെ വിവര്‍ത്തനമോ, അവയെ ആധാരമാക്കി എഴുതപ്പെട്ടവയോ ആയിരുന്നു. എന്നാല്‍, കോളനിവത്കരണത്തിനുശേഷം വിദ്യാഭ്യാസം ആഗോളവത്കരിക്കപ്പെട്ടതോടെ വൈജ്ഞാനികരംഗം ഇംഗ്ലീഷ്ഭാഷയുടെ മേല്‍ക്കോയ്മയായി മാറി. ഇംഗ്ലീഷ് ലോകഭാഷയായതിനാല്‍ സാങ്കേതികപദാവലി ഇംഗ്ലീഷില്‍ത്തന്നെ വേണമെന്നായി. വൈജ്ഞാനികമായ അറിവുകള്‍ ഇംഗ്ലീഷിലൂടെമാത്രം എന്ന നിലയിലേക്കു മാറുകയും അതിനനുസരിച്ച് മലയാളം വൈജ്ഞാനികസാഹിത്യത്തില്‍നിന്ന് അവഗണിക്കപ്പെടുകയും ചെയ്തു. എ.ആര്‍. രാജരാജവര്‍മ്മ, അപ്പന്‍ തമ്പുരാന്‍, കേരളവര്‍മ്മ വലിയകോയിത്തമ്പുരാന്‍, പാച്ചുമൂത്തത്, കൃഷ്ണന്‍ പണ്ടാല, പ്രൊഫ. ജോസഫ് മുണ്ടശ്ശേരി, ഐ.സി. ചാക്കോ, ടി.കെ. ജോസഫ്, പി.കെ. കോരു, ഡോ. കെ. ഭാസ്‌കരന്‍നായര്‍ തുടങ്ങി അറിയപ്പെടുന്നതും അറിയപ്പെടാത്തവരുമായ നിരവധി ക്രാന്തദര്‍ശികള്‍ വൈജ്ഞാനികസാഹിത്യം മലയാളത്തിലാക്കാന്‍ വളരെയധികം പരിശ്രമിച്ചിട്ടുണ്ട്. കേരള ഭാഷാ ഇന്‍സ്റ്റിറ്റ്യൂട്ട്, ശാസ്ത്രസാഹിത്യപരിഷത്ത്, ദേശീയ വിവര്‍ത്തനമിഷന്‍ എന്നിവയുടെ ആഭിമുഖ്യത്തിലുള്ള പ്രവര്‍ത്തനങ്ങളും ശ്രദ്ധേയമായി തുടര്‍ന്നുവരുന്നു. ഇത്തരത്തില്‍ വ്യക്തികളുടെയും സര്‍ക്കാര്‍സ്ഥാപനങ്ങളുടെയും സന്നദ്ധസംഘടനകളുടെയു മൊക്കെ പ്രവര്‍ത്തനം വൈജ്ഞാനികസാഹിത്യം മലയാളത്തിലാക്കാനായി നടക്കുന്നുണ്ടെങ്കിലും ഈ മേഖല പൂര്‍ണമായും കാര്യക്ഷമമാണ് എന്നു പറയാന്‍ കഴിയില്ല.
