മായാജാലക്കാരന്റെ മാന്ത്രികസ്പര്‍ശത്താല്‍ ഒരു കൈലേസ് പനിനീര്‍പുഷ്പമാകുന്നതു പോലെയാണ് നമ്മുടെ ചില വാക്കുകള്‍ മറ്റുള്ളവരുടെ വരണ്ട ഹൃദയങ്ങളില്‍ ആനന്ദത്തിന്റെ തേന്‍മഴ പെയ്യിക്കുന്നത്. ഏതു ശിലാഹൃദയത്തെയും മഞ്ഞുപോലെ ഉരുക്കാനും സ്‌നേഹാഗ്നിയാല്‍ ജ്വലിപ്പിക്കാനും ഉതകുന്നവിധം ശക്തമായ പദങ്ങളാണ് നന്ദി, ക്ഷമ, ദയവായി എന്നിവ.
പത്തൊന്‍പതു വര്‍ഷംമുമ്പ് ഇരുപത്തിമൂന്നാം വയസ്സില്‍ പാശ്ചാത്യനാട്ടില്‍ കാലുകുത്തുമ്പോള്‍, എന്റെ മനസ്സിലുണ്ടായിരുന്ന ഏകചിന്ത അവിടുത്തെ ജിറോണ സര്‍വകലാശാലയില്‍നിന്നു ഞാന്‍ കരസ്ഥമാക്കാന്‍ ഉദ്ദേശിച്ചിരുന്ന ബിരുദാനന്തരബിരുദത്തെക്കുറിച്ചു മാത്രമായിരുന്നു. പാശ്ചാത്യസംസ്‌കാരത്തെക്കുറിച്ചോ അവിടുത്തെ ആളുകളുടെ ജീവിതരീതിയെക്കുറിച്ചോ എനിക്കുണ്ടായിരുന്ന അറിവ് എത്രയോ പരിമിതം!
മുകുന്ദന്റെ 'മയ്യഴിപ്പുഴയുടെ തീരങ്ങളും' പൊറ്റെക്കാട്ടിന്റെ 'ഒരു ദേശത്തിന്റെ കഥ'യും പ്രൊഫ. ശിവദാസിന്റെ 'മ്യൂണിച്ചിലെ സുന്ദരികളും സുന്ദരന്മാരും' തന്ന ജീവിതചിത്രങ്ങളും എന്റെ കാരണവന്മാര്‍ വര്‍ഷങ്ങള്‍ക്കുമുമ്പ് അവരവരുടെ ചെറുപ്പകാലങ്ങളില്‍ നടത്തിയ ദീര്‍ഘകാലയൂറോപ്യന്‍ പര്യടനകഥകളില്‍നിന്നു നേരിട്ടോ അല്ലാതെയോ ഞാന്‍ കേട്ടറിഞ്ഞ ദേശചരിത്രങ്ങളുംമാത്രമായിരുന്നു ഏക കൈമുതല്‍. അവയിലൊന്നും ഞാന്‍ കാണാത്തതും കേള്‍ക്കാത്തതുമായ ജീവിതമന്ത്രങ്ങളാണ് പിന്നീട് ഞാന്‍ എന്റെ പ്രവാസജീവിതത്തില്‍ നേരിട്ടറിഞ്ഞത്.
