കസഖ്സ്ഥാനിലെ അസ്താനയില്‍ പുതിയ ലോകചെസ് ചാമ്പ്യന്‍ പിറന്നു. ചൈനയുടെ മുപ്പതുകാരന്‍ ഡിങ് ലിറന്‍ ആണ് ലോക ചെസിലെ പുതിയ രാജാവ്. നിശ്ചിത പതിന്നാലു റൗണ്ടിലും (7-7) തുടര്‍ന്നു മൂന്നു ടൈബ്രേക്കറിലും സമനില പാലിച്ചശേഷമാണ് നാലാം ടൈബ്രേക്കറില്‍ റഷ്യയുടെ ഇയാന്‍ നെപ്പോമ്‌നിഷി കീഴടങ്ങിയത്. അങ്ങനെ ലോക ചെസ് ചാമ്പ്യന്‍പട്ടം കരസ്ഥമാക്കിയ ആദ്യ ചൈനക്കാരനായി ഡിങ് ലിറന്‍. റഷ്യയും ചൈനയും ഇന്ന് ഏറെ സൗഹൃദത്തിലായതിനാല്‍ ഈ പോരാട്ടത്തിന് രണ്ടു രാജ്യങ്ങള്‍ തമ്മിലുണ്ടായ ആയുധമില്ലാത്ത യുദ്ധത്തിന്റെ പ്രതീതിയില്ലായിരുന്നു.
ലോക റാങ്കിങ്ങില്‍ മൂന്നാമനും കഴിഞ്ഞവര്‍ഷം നടന്ന കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ രണ്ടാംസ്ഥാനക്കാരനുമായ ഡിങ് ലിറന്‍ അവിതര്‍ക്കിത ലോക ചാമ്പ്യനാണോയെന്ന സംശയം ചെസ് പണ്ഡിതര്‍ ഉയര്‍ത്തുന്നുണ്ട്. ആ സംശയം സ്വാഭാവികമാണ്. വിശ്വനാഥന്‍ ആനന്ദില്‍നിന്ന് 2013 ല്‍ ലോകകിരീടം പിടിച്ചുവാങ്ങിയ നോര്‍വെയുടെ മാഗ്‌നസ് കാള്‍സന്‍ തുടരെ അഞ്ചുതവണ ലോകചാമ്പ്യനായി. നിലവിലെ ചാമ്പ്യന്‍ എന്ന നിലയില്‍ കാള്‍സനെ എതിരിടേണ്ടത് കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റ് വിജയിയാണ്. അതായത്, ഇയാന്‍ നെപ്പോമ്‌നിഷി. എന്നാല്‍, കിരീടം നിലനിര്‍ത്താനുള്ള പോരാട്ടത്തിനു കാള്‍സന്‍ തയ്യാറാകാതെവന്നപ്പോള്‍ ഡിങ് ലിറന് അവസരം ഒരുങ്ങുകയായിരുന്നു.
ഇന്നും മാഗ്‌നസ് കാള്‍സന്‍ ആണ് ലോകത്തിലെ മികച്ച ചെസ് കളിക്കാരന്‍ എന്നു വിശ്വസിക്കപ്പെടുന്നു. കാള്‍സന്‍ മത്സരിച്ചിരുന്നെങ്കില്‍ മത്സരം കൂടുതല്‍ തീവ്രമാകുമായിരുന്നു. അനത്തോലി കാര്‍പ്പോവും പിന്നീട്, ആദ്യ തവണ നമ്മുടെ വിശ്വനാഥന്‍ ആനന്ദും ലോകചാമ്പ്യനായപ്പോള്‍ ഗാരി കാസ്പറോവ് എന്ന സൂപ്പര്‍ താരം പ്രഫഷണല്‍ ലോകകിരീടവുമായി മാറിനിന്നിരുന്നു എന്നതുപോലൊരു അവസ്ഥ. എന്നാല്‍, അമേരിക്കയുടെ ബോബി ഫിഷര്‍ കിരീടം നിലനിര്‍ത്താന്‍ തയ്യാറാകാതെവന്നതുപോലെ വിവാദങ്ങള്‍ക്കൊന്നും മാഗ്‌നസ് കാള്‍സന്‍ തുനിഞ്ഞില്ല. കാള്‍സന്റെ പ്രതിഭ ഇപ്പോഴും തിളങ്ങിനില്‍ക്കുമ്പോള്‍, ഡിങ് ലിറന്റെ വിജയത്തിനു തിളക്കം കുറയും. പക്ഷേ, ലോകചാമ്പ്യന്‍ എപ്പോഴും ലോകചാമ്പ്യന്‍തന്നെ. മാത്രമല്ല, ഫിഡെയും പ്രഫഷണല്‍ ചെസ് അസോസിയേഷനും എന്ന സമാന്തരസംഘടനകളുടെ കാലമല്ല ഇത്.
