ഏപ്രില്‍, മേയ് മാസങ്ങളില്‍ കേരളത്തിലേറ്റവും കൂടുതല്‍ ''വികസിക്കുന്നത്'' പ്രീ പ്രൈമറി മുതല്‍ ഹയര്‍ സെക്കന്‍ഡറിവരെയുള്ള കുട്ടികളുടെ ''വ്യക്തിത്വ''മാണ്. എങ്ങനെ വികസിക്കാതിരിക്കും? നാലുപാടും വ്യക്തിത്വവികസനക്യാമ്പുകളല്ലേ! രണ്ടുമുതല്‍ ഏഴുവരെ ദിവസം നീളുന്ന ക്യാമ്പുകളാണു കൂടുതലും. ഈ വികസിപ്പിക്കലിനിടയില്‍ത്തന്നെ പത്തുനാല്പതിനങ്ങളില്‍ വേറേയുമുണ്ടു പരിശീലനം. സംഗീതത്തിന്റെ ഗണിതശാസ്ത്രം (ഒരു മണിക്കൂര്‍), കൂച്ചുപ്പുടിയില്‍ തളികയുടെ പ്രാധാന്യം (45 മിനിറ്റ്), ഭാരമില്ലാതെ എങ്ങനെ ഭരതനാട്യം കളിക്കാം (ഒന്നര മണിക്കൂര്‍), നാടകവും കര്‍ട്ടനും (അരമണിക്കൂര്‍) ഇങ്ങനെ കുറെയേറെ വിഷയങ്ങള്‍ നോട്ടീസിലുണ്ടാവും. ക്ലാസെടുക്കാന്‍ വരുന്ന പണ്ഡിതശ്രേഷ്ഠന്റെ/ശ്രേഷ്ഠയുടെ ബയോഡേറ്റ അവതരിപ്പിച്ചുതീരുമ്പോള്‍ത്തന്നെ ഉള്ളതില്‍ അരമണിക്കൂര്‍ കഴിയും. ബാക്കിയുള്ള കുറഞ്ഞ സമയത്തിനുള്ളില്‍ ഗഹനങ്ങളായ വിഷയങ്ങളില്‍ എന്തു പരിശീലനം കൊടുക്കാനാണ്? ഫലത്തില്‍ ഇത്തരം ക്യാമ്പുകളില്‍ മഹാഭൂരിപക്ഷവും പ്രഹസനമായി മാറുന്നുവെന്നതാണ് പരമാര്‍ഥം! മറ്റൊരര്‍ഥത്തില്‍ പിള്ളേരെ പറ്റിക്കല്‍തന്നെ!
രക്ഷിതാക്കള്‍ക്ക് ഒരൊറ്റ സംഗതിയിലേ താത്പര്യമുള്ളൂ: കൊച്ചുങ്ങള്‍ വീട്ടില്‍നിന്നൊന്നു മാറിക്കിട്ടുമല്ലോ. ഒരു 'തള്ളും' തള്ളും, 'മൊബൈല്‍ക്കളി അത്രയും നേരമെങ്കിലും ഒന്നുനിര്‍ത്തട്ടെ.'
ഉദ്ദേശ്യങ്ങളുടെ ഫലപ്രാപ്തിയെയാണ് 'റിസള്‍ട്ട്' എന്നു പറയുന്നത്. ഇവിടെയെന്തു റിസള്‍ട്ടാണ് ഉണ്ടാകുന്നത്? വ്യക്തിത്വമെന്നത് എന്താണ്? അതെങ്ങെനെയാണു വികസിക്കേണ്ടത്? ഒരു വ്യക്തിയുടെ ആന്തരികവും ബാഹ്യവുമായ വിചാരങ്ങളും അതിന്റെ പ്രകടനവും സന്ദര്‍ഭങ്ങളെ ബോധ്യപ്പെടുന്നതിനുള്ള ചിന്താശേഷിയുമെല്ലാം ചേര്‍ന്നതാണവന്റെ വ്യക്തിത്വം. ദൈവാലയത്തിലേക്കു പ്രവേശിക്കുന്നവന്‍ പാദരക്ഷ പുറത്തിടുന്നതു വ്യക്തിത്വത്തിന്റെ കൃത്യമായ അടയാളമാണ്. അതു മാസ്‌കിങ്' അല്ല യാഥാര്‍ഥ്യംതന്നെയാണ്. സ്വാഭാവികമായുള്ളതിനെ മറച്ചുപിടിച്ച് മറ്റൊന്നായി അഭിനയിച്ചു ചില സന്ദര്‍ഭങ്ങളില്‍ രക്ഷപ്പെടുന്നുണ്ട്. പക്ഷേ, അവരുടെ 'ചെമ്പ്' ഒരിക്കല്‍ തെളിയുകതന്നെ ചെയ്യും. അതുകൊണ്ടുതന്നെ, ഒരുവന്റെ വ്യക്തിത്വത്തെ മെച്ചപ്പെടുത്തുന്നതിനു നല്‍കുന്ന ഓരോ ശ്രമവും സൂക്ഷ്മവും കൃത്യവുമായിരിക്കണം. എന്നു മാത്രമല്ല, പറഞ്ഞുകൊടുത്തവന്‍ ഇങ്ങനെയൊക്കെത്തന്നെയാണോ പെരുമാറുന്നതും വര്‍ത്തമാനം പറയുന്നതുമെന്നും കുട്ടികള്‍ ശ്രദ്ധിക്കും.
