ഭാഗ്യസ്മരണാര്‍ഹനായ ബനഡിക്ട് പതിനാറാമന്‍ മാര്‍പാപ്പായ്ക്ക് സ്മരണാഞ്ജലിയര്‍പ്പിച്ചുകൊണ്ട്, കര്‍ദിനാള്‍ റോബര്‍ട്ട് സറാ രചിച്ച ഗ്രന്ഥം 2023 ഏപ്രില്‍ 12-ാം തീയതി പ്രസിദ്ധീകൃതമായി. ''ദ്ദേഹം നമുക്ക് വളരെയേറെ നല്കി''എന്നര്‍ഥം വരുന്ന ശീര്‍ഷകമാണ് ആകര്‍ഷകമായ ഈ ഗ്രന്ഥത്തിനു നല്കിയിരിക്കുന്നത്. ഗ്രന്ഥത്തെക്കുറിച്ചുള്ള പഠനത്തിന്റെ രണ്ടാം ഭാഗം.
ദൈവാരാധനയില്‍, നമ്മെ ദൈവവുമായി മുഖാമുഖം നിര്‍ത്താനായി ജോസഫ് റാറ്റ്‌സിങ്ങര്‍ ലിറ്റര്‍ജിയുടെ ദൈവിക ഉറവിടവും അതിന്റെ മാഹാത്മ്യവും ദിവ്യത്വവും വീണ്ടും കണ്ടെത്താന്‍ നമ്മളെ പരിശീലിപ്പിച്ചു എന്നാണ് ബനഡിക്ട് പതിനാറാമനു പ്രണാമം അര്‍പ്പിച്ചുകൊണ്ടുള്ള ഗ്രന്ഥത്തില്‍ കര്‍ദിനാള്‍ റോബര്‍ട്ട് സറാ നിരീക്ഷിച്ചിട്ടുള്ളത്.
ലിറ്റര്‍ജി ദൈവത്തില്‍നിന്ന്
രണ്ടായിരാമാണ്ടില്‍ പ്രസിദ്ധീകരിക്കപ്പെട്ട ''ലിറ്റര്‍ജിയുടെ ചൈതന്യം'' (മലയാളം വിവര്‍ത്തനം ചങ്ങനാശേരി മാര്‍ത്തോമാനികേതന്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്) എന്ന കൃതിയില്‍ കര്‍ദിനാള്‍ റാറ്റ്‌സിങ്ങര്‍ പുറപ്പാടുഗ്രന്ഥത്തിലെ, 'ദൈവം ഫറവോയോടു കല്പിച്ചു, എന്റെ ജനത്തെ എനിക്കു മരുഭൂമിയില്‍ ആരാധനയര്‍പ്പിക്കാനായി വിട്ടയയ്ക്കുക' (പുറപ്പാട് 7:16) എന്ന വാക്യം വിശദീകരിക്കുന്നുണ്ട്.
വാഗ്ദത്തഭൂമിയില്‍ സത്യദൈവത്തെ ആരാധിക്കുന്നതിനും ശുശ്രൂഷിക്കുന്നതിനുമുള്ള ക്രമങ്ങളും കര്‍മവിധികളും ദൈവംതന്നെയാണു നിശ്ചയിച്ചു നല്കുന്നത്. ഇതാണ് ഇസ്രായേല്‍ജനത്തെ മറ്റു ജനതകളില്‍നിന്നു വ്യതിരിക്തമാക്കുന്നത്. എങ്ങനെ ആരാധിക്കണമെന്നും എപ്രകാരം ബലികള്‍ അര്‍പ്പിക്കണമെന്നും അവര്‍ക്കു ദൈവംതന്നെയാണ് വെളിപ്പെടുത്തിക്കൊടുത്തത്. മനുഷ്യന് അവന്റെ ഇഷ്ടാനുസരണം രൂപപ്പെടുത്താവുന്ന ഒന്നല്ല ദൈവാരാധന. ലിറ്റര്‍ജി മനുഷ്യരാല്‍ നിര്‍മിക്കപ്പെടുകയല്ല. അതു നല്കപ്പെട്ടതും സ്വീകരിക്കപ്പെട്ടതുമാണ്. മനുഷ്യനിര്‍മിതമായ ആരാധനയ്ക്ക് ഉദാഹരണമാണ് അഹറോന്‍ നിര്‍മിച്ച സ്വര്‍ണംകൊണ്ടുള്ള കാളക്കുട്ടിയും അതിനെ ആരാധിക്കാന്‍ സ്ഥാപിച്ച ബലിപീഠവും. ഈ പ്രവൃത്തി ദൈവത്തെ എത്രമാത്രം പ്രകോപിപ്പിച്ചെന്നു പുറപ്പാടുപുസ്തകം 32-ാം അധ്യായത്തില്‍ നാം വായിക്കുന്നുണ്ട്. സ്വയം മെനഞ്ഞെടുക്കുന്ന ലിറ്റര്‍ജിയും തങ്ങളില്‍ത്തന്നെ കേന്ദ്രീകൃതമായ അതിന്റെ ആഘോഷവും അര്‍ഥശൂന്യമാണ്. ചില ബാഹ്യരൂപങ്ങള്‍ നിലനിറുത്തുന്നുണ്ടെങ്കിലും അതു ദയനീയമായ ദൈവനിഷേധവും വിശ്വാസത്യാഗവുമാണ്. ഇപ്രകാരമെല്ലാമാണ് ജോസഫ് റാറ്റ്‌സിങ്ങര്‍ 'ലിറ്റര്‍ജിയുടെ ചൈതന്യം എന്ന ഗ്രന്ഥം വഴി പഠിപ്പിക്കുന്നതെന്ന് കര്‍ദിനാള്‍ സറാ വിശദമാക്കുന്നുണ്ട്.
