ദൈവദാസന്‍ ഫാ. ബ്രൂണോ കണിയാരകത്തിന്റെ (ആത്മാവച്ചന്‍) പൗരോഹിത്യസ്വീകരണത്തിന്റെ ശതാബ്ദിയോടനുബന്ധിച്ച് പാലാ രൂപതയുടെ മുന്‍ സഹായ മെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍, ബ്രൂണോ അച്ചന്റെ കബറിടം സ്ഥിതി ചെയ്യുന്ന കുര്യനാട് സിഎംഐ ആശ്രമത്തില്‍ നടത്തിയ പ്രസംഗത്തില്‍നിന്ന് :
രാമപുരം ഇടവകയിലെ കണിയാരകത്ത് തറവാട്ടില്‍ ആഗസ്തി-ഏലിയാമ്മ ദമ്പതികളുടെ മകനായി 1894 നവംബര്‍ 20 ന് ഫാ. ബ്രൂണോ ജനിച്ചു. ദേവസ്യ എന്നായിരുന്നു മാമ്മോദീസപ്പേര്. 1923 മേയ് 20 ന് അദ്ദേഹം ധന്യന്‍ മാര്‍ തോമസ് കുര്യാളശ്ശേരിപ്പിതാവില്‍നിന്നു തിരുപ്പട്ടം സ്വീകരിച്ചു. അദ്ദേഹത്തിന്റെ തിരുപ്പട്ടസ്വീകരണത്തിന്റെ നൂറാം വാര്‍ഷികം നാം ആഘോഷിക്കുകയാണ്. 97 വര്‍ഷക്കാലം ഭൂമിയില്‍ കര്‍ത്താവീശോയ്ക്കു സാക്ഷ്യംവഹിച്ചുകൊണ്ട് അദ്ദേഹം ജീവിച്ചു.
1991 ഡിസംബര്‍ 15-ാം തീയതിയാണ് ബ്രൂണോ അച്ചന്‍ ഈലോകജീവിതം പൂര്‍ത്തിയാക്കി ദൈവം തനിക്കു നല്‍കുന്ന 'ജീവന്റെ കിരീടം' സ്വീകരിക്കുന്നതിനായി സ്വര്‍ഗത്തിലേക്ക് എടുക്കപ്പെട്ടത്. ഈശോയില്‍ വിശ്വസിക്കുകയും ജീവിക്കുകയും ചെയ്യുന്നവന്‍ മരിച്ചാലും ജീവിക്കും എന്നതിനു സാക്ഷ്യമായി നമ്മുടെ ഇടയില്‍നിന്ന് ഒരാള്‍കൂടി ഉണ്ടായിരിക്കുന്നു എന്നതിന്റെ തെളിവാണ് ബ്രൂണോ അച്ചന്റെ കബറിടം.
എന്താണ് ഈ വൈദികന്റെ സവിശേഷതയെന്നു ചോദിച്ചാല്‍ വിശുദ്ധ ഗ്രന്ഥം ഉത്തരം നല്‍കും. വി. പൗലോസ് ശ്ലീഹാ പറയുന്നു: ''ഞങ്ങളിലെ ബാഹ്യമനുഷ്യന്‍ ക്ഷയിച്ചുകൊണ്ടിരിക്കുകയാണെങ്കിലും ആന്തരികമനുഷ്യന്‍ അനുദിനം നവീകരിക്കപ്പെടുന്നു (2 കോറി. 4:16). ബ്രൂണോ അച്ചനെ വിശ്വാസികള്‍ വിളിച്ച പേരാണ് ആത്മാവച്ചന്‍. ബാഹ്യമായി നോക്കുമ്പോള്‍, ചര്‍മം അസ്ഥിയോട് ഒട്ടിപ്പിടിച്ചിരിക്കുന്നതുപോലെ ഒരു മനുഷ്യന്‍. ബ്രൂണോ അച്ചനില്‍ ജനം കണ്ടത് ശരീരമല്ല; ആത്മാവിനെയാണ്.