വേലിതന്നെ വിളവുതിന്നുന്ന സന്ദര്‍ഭങ്ങള്‍ എത്രയോ ഉണ്ട്!
പറഞ്ഞുവരുന്നത് ഇതാണ്: ക്യാമ്പുകളും പരിശീലനങ്ങളുമൊക്കെ നല്ലതുതന്നെ. പക്ഷേ, അത് പ്രായോഗികതലത്തില്‍ പ്രയോജനപ്പെടണം. അല്ലാതെ കേവലമൊരു പരിപാടി നടത്തി പിരിഞ്ഞാല്‍ പോരാ. മിക്കയിടത്തും ഇതിനൊക്കെ കനത്ത ഫീസും വാങ്ങുന്നുണ്ട്. ഉദ്ദേശ്യങ്ങള്‍ (ീയഷലരശേ്‌ല)െ വ്യക്തമായി ബോധ്യപ്പെട്ടുവേണം ക്ലാസുകളെടുക്കാന്‍. ഇല്ലെങ്കില്‍ വെളുക്കാന്‍ തേച്ചത് പാണ്ടാവുകതന്നെ ചെയ്യും. എല്‍പി - യുപി വിഭാഗം കുട്ടികള്‍ക്കൊരിടത്ത് 'ഇന്റര്‍വ്യൂവിനെ എങ്ങനെ അഭിമുഖീകരിക്കാം' എന്ന വിഷയം ഒരാള്‍ 'പരിശീലിപ്പിച്ച്' കൊല്ലുന്നതു കണ്ടു. കുഞ്ഞുങ്ങള്‍ കോട്ടുവായിട്ടൊരു പരുവമായി. പാത്രമറിയാതെ വിളമ്പി വെറുപ്പിക്കുന്ന ഇത്തരം രംഗങ്ങളാണ് കൂടുതലിടങ്ങളിലും കണ്ടുവരുന്നത്.
എന്തെല്ലാം ചെറിയ കാര്യങ്ങള്‍ പറഞ്ഞുകൊടുക്കാനുണ്ട്? നിത്യജീവിതത്തിന്റെ ആരോഗ്യശീലങ്ങള്‍, സംസാരരീതി, പൊതുവിടങ്ങളിലെ പെരുമാറ്റരീതികള്‍, വാഷ് റൂം മര്യാദകള്‍, എന്തിന്, ഹോട്ടലിലും വിരുന്നുസല്‍ക്കാരങ്ങളിലുമൊക്കെ കൈകഴുകേണ്ടതെങ്ങനെയെന്നെങ്കിലും ഈ ക്ലാസുകളില്‍ പറഞ്ഞുകൊടുക്കാറുണ്ടോ? ഇല്ലേയില്ല. വീട്, ഭക്ഷണമേശ, ബാത്ത്‌റൂം, വസ്ത്രങ്ങള്‍, വര്‍ത്തമാനം - ഇവയൊക്കെ മാന്യതയുള്ള വ്യക്തിയെ സൃഷ്ടിച്ചെടുക്കുന്ന വഴികളാണ്. അതുകൊണ്ടുതന്നെ വീടുതന്നെ നല്ലൊരു 'ക്യാമ്പ്' ആക്കിയാല്‍ പോരേ?
ആലോചിക്കുക.