•  3 Apr 2025
  •  ദീപം 58
  •  നാളം 5
ലേഖനം

ദി കര്‍ണാടക റിയല്‍ സ്റ്റോറി

രാജ്യം ആകാംക്ഷയോടെ കാത്തിരുന്ന കര്‍ണാടക നിയമസഭാ തിരഞ്ഞെടുപ്പു ഫലം പുറത്തുവന്നു. ആവേശം നിറഞ്ഞ പോരാട്ടത്തിനൊടുവില്‍ ബിജെപിയെ തറപറ്റിച്ചുകൊണ്ട് കോണ്‍ഗ്രസ് അധികാരത്തിലെത്തി. 2018 നുശേഷം കോണ്‍ഗ്രസ് ഇന്ത്യയില്‍ ഒരു വലിയ സംസ്ഥാനത്ത് അധികാരത്തിലെത്തുന്നത് കര്‍ണാടകയിലാണ് എന്ന പ്രത്യേകതയും ഈ തിരഞ്ഞെടുപ്പുഫലത്തിനുണ്ട്. 
കോണ്‍ഗ്രസ് പാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം ഒരു ജീവന്മരണപോരാട്ടമായിരുന്നു കര്‍ണാടകയില്‍ നടന്നത്. ഈ തിരഞ്ഞെടുപ്പിലും പരാജയപ്പെട്ടിരുന്നുവെങ്കില്‍ രാജ്യത്ത് കോണ്‍ഗ്രസിന്റെ ഭാവിതന്നെ ചോദ്യം ചെയ്യപ്പെടുമായിരുന്നു. ബിജെപിക്കെതിരേ അന്തിമപോരാട്ടത്തിനു തുടക്കംകുറിച്ചു എന്നു പ്രഖ്യാപിച്ച ഭാരത് ജോഡോയാത്രയ്ക്കുശേഷം രാഹുല്‍ഗാന്ധി നേരിട്ട കടുത്ത വെല്ലുവിളിയായിരുന്നു കര്‍ണാടകതിരഞ്ഞെടുപ്പ്. കര്‍ണാടകയിലും രാഹുല്‍ ഗാന്ധി പരാജയപ്പെട്ടാല്‍ അദ്ദേഹത്തിന്റെ നിലനില്പിനെത്തന്നെ അതു ബാധിക്കുമായിരുന്നു.
നിരവധി പ്രതികൂലസാഹചര്യങ്ങള്‍ക്കിടയിലാണ് കോണ്‍ഗ്രസ് കര്‍ണാടകയില്‍ അഭിമാനകരമായ വിജയം നേടിയത് എന്നതു ശ്രദ്ധേയമാണ്. കടുത്ത ഭരണവിരുദ്ധവികാരം കര്‍ണാടകയിലെ ബസവരാജ് ബൊമ്മ സര്‍ക്കാരിനെതിരേ നിലവിലുണ്ടായിരുന്നെങ്കിലും അതിനെയൊക്കെ മറികടക്കുന്നതിനുള്ള കൃത്യമായ ആസൂത്രണവും നിര്‍വഹണവുമായിരുന്നു ബിജെപി നടത്തിയത്. തിരഞ്ഞെടുപ്പുപ്രചാരണസമയത്ത് ഭൂരിപക്ഷമതവികാരം ആളിക്കത്തിക്കുന്നതിനുള്ള നിരവധി ശ്രമങ്ങള്‍ ബിജെപിയുടെ ഭാഗത്തുനിന്നുണ്ടായി. വര്‍ഗീയസ്വഭാവമുള്ള എല്ലാത്തരം സംഘടനകളെയും തങ്ങള്‍ അധികാരത്തിലെത്തിയാല്‍ നിരോധിക്കുമെന്ന കോണ്‍ഗ്രസ് പ്രകടനപത്രിയിലെ പ്രഖ്യാപനം  ബജരംഗ്ദള്‍ എന്ന സംഘപരിവാര്‍ സംഘടനയെ ലക്ഷ്യം വച്ചുകൊണ്ടാണെന്നു പ്രചരിപ്പിച്ചുകൊണ്ട് മതവികാരം ആളിക്കത്തിക്കാന്‍ ബിജെപി ആവതും ശ്രമിക്കുകയുണ്ടായി. 
പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത പൊതുസമ്മേളനങ്ങള്‍പോലും ആരംഭിച്ചത് ജയ് ഭജരംഗ് ബലി എന്ന മുദ്രാവാക്യം വിളിയോടെ ആയിരുന്നു. തിരഞ്ഞെടുപ്പിന്റെ തൊട്ടുമുമ്പ് ആയിരക്കണക്കിനു ക്ഷേത്രങ്ങള്‍ കേന്ദ്രീകരിച്ചുകൊണ്ട് ഹനുമാന്‍ ചാലിസ് ചൊല്ലി വര്‍ഗീയധ്രുവീകരണത്തിന് ബിജെപിയും സംഘപരിവാര്‍ സംഘടനകളും ശ്രമിക്കുകയുണ്ടായി.
ദക്ഷിണേന്ത്യയിലെ ഹിന്ദുത്വരാഷ്ട്രീയത്തിന്റെ പരീക്ഷണശാലയാണ് കര്‍ണാടക എന്നായിരുന്നു ബിജെപി നേതാക്കള്‍ ആവേശത്തോടെ പറഞ്ഞിരുന്നത്. ഗുജറാത്തിലും ഉത്തര്‍പ്രദേശിലും പരീക്ഷിച്ചുവിജയിച്ച ഹിന്ദുത്വ അജണ്ടകള്‍ കര്‍ണാടകയുടെ മണ്ണിലും നടപ്പാക്കുന്നതിനുള്ള തീവ്രശ്രമങ്ങള്‍ കഴിഞ്ഞ നാലുവര്‍ഷക്കാലയളവിലെ ബിജെപിയുടെ ഭരണത്തിലുണ്ടായി. ഹിജാബ് നിരോധനം, ടിപ്പുജയന്തിയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍, ഹിന്ദുക്ഷേത്രങ്ങളിലെ ഉത്സവസമയങ്ങളില്‍ മുസ്ലീംകച്ചവടക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ നിരോധനം, ക്രിസ്തുമതസ്ഥാപനങ്ങളിലും അനാഥാലയങ്ങളിലും ഉള്‍പ്പെടെ നടത്തിയ പരിശോധനകള്‍, മതപരിവര്‍ത്തനനിരോധനനിയമം, നിയമസഭാതിരഞ്ഞെടുപ്പിനു തൊട്ടുമുമ്പ് മുസ്ലീംവിഭാഗക്കാര്‍ക്കുണ്ടായിരുന്ന നാലു ശതമാനം സംവരണം, ലിംഗായത്ത്, വൊക്കലിംഗ വിഭാഗങ്ങള്‍ക്കു നല്‍കാനുള്ള തീരുമാനം തുടങ്ങി വര്‍ഗീയധ്രുവീകരണത്തിന് ആക്കംകൂട്ടുന്ന നിരവധി ഇടപെടലുകള്‍ ബിജെപി സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടായിരുന്നു. എന്നാല്‍, തിരഞ്ഞെടുപ്പില്‍ ഈ വര്‍ഗീയ അജണ്ടകള്‍ ഒന്നുംതന്നെ വിജയിച്ചില്ല എന്നു തിരഞ്ഞെടുപ്പുഫലത്തില്‍നിന്നു വ്യക്തമാണ്. 
കര്‍ണാടകയിലെ ആറില്‍ അഞ്ചു മേഖലകളിലും വ്യക്തമായ മുന്നേറ്റം നടത്തിയാണ് കോണ്‍ഗ്രസ് അധികാരം തിരിച്ചുപിടിച്ചത്. മതന്യൂനപക്ഷങ്ങള്‍, പിന്നാക്ക ദളിത്‌വിഭാഗങ്ങള്‍, ലിംഗായത്ത് വിഭാഗങ്ങള്‍, വൊക്കലിംഗ വിഭാഗങ്ങള്‍ തുടങ്ങിയവര്‍ക്കൊക്കെ സ്വാധീനമുള്ള മേഖലകളില്‍ കോണ്‍ഗ്രസ് ആധികാരികമായ മുന്നേറ്റമാണു കാഴ്ചവച്ചത്. ഈ തിരഞ്ഞെടുപ്പിന്റെ മറ്റൊരു പ്രത്യേകത പരമ്പരാഗതമായി കോണ്‍ഗ്രസിനൊപ്പം നിന്നതും എന്നാല്‍, ഇടക്കാലത്ത് കോണ്‍ഗ്രസില്‍നിന്നു അകന്നുപോയതുമായ ദളിത്പിന്നാക്കവിഭാഗങ്ങള്‍ പാര്‍ട്ടിയിലേക്കു തിരിച്ചെത്തിയെന്നതാണ്. ഇന്ദിരാ ഗാന്ധി കാലഘട്ടത്തില്‍ കോണ്‍ഗ്രസിന്റെ ഏറ്റവും വലിയ ശക്തിസ്രോതസ്സ് പാവപ്പെട്ടവരും പിന്നാക്കക്കാരുമായ ന്യൂനപക്ഷദളിത്‌വിഭാഗങ്ങള്‍ ആയിരുന്നു. സംവരണരാഷ്ട്രീയം ശക്തിപ്പെട്ട 1990 കളില്‍ ഈ വിഭാഗങ്ങള്‍ കോണ്‍ഗ്രസില്‍നിന്ന് അകന്നുതുടങ്ങിയിരുന്നു. എന്നാല്‍, കര്‍ണാടകതിരഞ്ഞെടുപ്പില്‍ ഈ വിഭാഗങ്ങളുടെ പൂര്‍ണമായ പിന്തുണ കോണ്‍ഗ്രസിനു ലഭിച്ചുവെന്നാണ് മേഖല തിരിച്ചുള്ള കണക്കുകള്‍ സൂചിപ്പിക്കുന്നത്. ജാതി സെന്‍സസ് ആവശ്യപ്പെട്ടുകൊണ്ടുള്ള കോണ്‍ഗ്രസിന്റെ ഇടപെടലുകള്‍ ഈ വിഭാഗങ്ങളെ സ്വാധീനിച്ചു എന്നുവേണം മനസ്സിലാക്കുവാന്‍. ജാതിരാഷ്ട്രീയം ശക്തമായ ഉത്തരേന്ത്യയില്‍ വരും നാളുകളില്‍ ബിജെപിയെ ഏറെ ഭയപ്പെടുത്തുന്നതാണ് ഈ പിന്നാക്കദളിത് ന്യൂനപക്ഷ ധ്രുവീകരണം.
പ്രതികൂലമായ ഏതു രാഷ്ട്രീയകാലാവസ്ഥയും തങ്ങള്‍ക്കനുകൂലമാക്കാന്‍ ശക്തമാണ് മോദിവികാരം എന്ന ബിജെപിയുടെ സിദ്ധാന്തങ്ങളും കര്‍ണാടകനിയമസഭാതിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടു. ഭരണവിരുദ്ധവികാരം മറികടക്കാന്‍ ബിജെപി ആശ്രയിച്ചത് മോദിതരംഗത്തെയാണ്. രണ്ടു ഡസനോളം പൊതുസമ്മേളനങ്ങളും ദിവസങ്ങളോളം നീളുന്ന റോഡ്‌ഷോകളുമാണ് മോദിക്കുവേണ്ടി കര്‍ണാടകയില്‍ സംഘടിപ്പിക്കപ്പെട്ടത്. തിരഞ്ഞെടുപ്പിന്റെ അവസാനദിവസങ്ങളില്‍ ബംഗളൂരുവില്‍ തമ്പടിച്ചുകൊണ്ട് ദിവസങ്ങള്‍ നീണ്ട റോഡ്‌ഷോകളാണ് പ്രധാനമന്ത്രി നടത്തിയത്. തിരഞ്ഞെടുപ്പിന്റെ അവസാനഘട്ടത്തില്‍ പ്രചാരണം മുഴുവന്‍ കേന്ദ്രീകരിച്ചിരുന്നത് നരേന്ദ്രമോദിയിലായിരുന്നു. പക്ഷേ, മോദിഘടകം കര്‍ണാടകയില്‍ ഫലിച്ചില്ല എന്നത് ബിജെപിയെ ഇരുത്തിച്ചിന്തിപ്പിക്കുന്നതാണ്. 
കര്‍ണാടകതിരഞ്ഞെടുപ്പുഫലം ദേശീയരാഷ്ട്രീയത്തിലും തുടര്‍ചലനങ്ങള്‍ക്കു വഴിയൊരുക്കുമെന്നു വ്യക്തമാണ്. പ്രതിപക്ഷ രാഷ്ട്രീയകക്ഷികളെ നിരന്തരം വേട്ടയാടാനും നിശ്ശബ്ദമാക്കാനുമാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നത്. മോദി - അദാനിബന്ധം ചോദ്യം ചെയ്ത രാഹുല്‍ ഗാന്ധിയെ നിശ്ശബ്ദനാക്കാനും ലോകസഭയില്‍നിന്ന് അയോഗ്യനാക്കാനുമുള്ള നീക്കങ്ങള്‍ ബിജെപിക്കുതന്നെ തിരിച്ചടിയായി മാറുകയാണ്. കര്‍ണാടകയില്‍ കോണ്‍ഗ്രസ് നേടിയ ആധികാരികജയം തീര്‍ച്ചയായും രാഹുല്‍ ഗാന്ധിക്കുകൂടിയുള്ള അംഗീകാരമാണ്. ഭാരത് ജോഡോയാത്രയുമായി കര്‍ണാടകയില്‍ കടന്നുവന്ന രാഹുല്‍ ഗാന്ധിക്ക് വലിയ സ്വീകരണമാണു ലഭിച്ചത്. ജോഡോയാത്ര കടന്നുപോയ കര്‍ണാടകയിലെ 21 നിയമസഭാമണ്ഡലങ്ങളില്‍ 17ലും കോണ്‍ഗ്രസ് ഉജ്ജ്വലവിജയം നേടിയെന്നത് ശ്രദ്ധേയമാണ്. അയോഗ്യനാക്കപ്പെട്ട്, ജയില്‍ശിക്ഷപോലും തുറിച്ചുനോക്കപ്പെടുന്ന രാഹുല്‍ ഗാന്ധിക്ക് ആവേശം നല്‍കുന്ന വിജയമാണ് കര്‍ണാടക സമ്മാനിച്ചത്.
