•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

കഥയും-തിരക്കഥ-സംഭാഷണം : നിര്‍മിതബുദ്ധി

ദൈവം തന്ന  ബുദ്ധികൊണ്ടു  ബുദ്ധിയെ നിര്‍മിക്കുന്ന തിരക്കിലാണ് ഇന്നു മനുഷ്യര്‍. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് എന്ന പഠനശാഖയും ശാസ്ത്രശാഖയുമാണ് മനുഷ്യന്റെ ഇന്നത്തെ ഗവേഷണവിഷയം.
മനുഷ്യര്‍ മടിയന്മാരോ അലസന്മാരോ ആയി മാറിയേക്കാവുന്ന കാലമാണിനി വരാന്‍ പോകുന്നത്. ആര്‍ക്കും ആരുമാകാമെന്നതിലേക്ക് നിര്‍മിതബുദ്ധി മനുഷ്യരെ ആകര്‍ഷിക്കുന്നു. സാഹിത്യരംഗത്തും കലാരംഗത്തും സിനിമാരംഗത്തും  വിദ്യാഭ്യാസമേഖലയിലും ആരോഗ്യപരിപാലനരംഗത്തും എന്നുവേണ്ട, സമസ്തമേഖലകളിലും മനുഷ്യന്റെ സര്‍ഗാത്മകതയെ തകിടംമറിക്കുന്ന ആപ്പുകള്‍ ഇറങ്ങിക്കഴിഞ്ഞു. സെല്‍ഫോണിനുമുമ്പില്‍ ജീവിതം ഹോമിക്കുന്ന ആധുനികതലമുറ ഒന്നുകൂടി സ്വന്തം കൈയിലെ കുഞ്ഞന്‍സ്‌ക്രീനിലേക്ക് ആകൃഷ്ടരാകും!
 കാലമേറെ നവീനമാകുമ്പോള്‍ ടെക്‌നോളജി മനുഷ്യന്റെ  ബയോഡേറ്റയെ ഇല്ലാതാക്കുന്നു. കണ്ണാടിയില്‍ നോക്കി 'ഞാനാരാണ്' എന്ന് ആശങ്കയോടെ ചോദിക്കുന്ന കാലം വിദൂരമല്ല. കോടാനുകോടി മനുഷ്യരുണ്ടെങ്കിലും  ഓരോരുത്തര്‍ക്കും സ്വന്തമായ വ്യക്തിത്വമുണ്ട്. വിവിധങ്ങളായ കഴിവുകള്‍കൊണ്ട് ഓരോരുത്തരും വ്യത്യസ്തരാണ്. ജന്മവാസനകള്‍കൊണ്ട് ആരെയും അദ്ഭുതപ്പെടുത്തുന്ന മനുഷ്യര്‍ക്ക് നിര്‍മിതബുദ്ധി 'ഭീഷണി'യാകുകയാണോ?
എന്തിനും മറുപടിയേകുന്ന ഗൂഗിള്‍, മനുഷ്യന്റെ ചിന്താശേഷിയും കര്‍മശേഷിയുമൊക്കെ കുറയ്ക്കുകയാണ്. ഇന്നത്തെ തലമുറയ്ക്ക് സെല്‍ഫോണിനെ ആശ്രയിക്കാതെ എന്തെങ്കിലും ഉത്തരം പറയാനാകുമോ? സ്വന്തം വീട്ടിലെ ടെലിഫോണ്‍ നമ്പര്‍ കാണാതെ അറിയുന്നവരിന്നുണ്ടോ? മനുഷ്യതലച്ചോറിന് വിവരശേഖരപരിമിതിയില്ല; ഓര്‍മകളുടെ സൂക്ഷിപ്പുകേന്ദ്രത്തിന് അദ്ഭുതാവഹമായ പ്രകടനമാണ് കാഴ്ചവയ്ക്കാനാകുക! എന്നാല്‍, അളവില്ലാത്ത അറിവുശേഖരകേന്ദ്രത്തിന് അഥവാ ഓര്‍മശേഖരകേന്ദ്രത്തിന് സാവധാനം മരവിപ്പു കടന്നുവരികയാണിന്ന്. ബുദ്ധിയെല്ലാം യന്ത്രത്തിനെ ഏല്പിച്ച് 'വിശ്രമിക്കുന്ന' ആധുനികമനുഷ്യരെയാണ് ഇനി കാണാനാകുകയെന്നു തോന്നുന്നു.
