•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഒളിമ്പിക്‌സ് വേദിയാകാന്‍ ഇന്ത്യ !

ലോകത്തിലെ ഏറ്റവുമധികം ജനസംഖ്യയുള്ള രാജ്യമായി മാറിക്കഴിഞ്ഞ ഇന്ത്യ ലോകത്തിലേക്കും വലിയ ജനാധിപത്യരാജ്യവുമാണ്. 2023 ലെ ജി 20 അധ്യക്ഷസ്ഥാനവും വഹിക്കുന്നു. സൈനിക, സാമ്പത്തികശക്തിയായി മാറിക്കഴിഞ്ഞ ഇന്ത്യ കായികരംഗത്തും കരുത്തുകാട്ടിക്കഴിഞ്ഞു. ഹോക്കിയിലും ക്രിക്കറ്റിലും ചെസിലുമൊക്കെ ലോകകിരീടനേട്ടങ്ങള്‍ കൈവരിച്ച രാജ്യം ഒളിമ്പിക്‌സിലും മെഡല്‍പ്പട്ടികയില്‍ സ്ഥിരം സാന്നിധ്യമായി മാറിക്കൊണ്ടിരിക്കുന്നു. ഹോക്കിയില്‍ എട്ട് ഒളിമ്പിക്‌സ് സ്വര്‍ണത്തിന്റെ തിളക്കമാര്‍ന്ന ചരിത്രമുള്ള ഇന്ത്യയ്ക്ക് അഭിനവ് ബിന്ദ്രയിലൂടെ ഷൂട്ടിങ്ങിലും നീരജ് ചോപ്രയിലൂടെ അത്‌ലറ്റിക്‌സിലും ഒളിമ്പിക് വ്യക്തിഗത സ്വര്‍ണം സ്വന്തമായി. ഇനി ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാന്‍ ശ്രമം തുടങ്ങുകയാണ് ഇന്ത്യ.

ഒളിമ്പിക്‌സ് വേദിക്കായി അപേക്ഷിക്കാന്‍ ഇന്ത്യ ഒരുങ്ങുകയാണ്. 'സ്‌പോര്‍ട്‌സ്സ്റ്റാര്‍' സംഘടിപ്പിച്ച നാഷണല്‍ സ്‌പോര്‍ട്‌സ് കോണ്‍ക്ലേവില്‍ കേന്ദ്രസ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് ഠാക്കൂര്‍ ഇക്കാര്യം പരസ്യമാക്കുകയും ചെയ്തു. 2036 ലെ ഒളിമ്പിക്‌സിനു വേദിയാകാന്‍ അഹമ്മദാബാദ് നഗരത്തെയാകും ഇന്ത്യ ഉയര്‍ത്തിക്കാട്ടുക എന്നാണു സൂചന. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പ്രത്യേക താത്പര്യം ഇക്കാര്യത്തില്‍ ഉണ്ട് എന്നു വിശ്വസിക്കാം. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ (ഐ.ഒ.സി.) സെഷന്‍ ഈ വര്‍ഷം മുംബൈയില്‍ നടക്കുന്നുണ്ട്. ഐ.ഒ.സി. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗമായ നിത അംബാനിയുടെ താത്പര്യമാകണം മുംബൈ വേദിയാകാന്‍ കാരണം. 1983 ല്‍ ന്യൂഡല്‍ഹി ആതിഥ്യം വഹിച്ചതിനുശേഷം ആദ്യമായാണ് ഐ.ഒ.സി. സെഷന് ഇന്ത്യ വേദിയൊരുക്കുന്നത്. മുംബൈ സെഷനില്‍ ഒളിമ്പിക്‌സ് നടത്താനുള്ള ഇന്ത്യയുടെ താത്പര്യം പരസ്യമാക്കപ്പെടും.
1951 ല്‍ പ്രഥമ ഏഷ്യന്‍ ഗെയിംസിന് ആതിഥേയത്വം വഹിച്ച ഇന്ത്യ 1982 ല്‍ ന്യൂഡല്‍ഹിയില്‍ത്തന്നെ വീണ്ടും ഏഷ്യന്‍ ഗെയിംസ് വിജയകരമായി നടത്തി. 2010 ല്‍ ന്യൂഡല്‍ഹിയില്‍ കോമണ്‍വെല്‍ത്ത് ഗെയിംസും ഇന്ത്യ നടത്തി. ഗെയിംസ് വലിയ വിജയമായിരുന്നെങ്കിലും അതിനോടനുബന്ധിച്ച് ഉയര്‍ന്ന അഴിമതിയാരോപണങ്ങള്‍ ഇന്ത്യയുടെ സംഘടനാമികവിന്റെ നിറം കെടുത്തി. ഇന്ത്യന്‍ ഒളിമ്പിക് അസോസിയേഷനിലെയും  സംഘാടകസമിതിയിലെയും പ്രമുഖര്‍ പലരും ജയിലിലും കിടന്നു.
