•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ഒരിക്കല്‍ ഓള്‍റൗണ്ടര്‍ ഇപ്പോള്‍ റണ്‍ഔട്ട്

ക്രിക്കറ്റ് ലോകത്തെ എക്കാലത്തെയും മികച്ച ഓള്‍റൗണ്ടര്‍മാരില്‍ ഒരാളും പാക്കിസ്ഥാന്റെ മുന്‍പ്രധാനമന്ത്രിയുമായ ഇമ്രാന്‍ഖാന്‍ ഈ മാസം ഒമ്പതാം തീയതി വിവിധ അഴിമതിക്കേസുകളില്‍ അറസ്റ്റിലായി. 2018 മുതല്‍ 2022 വരെയുള്ള നാലു വര്‍ഷം പാക്കിസ്ഥാന്‍ പ്രധാനമന്ത്രിയായിരിക്കേ, , അദ്ദേഹത്തിന്റെ ഒരു സുഹൃത്തിന്റെയും ഭാര്യയുടെയും പേരിലുള്ള ''അല്‍ ഖാദിര്‍ ട്രസ്റ്റി''ന് ശതകോടീശ്വരനായ മാലിക് റിയാസില്‍നിന്നു ലഭിച്ച ഭൂമിയിടപാടില്‍ പൊതുഖജനാവിന് ഭീമമായ നഷ്ടമുണ്ടായതാണ് പ്രധാന ആരോപണം. ബഹ്‌റിയ ടൗണ്‍ റിയല്‍ എസ്റ്റേറ്റ്  എന്ന ഭീമന്‍ കമ്പനിയുടെ  ഉടമയായ റിയാസില്‍നിന്ന് 190 ദശലക്ഷം പൗണ്ട് (ഏകദേശം 6,000 കോടി പാക്കിസ്ഥാന്‍ രൂപ) പിടികൂടിയിരുന്നു. ഈ തുക നിയമപ്രകാരം രാജ്യത്തിനു കൈമാറാതെ റിയാസിനു തന്നെ തിരികെനല്‍കാന്‍ ഇമ്രാന്‍ ഉത്തരവിട്ടതായി 'നാഷണല്‍ അക്കൗണ്ടബിലിറ്റി ബ്യൂറോ' (എന്‍എബി) കണ്ടെത്തി. ഇതിനു പ്രത്യുപകാരമായി 700 കോടിയോളം രൂപ വിലമതിക്കുന്ന 35 ഹെക്ടര്‍ ഭൂമി അല്‍ ഖാദിര്‍ ട്രസ്റ്റിന് റിയാസ് നല്‍കിയെന്നാണ് കേസ്. അധികാരത്തിലിരിക്കെത്തന്നെ വിദേശത്തുനിന്നു ലഭിച്ച വിലയേറിയ അനേകം സമ്മാനങ്ങള്‍ കുറഞ്ഞ വിലയ്ക്കു സ്വന്തമാക്കി കൂടിയ വിലയ്ക്കു മറിച്ചുവിറ്റുവെന്ന 'തോഷ ഖാന' കേസില്‍ മറ്റൊരു കോടതിയും ഇമ്രാനെതിരേ കുറ്റം ചുമത്തി. ഈ കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് 14 ന് ഇമ്രാനെ അറസ്റ്റു ചെയ്യാന്‍ ലാഹോറിലെ വീട്ടിലെത്തിയ പോലീസിനെ അദ്ദേഹത്തിന്റെ അനുയായികള്‍ കല്ലെറിഞ്ഞോടിക്കുകയായിരുന്നു. അഴിമതി, മതനിന്ദ, കൊലപാതകം, ഭീകരപ്രവര്‍ത്തനം, അക്രമങ്ങള്‍ക്കു പ്രേരണ നല്‍കല്‍ തുടങ്ങിയ 140 ലേറെ കുറ്റങ്ങളാണ് ഇമ്രാനുമേല്‍ ചുമത്തിയിട്ടുള്ളത്.
