ബാലസാഹിത്യകാരന്‍ സിപ്പി പള്ളിപ്പുറത്തിന് എണ്‍പത്
ലോകം ചുറ്റും നെയ്യപ്പം ഞാന്‍
മധുരച്ചക്കര നെയ്യപ്പം
കൊതിയന്മാരേ ചതിയന്മാരേ
മാറിക്കോ വഴി മാറിക്കോ...!
വെളിച്ചെണ്ണയില്‍ കിടന്നു നൃത്തംവയ്ക്കുന്ന നെയ്യപ്പത്തെ കൊതിയോടെ നോക്കിനിന്ന അമ്മയുടെയും മക്കളുടെയും മുമ്പില്‍വച്ച്, ചീനച്ചട്ടിയില്‍നിന്നു പുറത്തുചാടി, ഓട്ടം തുടങ്ങിയ നെയ്യപ്പത്തിന്റെ കഥയാണിത്. മലയാളബാലകരുടെ മനസ്സുകളില്‍ മധുരം നിറച്ചുവയ്ക്കുന്ന സിപ്പി പള്ളിപ്പുറം എഴുതിയ നെയ്യപ്പത്തിന്റെ ലോകസഞ്ചാരം എന്ന രസികന്‍ ബാലകഥ. കഥയില്‍ കവിത ചാലിച്ച്, നാടകീയരംഗങ്ങള്‍ ചേര്‍ത്തുവച്ച്, ഈണവും താളവും പകരുന്ന കഥനശൈലി സിപ്പി പള്ളിപ്പുറത്തിന്റെ തനിമയാണ്. അദ്ദേഹമിപ്പോള്‍ എണ്‍പതിന്റെ നിറവിലാണ്; രണ്ടാം ബാല്യത്തിലാണ്.
1943 മേയ് 18 ന് എറണാകുളം ജില്ലയിലെ വൈപ്പിന്‍കരയില്‍ പള്ളിപ്പുറം ഗ്രാമത്തില്‍ ജനിച്ചു. 1966 ല്‍ ബാലസാഹിത്യരചന ആരംഭിച്ചു. ആദ്യനോവല്‍ പൂമ്പാറ്റയില്‍ പ്രസിദ്ധപ്പെടുത്തി, മിന്നാമിനുങ്ങ് എന്ന പേരില്‍. നൂറു രൂപയാണ് അതിനു ലഭിച്ച പ്രതിഫലം. ഇന്നിപ്പോള്‍ ഇരുന്നൂറോളം പുസ്തകങ്ങള്‍ സിപ്പിമാഷിന്റേതായുണ്ട്. പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്‌കൂളില്‍ ദീര്‍ഘകാലം അധ്യാപകനായിരുന്നു. സാഹിത്യജീവിതവും അധ്യാപകജീവിതവും ഇഴചേര്‍ന്നു മുന്നേറിയതിന്റെ സാക്ഷ്യംകൂടിയാണ് അദ്ദേഹം കൈവരിച്ച നേട്ടങ്ങള്‍. 1992 ല്‍ ദേശീയ അധ്യാപക അവാര്‍ഡ് നേടി.
മലയാളസാഹിത്യത്തില്‍ ലബ്ധപ്രതിഷ്ഠരായ കുറേപ്പേരുണ്ട്. അവരുടെയിടയില്‍ തന്റേതായ ഉയര്‍ന്ന ഒരിടം കണ്ടെത്തിയ സിപ്പി പള്ളിപ്പുറം, അവഗണിക്കപ്പെട്ടുകിടന്ന ബാലസാഹിത്യരംഗത്തെ ഒട്ടുദൂരം മുന്നോട്ടുനയിക്കാനും അതിന്റെ പ്രാധാന്യത്തെക്കുറിച്ച് കേരളീയസമൂഹത്തെ ബോധ്യപ്പെടുത്താനും തന്റെ തൂലികയും നാവും ഒരുപോലെ ഉപയോഗിച്ചു. ആ പരിശ്രമങ്ങള്‍ സഫലമായതിനു ചരിത്രം സാക്ഷി.