ലോകകിരീടം നിലനിര്‍ത്താനായി മത്സരിക്കാന്‍ തനിക്കു പ്രചോദനം ഉണ്ടാകുന്നില്ലെന്നു പറഞ്ഞാണു മാഗ്‌നസ് കാള്‍സന്‍ പിന്‍വാങ്ങിയത്. ഇതോടെ കാന്‍ഡിഡേറ്റ്‌സ് ചെസ് ടൂര്‍ണമെന്റിലെ ഒന്നും രണ്ടും സ്ഥാനക്കാരെ പങ്കെടുപ്പിച്ച് ലോക ചാമ്പ്യന്‍ഷിപ് നടത്തുകയായിരുന്നു. ഇങ്ങനെയാണ് ലോക രണ്ടാംനമ്പര്‍ നെപ്പോമ്‌നിഷിയും മൂന്നാംനമ്പര്‍ ലിറനും തമ്മില്‍ മത്സരിച്ചത്. ഇലോ റേറ്റിങ്ങിലും നെപ്പോ ഏതാനും പോയിന്റിനു മുന്നിലാണ്. പക്ഷേ, ഒന്നാം നമ്പര്‍ ഇപ്പോഴും മാഗ്‌നസ് കാള്‍സന്‍തന്നെ.
നിശ്ചിത പതിന്നാല് ഗെയിം മത്സരത്തില്‍ ആദ്യഗെയിം സമനിലയിലായി. രണ്ടാം ഗെയിം റഷ്യന്‍ താരം ജയിച്ചു. പന്ത്രണ്ടാം ഗെയിമില്‍ ഡിങ് ലിറന്‍ 6-6 സമനില കണ്ടു. അടുത്ത രണ്ടു ഗെയിമും സമനില. (7-7). തുടര്‍ന്നാണു റാപ്പിഡ് ഗെയിം ടൈബ്രേക്കര്‍ വന്നത്. അവിടെയും ഇഞ്ചോടിഞ്ചു പോരാട്ടം കണ്ടു. ഒടുവില്‍ ഡിങ് കാള്‍സന്റെ സിംഹാസനത്തില്‍ കടന്നിരുന്നു. ജേതാവിന് 10 കോടി രൂപയും രണ്ടാം സ്ഥാനക്കാരന് എട്ടുകോടിയും സമ്മാനം.
ഒരുപക്ഷേ, ചെസില്‍ ചൈനയുടെ ചരിത്രം ഇനി മാറുകയാകും. വനിതാ ചെസില്‍ ശക്തി തെളിയിച്ച രാജ്യമാണു ചൈന. കഴിഞ്ഞ രണ്ടു പതിറ്റാണ്ടില്‍ മുക്കാല്‍ഭാഗവും ചൈനക്കാരികളാണു ലോകചാമ്പ്യന്മാര്‍. ഇപ്പോഴത്തെ ചാമ്പ്യന്‍ ജ്യൂ വെന്‍ജുനും ചൈനക്കാരിയാണ്. ഡിങ് ലിറന്‍, 2009 ല്‍ പതിനാറാം വയസില്‍ ചൈനയുടെ പ്രായം കുറഞ്ഞ ദേശീയ ചാമ്പ്യനായി. അതേവര്‍ഷം ഗ്രാന്‍ഡ് മാസ്റ്ററുമായി. ചെസ് ഒളിമ്പ്യാഡില്‍ 2014 ലും 18 ലും ചൈനയുടെ വിജയത്തില്‍ പങ്കാളി. 2017-18 ല്‍ തോല്‍വിയറിയാതെ മത്സരങ്ങളുടെ സെഞ്ചുറി തികച്ചു. (29 വിജയം 71 സമനില) ഈ റെക്കോര്‍ഡ് മാഗ്‌നസ് കാള്‍സന്‍ പിന്നീട് തിരുത്തി. 125 മത്സരങ്ങളില്‍ കാള്‍സന്‍ തോല്‍വിയറിഞ്ഞില്ല. (42 ജയം; 83 സമനില.)
ഡിങ് ലിറന്‍ യഥാര്‍ഥത്തില്‍ യോഗ്യത നേടിയിരുന്നില്ല എന്ന കാര്യം ചൂണ്ടിക്കാട്ടുമ്പോഴും മുന്‍ലോകചാമ്പ്യന്‍, ഇന്ത്യയുടെ വിശ്വനാഥന്‍ ആനന്ദ് 1970 ല്‍ ബോബി ഫിഷറുടെ കഥ ഓര്‍മിപ്പിക്കുന്നു. പാല്‍ ബെങ്കോ മാറിയതുകൊണ്ടാണ് അന്തര്‍മേഖലാ മത്സരങ്ങള്‍ കളിക്കാന്‍ ബോബി ഫിഷറിന് അവസരം ഒതുങ്ങിയത്. പക്ഷേ, ഫിഷറുടെ വരവ് ലോക ചെസിന്റെ ഗതിതന്നെ മാറ്റിമറിച്ചുവെന്നതു ചരിത്രം.