ക്രിക്കറ്റ് പിച്ചില്‍നിന്ന് പ്രധാനമന്ത്രിക്കസേരയിലേക്ക്
1992 ലെ ലോകകപ്പു ക്രിക്കറ്റുമത്സരത്തില്‍ പാക്കിസ്ഥാനെ വിജയത്തിലേക്കു നയിച്ച ഇമ്രാന്‍ഖാന്‍, 1996 ല്‍ 'പാക്കിസ്ഥാന്‍ തെഹ്‌രികെ. ഇസാഫ്' (പി റ്റി ഐ) എന്ന രാഷ്ട്രീയപാര്‍ട്ടിക്കു രൂപം നല്‍കി. 2002 ലെ തിരഞ്ഞെടുപ്പില്‍ ഒരു സീറ്റു നേടി തന്റെ സാന്നിധ്യമറിയിച്ച ഇമ്രാന്‍ഖാന്‍, 2018 ലെ തിരഞ്ഞെടുപ്പില്‍ പിറ്റിഐ യെ ദേശീയ അസംബ്ലിയിലെ ഏറ്റവും വലിയ കക്ഷിയാക്കി വളര്‍ത്തിയെടുത്തു. ഏതാനും സ്വതന്ത്രരെ കൂട്ടുപിടിച്ചു രൂപീകരിച്ച സര്‍ക്കാരിന്റെ തലവനായി ഇമ്രാന്‍ പ്രധാനമന്ത്രിപദമേറ്റെടുത്തു. പക്ഷേ, ക്രിക്കറ്റില്‍ നേടിയ വിജയങ്ങളും ജനപ്രീതിയും രാഷ്ട്രീയക്കളത്തില്‍ നേടിയെടുക്കാന്‍ ഇമ്രാനു കഴിയാതെപോയി. കൊവിഡ്-19 കാലത്ത് രാജ്യം നേരിട്ട സാമ്പത്തികപ്രതിസന്ധിയും പണപ്പെരുപ്പവും കൈകാര്യം ചെയ്യുന്നതില്‍ ഇമ്രാന്‍ പരാജയപ്പെട്ടത് ജനപ്രീതിയില്‍ വലിയ ഇടിവാണു വരുത്തിയത്. രൂപയുടെ മൂല്യം ഇടിഞ്ഞതും വിദേശ കരുതല്‍ശേഖരം ശോഷിച്ചതും തിരിച്ചടികളായി. 2022 ഏപ്രിലില്‍ അവിശ്വാസപ്രമേയത്തിലൂടെ പുറത്താക്കപ്പെടുമ്പോള്‍ ഇത്തരത്തില്‍ നാണംകെട്ട് ഇറങ്ങിപ്പോകുന്ന ആദ്യ പാക് പ്രധാനമന്ത്രിയെന്ന ചീത്തപ്പേരും സമ്പാദിച്ചു. ഏറ്റുമുട്ടലോ രക്തച്ചൊരിച്ചിലോ ഇല്ലാതെ പാര്‍ലമെന്ററിനടപടികളിലൂടെയാണ് ഇമ്രാന്‍ പുറത്തായതെന്നതും പാക്കിസ്ഥാനെ സംബന്ധിച്ച് വ്യത്യസ്തതയാണ്.
സൈനികനേതൃത്വത്തെ വിമര്‍ശിച്ചത് വിനയായി
പ്രധാനമന്ത്രിയായശേഷമുള്ള ആദ്യമൂന്നുവര്‍ഷം സൈനികനേതൃത്വവുമായി സമരസപ്പെട്ട് രാജ്യം ഭരിച്ച ഇമ്രാന്‍ ഖാന്, കാലക്രമേണ സൈന്യത്തിന്റെ പിന്തുണ നഷ്ടപ്പെട്ടതോടെയാണ് തിരിച്ചടികള്‍ നേരിടേണ്ടിവന്നത്. ഏതാനും സൈനിക ജനറല്‍മാരുടെ നിയമനവുമായി ബന്ധപ്പെട്ടായിരുന്നു എതിര്‍പ്പുകളുടെ തുടക്കം. 1947 മുതലുള്ള പാക്കിസ്ഥാന്റെ  76 വര്‍ഷത്തെ ചരിത്രത്തില്‍ പകുതിയിലേറെക്കാലവും സൈനികനേതൃത്വമാണു രാജ്യം ഭരിച്ചത്. രാജ്യം നേരിടുന്ന ഏതൊരു വിഷയത്തിലും  സൈന്യത്തിന്റെ ഇടപെടലുണ്ടാകും. 
തിരഞ്ഞെടുപ്പിലൂടെ അധികാരത്തിലെത്തുന്ന നേതാക്കളാകട്ടെ, എതിരാളികളെ നിശ്ശബ്ദരാക്കാനോ ഇല്ലായ്മ ചെയ്യാനോ പട്ടാള ജനറല്‍മാരുമായി ചങ്ങാത്തം കാത്തുസൂക്ഷിക്കുന്നവരാണ്.