ഒളിമ്പിക്‌സിനും ലോകകപ്പ് ഫുട്‌ബോളിനുമൊക്കെ വേദികള്‍ അനുവദിച്ചതില്‍ പല തവണ അഴിമതിയാരോപണങ്ങള്‍ ഉയര്‍ന്നിട്ടുണ്ട്. പക്ഷേ, ഒരു രാജ്യാന്തര കായികമേള സംഘടിപ്പിച്ചതില്‍ ന്യൂഡല്‍ഹി കോമണ്‍വെല്‍ത്ത് ഗെയിംസ്‌പോലെ വ്യാപക അഴിമതിയാരോപണങ്ങള്‍ മറ്റെങ്ങും ഉയര്‍ന്നുകാണില്ല. ഒളിമ്പിക്‌സ് എന്ന മഹാമേളയുടെ വേദിക്കായുള്ള മത്സരത്തില്‍ പങ്കെടുക്കാന്‍ ഒരുങ്ങുമ്പോള്‍ അഴിമതിരഹിതമായി അതു നടത്തുമെന്ന ആത്മവിശ്വാസം ഇന്ത്യയ്ക്കുണ്ടാകണം. 
1996 ലെ അറ്റ്‌ലാന്റ ഒളിമ്പിക്‌സ് മുതല്‍ മെഡല്‍പട്ടികയില്‍ ഇന്ത്യ സ്ഥിരമായി സ്ഥാനം നേടുന്നു. 2008 മുതല്‍ ഒന്നിലധികം മെഡലും നേടുന്നു. ഹോക്കിക്ക് അപ്പുറം ഇന്ത്യയ്ക്ക് ഒരു ഒളിമ്പിക്‌സ് മെഡല്‍ ആദ്യമായി കിട്ടിയത് 1952 ല്‍ ഹെല്‍സിങ്കിയിലാണ്. അന്നു ഗുസ്തിയില്‍ ജെ.ഡി. ജാദവ് നേടിയ വെങ്കലം രാജ്യത്തെ മുഴുവന്‍ ഉണര്‍ത്തി. ഇന്നാകട്ടെ, ഗുസ്തിക്കു പുറമേ ടെന്നീസ്, ഷൂട്ടിങ്, ബോക്‌സിങ്, ബാഡ്മിന്റന്‍, അത്‌ലറ്റിക്‌സ് തുടങ്ങിയ ഇനങ്ങളിലെല്ലാം ഇന്ത്യ മെഡല്‍  നേടിക്കഴിഞ്ഞു. ഇപ്പോഴും കരുത്തുകാട്ടുന്നു.
സംഘാടകതലത്തില്‍ നോക്കിയാല്‍ പോയവര്‍ഷം ചെന്നൈയില്‍ നാല്പത്തിനാലാമത് ഫിഡെ ചെസ് ഒളിമ്പ്യാഡ് വിജയകരമായി നടത്തി. റഷ്യ ആതിഥ്യം വഹിക്കേണ്ട ചെസ് ഒളിമ്പ്യാഡ് റഷ്യയുടെ യുക്രെയ്ന്‍ ആക്രമണത്തെത്തുടര്‍ന്ന് റഷ്യയില്‍നിന്നു മാറ്റുകയായിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളില്‍ ചെസ് ഒളിമ്പ്യാഡ് സംഘടിപ്പിച്ചു വിജയിപ്പിക്കാന്‍ നമുക്കു സാധിച്ചു. മാത്രമല്ല, 75 നഗരങ്ങള്‍ ചുറ്റിയ ദീപശിഖാറാലി ഇനിയുള്ള ചെസ് ഒളിമ്പ്യാഡുകളിലെല്ലാം ചെസിനു തുടക്കമിട്ട ഇന്ത്യയില്‍നിന്നു തുടങ്ങാന്‍ ഫിഡെ പ്രസിഡന്റ് പ്രഖ്യാപിച്ചതും വലിയ അംഗീകാരമായി.