ഒരിക്കല്‍ ബാര്‍സിലോണ വിമാനത്താവളത്തില്‍നിന്നു താമസസ്ഥലത്തേക്കു പോകാനായി കയറിയ ടാക്‌സിക്കാറിന്റെ ഡ്രൈവറാണ് ആദ്യമായി 'നന്ദി' എന്ന് അര്‍ഥം വരുന്ന 'ഗ്രാസിയസ്' എന്ന സ്പാനിഷ്പദം പറഞ്ഞുകേട്ടത്. പിന്നീട് താമസിക്കാന്‍ ചെന്ന അരഗോണ്‍വീഥിയിലെ അപ്പാര്‍ട്ട്‌മെന്റിന്റെ സംരക്ഷികയായ മദാമ്മ, കൈയില്‍ വീടിന്റെ താക്കോല്‍ക്കൂട്ടം വച്ചു തന്നപ്പോഴും പറഞ്ഞതു 'ഗ്രാസിയസ്!' ആംഗലേയഭാഷ തീര്‍ത്തും സംസാരിക്കാന്‍ സാധ്യതയില്ലാത്ത നാട്ടിലേക്കാണു ഞാന്‍ പോകുന്നതെന്ന ഉറച്ചബോധ്യമുണ്ടായിരുന്നതിനാല്‍ കൈയില്‍ ഒരു സ്പാനിഷ് - ഇംഗ്ലീഷ് നിഘണ്ടു കരുതാന്‍ ഉപദേശിച്ചത് അന്യനാട്ടില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയ മൂത്ത സഹോദരി സീതമ്മയാണ്. സഹോദരിയെ മനസ്സാ സ്മരിച്ചു 'ഗ്രാസിയസ്' പദത്തിന്റെ അര്‍ഥം നിഘണ്ടുവില്‍ പരതിയ ഞാന്‍, ഈ നാട്ടിലെ ആളുകള്‍ എത്ര നിസ്സാരകാര്യത്തിനും നന്ദി പറയുന്നതെന്തിന് എന്നു ചിന്തിച്ച് വിനാഴികകള്‍ കഴിച്ചുകൂട്ടി.
ഒരുവര്‍ഷത്തിനുശേഷം സ്പാനിഷ് മേലുദ്യോഗസ്ഥരുടെ കീഴില്‍ സ്ഥിരജോലിക്കു ചേര്‍ന്നപ്പോഴാണ്, കമ്പനിയുടമസ്ഥയായ നിയവസ് അമ്മച്ചി, തന്റെ ജോലിക്കാരിയായ റൂത്തിനു ജോലിക്കിടില്‍ പറ്റിയ ഒരു തെറ്റിന്, റൂത്തിനോട്, 'ലോസിയന്തോ', 'പെര്‍ഡോണാ' എന്നീ വാക്കുകള്‍ പറഞ്ഞു കെട്ടിപ്പിടിച്ച് ഉമ്മ കൊടുക്കുന്നതു കണ്ടത്. ഇതിനോടകം സ്പാനിഷ് ഭാഷയില്‍ അത്യാവശ്യം പ്രാവീണ്യം നേടിയിരുന്നതിനാല്‍ ഈ വാക്കുകളുടെ അര്‍ഥം ഞാന്‍ നന്നായി മനസ്സിലാക്കിയിരുന്നു. റൂത്തിനു പറ്റിയ കൈയബദ്ധത്തിന്, 'ഞാന്‍ നിന്നോടു ക്ഷമിച്ചിരിക്കുന്നു എന്നും 'അതു സാരമില്ല' എന്നും പറഞ്ഞു തെറ്റിനെ നിസ്സാരവത്കരിച്ചപ്പോഴും 'ആ മഹതി അങ്ങനെ പറഞ്ഞത് എന്തിനെ'ന്ന എന്റെ സംശയം തീര്‍ത്തത്, അമ്മയ്ക്കു തുല്യം സ്‌നേഹിച്ച കാത്തി അമ്മച്ചിയാണ്.