പാക്കിസ്ഥാന്റെ ചാരസംഘഘടനയായ ഐഎസ്‌ഐയിലെ മേജര്‍ ജനറല്‍ ഫൈസല്‍ നസീര്‍ രണ്ടു തവണ തന്നെ വധിക്കാന്‍ ശ്രമിച്ചെന്ന് ഇമ്രാന്‍ ആരോപിച്ചതിന്റെ പിറ്റേന്നായിരുന്നു അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. 2022 നവംബറില്‍ വസീറാബാദിലെ റാലിക്കിടയില്‍ കാലിനു വെടിയേറ്റതാണ് ഇമ്രാന്‍ പരാമര്‍ശിച്ച സംഭവങ്ങളിലൊന്ന്. ഹൈക്കോടതിയില്‍ ഹാജരാകുംമുമ്പ് ട്വീറ്റു ചെയ്ത വീഡിയോയില്‍ ഫൈസലിനെതിരായ ആരോപണം ആവര്‍ത്തിക്കുകയും ചെയ്തു. താന്‍ അറസ്റ്റു ചെയ്യപ്പെടുമെന്ന്  ഇമ്രാന്‍ പറയുന്ന ദൃശ്യങ്ങള്‍ അദ്ദേഹത്തിന്റെ അറസ്റ്റിനുശേഷം ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടു: ''ഈ വാക്കുകള്‍ നിങ്ങള്‍ കേള്‍ക്കുമ്പോഴേക്കും ഞാന്‍ ജയിലില്‍ അടയ്ക്കപ്പെട്ടിട്ടുണ്ടാകും. നിയമം, ജനാധിപത്യം, മൗലികാവകാശങ്ങള്‍ എന്നിവയെല്ലാം കുഴിച്ചുമൂടപ്പെട്ട ഒരു രാജ്യത്താണ് നിങ്ങള്‍ ജീവിക്കുന്നത്. നിങ്ങളോടു സംസാരിക്കാന്‍ ഇനിയൊരവസരംകൂടി ഉണ്ടാകുമോയെന്നു നിശ്ചയമില്ല.''
സൈന്യത്തിന്റെ കടുത്ത വിമര്‍ശകനായിരുന്ന ടിവി വാര്‍ത്താ അവതാരകന്‍ അര്‍ഷദ് ഷറീഫിന്റെ കൊലപാതകത്തിനു പിന്നിലും മേജര്‍ ജനറല്‍ ഫൈസല്‍ നസീറാണെന്ന് മാസങ്ങള്‍ക്കുമുമ്പ് ഇമ്രാന്‍  ആരോപിച്ചിരുന്നു. സുരക്ഷാഏജന്‍സികളില്‍നിന്നു ഭീഷണിയുയര്‍ന്നതിനെത്തുടര്‍ന്ന് നാടുവിട്ട ഷെറീഫ്, 2022 ഒക്‌ടോബറില്‍ കെനിയയില്‍വച്ചാണു വധിക്കപ്പെട്ടത്. പി റ്റി ഐ സെനറ്ററായ അസം സ്വാതിയെ നഗ്നനാക്കിയശേഷം ക്രൂരമായി മര്‍ദിച്ച സംഭവവും ഇമ്രാന്‍ ചൂണ്ടിക്കാട്ടിയിരുന്നു.
സൈന്യം തിരിച്ചടിക്കുന്നു
സമീപകാലത്തു നടത്തിയ എല്ലാ അറസ്റ്റുനീക്കങ്ങളെയും അനുയായികളെ മറയാക്കിയും നിയമവഴികളിലൂടെയുമാണ് ഇമ്രാന്‍ തടഞ്ഞത്. നേരിട്ടുള്ള അറസ്റ്റ് ഏറ്റുമുട്ടലുകളിലേക്കും രക്തച്ചൊരിച്ചിലിലേക്കും തിരിഞ്ഞേക്കുമെന്നു ഭയന്ന കോടതി, ഇമ്രാനെതിരേ അറസ്റ്റ് വാറന്റു പുറപ്പെടുവിക്കുകയായിരുന്നു. വാറന്റ് റദ്ദാക്കണമെന്ന അദ്ദേഹത്തിന്റെ ആവശ്യം നിരാകരിച്ച കോടതി, ഇക്കഴിഞ്ഞ മാര്‍ച്ച് 13 നകം ഹാജരാകണമെന്ന് ഉത്തരവിട്ടു. തന്റെ ജീവനു ഭീഷണിയുണ്ടെന്നും, അതിനാല്‍, കൂടുതല്‍ സമയം വേണമെന്നും ആവശ്യപ്പെട്ട ഇമ്രാനെതിരേ കോടതി ജാമ്യമില്ലാ വാറന്റ് പുറപ്പെടുവിക്കുകയായിരുന്നു. സ്വദേശമായ ലാഹോറില്‍നിന്ന് ഇസ്ലാമാബാദിലെ ഹൈക്കോടതിയിലെത്തിയപ്പോഴായിരുന്നു അപ്രതീക്ഷിതമായ അറസ്റ്റ്. പടച്ചട്ടയണിഞ്ഞ  അതിര്‍ത്തിരക്ഷാസേനയിലെ പാക് റേന്‍ജേഴ്‌സിന്റെ വലിയൊരു സംഘം കോടതിമുറിയുടെ ജനാലച്ചില്ലുകള്‍ തകര്‍ത്ത് അകത്തുകടക്കുകയും അദ്ദേഹത്തെ പിടികൂടുകയുമായിരുന്നു. ഇമ്രാനെ കോളറില്‍പിടിച്ച് വലിച്ചിഴച്ച് വാനിലേക്കു തള്ളിക്കയറ്റുന്ന രംഗങ്ങള്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തിരുന്നു. അദ്ദേഹത്തിന്റെ തലയ്ക്കു പിന്നില്‍ ഇടിച്ചെന്നും കാലില്‍ ചവിട്ടിയെന്നും വീല്‍ചെയര്‍ തട്ടിത്തെറിപ്പിച്ചെന്നും പാക്ദിനപത്രമായ 'ഡോണ്‍' വെളിപ്പെടുത്തി.
കോടതിക്കുള്ളിലുണ്ടായ കൈയേറ്റത്തില്‍ അഭിഭാഷകര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും സുരക്ഷാജീവനക്കാര്‍ക്കും പരിക്കേറ്റതായി പി റ്റി ഐ നേതാക്കള്‍ ആരോപിച്ചു. സാമ്പത്തികകുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്ന നാഷണല്‍ അക്കൗണ്ടബിലിറ്റി  ബ്യൂറോയുടെ ഇസ്ലാമാബാദിലെ ഓഫീസിലെത്തിച്ച ഇമ്രാനെ പിന്നീട് അജ്ഞാതകേന്ദ്രത്തിലേക്കു കൊണ്ടുപോയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അറസ്റ്റിനു പിന്നാലെ രാജ്യമെമ്പാടും സംഘര്‍ഷം വ്യാപിച്ചു. ഇസ്ലാമാബാദ്, ഫൈസലബാദ്, ഗുജ്‌റന്‍വാല, മുള്‍ട്ടാന്‍, പെഷവാര്‍, ലാഹോര്‍, കറാച്ചി തുടങ്ങിയ നഗരങ്ങള്‍ കലാപഭൂമിയായി. വാഹനങ്ങള്‍ക്കും വീടുകള്‍ക്കും സര്‍ക്കാര്‍സ്ഥാപനങ്ങള്‍ക്കും  തീയിട്ട പാര്‍ട്ടി അനുഭാവികള്‍ സൈനികമേധാവിയുടെ ഔദ്യോഗികവസതിയിലേക്കും ഇരച്ചുകയറി. എട്ടു പേര്‍ കൊല്ലപ്പെടുകയും  അനേകം പേര്‍ക്ക് മാരകമായി പരിക്കേല്‍ക്കുകയും ചെയ്ത അക്രമങ്ങളില്‍ 2,000 ത്തോളം പേരെ ജയിലിലടയ്ക്കുകയും ചെയ്തു. അറസ്റ്റിലായ ഇമ്രാനെ എട്ടു ദിവസത്തേക്ക് അഴിമതി വിരുദ്ധ ഏജന്‍സിയുടെ കസ്റ്റഡിയില്‍ വിട്ടതിനുപിന്നാലെ പാക്കിസ്ഥാന്‍ മുന്‍ധനമന്ത്രി ഷാ മഹ്‌മൂദ് ഖുറേഷിയെയും അറസ്റ്റുചെയ്തതായി ജിയോ ടിവി റിപ്പോര്‍ട്ടു ചെയ്തു. ഇമ്രാന്റെ അറസ്റ്റിനെതിരേ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കാന്‍ പോകവേ പി റ്റി ഐയുടെ സെക്രട്ടറി ജനറലായ അസദ് ഉമറും പിടിക്കപ്പെട്ടുവെന്നു വാര്‍ത്തയുണ്ട്. പ്രധാനമന്ത്രി ഷഹ്ബാസ് ഷെറീഫും സൈനികനേതൃത്വവും ഇമ്രാന്‍ഖാനെതിരെ ഉന്നയിക്കുന്ന ആരോപണങ്ങള്‍ രാഷ്ട്രീയപ്രേരിതവും വ്യക്തിവൈരാഗ്യം തീര്‍ക്കുന്നതുമാണെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകര്‍ പറയുന്നു. ഈ വര്‍ഷം ഒക്‌ടോബറില്‍ നടക്കാനിരിക്കുന്ന ദേശീയതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പി റ്റി ഐയുടെ അധ്യക്ഷന്‍ കൂടിയായ ഇമ്രാനെ തടയുകയെന്നതാണ് ലക്ഷ്യമെന്നും അഭിഭാഷകര്‍ വാദിക്കുന്നു.