കഥയും കവിതയും സംഗീതവും തിരക്കഥയും തയ്യാറാക്കുന്ന നിര്‍മിതബുദ്ധി; കണക്കുസാറിനെ കണ്‍ഫ്യൂഷനിലാക്കുംവിധം ഹോംവര്‍ക്കു ചെയ്തു പഠനമുറിയിലെത്തുന്ന വിദ്യാര്‍ഥികള്‍. അധ്യാപകരില്ലാതെ പഠിക്കാമെന്ന് ആധുനികമക്കള്‍ 'പഠിക്കുന്ന കാലം!' രോഗലക്ഷണങ്ങള്‍ പറഞ്ഞുകൊടുക്കുമ്പോള്‍ രോഗനിര്‍ണയം നടത്തുന്ന ആപ്പുകള്‍! സകലരംഗവും നിര്‍മിതബുദ്ധി കീഴടക്കുമ്പോള്‍Chat - GPT (Chat Generative  Pretrained Transformer)bpw Bard (onl-ine translation)  മനുഷ്യനെ 'ബുദ്ധിമുട്ടിക്കാതെ' സര്‍ഗവാസനകളെക്കൂടി കൈയിലെടുത്തിരിക്കുന്നു. നിമിഷനേരംകൊണ്ട് കവിതയും കഥയും തിരക്കഥയുമൊക്കെ എഴുതുന്ന പുതിയ ഗൂഗിള്‍ പ്രതിഭാസങ്ങള്‍ നമ്മെ അദ്ഭുതപ്പെടുത്തുന്നുവെങ്കിലും മനുഷ്യരിലെ 'പ്രതിഭാസങ്ങള്‍' നിഷ്പ്രഭമാകുന്ന കാലമാണു കടന്നുവരുന്നത് എന്നറിയുക.
നിര്‍മിതബുദ്ധിയിലേക്കു ഫീഡു ചെയ്യപ്പെട്ട ലക്ഷക്കണക്കായുള്ള രോഗലക്ഷണങ്ങളുമായി പുതിയ രോഗിയുടെ ലക്ഷണങ്ങളും പരിശോധനാഫലങ്ങളും കംപ്യൂട്ടര്‍ തട്ടിച്ചുനോക്കി രോഗനിര്‍ണയം നടത്തുമ്പോള്‍ രോഗവും രോഗിയും ശരിയായ ദിശയിലാകുമോ? ഒരു ഡോക്ടര്‍ അവസരോചിതമായി ഉപയോഗിക്കുന്ന പ്രായോഗികബുദ്ധിയും  മുന്‍പരിചയവും  ഒപ്പം മനുഷ്യത്വവും ചേര്‍ത്തുള്ള പരിശോധനയോളം വരുമോ നിര്‍മിതബുദ്ധിയുടെ രോഗനിര്‍ണയം? ഇത്രമാത്രം ദ്രുതവേഗത്തില്‍ ചികിത്സ നടത്തുമ്പോഴും ആധുനികചികിത്സാരംഗവും രോഗനിര്‍ണയരീതിയും തൃപ്തികരമാകുന്നുണ്ടോ? കര്‍മരംഗത്തെ ആത്മാര്‍ഥതയ്ക്കപ്പുറം  എല്ലാത്തിലും ബിസിനസ് കണ്ടെത്തുന്നതാണ് എവിടെയും കാണുക! ആര്‍ക്കുവേണ്ടിയും കൈയടിക്കാന്‍ നില്ക്കാതെ സമ്മാനം എല്ലാവര്‍ക്കുമുണ്ടെന്നു പറയുന്ന ആധുനികത, സമൂഹത്തിന്റെ സൗന്ദര്യത്തെ ഇല്ലാതാക്കും. ജനിതകമായതിനെയെല്ലാം നിര്‍മിതബുദ്ധി ഇല്ലാതാക്കുമ്പോഴുണ്ടാകുന്ന ശൂന്യതാബോധം നാളെയുടെ മക്കളില്‍ കഴിവുകളുടെ ശോഷണത്തിനിടയാക്കും? യന്ത്രവും മനുഷ്യനും ഒരേ മത്സരത്തില്‍ പങ്കെടുക്കുകയാണെങ്കില്‍ സര്‍ഗാത്മകത തകരില്ലേ?
ഭാഷകൊണ്ടും പഠനനിരീക്ഷണംകൊണ്ടും ജനിതകവാസനയെ ജീവിതഗന്ധിയായ വ്യക്തിത്വരൂപീകരണത്തിനായി പണിതൊരുക്കിയ ്രപതിഭകളുടെ അധ്വാനത്തെ ചെറുതാക്കി കാണുന്ന ഇത്തരം നൈമിഷികശാസ്ത്രത്തെ കണ്ണുമടച്ചു സ്വീകരിക്കണമോ? ചാറ്റ് ജിപിറ്റിയും ബാര്‍ഡുമൊക്കെ കടന്നുവരുന്നതോടെ പലതിലും 'ഒറിജിനലും ഡ്യൂപ്ലിക്കേറ്റും' തിരിച്ചറിയാന്‍ പാടുപെടും! കംപ്യൂട്ടറിനു കാലികമായി ചിന്തിക്കാനാകില്ലെന്നറിയുമ്പോഴും കവിതകളും കഥകളും ആവര്‍ത്തനമാകാമെന്ന് തിരിച്ചറിയുമ്പോഴും രചനകള്‍ രചനകളല്ലാതാകുന്നില്ലല്ലോ?