വൈജ്ഞാനികസാഹിത്യം മലയാളത്തില്‍ നേരിടുന്ന പ്രധാന വെല്ലുവിളി നിലവില്‍ മലയാളത്തില്‍ സ്വീകരിച്ചുപോരുന്ന സാങ്കേതികപദങ്ങളുടെ ദുര്‍ഗ്രഹതയാണ്. ഇതിനു പ്രധാനകാരണം സാങ്കേതികപദാവലി ഇംഗ്ലീഷില്‍നിന്നു പ്രാദേശികഭാഷയിലേക്കു വിവര്‍ത്തനം ചെയ്യുന്നുണ്ടെങ്കില്‍ അത് സങ്കീര്‍ണപദാവലി ആയിരിക്കണമെന്ന മിഥ്യാധാരണയാണ്. അതുകൊണ്ടുതന്നെ ഇംഗ്ലീഷില്‍നിന്ന് മലയാളത്തിലേക്കു വിവര്‍ത്തനം ചെയ്യുമ്പോള്‍ മലയാളത്തില്‍നിന്നല്ല, മറിച്ച് സംസ്‌കൃതത്തില്‍നിന്നാണ് പദങ്ങള്‍ സ്വീകരിക്കപ്പെടുന്നത്. അതുകൊണ്ടാണ് ചൂട് ഊഷ്മാവും തിളനില ക്വഥനാങ്കവും തലയോട്ടി കപാലവും തലച്ചോറ് മസ്തിഷ്‌കവുമൊക്കെയായി മാറിയത്. പ്രൊഫ. ജോസഫ് മുണ്ടശ്ശേരി കോപ്പര്‍ സള്‍ഫേറ്റ് അഥവാ തുരിശിനു നല്‍കിയ പേര് 'തുത്ഥാഞ്ജനം' എന്നായിരുന്നു (അനില്‍കുമാര്‍ വടവാതൂര്‍, 2014).
സാങ്കേതികപദങ്ങള്‍ വിവര്‍ത്തനം ചെയ്യുമ്പോള്‍ വിവര്‍ത്തനം ചെയ്യേണ്ടതുമാത്രം വിവര്‍ത്തനം ചെയ്താല്‍ മതിയാകും. വിവര്‍ത്തനത്തിനു വിധേയമല്ലാത്തതിനെ അതേപടി ഉപയോഗിക്കുകയും വേണം. വിവര്‍ത്തനം ചെയ്യുന്നത് പദങ്ങളുടെ അര്‍ഥം യുക്തിപൂര്‍വം ഗ്രഹിക്കാന്‍ സാധിക്കത്തക്ക രീതിയിലാവണം അല്ലെങ്കില്‍ വിവര്‍ത്തനം ജനകീയമാകാതെ മാറിനില്‍ക്കും. അതുകൊണ്ടാണ് 'വിദ്യുത് സഞ്ചിക' ബാറ്ററിയായി നിലനില്‍ക്കുന്നതും ഹോര്‍മോണ്‍, ലെന്‍സ്, ഓക്‌സിജന്‍, ആറ്റം, കമ്പ്യൂട്ടര്‍, നെറ്റ് വര്‍ക്ക്, ഇന്റര്‍നെറ്റ് തുടങ്ങിയ നൂറുകണക്കിനു പദങ്ങള്‍ മലയാളം സ്വീകരിച്ചതും. 'അയീഹൌലേ ഹശല' എന്നതിനെ 'ആത്യന്തികമായ അസത്യം' എന്നും പച്ചക്കള്ളം എന്നും വിവര്‍ത്തനം ചെയ്യുന്നതിന്റെ സാധുതയാണ് 'ജനകീയമാകല്‍' എന്ന പ്രക്രിയയുടെ അടിസ്ഥാനം. മലയാളത്തില്‍ ടുലലറ ഴീ്‌ലൃിലൃ എന്നതിന് ആദ്യമുണ്ടായ 'വേഗമാപിനി' എന്ന പദം വളരെ വേഗംതന്നെ 'വേഗപ്പൂട്ട്' ആയി ജനകീയമായത് ഇക്കാരണത്താലാണ്. ലളിതമായ വിവര്‍ത്തനത്തിന് മറ്റൊരുദാഹരണമാണ് ആള്‍നൂഴി. ഇത്തരത്തിലുള്ള 'ജനകീയമാകല്‍' മലയാളത്തിന് ശാസ്ത്രസാങ്കേതികവിഷയങ്ങളില്‍ അനിവാര്യമാണ്. ഈ വിഷയങ്ങളില്‍ മലയാളത്തില്‍ സ്വീകരിച്ചുപോന്ന കഠിനമായ സംസ്‌കൃതപദങ്ങള്‍ സ്‌കൂള്‍തലത്തില്‍പോലും കുട്ടികള്‍ക്ക് മലയാളത്തില്‍ ശാസ്ത്രപഠനം എന്നത് വിരസമാക്കി. ഉന്നതവിദ്യാഭ്യാസരംഗമാകട്ടെ, ശാസ്ത്രവിഷയങ്ങള്‍ മലയാളമാധ്യമത്തില്‍ എന്നതു സ്വപ്നം കാണാന്‍പോലുമാകാതെ മാറിനിന്നു.