ഇമ്രാന്‍ ഖാന്റെ അറസ്റ്റ്  നിയമവിരുദ്ധം
കോടതിമുറി അടിച്ചുതകര്‍ത്തും അനുവാദമില്ലാതെ അകത്തുകടന്നും ഒരു മുന്‍പ്രധാനമന്ത്രികൂടിയായ ഇമ്രാന്‍ഖാനെ പിടികൂടിയ സര്‍ക്കാര്‍ നടപടിയില്‍ അതൃപ്തി രേഖപ്പെടുത്തിയ സുപ്രീംകോടതി, അദ്ദേഹത്തിന്റെ അറസ്റ്റു നിയമവിരുദ്ധമാണെന്നു വിധിച്ചു.  പാക്കിസ്ഥാന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റീസ്  ഉമര്‍ അത ബന്ദിയാല്‍ അധ്യക്ഷനായ മൂന്നംഗബെഞ്ചിന്റെ വിധിന്യായത്തില്‍ പോലീസ് കസ്റ്റഡിയില്‍നിന്ന് ഇമ്രാനെ മോചിപ്പിക്കാനും അടുത്ത ദിവസം തന്നെ ഇസ്ലാമാബാദ് ഹൈക്കോടതിയില്‍ ഹാജരാക്കാനും നിര്‍ദേശം നല്‍കി. ഈ മാസം 12-ാം തീയതി വെള്ളിയാഴ്ച ഹൈക്കോടതിയില്‍ ഹാജരായ ഇമ്രാന് ഇടക്കാലജാമ്യം അനുവദിച്ചതാണ് ഏറ്റവും പുതിയ വാര്‍ത്ത. ഹൈക്കോടതിയുടെ ഉത്തരവറിഞ്ഞ് തടിച്ചുകൂടിയ പാര്‍ട്ടിപ്രവര്‍ത്തകരുമായി ആഹ്ലാദം പങ്കിടവേ നിയമവ്യവസ്ഥയിലുള്ള തന്റെ വിശ്വാസം ഇമ്രാന്‍ ഏറ്റുപറഞ്ഞു. എന്നാല്‍, ഇമ്രാന്റെ അറസ്റ്റ് നിയമവിരുദ്ധമാണെന്ന സുപ്രീംകോടതിയുടെ പരാമര്‍ശത്തെയുംഅദ്ദേഹത്തിനു  ജാമ്യമനുവദിച്ച ഹൈക്കോടതി വിധിയെയും നിശിതമായ ഭാഷയില്‍ വിമര്‍ശിച്ച് പാക്പ്രധാനമന്ത്രി ഷഹ്ബാസ് ഷെറീഫ് രംഗത്തുവന്നു. ഇമ്രാനെ അറസ്റ്റു ചെയ്ത മേയ് ഒമ്പത് പാക്കിസ്ഥാന്റെ ചരിത്രത്തിലെ കറുത്ത അധ്യായമായിരിക്കുമെന്നാണ് സൈനികവൃത്തങ്ങള്‍ വിശേഷിപ്പിച്ചത്. ഇമ്രാനെതിരേ ചുമത്തപ്പെട്ട നിരവധിയായ കേസുകളുടെ വിചാരണ നടക്കാനിരിക്കെയാണ് ഇത്തരം പരാമര്‍ശങ്ങളെന്നത് ശ്രദ്ധേയമാണ്. ഏതെങ്കിലും ഒരു കേസില്‍ ശിക്ഷിക്കപ്പെട്ടാല്‍ പാര്‍ട്ടിപദവികള്‍ വഹിക്കുന്നതിനു വിലക്കുകള്‍ വരികയും, ഒക്‌ടോബറിലെ പൊതുതിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതില്‍നിന്ന് പിന്തിരിയേണ്ടി വരുകയും ചെയ്‌തേക്കാമെന്നും ഇമ്രാന്‍ ഭയക്കുന്നുണ്ട്.

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)