അധ്യാപകരില്ലാത്ത വിദ്യാഭ്യാസം വെറും അറിവുശേഖരം മാത്രമാകില്ലേ? മനുഷ്യരെ മനുഷ്യരാക്കി മാറ്റുന്ന രൂപീകരണപ്രക്രിയയാണ് അധ്യാപകരിലൂടെ നടക്കുന്നത്. ധാര്‍മികതയും സന്മാര്‍ഗിക തയും സത്യധര്‍മാദികളുടെ നിലനില്പുമൊക്കെ ഗുരുമുഖത്തുനിന്നു ലഭിക്കുമ്പോഴുള്ള അനുഭവം നമ്മുടെ ആധുനികആപ്പുകള്‍ക്കുണ്ടാകുമോ? ജീവിതത്തിന്റെ സമസ്താവശ്യങ്ങളും  'ആപ്പു'വഴി നടത്തിക്കൊടുക്കുന്ന 'ന്യൂജെന്‍' മനുഷ്യര്‍ക്ക് സംസര്‍ഗവും സംഭാഷണവും സൗഹൃദവുമൊക്കെ നഷ്ടമായിക്കഴിഞ്ഞു. മനുഷ്യരെപ്പോലും 'യന്ത്ര'മായിക്കാണുന്ന ആധുനികതലമുറയ്ക്ക് 'സ്‌കില്‍' എന്നതു പൂര്‍ണമായും നഷ്ടമായി. എഴുതാനും വായിക്കാനും മടിയുള്ളവരായി മാറിക്കഴിഞ്ഞു,അവര്‍. സമ്പാദിക്കാനുള്ള വഴി അറിഞ്ഞിരിക്കുന്നതാണ് അറിവ് എന്നാണു പുതിയ ചിന്ത.
മനുഷ്യരുടെ ജനിതകമായ വൈഭവങ്ങളെ വളര്‍ത്തുന്നതിലാണ് വിജയമടങ്ങുന്നത്. ഓരോരുത്തര്‍ക്കും  ദൈവമേല്പിച്ച 'വേഷം' ഉണ്ടെന്നറിയണം. എല്ലാവരും ഒരേ വേഷത്തിലായാല്‍ ജീവിതം പ്രഹസനമാകും. നിര്‍മിതബുദ്ധിയുടെ  നിര്‍മാണമേറ്റെടുത്തിരിക്കുന്ന 'അതിബുദ്ധി'ക്കാര്‍ തങ്ങളുടെ കര്‍മരംഗംകൊണ്ട് സജീവമായി ജീവിതം മുന്നോട്ടു നയിച്ചേക്കാം. പരീക്ഷയില്‍ ഉന്നതമാര്‍ക്കു നേടുന്നതും  പരീക്ഷായോഗ്യതയില്‍ മുന്‍നിരയിലാകുന്നതും മാത്രമാണു വിജയമെന്ന്  ആരാണു നമ്മോടു പറഞ്ഞത്? മുട്ടിലിഴയുന്ന കുഞ്ഞുങ്ങള്‍ പോലും 'സെല്‍ഫോണിന്റെ പരീക്ഷ' നിഷ്പ്രയാസം വിജയിക്കുന്നു, അവര്‍ക്കറിയാത്തതതായി സെല്‍ഫോണില്‍ ഒന്നുമില്ലായെന്നാണ് ചുറ്റുമുള്ളവര്‍  അഭിമാനപൂര്‍വം  പറയുക! അപ്പോഴും പഴയതലമുറയുടെ വിവരവും വിവേകവും അറിവും നെറിവും നന്മയും പരിസരബോധവും സൗഹൃദവും സമ്പര്‍ക്കവും ഒരുമയുമൊക്കെ  ഇന്നുണ്ടോയെന്നു പരിശോധിക്കണം. ലോകജാലകം വിരല്‍ത്തുമ്പിലാണെങ്കിലും അടുത്തിരിക്കുന്നവരിലേക്കുള്ള കണ്ണുതുറക്കല്‍ തീരെയില്ല.