ആചാരാനുഷ്ഠാനങ്ങള്‍
ലിറ്റര്‍ജിയുടെ കര്‍മവിധികള്‍ യഥാവിധി അര്‍പ്പിക്കുന്നതിലൂടെ ദൈവികാനുഭൂതിയിലേക്കാണ് കാര്‍മികനും ആരാധനാസമൂഹവും പ്രവേശിക്കുന്നത്. അതുകൊണ്ട് അനുഷ്ഠാനങ്ങളുടെ സ്ഥിരസ്വഭാവത്തിനാണ് പൗരസ്ത്യസഭകള്‍ പ്രധാന്യം നല്കുന്നത്. ലിറ്റര്‍ജി എന്ന വാക്കിനോടു ചേര്‍ത്ത് 'ദൈവിക' എന്ന വിശേഷണം പൗരസ്ത്യര്‍ക്കു നിര്‍ബന്ധമാണ്. ആധുനികകാലത്ത്, ചിലരൊക്കെ ചിന്തിക്കുന്നതുപോലെ ലിറ്റര്‍ജി നിരന്തരമായ മാറ്റത്തിനു വിധേയമാകണമെന്നു പാശ്ചാത്യസഭയും പഠിപ്പിക്കുന്നില്ല. ഇതുസംബന്ധിച്ച് പ്രശസ്ത ആരാധനക്രമപണ്ഡിതനായ ഖ.അ. ഖൗിഴാമിി ട.ഖ. (1889-1975) 'വളര്‍ച്ചയ്ക്കു വിധേയമായ ലിറ്റര്‍ജി' എന്നാണ് പാശ്ചാത്യആരാധനക്രമത്തെ വിശേഷിപ്പിക്കുന്നത്. അതു നൈസര്‍ഗികമായ ഒരു വളര്‍ച്ചയാണ്. സൂനഹദോസുകളും മാര്‍പാപ്പാമാരുമാണ് മാറ്റങ്ങള്‍ അംഗീകരിച്ചു നടപ്പാക്കുന്നത്. അതു ജൈവപരമായ വളര്‍ച്ചയായിരിക്കണമെന്ന് രണ്ടാംവത്തിക്കാന്‍ സൂനഹദോസിന്റെ പ്രമാണരേഖ വ്യക്തമാക്കുന്നുണ്ട്.
പക്ഷേ, നിര്‍ഭാഗ്യവശാല്‍, 'ലിറ്റര്‍ജി ഒരു ദാനമാണെന്നും അത് യഥേഷ്ടം മാറ്റിമറിക്കാവുന്ന കാര്യമല്ലെന്നുമുള്ള ബോധ്യം പാശ്ചാത്യകത്തോലിക്കരുടെ മനഃസാക്ഷിയില്‍നിന്ന് അപ്രത്യക്ഷമായി'യെന്ന് ബനഡിക്ട് പാപ്പാ പ്രസ്താവിക്കുന്നുണ്ട്.
മാര്‍പാപ്പായുടേത് ഉള്‍പ്പെടെ യാതൊരധികാരത്തിനും അവരുടെ ഭാവനയ്ക്കനുസൃതം 'നിര്‍മി'ച്ചെടുക്കാവുന്ന കാര്യമല്ല ലിറ്റര്‍ജി. ദൈവവെളിപാടിനോടും വിശ്വാസനിക്ഷേപത്തോടുമുള്ള വിശ്വസ്തതയുടെ ഭാഗംതന്നെയാണ് ലിറ്റര്‍ജിയുടെ അഭംഗുരമായ സംരക്ഷണം. (ലിറ്റര്‍ജിയുടെ ചൈതന്യം നാലാംഭാഗം കാണുക.)