പല കാലങ്ങള്‍ പല തലമുറകള്‍
പല തലമുറകളോടൊപ്പമാണ് സിപ്പി പള്ളിപ്പുറം എഴുത്തുജീവിതം തുടര്‍ന്നത്. നന്നേ ചെറുപ്പത്തില്‍ അദ്ദേഹത്തിന്റെ കഥയും കവിതയും വായിച്ചു രസിച്ചവര്‍ പലരും ഇന്ന് മുത്തശ്ശിമാരും മുത്തശ്ശന്മാരുമാണ്. അതേസമയം, ഇന്നത്തെ നേഴ്‌സറിവിദ്യാര്‍ഥികളും സിപ്പിമാഷിന്റെ രചനകള്‍ ആസ്വദിക്കുന്നു. സാഹിത്യകൃതികളുടെ വൈവിധ്യവും വൈപുല്യവും പരിശോധിക്കുമ്പോള്‍ ഈ എഴുത്തുകാരന്‍ വേറിട്ടുനില്‍ക്കുന്നു. പുസ്തകങ്ങളുടെ എണ്ണവും ഗുണവും പരിഗണിക്കുമ്പോള്‍ നാം അദ്ഭുതപ്പെട്ടുപോകും. പുസ്തകശാലകളിലും പുസ്തകമേളകളിലും ഗ്രന്ഥശാലകളിലും വായനമുറികളിലും നിറഞ്ഞ സാന്നിധ്യമാണീ കുട്ടികളുടെ കൂട്ടുകാരന്‍. ബാലകര്‍ക്കിണങ്ങുന്ന എന്തും എഴുതാനുള്ള സര്‍ഗവൈഭവം മാഷിനുണ്ട്.
കഥകള്‍, കവിതകള്‍, നോവലുകള്‍, നേഴ്‌സറിപ്പാട്ടുകള്‍, കഥാപ്രസംഗങ്ങള്‍, കഥാകവിതകള്‍, ജീവചരിത്രങ്ങള്‍, അനുഭവക്കുറിപ്പുകള്‍, ബാലലേഖനങ്ങള്‍ എന്നിങ്ങനെ ബാലസാഹിത്യത്തിന്റെ സമസ്തമേഖലകളിലും സിപ്പി പള്ളിപ്പുറം അനല്പമായ അര്‍പ്പണബോധത്തോടെ പ്രവര്‍ത്തിച്ചു. ഇതിനകം അനേകം കൃതികളുടെ അനവധി പതിപ്പുകള്‍ പ്രകാശിതമായി. ആയിരക്കണക്കിനാളുകളുടെ ഗ്രന്ഥശേഖരങ്ങളില്‍ അവ ഇടംപിടിച്ചു.
ഒന്നോ രണ്ടോ സാഹിത്യരൂപങ്ങളില്‍ കൃതഹസ്തരായവര്‍ പലരുണ്ട്. എന്നാല്‍, ഇത്രയേറെ വിപുലമായി വ്യത്യസ്ത സാഹിത്യശാഖകളില്‍ രചന നടത്തിയവര്‍ മറ്റാരാണുള്ളത്! അരനൂറ്റാണ്ടിനപ്പുറം ദൈര്‍ഘ്യമുണ്ടീ സാഹിത്യജീവിതത്തിന്. കാലത്തിനു ചേര്‍ന്നവിധം പ്രമേയം കണ്ടെടുക്കാനും അവതരണം നവീകരിക്കാനുമുള്ള സൂക്ഷ്മത സിപ്പിമാഷില്‍ എക്കാലവുമുണ്ടായിരുന്നു. നാടോടിക്കഥകളും നാടന്‍പാട്ടുകളും ബാലസാഹിത്യത്തോടു ചേര്‍ത്തുവയ്ക്കാന്‍ നടത്തിയ പരിശ്രമങ്ങള്‍ എടുത്തുപറയേണ്ടതാണ്.
ചെണ്ടയും പൂരവും പിന്നെ സ്വര്‍ഗയാത്രയും
1985 ല്‍ ചെണ്ട എന്ന ബാലകവിതാസമാഹാരത്തിന് ദേശീയ അവാര്‍ഡ് നേടി. തുടര്‍ന്നെത്രയോ പുരസ്‌കാരങ്ങള്‍! 1988 ല്‍ പൂരം എന്ന കാവ്യകൃതിക്ക് ഭീമാസ്മാരക ബാലസാഹിത്യ അവാര്‍ഡ്. പിന്നെയങ്ങോട്ട് അംഗീകാരങ്ങളുടെ പൊടിപൂരംതന്നെയായിരുന്നു. അപ്പൂപ്പന്‍താടിയുടെ സ്വര്‍ഗയാത്രയ്ക്ക് നിരവധി അവാര്‍ഡുകള്‍ ലഭിച്ചു.