ഈശോമിശിഹായുടെ പ്രതിപുരുഷനായ ഒരു ക്രൈസ്തവപുരോഹിതന് എത്താവുന്ന ഔന്നത്യമാണ് ആത്മാവച്ചന്‍. പുരോഹിതര്‍ കണ്ടുപഠിക്കേണ്ട ഒരു ഐക്കണ്‍ ആണ് ഫാ. ബ്രൂണോ കണിയാരകത്ത് സി.എം.ഐ. പൗരോഹിത്യത്തിന്റെ മഹത്ത്വം ശൂന്യവത്കരണത്തിലാണ്. എത്രമാത്രം സ്വയംശൂന്യമാക്കപ്പെടുന്നുവോ അത്രമാത്രം ദൈവം അവനെ മഹത്ത്വവത്കരിക്കും.
രണ്ടു തരത്തിലുള്ള മഹത്ത്വപ്പെടുത്തലുണ്ട്. ഒന്ന്, ലോകം ചാര്‍ത്തുന്ന മഹത്ത്വം. ലോകത്തോട് അനുരൂപപ്പെടുന്നവരുടെമേല്‍ ലോകം അതിന്റെ പ്രതാപം ചൊരിയും. മരണത്തോടെ അവസാനിക്കുന്ന പ്രതാപം. രണ്ട്, ദൈവം തന്റെ വിശ്വസ്തരുടെമേല്‍ ചൊരിയുന്ന മഹത്ത്വം. ക്രൂശിതനായ ഈശോയുടെ ഭൂമിയിലെ നിഴലാകുമ്പോള്‍ ദൈവം ഒരുവന്റെമേല്‍ ചൊരിയുന്ന അംഗീകാരമുദ്ര. അതു ജീവിച്ചിരിക്കുമ്പോഴും മരണശേഷവും അവനില്‍ പ്രകാശിക്കും.
പത്രോസ് കടന്നുപോകുമ്പോള്‍ അവന്റെ നിഴലെങ്കിലും അവരില്‍ ഏതാനുംപേരുടെമേല്‍ പതിക്കുന്നതിനുവേണ്ടി ജനങ്ങള്‍ രോഗികളെ വഴിയരികില്‍ കിടത്തി (അപ്പ. പ്രവ. 5:15). കുര്യനാടുപ്രദേശത്തുള്ളവര്‍ ബ്രൂണോ അച്ചനില്‍ ഒരു 'നിഴല്‍' കണ്ടു; ഈശോയുടെ നിഴല്‍. ആത്മാവച്ചന്‍ ലോകവുമായി അനുരൂപപ്പെടുകയല്ല, ഈശോയുമായി മനുഷ്യനു സാധ്യമായവിധം അനുരൂപപ്പെടുകയാണു ചെയ്തത്.
കുര്യനാട് ഉദിച്ച ദൈവത്തിന്റെ നക്ഷത്രമായിരുന്നു ബ്രൂണാ അച്ചന്‍. ആ നക്ഷത്രം അനേകര്‍ക്ക് ഈശോയെ കാണാന്‍ സഹായകമായി. ഈശോ ജനിച്ചപ്പോള്‍ ജ്ഞാനികളെ വഴിനടത്തിയ നക്ഷത്രംപോലെയായിരുന്നു അത്. ഈശോ പ്രലോഭകനോടു പറഞ്ഞു: ''മനുഷ്യന്‍ അപ്പംകൊണ്ടുമാത്രമല്ല ജീവിക്കുന്നത്, ദൈവത്തിന്റെ വചനംകൊണ്ടുകൂടിയാണ് (മത്തായി 4:4).