ഇപ്രകാരം ആഴമായ കാഴ്ചപ്പാടുകള്‍ ലിറ്റര്‍ജിയെ സംബന്ധിച്ച് പങ്കുവയ്ക്കുന്ന ബനഡിക്ട് പതിനാറാമന്‍ പാപ്പായോടു നമ്മള്‍ നന്ദിയുള്ളവരായിരിക്കണമെന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നുണ്ട്. സ്വര്‍ഗീയ ലിറ്റര്‍ജിയുടെ മുന്നാസ്വാദനമാണ് ഇപ്പോള്‍ നമ്മള്‍ പ്രതീകങ്ങളിലൂടെ ജീവിക്കുന്ന ലിറ്റര്‍ജി.
ലിറ്റര്‍ജിയുടെ കാര്യത്തില്‍ ശിശുസഹജമായ ഒരു മനോഭാവത്തിന് ഉടമയായിരുന്നു ബെനഡിക്ട് പതിനാറാമന്‍. അതേ മനോഭാവം അദ്ദേഹം നമുക്കും പകര്‍ന്നുതരട്ടേയെന്നാണ് കര്‍ദിനാള്‍ സറാ ആശംസിക്കുന്നത്.
'ഞാന്‍ ശാന്തശീലനും വിനീതഹൃദയനുമാകയാല്‍ നിങ്ങള്‍ എന്നില്‍നിന്നു പഠിക്കുവിന്‍' (മത്താ. 11:29) എന്ന വാക്കുകളാണ് ബെനഡിക്ട് പതിനാറാമനെ അടയാളപ്പെടത്തുന്ന സുവിശേഷഭാഗമെന്ന് കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നുണ്ട്. പ്രാര്‍ഥനയും ധ്യാനവുംവഴി ഈശോയുടെ ശാന്തതയും വിനയവും ജീവിതത്തില്‍ പകര്‍ത്തിയ ബനഡിക്ട് പതിനാറാമന്‍ എന്ന ആത്മീയപിതാവ്, നല്ല ഇടയന്‍ സ്വര്‍ഗത്തില്‍നിന്ന് നമ്മെ നയിക്കട്ടെ; സഭയെ സംരക്ഷിക്കട്ടെ. ഇപ്രകാരമാണ് കര്‍ദിനാള്‍ സറാ ആശംസിക്കുന്നത്.
ദൈവം ആകുന്നു
ബെനഡിക്ട് പതിനാറാമന്റെ ദൈവശാസ്ത്രവീക്ഷണങ്ങളുടെ രത്‌നച്ചുരുക്കം സ്‌നേഹിക്കുകയും ആരാധിക്കുകയും ചെയ്യേണ്ട 'ദൈവം ആകുന്നു' എന്ന വാസ്തവമാണ്. 1970 ല്‍ 'ഈശോമിശിഹായുടെ ദൈവം' എന്ന ഗ്രന്ഥത്തില്‍ ജോസഫ് റാറ്റ്‌സിങ്ങര്‍ 'ദൈവം ആകുന്നു' എന്ന ഏറ്റുപറച്ചില്‍ പ്രദാനം ചെയ്യുന്ന സ്വാതന്ത്ര്യത്തെക്കുറിച്ചാണു വിശദീകരിക്കുന്നത്. സത്യത്തിന്റെയും ധാര്‍മികതയുടെയും പരമമായ പ്രാധാന്യം എല്ലാവിധ വിഗ്രഹങ്ങളുടെയും വ്യക്തിപരമായ നേട്ടങ്ങളുടെയും അധീശത്വത്തില്‍നിന്നും പ്രലോഭനങ്ങളില്‍നിന്നും നമ്മളെ കാത്തുപാലിക്കുന്നു. ആപേക്ഷികതയുടെ സ്വേച്ഛാധിപത്യം എന്നു പിന്നീട് റാറ്റ്‌സിങ്ങര്‍ വിശേഷിപ്പിച്ച അപകടത്തക്കുറിച്ച് ആദ്യകാലകൃതികളില്‍ത്തന്നെ അദ്ദേഹം മുന്നറിയിപ്പു നല്‍കിയിരുന്നു. 1977 ല്‍ റാറ്റ്‌സിങ്ങര്‍ എഴുതി: ''ദൈവം ആകുന്നു. അതിനാല്‍ മറ്റു ദൈവങ്ങള്‍ ദൈവമല്ല. ഈ ഉണ്മയെ മാത്രമേ ആരാധിക്കാവൂ.''