കേരളസാഹിത്യ അക്കാദമി അവാര്‍ഡ്, ബാലസാഹിത്യ ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ സമഗ്രസംഭാവനാപുരസ്‌കാരം, എന്‍.സി.ഇ.ആര്‍.ടി. അവാര്‍ഡ്, കുഞ്ഞുണ്ണി പുരസ്‌കാരം, കുടുംബദീപം അവാര്‍ഡ്, ഫൊക്കാന
സാഹിത്യപുരസ്‌കാരം, സഹൃദയവേദി അവാര്‍ഡ്, കൈരളി ചില്‍ഡ്രന്‍സ് ബുക്ട്രസ്റ്റ് അവാര്‍ഡ് തുടങ്ങിയവയെല്ലാം കുട്ടികള്‍ക്കായി അവിശ്രമം എഴുതുന്ന ആ കരങ്ങളില്‍ എത്തിച്ചേര്‍ന്നു. 2010 ല്‍ മലയാളികളെ അഭിമാനപുളകിതരാക്കിക്കൊണ്ട് കേന്ദ്രസാഹിത്യ അക്കാദമിയുടെ ബാലസാഹിത്യപുരസ്‌കാരവും ഏറ്റുവാങ്ങി; കുഞ്ഞുണ്ണിമാഷിന്റെ ജീവചരിത്രമായ ഒരിടത്ത് ഒരിടത്ത് ഒരു കുഞ്ഞുണ്ണി എന്ന ഗ്രന്ഥത്തിന്. ഒരു കാര്യം ഉറപ്പ് - മലയാള ബാലസാഹിത്യത്തെ സിപ്പി പള്ളിപ്പുറം ആദരണീയമാക്കിത്തീര്‍ത്തു. മലയാളബാലസാഹിത്യം സിപ്പി പള്ളിപ്പുറത്തെയും ആദരണീയനാക്കിമാറ്റി.
കാണാനും കേള്‍ക്കാനും അനുഭവിക്കാനും
സിപ്പി പള്ളിപ്പുറത്തെ നേരില്‍ക്കാണാനും കേള്‍ക്കാനും കൊതിക്കുന്ന പല തലമുറകളുണ്ടീ നാട്ടില്‍. സ്‌കൂളുകളിലും ഗ്രന്ഥശാലകളിലും ഇതരസമ്മേളനങ്ങളിലും ഉദ്ഘാടകനായും മുഖ്യപ്രഭാഷകനായും എത്തിച്ചേരുന്ന സിപ്പിമാഷ് രൂപഭാവങ്ങളാലും വേഷഭൂഷാദികളാലും സദസ്സിനെ കീഴടക്കുന്ന കാഴ്ച അതീവകൗതുകകരമാണ്. നാടന്‍പാട്ടുകളും വായ്ത്താരികളും കാവ്യശകലങ്ങളും കഥാസന്ദര്‍ഭങ്ങളും ഇണക്കിച്ചേര്‍ത്ത് ആരംഭിക്കുന്ന പ്രഭാഷണങ്ങള്‍ സദസ്സിനെ ഒപ്പം നിര്‍ത്തുകയും പുതിയൊരു ലോകത്തേക്കു നയിക്കുകയും ചെയ്യും. അക്ഷരക്കൂട്ടങ്ങളിലൂടെ സദസ്സിനു പരിചയമുള്ള സിപ്പി പള്ളിപ്പുറം ആഹ്ലാദത്തിന്റെ പൂത്തിരി കത്തിച്ചുകൊണ്ട് വേദിയില്‍ നില്‍ക്കുന്നതു കാണാനും കേള്‍ക്കാനുമുള്ള സുഖം ഒന്നുവേറേതന്നെയാണ്. അവിടെയൊക്കെ കേരളീയനന്മകള്‍, വിശ്വമാനവികദര്‍ശനങ്ങള്‍, മൂല്യബോധസംഹിതകള്‍ തുടങ്ങിയ ഗൗരവമാര്‍ന്ന കാര്യങ്ങള്‍ ലളിതസുന്ദരവും ഹൃദ്യവുമായി അവതരിപ്പിക്കാറുണ്ടെന്നതും ശ്രദ്ധേയമാണ്.