തന്റെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഒരു വ്യക്തിയോട് തന്റെ ഖേദം പ്രകടിപ്പിക്കുകയും, കൂടെ ചേര്‍ത്തുനിര്‍ത്തുകയും ചെയ്ത ആ വിശാലഹൃദയവും സംസ്‌കാരവും എന്നെ അദ്ഭുതപരതന്ത്രനാക്കി. കാരണം, യജമാനന്മാര്‍ ദാസന്മാരോടും, മേലാളന്മാര്‍ കീഴാളന്മാരോടും കല്പനകളും ആജ്ഞകളുംമാത്രം കൊടുത്തു പരിചയിച്ചിരുന്ന ഒരു ദേശത്തുനിന്നു വിദേശത്തേക്കു പറിച്ചുമാറ്റപ്പെട്ട എനിക്ക്, ഇന്നാട്ടിലെ ജനങ്ങള്‍ സമൂഹത്തിലെ തന്റെ സ്ഥാനമാനങ്ങള്‍ വകവയ്ക്കാതെ എല്ലാ ചോദ്യങ്ങളുടെയും ആരംഭത്തില്‍ ദയവായി എന്നര്‍ഥം വരുന്ന പോര്‍ഫാവോര്‍ എന്ന പദം ഉപയോഗിക്കുന്നത് എന്തിനെന്നത് എന്നെ ഏറെ ചിന്താക്കുഴപ്പത്തിലാക്കി. പതിറ്റാണ്ടോളം നീണ്ട സ്പാനിഷ് ജീവിതമാണ് എന്നെ ഇത്തരം വാക്കുകള്‍ ജീവിതത്തില്‍ വരുത്തുന്ന നല്ല മാറ്റങ്ങള്‍ പഠിപ്പിച്ചത്. ജീവിതത്തിന്റെ പ്രവൃത്തി മണ്ഡലങ്ങളില്‍ നന്ദി പ്രകാശിപ്പിച്ചു ജീവിച്ചപ്പോള്‍ ഞാനും ആ സംസ്‌കാരത്തിന്റെ വിലപ്പെട്ട ഒരു കണ്ണിയായതുപോലെ തോന്നി. മനസ്സ് അപക്വമായിരുന്ന ഒരു കാലത്ത്, ക്ഷമിക്കണം എന്ന വാക്കിലൂടെ സുഹൃത്തുകളുടെ ഇടയിലെ അപസ്വരങ്ങള്‍ അവസാനിക്കുന്നതു കാണാന്‍ സാധിച്ചത് മാന്ത്രികതയാര്‍ന്ന ഒരു അനുഭവമായിരുന്നു. ഒരാളോടു ക്ഷമ ചോദിക്കുമ്പോള്‍ നമ്മള്‍ ഇല്ലാതാകുകയല്ല; മറിച്ച്, നമ്മുടെ വ്യക്തിത്വം പ്രശോഭിക്കുകയാണ്. ദയവായി എന്നു ചേര്‍ത്തു ചോദിക്കുന്ന ചോദ്യങ്ങള്‍ക്കൊന്നുംതന്നെ ഉത്തരം ലഭിക്കാതെ പോകുന്നില്ല എന്നതും, ഏതു കഠിനഹൃദയനെയും ഹഠാദാകര്‍ഷിക്കാന്‍ ഈ വാക്കുകള്‍ക്കു കഴിയുമെന്നതും എനിക്കു പുതുവിജ്ഞാനം പകര്‍ന്നു.
മനുഷ്യന്റെ തൊലിയുടെ നിറത്തിനെമാത്രം അടിസ്ഥാനപ്പെടുത്തി സൗന്ദര്യസങ്കല്പങ്ങള്‍ മെനയുന്ന നമ്മുടെ പഴയ ചിന്താഗതിയില്‍നിന്ന് എത്രയോ വിഭിന്നമാണ് യൂറോപ്യന്‍ സങ്കല്പങ്ങള്‍. അവിടെ മനുഷ്യന്റെ വ്യക്തിത്വത്തിനാണു പ്രാധാന്യം.
സ്‌പെയിനില്‍ ഞാന്‍ കണ്ടു ശീലിച്ചത് സ്‌നേഹഭാജനങ്ങളായ കുറെ നല്ല മനുഷ്യരെ ആണെങ്കില്‍ ഇംഗ്ലണ്ടില്‍ കണ്ടെത്തിയത്, വായിച്ചുപരിചയിച്ച ജന്റില്‍മാന്‍ സങ്കല്പങ്ങളെയാണ്. വൈദ്യശാസ്ത്രത്തിലെ സംഭാവനകള്‍ക്ക് എലിസബത്ത് റാണിയില്‍നിന്നു സര്‍ ബഹുമതി കരസ്ഥമാക്കിയ ഭിഷഗ്വരന്‍വരെയുള്ളവര്‍ പൊതുവാഹനങ്ങള്‍ ഉപയോഗിച്ച് ജോലിക്കു പോകുന്നതു കണ്ടപ്പോള്‍ ഞാന്‍ തെല്ലിട സ്തബ്ധനായി നിന്നുപോയത്, വീട്ടില്‍നിന്ന് ഒരു കിലോമീറ്റര്‍ പരിധിയിലുള്ള കലാലയത്തിലേക്കു പോകാന്‍ വിലകൂടിയ ബൈക്കു വേണം എന്നു വാശിപിടിക്കുന്ന നമ്മുടെ നാട്ടിലെ ചില ചെറുപ്പക്കാരെക്കുറിച്ചോര്‍ത്താണ്. ഇവിടങ്ങളിലെ സൂപ്പര്‍ മാര്‍ക്കറ്റിലും റെയില്‍വേ സ്റ്റേഷനിലും ബസ്‌സ്റ്റോപ്പിലും എല്ലാം മര്യാദ പാലിച്ചു ക്യൂവില്‍ ക്ഷമയോടെ തങ്ങളുടെ ഊഴവും കാത്തുനില്‍ക്കുന്ന ആബാലവൃദ്ധം ജനങ്ങളെ കണ്ടാല്‍ ആര്‍ക്കും ബഹുമാനം തോന്നിപ്പോകും.