ഇവിടെ ചരിത്രത്തിന്റെ വളരെ രസകരമായ ഒരു ആവര്‍ത്തനമുണ്ട് എന്നതും ശ്രദ്ധിക്കേണ്ടതാണ്. അടിയന്തരാവസ്ഥയ്ക്കുശേഷം തിരഞ്ഞെടുപ്പില്‍ പരാജയപ്പെട്ട് ദേശീയരാഷ്ട്രീയത്തില്‍ വേട്ടയാടപ്പെട്ട ഇന്ദിരാഗാന്ധിക്ക് തിരിച്ചുവരവിനുള്ള വഴിയൊരുക്കിയത് 1978 ല്‍ കര്‍ണാടകയിലെ ചിക്കമംഗളൂരു ലോക്‌സഭാമണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പുവിജയമാണ്. ആ വിജയം ഇന്ദിരാഗാന്ധിക്ക് നല്‍കിയത് പതിന്മടങ്ങ് ആവേശമാണ്. അതിന്റെ തനിയാവര്‍ത്തനമാണ് രാഹുല്‍ ഗാന്ധിയുടെ നേട്ടത്തിലും കാണുന്നത്. ചരിത്രത്തിന്റെ രസകരമായ ആവര്‍ത്തനത്തില്‍ ചിക്കമംഗളൂരു ജില്ലയിലെ അഞ്ചു നിയമസഭാ സീറ്റുകളും കോണ്‍ഗ്രസ് തൂത്തുവാരി എന്നതും ശ്രദ്ധേയമാണ്.
വര്‍ദ്ധിതവീര്യത്തോടെ പോരാടുന്ന ഒരു പ്രതിപക്ഷത്തെ ആയിരിക്കും ബിജെപിക്ക് ഇനി നേരിടേണ്ടിവരിക. ഇപ്പോള്‍ത്തന്നെ പത്തൊന്‍പതു പ്രതിപക്ഷപ്പാര്‍ട്ടികള്‍ കോണ്‍ഗ്രസുമായി ആശയവിനിമയത്തിലാണ്. ബിജെപിയുടെ തട്ടകത്തില്‍ അവരെ നേരിടാന്‍ കോണ്‍ഗ്രസ് ശക്തമാണോ എന്നു സംശയിച്ചിരുന്ന പ്രതിപക്ഷപ്പാര്‍ട്ടികള്‍ക്കുപോലും ഇപ്പോള്‍ വ്യക്തമായ ഉത്തരം ലഭിച്ചിരിക്കുകയാണ്. ദേശീയതലത്തില്‍ രൂപപ്പെട്ടുവരുന്ന പ്രതിപക്ഷ ഐക്യനീക്കങ്ങള്‍ ശക്തമാകുന്നതിനു കര്‍ണാടകതിരഞ്ഞെടുപ്പ് ഫലം വഴിതെളിക്കും എന്നു നിസംശയം പറയാം. ഇങ്ങനെ പല തലങ്ങളില്‍നിന്നു പരിശോധിക്കുമ്പോള്‍ കര്‍ണാടകയുടെ അതിരുകള്‍ക്കുള്ളില്‍മാത്രം ഒതുങ്ങിനില്‍ക്കുന്ന ഒന്നല്ല; മറിച്ച്, ദേശീയതലത്തില്‍ത്തന്നെ നിരവധി മാനങ്ങള്‍ കര്‍ണാടകതിരഞ്ഞെടുപ്പുഫലത്തിലുണ്ട് എന്നു മനസ്സിലാക്കാന്‍ കഴിയും.

 

Connection failed: Access denied for user 'A913593_cdspala'@'web-plesk.iron-dns.com' (using password: YES)