കേരളത്തിലുടനീളം സാഹിത്യക്യാമ്പുകളിലും ശില്പശാലകളിലും സഞ്ചരിച്ചെത്തി, പുതുതലമുറയെ ഉണര്‍വും ഉത്സാഹവുമുള്ളവരാക്കി മാറ്റാന്‍ സിപ്പി പള്ളിപ്പുറം കാണിക്കുന്ന താത്പര്യം അഭിനന്ദനീയമാണ്. ഒന്നോരണ്ടോ മണിക്കൂര്‍കൊണ്ടു താളമേളങ്ങളോടെ സിപ്പിമാഷ് പ്രവേശിക്കുന്നത് കുഞ്ഞുങ്ങളുടെ സര്‍ഗശോഭകളിലേക്കാണ്. ഓരോ വര്‍ഷവും എത്രയെത്ര പിഞ്ചുകുഞ്ഞുങ്ങളെയാണ് ആദ്യാക്ഷരമെഴുതിക്കാന്‍ ഈ ഗുരുവര്യന്റെ പക്കല്‍ കൊണ്ടുവരുന്നത്!
ബാലസാഹിത്യകൃതികള്‍ കുട്ടികള്‍ക്കു രസിച്ചാല്‍മാത്രം പോരാ, അവരില്‍ നന്മകള്‍ പകരുന്നതായിരിക്കണമെന്ന അവബോധത്തോടെയാണ് സിപ്പി പള്ളിപ്പുറം എഴുതുന്നത്. സാഹിത്യഗുണത്തില്‍ ഭാഷാസൗന്ദര്യവും കാവ്യാത്മകതയുംമാത്രമല്ല, മൂല്യങ്ങളും മര്യാദകളും സന്നിവേശിപ്പിക്കുന്നതുകൂടി ഉള്‍പ്പെടുമെന്ന് ആ രചനകള്‍ സാക്ഷ്യപ്പെടുത്തുന്നു. നന്മയിലേക്കൊരു കിളിവാതില്‍ തുറന്നുകൊടുക്കാന്‍ ഓരോ സാഹിത്യസൃഷ്ടിക്കും കഴിയണമെന്ന് സിപ്പിമാഷ് ആഗ്രഹിക്കുന്നു, അതിനായി പരിശ്രമിക്കുന്നു. മേരി സെലിന്‍ ടീച്ചര്‍ ജീവിതസഖിയാണ്; ശാരികയും നവനീതും മക്കള്‍. പള്ളിപ്പുറത്തെ വീട്ടില്‍ പത്‌നിയോടും പുത്രകുടുംബത്തോടുമൊപ്പം കര്‍മനിരതനാണ് അദ്ദേഹം.
സുവര്‍ണജൂബിലി പിന്നിട്ട ദീപനാളത്തിന്റെ താളുകളെ തുടക്കംമുതല്‍ അലങ്കരിക്കാന്‍ ആ രചനകള്‍ ഉപകരിച്ചു. ഇന്നും ആ സേവനം തുടരുന്നു. ഒരു കുഞ്ഞിന്റെ നിഷ്‌കളങ്കമനസ്സോടെ, സ്വന്തം അനുഭവങ്ങളില്‍ ഊന്നിനിന്ന്, വായന വാസനയ്ക്കു വളമാക്കി മാറ്റിയെഴുതുന്ന സിപ്പി പള്ളിപ്പുറം, അറിവും നെറിവുമുള്ള തലമുറയെ വളര്‍ത്തിയെടുക്കാന്‍ പണിയെടുക്കുന്നൊരാളാണ്. സാഹിത്യത്തിന്റെ രസനീയതയും അധ്യാപനത്തിന്റെ ദാര്‍ശനികതയും ഒത്തിണങ്ങിയ സര്‍ഗസൃഷ്ടികളാണ് സിപ്പി പള്ളിപ്പുറത്തിന്റെ തൂലികയില്‍നിന്നു വിടര്‍ന്നുവരുന്നത്. അവ മലയാളബാലകരുടെ മഹാഭാഗ്യപുഷ്പങ്ങളായി സൗരഭ്യവും സൗന്ദര്യവും പൊഴിച്ചുകൊണ്ടു നില്‍ക്കുമ്പോള്‍ നമുക്കീ ഗുരുനാഥനെ സാദരം നമിക്കാം, നന്മകള്‍ നേരാം!