വര്‍ഷങ്ങള്‍ നീണ്ട പ്രവാസജീവിതത്തിന്റെ പ്രതിഫലനമെന്നവണ്ണം, നാട്ടില്‍ ഒരിക്കല്‍ പോയപ്പോള്‍ യാത്രയ്ക്കു വിളിച്ച റിക്ഷാക്കാരനോട്, യാത്രാവസാനം താങ്ക്‌യൂ എന്നു ഞാന്‍ പറഞ്ഞപ്പോള്‍, ഏതോ അന്യഗ്രഹജീവിയെ കാണുന്ന കൗതുകത്തോടെ അയാള്‍ എന്നെ നോക്കിയത് ഞാന്‍ ഇപ്പോഴും ഓര്‍ക്കുന്നു. താങ്ക്‌യൂ എന്നോ, സോറി എന്നോ എന്റെ സംസാരത്തില്‍ വന്നാല്‍ ഇന്നും നെറ്റി ചുളിച്ച്, 'എന്തിനാണ് എന്നോടു നിനക്കിത്രയും ഔപചാരികത' എന്നു പരിഭവം പറയുന്നത്, മൂത്ത സഹോദരി സീതമ്മയാണ്. ഈ മാന്ത്രികവാക്കുകളാണ് ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ യൂറോപ്പിലെ ആളുകള്‍ പറയുന്നത് എന്നതിനാല്‍ നമ്മുടെ ദൈനംദിന ഭാഷാവലിയിലെ ഒഴിച്ചുകൂടാനാവാത്ത പദപ്രയോഗങ്ങളായിരിക്കുന്നു അവയൊക്കെയും.
സ്വീകരിക്കപ്പെടുന്ന ഏറ്റവും ചെറിയ ഉപകാരങ്ങള്‍ക്കും, നല്ല വാക്കിനും, പ്രവൃത്തിക്കുമൊക്കെ നന്ദി പ്രകാശിപ്പിക്കുന്നതിലൂടെയും അറിഞ്ഞോ അറിയാതെയോ സംഭവിക്കുന്ന തെറ്റുകള്‍ക്കു ക്ഷമ പറയുന്നതിലൂടെയും, ഏതൊരു സഹായാഭ്യര്‍ഥനയോടുമൊപ്പം 'ദയവായി' എന്നു ചേര്‍ക്കുന്നതിലൂടെയും ഒരു പരിധിവരെ പല തെറ്റുധാരണകളും സംഘര്‍ഷങ്ങളും നമുക്ക് ഒഴിവാക്കാന്‍ സാധിക്കും.
പാശ്ചാത്യജീവിതശൈലി പിന്തുടരാന്‍ നാം തിടുക്കം കൂട്ടുമ്പോള്‍, ആ സംസ്‌കാരത്തിന്റെ അടിസ്ഥാനമായ ഇത്തരം മര്യാദകള്‍കൂടി പിഞ്ചെല്ലാനും അനുകരിക്കാനും സാധിച്ചിരുന്നെങ്കില്‍!
ലേഖനം
മധുരമൊഴികളുടെ മാന്ത്രികസ്പര്‍ശം