സ്വര്‍ഗത്തില്‍നിന്നിറങ്ങിവന്ന ജീവനുള്ള അപ്പം ഭക്ഷിക്കുന്ന കര്‍ത്താവിന്റെ പുരോഹിതന് നശ്വരമായ ഈലോകജീവിതസുഖഭോഗങ്ങളുടെ പിന്നാമ്പുറംകണ്ട് അന്ധാളിക്കേണ്ട ആവശ്യമില്ല. കാരണം, അവന്‍ കാണുന്നത് ഒളിമങ്ങാത്ത അനശ്വരമായ സൗഭാഗ്യമാണ്. ഹെബ്രായലേഖനം 11:25 ല്‍ മോശയെക്കുറിച്ചു പറയുന്നു. ''പാപത്തിന്റെ നൈമിഷികസുഖങ്ങള്‍ ആസ്വദിക്കുന്നതിനെക്കാള്‍ ദൈവജനത്തിന്റെ കഷ്ടപ്പാടുകളില്‍ പങ്കുചേരുന്നതിനാണ് അവന്‍ ഇഷ്ടപ്പെട്ടത്.'' ഫറവോയുടെ കൊട്ടാരത്തിലെ സുഖഭോഗങ്ങളില്‍ മുഴുകുന്നതിനെക്കാള്‍ മോശ ഇഷ്ടപ്പെട്ടത് ദൈവേഷ്ടപ്രകാരം മരുഭൂമിയുടെ കാഠിന്യത്തിലായിക്കാനാണ്. കാരണം, നശ്വരമായ ജലാശയത്തിലെ നീര്‍ക്കുമിളകള്‍ക്കു സമാനമായ ലോകത്തിന്റെ പ്രതാപൈശ്വര്യങ്ങളിലല്ല; പ്രത്യുത, ദൈവം നല്‍കാനിരിക്കുന്ന പ്രതിഫലത്തിലാണ് അവന്‍ ദൃഷ്ടി പതിപ്പിച്ചത്.
എത്രയോ സമ്പന്നന്മാര്‍ കടന്നുപോയി, അവര്‍ സമ്പത്തുകൊണ്ട് അറിയപ്പെട്ടു. എത്രയോ കരുത്തന്മാര്‍ കടന്നുപോയി, അവര്‍ അറിയപ്പെട്ടത് അവരുടെ ശക്തിയിലാണ്. എത്രയോ അധികാരസ്ഥാനീയര്‍ കടന്നുപോയി, അവര്‍ അറിയപ്പെട്ടത് കസേരയുടെ കനത്തിലാണ്. ഇവിടെ കുര്യനാട്ട് ഒരു ദൈവമനുഷ്യന്‍ കടന്നുപോകാത്ത സാന്നിധ്യമായിരിക്കുന്നു. ജീവിച്ചിരുന്നപ്പോള്‍ ലോകദൃഷ്ടിയില്‍ ഒന്നും നേടിയില്ല. എന്നാല്‍, ദൈവത്തിന്റെ ശക്തിയും പ്രീതിയും അദ്ദേഹത്തിന്റെമേലുണ്ടായിരുന്നു.