2017 ല്‍ ഫിഫ അണ്ടര്‍ 17, ആണ്‍കുട്ടികളുടെ ലോകകപ്പ് നടത്തിയ ഇന്ത്യ കഴിഞ്ഞവര്‍ഷം അണ്ടര്‍ 17 പെണ്‍കുട്ടികളുടെ ലോകകപ്പും  സംഘടിപ്പിച്ചു. കളിക്കളത്തില്‍ ഇന്ത്യ പരാജയപ്പെട്ടെങ്കിലും സംഘടനാതലത്തില്‍ രണ്ടു ലോകകപ്പും വിജയമായിരുന്നു. ഐ.ബി.എയുടെ വനിതാ ബോക്‌സിങ് ലോക ചാമ്പ്യന്‍ഷിപ്പിന് 2006 ലും ഈ വര്‍ഷവും ന്യൂഡല്‍ഹി ആതിഥേയത്വം വഹിച്ചു.
ടേബിള്‍ ടെന്നീസില്‍ ഇന്ത്യ കരുത്താര്‍ജിച്ചുതുടങ്ങിയിട്ടേയുള്ളൂ. പക്ഷേ, 1952 ല്‍ മുംബൈയും 1975 ല്‍ കൊല്‍ക്കത്തയും ലോകടേബിള്‍ ടെന്നീസ് ചാമ്പ്യന്‍ഷിപ്പിനു വേദിയായി. ലോകകപ്പ് ക്രിക്കറ്റും ലോകകപ്പ് ഹോക്കിയും പല തവണ നമ്മള്‍ നടത്തി. പക്ഷേ, ഒളിമ്പിക്‌സ് എല്ലാറ്റില്‍നിന്നും വ്യത്യസ്തമാണ്. ഇരുന്നൂറിലധികം രാജ്യങ്ങള്‍ പങ്കെടുക്കുന്ന മഹാമേളയാണ് ഒളിമ്പിക്‌സ്. ഏഷ്യന്‍ ഗെയിംസും കോമണ്‍വെല്‍ത്ത് ഗെയിംസും സംഘടിപ്പിച്ച അനുഭവം പിന്‍ബലമാകും. പക്ഷേ, ഏറെ ദൂരം ബാക്കിയുണ്ട്. ഒളിമ്പിക് സമയത്ത് ലോകത്തിന്റെ കണ്ണും കാതും ഇന്ത്യയിലാകും. വേദിയാകുന്ന നഗരംമാത്രം ഒരുങ്ങിയാല്‍ പോരാ. രാജ്യം മുഴവനായി ഒരുങ്ങണം. അതിനുള്ള കരുത്ത് ഇന്ത്യയ്ക്കുണ്ട്. ഒരു സംശയവും വേണ്ട.
വൈവിധ്യമാര്‍ന്ന കായിക ഇനങ്ങള്‍ ഉള്‍പ്പെടുന്ന മഹാമേള സംഘടിപ്പിക്കുമ്പോള്‍, ആതിഥേയരാജ്യം എപ്പോഴും പതിവില്‍ കൂടുതല്‍ മികവു കാട്ടും; അഥവാ സാധാരണയില്‍ കൂടുതല്‍ മെഡല്‍ നേടും. ഇത് കാണികളുടെ പിന്തുണകൊണ്ടുമാത്രമല്ല, വിവിധ ഇനങ്ങളില്‍ കായികതാരങ്ങള്‍ കുറ്റമറ്റ പരിശീലനത്തിലൂടെയും രാജ്യാന്തരമത്സരപരിചയത്തിലൂടെയും സജ്ജരാകുന്നതുകൊണ്ടുമാണ്. മെഡല്‍സാധ്യയുള്ള ഇനങ്ങളില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തണം. ഇതിനെല്ലാമുള്ള ഒരുക്കങ്ങളും സമാന്തരമായി നടക്കണം.
2004 - 2005 ല്‍ കേവലം 466 കോടിയായിരുന്ന കേന്ദ്ര സ്‌പോര്‍ട്‌സ് ബജറ്റ് 2023-24 ല്‍ 3397.23 കോടിയായത് സ്‌പോര്‍ട്‌സ് മന്ത്രി ചൂണ്ടിക്കാട്ടിയിരുന്നു. മന്ത്രി പറഞ്ഞതുപോലെ ജി 20 യുടെ നടത്തിപ്പ് ഒളിമ്പിക്‌സ് സംഘടിപ്പിക്കുവാനുള്ള ചുവടുവയ്പ്പാകട്ടെ. അഹമ്മദാബാദ് ഒളിമ്പിക്‌സ് യാഥാര്‍ഥ്യമാവാന്‍ നമുക്കും പ്രാര്‍ഥിക്കാം.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)