ചൊവ്വാഗ്രഹത്തിലെ ജലസാന്നിധ്യം തിരിച്ചറിയുമ്പോഴും നമ്മുടെ വീടുകളില്‍ ഒരിറ്റു വെള്ളത്തിനായി തൊണ്ട വളരുന്നവരിന്നുമില്ലേ? സൊമാലിയന്‍പട്ടിണിയെക്കുറിച്ചു വാ തോരാതെ  പറയുമ്പോഴും നമ്മുടെയിടയില്‍ പട്ടിണി കിടന്നു മരിക്കുന്നവരിന്നുമില്ലേ? സാക്ഷരത സമ്പൂര്‍ണമാകുമ്പോഴും, ലോകഭാഷകളില്‍ അഗാധപാണ്ഡിത്യം  കരസ്ഥമാക്കുമ്പോഴും കുടുംബങ്ങളില്‍ പരസ്പരം 'ഭാഷ മനസ്സിലാകാതെ' വിവാഹമോചനത്തിനു പടവെട്ടുന്നവരേറുകയല്ലേ? ബന്ധങ്ങളുടെ വിലയറിയാതെ എന്തിനും വിലയിട്ടുവാങ്ങുന്ന  ആധുനികആപ്പുകള്‍ മനുഷ്യത്വത്തെയും വ്യക്തിത്വത്തെയും ഇല്ലാതാക്കുന്നു. നിര്‍മിതബുദ്ധി 'ഒരേ ബുദ്ധി' പ്രകടിപ്പിക്കുമ്പോള്‍ മനുഷ്യരുടെ ബുദ്ധിയുടെ  അളവും വിവരശേഖരപരിധിയും നിശ്ചയിക്കാനാകാത്തതാണെന്നതു തര്‍ക്കമറ്റതല്ലേ?  നിശ്ചയിച്ചുറപ്പിച്ചു നല്‍കിയ ഡേറ്റാബാങ്കില്‍നിന്നു പുറത്തെടുക്കുന്ന ഉത്തരങ്ങളും പഠനങ്ങളുമല്ലേ നിര്‍മിതബുദ്ധിയില്‍നിന്നു നമുക്കു കിട്ടുക?!
ടെക്‌നോളജി എത്രമാത്രം പുരോഗമിച്ചാലും മനുഷ്യനെന്ന ദൈവത്തിന്റെ മഹാടെക്‌നോളജിയെ മറികടക്കാനാകുമെന്ന ചിന്ത വ്യര്‍ഥമാണ്. സ്വര്‍ഗത്തിലെപ്പോലെ ഭൂമിയിലുമാകണമെന്ന പ്രാര്‍ഥന  അര്‍ഥപൂര്‍ണമാകണമെങ്കില്‍ മനുഷ്യന്റെ മനുഷ്യത്വം തകരാതെ കാക്കണം. മറ്റുള്ളവരെ സഹാനുഭൂതിയോടെയും ബഹുമാനത്തോടെയും കാണാന്‍ കഴിയണം. സഹജവാസനകള്‍  അര്‍ഥപൂര്‍ണവും പ്രോത്സാഹജനകവുമാകണം. ആരെയും ചെറുതായിക്കാണുന്നതിനു പകരം എല്ലാവരും നമ്മെക്കാള്‍ വലിയവരാണെന്ന ദൈവികത സ്വന്തമാക്കണം. മനുഷ്യരുടെ സ്വത്വബോധം തകരാറിലാക്കുന്ന ടെക്‌നോളജിയെ പിന്‍തുടരരുത്. എത്ര അറിവുണ്ടെങ്കിലും നമ്മിലെ ഈശ്വരാധീനത കൈവെടിയരുത്; സകലതും ദൈവദാനമാണെന്ന പ്രാഥമികവിശ്വാസവും തകര്‍ക്കരുത്. ബന്ധങ്ങള്‍ വളരണം; സൗഹൃദങ്ങള്‍ പുനഃസ്ഥാപിക്കപ്പെടണം, മുഖാമുഖമുള്ള സംവേദനങ്ങള്‍ ശക്തമാകണം; ബന്ധങ്ങള്‍ ബലപ്പെടുവാനും മനുഷ്യര്‍ മനുഷ്യരായി വളരാനും സഹായിക്കുന്നതുമാത്രമാകണം ടെക്‌നോളജി.
ഡിജിറ്റിലൈസേഷന്‍ വഴി മനുഷ്യരിലെ മനുഷ്യനെ  കൂടുതല്‍ നന്മയുടെ പ്രവര്‍ത്തനങ്ങളിലേക്കെത്തിക്കുന്നെങ്കില്‍ മാത്രമേ നമുക്ക് മനുഷ്യരായിത്തന്നെ ജീവിതം മുന്നോട്ടു നയിക്കാന്‍ കഴിയൂ. സകലതും യന്ത്രത്തിനെ ഏല്പിച്ച് ഉത്തരങ്ങള്‍ക്കായി കാത്തിരിക്കുന്ന 'മടിയന്‍ മനുഷ്യരെ' ദൈവത്തിനും ഇഷ്ടമാകുമോ?

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)