ചുരുക്കത്തില്‍, മലയാളഭാഷയോടുള്ള സമീപനത്തില്‍ ഇന്ന് കാതലായ മാറ്റം വന്നിരിക്കുന്നു എന്നു കാണാം. മലയാളത്തിനു ലഭിച്ച ശ്രേഷ്ഠഭാഷാപദവിയും ഭരണഭാഷാപ്രഖ്യാപനവും മലയാളസര്‍വകലാശാലയും ഭാഷയോടുള്ള മലയാളിയുടെ മനോഭാവം ഭേദപ്പെടുത്താനുള്ള മരുന്നായി മാറി. ശ്രേഷ്ഠഭാഷാപദവി ആവശ്യമോ അല്ലയോ എന്നുള്ള ചര്‍ച്ചകള്‍ക്കൊന്നും ഇടം നല്‍കാതെ ഭാഷയ്ക്കു വളരാനുള്ള വളമായി അതിനെ ഉപയോഗിക്കുകയാണിനിവേണ്ടത്. ഭാഷയുടെ അതിജീവനം സാമൂഹികബോധം, മനോഭാവം, സാധ്യത എന്നിവയെ ആശ്രയിച്ചിരിക്കുന്നു. ഭാഷാസ്‌നേഹം കൊണ്ടുമാത്രം ആരും മാതൃഭാഷ പഠിക്കാനും സംരക്ഷിക്കാനും തയ്യാറാവണമെന്നില്ല; മറിച്ച്, സമ്മര്‍ദവും സാധ്യതകളുമാണ് ഭാഷയ്ക്ക് പ്രയോഗമണ്ഡലത്തില്‍ സാധുതയുണ്ടാക്കുന്നത്. നാം സംരക്ഷിക്കുന്ന ഭാഷ നമ്മുടെ ജീവിതത്തിനു സഹായിക്കുന്നതുകൂടിയാവണം. ഔദ്യോഗികപരമായും വിദ്യാഭ്യാസപരമായുമുള്ള ഭാഷാപരമായ അവകാശം സംരക്ഷിക്കപ്പെടണം. എന്നാല്‍മാത്രമേ ഭാഷ നിലനില്‍ക്കൂ. മലയാളമെന്ന മാതൃഭാഷ ഒരു വിഷയമായിപ്പോലും പഠിക്കാതെ സ്‌കൂള്‍തലംമുതല്‍ ഉന്നതവിദ്യാഭ്യാസം വരെ നേടാനും സര്‍ക്കാര്‍ജോലി നേടാനും സാധിക്കുകയും ഭരണസംവിധാനത്തില്‍ മാതൃഭാഷയ്ക്ക് ഒരു പങ്കുമില്ലാതിരിക്കുകയും ചെയ്യുന്ന ഒരു സമൂഹത്തില്‍ ഭാഷയ്ക്ക് അര്‍ഹിക്കുന്ന സ്ഥാനം ലഭിക്കുമെന്നു പ്രതീക്ഷിക്കാന്‍ കഴിയില്ല. ഇതാണ് രണ്ടായിരാമാണ്ടിന്റെ തുടക്കത്തില്‍ ഭാഷ മരിക്കുകയാണ് എന്ന ആശങ്കയിലാക്കിയത്. എന്നാല്‍, ഇന്നു ഭാഷയ്ക്കു ലഭിക്കുന്ന സ്വീകാര്യതയും ഔദ്യോഗികഭാഷയും നിര്‍ബന്ധിത വിദ്യാഭ്യാസഭാഷയുമായതിനുശേഷം സമൂഹത്തിലുണ്ടാകുന്ന അനുരണനങ്ങളും എല്ലാം ഭാഷയുടെ ഔന്നത്യത്തെ തെളിയിക്കുന്നു.