''ഉറച്ച അടിത്തറയുള്ള, സാങ്കേതികമികവുള്ള പ്രഫഷണല്‍ താരമാണ് ഡിങ് ലിറന്‍. അദ്ദേഹത്തിന്റെ ഓപ്പണിങ്ങുകള്‍ എറെ ചിന്തിച്ചുള്ളതും കരുനീക്കങ്ങളുടെ രീതി ആധുനികവുമാണ്.'' വിശ്വനാഥന്‍ ആനന്ദ് പുതിയ ലോകചാമ്പ്യനെ വിലയിരുത്തി. മത്സരത്തില്‍ നെപ്പോയായിരുന്നു മികച്ച കളിക്കാരന്‍ എന്നു പറയാന്‍ മടിക്കാത്ത വിശ്വനാഥന്‍ ആനന്ദ് പക്ഷേ, നെപ്പോയ്ക്കു ദൃഢത കുറവായിരുന്നെന്നും ചൂണ്ടിക്കാട്ടി. പിന്നാക്കം പോയപ്പോള്‍ സാഹസത്തിനു തയ്യാറായ ഡിങ്ങിനെ അക്കാര്യത്തില്‍ ആനന്ദ് അനുമോദിക്കുന്നുണ്ട്. സാഹചര്യത്തിന് അനുസൃതമായി ഉണര്‍ന്നുവെന്നു സാരം. റാപ്പിഡ് ഗെയിമില്‍ കളി ഏതുവഴിക്കും എപ്പോഴും തിരിയാം. ഇക്കുറി ആ തിരിച്ചില്‍ ഡിങ് ലിറന് അനുകൂലമായി, അഥവാ അദ്ദേഹം അത് അനുകൂലമാക്കി.
ലോകകിരീടനേട്ടത്തിലേക്കുള്ള പാതയില്‍ കാള്‍സന്റെ പിന്‍മാറ്റം മാത്രമല്ല ഡിങ് ലിറനു തുണയായത്. റഷ്യ-യുക്രെയ്ന്‍ യുദ്ധം കാരണം റഷ്യയുടെ സര്‍ജി കുര്യാക്കിനെ കാന്‍ഡിഡേറ്റ്‌സ്മത്സരങ്ങളില്‍നിന്നു ഫിഡെ വിലക്കിയിരുന്നു. മറുവശത്ത് നെപ്പോമ്‌നിഷിക്കാകട്ടെ ലോകചാമ്പ്യന്‍ഷിപ്പ് ബാലികേറാമലയാകുകയാണ്. ക്ലാസിക്കലും റാപ്പിഡുമെല്ലാം ചേര്‍ത്ത് നാല് ചാമ്പ്യന്‍ഷിപ്പ് ഫൈനലുകളില്‍ അദ്ദേഹത്തിന്റെ കരുനീക്കം പാളി.
തന്റെ കുറവുകള്‍ ഉയര്‍ത്തിക്കാട്ടിയും കഴിവുകള്‍ കണ്ടില്ലെന്നു നടിച്ചും നീങ്ങുന്ന ഡിങ് ലിറന്‍ ചെസിലെ മിതഭാഷിയായ ലോകചാമ്പ്യനാണ്. പക്ഷേ, തന്റെ യാഥാര്‍ഥലക്ഷ്യം ലോകകിരീടമല്ല, ലോകത്തിലെ ഏറ്റവും മികച്ച കളിക്കാരനാകുക എന്നതാണെന്നു ഡിങ് പറയുമ്പോള്‍ ആ വാക്കുകളില്‍ വിനയം ചാലിച്ച നിശ്ചയദാര്‍ഢ്യമുണ്ട്. നെപ്പോവ്‌നിഷിക്കെതിരേ ലോകകിരീടത്തിനായുള്ള പോരാട്ടത്തില്‍ ഒരിക്കലും ലീഡ് നേടാതിരുന്ന ഡിങ് ലിറന്‍ ഒടുവില്‍, ഏകജയത്തില്‍ കിരീടമുറപ്പിക്കുകയായിരുന്നു. കാന്‍ഡിഡേറ്റ്‌സ് ടൂര്‍ണമെന്റില്‍ ഹിക്കാരു നക്കാമുറയ്‌ക്കെതിരേയും അവസാന ഗെയിം ജയിച്ചാണ് ഡിങ് രണ്ടാംസ്ഥാനം നേടിയത്. ബുദ്ധിപരമായ കരുനീക്കങ്ങള്‍ക്കപ്പുറം ഭാഗ്യം മാത്രമല്ല, നിര്‍ണായകഘട്ടത്തില്‍ സാഹസം കാട്ടാനുള്ള മനസ്സും ചാമ്പ്യനെ നിര്‍ണയിക്കുന്നു എന്ന് ഡിങ് ലിറന്‍ ഓര്‍മിപ്പിക്കുന്നു.