വിശ്വാസത്തിന്റെ സൂര്യതേജസ്സായിരുന്നു ആത്മാവച്ചന്‍. 'എല്ലാം ദൈവതിരുമനസ്സ്'- അതായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍. പ്രാര്‍ഥന, തപസ്സ്, ജാഗരണം, ഉപവാസം എന്നിവകൊണ്ടു പ്രകൃതിയെത്തന്നെ ഇണക്കിയ തപോവര്യനാണദ്ദേഹം. ആത്മാവച്ചന്‍ പ്രാര്‍ഥിച്ചാല്‍ കൊടുങ്കാറ്റും ചുഴലിക്കാറ്റും അടങ്ങും. ഇടിയും മിന്നലും നിലയ്ക്കും. ദൈവത്തിന്റെ ആത്മാവുള്ളവന്‍ പ്രകൃതിശക്തികളെ നിലയ്ക്കു നിര്‍ത്തും. കൃഷിക്കാര്‍ക്ക് ഉപദ്രവം ചെയ്യുന്ന കീടങ്ങളെ അച്ചന്‍ വിലക്കിയാല്‍ പിന്നീടവ ഉപദ്രവം ചെയ്യുന്നില്ല. ദൈവമനുഷ്യരുടെ സാന്നിധ്യം ഉപദ്രവകാരികളായ ജീവികളെപ്പോലും മെരുക്കുന്നു. ഏശയ്യാപ്രവാചകന്‍ പറയുംവിധം, 'പശുക്കിടാവും സിംഹക്കുട്ടിയും ഒന്നിച്ചു മേയും.' അരിക്കൊമ്പന്മാരുടെ കാലത്തിലാണ് നമ്മള്‍. ദൈവത്തിന്റെ ആത്മാവ് ദുര്‍ബലപ്പെടുന്നിടത്ത് മനുഷ്യനും ജീവികളും ഹിംസസ്വഭാവമാര്‍ജിക്കും.
ബ്രൂണോ അച്ചനില്‍ കണ്ടത് ശരീരത്തിന്റെ കരുത്തല്ല, ആത്മാവിന്റെ ശക്തിയാണ്, ദൈവത്തിന്റെ ശക്തിയാണ്. ബ്രൂണോ അച്ചന്‍ പഠിപ്പിക്കുന്ന കാര്യങ്ങള്‍; റെഗുലര്‍ ആയിരിക്കുക, പങ്ച്വല്‍ ആയിരിക്കുക. സ്ഥിരതയും കൃത്യനിഷ്ഠയും സ്രഷ്ടാവുമായുള്ള ഐക്യത്തിന്റെ അടയാളമാണ്. ബ്രൂണോ അച്ചന്റെ ഇഷ്ടപ്പെട്ട മൂന്നു പദങ്ങളായിരുന്നു: ''പേടിക്കേണ്ടാ, സാരമില്ല, പ്രാര്‍ഥിക്കാം.'' ലോകവും മനുഷ്യരും ഇന്നു കേള്‍ക്കാനാഗ്രഹിക്കുന്ന മൂന്നു പദങ്ങളാണിവ. ആത്മാക്കള്‍ക്കുവേണ്ടിയുള്ള തീക്ഷ്ണതയായിരുന്നു അദ്ദേഹത്തിന്റെ പ്രത്യേകത. കുമ്പസാരവേദിയില്‍ ധാരാളം സമയം അദ്ദേഹം ചെലവഴിച്ചിരുന്നു. ആത്മാക്കളെ നേടുന്നതിന്റെ വിലയെക്കുറിച്ച് നല്ല തിട്ടമുണ്ടായിരുന്ന വൈദികനായിരുന്നു അദ്ദേഹം. ഒരു വൈദികന്റെ ഹൃദയം ജ്വലിക്കുകയാണ്; ഒരു പാപിയെ ദൈവത്തിന്റെ പക്കലേക്കു കൊണ്ടുവരുന്നതിനുവേണ്ടി. അതാണ് കുമ്പസാരക്കൂട്ടിലെ ശുശ്രൂഷയിലൂടെ ആത്മാവച്ചന്‍ ചെയ്തിരുന്നത്. ദൈവത്തിന്റെ പുരോഹിതന്‍ കൂടുതല്‍ സമയം അള്‍ത്താരയോടു ചേര്‍ന്നിരിക്കണം. ബ്രൂണോ അച്ചനെ ഇന്നാട്ടിലെ ജനങ്ങളെല്ലാം കണ്ടത് കൂടുതല്‍ സമയവും അള്‍ത്താരയില്‍ ദൈവത്തോടു ചേര്‍ന്നിരുന്ന് പ്രാര്‍ഥനവഴി ലോകത്തെ ദൈവത്തിലേക്കു നയിക്കുന്നതാണ്.