ശാസ്ത്രസാങ്കേതികവിഷയ ങ്ങളില്‍ മലയാളത്തിന്റെ സാധ്യത ആശാവഹമായി മാറിക്കൊണ്ടിരിക്കുന്ന ഈ സാഹചര്യത്തില്‍, അതിന്റെ പ്രയോഗക്ഷമതയ്ക്കായി നാം ഇനിയും ഒരുപാടു പ്രവര്‍ത്തിക്കേണ്ടതുണ്ട്.
2023 ലെ ലോക മാതൃഭാഷാദിനത്തിന്റെ വിഷയം 'ബഹുഭാഷാവിദ്യാഭ്യാസം: വിദ്യാഭ്യാസമേഖല പരിവര്‍ത്തനം ചെയ്യേണ്ടതിന്റെ അനിവാര്യത' എന്നതാണ്. മാതൃഭാഷ എന്ന നിലയില്‍ മലയാളത്തെക്കുറിച്ചുമാത്രം സംസാരിക്കുമ്പോള്‍ കേരളത്തിലെ ന്യൂനപക്ഷ, ഗോത്രഭാഷകള്‍ ഉള്‍പ്പെടുന്ന മറ്റു ഭാഷകളെ അവഗണിക്കുന്നതല്ല; മറിച്ച്, ഭൂരിപക്ഷഭാഷ എന്ന നിലയില്‍, കൂടുതല്‍ പേരുടെ മാതൃഭാഷ എന്ന നിലയില്‍, മലയാളത്തിന്റെ ഭാഷാസൂത്രണവിഷയത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കി എന്നേയുള്ളൂ. നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം ത്രിഭാഷാധിഷ്ഠിതമാകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു. അത് തീര്‍ച്ചയായും മാതൃഭാഷ, പ്രാദേശികഭാഷ, ആഗോളഭാഷ എന്ന ക്രമത്തിലാണ് ആകേണ്ടത്. മാതൃഭാഷയിലൂന്നി പ്രാദേശികഭാഷയെയും പരിപോഷിപ്പിക്കുന്ന വിധത്തിലുള്ള ബഹുഭാഷാവിദ്യാഭ്യാസമാണ് ഇന്നത്തെ സാഹചര്യത്തില്‍ സാധ്യമായിട്ടുള്ളത്. അതോടൊപ്പം ഹിന്ദിയോ ആഗോളഭാഷ എന്ന നിലയില്‍ ഇംഗ്ലീഷോ ഒരു ഭാഷ എന്ന നിലയില്‍ പഠിക്കാവുന്നതാണ്. അപ്പോഴും വിദ്യാഭ്യാസമാധ്യമം മാതൃഭാഷതന്നെയായിരിക്കണമെന്നത് ശ്രദ്ധ ചെലുത്തേണ്ട വസ്തുതയാണ്. അത് ഉന്നതവിദ്യാഭ്യാസത്തിലടക്കം മാതൃഭാഷാമാധ്യമം ആയിട്ടില്ലെങ്കില്‍ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായം തത്തമ്മേ പൂച്ച പൂച്ച എന്ന മട്ടില്‍ യാന്ത്രികമായി മുന്നോട്ടുപോവുക മാത്രമായിരിക്കും ചെയ്യുക. വിദ്യാഭ്യാസം മുന്നോട്ടുവയ്ക്കുന്ന സര്‍ഗാത്മകത എന്ന ലക്ഷ്യത്തെ പരിപോഷിപ്പിക്കാന്‍, പൂര്‍ത്തിയാക്കാന്‍ നമ്മുടെ വിദ്യാഭ്യാസസമ്പ്രദായത്തിനു കഴിഞ്ഞില്ല എന്നു വരും.