സഭ അതിന്റെ ഘടനയെക്കുറിച്ച് മറിച്ചും തിരിച്ചും ചിന്തിക്കേണ്ട കാലഘട്ടമാണിത്. ലോകത്തോട് അനുരൂപപ്പെടാമെന്നുള്ള അഭിനിവേശം ഒഴിയാബാധപോലെ പാശ്ചാത്യസഭയെ ഗ്രസിച്ചിരിക്കുകയാണെന്നും ഗ്രന്ഥകര്‍ത്താവായ കര്‍ദിനാള്‍ സറാ നിരീക്ഷിക്കുന്നു. ഇതു സംബന്ധിച്ച ചര്‍ച്ചകളും തര്‍ക്കങ്ങളും നാഷണല്‍ സിനഡല്‍ പ്രയാണത്തിന്റെപേരില്‍ വളരെയധികം സമയം നഷ്ടപ്പെടുത്തുകയാണെന്നും അവിടെയെല്ലാം ചര്‍ച്ചാവിഷയം അവനവനെപ്പറ്റിമാത്രമാണെന്നും കര്‍ദിനാള്‍ സറാ രേഖപ്പെടുത്തുന്നു. ബനഡിക്ട് പതിനാറാമന്റെ ഗ്രന്ഥങ്ങളും പ്രബോധനങ്ങളും നമ്മള്‍, നമ്മില്‍നിന്ന് പിന്തിരിഞ്ഞ് പ്രകാശപൂരിതനായ ദൈവത്തിങ്കലേക്കു ദൃഷ്ടികള്‍ ഉയര്‍ത്താനാണ് ആഹ്വാനം ചെയ്യുന്നത്.
ബനഡിക്ട് പതിനാറാമന്‍ 'ദൈവം ആകുന്നു' എന്ന വിഷയത്തെ മാത്രം അധികരിച്ച് ഒരു സിനഡു വിളിച്ചുകൂട്ടുവാന്‍ ഇഷ്ടപ്പെട്ടേനെ എന്ന് കര്‍ദിനാള്‍ അനുമാനിക്കുന്നു!
'ദൈവം ആകുന്നു' എന്ന് ആശ്ചര്യത്തോടും ആത്മനിര്‍വൃതിയോടുംകൂടി തന്റെ മധുരവും ശാന്തവുമായ സ്വരത്തില്‍ ബനഡിക്ട് പതിനാറാമന്‍ ഉച്ചരിക്കുന്നത് നേരില്‍ ശ്രവിക്കുന്ന ഒരനുഭൂതിയെക്കുറിച്ചാണ് കര്‍ദിനാള്‍ സറാ തുടര്‍ന്നെഴുതുന്നത്. ദൈവത്തെക്കുറിച്ചു പറയുമ്പോള്‍ ശുഷ്‌കമായ ബൗദ്ധികസമവാക്യമായല്ല മിസ്റ്റിക്കുകള്‍ സംസാരിച്ചിരുന്നത്.
'ദൈവം ആകുന്നു' എന്നു പറയുമ്പോള്‍ വാക്യം പൂര്‍ണമല്ലെന്നു തോന്നാം. അതു ദൈവാസ്തിത്വത്തെ മാത്രമല്ല സൂചിപ്പിക്കുന്നത്. ദൈവത്തിന്റെ പൂര്‍ണതയും അനന്തതയും സൃഷ്ടികളോടുള്ള സ്‌നേഹവുമെല്ലാം പ്രകടമാക്കുന്ന രണ്ടു പദങ്ങളാണവ. ദൈവം ലോകത്തെ സൃഷ്ടിച്ച് അതിന്റെ വഴിക്കുവിട്ടു എന്നല്ല 'ആകുന്നു' എന്ന പദം സൂചിപ്പിക്കുന്നത്. ദൈവം ലോകത്തില്‍ പ്രവര്‍ത്തനനിരതനാണെന്നും അത് അര്‍ഥമാക്കുന്നുണ്ട്. ദൈവസ്‌നേഹത്താല്‍ സ്വന്തമാക്കപ്പെടാന്‍ സ്വയം വിട്ടു നല്കുന്ന ദൈവികാനുഭവത്തിന് ഉടമയാണ് ബനഡിക്ട് പിതാവെന്നും ദൈവസ്‌നേഹവും ദൈവത്തിന്റെ ഔദാര്യവും കാരുണ്യവും ആവോളം ഈലോകജീവിതകാലത്തുതന്നെ അനുഭവിച്ച ജ്ഞാനയോഗിയാണ് അദ്ദേഹമെന്നും പ്രസ്താവിച്ചുകൊണ്ടാണ് തന്റെ ആമുഖചിന്തകള്‍ക്ക് കര്‍ദിനാള്‍ സറാ സമാപ്തി കുറിക്കുന്നത്.